എഴുത്ത്:-ശ്രീജിത്ത് ഇരവിൽ
ലേബർറൂമിന്റെ കതകു തുറന്ന് ഓരോ തവണയും നേഴ്സ് വരുമ്പോൾ പ്രിയയുടെ അമ്മയുടെ മുഖത്തേക്കാണ് ഞാൻ നോക്കുന്നുണ്ടായിരുന്നത്. പ്രസവിച്ചത് പ്രിയയാണോയെന്ന് അറിയാൻ മറ്റൊരു മാർഗവും എനിക്ക് ഉണ്ടായിരുന്നില്ല. ആ സ്ത്രീ ആണെങ്കിൽ എന്റെ മുഖത്തേക്ക് നോക്കുന്നതു പോലുമില്ല. ഞാൻ ആനന്ദമായി കാണുന്ന എന്റെ കുറവുകൾ തന്നെയായിരിക്കും അതിനുള്ള കാരണമെന്ന് വെറുതേ ഞാൻ ചിന്തിച്ചു.
ആരുമില്ലായ്മ തന്നെയാണ് ആദ്യ കുറവ്. സ്വന്തങ്ങളെന്ന പോലെ സ്വന്തമായി വീടില്ലാത്തതും കുറവ് തന്നെയായിരിക്കും. അരവിന്ദെന്ന പേരുപോലും ആരാണ് തന്നതെന്ന് എനിക്ക് അറിയില്ല. ഏതെങ്കിലും വഴിയരികിൽ വീണു മരിച്ചാലും കുഴപ്പമില്ലെന്ന ഗതിയിൽ സഞ്ചരിക്കുന്ന എനിക്ക് ഇതെല്ലാം ആനന്ദം തന്നെയായിരുന്നു. അതിന്റെ പ്രധാന കാരണം എവിടേയും സ്ഥിരമായി തമ്പടിക്കേണ്ട യാതൊരു ബാധ്യതയും എനിക്ക് ഇല്ലായെന്നതു തന്നെയാണ്. അതിന്റേതായ ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും ഫലം സമ്പുഷ്ട്ടമായ അനുഭവങ്ങളായതു കൊണ്ട് ജീവിതത്തിൽ സന്തോഷമേയുള്ളൂ…
സ്കൂളിൽ എന്റെ ജൂനിയറായിരുന്നു പ്രിയ. ഞാൻ ഉണ്ടാകാൻ കാരണമായ രണ്ടുപേരും മറഞ്ഞു പോയതുകൊണ്ട് പല ബന്ധുക്കളുടെയും അടുത്തു നിന്നാണ് ഞാൻ പഠിച്ചതൊക്കെ. ഒരു ഘട്ടം കഴിഞ്ഞപ്പോൾ നാട്ടിൽ നിന്നു തന്നെ അകന്നു പോയി. അപ്പോഴും പ്രിയയുമായുള്ള ഇഷ്ടത്തിന്റെയൊരു കൊളുത്ത് ഹൃദയത്തിൽ ഉണ്ടായിരുന്നു. പതിനഞ്ചു വർഷം കഴിഞ്ഞിട്ടും അത് പൊട്ടി വീണില്ല. എവിടെ പോയാലും തന്നിലേക്കു തന്നെ പ്രിയ എന്നെ വലിച്ചിടുമായിരുന്നു. അവൾ അത്രയ്ക്കും പ്രിയമായതു കൊണ്ട് വീഴ്ച്ചയായി എനിക്ക് അനുഭവപ്പെടാറുമില്ല.
ഒരിക്കൽ കർണ്ണാടകയിലെ വിരാജുപേട്ടിൽ കുളിർ കായാൻ പ്രിയയുമായി പോയതായിരുന്നു. ശേഷമുള്ള രണ്ടാം മാസം താൻ ഗർഭിണി യായിരിക്കുന്നു വെന്ന് അവൾ പറഞ്ഞു. ബന്ധപ്പെടുമ്പോൾ നിരോധിത മാർഗ്ഗങ്ങൾ ഉപയോഗിച്ചിട്ടും ശാസ്ത്രം തോറ്റിരിക്കുന്നു. എന്തു ചെയ്യുമെന്ന് അറിയാതെ അവളൊരു ചോദ്യം പോലെ നിന്നു. അമ്മയാകേണ്ടത് നീയാണെന്നും, അതുകൊണ്ട് തീരുമാനം നിന്റേതാണെന്നും പറയാനേ എനിക്ക് ആ നേരം തോന്നിയുള്ളൂ..
‘നിനക്ക് വേണമെന്നില്ലേ…?’
അങ്ങനെ ചോദിക്കുമ്പോൾ അവളുടെ ശബ്ദം ഏങ്ങിയിരുന്നുവോയെന്ന് ഞാൻ സംശയിച്ചിരുന്നു. എന്റെ ആഗ്രഹത്തിന് എന്തു പ്രസക്തിയെന്ന് ചോദിച്ച് ഞാൻ അപ്പോൾ ചിരിക്കുകയായിരുന്നു. അതിന്റെ അർത്ഥം അവൾക്ക് മനസിലായിരുന്നിരിക്കണം. അല്ലെങ്കിൽ, നീ ഇല്ലെങ്കിലും ഈ കുഞ്ഞിനെ താൻ വളർത്തുമെന്ന് അവൾ പറയില്ലായിരുന്നു.
‘എങ്കിലത് എന്റെ സ്വത്തു തന്നെയായിരിക്കും…’
എന്നു പറയുമ്പോൾ ഞാൻ വിങ്ങിയത് ഫോണിന്റെ മറുതലയിൽ ഉണ്ടായിരുന്ന പ്രിയ അറിഞ്ഞിരിക്കുമോയെന്ന് എനിക്ക് അറിയില്ല. ഇതൊക്കെ തന്റെ വീട്ടിൽ അറിയുമ്പോഴുള്ള പുകിലായിരുന്നു അവൾ നേരിടേണ്ട മറ്റൊരു പ്രതിസന്ധി. എന്തായാലും, ഒരിക്കലും ഒളിക്കാൻ പറ്റാത്തയൊരു സത്യത്തെ അവൾ വളരാൻ അനുവദിച്ചിരിക്കുന്നു. ഞാൻ പ്രിയയെ തമിഴ്നാട്ടിലേക്ക് വിളിച്ചു. ആ വേളയിൽ അവിടെയായിരുന്നു. വയനാട്ടിൽ ഉണ്ടായിരുന്ന ജോലിയും വിട്ട് അവൾ വരുകയും ചെയ്തു.
വൈകാതെ ഫോണിലൂടെ പ്രിയയുടെ അമ്മയും ബന്ധുക്കളെല്ലാം കാര്യമറിഞ്ഞു. അല്ലെങ്കിലേ, ഞാൻ അവരുടെയെല്ലാം ആജന്മ ശത്രുവായിരുന്നു. കൊണ്ടുവരുന്ന ഓരോ വിവാഹവും മുളയിലേ പ്രിയ നുള്ളി കളയുമ്പോൾ അവരെല്ലാം എന്നെ ശപിക്കുന്നുണ്ടെന്ന് എനിക്ക് തോന്നാറുണ്ട്. അവരേയും കുറ്റം പറയാൻ പറ്റില്ല. യാതൊരു സുരക്ഷിതത്വവുമില്ലാതെ ജീവിക്കുന്ന ഒരുത്തന്റെ കൂടെ മകളെ പറഞ്ഞുവിടാൻ ആരു തയ്യാറാകുമല്ലേ…!
ഉമിനീര് ഇറക്കിയാൽ പോലും ഛർദ്ദിക്കുന്ന മാസങ്ങളായിരുന്നു ആദ്യത്തെ മൂന്നെണ്ണം. പ്രിയ അവശയായി പോയി. പ്രൈവറ്റിൽ നിന്ന് ഗവണ്മെന്റ് ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയിലേക്ക് സാമ്പത്തികപരമായി ഞാനും വരണ്ടു. ഉണ്ടായിരുന്ന വണ്ടിയും ക്യാമറയുമെല്ലാം വിൽക്കേണ്ടി വന്നു. വീടിനോട് ചേർന്നൊരു ചായക്കടയുണ്ടായിരുന്നതു കൊണ്ട് മൂന്നു ജീവനുകൾ പട്ടിണിയായില്ല. നഷ്ട്ടപ്പെട്ട വസ്തുക്കളിലൊന്നും എനിക്ക് സങ്കടമുണ്ടായിരുന്നില്ല. വിലമതിക്കാനാകാത്ത ഒരു സ്വത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ഞാൻ ആ നേരങ്ങളിലെല്ലാം…
ആരോഗ്യം വീണ്ടെടുക്കുന്ന പ്രിയയുടെ അഞ്ചാം മാസത്തിലാണ് അവളുടെ അമ്മാവനും അനിയത്തിയും ക്ഷണിക്കപ്പെടാതെ ഞങ്ങളെ തേടിയെത്തിയത്. അവൾക്ക് അച്ഛനില്ല. ഈ നേരത്ത് എന്നെ പോലെയൊരു ഊരുതെണ്ടിയുടെ കൂടെ ജീവിക്കുന്നതിൽ പ്രിയയുടെ അമ്മയ്ക്ക് ഭയമുണ്ടത്രെ. പ്രസവം കഴിഞ്ഞു വരാമെന്ന് പറഞ്ഞ് അവളെ വല്ലാതെ അവൾ നിർബന്ധിച്ചു. എന്തു ചെയ്യുമെന്ന അർത്ഥത്തിൽ ആ നേരം പ്രിയ എന്നെ വെറുതേ നോക്കുകയായിരുന്നു.
‘നിന്റെ ഇഷ്ടമാണ് പ്രിയേ… ഞാൻ പറഞ്ഞയച്ചുവെന്ന് ഒരിക്കലും പറയാതിരുന്നാൽ മതി…’
അതുകേട്ടപ്പോൾ കുഞ്ഞിനെ ഏറ്റുവാങ്ങാൻ ആശുപത്രിയിൽ നീ ഉണ്ടാകണമെന്ന് അവൾ എന്നോടു പറഞ്ഞു. ഉണ്ടാകുമെന്ന എന്റെ വാക്കും മുറുക്കെ പിടിച്ചാണ് പ്രിയ അന്നു പോയത്. എല്ലാം കൊണ്ടും അതു നന്നായി. എനിക്ക് നൽകാവുന്നതിലും കൂടുതൽ പരിചരണം അവൾക്ക് കിട്ടും. ഒരു സുപ്രഭാതത്തിൽ ഞാൻ ഇല്ലാതായി പോകുമ്പോൾ അവൾക്കെന്ന് നിൽക്കാനെങ്കിലും ആരെങ്കിലും വേണമല്ലോ…
‘അരവിന്ദ്…. അരവിന്ദ്…’
ലേബർറൂമിൽ നിന്ന് പുറത്തേക്ക് തലയിട്ട് ഒരു നേഴ്സ് രണ്ടുവട്ടം വിളിച്ചു പറഞ്ഞു. പ്രിയയുടെ അമ്മ എന്നെ നോക്കാതെയുള്ള അതേ ഇരുത്തത്തിലാണ്. അരവിന്ദെന്ന് ഒരുവട്ടം കൂടി ആ നേഴ്സ് വിളിച്ചപ്പോൾ അവളുടെ അമ്മ പെട്ടെന്ന് എന്നെ നോക്കുകയും എഴുന്നേൽക്കുകയും ചെയ്തു. ശരിയാണ് അരവിന്ദ് ഞാനാണ്! എന്നെയാണ് വിളിച്ചിരിക്കുന്നത്.
ഒരു പിടച്ചിലോടെ എഴുന്നേറ്റ് ഞാൻ അങ്ങോട്ടേക്ക് ചെന്നു. കതകു മുഴുവനായി തുറന്നപ്പോൾ പുറത്തേക്ക് തലയിട്ട നേഴ്സിന്റെ അരികിലായി മറ്റൊരു നേഴ്സു കൂടിയുണ്ടായിരുന്നു. കൈയ്യിൽ രക്തമിറങ്ങിയ പഞ്ഞിക്കെട്ടു പോലെയുള്ളയൊരു കുഞ്ഞും. അപ്പോഴേക്കും പ്രിയയുടെ അമ്മ എത്തി നോക്കാനായി എന്റെ അടുത്തേക്ക് ചേർന്നിരുന്നു.
അത് എന്റെ കുഞ്ഞാണോയെന്ന് ചിന്തിക്കുമ്പോഴേക്കും അകത്തു നിന്ന് മറ്റൊരു നേഴ്സ് അരവിന്ദിന്റെ കൈയ്യിൽ തന്നെ കൊടുക്കണമെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. തൊട്ടിലായി നീട്ടിയ എന്റെ കൈത്തണ്ടയിലേക്ക് ആ കുഞ്ഞിനെ എടുത്തു വെക്കുമ്പോൾ ഇതാ നിന്റെ സ്വത്തെന്ന് കൂടി ആ നേഴ്സ് ചിരിയോടെ എന്നോട് പറഞ്ഞു. അങ്ങനെ പറയാൻ പ്രിയ ഏൽപ്പിച്ചതായിരിക്കും. അതുകൂടി കേട്ടപ്പോൾ ഞാനൊന്നും കാണുന്നുണ്ടായിരുന്നില്ല. കണ്ണുകൾ നിറഞ്ഞു മൂടിയ ആ കാഴ്ച്ചയിൽ എന്തു കാണാനാണല്ലേ….!!!