രാത്രിയിൽ വരുൺ, കട്ടിലിൽ എൻ്റെ അടുത്ത് വന്നിരുന്നപ്പോൾ, ഞാനെഴുന്നേറ്റ് മുറിയിലുണ്ടായിരുന്ന മേശമേൽ ചാരി, മുഖം കുനിച്ച് നിന്നു.

Story written by Saji Thaiparambu

നിശ്ചയിച്ചുറപ്പിച്ച ചെറുക്കന് പകരം, കല്യാണം കൂടാൻ വന്ന ആങ്ങളയുടെ കൂട്ട്കാരൻ്റെ മുന്നിൽ തലകുനിക്കേണ്ടി വന്നതിൻ്റെ നൈരാശ്യത്തിലായിരുന്നു ഞാൻ.

മുഹൂർത്ത സമയമടുത്തിട്ടും, ചെറുക്കൻ വീട്ടുകാരെ കാണാതെ അന്വേഷിച്ചപ്പോഴാണ്, ചെറുക്കന് വേറെ അഫയറുണ്ടായിരുന്നെന്നും, കല്യാണദിവസം രാവിലെ മുതൽ ചെറുക്കനെ കാണാനില്ലെന്നുമറിയുന്നത് .

അങ്ങനെ കല്യാണം മുടങ്ങാതിരിക്കാനും, നാണക്കേട് ഒഴിവാക്കാനുമായി, മുഹുർത്തത്തിൽ തന്നെ വിവാഹം നടത്താൻ ,എൻ്റെ വീട്ട്കാർ കണ്ടെത്തിയ എളുപ്പമാർഗ്ഗമായിരുന്നു എടുപിടീന്നുള്ള ഈ കല്യാണം.

അതിന് എൻ്റെ സമ്മതം പോലും എൻ്റെ വീട്ടുകാർ ചോദിച്ചില്ല, വരുണിന് പിന്നെ , അമ്മയോട് മാത്രമേ ചോദിക്കാനുണ്ടായിരുന്നുള്ളു, അവരൊരു സാധു സ്ത്രീ ആയിരുന്നത് കൊണ്ട്, എല്ലാം മകൻ്റെ ഇഷ്ടത്തിന് വിട്ട് കൊടുത്തു.

ആളെ എനിക്ക് നേരത്തേ അറിയാവുന്നതാണ് ,എൻ്റെ ഏട്ടനൊപ്പം ഒരു പാട് തവണ വീട്ടിൽ വന്നിട്ടുണ്ട്, ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുമുണ്ട്.

പക്ഷേ ,ഭാവിയിൽ അയാൾ എൻ്റെ ഭർത്താകുമെന്ന്, ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, മാത്രമല്ല എൻ്റെ സങ്കല്പത്തിലുണ്ടായിരുന്ന പുരുഷൻ്റെ യാതൊരു രൂപസാദൃശ്യവും, അയാൾക്കില്ലായിരുന്നു.

ആറടി ഉയരവും , നല്ല കട്ടി മീശയും ,വെളുത്ത നിറവുമൊക്കെയായിരുന്നു, ഞാൻ സ്വപ്നം കാണാറുള്ള എൻ്റെ ഭാവി വരൻ്റെ ബാഹ്യ സൗന്ദര്യം, അതൊക്കെ എനിക്ക് കല്യാണമുറപ്പിച്ചിരുന്ന രാജേഷിനുണ്ടായിരുന്നു.

പക്ഷേ വരുൺ, അതിൽ നിന്നൊക്കെ വിഭിന്നനായിരുന്നു. കറുത്ത നിറമുള്ള കുറുകിയ മനുഷ്യനായിരുന്നു അയാൾ, എൻ്റെ പൊക്കത്തിനൊപ്പമെത്താൻ അയാൾ കഷ്ടപ്പെടുന്നത് കണ്ടപ്പോൾ, എൻ്റെ ഹൈഹീല്ഡ് ചെരുപ്പ് ,എനിക്ക് കല്യാണ പന്തലിൽ വച്ച് തന്നെ മാറ്റേണ്ടി വന്നു.

രാത്രിയിൽ വരുൺ, കട്ടിലിൽ എൻ്റെ അടുത്ത് വന്നിരുന്നപ്പോൾ, ഞാനെഴുന്നേറ്റ് മുറിയിലുണ്ടായിരുന്ന മേശമേൽ ചാരി, മുഖം കുനിച്ച് നിന്നു.

കീർത്തനയ്ക്ക് എന്നെ ഇഷ്ടമായില്ലെന്ന് തോന്നുന്നു, അത് കൊണ്ടാണോ? ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത്

വരുൺ എന്നോട് ചോദിച്ചപ്പോൾ, ഞാനൊന്നും മിണ്ടാതെ നിന്നു.

എനിക്കറിയാം ,തന്നെ കല്യാണം കഴിക്കാനിരുന്ന ചെറുക്കൻ്റെയത്ര ലുക്കൊന്നും എനിക്കില്ലന്ന് ,പക്ഷെ മറ്റാർക്കും നല്കാൻ കഴിയാത്ത ഒന്നുണ്ട്, എൻ്റെ അവസാന ശ്വാസം വരെ, ഒരു കുറവും വരുത്താതെ ഞാൻ നിന്നെ പൊന്ന് പോലെ നോക്കിക്കൊള്ളാമെന്ന ഒരുറപ്പ്

പഞ്ച് ഡയലോഗടിച്ച് ,എൻ്റെ ഹൃദയത്തിൽ കടന്ന് കയറാനുളള ശ്രമമാണ്, വരുണിൻ്റെ മനസ്സിലുള്ള തെന്ന് ഞാൻ ഊഹിച്ചു.

അത് മാത്രം പോരാ, മറ്റൊരു ഉറപ്പ് കൂടി എനിക്ക് തരണം?

ഞാനയാളോട് പറഞ്ഞു.

എന്താ പറയൂ, എന്ത് വേണമെങ്കിലും ചെയ്യാം

അയാളെന്നെ ഡിപ്പൻ്റ് ചെയ്യുന്നതായി എനിക്ക് തോന്നി.

എന്നെ തനിച്ച് പുറത്ത് പോകാൻ അനുവദിക്കണം ,എന്ന് വച്ചാൽ ഒരു കാര്യത്തിനും പുറത്ത് പോകുമ്പോൾ, നമ്മളൊരുമിച്ച് പോകണമെന്ന് നിങ്ങൾ വാശി പിടിക്കരുത്

ഞാനത് പറഞ്ഞപ്പോൾ വരുണിൻ്റെ മുഖത്തുണ്ടായ വല്ലായ്മ, ഞാൻ കണ്ടില്ലെന്ന് നടിച്ചു.

ഓകെ ,പക്ഷേ അമ്മയുടെ മുന്നിൽ താനെന്നോട് അകൽച്ച കാണിക്കരുത്, അത് ചിലപ്പോൾ അമ്മയ്ക്ക് സങ്കടമായേക്കും, അമ്മയ്ക്ക് എന്നെ അത്രയ്ക്ക് ജീവനാ

എന്ത് വിട്ട് വീഴ്ചയ്ക്കും, അയാൾ തയ്യാറായപ്പോൾ, സഹതാപമല്ല പുശ്ചമാണെനിക്കയാളോട് തോന്നിയത്.

എന്താ മോളേ.. നിൻ്റെ മുഖം വല്ലാതെയിരിക്കുന്നത്, ഈ വിവാഹം മോൾക്ക് ഇഷ്ടമല്ലായിരുന്നോ ?

മൂടിവെക്കാൻ എത്ര ശ്രമിച്ചിട്ടും ,എൻ്റെ ഉള്ളിലെ നിരാശ മുഖത്ത് നിഴലിച്ചു നിന്നത് കൊണ്ടാണ്, വരുണിൻ്റെ അമ്മ, പിറ്റേ ദിവസം അടുക്കളയിൽ വച്ച് എന്നോട് അങ്ങനെ ചോദിച്ചത്.

ഞാനെന്താണമ്മേ.. ചെയ്യേണ്ടത് പച്ചക്കറി നുറുക്കട്ടെ?

അമ്മയുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ, ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.

അതൊക്കെ അമ്മചെയ്തോളാം, മോളാദ്യം ഈ ചായകൊണ്ട് അവന് കൊടുത്തിട്ട് വാ

ചായയുമായി ചെല്ലുമ്പോൾ വരുൺ ,ബെഡ്ഡിലുണ്ടായിരുന്നില്ല, മേശപ്പുറത്ത് ചായ മൂടിവച്ചിട്ട്, പുറത്തിറങ്ങി നോക്കുമ്പോൾ, ആള് മുറ്റത്തെ ചെറിയ പച്ചക്കറി തോട്ടത്തിൽ നിന്ന്, മമ്മട്ടി കൊണ്ട് ചാല് കീറുന്നത് കണ്ട്, ഞാനങ്ങോട്ട് ചെന്നു.

ചായകൊണ്ട് മേശപ്പുറത്ത് വച്ചിട്ടുണ്ട് ,പിന്നേ.. കാപ്പി കുടി കഴിഞ്ഞ് ഞാൻ വീട്ടിലേക്കൊന്ന് പോകും, വരുണിനെ കുറിച്ച് ചോദിച്ചാൽ, തിരക്കായത് കൊണ്ടാണ് വരാതിരുന്നതെന്ന്, ഞാൻ വീട്ടിൽ പറഞ്ഞോളാം

അത്രയും പറഞ്ഞിട്ട്, വരുണിൻ്റെ മറുപടിക്ക് കാത്ത് നില്ക്കാതെ, ഞാൻ അടുക്കളയിലേക്ക് തിരിച്ച് നടന്നു.

എൻ്റെ മോനായത് കൊണ്ട് പറയുവല്ല, അവനൊരു പാവമാണ്,അവന് നിന്നോട് നേരത്തെ മുതലെ ഇഷ്ടമുണ്ടായിരുന്നു മോളേ … എന്നോട് എപ്പോഴും പറയുമായിരുന്നു, കീർത്തനയെ കെട്ടുന്നവൻ ഭാഗ്യവാനാണമ്മേ.. അവൾക്ക് സൗന്ദര്യം മാത്രമല്ല, നല്ല അച്ചടക്കവുമുണ്ടെന്ന്

ഞാൻ വീട്ടിലേക്ക് പോകാൻ ഒരുങ്ങി ഇറങ്ങുമ്പോൾ, ഗേറ്റ് വരെ എന്നെ അനുഗമിച്ച ,വരുണിൻ്റെ അമ്മ എന്നോട് പറഞ്ഞു.

അത് ഗൗനിക്കാതെ ,റോഡിലൂടെ വന്ന ആദ്യത്തെ ഓട്ടോറിക്ഷയ്ക്ക് ഞാൻ കൈ കാണിച്ചു.

ഓട്ടോയിൽ കയറിയിട്ട്, അമ്മയോട് യാത്ര പറയുമ്പോൾ, വീടിൻ്റെ പൂമുഖത്ത് എന്നെ നോക്കി നില്ക്കുന്ന ,വരുണിൻ്റെ മുഖത്ത് എൻ്റെ ദൃഷ്ടി പതിഞ്ഞു .

പനച്ചി അമ്പലത്തിനടുത്ത് പോകണം

പെട്ടെന്ന് ഞാൻ നോട്ടം പിൻവലിച്ച് ഓട്ടോ ഡ്രൈവറോട് പറഞ്ഞു.

വീട്ടിൽ ചെല്ലുമ്പോൾ ,പന്തലുകാര് നിന്ന് മണ്ഡപം പൊളിക്കുകയായിരുന്നു.

അവരോടൊപ്പം നിന്ന അച്ഛൻ എന്നെക്കണ്ട് ഓടി അടുത്തേക്ക് വന്നു.

വരുൺ വന്നില്ലേ മോളേ?

ഇല്ലച്ഛാ.. അത്യാവശ്യമായി, കമ്പനി വരെ പോകണമെന്ന് പറഞ്ഞ് രാവിലെയിറങ്ങി ,ബോറടിക്കുന്നെങ്കിൽ വീട് വരെ പോയിട്ട് വരാൻ വരുണാ എന്നോട് പറഞ്ഞത്.

കരുതിവച്ചിരുന്ന നുണ ഞാൻ എല്ലാവരോടും പറഞ്ഞു.

ഞങ്ങളെല്ലാവരും കൂടി വൈകിട്ട് അങ്ങോട്ട് വരാനിക്കുകയായിരുന്നു മോളേ..വരുണിനോട് നന്ദി പറയാൻ

അമ്മ എന്നെ ആശ്ളേഷിച്ച് കൊണ്ട് പറഞ്ഞു.

അതെന്തിനാണമ്മേ… അയാള് ത്യാഗമൊന്നും ചെയ്തിട്ടില്ല, എന്നെ കല്യാണം കഴിക്കണമെന്നയാള് ആഗ്രഹിച്ചിരുന്നതാണ്

ഞാൻ പുശ്ചത്തോടെ പറഞ്ഞു.

അതല്ല മോളെ ..രാജേഷുമായുള്ള നിൻ്റെ കല്യാണം മുടങ്ങിയത്, അയാൾക്ക് വേറേ അഫയറുണ്ടായിരുന്നത് കൊണ്ടൊന്നുമല്ല

പിന്നെന്താ കാരണം?

അമ്മയോട് ഞാൻ ആകാംക്ഷയോടെ ചോദിച്ചു .

കല്യാണദിവസം രാവിലെ അയാളുടെ മൊബൈലിലേക്ക്, ഒരു വീഡിയോ ആരോ അയച്ച് കൊടുത്തിരുന്നു, അത് കണ്ടിട്ട് ,നിൻ്റെ ആങ്ങള സുധിയെ, രാജേഷ് വിളിച്ച് ഒന്ന് കാണണമെന്ന് പറഞ്ഞു , അവൻ വരുണിനെയും കൂട്ടി അവിടേക്ക് ചെന്നു

എന്നിട്ട്, ഒന്ന് വേഗം പറയമ്മേ..

ജിജ്ഞാസ മൂത്ത ഞാൻ അമ്മയോട് ധൃതിവച്ചു.

അവിടെ ചെന്നപ്പോൾ, രാജേഷ് കാണിച്ച വീഡിയോ കണ്ട് സുധി ഞെട്ടി.

ങ്ഹേ.. എന്ത് വീഡിയോ ആയിരുന്നമ്മേ അത്?

എനിക്ക് ഉത്ക്കണ്ഠ അടക്കാനായില്ല.

നീ കുളിച്ച് കൊണ്ടിരിക്കുന്ന, ഒരു വീഡിയോ ആയിരുന്നത്

അത് കേട്ട് ഞാൻ ശ്വാസം നിലച്ചത് പോലെയായി.

ആരോ മൊബെലിൽ പകർത്തിയിട്ട് ,ഷെയറ് ചെയ്ത കൂട്ടത്തിൽ, രാജേഷിനും അറിയാതെ വാട്ട്സ്ആപിലൂടെ കിട്ടിയതായിരുന്നത്

താൻകെട്ടാൻ പോകുന്ന പെൺകുട്ടിയുടെ ന ഗ്നത, മറ്റുള്ളവരെല്ലാം കണ്ടത് കൊണ്ട്, ഇനി തനിക്ക് കീർത്തനയെ വിവാഹം ചെയ്യാൻ താല്പര്യമില്ലെന്ന്, രാജേഷ് സുധിയുടെ മുഖത്ത് നോക്കി പറഞ്ഞു.

അവിടെ നിന്ന് അപമാനിതനായി ഇറങ്ങിപ്പോരേണ്ടി വന്ന സുധി, ഈ സംഭവം നാട്ടിലറിഞ്ഞാൽ, തൻ്റെ പെങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നും, ഇനിയവളെ സ്വീകരിക്കാൻ ആരും തയ്യാറാവില്ലെന്നും, പറഞ്ഞ് വരുണിൻ്റെ മുന്നിൽ നിന്ന് പൊട്ടിക്കരഞ്ഞു.

ഇനി തനിക്കും കുടുംബത്തിനും,ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്നും പറഞ്ഞ് ,നിസ്സഹായതയോടെ നിന്ന സുധിയെ, വരുണാണ് ആശ്വസിപ്പിച്ചത്.

അതെ മോളേ… ഉടനെ തന്നെ സൈബർ സെല്ലിൽ പരാതി കൊടുക്കുകയും, ആ വീഡിയോ ബ്ളോക്ക് ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തത്, വരുണിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു, എന്നിട്ട് ഞങ്ങളോട് പോലും അക്കാര്യം മറച്ച് വച്ച് ,അയാൾ തന്നെ, നിന്നെ വിവാഹം കഴിക്കാൻ മുന്നോട്ട് വന്നത്, കൂടുതൽ പേര് ഇക്കാര്യം അറിയാതിരിക്കാനും , ഈ കുടുംബത്തിൻ്റെ അന്തസ്സിന് കളങ്കം വരാതിരിക്കാനും കൂടി ആയിരുന്നു ,ഇനി പറയു മോളേ.. ഇത്രയും ഹൃദയവിശാലതയുള്ള വരുൺ തന്നെയല്ലേ? നിനക്ക് യോജിച്ചത്,

അച്ഛൻ എൻ്റെ തോളിൽ കൈവച്ചത് ചോദിക്കുമ്പോൾ, എൻ്റെ ന ഗ്നത മറ്റുള്ളവർ കണ്ടതിനെക്കാളും എനിക്ക് വേദന തോന്നിയത് , പുറത്ത് പോകുമ്പോൾ, വരുൺ കൂടെ വരാൻ പാടില്ലെന്ന എൻ്റെ നിർദ്ദേശം ,നിസ്സഹായതയോടെ സമ്മതിക്കേണ്ടി വന്ന, വരുണിൻ്റെ മുഖത്ത് കണ്ട ദൈന്യത ഓർത്തിട്ടായിരുന്നു.

കുറച്ച് നേരം കൂടി അവിടെ നിന്നപ്പോൾ ,ഞാൻ മനസ്സിലാക്കാതെ പോയ വരുണിൻ്റെ സ്നേഹം ,എനിക്ക് മിസ്സ് ചെയ്യുന്നതായി തോന്നി.

അമ്മേ .. ഞാനിറങ്ങുവാ എത്രയും വേഗം എനിക്ക് വരുണിനെ കാണണം

അച്ഛൻ്റെയും അമ്മയുടെയും മറുപടിക്ക് കാത്ത് നില്ക്കാതെ, റോഡിലേക്കിറങ്ങി ആദ്യം കണ്ട ഓട്ടോറിക്ഷയ്ക്ക് കൈ കാണിക്കുമ്പോൾ, എൻ്റെ ഹൃദയം എന്തിനോ വേണ്ടി തുടിക്കുന്നത്, ഞാനറിയുന്നുണ്ടായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *