പ്രസവിക്കുന്ന മച്ചി
എഴുത്ത്:-ഗീതു അല്ലു
വന്നോ രണ്ടാളും സർക്കീട്ട് കഴിഞ്ഞെന്ന അമ്മയുടെ ആ ചോദ്യം കേട്ട് കൊണ്ടാണ് നീതുവും ഹരിയും വീട്ടിലേക്ക് കയറി വന്നത് നീതു ഒന്നും മിണ്ടാതെ മുറിക്കുള്ളിലേക്ക് കയറി പോയി .ഒരു ദിവസത്തെ യാത്രയുടെ ക്ഷീണവും ആശുപത്രിയിലെ കാത്തിരിപ്പിന്റെ ക്ഷീണവും അവളുടെ മുഖത്ത് നന്നേ പ്രതിഫലിച്ചിരുന്നു . ഒന്നുറങ്ങണം എന്നൊക്കെ കരുതിയതാണവളാ പടി കയറി മുറിയിൽച്ചെന്നത്
പക്ഷെ മച്ചിയായ മരുമകളെ ഒരു പാഠം പഠിപ്പിക്കാൻ ദേവകിയമ്മ ഭക്ഷണം ഒന്നും തന്നെയുണ്ടാക്കി യിരുന്നില്ല പോരാത്തേനു കണ്ണുരുട്ടിക്കൊണ്ടുള്ള അവരുടെ നോട്ടത്തിലവൾ അലിഞ്ഞില്ലാവുകയായിരുന്നു.
ഹരി കുളിച്ചു വന്നു അച്ഛന്റെ എടുത്തിരുന്നപ്പോൾ അച്ഛൻ ശബ്ദം താഴ്ത്തി ഹരിയോട് ചോദിച്ചു
“ഡോക്ടർ എന്ത് പറഞ്ഞു മോനെ “
പക്ഷെ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് ദേവകിയമ്മയായിരുന്നു ..
“അതിനു അവർ ഡോക്ടറിനെ കാണാൻ പോയതാണെന്ന് നിങ്ങളോടാരാ മനഷ്യാ പറഞ്ഞത്… അവൻ അവന്റെ ഭാര്യേം കൂടെ കറങ്ങാൻ പോയി.. എന്നിട്ട് പേര് കുട്ടിയുണ്ടാവാൻ ആശുപത്രീൽ പോയെന്നും… എന്തിനാ ഹരിക്കുട്ടാ നീ ഇങ്ങനെ ഞങ്ങളെ പറ്റിക്കണേ അവൾക്കു കുട്ടികൾ ഉണ്ടാവില്ല എന്ന് പ്രവചിച്ചതു നീലകണ്ഠൻജ്യോത്സ്യനാ..അദ്ദേഹം പറഞ്ഞതെന്നും അച്ചട്ടായേ ഭവിച്ചിട്ടുള്ളോ.”
“മോനെ ഹരി നീ അവളെ ഉപേക്ഷിച്ചു വേറൊരു വിവാഹം കഴിക്കു ..ന്റെ കുട്ടിക്ക് ഒരു കുറവും ഇല്ലാലോ…അത് പോലെ എല്ലാം തികഞ്ഞ ഒരുവളെ നിനക്കു കിട്ടും കല്യാണം കഴിഞ്ഞു ഇതിപ്പോ കൊല്ലം ആറേഴ് കഴിഞ്ഞില്ലേ …ജ്യോൽഷ്യൻ പറഞ്ഞത് സത്യമായി കൊണ്ടിരിക്കുകയല്ലേ …ഇനി എങ്കിലും എന്റെ കുട്ടി ‘അമ്മ പറുന്നത് കേൾക്കു …”
ഇതെല്ലാം കേട്ട് അടുക്കളയിൽ നിന്നിരുന്ന നീതുവിന്റെ സകല നിയന്ത്രണവും നഷ്ട്ടപ്പെട്ടു. അളവില്ലാത്ത കുറ്റബോധവളിൽ അലതല്ലിയൊഴുകുകയായിരുന്നു, ഒന്നുറക്കെ കരയുവാൻ ശേഷിയില്ലാതെയവൾ തേങ്ങി .
തേങ്ങലിന്റെ ഇമ്പം ആ വീട്ടിൽ ഹരിയല്ലാതെ മറ്റൊരാളും കണ്ടിരുന്നില്ല മെല്ലെയവനവളെ ചേർത്തു നിർത്തി കൊണ്ടവനവളോടായ് പറഞ്ഞു.
“ജ്യോത്സ്യൻ പറഞ്ഞതിലല്ല ഞങ്ങളെ ചികില്സിച്ച ഡോക്ടർ പറഞ്ഞതിലാണെനിക്ക് വിശ്വാസം .ഇനി അഥവാ ഇവൾ ഒരു അമ്മയായില്ലെങ്കിലും എന്റെ ഈ ജന്മം മുഴുവൻ എനിക്ക് കൂട്ടായി ഇവൾ മതി ഇവൾക്ക് കൂട്ടായി ഞാനും ” എന്ന്
ഹരിയുടെ ആ വാക്കുകൾ ഒരു തണുത്ത മഴയായിട്ടായിരുന്നു അവളുടെ ഉള്ളിൽ പെയ്തിറങ്ങിയത് ..അന്ന് ദേവകിയമ്മ ഒന്നും പറഞ്ഞില്ല .പിന്നീടുള്ള ദിവസങ്ങളിൽ അവളോടുള്ള ദേഷ്യവും അമർഷവും കുത്തുവാക്കുകളായി അവളിലേക്ക് ഒഴുകിക്കൊണ്ടിരുന്നു.പലപ്പോഴുമവളുടെ അത്താഴത്തിൽ അവൾ പോലും അറിയാതെ ഉപ്പ് കൂടിത്തുടങ്ങി “
അമ്മയുടെ ശാപവാക്കുകൾക്ക് കനം കൂടിയപ്പോൾ ഒരു തീരുമാനമെന്നോണമവൾ ഹരിയോടായ് പറഞ്ഞു.
“ഹരിയേട്ടാ ‘അമ്മ പറയുന്നത് ഒരു പക്ഷെ ശെരി ആയിരിക്കും .എനിക്ക് ഒരിക്കലും ഒരു അമ്മയാകാൻ സാധിക്കില്ലായിരിക്കും ,ഹരിയേട്ടന്റെ ജീവിതത്തിന്നു എന്നന്നേക്കുമായി ഒഴിഞ്ഞു തരാൻ ഞാൻ തയ്യാറാണ്.” എന്ന്
പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുന്നേ തന്നെ ഹരി അവളുടെ വാ പൊത്തി..
“ഹരിയുടെജീവിതത്തിൽ ഒറ്റ പെണ്ണെ ഉള്ളു..അത് നീയാണ്.നീ സമാധാനമായി കിടന്നു ഉറങ്ങു പെണ്ണെ .ദൈവം നമുക്കു കൂട്ടുണ്ട് ആരൊക്കെ കൈവിട്ടാലും ദൈവം നമ്മോടു കൂടെയുണ്ടാകും അതിപ്പൊ ആരൊക്കെ എവിടെ കവടി നിരത്തിയായാലും ശരി, ചികിത്സിച്ച ഡോക്ടറെ വിശ്വസിക്ക് നീ അറിവില്ലാവരുടെ പാഴ്വാക്കിന് ചെവികൊടുക്കാതെ”
ആശ്വാസപൂരിതമായൊരു ഉറക്കത്തിന് ഹരിയുടെ ആ വാക്കുകൾ മാത്രം മതിയായിരുന്നു അവൾക്ക്
പിറ്റേന്ന് ഉറക്കം എണീറ്റ് പതിവ് ചായ കിട്ടാത്തതിനാൽ നീതുവിനെ അന്വേഷിച്ചെത്തിയ ഹരി കണ്ടത് അലക്കു കല്ലിന്റെ താഴെ ബോധം ഇല്ലാതെ കിടക്കുന്ന നീതുവിനെ ആയിരിന്നു. ഇരു കയ്കളിലും അവളെ കോരി എടുക്കുമ്പോൾ അവന്റെ പ്രാർത്ഥന അവൾക്കു ആപത്തൊന്നും വരുത്തരുതേ എന്നായിരുന്നു..
ആശുപത്രി മുറിയിൽ വെപ്രാളപ്പെട്ടെങ്ങോട്ടെന്നില്ലാതെ ഉലാത്തിയിരുന്ന അവനു ലഭിച്ചതൊരു സന്തോഷ വാർത്തയായിരുന്നു ..
ഹരി ഒരു അച്ഛൻ അകാൻ പോകുന്നു … സന്തോഷം കൊണ്ട് മതിമറന്ന അവൻ നേരെ പോയത് നീലകണ്ഠൻ ജ്യോത്സ്യന്റെ അരികിലേക്കായിരുന്നു..
കൈയ്യിലൽപ്പം മധുരവുമായവനാ കവാടം താണ്ടിയുള്ളിലേക്കടുത്തു. പുഞ്ചിരിച്ച മുഖത്തോടെയിരുന്ന ജോത്സ്യൻ ചോദ്യഭാവത്തിലവനെയൊന്നു നോക്കി, ആനന്ദപൂരിതമായ അവന്റെ മുഖത്തെ പ്രകാശം കണ്ടപ്പോൾ അയാളുടെ മുഖം മങ്ങുകയാണുണ്ടായത്
കയ്യിലൊരൽപ്പം മധുരമേൽപ്പിച്ചു കൊണ്ടവനയാളെയൊന്നു നോക്കി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു
” ജീവിതത്തിലാദ്യമായ് നീലകണ്ഠൻ ജോത്സ്യർക്ക് പ്രവചനം തെറ്റിപ്പോയിരിക്കുന്നു. എന്റെ മച്ചിയിനി പ്രസവിക്കാൻ തയ്യാറെടുക്കുന്നു.”