അങ്ങനെ ഒരു പകലിൽ
Story written by Ammu Santhosh
“നിങ്ങളോടാണ് ചോദ്യം മിസ്റ്റർ മനു നിങ്ങൾ നിങ്ങളുടെ ഭാര്യയെ തല്ലാറുണ്ടോ ?”
ജഡ്ജിയുടെ ചോദ്യത്തിനു മുന്നിൽ മനു ഒരു നിമിഷം നിശബ്ദനായി. പിന്നെ ശ്രീലക്ഷ്മിയെ നോക്കി.
“തല്ലാറുണ്ടോ എന്ന് ചോദിച്ചാൽ.. ഞാൻ തല്ലിയിട്ടുണ്ട്. ഒരു തവണ .”ജഡ്ജി അനുപമയുടെ മുഖം രോഷം കൊണ്ട് ചുവന്നു .
എത്ര കൂസലില്ലാതെ പറയുന്നു തല്ലിയിട്ടുണ്ട് പോലും.
“ഭാര്യയെ തല്ലുന്നത് ഏതു വകുപ്പിൽ വരുമെന്നറിയാമോ ?”
അതെനിക്കറിയില്ല മാഡം ഞാൻ നിയമം പഠിച്ചിട്ടില്ലല്ലോ .പക്ഷെ എല്ലാത്തിനും ചില കാരണങ്ങൾ ഉണ്ടാകില്ലേ ?”
“എന്ത് കാരണമുണ്ടെങ്കിലും ഒരാളെ തല്ലാൻ പാടില്ല “”
“ഞാൻ പറയുന്നത് കുറച്ചു നേരം കേൾക്കാൻ ദയവു ണ്ടാകണം. എന്റെ ഭാര്യ ശ്രീക്കുട്ടി ഒരു പൊട്ടിപ്പെണ്ണാണ് മാഡം. ഇവളിപ്പോ കേസ് കൊടുത്തതിന്റെ കാരണം ഞാൻ പറയാം.
ഞാൻ ഒരു കർഷകൻ ആണ്. അന്നത്തെ ദിവസം കൃഷി ഓഫീസിൽ ഞാൻ പോയിട്ടു വൈകുന്നേരം വരുമ്പോൾ ഇവളില്ല .കൂട്ടുകാരിക്കൊപ്പം സിനിമക്ക് പോകും എന്ന് പറഞ്ഞിരുന്നു. ..വിളിച്ചപ്പോൾ മൊബൈൽ ഓഫ്.. സന്ധ്യയായിട്ടും കാണുന്നില്ല ഞാൻ എവിടെ ഒക്കെ ഓടി എന്നറിയാമോ?
രാത്രി ഒമ്പത് മണിയായപ്പോൾ കൂട്ടുകാരിക്കൊപ്പം കേറി വരുന്നു. ഞാൻ അനുഭവിച്ച ആധി, പേടി. കൂട്ടുകാരിയുടെ ഫോണിൽ നിന്നെങ്കിലും എന്നെ ഇവൾ ക്കൊന്നു വിളിച്ചു കൂടായിരുന്നോ മാഡം? അറിയാതെ തല്ലി പോയതാ. അത് ദേഷ്യം കൊണ്ടല്ല. ഇവളോടുള്ള സ്നേഹം കൊണ്ടാ. പക്ഷെ കൂട്ടുകാരിയുടെ മുന്നിൽ വെച്ച് തല്ലിയത് ഇവൾക്ക് നാണക്കേടായിപ്പോയി. കൂട്ടുകാരി ഒരു വക്കീലും. തീർന്നില്ലേ എന്റെ കഥ. “
മനു ശ്രീകുട്ടിയെ നോക്കി.
“അന്നിവർ കണ്ട സിനിമയോ? ..”തപ്പട്”.ഭർത്താവ് തല്ലിയതിനു ഭാര്യ ഡിവോഴ്സ് ചെയുന്ന സിനിമ. ഇവൾ കേസ് ഫയൽ ചെയ്തു കഴിഞ്ഞു ഞാൻ കണ്ടു മാഡം ആ സിനിമ. ആ സിനിമയിലെ ഭർത്താവിനെ പോലെ ആണോ ശ്രീക്കുട്ടി ഞാൻ? “അവൻ അവളെ നോക്കി. ശ്രീക്കുട്ടി മുഖം താഴ്ത്തി
“മാഡം ഇവളിട്ടിരിക്കുന്ന ചുരിദാർ കണ്ടോ? ഞാൻ എടുത്തു കൊടുത്തതാണ്. ചുവപ്പാണ് അവളുടെ ഇഷ്ട നിറം .എന്റെ ഇഷ്ടം മഞ്ഞയാണ്. പക്ഷെ ഞാൻ അവളുടെ ഇഷ്ടമേ നോക്കാറുള്ളു
നമ്മുട ഭാര്യ ആണെങ്കിലും അവൾക്കുമില്ലേ മാഡം ഇഷ്ടങ്ങൾ .? .പിന്നെ മാസത്തിൽ നാല് ദിവസം ഇവൾക്കനങ്ങാൻ പറ്റില്ല മാഡം. വയർ വേദന കൊണ്ട് പുളയുവായിരിക്കും. ഇവളുടെ ര ക്തം പുരണ്ട അടിവസ്ത്രങ്ങൾ കഴുകാനൊന്നും എനിക്കൊരു നാണക്കേടും തോന്നിട്ടില്ല. എന്റെ പെണ്ണാണ് എന്നെ തോന്നിട്ടുള്ളു.
എന്നും ചായ ഉണ്ടാക്കി വിളിച്ചുണർത്തുന്നത് ആരാണെന്നു ചോദിക്ക് മാഡം? പിന്നെ ഇവൾക്ക് സ്നേഹം വന്നാലും, ദേഷ്യം വന്നാലും നോക്ക് മാഡം.. “അവൻ ഷർട്ടിന്റെ ബട്ടൺ അഴിച്ചു നെഞ്ചു കാണിച്ചു “എന്താ മൂർച്ച പല്ലിനെന്നോ ..ഞാൻ കേസ് കൊടുത്തോ? കൊടുത്താൽ തന്നെ ആരെങ്കിലും എന്റെ വശത്തു ണ്ടാകുമോ ? .അങ്ങോട്ടുമിങ്ങോട്ടും തല്ല് കൂടിയിട്ടുണ്ട് പലതവണ. .പിന്നെ ഞാൻ ഒന്ന് തല്ലിയതാണ് ഇപ്പൊ കുഴപ്പമെങ്കിൽ എന്നെ ജയിലിൽ ഇട്ടോ മാഡം. ഡിവോഴ്സ് ഞാൻ കൊടുത്തേക്കാം. എന്നെ സ്നേഹിക്കാനും നല്ല പെണ്ണുങ്ങൾ ഉണ്ട് ..”അവൻ ഇടക്കണ്ണിട്ട് ശ്രീക്കുട്ടിയെ ഒന്ന് നോക്കി.
പറഞ്ഞു തീരും മുന്നേ കൊടുങ്കാറ്റു പോലെ ശ്രീക്കുട്ടി പാഞ്ഞു വന്നു.
“ആരാ അവൾ? സത്യം പറഞ്ഞോ ആരാ അവളെന്ന്? “
അവൻ ചിരിച്ചു കൊണ്ടവളുടെ അടിയിൽ നിന്നൊഴിഞ്ഞു മാറി. എന്നിട്ടും പല്ലും നഖവും പതിയുക തന്നെ ചെയ്തു.
അനുപമയുടെ ഔദ്യോഗിക ജീവിതത്തിലാദ്യത്തെ കാഴ്ചയായിരുന്നു അത്. അവർ അമ്പരപ്പോടെ അത് നോക്കി ഇരുന്നു പോയി.
“ഇത് കണ്ടോ മാഡം? പുരുഷപീ ഡനത്തിനു കേസ് എടുക്കണം മാഡം. അല്ല അങ്ങനെ വകുപ്പ് വല്ലോമുണ്ടോ? ഞാൻ നിയമം പഠിച്ചിട്ടില്ല. അതോണ്ടാ. ” കോടതിയിൽ വീണ്ടും ചിരി ഉയർന്നു. അനുപമ ചിരിയോടെ തലയിൽ കൈ വെച്ച് പോയി.
കാറിനരികിലേക്ക് പോകുമ്പോൾ വരാന്തയിൽ നിൽക്കുന്ന അവരുടെ അരികിലേക്ക് അവർ ചെന്നു.
‘ഇത് ഇവിടെ വരെ എത്തിക്കണമായിരുന്നോ? “
“ഞാൻ പറഞ്ഞില്ലേ മാഡം ഇവൾ ഒരു പൊട്ടിപ്പെണ്ണാ …പക്ഷെ എന്റെ ജീവനാ മാഡം.”അവൻ അവളെ ചേർത്ത് പിടിച്ചു. ” ഇവളിനി എന്ത് വാശി പിടിച്ചാലും ഇവൾക്ക് ഞാൻ ഡിവോഴ്സ് കൊടുക്കില്ല. കാരണംഎന്തെന്നോ മാഡം? എന്നേക്കാൾ നന്നായി ഇവളെ ആരും സ്നേഹിക്കില്ല എന്നത് തന്നെ. . ശ്രീലക്ഷ്മിയുടെ കണ്ണ് നിറയുന്നത് കണ്ട് അനുപമ അവളുടെ തോളിൽ ഒന്ന് തൊട്ടു.
“നന്നായി വരട്ടെ “അവർ പറഞ്ഞു. അവർ നടന്നു പോകുന്നത് നോക്കി നിൽക്കെ…
“അതെ മനുവേട്ടാ ഏട്ടൻ വേറെ കെട്ടുമെന്ന് പറഞ്ഞില്ലേ ആരാ അവള് ?”ശ്രീക്കുട്ടിയുടെ മുഖത്ത് നിഷ്കളങ്കത.
” ..അത് നിന്റെ ***** വീട്ടിൽ ചെന്നിട്ട് വിശദമായി പറഞ്ഞു തരാട്ടോ. അങ്ങോട്ട് വാ നീ “മനു അവളുടെ ചെവിയിൽ പറഞ്ഞു. ശ്രീക്കുട്ടി ഒരു കള്ളച്ചിരിയോടെ അവന്റെ കയ്യിൽ പിടിച്ചു നടന്നു തുടങ്ങി.