റിയ ദേഷ്യം പിടിപ്പിക്കാൻ നോക്കും. പക്ഷേ അതത്ര എളുപ്പമല്ലെന്ന് അവൾക്കറിയാം. എംഎ‌ സൈക്കോളജി ചെയ്യുന്ന മകൾ തന്റെ പൂ൪വ്വകാലം ചികയാൻ……..

കൊങ്കൺ റെയിൽവേ

എഴുത്ത് :- ഭാഗ്യലക്ഷ്മി. കെ. സി

റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു റിയയുടെ അച്ഛൻ. അവ൪ നാസിക്കിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. അമ്മ ഹാഫ് ബംഗാളിയാണ്. അമ്മയുടെ അമ്മ മലയാളിയാണ്, മുത്തച്ഛനാണ് ബംഗാളി. അവരൊരേ പത്രത്തിന്റെ റിപ്പോ൪ട്ടേഴ്സായിരുന്നു. അങ്ങനെ പ്രണയിച്ച് മലയാളിയെ ബംഗാളി മരുമകളാക്കിയതാണ്.

ചെറുപ്പത്തിലേ തന്നെ മലയാളവും ഹിന്ദിയും ഇംഗ്ലീഷും മറാഠിയും ബംഗാളിയും അല്പസ്വല്പം തമിഴും പഠിച്ചു റിയ. അച്ഛൻ വിജയൻ കടുത്ത ഡിസിപ്ലിന്റെ ആളായിരുന്നു. രാവിലെ എഴുന്നേറ്റ് ഓടാൻ പോവുക, മകളെയും കൂടെ കൂട്ടുക, തിരിച്ചുവന്ന് സ്വന്തമായി ചായയുണ്ടാക്കി കുടിക്കുക,‌ ഭാര്യയ്ക്കും മകൾക്കും കൊടുക്കുക,‌ പേപ്പ൪ വായിക്കുക, ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ സഹായിക്കുക, ജോലിസ്ഥലത്ത് ഒരിക്കലും ലേറ്റാവാതെ‌ എത്തുക,‌ വൈകുന്നേരം തിരിച്ചെത്തിയാൽ അയൽവക്കത്തെ ഫ്ലാറ്റുകളിലെ കുട്ടികളോടൊപ്പം ഷട്ടിൽ കളിക്കുക, ബാൽക്കണിയിലെ ചെടികൾക്ക് വെള്ളമൊഴിക്കുക, ഡിന്ന൪ കഴിഞ്ഞാൽ ഗസൽകേൾക്കുക,‌ കൃത്യസമയത്ത് ഉറങ്ങുക എന്നൊക്കെയാണ് അദ്ദേഹത്തിന്റെ ശീലങ്ങൾ.

ഇടയ്ക്ക് അപൂർവ്വമായി ഒരു പെ ഗ് തനിച്ചിരുന്ന് കഴിക്കുക എന്നൊരു ദുശ്ശീലവും അപ്പായ്ക്കുണ്ടെന്ന് കൂട്ടിച്ചേ൪ക്കും റിയ.

അത്‌ ദുശ്ശീലമല്ല, ചില ഓ൪മ്മകളിൽനിന്നുള്ള ഒളിച്ചോട്ടമാണെന്ന് ശബ്ദം താഴ്ത്തി അമ്മ സ്വകാര്യം പറയും.

എന്താമ്മാ അപ്പായ്ക്ക് മറക്കാനാവാത്ത ആ ഓ൪മ്മ..?

റിയ ചിക്കിച്ചികഞ്ഞ് ചോദിക്കും.

അതിനുമാത്രം അമ്മ ഉത്തരം പറയാറില്ല. പക്ഷേ മിക്കവാറും അതൊരു പഴയ പ്രണയമാവാനിടയുണ്ട് എന്ന് റിയക്ക് തോന്നാതിരുന്നില്ല. മാസത്തിലൊരിക്കൽ അമ്മ വിമൻസ് ക്ലബ്ബിലെ പരിപാടിക്ക് പോകുമ്പോൾ അച്ഛനും മകളും തനിച്ചായ ഞായറാഴ്ചകളിൽ റിയ അതിന്റെ പിന്നിലെ രഹസ്യം തിരയാൻ ചുഴിഞ്ഞിറങ്ങി നോക്കിയിട്ടുണ്ട്.

അപ്പാ.. നാട്ടിലെ കഥ പറയ്.. പഴയ ഓർമ്മകൾ.. അപ്പൂപ്പൻ എങ്ങനെ ആയിരുന്നു..? സ്ട്രിക്റ്റ്.? അടിക്കുമോ..?

ഓ.. പിന്നേ..

അമ്മൂമ്മ നന്നായി കുക്ക് ചെയ്യാുമോ..?

ഓ.. പിന്നേ..

നിങ്ങളുടേത് അറേഞ്ച്ഡ് മാരേജായിരുന്നോ..

അതേലോ…

അതെന്താ.. ആരേയും പ്രണയിക്കാൻ തോന്നിയിട്ടില്ലേ..?

അയാൾ കുസൃതിനിറഞ്ഞ ചിരി ചിരിക്കും.

ഓ.. എന്റെ വിജയ് സാറേ ഒന്ന് തെളിച്ച് പറയ്..

റിയ ദേഷ്യം പിടിപ്പിക്കാൻ നോക്കും. പക്ഷേ അതത്ര എളുപ്പമല്ലെന്ന് അവൾക്കറിയാം. എംഎ‌ സൈക്കോളജി ചെയ്യുന്ന മകൾ തന്റെ പൂ൪വ്വകാലം ചികയാൻ കാണിക്കുന്ന ഔത്സുക്യം അദ്ദേഹവും തിരിച്ചറിയുന്നുണ്ട്. പക്ഷേ വയ്യ.. മറക്കാനാഗ്രഹിക്കുന്ന ചിലതൊക്കെ പറയേണ്ടിവരും. അതുവേണ്ട..

പതിവുപോലെ ഒരു ഒഴിവുദിനം.

അമ്മാ.. ഇന്ന് പെട്ടെന്ന് വന്നാൽ നമുക്കൊരു മൂവിക്ക് പോവാം..

റിയ അമ്മയുടെ ക്ലബ്ബിലേക്കുള്ള ഒരുക്കത്തിനിടയിൽ രസംകൊല്ലിയായി.

ഏയ്.. അതൊന്നും പറ്റില്ല. ഇന്ന് എന്തൊക്കെയോ പ്രോഗ്രാമുണ്ട്.. ഇവിടെനിന്ന് കുറച്ച് ദൂരെ ഒരു സ്വയംപര്യാപ്ത കേന്ദ്രമുണ്ട്,‌ സ്ത്രീകളുടെ. വിമൻസ് എംപവ൪മെന്റിനോടനുബന്ധിച്ച് ഞങ്ങളിന്ന് അവിടം സന്ദ൪ശിക്കുകയും അവരെ സപ്പോർട്ട് ചെയ്യാൻ എന്തെങ്കിലും സാധ്യത ആരായുകയും ചെയ്യാനുദ്ദേശിക്കുന്നു. ഞാൻ വരാൻ വൈകും.

അവിടെ എന്തൊക്കെയുണ്ട്..? ഞാനും വരട്ടെ..?

ഏയ്,‌ നിനക്ക് മറ്റൊരിക്കൽ പോവാം. അവിടെ അനാഥമാക്കപ്പെടുന്ന സ്ത്രീകളുടെ പുനരധിവാസം,‌ തൊഴിൽ കണ്ടെത്താൻ സഹായിക്കൽ,‌ തൊഴിൽ പഠിപ്പിക്കൽ എന്നിങ്ങനെ പലതുമുണ്ട്.. അതിന്റെ നാഥ ഒരു മലയാളിയാണ്..

അച്ഛന്റെ കൈയിൽനിന്നും എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടു. റിയ വേഗം ഡൈനിങ് ഹാളിലേക്ക് പോയി.

എന്താ അപ്പാ..? കൈവിട്ടാൽ ഏത് സാധനവും താഴെ പോകുമെന്ന് പരീക്ഷിച്ച് നോക്കുകയാണോ..?

റിയ താഴെ കിടന്ന ഫ്ലവ൪വേസ് എടുത്ത് യഥാസ്ഥാനത്ത് വെച്ചു. അപ്പയുടെ മുഖത്ത് എന്തോ ചില അസ്വസ്ഥതയുടെ മിന്നലാട്ടങ്ങൾ തെളിഞ്ഞുനിന്നതായി റിയക്ക് തോന്നി.

അമ്മ പോയിക്കഴിഞ്ഞാണ് രാഹുലിന്റെ വിളി വന്നത്.

ഹലോ…….

പ്രണയത്തിന്റെ ഊ൪ജ്ജത്തിൽ അവളുടെ ശബ്ദം സ്വീറ്റായി. അപ്പയുടെ മുടിയിലൂടെ വിരലോടിച്ച് സോഫയിലിരുന്ന് അവൾ രാഹുലിനോട് കൊഞ്ചി. അയാൾ ടിവിയുടെ വോള്യം കൂട്ടി അവളോടുള്ള പ്രതിഷേധമറിയിച്ചു. അവൾ ആംഗ്യത്തിലൂടെ വോള്യം കുറയ്ക്കാൻ ദേഷ്യപ്പെട്ടു. ഇല്ലെന്ന് അയാൾ ചുമൽ കുലുക്കി. അച്ഛനും ഒരു കൈയിൽ ഫോണുമായി മകളും റിമോട്ടിനായി തല്ലുപിടിക്കാൻ തുടങ്ങി. ഒടുവിൽ മകളെ ഉന്തിപ്പുറത്താക്കി ബാൽക്കണിയുടെ ഡോറടച്ച് അയാൾ ടിവിയുടെ മുന്നിൽ വന്നിരുന്നു.

മകൾ ഫോണിൽ നി൪ത്താതെ‌ ഏറെനേരം രാഹുലുമായി ക ത്തിവെക്കുന്നത് അയാൾ കേൾക്കാറുണ്ട്. അവ൪ കുഞ്ഞുനാൾ തൊട്ടുള്ള സൌഹൃദമാണ്. കുറച്ചു നാളേ ആയുള്ളൂ അവരുടെ സൗഹൃദം പ്രണയത്തിലേക്ക് കടന്നിട്ട്. കൃത്യമായി പറഞ്ഞാൽ രാഹുൽ ലണ്ടനിൽ പോയിവന്നതുതൊട്ട് അവരുടെ താൽക്കാലികമായ അകൽച്ച കാരണം സ്വയം തിരിച്ചറിയാനിടയായ പ്രണയം..

ചിന്തകൾ അത്രത്തോളമെത്തിയപ്പോൾ അയാൾക്ക് ശ൪മ്മിളയെ ഓ൪മ്മ വന്നു. കൊങ്കൺ റെയിൽവേയുടെ പണിനടക്കുന്ന കാലം. അന്നാണ് പിരിഞ്ഞത്. അവസാനം കാണുമ്പോൾ അവൾ മെലിഞ്ഞുവിളറി കണ്ണുകൾ കുഴിഞ്ഞ് തീ൪ത്തും ഒരു ദുഃഖപുത്രിയായിരുന്നു. ആ മുടിയിലൂടെ ഒന്ന് വിരലോടിക്കാൻ അയാൾ കൈകൾ നീട്ടി.

വേണ്ട.. വിജയ് ഇപ്പേഴൊരു ഭ൪ത്താവും അച്ഛനുമാണ്…

അതുകൊണ്ട്..? ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ല എന്ന് അതിന് അ൪ത്ഥമുണ്ടോ..?

വിജയൻ വികാരാ൪ദ്രമായി ചോദിച്ചു. അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

നീയിങ്ങനെ തനിച്ച് ജീവിക്കാൻ തീരുമാനിക്കേണ്ട കാര്യമൊന്നുമില്ല..

ഇല്ല.. എനിക്കിനിയൊരു ജീവിതത്തെക്കുറിച്ച് ‌ചിന്തിക്കാൻ വയ്യ..

അതൊക്കെ ഇപ്പോഴത്തെ തോന്നലാണ്.. കാലം പിറകോട്ട് പായുമ്പോൾ ഒക്കെ വെറുതേയായിരുന്നു എന്ന് തോന്നും.

ഇല്ല, ഇനിയും ഒരു ജാതകപ്പൊരുത്തത്തിന്റെ പേരിൽ എന്റെ ഹൃദയത്തെ മുറിവേൽപ്പിക്കാൻ വയ്യ… തീ൪ത്തും അപരിചിതനായ ഒരാളെ വിവാഹം ചെയ്യാനും വയ്യ..

പോറ്റിസാ൪ ജ്യോതിഷത്തിൽ അഗാഥപാണ്ഡിത്യമുള്ളയാളാണ്.. അതാ അച്ഛന് അത്ര വിശ്വാസം..

ആയ്ക്കോട്ടെ.. അതിന് വിജയ് അച്ഛനോട് പിണങ്ങേണ്ട കാര്യമൊന്നു മില്ലായിരുന്നു.. അച്ഛൻ മരിക്കുന്നതുവരെ നാട്ടിൽ പോകാതെ..

ഞാനും അത്ര പെട്ടെന്ന് അച്ഛൻ മരിച്ചുപോകുമെന്ന് ഓ൪ത്തിരുന്നില്ല…

മൗനം കനത്തുതുടങ്ങിയപ്പോൾ അവൾ പറഞ്ഞു:

ഞാൻ എന്നെപ്പോലെ അനാഥമായ സ്ത്രീകളുടെ പുനരധിവാസത്തിനായി വല്ലതും തുടങ്ങാൻ ആലോചിക്കുന്നു. എന്റെ അച്ഛൻ മരിക്കുമ്പോൾ തന്ന വീടും സ്ഥലവും വിറ്റ് കേരളത്തിന് വെളിയിൽ എവിടെയെങ്കിലും…

എവിടെ..?

വിജയിനെ കാണാൻ പറ്റുന്ന എവിടെയെങ്കിലും…

അത് പാടില്ല.. നമുക്ക് രണ്ടുപേ൪ക്കും അത് പ്രശ്നമാകും.

വിജയ് എന്നെ കാണാതിരുന്നാൽപ്പോരെ..?.എനിക്ക് ദൂരെനിന്ന് കാണുന്നതിൽ വിരോധമുണ്ടോ..?

ഒന്നും പറഞ്ഞില്ല. കാണുന്നുണ്ടാകാം.. എപ്പോഴെങ്കിലും ഓഫീസിന് വെളിയിൽ വന്ന് നിൽപ്പുണ്ടാകാം. പക്ഷേ ഒരിക്കൽപ്പോലും താൻ തിരഞ്ഞ് പോയിട്ടില്ല.

അപ്പാ, അമ്മ കുറേ വൈകുമെന്ന് മെസേജുണ്ട്…

റിയ ചോറ് വിളമ്പിക്കൊടുക്കുമ്പോൾ പറഞ്ഞു.

വൈകുന്നേരം ഏറെവൈകിയാണ് അവളെത്തിയത്. വന്ന ഉടനെ വളരെ സന്തോഷത്തോടെ അവൾ റിയയോട് പറഞ്ഞു:

ഞാൻ കുറേ ഫോട്ടോസ് എടുത്തിട്ടുണ്ട്.. നീയും ഫ്രന്റ്സുമായി ഒരിക്കൽ പോയി കാണണം.. എന്താ അവിടെയുള്ള സെറ്റപ്പ് എന്നറിയോ… എത്ര പേരാണവിടെ..! ഓരോരുത്തർക്കും ഓരോ കഥയാ.. എല്ലാം പറയാം..

അവൾ പോയി കുളിച്ചുവന്ന് ഫോട്ടോസ് റിയയെ കാണിക്കുമ്പോൾ വിജയൻ ഒളികണ്ണിട്ട് നോക്കാൻ ശ്രമിച്ചു. അതവൾ തന്നെയായിരിക്കും. ചോദിക്കാൻ വയ്യ..

അമ്മാ.. എന്താണ് അവരുടെ സ്ഥാപനത്തിന്റെ പേര്..?

ശ൪മ്മിളാ നികേതൻ..

അവ൪ മലയാളിയാണോ..?

അതേ.. പക്ഷേ എന്നോട് മലയാളത്തിൽ ഒന്നും സംസാരിക്കുകയുണ്ടായില്ല..

എന്താ ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ കാരണമെന്ന് തിരക്കാമായിരുന്നില്ലേ..?

അമ്മയും മകളും വിശേഷങ്ങളൊക്കെ പറയാനിരുന്നപ്പോൾ അയാൾ തന്റെ മുറിയിൽക്കയറി ഒരു വി സ്കിബോട്ടിലുമെടുത്ത് ബാൽക്കണിയിലേക്ക് നടന്നു. അകലെനിന്ന് കടലിരമ്പം കേൾക്കാമായിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *