രമേശന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കാമുകനെ ഉണർത്തി പുള്ളിയെ റൊമാന്റിക് ആക്കിയതിനു ശേഷം പറയാം… ഇത് ഞാൻ തന്നെയാ മനുഷ്യ… നിങ്ങളുടെ ഒരേയൊരു ഭാര്യ………

Story written by Nisha L

സുജിതയുടെ ഒരേയൊരു ഭർത്താവാണ് രമേശ്. സൽസ്വഭാവി,, ജനസമ്മതൻ,, അല്ലറചില്ലറ ബിസിനസുകൾ ഒക്കെ ചെയ്തു കുടുംബം പോറ്റി നന്നായി ജീവിക്കുന്നവൻ. കുടുംബക്കാരോടും നാട്ടുകാരോടും ഒക്കെ വളരെ മാന്യമായി പെരുമാറുന്നവൻ.

ഇതൊക്കെയാണെങ്കിലും സുജിതയ്ക്ക് ഭർത്താവിനെ കുറിച്ച് ഒരു പരാതിയുണ്ട്. രമേശ് ഒട്ടും റൊമാന്റിക് അല്ല. ഒരു അൺറൊമാന്റിക് മൂരാച്ചി. !!

അവർക്ക് രണ്ടു മക്കൾ. മൂത്തവൻ പ്ലസ്ടുവിനും ഇളയവൾ ഒമ്പതാം ക്ലാസിലും പഠിക്കുന്നു. കല്യാണം കഴിഞ്ഞ വർഷം 19 ആയിട്ടും ഇന്ന് വരെ “മോളെ,, ചക്കരേ,, തേനേ,, പാലേ എന്നൊന്നും വിളിച്ചു കേട്ടിട്ടേയില്ല. ചില സിനിമകളിലും കഥകളിലും ഒക്കെ ഇങ്ങനെ റൊമാന്റിക് ആയ ഭർത്താക്കന്മാരെ കാണുമ്പോൾ സുജിതയ്ക്ക് വല്ലാത്ത അസൂയയാണ്.

അങ്ങനെയിരിക്കെയാണ് അവൾ എഫ്ബിയിലെ കഥകൾ വായിക്കുന്നതും “ഫേക്ക് ഐഡി” എന്ന ഐഡിയ തലയിൽ ഉദിക്കുന്നതും. പരസ്പരം അറിയാതെ ഫേക്ക് ഐഡിയിലൂടെ റൊമാന്റിക് ആകുന്ന ദമ്പതികളുടെ കഥ വായിച്ചപ്പോഴാണ് സ്വന്തം ജീവിതത്തിൽ ഈ ഐഡിയ പ്രയോഗിക്കാം എന്ന ചിന്തയിൽ എത്തിയത്. രമേശന്റെ ഉള്ളിൽ ഉറങ്ങി കിടക്കുന്ന കാമുകനെ ഉണർത്തി പുള്ളിയെ റൊമാന്റിക് ആക്കിയതിനു ശേഷം പറയാം… “ഇത് ഞാൻ തന്നെയാ മനുഷ്യ… നിങ്ങളുടെ ഒരേയൊരു ഭാര്യ…. “!!! അതുകേട്ടു ഞെട്ടി പ്ലിങ്ങി നിക്കുന്ന രമേശന്റെ മുഖം ഓർത്തപ്പോൾ തന്നെ സുജിത പുളകിതയായി.

അങ്ങനെ അവൾ “സ്നേഹലത” എന്ന ഒരു ഫെയ്ക്ക്ഐഡി ഉണ്ടാക്കി,,, ഭർത്താവിന്റെ ഇഷ്ടനടിയായ ഉർവശിയുടെ പിക്ചർ പ്രൊഫൈൽ പിക്ചർ ആക്കിയിട്ടു. എന്നിട്ട് ഒട്ടും വൈകാതെ രമേശന് ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അതിനുശേഷം ഇരിപ്പുറയ്ക്കാതെ ഇടയ്ക്കിടെ അവൾ fb നോക്കി കൊണ്ടിരുന്നു. റിക്വസ്റ്റ് എടുക്കുന്നോ എടുക്കുന്നോ എന്നുള്ള ചിന്തയിൽ.

അവസാനം പിറ്റേന്ന് ഉച്ചയായപ്പോഴേക്കും റിക്വസ്റ്റ് അക്സെപ്റ്റ് ചെയ്തു. അവൾ ഉടൻ തന്നെ മെസഞ്ചറിലേക്ക് ചാടി കയറി.

“ഹായ് രമേശേട്ടാ.. സുഖമാണോ… ഓർമ്മയുണ്ടോ എന്നെ.. “?? !!

മെസ്സേജ് വിട്ടതിനുശേഷം മറുപടിക്ക് വേണ്ടി അവൾ കാത്തിരുന്നു. മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ.. ഒരു ദിവസം, രണ്ട് ദിവസം, മൂന്ന് ദിവസം.. അങ്ങനെ അങ്ങനെ മൂന്നുമാസം കഴിഞ്ഞു. രമേശൻ മെസ്സേജ് നോക്കിയതുമില്ല മറുപടി അയച്ചതും ഇല്ല.

രമേശ്‌ ഫോൺ എപ്പോഴും പോക്കറ്റിൽ തന്നെ സൂക്ഷിക്കാറാണ് പതിവ്. എപ്പോഴും ആരുടെയെങ്കിലുമൊക്കെ വിളികൾ വന്നു കൊണ്ടിരിക്കും. അതുകൊണ്ട് അയാൾക്ക് അതൊരു അത്യാവശ്യ വസ്തുവാണ്.

മെസ്സേജിന് മറുപടി കിട്ടാതെ അവസാനം ഒരു ദിവസം സുജിത ഉച്ചയൂണിനു ശേഷം വിശ്രമിക്കാൻ കിടന്ന രമേശന് അടുത്തെത്തി.

“രമേശേട്ടാ ഫോൺ ഒന്നുതന്നെ… “!!

“എന്തിനാടീ….?? “!!

“ഒരുകാര്യം നോക്കാനാ…”!!

രമേശൻ ഫോൺ അവളുടെ കയ്യിൽ കൊടുത്തു.

ലോക്കുകൾ ഒന്നുമില്ലാതെ ഒരു തുറന്ന പുസ്തകം പോലെ അയാളുടെ ഫോൺ അവളുടെ കയ്യിൽ ഇരുന്നു. അവൾ എഫ്ബി തുറന്നു…. ഡെയിലി ചറപറ പോസ്റ്റുകൾ ഇടുന്നുണ്ട്. കമന്റുകൾക്ക് റിപ്ലൈ കൊടുക്കുന്നുണ്ട്..

അവൾ മെസഞ്ചർ എടുത്തു.അവളുടെ മെസ്സേജ് കൂടാതെ വേറെയും പത്തിരുപത് മെസ്സേജുകൾ മറുപടി കിട്ടാതെ കാത്തുകിടക്കുന്നു. അതിൽ ആണും പെണ്ണും ഐഡികൾ ഉണ്ട്.

ഒന്നു കൂടി നോക്കിയപ്പോഴാണ് അവൾക്ക് മനസിലായത് പരിചയമുള്ളവരുടെ മെസ്സേജുകൾക്ക് റിപ്ലൈ കൊടുത്തിട്ടുണ്ട് എന്ന്.ബാക്കിയൊക്കെ സ്വന്തം മുഖം ഇല്ലാത്ത ഐഡി..കൾ.

എങ്കിലും അവൾ ചോദിച്ചു…

“എന്താ രമേശേട്ടാ മെസ്സേജുകൾക്ക് ഒന്നും മറുപടി കൊടുക്കാത്തത്… “?? !!

“ഓ എന്തു മെസ്സേജ്… എനിക്കിവിടെ മര്യാദയ്ക്ക് ഒന്ന് കുളിക്കാൻ ഉള്ള സമയം പോലും കിട്ടുന്നില്ല അപ്പോഴാണ് അവളുടെ ഒരു മെസ്സേജ്.. “!! രമേശ്‌ ഉദാസീനനായി പറഞ്ഞു.

“അല്ല ഏതാണ് രമേശേട്ടാ ഈ സ്നേഹലത..?? ഉർവ്വശിയുടെ ഫോട്ടോയൊക്കെ ഇട്ടിട്ടുണ്ടല്ലോ.. “!!അവൾ നേരെ കാര്യത്തിലേക്ക് കടന്നു.

“വല്ല പിടക്കോഴിയും ആകും.. “!! രമേശ് നിസാര മട്ടിൽ പറഞ്ഞു..

അത് കേട്ട് സുജിത ഒന്നു ഞെട്ടി…

പിടക്കോഴി.. !!!

“പിന്നല്ലാതെ…. പരിചയമില്ലാത്തവരുടെ മെസ്സഞ്ചറിൽ കയറി ഇറങ്ങുന്നത് പിടക്കോഴികൾ അല്ലേ… “???

“രമേശേട്ടാ നിങ്ങളെ അറിയുന്ന ആരെങ്കിലും ആവും… “!!

“സ്നേഹലത എന്ന ഒരു പേര് എനിക്കറിയില്ലല്ലോ…… ഇതുവരെ എവിടെയും കേട്ടിട്ടില്ല… ആ പിന്നെ കണ്ട പെണ്ണുങ്ങൾക്കൊക്കെ മെസ്സേജ് ഇട്ടു നടക്കാൻ ഞാൻ പണിയൊന്നുമില്ലാതെ തെക്കു വടക്ക് നടക്കുന്ന ചെറിയ പയ്യനൊന്നുമല്ല… വളർന്നു കെട്ടിക്കാറായ രണ്ടു പിള്ളേരുടെ അച്ഛനാ… !!!

“ഡി… ഈ ഫേസ്ബുക്കിലും വാട്സ്ആപ്പ്ലുമൊക്കെ ഇങ്ങനെ വിശേഷം തിരക്കി പല മെസ്സേജുകൾ വരും. അതൊക്കെ നമുക്ക് എട്ടിന്റെ പണി തരാൻ വരുന്ന വരോ,, കുടുംബത്തെ കുറിച്ച് ചിന്തയില്ലാത്തവരോ,,, അല്ലെങ്കിൽ വേറെ പണിയൊന്നും ഇല്ലാത്തവരോ ഒക്കെ ആയിരിക്കും. എനിക്ക് പക്ഷേ ഇതിനൊന്നും നേരമില്ല… “!!

“ആ… പിന്നെ വെറുതെ ഒന്ന് പരിചയപ്പെടാം എന്ന നല്ല ഉദ്ദേശത്തിൽ വരുന്നവരും ഉണ്ട്. പക്ഷേ എനിക്ക് സ്വന്തം ഐഡന്റിറ്റി മറച്ചു വച്ച് പരിചയപ്പെടാൻ വരുന്ന വരോടൊന്നും വലിയ താല്പര്യമില്ല. അതുകൊണ്ടാ മെസ്സേജുകൾക്ക് റിപ്ലൈ കൊടുക്കാത്തത്. എല്ലാവരും വന്നു പരിചയപ്പെടാൻ മാത്രം വലിയ സെലിബ്രിറ്റി ഒന്നുമല്ലല്ലോ ഈ പാവം ഞാൻ… അതുകൊണ്ട് നീ ആവശ്യമില്ലാത്ത സംശയം ചോദിച്ചു കൊണ്ടിരിക്കാതെ എന്നെ ഒന്ന് ഉറങ്ങാൻ അനുവദിക്കൂ.. “!!!

പറഞ്ഞു കൊണ്ട് അയാൾ തിരിഞ്ഞു കിടന്നു ഉച്ചമയക്കത്തിലേക്ക് പ്രവേശിച്ചു.

സുജിത വായും തുറന്നു ഇരുന്നു പോയി…

ഈശ്വര ഇത്രയും പതിവൃതൻ ആയിരുന്നോ എന്റെ രമേശേട്ടൻ…. !!!!
റൊമാന്റിക് ആയി സംസാരിച്ചില്ലേലും വേണ്ടില്ല. എനിക്ക് ഈ ജന്മവും ഇനിയുള്ള ജന്മവും ഭർത്താവായി രമേശേട്ടനെ തന്നെ മതി. ഒന്നുമില്ലെങ്കിലും കാമുകിക്ക് വേണ്ടി തല്ലി കൊല്ലുമെന്ന പേടിയില്ലാതെ സമാധാനത്തോടെ കിടന്നുറങ്ങാമല്ലോ.. !!!

അവൾ ഒരു തെളിവും അവശേഷിപ്പിക്കാതെ എത്രയും പെട്ടെന്ന് ഫേക്ക് ഐഡി പൂട്ടി കെട്ടാനുള്ള ശ്രമത്തിലേക്ക് കടന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *