രാജീവ് അടുത്ത് ചെന്ന് അവളെ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. അവളുടെ കണ്ണുകളിലേക്ക് നോക്കി….

അടുക്കള

Story Written by Shaan Kabeer

” ദേ, മനുഷ്യാ നിങ്ങടെ പുന്നാര മോളെ ഒന്ന് ഇവിടെ നിന്നും എടുത്ത് കൊണ്ടോവോ”

രമ്യ അടുക്കളയില്‍ നിന്നും അലറി. പുറത്ത് പത്രം വായിച്ചു കൊണ്ടിരിക്കുക യായിരുന്ന രാജീവ് അവളുടെ അലർച്ച കേട്ട് അടുക്കളയിലേക്ക് ഓടി

” എന്താടീ കാര്യം, എന്തിനാ ഇങ്ങനെ അലറുന്നേ”

അവള്‍ തന്റെ അടുത്ത് നുണക്കുഴി കാട്ടി കണ്ണിറുക്കി കള്ള ചിരിയും ചിരിച്ചോണ്ട് നില്‍ക്കുന്ന മൂന്നു വയസ്സുകാരി മകളെ ചൂണ്ടി കാണിച്ചു

” ദേ, കണ്ടില്ലേ, ഞാന്‍ ചിരകിയ തേങ്ങ മൊത്തം ഇവൾ തിന്നു തീര്‍ത്തു”

രാജീവ് മകളെ വാരിയെടുത്ത് അവളുടെ കവിളില്‍ വാത്സല്യത്തോടെ ഉമ്മ വെച്ചു. മകള്‍ തിരിച്ചും. ഇത് കണ്ട രമ്യ പൊട്ടിത്തെറിച്ചു

” രണ്ടും പൊക്കോണം എന്റെ മുന്നീന്ന്, രണ്ടെണ്ണത്തിനേയും ഇനി ഈ അടുക്കളയില്‍ കണ്ടു പോകരുത്”

ഇത് കേട്ട രാജീവ് മകളോടായി പറഞ്ഞു

” പിന്നേ, നിന്റെ അമ്മക്ക് സ്ത്രീധനം കിട്ടിയതല്ലേ ഈ അടുക്കള, മോള് വാ നമുക്ക് കോലായില്‍ പോയിരിക്കാം”

രാജീവ് ആ പറഞ്ഞത് അവള്‍ക്ക് അത്ര ഇഷ്ടായില്ല

” ഇന്ന് അവധി ദിവസമാണ് എനിക്ക് വിഭവ സമൃദ്ധമായ സദ്യ വേണം എന്ന് രാജീവേട്ടന് വായ കൊണ്ട് അങ്ങ് പറഞ്ഞാല്‍ മതി. സമയം പന്ത്രണ്ട് മണിയായി ഇനിയും കിടക്കാ പിടിപ്പതു പണി ബാക്കി. ന്നാ വന്ന് ഒന്ന് സഹായിച്ചു തരിക, അതും ചെയ്യില്ല. പക്ഷെ ശല്യം ചെയ്യാന്‍ അച്ഛനും മോൾക്കും ഭയങ്കര ഉത്സാഹമാണ്”

അവളുടെ മുഖം വാടി.

രാജീവ് അടുത്ത് ചെന്ന് അവളെ തന്റെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. അവളുടെ കണ്ണുകളിലേക്ക് നോക്കി

” ന്റെ പൊന്നൂന്റെ ഈ പരാതി പറച്ചിലും പരിഭവം പറച്ചിലും ഞാന്‍ ഇന്നും ഇന്നലെയും കേള്‍ക്കാന്‍ തുടങ്ങിയതല്ലല്ലോ. നിന്റെ ഈ ഒച്ചയും ബഹളവും ഒന്നുമില്ലങ്കിൽ നമ്മുടെ അടുക്കളക്ക് ഒരു ജീവന്‍ ഉണ്ടാകില്ല”

അവള്‍ രാജീവിന്റെ പിടി വിടുവിപ്പിച്ചു

” അയ്യടാ, സോപ്പിടൊന്നും വേണ്ട. ന്റെ പൊന്നു പൊയ്ക്കേ. ഞാന്‍ പണിയൊക്കെ ഒന്ന് തീർക്കട്ടെ”

അവള്‍ കൊഞ്ചി. രാജീവ് വീണ്ടും അവളുടെ പിറകിലൂടെ കെട്ടിപ്പിടിച്ചു

” ഏതായാലും എന്റെ രമ്യകുട്ടി പറഞ്ഞതല്ലേ, എന്നാ പിന്നെ സഹായിച്ചു കളയാം. പായസം ഞാന്‍ ഉണ്ടാക്കാം”

അവള്‍ കുതറി

” ഹും, വായില്‍ വെച്ച് കുടിക്കാൻ പറ്റുന്ന കോലത്തിൽ ഉണ്ടാക്കണേ”

അവര്‍ രണ്ടു പേരും പൊട്ടിച്ചിരിച്ചു. അവരുടെ എല്ലാ ചെയ്തികളും കണ്ട് മകള്‍ അവിടെ നാണിച്ച് നിൽപ്പുണ്ടായിരുന്നു.

രാജീവ് പായസം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. അണ്ടിപരിപ്പും, ഉണക്ക മുന്തിരിയും കുറവാണ്. അത് കടയില്‍ പോയി വാങ്ങിച്ചു വരാം എന്നും പറഞ്ഞ് രാജീവ് ബൈക്ക് സ്റ്റാർട്ട് ചെയ്തു, മകള്‍ അവന്റെ കൂടെ ബൈക്കില്‍ കയറാന്‍ വാശി പിടിച്ച് കരഞ്ഞു. പക്ഷെ അവള്‍ വിട്ടില്ല

” അണ്ടി പരിപ്പും, മുന്തിരിയും നല്ലോണം നെയ്യിലിട്ട് വറുത്തെടുത്ത് പായസത്തിന് മുകളില്‍ വിതറിയാലേ നല്ല സ്വാദ് ലഭിക്കൂ. ഞാന്‍ ഇപ്പോ വരാം, നീ ബാക്കി കാര്യങ്ങള്‍ എല്ലാം നോക്കിക്കോ”

ഇത്രയും പറഞ്ഞ് രാജീവ് കടയിലേക്ക് പോയി. അവള്‍ പുഞ്ചിരിച്ചു കൊണ്ട് അടുക്കളയിലേക്കും.

അഞ്ചു മിനുട്ട് കഴിഞ്ഞു. പത്തു മിനുട്ട് കഴിഞ്ഞു.ഒരു മണിക്കൂര്‍ കഴിഞ്ഞു രാജീവ് തിരിച്ചു വന്നില്ല. അവള്‍ അവന്റെ ഫോണിലേക്ക് വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ്. അവള്‍ക്ക് പരിഭ്രാന്തിയായി. അപ്പോഴാണ്‌ അവളുടെ ഫോണ്‍ ശബ്ദിച്ചത്. അവളുടെ അച്ഛനായിരുന്നു ലൈനിൽ

” മോളെ, അച്ഛന്‍ ഇപ്പോള്‍ വീട്ടിലേക്ക് വരാം, നമുക്ക് ഹോസ്പിറ്റൽ വരെ ഒന്നു പോണം”

അത്രയും പറഞ്ഞ് അച്ഛന്‍ ഫോണ്‍ കട്ട് ചെയ്തു. അവള്‍ തിരിച്ച് എന്തെങ്കിലും ചോദിക്കുന്നതിന് മുന്നേ ഫോണ്‍ കട്ടായി.അച്ഛന്റെ ശബ്ദത്തിന് ഒരു ഇടർച്ച അവള്‍ക്ക് അനുഭവപ്പെട്ടു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അച്ഛനും, അമ്മയും, ചേട്ടനും അവളുടെ വീട്ടില്‍ വന്നു. എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തി ഉണ്ടായിരുന്നു. ചേട്ടന്‍ അകത്ത് കയറാതെ പോക്കറ്റില്‍ നിന്നും ഒരു സിഗററ്റ് എടുത്ത് കത്തിച്ച് വലിച്ച് പുറത്തു നിന്നു. അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവള്‍ അമ്മയോട് കാര്യം തിരക്കി, പക്ഷെ അമ്മയുടെ പ്രതികരണം അവളെ കെട്ടിപ്പിടിച്ച് ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു. അവള്‍ എത്ര ചോദിച്ചിട്ടും അച്ഛനും, ചേട്ടനും ഒന്നും പറഞ്ഞില്ല. അവളോട് അവര്‍ കാറില്‍ കയറാന്‍ പറഞ്ഞു, ഒന്നും മനസ്സിലാകാതെ അവള്‍ അവര്‍ പറഞ്ഞത് അനുസരിച്ചു. അവര്‍ ഹോസ്പിറ്റലിലേക്ക് പോയി.

ഹോസ്പിറ്റലില്‍ കണ്ട കാഴ്ച, അവളുടെ നെഞ്ച് തകര്‍ക്കുന്നതായിരുന്നു. ഒരു വെള്ള തുണിയിൽ പൊതിഞ്ഞു കെട്ടി വെച്ചിരിക്കുന്ന തന്റെ പ്രാണനായ രാജീവേട്ടന്റെ മൃതശരീരമാണ് അവള്‍ അവിടെ കണ്ടത്. ലോറിയുമായി കൂട്ടിയിടിടിച്ച് ചേതനയറ്റ ശരീരവുമായി കിടക്കുന്ന തന്റെ രാജീവേട്ടനെ കണ്ടപ്പോള്‍ അവളുടെ നിയന്ത്രണം വിട്ടു, അവള്‍ പൊട്ടിക്കരഞ്ഞു. അവള്‍ക്ക് ബോധ ക്ഷയം സംഭവിച്ചു.

ദിവസങ്ങള്‍ക്ക് ശേഷം രമ്യ വീട്ടിലെ അടുക്കളയില്‍ തേങ്ങ ചിരകുമ്പോൻ അവളുടെ മകള്‍ കുസൃതി ചിരിയോടെ ചിരകിയ തേങ്ങ എടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോള്‍ രമ്യ അറിയാതെ ഉറക്കെ വിളിച്ചു പറഞ്ഞു

” ദേ, മനുഷ്യാ നിങ്ങടെ പുന്നാരമോളെ……..”

പെട്ടെന്ന് അവളുടെ വാക്കുകള്‍ മുറിഞ്ഞു, കണ്ണുകള്‍ നിറഞ്ഞു, തൊണ്ട ഇടറി, അവള്‍ തന്റെ മകളെ ചേര്‍ത്ത് പിടിച്ച് പൊട്ടിക്കരഞ്ഞു.

അതെ, അവള്‍ ആ യഥാർത്ഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു. തന്റെ പരാതികളും, പരിഭവങ്ങളും കേള്‍ക്കാന്‍ രാജീവേട്ടൻ ഇനി ഇല്ല എന്ന സത്യം. രാജീവേട്ടനില്ലാത്ത അവരുടെ വീട്ടിലെ അടുക്കളക്ക് ജീവന്‍ നഷ്ടമായിരിക്കുന്നു, കൂടെ അവളുടെ മനസ്സിന്റെയും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *