മോനെ.. എന്‍റെ മോളെ ശപിക്കരുത് നീ.. അവള്‍ നിന്നോട് ചെയ്തതിന് നീ കുറേ അനുഭവിച്ചെന്ന് അമ്മക്കറിയാം. അവള്‍ ഒരു പുതിയ ജീവിതത്തിലേക്ക്……..

നിനക്കായ്..

എഴുത്ത്:-ആദി വിഹാൻ

”ഇത് എന്ത് കോലത്തിലാണെടാ നീ വന്നിരിക്കുന്നത്.? നല്ല കൂതറ ലുക്കായിട്ടുണ്ട്.”

കല്ല്യാണത്തലേന്ന് രാത്രി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന പെണ്ണിന്‍റെ ഉറക്കെയുളള ചോദ്യം കേട്ട് ചടങ്ങിലുളളവരെല്ലാം ഹാളിന്‍റെ ഡോറിലേക്ക് നോക്കി..

ചാവിയും കറക്കി ഒരു ഫ്രീക്കന്‍ ഹാളിലേക്ക് കയറിവരുന്നുണ്ട്.. ഒത്ത ഉയരവും മരംകൊത്തിപക്ഷിയുടെത് പോലെ പുറകിലേക്ക് റബ്ബര്‍ബാന്‍റിട്ട് തലമുടി നീട്ടികെട്ടിയിട്ടുണ്ട് അവന്‍..

മിനുക്കി വച്ച നീണ്ട കട്ടത്താടിയും വലിയ ചുവന്ന റോസാപൂക്കളുളള വെളുത്ത ഷര്‍ട്ടുമാണ് വേഷം.. രാത്രിയാണെങ്കിലും ഷര്‍ട്ടിന്‍റെ കോളറില്‍ പുറകിലേക്കായി കറുത്ത ഒരു റൈബണ്‍ ഗ്ലാസ് തൂക്കിയിട്ടുണ്ട്.. കറുത്ത ലുങ്കിയും മടക്കിയുടുത്ത ലുങ്കിക്ക് താഴെ ബര്‍മുഡട്രൗസര്‍ മുട്ടിന് താഴേ ഇറങ്ങിനില്‍ക്കുന്നു.. കടും ചുവപ്പ് നിറത്തിലുളള ഒരു ഷൂവുമിട്ടിട്ടുണ്ട്..

കൈയിലും കഴുത്തിലും സൈക്കിള്‍ചെയിനിനോട് സാമ്യമുളള ചങ്ങലയും അണിഞ്ഞിട്ടുണ്ട്..

ആളുകള്‍ക്കിടയില്‍ വച്ച് കല്ല്യാണപ്പെണ്ണ് അവന്‍റെ കൈയില്‍തൂങ്ങി നടന്നു വരുന്നത് കണ്ട പെണ്ണിന്‍റെ കുടുംബത്തിലെ ചില മുതിര്‍ന്ന സ്ത്രീകള്‍ മൂക്കത്ത് വിരല്‍വച്ചു..

”ഇതെന്ത് കൂതറ ലുക്കാണെടാ ആദീ.. എന്‍റെ ഫ്രണ്ടാണെന്ന് പറയാന്‍തന്നെ എനിക്ക് നാണക്കേടാണ്.” അമിതാഹ്ളാദത്തോടെയാണ് ലച്ചു അത് പറഞ്ഞത്..

”നല്ലതാ.. അല്‍പം നാണമുണ്ടാവുന്നത് കല്ല്യാണപ്പെണ്ണിന് ഒരു അഴകാണ്.. പ്രത്യേകിച്ച് നിനക്ക്..”

പോടായെന്ന് പറഞ്ഞ് അവള്‍ അവന്‍റെ കൈതണ്ടയില്‍ അമര്‍ത്തി ഒരു നുളളു കൊടുത്തു.. വേദനയാല്‍ അവന്‍ തന്‍റെ കൈ പിന്‍വലിച്ചു..

മറ്റുളളവര്‍ ശ്രദ്ധിക്കുന്നതും പിറുപിറുക്കുന്നതും കണ്ട ആദി ലച്ചുവിന്‍റെ കൈ തന്‍റെ കൈയില്‍ നിന്നും വിടുവിക്കാന്‍ ശ്രമംനടത്തികൊണ്ട് പറഞ്ഞു..

”ഈ പെണ്ണിത് നാട്ടുകാരെകൊണ്ട് പറയിക്കും.. ഒന്നടങ്ങിയും ഒതുങ്ങിയും നില്‍ക്കെടി നിന്‍റെ കല്ല്യാണമല്ലെ നാളെ.”

അത് കേട്ട് ലച്ചുവിന്‍റെ മുഖംവാടി.. ”നീ വന്നപ്പോള്‍ ഒരു പാട് സന്തോഷമായെടാ.. നീ വരില്ലെന്നാണ് ഞാന്‍ വിചാരിച്ചത്..”

ലച്ചുവിന്‍റെ മുഖംമാറിയത് കണ്ട അവന്‍ അവളെ ഒന്ന് വലംവച്ച് നിരീക്ഷിച്ച് കൊണ്ടു പറഞ്ഞു..

”നീ ഒടുക്കത്തെ ഗ്ലാമറായിട്ടുണ്ടല്ലോടി പെണ്ണെ.. ഇപ്പോള്‍ ആര്‍ക്കും നിന്നെയും കൊണ്ട് ഒന്ന് ഒളിച്ചോടാനൊക്കെ തോന്നും.. അത്രക്കും സുന്ദരിയായിട്ടുണ്ട്.. നമുക്കങ്ങ് ഓടിയാലോ.?”

ആദിയുടെ ആത്മപ്രശംസകേട്ട ലച്ചുവിന്‍റെ കണ്ണുകള്‍ വിടര്‍ന്നു..

”നീ ഓക്കേയാണെങ്കില്‍ ഞാന്‍ ഡബിള്‍ ഓക്കെയാണെടാ.. ഓടുകയല്ലേ.?”

അവരുടെ സംസാരം കേട്ടുകൊണ്ടാണ് ലച്ചുവിന്‍റെ അമ്മ അങ്ങോട്ടെത്തിയത്… അവര്‍ രൂക്ഷഭാവത്തില്‍ ആദിയെ നോക്കി… മകള്‍മാത്രം കേള്‍ക്കാന്‍ വിധത്തില്‍ അവര്‍ ചോദിച്ചു…

”എന്തൊക്കെയാണെടീ കുരുത്തംകെട്ടവളെ നീ ഈ വിളിച്ചുകൂവുന്നത്.? ഏതാണി ചപ്രത്തലയന്‍.?”

അമ്മയുടെ വേവലാതികണ്ട കല്ല്യാണപെണ്ണിന് ചിരിവന്നു..

”അമ്മ പേടിക്കേണ്ട… ഇവന്‍ ഓക്കെയായിരുന്നെങ്കില്‍ ഞാന്‍ എന്നേ ഒളിച്ചോടി പ്പോകുമായിരുന്നില്ലേ.”

അമ്മ ആശ്ചര്യത്തോടെ മകളുടെ അടുത്ത് നില്‍ക്കുന്ന ഫ്രീക്കനെ നോക്കി..

”ആദിയാണോടി ഇത്.?”

”ആ നാറിതന്നെയാണമ്മേ… ഇവന്‍റെ ഇപ്പോളത്തെ കോലം കണ്ടില്ലേ.”

അമ്മ ആദിയുടെ കൈപിടിച്ചു സ്നേഹത്തോടെ ഒരു വശത്തേക്ക് കൂട്ടി കൊണ്ട് പോയി..

”മോള് പറഞ്ഞിരുന്നു നീ ഇന്ന് വരുമെന്ന്.. പക്ഷേ ഇങ്ങനെ ഒരു രൂപമല്ല അമ്മ പ്രതീക്ഷിച്ചത്ട്ടോ..”

അത് കേട്ട് ആദി ചിരിച്ചു..

”നമ്മള്‍ പ്രതീക്ഷിച്ചപോലെയൊന്നും കാര്യങ്ങള്‍ പോകില്ലല്ലോ അമ്മേ.. ഈ വേഷം കെട്ടലുകളെല്ലാം മറ്റുചിലതില്‍ നിന്നുളള ഒളിച്ചോട്ടങ്ങളാണ്..”

ആദിയുടെ കൈപിടിച്ച് അമ്മ നെഞ്ചോട് ചേര്‍ത്തുവച്ചു..

”മോനെ.. എന്‍റെ മോളെ ശപിക്കരുത് നീ.. അവള്‍ നിന്നോട് ചെയ്തതിന് നീ കുറേ അനുഭവിച്ചെന്ന് അമ്മക്കറിയാം. അവള്‍ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കുക യാണ്.. നിന്‍റെ അനുഗ്രഹം അവള്‍ക്കുണ്ടാവണം എന്നും.” അത് പറഞ്ഞ് തീര്‍ന്നപ്പോളേക്കും അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..

ആദി അമ്മയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു..

”അങ്ങനെയൊന്നും എന്നോട് പറയല്ലെ അമ്മേ എനിക്കും വിഷമമാവും.. അവളുടെ ചെക്കനെ കുറിച്ച് ഞാന്‍ നല്ലോണം അന്വേഷിച്ചിരുന്നു.. നല്ല പയ്യനാണ് എന്‍റെ എല്ലാ പ്രാര്‍ത്ഥനകളും ഐശ്വര്യങ്ങളും അവള്‍ക്കുണ്ടാവും.”

കൂട്ടത്തില്‍ നിന്നും മാറിനില്‍ക്കുന്ന ആദി അമ്മയെ സാന്ത്വനിപ്പിക്കുന്നത് കണ്ട കല്ല്യാണപ്പെണ്ണ് നെടുവീര്‍പ്പിട്ടു..

”അമ്മേ.. ഓവര്‍ സീനുണ്ടാക്കല്ലേ.. അവനെ വെറുതെവിട്..”

സമയം നീങ്ങികൊണ്ടിരുന്നു..

ആദിക്കുചുറ്റും നിന്ന് വര്‍ത്തമാനംപറഞ്ഞ് ചിരിക്കുന്ന പെണ്‍കുട്ടികളും മറ്റുളളവരും നോക്കെടിയെന്ന് പറഞ്ഞ് ഹാളിന്‍റെ വാതില്‍ക്കലേക്ക് നോക്കി..

കൂട്ടത്തില്‍ ആരോ കല്ല്യാണപെണ്ണിനോട് ഋതു വന്നിരിക്കുന്നെന്ന് വിളിച്ചു പറയുന്നത് കേട്ടു..

അത് കേട്ട് ആദിയും ഹാളിന്‍റെ വാതില്‍ക്കലേക്ക് എത്തി നോക്കി.. വിദേശത്തു നിന്നും മുഹൂര്‍ത്ത സമയത്തേക്ക് മത്രമെ ഋതു എത്തൂ എന്നാണ് അവന്‍ അറിഞ്ഞിരുന്നത്.. അവളെ കാണാതിരിക്കാനാണ് ആദി തലേന്ന് രാത്രിതന്നെ കല്ല്യാണപെണ്ണിനെ കാണാനെത്തിയത്..

സില്‍വര്‍ പൂക്കള്‍ തുന്നിപ്പിടിപ്പിച്ച മുന്താണിയുളള ലൈറ്റ് റോസ് സാരിയാണ് അവള്‍ ഉടുത്തിരുന്നത്.. ചുണ്ടില്‍ പുഞ്ചിരിയോടുകൂടി കല്ല്യാണപെണ്ണിനുളള ഗിഫ്റ്റുമായി കടന്നുവരുന്ന ഋതുവിനെ കണ്ട് ആദിയുടെ ഹൃദയം പടാപടാമിടിച്ചു.. അവള്‍ ഒരു ദേവതയെപോലെ സുന്ദരിയാണെന്ന് ആദിക്ക് തോന്നി.. കണ്ണെ ടുക്കാതെ അവളെതന്നെ അവന്‍ ഏതാനും നിമിഷങ്ങള്‍ നോക്കിനിന്നു..

ഋതു കയറിവരുന്നത് കണ്ട കല്ല്യാണപ്പെണ്ണ് ഓടിവന്ന് അവളെ മുറുകെ പുണര്‍ന്ന് കുശലങ്ങള്‍ പറഞ്ഞു..

സമയം നീങ്ങികൊണ്ടിരുന്നു..

ഋതുവിന്‍റെ കണ്ണില്‍നിന്നും പരമാവതി മറഞ്ഞു നില്‍ക്കാന്‍ ആദി ശ്രമിച്ചു.. എങ്കിലും അവന്‍റെ കണ്ണുകള്‍ എതുസമയവും ഋതുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു..

കല്ല്യാണവീട്ടില്‍ ആദി ഏറെ അസ്വസ്ഥനായിരുന്നു.. എത്രയുംവേഗം അവിടെ നിന്നും തിരിച്ചുപോരാന്‍ അവന്‍റെ മനസു കൊതിച്ചു..

ഇടക്ക് കല്ല്യാണപെണ്ണ് ഋതുവിന്‍റെ കാതില്‍ എന്താേസ്വകാര്യം പറയുന്നതും അവളുടെ ചുണ്ടിലെ പുഞ്ചിരിമായുന്നതും അവള്‍ ചുറ്റുപാടും ആരെയോ തിരയുന്നതും ആദി കണ്ടു..

തിരച്ചിലിനൊടുവില്‍ ഋതുവിന്‍റെ കണ്ണുകള്‍ അല്‍പംമാറിനില്‍ക്കുന്ന ആദിയില്‍ പതിഞ്ഞു.. തന്നെകണ്ടപ്പോള്‍ അവളുടെ മുഖഭാവംമാറിയത് അവന്‍ ശ്രദ്ധിച്ചു..

കല്ല്യാണപെണ്ണിന്‍റെ കൈപിടിച്ച് അവള്‍ തന്‍റെയരികിലേക്ക് നടന്നുവരുന്നത് കണ്ട് ആദിയുടെ ഹൃദയമിടിപ്പിന്‍റെ വേഗതകൂട്ടി..

മുഖവുരയൊന്നുമില്ലാതെ ആദിയുടെ ശരീരത്തില്‍ പിച്ചിയും ഇടിച്ചുമൊക്കെ കത്തിയടിച്ച് ചിരിക്കുന്ന പെണ്‍കുട്ടികളെനോക്കി അവള്‍ പറഞ്ഞു..

”ഓവറായി ചാരിനില്‍ക്കേണ്ട പെമ്പിളേളരെ.. ഇവന്‍ ആളത്ര വെടുപ്പൊന്നുമല്ല.. അല്‍പം വിട്ടുനിന്നാല്‍മതി.. അതാണ് നിങ്ങള്‍ക്ക് നല്ലത്..”

പണ്ട് നടന്ന സംഭവുമായി ബന്ധപ്പെട്ടാണവള്‍ അവനെ വേദനിപ്പിച്ചത്.. അത്കേട്ട ആദി ദയനീയമായി കല്ല്യാണപെണ്ണിനെ നോക്കി..

”കണ്ടോ.. അവള്‍ പറയുന്നത് കേട്ടോ.? ഇതാണ് ഞാന്‍ പറഞ്ഞത് അവളു ണ്ടെങ്കില്‍ ഞാന്‍ വരുന്നില്ലെന്ന്..”

കല്ല്യാണപ്പെണ്ണ് ആദിയെ സമാധാനിപ്പിച്ചു..

”കഥയിലെ വില്ലത്തി ഞാനാണെന്ന് ഇപ്പോള്‍ അറിയേണ്ടവര്‍കെല്ലാം അറിയാമെടാ.. ഈ പെണ്ണിന് കുശുമ്പാണ്.. നീയത് കാര്യമാക്കേണ്ട..”

”എനിക്കോ ഇവനോടോ.. പോടി അവിടുന്നു..” ഋതു ദേഷ്യപ്പെട്ടു.

”ആദി നീ എനിക്ക് ഒരു ഹെല്‍പ് ചെയ്യണം.. പറ്റില്ലാന്നുപറയരുത്.. നീ പോകുമ്പോള്‍ ഋതുവിനെ അവളുടെ വീട്ടിലൊന്ന് കൊണ്ട് വിടണം..”

ആദി ഒറ്റയടിക്കു മറുപടി കൊടുത്തു..

”ഇവളേയോ.. എനിക്ക് പറ്റില്ല.. അവളുടെ കെട്ട്യോനോട് വരാന്‍ പറ വന്ന് കൊണ്ടു പോവാന്‍.”

ഋതുവും വിട്ടുകൊടുത്തില്ല..

”എന്‍റെ കെട്ട്യോന്‍ ഫ്ലൈറ്റ് പിടിച്ച് എത്തുമ്പോളേക്കും ഒന്നുരണ്ട് ദിവസമെടുക്കും.. നിനക്ക് പറ്റില്ലെങ്കില്‍ അത് പറ ഞാന്‍ വല്ല ടാക്സിയും പിടിച്ചു പൊക്കോളാം..”

”ആദി നിന്നോട് ഞാന്‍ ഇനി മറ്റൊരു ഹെല്‍പ് ചോദിക്കില്ല.. പ്ലീസ്.. നീ ഇവളെ ഒന്നു കൊണ്ടാക്ക്.. അത്രയും ദൂരം വിശ്വസിച്ച് വിടാന്‍ പറ്റിയ ഒരു തുണയില്ലാ ഞ്ഞിട്ടാണെടാ..”

ആദി ഒന്നു രണ്ടുനിമിഷം തലചൊറിഞ്ഞുനിന്നു പിന്നെ പറഞ്ഞു..

”മുന്‍പ് ഞാന്‍ കാലുപിടിച്ച് പറഞ്ഞിട്ടും സത്യംമനസിലാക്കാതെ നാടുവിട്ട് ഓടിയവളല്ലേ.? ഇവള്‍ക്കിപ്പോള്‍ എന്‍റെ കൂടെ വരാന്‍ ഭയമൊന്നും ഇല്ലേ.?”

അത് കേട്ട് ഋതു കല്ല്യാണപെണ്ണിനെ നോക്കികണ്ണിറുക്കി…

”അതിന് ഇപ്പോള്‍ എന്‍റെ കല്ല്യാണം കഴിഞ്ഞില്ലെടാ ഇനി ഞാന്‍ എന്തു പേടിക്കാനാ.?”

അവര്‍ ഇരുവരും അമ്മയോട് യാത്രപറഞ്ഞ് പുറത്തേക്കിറങ്ങി..

”യാത്രയില്‍ ഇവള്‍ എന്നെ കൂടുതല്‍ ഇറിറ്റേറ്റ് ചെയ്താല്‍ ഞാന്‍ ഇവളെ വഴിയില്‍ ഇറക്കിവിടും അത് ആദ്യം പറഞ്ഞേക്കാം..”

ഋതുവും വിട്ടുകൊടുത്തില്ല..

”എന്നെ വഴിയില്‍ ഇറക്കിവിട്ടാല്‍ എന്‍റെ കെട്ട്യേനെകൊണ്ട് നിന്നെ ഞാന്‍ ഇടിപ്പിക്കും..”

”എന്നാല്‍ നിനക്ക് വച്ചതുകൂടി ഞാന്‍ അവനിട്ട് കൊടുക്കും.”

കല്ല്യാണപ്പെണ്ണ് ഇടക്കുക്കയറിപ്പറഞ്ഞു..

”നിങ്ങള്‍ ഇവിടെ ആളുകള്‍ക്കിടയില്‍വച്ച് തല്ലുകൂടേണ്ട യാത്രയില്‍ ഇഷ്ടം പോലെ സമയമുണ്ടല്ലോ.”

പുറത്തേക്കിറങ്ങിയ ഋതു ആദിയുടെ വണ്ടികണ്ട് തലയില്‍ കൈവച്ചു..

”ഈ പോത്തുംവണ്ടിയിലാണോ ഇത്രയും ദൂരം പോവേണ്ടത്.?”

”ഇത് ആള്‍ട്രേഷന്‍ ചെയത് ഓഫ് റോഡ് ഡ്രൈവ് ജീപ്പാണെടി.. നീ വേണമെങ്കില്‍ വന്നാല്‍ മതി.. നിര്‍ബന്ധം ഒന്നും ഇല്ല..”

തിരികെയുളള യാത്രയില്‍ കുറേ സമയത്തേക്ക് അവന്‍ ഇരുവരും ഒന്നും സംസാരിച്ചതേയില്ല..

മുകള്‍ ഭാഗം മറച്ചിട്ടില്ലാത്ത ബ്ലാക്ക് ആന്‍റ് റെഡ് ജീപ്പില്‍ രാത്രിയിലുളള നീലാവും കുളിര്‍കാറ്റേറ്റുമുളള യാത്ര ഋതുവിന് ഏറെ പ്രയങ്കരമായിത്തോന്നി.. അത് അവളെ പഴയ ചില ഓര്‍മ്മകളിലേക്ക് കൊണ്ടുപോയി.. കൗതുകത്തോടെ അവള്‍ ആദിയെ നോക്കിയിരുന്നു..

”നിന്‍റെ വേഷവിധാനങ്ങള്‍, സംസാരം എല്ലാം ആദ്യത്തേതില്‍ നിന്നും ഒരു പാട് മാറിയിട്ടുണ്ടെടാ..”

അവനൊന്നുമൂളി…

”ഉം. ഒളിച്ചോട്ടങ്ങള്‍ ഒന്നും അവസാനിച്ചില്ലെടോ.”

”നിന്‍റെ ട്രീറ്റ് മെന്‍റൊക്കെ കഴിഞ്ഞില്ലേ.?”

അത് കേട്ട് ആദി പൊട്ടിച്ചിരിച്ചു..

”നീ പേടിക്കേണ്ടടീ.. വയലന്‍റാവുകയൊന്നും ഇല്ല.. അന്നു നീ പോയപ്പോള്‍ താങ്ങാനായില്ല.. ഇപ്പോള്‍ എല്ലാം ഓക്കെയാണ്..”

”ആദീ ഞാന്‍..”

ഋതു വാക്കുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് അവന്‍ കയറി ഇടപെട്ടു..

”പഴയതെല്ലാം കഴിഞ്ഞുപോയി.. ഞാനിപ്പോള്‍ ഉളള ജീവിതത്തില്‍ സന്തോഷത്തെ തേടുന്നു അത്രമാത്രം… നീ ഹാപ്പിയല്ലേ.?”

ഋതു കൈകള്‍ഉയര്‍ത്തി വിരലുകള്‍ വിടര്‍ത്തിപ്പിടിച്ച് ജീപ്പില്‍ എഴുന്നേറ്റുനിന്നു.. കാറ്റിന്‍റെ ഒഴുക്കിനെ തടഞ്ഞുകൊണ്ട് അവള്‍ പറഞ്ഞു..

”ആണെടാ.. ഇപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയാണ്..”

”എന്നാണ് നിന്‍റെ കല്ല്യാണം കഴിഞ്ഞത്.. നിനക്ക് കുട്ടികളായോ.?”

ചോദ്യംകേട്ട് അവള്‍ പുഞ്ചിരിച്ചു..

”നാലെണ്ണം.”

”ഇത്ര എളുപ്പം നാലെണ്ണമായോ.? ഇരട്ടകളായിരുന്നോ.?”

ആദിയുടെ അത്ഭുതംകണ്ട് ഋതു പൊട്ടിച്ചിരിച്ചു..

”നിന്‍റെ മണ്ടത്തരങ്ങള്‍ക്ക് ഒരു മാറ്റമൊന്നും വന്നിട്ടില്ലല്ലോ..”

”അത് ശരി.. നുണ പറഞ്ഞതാണല്ലേ..?”

”അല്ല.! എനിക്ക് സ്വന്തമായി ഒരു അംഗന്‍വാടി തുടങ്ങാന്‍ പ്ലാനുണ്ട്.. എന്നെ കണ്ടിട്ട് നിനക്കെന്ത് തോന്നുന്നു.?”

”നീ ആദ്യത്തേതിലും സന്ദരിയായിട്ടുണ്ട്.. സാരിയില്‍ നിന്നെകാണാന്‍ നല്ല ഭംഗിയുണ്ട്.. പക്വതയുളളവളെപോലെ തോന്നുമെങ്കിലും അതൊട്ടും ഇല്ല..”

പരിസരംമറന്ന് അവള്‍ ഉറക്കെചിരിച്ചു… കണ്ണുകളച്ച് ആകാശത്തേക്ക് മുഖമുയര്‍ത്തിനിന്ന് മുഖത്തടിക്കുന്ന തണുത്ത കാറ്റിനെ ആസ്വദിച്ചുകൊണ്ട് അവള്‍ പറഞ്ഞു..

”ഈ രാത്രി എത്ര മനോഹരമാണെന്ന് നിനക്കറിയുമോ ആദീ… ഇത് തീര്‍ന്നു പോകാതിരുന്നെങ്കില്‍..”

”ഇതു നല്ല കഥയായി.. നിന്നെ വീട്ടില്‍ വിട്ടിട്ട് വേണം എനിക്കൊന്ന് പോയി കിടന്നുറങ്ങാന്‍ അപ്പോളാണ് അവളുടെ ഒരു കവിത ചൊല്ലല്‍..”

ഋതു പാറിപ്പറന്ന് അലങ്കോലമായ തന്‍റെ തലമുടിയിഴകളെ ഒതുക്കിവച്ച് സീറ്റില്‍ ഇരുന്നു..

”എനിക്ക് നാളെ വൈകിയിട്ട് ഒരിടംവരെ പോകാനുണ്ട്.. നീ എന്‍റെ കൂടെ വരുമോ ആദീ.”

”എനിക്കൊഴിവില്ല.. തിരക്കാണ്..”

”ഞാന്‍ കെട്ടാന്‍ പോകുന്ന പയ്യനെ കാണാനാണെടാ..”

ആദി അത്ഭുതത്തോടെയും വിശ്വാസം വരാതെയും ചോദിച്ചു..

”അപ്പോള്‍ കല്ല്യാണം കഴിഞ്ഞെന്ന് ഞങ്ങളോടെക്കെ പറഞ്ഞത് നുണയാണോ.?”

”ഒരാളുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാന്‍ ഇതുവരെ..”

അത് കേട്ട ആദി പുറത്തേക്ക് നോക്കി പതിയെ പറഞ്ഞു..

”ആ തെണ്ടിയെ കാണാന്‍ ഞാനെന്തിന് പോരണം.. നീ ഒറ്റക്കങ്ങ് പോയാല്‍ മതി.. എന്‍റെ സമ്മതം കിട്ടിയിട്ട് നീ അവനെ കെട്ടില്ല.”

അത് കേട്ട ഋതു ചിരിയടക്കി..

”അവന്‍ നിന്നെപോലെ കൂതറയാന്നുമല്ലെടാ.. ആള് ജന്‍റില്‍മാനാണ്..”

”ഒരു കാശുകാരനെ കെട്ടിയാല്‍ എല്ലാമായല്ലോ..” ആദി മുഷിപ്പോടെ പറഞ്ഞു..

ആദിയെ ദേഷ്യംപിടിപ്പിക്കാന്‍ അവള്‍ വീണ്ടും പറഞ്ഞു.

”അവന്‍ നല്ല സ്നേഹമുളേളാനാണെടാ..”

‘എന്നേക്കാളും നിന്നെ സ്നേഹിക്കുന്ന മറ്റൊരാളെ നിനക്ക് എവിടുന്ന് കിട്ടാനാണെടീ..’ ആദിയുടെ പിറുപിറുക്കല്‍ എന്താണെന്ന് അവള്‍ക്ക് മനസിലായില്ല..

”നീ വല്ലതും പറഞ്ഞോടാ..”

”ഇല്ല നീ അവനെതന്നെ കെട്ടി പണ്ടാരമടങ്ങി സന്തോഷമായിരിക്കൂന്നാണ് പറഞ്ഞത്..”

”ഈ കോലത്തിലൊന്നും എന്‍റെ കൂടെ വരാന്‍ പറ്റില്ല.. തലമുടിയൊക്കെ വെട്ടി കുട്ടപ്പനായിട്ട് വേണം വരാന്‍..”

”എന്‍റെ പട്ടിവരും അവനെ കാണാന്‍..”

”അങ്ങനെ പറയല്ലെടാ.. എനിക്കിവിടെ ഫ്രണ്ട്സായി നീ മാത്രമേയുളളൂ.. നിന്നെ കാണാനായി മാത്രമാണ് ഞാന്‍ ലച്ചുവിന്‍റെ കല്ല്യാണത്തിന് വന്നത്.. അവളും മറ്റുളളവരും ചേര്‍ന്നാണ് നിന്നെ ട്രാപ്പില്‍ പെടുത്തിയതെന്നറിഞ്ഞപ്പോള്‍ എല്ലാവരുമായുളള കോണ്ടാക്റ്റ് അവസാനിപ്പിച്ചതാണ് ഞാന്‍..”

ഋതുവിന്‍റെ പരിഭവം കേട്ട ആദി പറഞ്ഞു..

”നീ വിഷമിക്കേണ്ടെടീ ഞാന്‍ വരാം.. പക്ഷേ എന്‍റെ തലമുടി ഞാന്‍ വെട്ടില്ല.. എത്ര കഷ്ടപ്പെട്ട് വളര്‍ത്തിയതാണെന്നറിയുമോ ഇത്..”

അത് കേട്ട ഋതു പുഞ്ചിരിച്ചു..

”ഓക്കെ.. നിന്‍റെ ഇഷ്ടം പോലെ..”

രാത്രി ഏറെ വൈകിയാണ് ഋതുവിനെ അവളുടെ വീട്ടില്‍ വിട്ടത്..

അടുത്ത ദിവസം വൈകുന്നേരം കാറുമായി വന്ന ആദിയെ കണ്ടപ്പോള്‍ ഋതു അത്ഭുതപ്പെട്ടു.. നീട്ടിവളര്‍ത്തിയ തലമുടിയും താടിയും വെട്ടിയൊതുക്കി ഷര്‍ട്ട് ഇന്‍സൈഡ് ചെയ്ത് ഹാന്‍റ്സംമാനായാണ് ആദി എത്തിയിരുന്നത്.. ഋതുവിന് സന്തോഷമായി.

”ഇപ്പോ നിന്നെ കണ്ടാല്‍ ഒരു ഫിലിം ആക്ടറിന്‍റെ ലുക്കുണ്ടെടാ ആദി..”

”ഞാന്‍ കാരണം നിനക്ക് ഒരു കുറവുണ്ടാവരുത്.. റൈബണ്‍ ഗ്ലാസ് വെക്കണോ.?”

യ്യോ.. വേണ്ടായേ ഇത് തന്നെ ധാരാളമെന്ന് പറഞ്ഞ് ഋതു കാറിന്‍റെ ഡോര്‍തുറന്ന് സീറ്റിലിരുന്നു.. ഋതുവിനെ ആദി അടിതൊട്ട് മുടിവരെ ഒന്നുനോക്കി..

”നിനക്ക് ആരുടേയും കണ്ണുതട്ടാഞ്ഞാല്‍ മതിയായിരുന്നു..”

”അതെന്താടാ..”

”നീ അണിഞ്ഞൊരുങ്ങിയാല്‍ ഏറെ സുന്ദരിയാണെടി..”

ഋതു അത്കേട്ട് മനോഹരമായി പുഞ്ചിരിച്ചു..

നഗരത്തിലെ ഒരു വലിയ ഹോട്ടലിന് മുന്‍പിലാണ് കാര്‍ ചെന്ന് നിന്നത്.. കാറിന്‍റെ ഡോര്‍തുറന്ന് ഇറങ്ങുമ്പോള്‍ ആദി ഋതുവിനോട് പറഞ്ഞു…

”നീ അവന്‍റെ മുന്‍പില്‍ വച്ച് എന്നെ മോശക്കാരനാക്കി സംസാരിക്കരുത് കേട്ടോ..

പ്ലീസ്.”

ഋതു ആദിയുടെ കൈപിടിച്ച് മുന്‍പോട്ട് നടന്നു..

”ഇല്ലെടാ.. നീയല്ലേ ഹീറോ.. നിന്നെ ഞാന്‍ മോശക്കാരനാക്കുമോ.?”

ഋതുവിന്‍റെ ഓവര്‍ ആക്ടിംഗ് കണ്ട് ആദി സംശയിച്ചു..

”എടി.. നീ എന്നോട് പ്രതികാരം ചെയ്യാനൊന്നും അല്ലല്ലോ ഇങ്ങോട്ട് കൊണ്ട് വന്നത്.?”

”അതേടാ ഇത് ഒരു പ്രതികാരമാണ്… ഇന്നത്തോട്കൂടി നീ തീര്‍ന്നെടാ ആദീ.”

ബലൂണുകള്‍കൊണ്ടും തോരണങ്ങള്‍കൊണ്ടും അലങ്കരിച്ച റിസപ്ഷന്‍ ഹാളിലേക്ക് ആദിയും ഋതുവും കടന്നു ചെല്ലുമ്പോള്‍ തിരക്കുണ്ടായിരുന്നു അവിടെ..

ഒരു നിമിഷംകൊണ്ട് ഹാള്‍ നിശബ്ദമായി.. കൈപിടിച്ച് കയറിവരുന്ന ഋതുവിന്‍റെ കൂടെയുളള ആദിയിലായിരുന്നു എല്ലാവരുടേയും കണ്ണുകള്‍..

പലരും ആദിക്ക് കൈകൊടുത്തു കണ്‍ഗ്രാറ്റ്സ് പറഞ്ഞു.. ഋതുവിന്‍റെ റിലേറ്റീവ് ആയ ചിലപെണ്‍കുട്ടികള്‍ വന്ന് ഋതുവിനോട് പൊളി സെലക്ഷനെന്ന് പറഞ്ഞ് തളളവിരല്‍ തമ്പ് ഉയര്‍ത്തി സിഗ്നല്‍കൊടുത്തു..

ആളുകളുടെ ചൂഴ്ന്നുളള നോട്ടങ്ങളും അസ്വഭാവികമായുളള പെരുമാറ്റവും ആദിയെ വീര്‍പ്പുമുട്ടിച്ചു..

”എവിടെയാണെടീ നിന്‍റെ മറ്റവന്‍.. ആളുകളൊക്കെ എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്..”

”തെറ്റിദ്ധരിച്ചിട്ടൊന്നും ഇല്ലെടാ.. നീ തന്നെയാണെടാ മണ്ടാ എന്‍റെ മറ്റവന്‍.. ഞാനിത് സര്‍പ്രൈസായിവച്ചതാണ്.. നിന്നെ എന്‍റെ റിലേറ്റീവ്സിന് പരിചയപ്പെടുത്താനുളള പാര്‍ട്ടിയാണിത്.”

ആദിക്ക് അത് വിശ്വസിക്കാനായില്ല..

”വല്ലാത്തൊരു ചതിയായിപ്പോയെടീ ഇത്..”

”പിന്‍മാറാന്‍ നിനക്കിനിയും സമയുമുണ്ട്..”

ആദി പെട്ടെന്ന് പറഞ്ഞു..

”യ്യോ.. എനിക്ക് പിന്‍മാറേണ്ട..”

”നമ്മള്‍ നേരെ സ്റ്റേജിലേക്കാണ് പോകുന്നത്.. നിന്നെ പരിചയപ്പെടുത്തുമ്പോള്‍ നീ എന്‍റെ വിരലില്‍ മോതിരമണിഞ്ഞ് എന്‍റെ നെറ്റിയില്‍ ഉമ്മവെക്കണം..”

”അയ്യോ.. റിഹേഴ്സല്‍ ഒന്നുമില്ലാതെയോ..?”

”അല്ലെടാ.. ഒരാഴ്ചത്തെ റിഹേഴസല്‍ എടുത്തിട്ട് ചെയ്യേണ്ട കാര്യമാണിത്..”

ഋതു ആദിയുടെ കൈയില്‍ മുറുകെപിടിച്ചു..

”നിനക്കോര്‍മ്മയുണ്ടോ നമ്മുടെ കോളേജ് ക്യാമ്പസ്.. വാകമരത്തിന്‍റെ ചുവട്.. നിരത്തില്‍ വീണുകിടക്കുന്ന ആയിരമായിരം വാകപ്പൂക്കള്‍… ഇടക്കിടെ തലമുടിയിലേക്ക് പെയ്ത് വീഴുന്ന പ്രണയപുഷ്പങ്ങള്‍.. അവിടെ ഒരു ബെഞ്ച്.. അതില്‍ രണ്ടിണക്കുരുവികള്‍.. അന്ന് ഞാന്‍ പരിഭവത്തോടെ പിണങ്ങി യോടിയത് നിനക്കോര്‍മ്മയില്ലേടാ.?”

ആദി പുഞ്ചിരിയോടെ പറഞ്ഞു..

”ഓര്‍മ്മയുണ്ട്.. ഓര്‍മ്മയുണ്ട്.. റിഹേഴ്സല്‍ വേണ്ട..”

ആദിയുടെ കൈപിടിച്ച് ഋതു വേദിയിലേക്കുകയറി.. അവന്‍റെ കൈകള്‍ നല്ലോണം വിറക്കുന്നുണ്ടെന്ന് ഋതുവിന് മനസിലായി..

”എന്തുപറ്റിയെടാ..?”

”ഇതൊരു സ്വപ്നമാണോന്ന് ഞാന്‍ ഭയപ്പെടുന്നുണ്ടെടീ.. നീ എന്നെ പറ്റിക്കുക യൊന്നും അല്ലല്ലോ.. ഇനിയും നീ എന്നെവിട്ട് പോകുമോ.?”

ഋതു അവനോട് ചേര്‍ന്നുനിന്നു..

”നിന്‍റെ കിലുക്കം ശരിക്ക് മാറാത്തത് കൊണ്ടാണ് അങ്ങിനെയൊക്കെ നീ ചിന്തിക്കുന്നത്.. നിന്നെ ഓര്‍ക്കാത്ത ഒരു ദിനംകൂടി എനിക്ക് കഴിഞ്ഞ് പോയിട്ടില്ലെടാ.. നിനക്കായ് മാത്രം കാത്തിരിക്കുകയായിരുന്നു ഞാന്‍..”

അവര്‍ നടന്ന് വേദിയുടെ നടുവിലേക്ക് എത്തി.. ആദിക്കും ഋതുവിനുമായി സദസിലുളളവര്‍ കൈയടികള്‍ നേര്‍ന്നു..

ചടങ്ങുകള്‍ തുടങ്ങി.. ആദി പതിയെ ഋതുവിനോട് ചോദിച്ചു..

”നീ ആദ്യം പറയാത്തത് കൊണ്ടല്ലേ..? എന്‍റെ കൈയില്‍ മോതിരമില്ല.. പകരം ഒരു ഉമ്മകൂടുതല്‍ തന്നാല്‍ മതിയാകുമോ.?”

”നീ കൂടുതല്‍ കഷ്ടപ്പെടേണ്ട.. മോതിരം ഞാന്‍ എടുത്തിട്ടുണ്ട്.. ഉമ്മ വെക്ക ലൊന്നും വേണ്ടെന്ന് എന്‍റെ മനസു പറയുന്നു..”

”ശരിയാ ഈ ആളുകള്‍ക്കിടയില്‍വച്ച് അതിന് ഒരു ഫീലും കിട്ടില്ല.. അത് നമുക്ക് പിന്നത്തേക്ക് മാറ്റിവെക്കാം.”

ഋതു ആദിയുടെ കൈയില്‍ ഒരു നുളളുകൊടുത്തു..

”നീ വെറും ഒരു പൈങ്കിളിക്കാമുകനാവാതെ കുറച്ച് മെച്ച്വോടാവൂ.. കേട്ട കഥ കളിലെ പ്രണയ സങ്കല്‍പങ്ങള്‍ക്കപ്പുറത്ത് നിന്നാണത്രേ യാഥാര്‍ത്ഥ ജീവിതം തുടങ്ങുന്നത്..”

ആദി വേദനിക്കുന്ന തന്‍റെ കൈതടവി..

”ആവോ ആര്‍ക്കറിയാം.. ഞാന്‍ ആദ്യമായിട്ടാണ് കല്ല്യാണം കഴിക്കാന്‍ പോകുന്നത്..”

ഋതു നാണം അഭിനയിച്ച് വിരല്‍ കടിച്ചു..

”ഞാനും ആദ്യമായിട്ടാണെടാ.”

ആശയം, എഫ്. ബിയില്‍ വായിച്ച മറ്റുപല കഥകളില്‍നിന്നുമായി കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *