എഴുത്ത്:-ഗിരീഷ് കാവാലം
“സിസ്റ്റർ…. ഒരു ഹെല്പ് ചെയ്യുമോ ??
പെട്ടന്ന് ആര്യ മൊബൈലിൽ നിന്ന് മുഖം ഉയർത്തി എതിർ സീറ്റിൽ ഇരിക്കുന്ന ചെറുപ്പക്കാരനെ സംശയദൃഷ്ടിയോടെ നോക്കി
” മൊബൈൽ ഒന്ന് റീചാർജ് ചെയ്തു തരാമോ… ഇന്ന് റീചാർജ് ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് ആയിരുന്നു മിസ്സ് ആയി പോയി….നെറ്റ് ഓൺ ആയാൽ ഉടനെ ഞാൻ ക്യാഷ് ട്രാൻസ്ഫർ ചെയ്തേക്കാം “
“ഉം… സംതിങ് സ്പെല്ലിങ് മിസ്റ്റേക്ക് ആണല്ലോ.. പക്കാ ഒരു ഫ്രോഡിന്റെ പുതിയ നമ്പർ ആയിരിക്കും ഇത് “
ആര്യ മനസ്സിൽ പറഞ്ഞു
അപ്പോഴേക്കും പുറത്ത് പെയ്യുന്ന കനത്ത മഴയിലെ അകത്തേക്കു ഇരച്ചു കയറുന്ന വെള്ളം തടയാനായി വിൻഡോ ഷട്ടർ ഇട്ടുകൊണ്ട് ആ ചെറുപ്പക്കാരന്റെ ചോദ്യത്തിന് മറുപടി നൽകാതെ ആര്യ വാച്ചിൽ നോക്കി അപ്പോൾ സമയം രാത്രി ഒൻപതര കഴിഞ്ഞിരുന്നു
ബാംഗ്ലൂർ മെയിലെ ആ കമ്പാർട്ട്മെന്റിൽ നാലഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു രസിക്കുന്നുണ്ടായിരുന്നതൊഴിച്ചാൽ ഒട്ടു മിക്കവരും പാതി മയക്കത്തിലായിരുന്നു
“ചേച്ചീ ….അത്യാവശ്യമായി നെറ്റ് ഉപയോഗിക്കേണ്ടതുകൊണ്ടാ പ്ലീസ് ഒന്ന് റീചാർജ് ചെയ്‌താൽ വളരെ ഉപകാരമായിരുന്നു ഉടനെ തന്നെ പൈസ ട്രാൻസ്ഫർ ചെയ്യാമെന്നേ “
“എന്റെ മൊബൈലിലും ബാലൻസ് ഇല്ല…”
ആര്യ ഉടൻ തന്നെ മറുപടി പറഞ്ഞുകൊണ്ട് മൊബൈലിലേക്ക് കണ്ണ് തറപ്പിച്ചു
“ഭായ്… നിങ്ങൾ മiദ്യപിക്കുവാണേൽ ബാത്ത് റൂം സൈഡിൽ പോയി ചെയ്യ് “
കൊക്കോകോളയിൽ മiദ്യം കലർത്തി കൊണ്ടുവന്ന് കുടിക്കുന്നതിന്റെ മണം സഹിക്കാവയ്യാതെ മുകളിലത്തെ സീറ്റിൽ കിടക്കുവായിരുന്ന ഒരു മധ്യവയസ്കൻ പറഞ്ഞു
അന്യസംസ്ഥാനക്കാരായ അവർ അവരുടെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു
“മാഡം എന്നാ എന്റെ വീട്ടിലെ നമ്പറിൽ ഒന്ന് കാൾ ചെയ്യാമോ ഞാൻ വീട്ടിൽ നിന്ന് റീചാർജ് ചെയ്യിക്കാനാ “
മനസ്സില്ലാ മനസ്സോടെ ആര്യ ആ ചെറുപ്പക്കാരനെ സൂക്ഷിച്ചു നോക്കി
എന്നിട്ട് സമീപം ഇരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെയും മാറി മാറി നോക്കി
“ങാ… നമ്പർ പറയ് “
ഒരു നിമിഷത്തെ ആലോചനക്ക് ശേഷം ആര്യ പറഞ്ഞു
അയാൾ പറഞ്ഞ നമ്പറിൽ ഡയൽ ചെയ്ത ആര്യ ഫോൺ അയാൾക്ക് കൈമാറുമ്പോഴും സംശയദൃഷ്ടിയോടെ അയാളെ അടിമുടി വീക്ഷിക്കുന്നുണ്ടായിരുന്നു
“സുധിയേട്ടാ ഞാനാ ഷിജുവാ മൊബൈലിന്റെ ചാർജ് തീർന്നുപോയി വേറെ ഒരാളുടെ മൊബൈലിൽ നിന്നാ വിളിക്കുന്നത് “
“ഒന്ന് റീചാർജ് ചെയ്തേക്ക് “
“ഉം.. ഓക്കേ….”
ഫോൺ കട്ട് ചെയ്തു ഫോൺ ആര്യക്ക് കൈമാറി താങ്ക്സ് പറയുമ്പോഴും സംശയദൃഷ്ടിയോടെയാണ് ആര്യ ഷിജുവിനെ നോക്കിയത്
തന്റെ ലോവർ ബെർത്തിൽ കിടക്കാനായി ബെഡ്ഷീറ്റു വിരിച്ച ആര്യ ക്യാബിനു തൊട്ട് അടുത്തുള്ള ടോയ്ലറ്റ് റൂമിലേക്ക് പോയി
തങ്ങളെ ക്രോസ്സ് ചെയ്തു പോകുന്ന ആര്യയെ അiശ്ലീല ഭാവത്തോടെ നോക്കിയ അന്യസംസ്ഥാനക്കാരായ ആ യുവാക്കളിൽ ഒരാൾ അവരുടെ ഭാഷയിൽ എന്തോ പറഞ്ഞതും എല്ലാവരും ടോയ്ലറ്റ് റൂം സൈഡിലേക്ക് പോയി ഒരു നിമിഷം പെട്ടന്ന് തിരിഞ്ഞു നോക്കിയ ആര്യയിൽ സംശയം ജനിച്ചു
തന്നെ കാiമക്കണ്ണോടെ നോക്കുന്ന അന്യസംസ്ഥാനക്കാരായ അവർ
പെട്ടന്ന് അവൾ അകത്തേക്ക് കയറി കൊളുത്തിട്ടു
ആര്യയുടെ നെഞ്ചിടിപ്പ് കൂടി.. എന്താണ് സംഭവിക്കാൻ പോകുന്നത് അവൾ മനസ്സിൽ കണ്ടു
“ഈശ്വരാ….
അവൾ സർവ്വ ദൈവങ്ങളെയും മനസ്സിൽ വിളിച്ചു
“ഏയ് ഖോലോ… ഡോർ തുറക്കൂ.. ഞങ്ങൾക്കും ടോയ്‌ലെറ്റിൽ പോകണം “
മലയാളത്തിലാണ് ഒരുത്തൻ പറഞ്ഞത്
അപ്പോഴാണ് ആര്യയുടെ നോട്ടം ആ കുറ്റിയിൽ തറഞ്ഞത്
ആഞ്ഞു ഒരു തള്ള് തള്ളിയാൽ ഇളകി ഡോർ തുറക്കാവുന്ന തരത്തിൽ കൊളുത്ത് ഇളകിയിരിക്കുന്നു അവൾ സർവ്വ ശക്തിയുമെടുത്ത് കൊളുത്തിൽ കൈ അമർത്തി ഡോർ തള്ളി പിടിച്ചുകൊണ്ടിരുന്നു
ഈശ്വരാ.,.
അവളുടെ കൈകൾ വിറക്കാൻ തുടങ്ങി
മൊബൈലിൽ അവൾ പോലീസ് ഹെല്പ് നമ്പർ 100 ഡയൽ ചെയ്തെങ്കിലും നെറ്റ്‌വർക്ക് ഡൌൺ ആയതിനാൽ കാൾ പോയില്ല
ഒരുവൻ ഡോർ വലിച്ചതും വിടവിൽ കൂടി ആര്യയെ നോക്കി പറഞ്ഞു
എടീ ഇറങ്ങി വാടി ഇല്ലേൽ ഞങ്ങൾ പൊളിച്ചു അകത്തു കയറും
അപ്പോഴേക്കും ഇടിയോടുകൂടി ശക്തിയായ മഴ വെളിയിൽ പെയ്തു തിമിർക്കുകയായിരുന്നു
തന്റെ എല്ലാം ഇതോടെ അവസാനിച്ചു എന്ന് ഉറച്ച അവൾ നിർജീവമായി നിന്നുപോയി
പെട്ടന്നാണ് ഒരു കാൾ ആര്യയുടെ മൊബൈലിലേക്ക് വന്നത്
സേവ് ചെയ്യാത്ത നമ്പർ
മേഡം ഞാനാ നമ്മുടെ ട്രൂപ്പ് വന്നിട്ടുണ്ട് പത്തു പേരും അടുത്ത കമ്പാർട്ട്മെന്റിൽ ഉണ്ട്, എല്ലാവരുടെയും കൈയ്യിൽ പിസ്റ്റോൾ ഉണ്ട്..
ആര്യ ഒരു നിമിഷം പ്രജ്ഞയറ്റപോലെ നിന്നു
ആരാണ് ഇത് എന്താണ് സംഭവിക്കുന്നത്…
പെട്ടന്ന് ഡോർ തള്ളി തുറക്കാൻ ശ്രമിക്കുകയായിരുന്ന ആ രണ്ട് പേരും സാവധാനം പുറകോട്ട് നീങ്ങി
മേഡം…കമ്പാർട്ട്മെന്റ് സെർച്ച് ചെയ്യാൻ തുടങ്ങട്ടെ… രെക്ഷപെടാൻ ശ്രമിച്ചാൽ മുട്ടിന് താഴെ ഷൂട്ട് ചെയ്യാമല്ലോ
ഒന്നും മനസ്സിലാകാതെ വിറയ്ക്കുന്ന ശരീരത്തോടെ നിൽക്കുവായിരുന്നു ആര്യ
നാളെ ദിനപത്രങ്ങൾ അച്ചടിച്ചിറങ്ങുന്നത് തന്റെ വാർത്തയോട് കൂടിയായിരിക്കു മെന്ന് അവൾ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുകയായിരുന്നു
ഒരു നിമിഷം കാത് കൂർപ്പിച്ചു നിന്ന അവളുടെ ശ്രദ്ധ പെട്ടന്ന് മാറി
ഇപ്പോൾ ഒരു അനക്കവും വെളിയിൽ കേൾക്കാനില്ല
അവൾ സാവധാനം ഡോർ ഒന്ന് തള്ളി വിടവിലൂടെ പരിഭ്രമത്തിൽ ഉലഞ്ഞ മിഴികളിലൂടെ കണ്ട ആ കാഴ്ച നഷ്ടപ്പെട്ട ആത്മധൈര്യം കൈവരാൻ പോന്നതായിരുന്നു …
ചെകുത്താൻമാരായ അവർ ആരെയും കാണാൻ ഇല്ല പകരം കൊച്ചുകുട്ടിയെ യൂറിനിൽ കൊണ്ടുവന്ന ഒരു ചെറുപ്പക്കാരനും സ്ത്രീയും
ആര്യയുടെ ശ്വാസഗതി പൂർവ്വസ്ഥിതിയിലേക്ക് വന്ന നിമിഷം
അവൾ ഡോർ തുറന്നു ചുറ്റും വീക്ഷിച്ച ശേഷം തന്റെ സീറ്റിലേക്ക് നടക്കുമ്പോഴും തനിക്കു വന്ന കാളിൽ ചുറ്റിപറ്റി അവളുടെ മനസ്സ് കുരുങ്ങി നിന്നു
തന്നെ സൂക്ഷിച്ചു നോക്കി സീറ്റിൽ ഇരിക്കുന്ന ഷിജുവിൽ കണ്ണുകൾ തറഞ്ഞതും അവളുടെ ചിന്ത പല വഴിക്കും പോയി
“തല പുണ്ണാക്കേണ്ട ഞാൻ തന്നെയാ ഫോൺ ചെയ്തത് “
“ബാത്ത്റൂമിൽ നിന്നിറങ്ങേണ്ട എന്ന് ഇയാളെ അറിയിക്കാൻ ഞാൻ വീട്ടിൽ വിളിച്ചു തന്റെ മൊബൈൽ നമ്പർ വാങ്ങിവന്നതും അവരുടെ ഇടയിൽ ഞാനും പെട്ടുപോയി “
“തകർത്തു പെയ്യുന്ന മഴയിൽ ട്രെയിൻ ആടി ഉലഞ്ഞു പായുമ്പോഴും ഡോർ തുറന്ന് കിടക്കുന്നത് കണ്ടപ്പോൾ ഞാൻ അപകടം ഉറപ്പിച്ചു…നമ്മൾ രണ്ടു പേരും രെക്ഷപെടില്ലെന്ന് തോന്നിയ നിമിഷം പിന്നെ ഒന്നും ആലോചിച്ചില്ല അങ്ങ് അഭിനയിച്ചു..ഞാൻ ഒരു അഭിനേതാവ് ആയതുകൊണ്ട് അവന്മാർക്ക് ഒരു സംശയവും തോന്നിയില്ല ഒപ്പം പതിയെ രെക്ഷപെടുകയും ചെയ്തു അവർ “
അപ്പോഴേക്കും ആര്യയുടെ കണ്ണ് നനഞ്ഞിരുന്നു
ഒന്നും സംസാരിക്കാനാകാതെ അവർ രണ്ട് പേരും പരസ്പരം നോക്കിയിരുന്ന നിമിഷങ്ങൾ
“സോറി ബ്രോ എന്റെ ജീവൻ രക്ഷിച്ചത് നിങ്ങളാ… “
ഇടറുന്ന ശബ്ദത്തിൽ അവൾ തുടർന്നു
“എങ്ങനെയാ നിങ്ങളോട് നന്ദി പറയുക എന്ന് എനിക്കറിയില്ല…ഞാൻ നിങ്ങൾക്ക് റീചാർജ് ചെയ്തു തരേണ്ടതായിരുന്നു സോറി….”
“അത് ചെയ്യാതിരുന്നതുകൊണ്ടാ രെക്ഷപെട്ടത്…അതുകൊണ്ടല്ലേ ഇയാളുടെ നമ്പർ എനിക്ക് കിട്ടിയതും ആ ബുദ്ധി എനിക്ക് പെട്ടന്ന് തോന്നിയതും “
“പിന്നെ ഒന്നുകൂടി പറയാനുണ്ടായിരുന്നു.. മാറുന്ന ഈ കാലത്ത് ജാഡയൊക്കെ അല്പം നല്ലതാ.. പക്ഷേ ജാഗ്രതയെ മറികടക്കരുത് എന്നുമാത്രം..സൂക്ഷിക്കുക ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ “
സമ്മിശ്ര ചിന്തകളിൽ മനസ്സ് മാറി മറിയുമ്പോഴും അവളിൽ ഒരു പുഞ്ചിരി വിരിയാൻ തുടങ്ങുവായിരുന്നു..അത് ഹൃദത്തിന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നുള്ളതാണെന്ന് അവളുടെ മിഴികൾ സാക്ഷ്യപ്പെടുത്തുന്നുണ്ടായിരുന്നു അപ്പോൾ….