യാത്രയുടെ പാതിയിൽ എത്തിയപ്പോഴേക്കും തൊട്ടടുത്തിരുന്ന അപരിചിതനായ സഹയാത്രികൻ എന്റെ തോളിലേക്ക് ചാഞ്ഞു. മയങ്ങി വീണതാണെന്നാണ് ആദ്യം കരുതിയത്. തട്ടി വിളിച്ചിട്ടും…..

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

യാത്രയുടെ പാതിയിൽ എത്തിയപ്പോഴേക്കും തൊട്ടടുത്തിരുന്ന അപരിചിതനായ സഹയാത്രികൻ എന്റെ തോളിലേക്ക് ചാഞ്ഞു. മയങ്ങി വീണതാണെന്നാണ് ആദ്യം കരുതിയത്. തട്ടി വിളിച്ചിട്ടും അനങ്ങാതിരുന്നപ്പോൾ മരിച്ചു പോയോയെന്ന് ഞാൻ സംശയിച്ചു.

‘ദേണ്ടെ ഇയാള്…’

യാത്രയിലായിരുന്ന കണ്ണുകളെല്ലാം എന്നെ ശ്രദ്ധിച്ചു. അവരിൽ ചിലർ വന്ന് അയാളെ എന്റെ മടിയിലേക്ക് കിടത്തി കുലുക്കി വിളിക്കുന്നുണ്ട്. കണ്ടക്റ്ററാണ് മരിച്ചുവെന്ന് സ്ഥിതീകരിച്ചത്. തുടർന്ന് നീളനൊരു വിസിലടിയും!

ബസ്സ് നിന്നു. എന്തായാലും തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് പോകൂവെന്ന് വിവരമുള്ള ആരോ വിളിച്ചു പറയുന്നുണ്ടായിരുന്നു. അതെല്ലാവരും ശരിവെച്ചു.

അങ്ങനെ കണ്ടക്റ്റർ മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ആ മനുഷ്യനുമായി ബസ്സ് ആശുപത്രിയിലേക്ക് ചലിക്കാൻ തുടങ്ങി. ആ അപരിചിതന്റെ തല അപ്പോഴും എന്റെ മടിയിലായിരുന്നുവെന്ന് പ്രത്യേകം പറയുന്നു. കണ്ടക്റ്റർ ബലമായി അടച്ച കണ്ണുകളുള്ള ആ മുഖത്തേക്ക് എനിക്ക് നോക്കാനേ കഴിഞ്ഞില്ല…

യാത്ര തുടങ്ങിയ സ്റ്റാന്റിൽ നിർത്തിയിരുന്ന ബസ്സിൽ ഞാനാണ് ആദ്യം കയറിയിരുന്നത്. മകളുടെ വീട്ടിലേക്ക് പോകുകയാണ്. എത്തുമ്പോഴേക്ക് നേരമിരുട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ട് കൊച്ചുമോൾക്കുള്ള കളിപ്പാട്ടങ്ങളും പലഹാരവുമൊക്കെ ഒരു സഞ്ചിയിൽ ഞാൻ കരുതിയിട്ടുണ്ട്. അതുകൊണ്ട് ഇരുട്ടിയാലും, ഇറങ്ങിയാൽ ഓട്ടോ പിടിച്ച് നേരയങ്ങ് പോയാൽ മതി.

വൈകാതെ പലരും കയറി വന്ന് ആരുമില്ലാത്ത സീറ്റ് തിരഞ്ഞ് ഇരുന്നു. അയാൾ വരുമ്പോഴും ഒഴിഞ്ഞ സീറ്റുകൾ ഉണ്ടായിരുന്നു. എന്നിട്ടും സമ പ്രായമെന്ന് തോന്നിക്കുന്ന ആ മനുഷ്യൻ ജനാലയുടെ അരികിൽ സ്വസ്ഥമായി ഇരിക്കുന്നുണ്ടായ എന്റെ അരികിലായി തന്നെ ഇരുന്നു. എന്റെ മടിയിലേക്ക് തന്നെ മരിച്ചു വീഴണമെന്ന പോലെ !

തൊണ്ടയിറങ്ങിയ പരവേശത്തിൽ ഞാൻ ഇരിക്കുകയാണ്. സീറ്റിന് ചുറ്റുമുണ്ടായിരുന്നവരുടെ കണ്ണുകൾ എന്റെ മടിയിൽ കിടക്കുന്ന മരിച്ചുപോയവന്റെ തലയിലേക്കായിരുന്നു. ആശുപത്രിയെത്തും വരെ വേഗതയിൽ അനങ്ങുന്നയൊരു നിശ്ചല ചിത്രം പോലെ ഞങ്ങൾ തുടർന്നു.

എത്തിയെന്ന് തോന്നുന്നു! ആരൊക്കെയോ ആ അപരിചിതനെ എന്റെ മടിയിൽ നിന്നുമെടുത്ത് താങ്ങി പുറത്തേക്കിറങ്ങി. അവരുടെ പിറകേ പോകാൻ എനിക്ക് തോന്നിയില്ല. ആ മനുഷ്യന് മരിച്ചുവീഴാൻ എന്നെ മാത്രമേ ഈ ലോകത്തിൽ കിട്ടിയുള്ളൂവെന്നായിരുന്നു അപ്പോഴുമെന്റെ ചിന്ത.

‘അത് വിട്ട് കള… മനുഷ്യരുടെ കാര്യമിത്രേയുള്ളൂ… നമുക്കെന്ത് ചെയ്യാൻ പറ്റും..!’

എന്റെ തൂങ്ങിപ്പിടിച്ചുള്ള ഇരുത്തം കണ്ടപ്പോൾ യാത്രികൻ പറഞ്ഞതാണ്. ഞാൻ അയാൾക്കൊരു പരാജയപ്പെട്ട പുഞ്ചിരിയെ സമ്മാനിച്ചു.

ഏറെ വൈകാതെ, ആശുപത്രിയിലേക്ക് ഇറങ്ങിപ്പോയവരെല്ലാം തിരിച്ചു കയറി. കണ്ടക്റ്റർ നീട്ടിയൊരു വിസിലുമടിച്ചു. ജീവിച്ചിരിക്കുന്നവർക്ക് വിശ്രമമില്ലലോ! ഞങ്ങളുടെ യാത്ര പിന്നേയും ആരംഭിച്ചു.

എന്നിരുന്നാലും ജീവിതകാലം മുഴുവൻ, എത്തേണ്ടയിടത്ത് എത്താതെ ശരീരത്തിൽ നിന്ന് വീണുപോയ ആ അപരിചിതനെ ഞാൻ ഓർത്തല്ലേ പറ്റൂ. ആരോക്കെ മറന്നാലും എനിക്കതിന് സാധിക്കുമെന്ന് തോന്നുന്നില്ല. മരണം കുഴഞ്ഞ് വീണപ്പോൾ ഭയന്ന ദേഹത്തിന്റെ വിറച്ചിൽ ഇപ്പോഴും എന്നിൽ നിന്നിട്ടില്ല. ഒരാൾ തന്റെ ശരീരത്തിൽ നിന്ന് പുറത്തേക്ക് വീണുപോകുന്നതാണൊ അയാളുടെ മരണം! ഞാൻ നെഞ്ചിൽ കൈവെച്ചുപോയി. ഭാഗ്യം, ജീവനുണ്ട്!

രണ്ടുപേർക്കുള്ള സീറ്റിൽ അപ്പോഴും അയാൾ ഇരുന്നയിടം ഒഴിഞ്ഞു കിടക്കുകയാണ്. കാര്യം അറിയുന്നത് കൊണ്ട് നിൽക്കുന്നവരിൽ ആരുമവിടെ ചന്തിയമർത്താൻ ധൈര്യപ്പെടുന്നില്ല. എനിക്ക് ആ നേരം ഇല്ലാതിരുന്നത് അവിടെ നിന്ന് എഴുന്നേറ്റ് മാറിയിരിക്കാനുള്ള ധൈര്യമായിരുന്നു. ജീവനുള്ളവരെക്കുറിച്ച് മരിക്കുന്നവർക്ക് യാതൊരു ചിന്തയുമില്ലെന്ന് അപ്പോഴെനിക്ക് തോന്നി. ഉണ്ടായിരുന്നുവെങ്കിൽ അയാൾ എന്റെ തോളിലേക്ക് കൊഴിഞ്ഞ് വീഴില്ലായിരുന്നുവല്ലോ…!

‘അത് നിങ്ങളുടേതാണൊ..?’

ഞാൻ ഇരുന്ന സീറ്റിന്റെ താഴേക്ക് ചൂണ്ടിയൊരു യാത്രക്കാരൻ എന്നോട് ചോദിച്ചു. നോക്കിയപ്പോൾ ചെറിയയൊരു പ്ലാസ്റ്റിക് കവർ. അയാളുടേതായിരിക്കുമെന്ന് പറഞ്ഞ് ഞാൻ അതെടുത്തു. മരിച്ചുപോയവന്റെ സഞ്ചിക്കകത്ത് എന്താണെന്ന് അറിയാൻ പലരും ആകാംഷ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.

തുറന്ന് നോക്കിയപ്പോൾ കീ കൊടുത്താൽ കൈ കൊട്ടി ചിരിക്കുന്നയൊരു കറുത്ത കൊരങ്ങച്ചാരുടെ പാവയായിരുന്നു. എന്റെ കൊച്ചുമോളുടെ പ്രായത്തിൽ അയാളെ കാത്തിരിക്കാൻ എവിടെയോ ഒരു കുഞ്ഞ് ഉണ്ടായിരുന്നിരിക്കണം! അങ്ങനെ ഓർത്തപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി.

ബസ്സ് നിന്നു. ആരൊക്കെയോ ഇറങ്ങിപ്പോയി. കയറി വന്നവരിലൊരു ചെറുപ്പക്കാരൻ എന്റെയരികിൽ ഒഴിഞ്ഞുകിടന്നിരുന്ന ആ ഇടത്തിൽ കഥയറിയാതെ ഇരുന്നു. അപ്പോഴേക്കും എല്ലാവരും എല്ലാം മറന്നതുപോലെ അവരവരുടെ കാഴ്ച്ചകളിലേക്ക് പതിയേ തിരിഞ്ഞിരുന്നിരുന്നു.

അല്ലെങ്കിലും, മരിച്ചുപോയവരെ ഓർത്ത് മനുഷ്യർ ജീവിതത്തിൽ നിന്നുപോയിട്ടെന്ത് കാര്യം! ഈ ലോകം ജീവനുള്ളവർക്ക് പോലുമൊരു നിമിഷം എവിടേയും കാത്തു നിൽക്കുന്നില്ലല്ലോ…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *