നീര്‍ക്കുമിളകള്‍…
Story written by DEEPTHY PRAVEEN
രേണു ഫോണെടുത്ത് ഒരിക്കല്‍ കൂടി നോക്കി… വിനയേട്ടന്റെ ഒരു കോളോ മെസേജോ തനിക്കായി കാണുമെന്ന് വെറുതെ ആശിച്ചു…
ഓഫീസില്‍ നിന്നും ഇറങ്ങി ധൃതിയില്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും മിഴികള്‍ നാലുപാടും തിരഞ്ഞു കൊണ്ടിരുന്നു…
ഇല്ല….!!! വന്നിട്ടില്ല….
യാന്ത്രികമായിട്ടാണ് വണ്ടിയില്‍ കയറിയത്….
ഇന്നേക്ക് ഒരാഴ്ചയായി വിനയേട്ടന്‍ തന്നോടു മിണ്ടിയിട്ട്…തിരിച്ചും…. എന്നും ഓഫീസില്‍ നിന്നും ,വീട്ടിലെത്തി വീട്ടു ജോലികളും കഴിയുമ്പോഴാണ് വിനയേട്ടന്‍ എത്താറുള്ളത്… കല്യാണം കഴിഞ്ഞു വര്‍ഷം അഞ്ചായെങ്കിലും ജീവിതം ഒന്നു സെറ്റിലായിട്ടു മതി കുഞ്ഞുങ്ങള്‍ എന്ന ഞങ്ങളുടെ തീരുമാനത്തെ ബന്ധുക്കള്‍ കുത്തുവാക്കുകള്‍ കൊണ്ട് പല തവണ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഞങ്ങള്‍ അതൊന്നും വക വെച്ചില്ല.. ഇപ്പോഴൊണ് ജീവിതം ഒരു കരയ്ക്ക് അടുത്തത്..
വീട്ടിലെത്തി ചായ കുളിച്ചു കുടി കഴിഞ്ഞാല്‍ വെറുതെ കറങ്ങാന്‍ പോകുന്നതോ കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കുന്നതോ ആണ് പതിവ്. …. അന്നെന്തോ മൂഡോഫായിരുന്നത് കൊണ്ട് ഇതിനൊന്നിനും വന്നില്ല…. മിണ്ടാതെ ഇരിക്കുന്നത് കണ്ട് ചുമ്മാ ദേഷ്യം പിടിപ്പിക്കാനാണ് ഓരോന്നും പറഞ്ഞു കൊണ്ടിരുന്നത്….
” നാശം പിടിക്കാന്‍… ഒന്നു ശല്യം ചെയ്യാതെ ഒഴിഞ്ഞു പോകാമോ….” സഹികെട്ട് അന്നാദ്യമായി വിനയേട്ടന്‍ പൊട്ടിത്തെറിച്ചു… ,ചെറിയ വഴക്കുകളും പിണക്കങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അന്നത്തേത് ഒത്തിരി വിഷമം തോന്നി…
വിനയേട്ടന്‍ അതിന് ഒരുപാട് മാപ്പ് പറഞ്ഞെങ്കിലും താന്‍ വിനയേട്ടന് ഒരു ശല്യമാണെന്ന ചിന്ത മനസ്സില്‍ ഉറഞ്ഞു കൂടി… അതിനോട് അനുബന്ധമായി വിനയേട്ടന് മറ്റൊരു ,ബന്ധവും താന്‍ സങ്കല്‍പിച്ചു കൂട്ടി… അതിനെ ബലപെടുത്തുന്നതായിരുന്നു വിനയേട്ടന്‍റെ സഹപ്രവര്‍ത്തകയായ ലക്ഷ്മിയുടെ പെരുമാറ്റം… പതിവില്ലാതെ ലക്ഷ്മി വിനയേട്ടന് ഫോണ്‍ ചെയ്യുന്നതും വിനയേട്ടന്‍ മാറി നിന്നു സംസാരിച്ചതുമൊക്കെ സംശയത്തിന്റെ ആക്കം കൂട്ടി… അതു മനസ്സില്‍ വെച്ച് സംസാരിച്ചതോടെ വിനയേട്ടന്‍ ഇങ്ങോട്ടു മിണ്ടാന്‍ വരുന്നതും അവസാനിപ്പിച്ചു… അതോടെ വീട്ടില്‍ മൗനം കൂടു കെട്ടി… ജോലി കഴിഞ്ഞു വന്നു ഫോണിലോ ലാപ്പിലോ നോക്കി ഇരിക്കും… കഴിക്കാന്‍ സമയമാകുമ്പോള്‍ വന്നു കഴിക്കും… ഉറക്കം രണ്ടു മുറിയിലാക്കി… രാവിലെ എഴുന്നേറ്റ് കുളിച്ചു ജോലിക്ക് പോകും….
ഒരു ,വീട്ടില്‍ അപരിചിതരെ പോലെ…
കഴിഞ്ഞ ദിവസം ലക്ഷ്മി ഓഫീസില്‍ വന്നതു കണ്ട് വെറുപ്പോടേ മുഖം തിരിച്ചു പോയതാണ്… പക്ഷേ അവള്‍ തന്നെ കണ്ടിരുന്നു….
”രേണൂ… എത്ര നാളായി കണ്ടിട്ട്..വിനയന്‍ സാറിനോട് ഞാന്‍ തിരക്കാറുണ്ട്…” കൈകള്‍ കൂട്ടി പിടിച്ചു അതു പറയുമ്പോള്‍ ബുദ്ധിമുട്ടി വരുത്തിയ ഒരു ചിരിയില്‍ മറുപടി ഒതുക്കി.
” വിനയന്‍ സാറിന് എത്ര നന്ദി പറഞ്ഞാലും തീരില്ല കേട്ടോ… എന്റെ അനിയത്തിയുടെ അഡ്മിഷന്റെ കാര്യം അവതാളത്തിലായപ്പോള്‍ വിനയന്‍ സാറാ സഹായിച്ചത്… ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിളിച്ചിരുന്നു… സാറ് പറഞ്ഞില്ലേ..”
ഒരു നിമിഷം എന്തു പറയണം എന്നറിയാത്ത അവസ്ഥ…
”വിനയേട്ടന്‍ പറഞ്ഞിരുന്നു….”
വീണ്ടും ഒരു ചിരിയെടുത്തണിഞ്ഞു ചമ്മല്‍ മറച്ചു കൊണ്ടു പറഞ്ഞു….
ലക്ഷ്മി യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരു നിമിഷമെങ്കിലും വിനയേട്ടനെ തെറ്റിദ്ധരിച്ചതില്‍ പശ്ചാത്താപം തോന്നി… വീട്ടിലേക്ക് പായുമ്പോള്‍ വിനയേട്ടനോട് മാപ്പ് പറയണം എന്നതായിരുന്നു ചിന്ത… പക്ഷേ അദ്ദേഹത്തേ കണ്ടപ്പോള്‍ നാണക്കേടോ അങ്ങോട്ടു തോറ്റു കൊടുക്കാനുള്ള മടിയോ കൊണ്ടോ മിണ്ടിയില്ല..
,രാവിലെ പതിവ് പോലെ വിനയേട്ടന്‍ ജോലിക്ക് പോയ ശേഷം ഒരുങ്ങാന്‍ കയറിയപ്പോഴാണ് പകുതി എഴുതി മടക്കി വെച്ച ഡയറി കണ്ടത്…
എഴുതിയ ,ശേഷം എടുത്തു വെയ്ക്കാന്‍ മറന്നതാണ്… ആകാംക്ഷയോടെയാണ് അതു തുറന്നു നോക്കിയത്…
നാളെ ഒക്ടോബര്‍ പത്ത്… രേണുന്റെ പിറന്നാള്‍ ദിനം…പിണക്കങ്ങളും പരിഭവങ്ങളും പറഞ്ഞു തീര്‍ക്കണം… എന്നെ തെറ്റിദ്ധരിച്ചതില്‍ അവളെയും കുറ്റം പറയാന്‍ പറ്റില്ല.. അവളെ ശല്യമെന്ന് ഒരിക്കലും പറയാന്‍ പാടില്ലായിരുന്നു… എനിക്കു ചുറ്റും ഒരു ലോകം സൃഷ്ടിച്ചു അതില്‍ ജീവിക്കുന്ന ഒരു പാവമാണ് അവള്‍…വൈകുന്നേരം ഒരു സര്‍പ്രൈസ് കൊടുത്ത് പിണക്കം തീര്‍ക്കണം…”
വായിച്ചു തീര്‍ന്നതും നെഞ്ചിലൊരു വിങ്ങല്‍… എങ്ങനെയെങ്കിലും വൈകുന്നേരം ആയാല്‍ മതീന്നായിരുന്നു.. ഓഫീസില്‍ ഇരിക്കുമ്പോഴും കണ്ണ് ക്ലോക്കിലായിരുന്നു… ഇന്നു സൂചികള്‍ നീങ്ങാന്‍ ഏറെ ബുദ്ധിമുട്ടുന്നതു പോലെ….. ആദ്യമായാണ് ഇത്ര വല്യ പിണക്കം… ,ഇനി ഒരിക്കലും വിനയേട്ടനോട് പിണങ്ങില്ല..
ഉച്ചയ്ക്ക് പുറത്തു പോയി വാങ്ങിയ വിനയേട്ടന് ഇഷ്ടപെട്ട കളര്‍ ഷര്‍ട്ട് നെഞ്ചോട് ചേര്‍ത്തു പിടിച്ചു മനസ്സില്‍ ഉറപ്പിച്ചു…
വീട്ടിലേക്ക് നടന്നടുക്കുമ്പോഴും നെഞ്ചിടിപ്പ് കൂടികൂടി വന്നു.. സര്‍പ്രൈസ് എന്തായിരിക്കും എന്ന ആകാംക്ഷയെക്കാള്‍ ഇത്ര ദിവസത്തിന് ശേഷം വിനയേട്ടനോട് മിണ്ടുന്നതിന്റെ ആനന്ദവും നിറഞ്ഞു തുളുമ്പി….
വീടിന്റെ ഗെയ്റ്റ് അടഞ്ഞു കിടക്കുന്നത് കണ്ട് ചെറിയ നിരാശ തോന്നിയെങ്കിലും അകത്തു കടന്നു വിനയേട്ടനെ കാത്തിരുന്നു…..
അപ്പോഴാ ഫോണ്‍ ബെല്ലടിച്ചത്…വിനയേട്ടന്‍റെ നമ്പര്‍ ..
ഒറ്റ ബെല്ലില്‍ ഫോണ്‍ അറ്റന്‍റ് ചെയ്തു…
” ഹലോ…വിനയേട്ടാ…”
” മാഡം… ഈ ഫോണിന്റെ ഉടമസ്ഥന് ഒരു അപകടം പറ്റി ആശുപത്രിയിലാണ്…ബന്ധുക്കളെ ആരെയെങ്കിലും കൂട്ടി ഒന്നു ,വരികയാണെങ്കില്‍….
ബാക്കി പറഞ്ഞതൊന്നും കേട്ടില്ല….
പിണക്കം പറഞ്ഞു തീര്‍ക്കാതെ…സര്‍പ്രൈസ് തരാതെ…. തെറ്റിദ്ധരിച്ചതിന് വഴക്കുണ്ടാക്കിയതിന് ഒരു മാപ്പ് പറയാന്‍ പോലും അവസരം തരാതെ വിനയേട്ടന്‍ പോയിട്ട് ഇപ്പോള്‍ വര്‍ഷം രണ്ടായി…..
ഒന്നര വയസ്സുകാരി വന്ദന അച്ഛന്റെ വാത്സല്യമറിയാതെ ചൂടറിയാതെ കൈയ്യിലിരുന്നു കൈകൊട്ടി കളിച്ചു കൊണ്ട് കുഞ്ഞരിപ്പല്ല് കാട്ടി ചിരിക്കുന്നു….
വിനയേട്ടനോട് ഒരിക്കലും പറഞ്ഞവസാനിപ്പിക്കാനാവാത്ത പിണക്കത്തിന്റെ ഉമിത്തീയില്‍ നീറുമ്പോഴൊക്കെ ഈ പുഞ്ചിരിയാണ് കുറച്ചെങ്കിലും ആശ്വാസം….എല്ലാം ഏറ്റുപറഞ്ഞു ആ മാറിലേക്ക് വീണു മാപ്പു പറഞ്ഞിട്ടാണ് ഈ വേര്‍പാടെങ്കിലും ഇത്ര നോവില്ലായിരുന്നു…ഒരു ജന്മത്തിലെ കടം ബാക്കിയാണ്….പറഞ്ഞു തീരാത്ത പരിഭവങ്ങളുടെ…