പിണക്കങ്ങൾ
Story written by Nitya Dilshe
വണ്ടി വന്നു നിന്ന ശബ്ദം കേട്ടപ്പോൾ തന്നെ മുഖം ഒന്നു കൂടി വീർപ്പിച്ചു പിടിച്ചു, ഇന്ന് നേരത്തെ വരാം, ഷോപ്പിങ് നു പുറത്തു കൊണ്ടുപോകാംന്നു പറഞ്ഞിട്ടു പോയതാ… എന്നിട്ടു വരുന്ന സമയം ഹും, ശ്രദ്ധ ഫുൾ ടിവി യിലേക്ക് ആക്കി. ഇപ്പോൾ വരും “ചിന്നൂട്ടി, സോറി ട്ടാ ഞാൻ കുറച്ചു തിരക്കിൽ പെട്ടു പോയീ”ന്നും പറഞ്ഞു. പിന്നെയൊരു കെട്ടിപ്പിടുത്തവും ഉമ്മയും..ഇന്ന് ഞാൻ അതിലൊന്നും വീഴില്ല..വേറൊന്നും കൊണ്ടല്ല, തിരക്കുകൊണ്ടാണെന്നു എനിക്കും അറിയാം.. പെട്ടെന്ന് സ്നേഹായാ ഒരു വിലയും ഉണ്ടാവില്ല..കുറച്ചു പേടിയിരിക്കട്ടെ..അല്ല പിന്നെ..
ആൾ ദേ എന്റെ മുന്നിലൂടെ ഒരു മൈൻഡും ഇല്ലാതെ ഒരൊറ്റപ്പോക്ക്…ഇടം കണ്ണിട്ടു നോക്കി, ആൾ ഡ്രസ് മാറി വാഷ്റൂം പോയി ഫ്രഷ് ആയി വന്നു സോഫയിൽ മൊബൈലും പിടിച്ചിരിപ്പായി..എന്റെ ദേഷ്യം ഒന്നുകൂടി ഇരട്ടിച്ചു. ഞാൻ ഇവിടെ ഇരിപ്പുണ്ടെന്ന ഭാവം പോലുമില്ല..
ഒന്പതുമണി ആയപ്പോൾ ഫുഡ് എടുത്തു വച്ചു, വിളിക്കാനൊരു ചമ്മൽ.. ആളെ നോക്കി, ഇപ്പോഴും ഫോണിൽ തന്നെയാ, ഇതിനുമാത്രം ഇന്നെന്താ ഫോണിലെന്നു ചിന്തിച്ചു.. ചോദിക്കാനും വയ്യ.. അല്പം ശബ്ദം കടുപ്പിച്ചു വിളിച്ചു,
“വിനുവേട്ട, ഫുഡ്..” എന്നെയൊന്നു നോക്കി ആൾ എണീറ്റു ഫുഡ് കഴിച്ചു പോയി.. എനിക്കാകെ ഭ്രാന്ത് പിടിക്കുന്ന പോലെ.. പാത്രമൊക്കെ കഴുകി കിച്ചൻ ഒതുക്കി റൂമിലേക്ക് വന്നു..ആൾ ഇപ്പോൾ മൊബൈലും പിടിച്ചു കിടപ്പാണ്.മിണ്ടാതെ സൈഡിൽ വന്നു കിടന്നു..അങ്ങോട്ടു ചെന്നു കെട്ടിപ്പിടിക്കണംന്നുണ്ട്,ന്നാലും ഇങ്ങോട്ടു വന്നു മിണ്ടട്ടെ ന്നൊരു വാശി…
രാവിലെ എഴുന്നേറ്റപ്പോൾ ആൾ ജിം നു പോയിക്കഴിഞ്ഞിരുന്നു. ഈ ശീലം പുതിയതായി തുടങ്ങിയതാണ്, കോളേജ് റീയൂണിയൻ വരുന്നുണ്ടത്രേ.. ഫ്രണ്ട്‌സിന്റെ മുന്നിൽ ഇപ്പോഴും ആ പഴയ പയ്യൻന്നു കാണിക്കാൻ…റീയൂണിയൻ ന്നു കേട്ടതിൽ പിന്നെ ആൾ നിലത്തൊന്നുമല്ല…
ഓരോന്നോർത്തു സമയംപോയതറിഞ്ഞില്ല…പിണങ്ങിയത് കൊണ്ടാണെന്നു തോന്നുന്നു, വലിയ ഉഷാർ തോന്നിയില്ല.ന്നാലും എണീറ്റു കുളി കഴിഞ്ഞു, അന്നത്തെ ന്യൂസ് പേപ്പർ ഒന്നു ഓടിച്ചു വായിച്ചു.അതിലെ ഒരു വാർത്തയിൽ പെട്ടെന്ന് കണ്ണുടക്കി..ഹാർട്ട് നിന്നു പോകുമൊന്നു തോന്നി, കണ്ണുകൾ നിറഞ്ഞോഴുകി.. റീയൂണിയൻ നു വന്ന യുവതിയും യുവാവും ഒളിച്ചോടി കല്യാണം കഴിച്ചു, പഠിക്കുന്ന കാലത്തുണ്ടായിരുന്ന പ്രണയമായിരുന്നത്രെ
” ഈശ്വര, ഇതാവോ വിനുവേട്ടൻ ഇന്നലെ മിണ്ടാതിരുന്നത്, ഫോണിൽ കാമുകി ആയിരുന്നിരിക്കോ, ഒരു മണിക്കൂറിൽ കൂടുതൽ മിണ്ടതിരിക്കാൻ കഴിയാത്ത ആളാ”..നൂറുകൂട്ടം ചിന്തകൾ ഒരു സെക്കൻഡിനുള്ളിൽ തലയിലൂടെ ഓടി. തളർച്ചയോടെ ഞാൻ സോഫയിലേക്കിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആൾ ഒരു മൂളിപ്പാട്ടും പാടി വരുന്നുണ്ട്..
“വിനുവേട്ട” എന്റെ ശബ്ദത്തിന്റെ ഇടർച്ചയും തേങ്ങലും കേട്ടിട്ടാവണം അകത്തേക്ക് പോയ ആൾ തിരിച്ചു വന്നു, ഞാൻ കൈയിലിരുന്ന പേപ്പർ നീട്ടി, ” ഇതാണോ എന്നോട് മിണ്ടതിരിക്കാനുള്ള കാരണം” ആപ്പോഴേക്കും ഞാൻ കരഞ്ഞു പോയിരുന്നു.
ആൾ അന്തം വിട്ടു എന്നെ നോക്കുന്നുണ്ട്..കണ്ണുകൾ പേപ്പറിലൂടെ ഓടി , പതിയെ ഒരു പുഞ്ചിരി ആ മുഖത്തു വിടരുന്നത് കണ്ടു. ” എടി പൊട്ടി, എനിക്കൊരു കാമുകിയുമില്ല, ഒളിച്ചോടാനൊരു പ്ലാനുമില്ല, എന്നും നിസ്സാര കാര്യങ്ങൾ ക്കു നീ പിണങ്ങി നടക്കും, ഞാൻ നാണം കെട്ട് നിന്റെ പിറകെ വരികയും ചെയ്യും, ഒരുത്തവയെങ്കിലും നീ എന്റടുത്തോട്ടു വന്നു മിണ്ടണം ന്നു വിചാരിച്ചു”
കുസൃതി ചിരിയോടെഎന്റെ മുഖം കൈക്കുള്ളിൽ എടുത്തു, നെറ്റിയിൽ ഉ മ്മ വച്ചു.ആ നെഞ്ചിൽ മുഖം ചേർത്തു കിടന്നപ്പോൾ മനസ്സിൽ ആശ്വാസത്തിന്റെ സ്നേഹത്തിന്റെ മഞ്ഞുകണം വീണലിയുന്നത് ഞാനറിഞ്ഞു..ഇനിയൊരിക്കലും നിസ്സാരക്കാര്യത്തിനു പിണങ്ങില്ലെന്നു ഞാനും തീരുമാനിച്ചിരുന്നു..