രണ്ടുപേരും ഒരുപോലെ എടുത്ത തീരുമാനമായിരുന്നു പിരിയുകയെന്നത്. ആരംഭത്തിലെന്ന പോലെ സുഹൃത്തുക്കളായി തന്നെ തുടരാമെന്ന് മാത്ര മായിരുന്നു അശ്വതി പറഞ്ഞത്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

‘എന്റെ കൂടെ ചെന്നൈയിലേക്ക് വരുമോ..? ടിക്കറ്റ് ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചുമണിക്കാണ് ട്രെയിൻ.’

അശ്വതിയുടെ മെസ്സേജ് കണ്ടപ്പോൾ ഏറെ സന്തോഷം തോന്നി. അവൾ നാളെ ചെന്നൈയിൽ നിന്നും ഓസ്ട്രേലിയിലേക്ക് പോകുകയാണ്. അതിനുമുമ്പേ ഒരിക്കൽ കൂടി കാണണമെന്ന് എനിക്കും തോന്നിയിരുന്നു. പോയാൽ ഇനിയൊരു തിരിച്ച് വരവ് ഉണ്ടാകില്ലെന്നൊക്കെ കഴിഞ്ഞ ദിവസം അവൾ പറഞ്ഞതാണ്. എത്ര ദൂരത്തേക്ക് പോയാലും നീയെന്റെ അകത്ത് തന്നെയുണ്ടാകും പെണ്ണേയെന്ന് എന്തുകൊണ്ടോ ആ നേരം എനിക്ക് പറയാൻ കഴിഞ്ഞില്ല. അതുകൊണ്ട് തീർച്ചയായിട്ടും അവളുടെ കൂടെ ചെന്നൈ വരെ പോയേ പറ്റൂ…

ഞാനും അശ്വതിയും പണ്ടൊരു പ്രേമത്തിന്റെ തണുപ്പാൻ കാലത്ത് വിവാഹിതരായതാണ്. പിന്നീട് വന്ന ചൂടുകാലം കഴിഞ്ഞ് വർഷമൊന്ന് കൊഴിഞ്ഞപ്പോൾ വേർപിരിയുകയും ചെയ്തു. ഒരു ഭാര്യയാകാൻ അവൾക്കോ, ഭർത്താവാകാൻ എനിക്കോ സാധിച്ചില്ല. അങ്ങനെയൊക്കെ ആകാൻ ശ്രമിക്കുമ്പോഴെല്ലാം ജീവിതം കലഹത്തിൽ വഴുതി പോകുകയാണോയെന്ന് രണ്ടുപേരും സംശയിച്ചു. സംസാരിച്ച് ശരിയാക്കാനൊന്നും ഞങ്ങൾക്ക് സാധിച്ചില്ല.

രണ്ടുപേരും ഒരുപോലെ എടുത്ത തീരുമാനമായിരുന്നു പിരിയുകയെന്നത്. ആരംഭത്തിലെന്ന പോലെ സുഹൃത്തുക്കളായി തന്നെ തുടരാമെന്ന് മാത്ര മായിരുന്നു അശ്വതി പറഞ്ഞത്. ഞാൻ സമ്മതിക്കുകയും ചെയ്തു. പക്ഷേ, കോടതി ഞങ്ങളെ പിരിച്ചുവിട്ടതിന് ശേഷം പഴയതുപോലെ ഇടപെടാൻ ഞങ്ങൾക്കായില്ല. ഏതാണ്ട് രണ്ടര വർഷത്തോളം രണ്ടുപേരും രണ്ടിടങ്ങളിലായി വേർപ്പെട്ടു. എപ്പോഴെങ്കിലും വിളിക്കുമെങ്കിലും സംസാരിക്കാൻ യാതൊന്നും ഇല്ലായിരുന്നു.

ശേഷമുള്ള ആ നീളൻ മൗന കാലത്തിലാണ് പിരിഞ്ഞത് അബദ്ധമായി പ്പോയോയെന്ന് രണ്ടുപേർക്കും തോന്നിയത്. മുട്ടിയുരുമുമ്പോഴുള്ള സുഖമൊന്നും വിട്ടുപിരിയുന്നതിലില്ല. അങ്ങനെ തോന്നിയപ്പോഴായിരിക്കണം വീണ്ടും ഒരുമിച്ച് തുടർന്നൂടെയെന്ന് ഞങ്ങൾ സംസാരിച്ച് തുടങ്ങിയത്.

‘അച്ഛൻ വിസ അയച്ചിട്ടുണ്ട്… പോകണം.. പോയാൽ, ഇനിയൊരു മടക്കം…!’

ഞാനുള്ളത് കൊണ്ടാണ് അശ്വതി കുടുംബത്തോടൊപ്പം ഇതുവരെ രാജ്യം വിടാതിരുന്നത്. സാമ്പത്തിക നിലയുമായി തട്ടിച്ച് നോക്കുമ്പോൾ ഞാൻ തറയിൽ ആയതുകൊണ്ട് അവളുടെ അച്ഛന് എന്നെയൊരു കാലത്തും ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. എന്നാലും മകളുടെ ആഗ്രഹത്തിന് എതിരും നിന്നില്ല. ഞങ്ങൾ പിരിഞ്ഞതിന് ശേഷം അമ്മൂമ്മയുടെ കൂടെയായിരുന്നു അവൾ താമസിച്ചിരുന്നത്. ഇനിയൊരു വട്ടം കൂടി തന്റെ അച്ഛനെ ധിക്കരിക്കാൻ ആ പെണ്ണിന് കഴിയില്ല.

എന്തായാലും അശ്വതിയെ കാണുകയും, നീയില്ലാതെ എനിക്ക് പറ്റില്ലെന്ന് നേരിട്ട് പറയുകയും വേണമെന്ന തീരുമാനത്തിൽ മൂന്ന് മണിക്കേ ഞാൻ ഒരുങ്ങി നിന്നു. ബൈക്ക് കേടായതുകൊണ്ട് ബസ്റ്റോപ്പിൽ വീണ്ടുമൊരു ജീവിതമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ നിന്നത്.

ബസ്സ് വന്നു. രണ്ട് സ്റ്റോപ്പ്‌ കഴിഞ്ഞപ്പോൾ ജനാലയുടെ അരികിൽ തന്നെ ഇരിക്കാൻ സീറ്റും കിട്ടി. നിൽക്കുന്നവരെല്ലാം ഇനിയാര് എഴുന്നേൽക്കുമെന്ന കാത്തിരിപ്പിലേക്ക് കണ്ണുകൾ നട്ടു. എന്നിൽ പിടിച്ച ചിന്തകളെല്ലാം അശ്വതിയെ കുറിച്ചായിരുന്നു. അവളോടൊപ്പം ഉണ്ടായിരുന്ന നാളുകളെയെല്ലാം അയവിറക്കി കാറ്റിൽ കണ്ണുകൾ അടഞ്ഞു. പരിചയപ്പെട്ട കാലത്തെ അവളുടെ കുസൃതികളിലേക്ക് പതിയേ മയങ്ങി.

നിമിഷങ്ങൾ കഴിഞ്ഞിട്ടും ബസ്സ്‌ ചലിക്കാതെ വന്നപ്പോഴാണ് ഞാൻ കണ്ണുകൾ തുറന്നതും, പുറത്തേക്ക് തലയിടുന്നതും. എന്തുപറ്റിയെന്ന് തൊട്ടടുത്തിരുന്ന ആളോട് ചോദിച്ചപ്പോൾ മറുപടിയില്ല. എന്നിൽ വീണ അയാളുടെ കണ്ണുകൾ അനങ്ങുന്നുമില്ല.

‘ട്രാഫിക്കാന്ന്.. ഏതോ മന്ത്രി പോന്നുണ്ട്..’

അതുകേട്ടപ്പോൾ ഒന്നുകൂടി മുന്നിലേക്ക് ഞാൻ നീട്ടി നോക്കി. ദൈവമേയെന്ന് വിളിക്കാതെ തരമില്ലായിരുന്നു. വാഹനങ്ങളുടെ വലിയ നിര തന്നെ മുന്നിലുണ്ട്. ഞാൻ വാച്ചിലേക്ക് നോക്കി. അഞ്ചാകാൻ അര മണിക്കൂറിന്റെ ദൂരമേയുള്ളൂ.കാര്യം അവിടെ നിന്ന് പതിനഞ്ചു മിനുട്ടേയുള്ളു റെയിവേ സ്റ്റേഷനിലേക്ക്. പക്ഷേ, സ്ഥിതിയിൽ രണ്ട് മണിക്കൂറ് കഴിഞ്ഞാലും എത്താൻ പറ്റില്ലെന്ന് എനിക്ക് മനസ്സിലായി. മുന്നിലും പിറകിലുമായി നിന്ന് കിതക്കുന്ന ഏറെ വാഹനങ്ങൾ തന്നെയാണ് അതിനുള്ള കാരണം.

വൈകാതെ പത്തു പതിനാല് കറുത്ത വാഹനങ്ങൾ ശര വേഗത്തിൽ മുന്നിലെ ജംഗ്ഷനിലൂടെ പാഞ്ഞു. ഞാൻ അടക്കം മിക്കവരും അത് എത്തി നോക്കി. ഇത്രയും വേഗതയിൽ അവർ എങ്ങോട്ടാണ് പോകുന്നതെന്ന് ചിന്തിച്ച് ബസ്സിലേക്ക് തന്നെ ഞാൻ ഉൾവലിഞ്ഞു.

‘ജനങ്ങളെ സഹായിക്കാൻ…!’

പുറത്തേക്ക് വന്ന എന്റെ ആ ആത്മഗദത്തിനുള്ള മറുപടി പറഞ്ഞത് അതുവരെ മിണ്ടാതിരുന്ന എന്റെ സഹയാത്രികനായിരുന്നു. ശരിയാണ്. ജനങ്ങളെ സഹായിക്കാൻ തന്നെയാണെന്ന് ഞാനും ആരോടോയെന്ന പോലെ ഏറ്റു പറഞ്ഞു. തലയിൽ അശ്വതി എന്നെ കാത്തിരിക്കുന്ന ചിത്രം തെളിഞ്ഞപ്പോൾ ഇറങ്ങി ഓടിയാലോയെന്ന് വരെ ഞാൻ ചിന്തിച്ചുപോയി.

‘മാറ്.. മാറ്… മാറാൻ…!’

ഓടിയാലോയെന്ന് എനിക്ക് മുമ്പേ ചിന്തിച്ച് തീരുമാനിച്ചയൊരു മനുഷ്യന്റെ ശബ്ദമായിരുന്നുവത്. ആ മധ്യവയസ്കൻ ബസ്സിൽ നിന്ന് ഇറങ്ങി വാഹനങ്ങൾക്കിടയിലൂടെ മുന്നോട്ടേക്ക് ഓടി. ജംഗ്ഷനിലെ പോലീസുകാർ വിലക്കിയിട്ടും അയാൾ നിന്നില്ല. യാതൊന്നും കേൾക്കാൻ പറ്റുന്നില്ലെങ്കിലും അയാൾ എന്തൊക്കെയോ പറഞ്ഞുകൊണ്ട് മുന്നോട്ടേക്ക് ഓടുകയാണ്.

‘മോളാണോയെന്ന് അറിയാനാണ്…’

അയാളുടെ കൂടെ സഞ്ചരിച്ച വ്യക്തിയാണത് പറഞ്ഞത്. വളരേ വിഷമത്തോടെയുള്ള പറച്ചിൽ ആയത് കൊണ്ട് എന്താണുണ്ടായതെന്ന് നിന്നവരിൽ ചിലർ അയാളോട് ചോദിച്ചു. അയാളുടെ മകളെ കഴിഞ്ഞ ആഴ്ച്ച കാണാതായതാണ് പോലും! ഊഹിക്കാനായി യാതൊരു വിവരവും കിട്ടിയില്ല. പതിവുപോലെ ചിരിയോടെ കോളേജിൽ പോയ പെണ്ണ് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. ഇപ്പോൾ പോലീസുകാർ വിളിച്ച് മെഡിക്കൽ കോളേജിലെ മോർച്ചറിയിലേക്ക് വരാൻ പറഞ്ഞുവെത്രെ.

മകളുടെ പ്രായത്തിൽ ഒരു അനാഥപ്രേതമുണ്ടെന്നും, വന്ന് നോക്കൂവെന്നും കേൾക്കേണ്ടി വരുന്നയൊരു അച്ഛൻ ഓടുകയല്ലാതെ മറ്റെന്താണ് ചെയ്യുക!

ആ കഥ കേട്ടപ്പോൾ മിക്കവരും തങ്ങളുടെ പ്രാധാന്യങ്ങളെയൊരു മയത്തോടെ അയവിറക്കി. അശ്വതിയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ സാരമില്ലെന്ന് മാത്രം അവൾ പറഞ്ഞു. എത്തിയിട്ട് വിളിക്കാമെന്നും മൊഴിഞ്ഞു. അതുകേട്ട് മിണ്ടാതെ ഇരിക്കാനേ എനിക്ക് അപ്പോൾ കഴിഞ്ഞുള്ളൂ…

നിർബന്ധമായും പോകേണ്ടിയിരുന്ന ഇടത്തേക്ക് കൃത്യ നേരത്ത് എത്താൻ പറ്റാതെ വരുമ്പോഴുള്ള നിരവധി കണ്ണുകളുമായി ബസ്സ് പതിയേ അനങ്ങി. മണിക്കൂറുകളോളം ഒച്ചിന്റെ വേഗതയിൽ കിതച്ചു! അശ്വതിയെ ഓർത്തപ്പോൾ എനിക്ക് പിന്നെ ഇരുത്തം ഉറച്ചില്ല. ഇറങ്ങി പോകാനും തോന്നിയില്ല. ജീവിതമിങ്ങനെ നേരത്തിന്റെ നൂലിഴയിൽ പെട്ട് ഗതിമാറുന്നത് എത്ര ദയനീയമാണ്!

‘നിങ്ങൾക്ക് ധൃതിയൊന്നുമില്ലേ….?’

വിങ്ങി വിങ്ങി കരയുന്നത് നിർത്തിയാണ് എന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്ന സഹയാത്രികനോട് ഞാൻ ചോദിച്ചത്. തനിക്ക് യാതൊരു ധൃതിയുമില്ലെന്ന് പറഞ്ഞ് അയാൾ ചിരിച്ചു. അതൊരു പിശകുള്ള ചിരിയായിരുന്നു. ജീവിതം വിട്ടുപോയ വിധം ആ മനുഷ്യന്റെ യാത്ര എവിടെയോ ഇതുപോലെ നിന്നുപോയിട്ടുണ്ടെന്ന് എനിക്ക് തോന്നി.

അടിയന്തിരമായ ആവശ്യങ്ങൾക്ക് പോകുന്നുവർക്ക് വേണ്ടി ഒതുങ്ങി കൊടുക്കുന്നതിലൊന്നും യാതൊരു പരിഭവവുമില്ല. അത്യാവശ്യ കാര്യങ്ങൾക്കായി ഇറങ്ങുന്ന സാധാരണക്കാരെ ഇങ്ങനെ തടഞ്ഞു നിർത്തരുത്. അത്തരം നിയന്ത്രണങ്ങളിൽ പെട്ടുപോയതു കൊണ്ട് മാത്രം ജീവിതത്തിന്റെ നിരത്തിൽ നിന്നു പോയവരുണ്ട്. അങ്ങനെ ഓർത്തപ്പോഴൊരു കടൽ ദുഃഖം എന്റെ കണ്ണുകളിൽ നിന്നും പുറത്തേക്ക് ചാടി. കൈത്തണ്ടയിലും മടിയിലേക്കും വീണ ആ കണ്ണുനീർ തുള്ളികളുടെ തിളക്കത്തിൽ മുഴുവൻ അശ്വതിയുടെ മുഖമായിരുന്നു….!

Related Posts

Leave a Reply

Your email address will not be published. Required fields are marked *