രാജീവ്… കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് നമുക്ക് ലഭിച്ച സ്ത്രീകളുടെ മിസ്സിംഗ് കേസുകളെല്ലാം ഒന്ന് പരിശോധിക്കണം. അവരുടെ ബന്ധുക്കളെ ഉടൻ വിവരമറിയി ക്കുകയും വേണം……

ശ്മശാനത്തിലെ സുന്ദരി

Story written by Praveen Chandran

“സർ വനത്തിനുള്ളിൽ നിന്നും അഴുകിയ നിലയിൽ ഒരു സ്ത്രീയുടെ ജഡം കണ്ടെത്തിയിട്ടുണ്ട്.. വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് ഡെഡ്ബോഡി കണ്ടത്.. അവരിലാരോ ആണ് സ്റ്റേഷനിലേക്ക് വിവരം തന്നത്. …”

കോൺസ്റ്റബിൾ രാജീവിന്റെ ആ സന്ദേശം കേട്ടാണ് ക്യാബിനുള്ളിൽ എന്തോ ചിന്തയിൽ മുഴുകിയിരുന്ന സി.ഐ അർജ്ജുന്റെ ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞത്..

അർജ്ജുൻ ചാർജ്ജ് എടുത്തിട്ട് അധികം നാളായില്ലായിരുന്നു..

“ഓക്കെ.. താൻ ജീപ്പെടുത്തോളൂ.. ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം…”

“ശരി സർ…” അത് പറഞ്ഞ് അയാൾ ഡോർ ചാരിയിട്ട് പുറത്തേക്ക് പോയി…

അർജ്ജുൻ വാച്ച് മേശപുറത്ത് അഴിച്ച് വച്ച് വാഷ്റൂം ലക്ഷ്യമാക്കി നടന്നു..

മുഖത്തേയ്ക്ക് തണുത്ത വെള്ളം കോരിയൊഴിക്കുമ്പോഴും ആ തണുപ്പിന് തന്റെ മനസ്സിനെ ശാന്തമാക്കാനവില്ലെന്ന് അവൻ തിരിച്ചറിയുകയായിരുന്നു..

ആകെയുള്ള ഒരു പെങ്ങൾ അനുവിന്റെ സ്വഭാവത്തിൽ ഈയിടെ കണ്ട വൈകൃതങ്ങളാണ് അവനെ അലട്ടിയിരുന്നത്…

അവളുടെ കല്ല്യാണം തീരുമാനിച്ചിരിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു മാനസിക വൈകല്ല്യം അവൾക്കുള്ളതായി തിരിച്ചറിഞ്ഞത്..

അമ്മയുടെ നിർബന്ധപ്രകാരമാണ് ബാധകയറിയതാണെന്നും പറഞ്ഞ് പൂജകളും ഒഴിപ്പിക്കൽ കർമ്മങ്ങളും രഹസ്യമായി നടത്തിയത്..

എന്നിട്ടെന്ത് ഫലം?.. കുറച്ച് ദിവസത്തേക്ക് ഒരു ശമനം ഉണ്ടായതല്ലാതെ എല്ലാം പഴയപടി തന്നെ…

നല്ലൊരു സൈക്യാർട്ടിസ്റ്റിനെ കാണിക്കാമെന്ന് പറഞ്ഞപ്പോൾ അമ്മയാണ് തടഞ്ഞത്…

“കല്ല്യാണം അടുത്തു നിൽക്കുന്ന പെണ്ണാണ്.. ആരെങ്കിലും അറിഞ്ഞാൽ അവളെ ഭ്രാന്തിയായി ചിത്രീകരിക്കാനതുമതി” എന്നാണ് അമ്മ അന്ന് പറഞ്ഞത്..

കുറച്ച് വർഷങ്ങൾക്ക് മുന്നെയുള്ള അച്ഛന്റെ ആകസ്മികമായ മരണം അവളെ വല്ലാതെ തളർത്തിയിരുന്നു…

അച്ഛനെ അവൾ ജീവന് തുല്ല്യം സ്നേഹിച്ചിരുന്നു..

അവളുടെ പെരുമാറ്റത്തിൽ അരിശം കയറി പലതവണ അമ്മ അവളെ മർദ്ദിക്കുക പോലും ചെയ്തിട്ടുണ്ട്..

“സർ.. വണ്ടി റെഡിയാണ്…” രാജീവിന്റെ ശബ്ദമായിരുന്നു അത്..

പുറത്ത് കാത്ത് നിന്ന് മടുത്തപ്പോൾ അകത്തേക്ക് കയറിവന്നതാണ് അയാൾ…

അപ്പോഴാണ് തന്റെ ചിന്തകൾ പ്രവർത്തികളെ എത്രമാത്രം കീഴ്പെടുത്തുന്നുണ്ടെന്നത് അർജ്ജുന് ബോധ്യമായത്..

കർമ്മനിരതനായ ഒരുദ്യോഗ്യസ്ഥനാണ് താനെന്നുള്ള ബോധം അവനിലപ്പോഴാണ് വന്ന് ചേർന്നത്…

ടവ്വലെടുത്ത് മുഖം തുടച്ചതിന് ശേഷം മേശപ്പുറത്തിരുന്ന തൊപ്പി തലയിലേക്ക് വച്ചപ്പോൾ എന്തെന്നില്ലാത്ത ഒരുണർവ്വ് തോന്നി അവന്…

താൻ പോലീസായി കാണണമെന്ന് ഏറ്റവും ആഗ്രഹിച്ചത് അച്ഛനായിരുന്നു.. പക്ഷെ ആ ഭാഗ്യം ആ പാവത്തിനില്ലാതെ പോയി..

വേഗത്തിൽ നടന്ന് ജീപ്പിൽ കയറി ഇരിക്കുമ്പോൾ പോലീസ് ട്രെയിനിംഗ് ക്യാമ്പിലെ ആ ചടുലതയും ഊർജ്ജവും തിരിച്ച് കിട്ടിയത് പോലെ അവന് തോന്നി…

രാജീവ് വണ്ടി മുന്നോട്ടെടുത്തു… കുറച്ച് ദൂരം ഹൈറേഞ്ചിലൂടെ സഞ്ചരിച്ചാണ് അവരാ വനപ്രദേശത്ത് എത്തിയത്..

അവരെക്കാത്ത് ബോഡി ആദ്യം കണ്ട സ്ത്രീകളും രണ്ട് മൂന്ന് ആണുങ്ങളും അവിടെയുണ്ടായിരുന്നു…

ഉൾക്കാടിലേക്ക് വണ്ടികൾക്ക് പോകാൻ സാധിക്കാത്തതിനാൽ അവരോടൊപ്പം കുറച്ച് നടന്നാണ് അവർ കാടിനുള്ളിലേക്ക് കയറിയത്..

നിബിഢമായ വനപ്രദേശമായിരുന്നു അത്.. അത് കൊണ്ട് തന്നെ അല്പം സൂക്ഷിച്ചാണ് അവർ മുന്നോട്ട് നീങ്ങിയത്..

അവിടെ എത്തിയതും കുറ്റിക്കാടിനോട് ചേർന്ന് അഴുകിയ നിലയിലുള്ള ആ മൃതശരീരം അവന് കാണാനായി..

അർജ്ജുൻ തൊപ്പി ഊരിക്കൊണ്ട് മൃതദേഹത്തിനരികിലെത്തി…

മൃതദേഹത്തിന് രണ്ട് മാസത്തിലേറെ പഴക്കമുള്ളതിനാൽ രൂഷമായ ഗന്ധം ചുറ്റും വമിച്ചിരുന്നു..

ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു അനുഭവം എന്നുള്ളതിനാൽ ബോഡി കണ്ടതും അവന് ഓക്കാനം വന്നു…

ബോഡി ആകെ വികൃതമായിരുന്നു…

വന്യമൃഗങ്ങൾ മൃതശരീരത്തിന്റെ ചില ഭാഗങ്ങളെ ല്ലാം ഭക്ഷിച്ചിരുന്നിരിക്കാം എന്ന് അവന് തോന്നി..

വസ്ത്രങ്ങളും മറ്റും മൃതശരീരത്തോട് ചേർന്നഴുകിയ നിലയിലായിരുന്നു..

ആഭരണങ്ങളും മറ്റും ബോഡിയോട് ചേർന്ന് തന്നെ കിടന്നിരുന്നു…

തൊട്ടടുത്ത് നിന്ന് ലഭിച്ച വിഷകുപ്പി കണ്ടിട്ട് സംഭവം ആത്മഹത്യ ആയിരിക്കാം എന്നവൻ ഊഹിച്ചു…

“രാജീവ്… കഴിഞ്ഞ മൂന്ന് മാസത്തിനിടയ്ക്ക് നമുക്ക് ലഭിച്ച സ്ത്രീകളുടെ മിസ്സിംഗ് കേസുകളെല്ലാം ഒന്ന് പരിശോധിക്കണം.. അവരുടെ ബന്ധുക്കളെ ഉടൻ വിവരമറിയി ക്കുകയും വേണം…”

“ശരി സർ….”

മറ്റെന്തെങ്കിലും അസ്വാഭാവികതയുള്ളതായി പോസ്റ്റുമോർട്ടത്തിന് ശേഷമേ അറിയാനാവൂ എന്നുള്ളതിനാൽ അത് വരെ കാത്തിരിക്കുകയേ അവർക്ക് നിവൃത്തിയുണ്ടായിരുന്നുള്ളൂ..

അന്ന് ഏറെ വൈകിയാണ് അർജ്ജുൻ വീട്ടിലെത്തിയത്…

“അമ്മ ഇത് വരെ ഉറങ്ങിയില്ലേ?..”

വന്ന് കയറിയതും ഉമ്മറത്ത് അവനെ കാത്തിരുന്ന അമ്മയോടായ് അവൻ ചോദിച്ചു..

അവർ കരഞ്ഞുകൊണ്ടാണ് അതിന് മറുപടി പറഞ്ഞത്..

“എന്ത് ചെയ്യാനാ മോനേ.. അനുമോളിങ്ങനെ ഒരവസ്ഥയിലുള്ളപ്പോ എനിക്കെങ്ങനാ ഉറക്കം വരുക… ഇന്നും അവൾ പഴയപോലെ തന്നെ സംസാരിക്കാൻ തുടങ്ങി.. ഞാനവളെ കുറെ അടിച്ചു.. എനിക്ക് പേടിയാവുന്നു മോനേ….”

അവളെ അടിച്ചതിന് അമ്മയോട് വഴക്കിട്ട് അവൻ അകത്തേക്ക് കയറി..

കട്ടിലിന്റെ ഒരു മൂലയിലിരുന്നു അവൾ കരയുകയായിരുന്നു അപ്പോൾ…

അവളുടെ വേഷം കണ്ട് അവനൊന്ന് പകച്ചെങ്കിലും പതിവുപോലെ അവൻ സംയമനം വീണ്ടെടുത്തു…

അവളുടെ കൈകളിലും കാലുകളിലും അമ്മയിൽ നിന്നും അടികൊണ്ട പാടുകളുണ്ടായിരുന്നു..

അവനവളുടെ അരികിലായിരുന്നു…

അവനെ കണ്ടതും അവൾ അവനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി….

അവനും കരച്ചിലടക്കാനായില്ല…

അങ്ങനെയൊരു അവസ്ഥയിൽ അവളെ കാണേണ്ടി വരുമെന്ന് അവനൊരിക്കലും കരുതിയതല്ല…

ചുമരിൽ കൊളുത്തിയിട്ടിരുന്ന അച്ഛന്റെ ഫോട്ടോ നോക്കി അവനെന്തൊക്കെയോ പിറുപിറുത്തു…

അവളുറങ്ങിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം പതിവ് പോലെ ഡോർ പുറത്ത് നിന്നും പൂട്ടിയാണ് അവൻ കിടക്കാൻ പോയത്…

എപ്പോളോ മയങ്ങിപ്പോയപ്പോഴാണ് ആ രൂപം അവന്റെ സ്വപ്നത്തിൽ വന്നത്…

ഇന്ന് കണ്ട ആ അഴുകിയ മൃതദേഹത്തിന്റെ രൂപമായിരുന്നു അത്..

ആ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയ അവൻ ഒരു ഞെട്ടലോടെ മയക്കത്തിൽ നിന്നെണീറ്റു..

അവനാകെ വിയർത്തിരുന്നു.. ജഗ്ഗിൽ വച്ചിരുന്ന വെള്ളം അവൻ വായിലേക്കൊഴിച്ചു…

ആ മുഖത്തിന് അനുവിന്റെ ഛായയായിരുന്നു…

പിറ്റെ ദിവസം കുറച്ച് വൈകിയാണ് അവനുണർന്നത്..

സ്റ്റേഷനിൽ പോകാനായ് ഒരുങ്ങുമ്പോഴാണ് അവന് സ്റ്റേഷനിൽ നിന്നും രാജീവിന്റെ കോൾ വന്നത്..

“സർ.. ഇന്നലെ മൃതദേഹം കണ്ടിടത്തിനല്പം ദൂരെ നിന്ന് മരിച്ച ആളുടേതെന്ന് സംശയിക്കുന്ന ഒരു മൊബൈൽ കണ്ടു കിട്ടിയിട്ടുണ്ട്… പക്ഷെ ലോക്കാണ് സർ.. നമ്മുടെ ടെക്നീഷ്യനെ വിളിപ്പിച്ചിട്ടുണ്ട്.. അയാൾ നോക്കിക്കൊണ്ടിരിക്കു ന്നു…”

“ശരി രാജീവ്..ഞാനുടൻ വരാം.. പിന്നെ താനാ മിസ്സിംഗ് കേസുകളുടെ കാര്യം അന്വേഷിച്ചിരുന്നോ?”

“ഉവ്വ്..സർ.. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആകെ മൂന്ന് മിസ്സിംഗ് കേസ് ആണ് രജിസ്റ്റർ ചെയ്തിട്ടു ള്ളത്.. അതിൽ രണ്ടെണ്ണം ആണുങ്ങളാണ് ഒന്ന് മാത്രമാണ് പെണ്ണുള്ളത്.. പക്ഷെ അത് പ്ലസ്ടൂവിന് പഠിക്കുന്ന പെൺകുട്ടിയുടേതാണ് സർ…”

“ഓക്കെ.. എന്തായാലും ഞാനങ്ങോട്ട് വരുകയാണ്…”

അവൻ ഫോൺ കട്ട് ചെയ്ത് അനുവിന്റെ മുറിയിലേക്ക് നടന്നു…

അവൾ അപ്പോൾ നല്ല ഉറക്കത്തിലായിരുന്നു..

വാതിൽ മെല്ലെ ചാരിയതിന് ശേഷം അവൻ പുറത്തേക്ക് നടന്നു…

അടുക്കളയിൽ ജോലിതിരക്കിലായിരുന്ന അമ്മയോട് അവളെ നോക്കണേന്ന് പറഞ്ഞാണ് അവൻ പുറത്തേക്ക് നടന്നത്…

സ്റ്റേഷനിലെത്തിയതും രാജീവ് അവനെ കാത്ത് നിന്നതെന്നോണം മുന്നോട്ടായ് വന്നു…

“സർ.. കേസിലൊരു വലിയ ട്വിസ്റ്റ് ഉണ്ട്…” അവൻ ആവേശത്തോടെ പറഞ്ഞു..

“എന്താടോ അത്..” അർജ്ജുന് ആകാംക്ഷയായി..

“ഇന്നലെ കണ്ട ബോഡി പെണ്ണിന്റെ അല്ല സർ.. അത് ഒരു ആണിന്റെ ആണ്…”

അത് കേട്ടതും അർജ്ജുനൊന്ന് ഞെട്ടി..

“താനെന്താ പറയുന്നത്? ഇന്നലെ നമ്മൾ ബോഡി പരിശോധിച്ചതല്ലേ? ആഭരണങ്ങളും സാരിയുടെ അവശിഷ്ടങ്ങളുമെല്ലാം കണ്ടതല്ലേ?”

“അതെ സർ.. പക്ഷെ ഇത് വേറെന്തോ ഉണ്ടചുരുട്ട് കേസാ.. സാർ വരൂ.. അയാളുടെ ഫോണൊന്ന് പരിശോധിച്ച് നോക്കൂ….”

അയാൾ പറഞ്ഞത് കേട്ട് അർജ്ജുൻ ആകാംക്ഷയോടെ ഫോണിനടുത്തെത്തി…

ഫോൺ കൈയിലെടുത്ത് ഗ്യാലറി പരിശോധിച്ച് നോക്കിയ അവൻ അമ്പരന്ന് പോയി…

അതിൽ സ്ത്രീ വേഷം കെട്ടിയ ഒരു പുരുഷന്റെ ഫോട്ടോസ് ആയിരുന്നു ഭൂരിഭാഗവും… കുറച്ചെണ്ണം ഒരു പുരുഷന്റെ ഫോട്ടോകളും…

സ്ത്രീവേഷം കെട്ടിയ പല ഫോട്ടോയിലും അതേ ആൾ വിഗ്ഗ് വച്ചും കണ്ണെഴുതിയും ആഭരണങ്ങളണിഞ്ഞും മുഖത്ത് തെയ്യക്കാരെ പോലെ ചായങ്ങൾ തേച്ച തുമായിരുന്നു…

ചിലതെല്ലാം യക്ഷികളെ പോലെ വേഷം ധരിച്ചവയായിരുന്നു..

“രാജീവ് ഉടൻ ഇയാളെക്കുറിച്ച് നമുക്ക് അന്വേഷിക്കണം… ആ രണ്ട് മാൻ മിസ്സിംഗ് കേസുകളുടെ ബന്ധുക്കളോടും ഉടൻ സ്റ്റേഷൻ വരെ വരാൻ പറയണം… “

“ഒക്കെ സർ… “

രാജീവ് പോയതിന് ശേഷം അയാളുടെ മൊബൈൽ അർജ്ജുൻ വീണ്ടും പരിശോധിച്ചു…

അതിൽ നിന്ന് അവന് ചില കാര്യങ്ങൾ ബോധ്യമായി….

സമയം കടന്നുപോയ്ക്കൊണ്ടിരുന്നു..

“സർ.. ആ മിസ്സിംഗ് കേസുകളിലെ പരാതിക്കാർ വന്നിട്ടുണ്ട്.. അകത്തേക്ക് വിടട്ടെ….” പി.സി അനിൽകുമാറാണ് അത് പറഞ്ഞത്…

” ശരി… വരാൻ പറയൂ “

ആദ്യം അകത്തേക്ക് വന്ന ആളുകൾക്ക് മൊബൈൽ ഫോട്ടോയിൽ കണ്ട ആളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞതോടെയാണ് രണ്ടാമത്തെവരെ കടത്തിവിടാനായ് അവൻ പറഞ്ഞത്..

പ്രായമായ ഒരു ആളായിരുന്നു അപ്പോൾ അകത്തേയ്ക്ക് വന്നത്…

ഇരുണ്ട നിറം… നരച്ച തലമുടികൾ.. കണ്ണുകളിൽ നിന്നറിയാം അയാളെത്രമാത്രം ക്ഷീണിതനാണെന്ന്…

“ഇരിക്കൂ….” അർജ്ജുൻ അയാളോടായ് പറഞ്ഞു..

അയാൾക്കെന്തോ വലിയ ടെൻഷനുണ്ടെന്ന് അയാളുടെ മുഖത്ത് നിന്ന് അർജ്ജുന് വായിച്ചെടുക്കാമായിരുന്നു…

അവൻ മൊബൈലിലെ ഫോട്ടോ അയാൾക്കഭി മുഖമായി നീട്ടി…

ആ ഫോട്ടോ കണ്ടതും അയാളുടെ മുഖത്തെ ഭാവമാറ്റം സൂക്ഷമമായി നിരീക്ഷിക്കുകയാ യിരുന്നു അർജ്ജുൻ…

അയാളുടെ മുഖം വിളറി വെളുത്തിരുന്നു…

“അതെ.. ഇതെന്റെ മകനാണ്… എന്റെ മകൻ പ്രകാശൻ.. എന്റെ മകന് എന്ത് പറ്റി സർ?” വിറയലോടെ അയാൾ ചോദിച്ചു..

അത് കേട്ടതും അർജ്ജുൻ പിന്നിലേക്ക് ചാരി..

അയാൾക്ക് അല്പം വെള്ളം കൊടുക്കാനായ് അവൻ കോൺസറ്റബിളുമാരോട് ആവശ്യപെട്ടു..

നടന്ന സംഭവങ്ങൾ വിവരിച്ചതും അയാളാകെ പരിഭ്രാന്തനായി പൊട്ടി കരയുകയായിരുന്നു…

കുറച്ച് സമയങ്ങൾക്ക് ശേഷമാണ് അയാൾ അവനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത് തന്നെ…

ആശാരിപ്പണിക്കാരനായിരുന്നു അയാളുടെ ഏക മകനായ പ്രകാശൻ.. അതിരാവിലെ കുളിച്ചു കുറിയും തൊട്ട് കൃത്യമായി പണിക്ക് പോയിരുന്ന പ്രകാശനെ നാട്ടുകാർക്കൊക്കെ വലിയ കാര്യവുമായിരുന്നു… ചെറുപ്പത്തിലെ അമ്മ മരണപെട്ടുപോയിരുന്ന അവന് അച്ഛനായിരുന്നു എല്ലാം.. എങ്കിലും അവൻ അമ്മയെ ഓർത്ത് എന്നും സങ്കടപെട്ടിരുന്നു… ചെറുപ്പം മുതലേ അമ്മയുടെ സാരിയും ആഭരണങ്ങളും എടുത്ത് നോക്കി കരയാറുണ്ടായിരുന്നു അവൻ…

അവയെല്ലാം ഒരു പെട്ടിയിലാക്കി സൂക്ഷിക്കുകയും ചെയ്തിരുന്നു അവൻ… നാടക നടിയായിരുന്നു അവന്റെ അമ്മ… അത് കൊണ്ട് തന്നെ അവരുപയോഗിച്ചിരുന്ന മേക്കപ്പ് സാധനങ്ങളും അവൻ അത് പോലെ തന്നെ സൂക്ഷിച്ചിരുന്നു…

പഠിക്കാനത്ര മിടുക്കനല്ലാതിരുന്നത് കൊണ്ടാണ് അമ്മാവന്റെ കൂടെ പത്താം ക്ലാസ്സ് കഴിഞ്ഞതും അവനാശാരിപ്പണിക്ക് ചേർന്നത്..

വളരെ പെട്ടെന്ന് തന്നെ അവൻ പണി പഠിച്ചെടുത്തതോടെ ആ അച്ഛന് അത് വലിയ സഹായകവുമായിരുന്നു..

അങ്ങനെ വർഷങ്ങൾ കടന്നുപോയ്ക്കൊ ണ്ടിരുന്നു…

എല്ലാവരോടും നല്ലരീതിയിൽ പെരുമാറിയിരുന്നത് കൊണ്ട് അവനെ നാട്ടുകാർക്കൊക്കെ വലിയ കാര്യവുമായിരുന്നു…

മകന് വിവാഹപ്രായമായതോടെ അവന് വേണ്ടി അദ്ദേഹം വിവാഹാലോചനകൾ അന്വേഷിക്കാൻ തുടങ്ങിയെങ്കിലും ഒരോ ഒഴിവുകഴിവുകൾ പറഞ്ഞ് അവനത് മുടക്കിക്കൊണ്ടിരുന്നു…

പറഞ്ഞ് പറഞ്ഞ് മതിയായപ്പോൾ അദ്ദേഹവും അതുപേക്ഷിച്ചു…

പക്ഷെ അന്ന് ആ സംഭവത്തിന് ശേഷം ആണ് അദ്ദേഹം ശരിക്കും തകർന്ന് പോയത്…

ഒരു ദിവസം പുലർച്ചെ പുറത്ത് ബഹളം കേട്ടാണ് അയാൾ വാതിൽ തുറന്നത്..

വാതിൽ തുറന്നതും അയാൾ ഞെട്ടിപ്പോയി…

തന്റെ മകനതാ മുറ്റത്ത് സ്ത്രീ വേഷത്തിൽ മുട്ട് കുത്തിയിരുന്നു കരയുന്നു..

അവന്റെ വസ്ത്രങ്ങളെല്ലാം കീറി പറഞ്ഞിരിക്കുന്നു.. മുഖത്ത് ചായം തേച്ചിരുന്നതെല്ലാം ഒലിച്ചിറങ്ങിയിരുന്നു… ആ രൂപം കണ്ട് അയാൾ പകച്ചു…

നാട്ടുകാർ ചുറ്റും നിന്ന് അവനെ കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു…

അയാൾ തന്റെ മകന്റെ അടുത്തേക്ക് ഓടിച്ചെന്നു…

എന്താണ് അവന് പറ്റിയതെന്ന് പല തവണ അദ്ദേഹം അവനോട് ചോദിച്ചിട്ടും കരയുകയല്ലാതെ മറ്റൊന്നും അവൻ മറുത്തു പറഞ്ഞില്ല…

അവസാനം നാട്ടുകാരിലൊരാളാണ് സംഭവം വിവരിച്ചത്…

അടുത്തുള്ള ശ്മശാനത്തിൽ നിന്നാണ് അവർ അവനേ പിടിച്ച് കൊണ്ടു വന്നതെന്ന് കേട്ട് അയാൾ ഞെട്ടിപ്പോയി…

ദിവസവും പെണ്ണുങ്ങളെപ്പോലെ അണിഞ്ഞൊരുങ്ങി അവൻ അന്തിയുറങ്ങിയത് ശവങ്ങളോടൊപ്പം ആയിരുന്നു.. പകൽ സാധാരണപോലെ പണിക്ക് പോകുകയും രാത്രി പെണ്ണിനെപ്പോലെ അണിഞ്ഞൊരുങ്ങി ശ്മശാനത്തിൽ കിടന്നുറങ്ങുകയും ചെയ്യും.. പുലർച്ചെ ആകുമ്പോൾ കൃത്യമായി വീട്ടിലേക്ക് വരുകയും അയാളറിയാതെ അകത്ത് കയറി ദിനചര്യകളിലേർപെടുകയുമായിരുന്നു പതിവ്…

ഇത് കണ്ട് പിടിച്ച നാട്ടുകാരിൽ ചിലരാണ് അവനെ കയ്യോടെ പിടി കൂടി ഇവിടെ എത്തിച്ചത്…

ഇതെല്ലാം കേട്ട് കൊണ്ട് ഞെട്ടലോടെ അദ്ദേഹം അവനെ അടിമുടി നോക്കി…

അവനുടുത്തിരിക്കുന്ന സാരിയും അണിഞ്ഞിരിക്കുന്ന ആഭരണങ്ങളും അവന്റെ അമ്മയുടേതാണെന്ന് മനസ്സിലായതോടെ അയാൾ വിങ്ങി പൊട്ടിക്കരയാൻ തുടങ്ങി…

അമ്മയോടുള്ള അഗാധമായ സ്നേഹം ആയിരിക്കാം അവനെ അങ്ങനൊരു അവസ്ഥയിലെത്തിച്ചത് എന്ന് അയാൾ മനസ്സിലാക്കി…

ഒരു പക്ഷെ ആ സമയത്ത് അവൻ പ്രകാശനല്ല.. ചിലപ്പോൾ അവന്റെ അമ്മയായ് മാറുന്നതുമാവാം..

ഉപബോധമനസ്സിൽ അവൻ ചെയ്യുന്നതെന്താണെന്ന് അവനറിയുന്നില്ലെങ്കിലും സംഭവിക്കുന്നതിന്റെ ഒരു ഏകദേശ രൂപം അവന് പിറ്റെ ദിവസം മനസ്സിലാവുമായിരുന്നു..

എങ്കിലും അത് അവനെക്കൊണ്ട് നിയന്ത്രിക്കാനാ വുമായിരുന്നില്ല.. ഒരു പെണ്ണിന്റെ ജീവിതം കൂടി തകർക്കണ്ട എന്ന കാരണത്താലാവാം അവൻ വിവാഹത്തിന് സമ്മതിക്കാതിരുന്നത്…

അമ്മയുടെ പ്രേതം മകനിൽ കയറിയതാവാം എന്ന് വിശ്വസിച്ച് ആ സംഭവത്തിന് ശേഷം അയാളവനെ പല മന്ത്രവാദികളുടെയും അടുത്ത് കൊണ്ട് പോയി പല പൂജകളും നടത്തിയെങ്കിലും വീണ്ടും പഴയപടി തന്നെയായിരുന്നു..

യക്ഷികളെ പോലെ വേഷം ധരിച്ചാണ് പിന്നെ അവൻ ചുടുകാട്ടിലേക്ക് പോയിരുന്നത്.. പക്ഷെ ഇന്ന് വരെ അവനാരെയെങ്കിലും പേടിപ്പിക്കുകയോ അവനെ കണ്ട് ആരെങ്കിലും പേടിക്കപ്പെട്ട സംഭവമോ ഉണ്ടായിട്ടില്ലായിരുന്നു…

പക്ഷെ എങ്കിലും നാട്ടുകാരിൽ ചിലരൊക്കെ അതിന്റെ പേരിൽ അവനേയും അദ്ദേഹത്തേയും കളിയാക്കിയിരുന്നു..

രണ്ട് മാസങ്ങൾക്ക് മുന്ന് അദ്ദേഹം അവനെ ഇതിന്റെ പേരിൽ അദ്ദേഹം മർദ്ദിക്കുകയും “കുടുംബത്തിന് മാനക്കേടാക്കാതെ എവിടെയെങ്കിലും പോയി ചത്ത്കൂടെ?” എന്ന് ചോദിക്കുകയും ചെയ്യിരുന്നു..

അത് അവന് വല്ലാത്ത വിഷമം ഉണ്ടാക്കിയിരുന്നെ ന്നും അതിന് ശേഷം ആണ് അവനെ കാണാതായത് എന്നും പറഞ്ഞ് അദ്ദേഹം അർജ്ജുനുമുന്നിൽ പൊട്ടിക്കരയുകയായിരുന്നു..

ആ കഥ മുഴുവൻ കേട്ട് കഴിഞ്ഞതും അർജ്ജുന് കുറച്ച് നേരത്തേക്ക് അനങ്ങാൻ പോലുമായില്ല…

അവന്റെ മനസ്സിലൂടെ പല കാര്യങ്ങളും ഒരു ചിത്രം പോലെ തെളിഞ്ഞ് നിന്നു…

“ഞാനാ സാറേ അവന്റെ മരണത്തിന് ഉത്തരവാദി.. എന്റെ കുട്ടിയുടേത് ഒരസുഖമാണെന്നും അതിന് ചികിത്സക്കുകയാണ് വേണ്ടതെന്നും മനസ്സിലാക്കാതെ അവനെ ഞാൻ….. “

പറഞ്ഞ് മുഴുമിപ്പിക്കുന്നതിന് മുന്നേ അയാൾ പൊട്ടിക്കരയുകയായിരുന്നു…

അർജ്ജുൻ പെട്ടെന്ന് തന്നെ കസേരയിൽ നിന്നും എഴുന്നേറ്റ് വേഗത്തിൽ പുറത്തേക്ക് നടന്നു…

അവന്റെ മനസ്സ് കലുഷമായിരുന്നു… എങ്കിലും കുറച്ച് ദിവസങ്ങളായി തന്നെ അലട്ടിയിരുന്ന പ്രശ്നത്തിന് പരിഹാരം കണ്ടത് പോലെ അവന് തോന്നി…

ഒരു കണക്കിനാണ് അവൻ വീട് വരെ വണ്ടി ഓടിച്ചെത്തിയത്…

വീട്ടിലേക്ക് കയറിയതും അവൻ നേരെപോയത് അനുമോളുടെ മുറിയിലേക്കാണ്.. അച്ഛന്റെ മുണ്ടും ഷർട്ടും അണിഞ്ഞ് മൂഖത്ത് കൺമഷി കൊണ്ട് മീശയും വരച്ച് ഇരുന്നിരുന്ന അവളുടെ കൈകളിൽ മുറുകെ പിടിച്ച് അവൻ പുറത്തേക്ക് നടന്നു…

“നീയെന്താടാ ഈ കാണിക്കുന്നത്…? നാട്ടുകാരെക്കൂടി അറിയിക്കണോ…? എവിടേക്കാ നീയിവളെ കൊണ്ടു പോകുന്നത്…?” അവനെ തടഞ്ഞ് നിർത്തി അമ്മയാണ് അത് ചോദിച്ചത്..

” അമ്മ എന്നെ തടയരുത്.. ഞാൻ അനുവിനെ ഡോക്ടറെ കാണിക്കാനാണ് കൊണ്ടു പോകുന്നത്..അനുവിന്റെ അസുഖം എന്താണെന്ന് എനിക്ക് ഇപ്പോൾ അറിയാം…വേണ്ട സമയത്ത് ചികിത്സിച്ചാൽ ഭേദമാക്കാനാവുന്ന അസുഖമേ ഇവൾക്കുള്ളൂ… ഇനിയും നമ്മളത് വൈകിയാൽ ഇവളെ നമുക്ക് എന്നത്തേക്കുമായ് നഷ്ടപെടും.. ശരീരത്തിന് അസുഖം വരുമ്പോൾ ചികിത്സിക്കാൻ നാണക്കേടില്ലാത്ത മനുഷ്യന് എന്തിനാണ് മനസ്സിന് അസുഖം വരുമ്പോൾ ചികിത്സിക്കാൻ നാണക്കേട് തോന്നുന്നത്… അസുഖം ഒരവസ്ഥയാണ്.. ഈ അസുഖം ഒരിക്കലും രോഗിക്ക് മനസ്സിലാവില്ല.. അത് മനസ്സിലാവുന്നവർ വേണം അവർക്ക് ചികിത്സ വാങ്ങിക്കൊടുക്കാൻ.. അത് കൊണ്ട് ഞാനിവളെ കൊണ്ടുപോകുന്നു… ഇവളെ ഞാൻ തിരികെ കൊണ്ട് വരും നമ്മുടെ പഴയ അനുവായി തന്നെ..”

** ഒരു യഥാര്‍ത്ഥ സംഭവത്തിൽ നിന്നാണ് ഈ കഥയുടെ ത്രഡ് എനിക്ക് ലഭിച്ചത് അയാളിലേക്ക് ഞാൻ നടത്തിയ ചിന്തകളാണ് ഇങ്ങനെ ഒരു കഥയിലെന്നെ കൊണ്ടെത്തിച്ചത്..***

Related Posts

Leave a Reply

Your email address will not be published. Required fields are marked *