Story written by Saji Thaiparambu
“മോനേ ഹരീ … നീ ദൂരെ എങ്ങും പോയി കിടക്കരുത്, ഇന്ന് രാത്രി എന്തായാലും രേവതിയുടെ പ്രസവമുണ്ടാകുമെന്നാണ് ഡോക്ടർ പറഞ്ഞത് ,അമ്മ ഇവിടെ നിന്ന് നോക്കിയാൽ കാണുന്നിടത്തെവിടെയെങ്കിലുമേ കിടന്നുറങ്ങാവൂ, സമയത്ത് നിന്നെയും നോക്കി, എനിക്കീ കോണിപ്പടി ചുമ്മാതെ കേറിയിറങ്ങാൻ വയ്യ”
അമ്മയ്ക്കും രേവതിയ്ക്കും രാത്രി കഴിക്കാനുള്ള മസാലദോശയും കൊണ്ട് ചെന്നപ്പോഴാണ് എന്നോടത് പറയുന്നത്
ഓഹ് പിന്നെ, ഇത് കേൾക്കാൻ തുടങ്ങിയിട്ട് അഴ്ച ഒന്നായി ,
ഞാൻ മനസ്സിൽ പറഞ്ഞു .
കഴിഞ്ഞ ഞായറാഴ്ച ലാലേട്ടൻ്റെ സിനിമയുടെ ക്ലൈമാക്സ് സീൻ കണ്ടോണ്ടിരിക്കുമ്പോഴാണ് , അവൾക്കാദ്യമായി വയറ് വേദന തുടങ്ങുന്നത്.
“ഇത് പ്രസവവേദനയാ മോനേ.. നമുക്കുടനെ അവളെയും കൊണ്ട് ഹോസ്പിറ്റലിൽ പോകണം”
അവളുടെ മുഖലക്ഷണം നോക്കി അമ്മ ഉറപ്പിച്ച് പറഞ്ഞു.
“അല്ലമ്മേ… ഡോക്ടർ പറഞ്ഞത് അടുത്തയാഴ്ച ചെന്ന് അഡ്മിറ്റാകാനല്ലേ? ഡെലിവറി ഡേറ്റിന് ഇനിയും മൂന്നാഴ്ച സമയമുണ്ട്”
“ഡോക്ടർമാർ അങ്ങനെ പലതും പറയും, നീ വേഗം പോയി അപ്പുറത്തെ സതീശൻ്റെ ഓട്ടോ വിളിച്ചോണ്ട് വാ, ഇനിയും താമസിച്ചാൽ പെണ്ണ് ചിലപ്പോൾ വീട്ടിൽ കിടന്ന് പ്രസവിക്കും”
അമ്മ ശരിക്കും സീരിയസ്സാണെന്ന് മനസ്സിലാക്കിയ ഞാൻ, വേഗം പോയി, സതീശണ്ണൻ്റെ ഓട്ടോയുമായി വന്നു.
വയറും പൊത്തി പിടിച്ച് കൊണ്ടുള്ള രേവതിയുടെ നിലവിളി കൂടിക്കൂടി വന്നു.
ഓട്ടോയിൽ കിടന്നുള്ള അവളുടെ വെപ്രാളവും പരവേശവും കണ്ടപ്പോൾ, സതീശണ്ണൻ്റെ ഓട്ടോ ചിലപ്പോൾ ലേബർ റൂമാക്കേണ്ടി വരുമെന്ന് എനിക്ക് തോന്നിപ്പോയി.
ഒരു വിധത്തിലാണ് ,അന്ന് ഈ ഹോസ്പിറ്റൽ വരെയെത്തിയത്.
രേവതിയെ ലേബർ റൂമിലേക്ക് കയറ്റി കതകടച്ചപ്പോൾ മുതൽ, അവളുടെ ചോരക്കുഞ്ഞുമായി ഒരു മാലാഖ ഉടൻ വരുമെന്നും പ്രതീക്ഷിച്ച്, ഞാനും അമ്മയും അതിൻ്റെ വാതില്ക്കൽ തന്നെ നിന്നു.
ആ നില്പ് എത്ര മണിക്കൂർ നീണ്ട് പോയെന്നറിയില്ല ,ഒടുവിൽ ഒരു മാലാഖ വന്നിട്ട്, വേദന കുറഞ്ഞത് കൊണ്ട് രേവതിയെ വാർഡിലേക്ക് കൊണ്ട് പോയെന്നും, അമ്മ മാത്രം ബൈ സ്റ്റാൻ്ററായിട്ട് നിന്നാൽ മതിയെന്നും പറഞ്ഞപ്പോൾ, ഞാനമ്മയെ ഒന്ന് കടുപ്പിച്ച് നോക്കി.
“എന്നാൽ പിന്നെ നീ ഒരു ബെഡ്ഷീറ്റുമെടുത്തോണ്ട് പുറത്തെവിടെയെങ്കിലും പോയി കിടന്നോ ,അമ്മ അവളുടെയടുത്തേക്ക് ചെല്ലട്ടെ”
എൻ്റെ മുന്നിൽ ഉത്തരം മുട്ടി നിന്ന അമ്മ വേഗം അകത്തേക്ക് പോയി.
അന്ന് മുതൽ ഞാൻ കിടന്നുറങ്ങുന്നത്, സ്റ്റെയർകെയ്സ് മുതൽ ലേബർ റൂമു വരെ നീണ്ട് കിടക്കുന്ന, വീതിയേറിയ ഇടനാഴിയുടെ ഒരരികിലായാണ്. കാരണം അവിടെ മാത്രമേ ഒരു ഫാൻ ഫിറ്റ് ചെയ്തിട്ടുള്ളു.
ഇന്നും ഞാൻ അമ്മയുടെ കയ്യിൽ നിന്ന്, ബെഡ്ഷീറ്റും വാങ്ങി ചെല്ലുമ്പോൾ ,എൻ്റെ കിടപ്പാടം ആരോ ഒരാൾ കയ്യടക്കിയിരിക്കുന്നത് കണ്ട് ഞാൻ ഞെട്ടി.
“ഹലോ ചേട്ടാ .. ഇത് ഞാൻ കിടക്കുന്ന സ്ഥലമാണ് ,ചേട്ടൻ വേറെ എവിടെ യെങ്കിലും പോയി കിടക്ക്”
എൻ്റെ ബെഡ് റൂമിൽ ഏതോ ഒരുത്തൻ ,വലിഞ്ഞ് കേറി വന്ന് കിടക്കുന്നത് പോലെയായിരുന്നു എൻ്റെ സംസാരം
“അതിന് ഞാൻ കിടന്നത് മെഡിക്കൽ കോളേജിൻ്റെ വരാന്തയിലല്ലേ? അല്ലാതെ തൻ്റെ തറവാടിൻ്റെ ഉമ്മറത്തല്ലല്ലോ? താൻ വേണമെങ്കിൽ വല്ലയിടത്തും പോയി കിടക്ക്”
ഈശ്വരാ .. ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിൻ്റെ മുന്നിലാണെന്ന് അയാളുടെ ഗർജ്ജനം കേട്ടപ്പോൾ എനിക്ക് തോന്നി.
ഇനിയും തർക്കിച്ച് നിന്നാൽ ചിലപ്പോൾ ,അയാളുടെ കൈക്ക് പണിയാകുമെന്ന് മനസ്സിലാക്കിയ ഞാൻ, നിരാശയോടെ മുന്നോട്ട് നടന്നു.
ഇന്നത്തെ എൻ്റെ ഉറക്കം പോയെന്ന് എനിക്ക് മനസ്സിലായി, ഇടനാഴിയിലെ ജനാലയിൽ കൂടി ഞാൻ പുറത്തേയ്ക്ക് നോക്കി, പുറത്തെവിടെയെങ്കിലും കിടക്കാനുള്ള സൗകര്യമുണ്ടോയെന്ന് ഞാൻ പ്രതീക്ഷയോടെ വീക്ഷിച്ച് കൊണ്ടിരുന്നു
പുറത്ത് സിമൻറ് ബഞ്ചിലും ,പുളിമാവിൻ്റെ ചുറ്റിനും ഇരിക്കാനായി കെട്ടിയ തറയിലുമൊക്കെ, മറ്റുള്ളവർ നേരത്തെ തന്നെ വിരിവച്ചിരിക്കുന്നു.
നിരാശയോടെ ഞാൻ വിദൂരത്തേയ്ക്ക് കണ്ണ് നട്ടിരുന്നപ്പോൾ, കുറച്ച് ദൂരെയായി ചെറിയൊരു കെട്ടിടം അടഞ്ഞ് കിടക്കുന്നത് കണ്ടു ,അതിൻ്റെ മുന്നിൽ തെളിഞ്ഞ് നില്ക്കുന്ന ബൾബിൻ്റെ പ്രകാശത്തിൽ ,അവിടെയൊരു ചാര് ബഞ്ച് കിടക്കുന്നത് കണ്ടപ്പോൾ, എനിക്ക് വീണ്ടും പ്രതീക്ഷയുണ്ടായി .
തിരിച്ച് ഞാൻ ഗൈനക് വാർഡിൻ്റെ മുന്നിൽ ചെന്ന്, സെക്യൂരിറ്റിയോട് പറഞ്ഞ് അമ്മയെ വിളിപ്പിച്ചിട്ട് ,ഞാൻ കിടന്നുറങ്ങാൻ പോകുന്ന സ്ഥലം, ജനാലയിൽ കൂടി അമ്മയെ ചൂണ്ടിക്കാണിച്ച് കൊടുത്തു.
“എന്തെങ്കിലുമുണ്ടെങ്കിൽ ,ഇവിടെ നിന്ന് അമ്മയൊന്ന് ഉറക്കെ വിളിച്ചാൽ മതി, ഞാനപ്പോൾ തന്നെ ഓടിയെത്താം”
അമ്മയ്ക്ക് ഉറപ്പ് കൊടുത്തിട്ട് ഞാൻ വേഗം കോണിപ്പടിയിറങ്ങി, ആ കെട്ടിടത്തിന് മുന്നിലേക്ക് ചെന്നു.
എൻ്റെ കാലൊച്ച കേട്ടതും, അതിൻ്റെ മുന്നിൽ കിടന്ന ഒരു ചാവാലിപ്പട്ടി, എന്നെ നോക്കി ഒന്ന് മുരണ്ടു.
പേടിച്ചിട്ട്, ഞാൻ കുനിഞ്ഞ് ഒരു കല്ലെടുത്തതും, എന്നെക്കാൾ പേടിത്തൂറിയായ ആ ശ്വാനൻ ജീവനും കൊണ്ടോടി .
പിന്നെയൊന്നും നോക്കിയില്ല, പോക്കറ്റിൽ കരുതിയിരുന്ന ,ഗുഡ് നൈറ്റിൻ്റെ ഒരു കൊതുക് തിരിയെടുത്ത് കത്തിച്ച് തലയുടെ ഭാഗത്ത് വച്ചിട്ട്, ചാര് ബഞ്ചിൽ ബെഡ്ഷീറ്റ് വിരിച്ച് ഞാൻ മലർന്നു കിടന്നു.
ഇടയ്ക്ക് ചരിഞ്ഞ് കിടന്ന് ആ ഇടനാഴിയിലെ ജനാലയിലേക്കൊന്ന് നോക്കി,
ഇനി അമ്മയെങ്ങാനും അവിടെ നിന്ന് നോക്കിയാൽ ,എന്നെ കാണുമോയെന്ന് ഉറപ്പാക്കാനായിരുന്നു അത്.
പിന്നെ കണ്ണും പൂട്ടി, എനിക്ക് നല്ല ഉറക്കം തരണേ ദൈവമേ, എന്ന് പ്രാർത്ഥിച്ച്, ഞാൻ നിദ്രയെ പ്രതീക്ഷിച്ച് കിടന്ന് എപ്പോഴോ ഉറങ്ങിപ്പോയി.
“ഹരീ… എഴുന്നേല്ക്ക്”
ആരോ എന്നെ വിളിക്കുന്നത് പാതിമയക്കത്തിൽ കേട്ടിട്ട് ,ഞാൻ മെല്ലെ കണ്ണ് തുറന്നപ്പോൾ, ആദ്യം കണ്ടത്, ആ കെട്ടിടത്തിൻ്റെ മുൻവാതിലിന് മുകളിൽ എഴുതി വച്ചിരിക്കുന്ന ഒരു ബോർഡാണ്.
അവിശ്വസനീയതയോടെ ഞാൻ, കണ്ണ് തിരുമ്മി ഒരിക്കൽ കൂടി അത് വായിച്ചു .
“മോർച്ചറി”
വിറയലോടെ എൻ്റെ ചുണ്ടുകൾ പിറുപിറുത്തു.
ഈശ്വരാ … ഞാൻ കിടക്കാൻ വന്നപ്പോൾ ഇത് കണ്ടില്ലല്ലോ ,മാത്രമല്ല ഒരാഴ്ച യായി ഞാനിവിടെ ഉണ്ടായിരുന്നിട്ടും, ഇവിടൊരു മോർച്ചറിയുണ്ടെന്ന് ഞാൻ ശ്രദ്ധിക്കാതെ പോയല്ലോ, എന്ന് ഭീതിയോടെ ഞാനോർത്തു.
ഇതിനകത്ത് പ്രേതങ്ങളുണ്ടാവുമോ ? ഒരു പക്ഷേ ,അതിലൊരു പ്രേത മായിരിക്കുമോ, എന്നെ പേര് ചൊല്ലി വിളിച്ചുണർത്തിയത്.
എൻ്റെ ശരീരം വെട്ടി വിയർക്കാൻ തുടങ്ങി.
“ഹരീ… എഴുന്നേല്ക്ക്”
വീണ്ടും അതേ ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടിവിറച്ചു.
മോർച്ചറിയ്ക്കകത്ത് നിന്നല്ല പുറത്ത് നിന്നാണ് വിളി കേൾക്കുന്നത്
മടിച്ച് മടിച്ച്, ഞാൻ വിളി കേട്ട ഭാഗത്തേയ്ക്ക് തല തിരിച്ച് നോക്കി.
“അയ്യോ! പ്രേതം, ഓടി വരണേ…രക്ഷിക്കണേ…”
എൻ്റെ മുന്നിൽ വെള്ളയും വെള്ളയുമിട്ട് നില്ക്കുന്ന രൂപം കണ്ട് ഞാൻ അലറി വിളിച്ചു .
“ഡാ ഹരീ … ഞാൻ പ്രേതമല്ല, നിൻ്റമ്മയാണ് ,എടാ അവള് പ്രസവിച്ചു ,നിന്നെ മാമാന്ന് വിളിക്കാൻ ഒരാൺകുഞ്ഞിനെയാണ് ,നിൻ്റെ പെങ്ങള് പ്രസവിച്ചത്, നീ ഹോസ്പിറ്റലിൻ്റെ മുന്നിൽ പോയി, ആ ടെലിഫോൺ ബൂത്തിൽ നിന്ന്,അളിയൻ്റെ കമ്പനിയിലേക്ക് ഒരു STD കോള് ബുക്ക് ചെയ്യ്,”
അമ്മയുടെ ശബ്ദം കേട്ടപ്പോഴാണ് എൻ്റെ ശ്വാസം നേരെ വീണത്.
“അല്ല അമ്മയെന്തിനാ ഈ പ്രേതത്തിൻ്റെ വേഷവുമിട്ടോണ്ട് ഇങ്ങോട്ട് വന്നത്, എന്നെ പേടിപ്പിക്കാനാണോ?,
“എടാ.. ഇത് ഇവിടുത്തെ യൂണിഫോമാണ്, ഇനി മുതൽ പ്രസവ വാർഡിൽ കൂട്ട് നില്ക്കുന്നവർ, ഇത് പോലെ വെള്ള ഷർട്ടും വെള്ളമുണ്ടുമുടുത്ത് കൊണ്ടേ നില്ക്കാൻ പാടുള്ളു”
എന്നാലും വല്ലാത്ത ചതിയായി പോയി ,എന്ന് ഞാൻ മനസ്സിൽ പറഞ്ഞെങ്കിലും, നാളെ മുതൽ വീട്ടിൽ കിടന്ന് സമാധാനത്തോടെ ഉറങ്ങാമല്ലോ, എന്ന ആശ്വാസ മായിരുന്നു എനിക്ക്.