വന്ദന മനീഷയുടെ കൈയ്യും വലിച്ചു ഗ്രൗണ്ടിലേക്കോടി. വഴി പകുതിഎത്തിയതും നിന്നു…

Story written by NITYA DILSHE

“”ഡീ.. ഫോൺ എടുത്തു വക്കടി… ദേ, ആ പായും പുലി ഇങ്ങോട്ടു പാഞ്ഞു വര്ണണ്ട്…” ക്ലാസ് റൂമിന്റെ വാതിൽക്കൽ നിന്നും വന്ദനയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടതും മനീഷ ഫോൺ വേഗം കട്ട് ചെയ്തു ബാഗിലൊളിപ്പിച്ചു….

“ഇല്ലടി… പുള്ളിക്കാരി 9C ലേക്ക് പോയി..”” അവൾ ഇളിച്ചു കൊണ്ടു പറഞ്ഞു… ആശ്വാസത്തോടെ നെഞ്ചത്തു കൈവച്ചു..

“അല്ല..എന്തായി..നീ എല്ലാം പറഞ്ഞോ..””

“ഇല്ല..” തല കുനിച്ചുകൊണ്ട് പറഞ്ഞു..

‘”പിന്നെ ..?? നീ ആരാണെന്നു പറഞ്ഞില്ലേ… അപ്പോൾ എന്തു പറഞ്ഞു..??”” ആകാംക്ഷ നിറഞ്ഞിരുന്നു വന്ദനയുടെ സ്വരത്തിൽ…

“”ഞാൻ ആരാണെന്നു മാത്രം പറയാനേ പറ്റിയുള്ളൂ.. അവിടുന്നു ഒന്നും പറഞ്ഞില്ല..ടീച്ചർ വരുന്നെന്നു കേട്ടപ്പോൾ ഞാൻ കട്ട് ചെയ്തു…”” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

“”സാരമില്ല,…പോട്ടെ ഡി…നമുക്കിനി പിന്നെ വിളിക്കാം… ഇപ്പൊ നമ്പർ അറിയാലോ..ഫോൺ എങ്ങാനും പിടിച്ചാൽ നീയും ഞാനും സ്കൂളീന്നു ഔട്ടാ…ഈ ഫോൺ ഒന്നു എടുക്കാൻ ഞാൻ പെട്ട പാട്… അമ്മയെ അല്ല..ആ CID നന്ദന ഉണ്ടല്ലോ..അവൾടെ കണ്ണു വെട്ടിക്കാനാ പാട്..ഫോൺ എന്റെ …, എന്ന പേര് മാത്രേ ഉള്ളു..അച്ഛൻ കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ കെഞ്ചിയിട്ടു കിട്ടിയതാ..അച്ഛൻ പോയതും ‘അമ്മ എടുത്ത് പൂട്ടി വച്ചു…പിന്നെ ഇന്നാ ഞാനും ഇതൊന്നു കാണുന്നത്..വേഗം വാ..വാഷ്റൂം എന്നു പറഞ്ഞു മുങ്ങീതാ..ഇനിയിപ്പോ ചെന്നാൽ PT സാറിന്റെ വായിലിരിക്കുന്നതും കേൾക്കാം…”

വന്ദന മനീഷയുടെ കൈയ്യും വലിച്ചു ഗ്രൗണ്ടിലേക്കോടി..വഴി പകുതിഎത്തിയതും നിന്നു…മനീഷയുടെ വാടിയ മുഖത്തേക്ക് നോക്കി പറഞ്ഞു..

“”ഹാപ്പിയായിട്ടിരിക്കടി…ഈ വന്ദനയുടെ ഒരു പ്ലാനും ഇതുവരെ പൊളിഞ്ഞിട്ടില്ല…ഇതും നമ്മൾ നടത്തിയിരിക്കും…” അതു കേട്ടതും മനീഷയുടെ മുഖത്ത് പ്രതീക്ഷയുടെ ചിരി തെളിഞ്ഞു..

ബസ്സിറങ്ങി നടന്ന് ഗേറ്റിലെത്തിയപ്പോൾ കണ്ടു..അയാളുടെ ബുള്ളറ്റ് ഉമ്മറത്ത്..മനീഷ വന്ദനയുടെ കൈ മുറുക്കി പിടിച്ചു..എന്താണെന്ന് അവൾ പുരികമുയർത്തിയതും കണ്ണ്‌ ബുള്ളറ്റിന് നേരെ നീണ്ടു…..അപ്പോഴേക്കും ശരീരം വിറച്ചു…കൈവെള്ളയിലും നെറ്റിയിലും വിയർപ്പു പൊടിഞ്ഞിരുന്നു..ഇല്ലെങ്കിൽ മാസത്തിലൊരിക്കലേ ഇയാൾടെ വരവുള്ളു..ഇപ്പോൾ അതിനിടയിലും വരുന്നത് കാണാം..

“”നിന്റെ ‘അമ്മ എത്തിയിട്ടുണ്ടാവോ..??”” വന്ദനയുടെ ചോദ്യത്തിന് ഇല്ലെന്ന് തലയാട്ടാനേ കഴിഞ്ഞുള്ളു..ശബ്ദം പോലും പേടിച്ചു ഓടിയൊളിച്ചിരിക്കുന്നു…

“സാരമില്ലടി..നീ എന്റെ വീട്ടിലേക്കു പോരെ..നോട്സ് എന്തെങ്കിലും എഴുതാനുണ്ടെന്നു പറയാം..’അമ്മ വരണ നേരത്ത് പോയാ മതി…”” എന്റെ കൈയ്യും പിടിച്ചു അവൾ നടന്നു…

“”നീയിങ്ങനെ പേടിച്ചിട്ടാ.. ഞാനാണെങ്കിൽ അയാൾടെ തലമണ്ട അടിച്ചു പൊട്ടിച്ചിട്ടുണ്ടാവും..അയാൾടെ ഒരു കെട്ടിപ്പിടുത്തവും തലോടലും.. നിന്റെ അമ്മയെ പറഞ്ഞാ മതി..നിന്റെ ‘അമ്മ ന്യൂസ് ഒന്നും കാണാറില്ലേ….ചില അച്ഛൻമാർ പോലും പെൺമക്കളെ…” അവളൊന്നു നിർത്തി..നീ അമ്മയോട് എല്ലാം പറഞ്ഞിട്ടും നിന്നേക്കാൾ അയാളെയല്ലേ വിശ്വാസം…അല്ല എന്തു കണ്ടിട്ടാനാണവോ നിന്റെ അച്ഛനെ വിട്ടു പൊടികുഞ്ഞായ നിന്നെയും കൊണ്ട് ഇയാൾടെ കൂടെ പോന്നത്.. അയാൾടെ മുഖം കണ്ടാലറിയാം.. വൃത്തികെട്ടവൻ…””

വഴി നീളെ അയാളെയും അമ്മയെയും പ്രാകികൊണ്ടായിരുന്നു അവളുടെ നടപ്പ്….

N ❤️ D

“”ദേ… ഫോൺ ചെയ്യാൻ ഇങ്ങനെ ക്ലാസ്റൂമിനു വെളിയിൽ കാവൽ നിൽക്കണതിന് എനിക്ക് കാര്യമായി ചിലവ് ചെയ്യണം ട്ടൊ…”” ഫോണുമായി ഓടി വന്ന മനീഷയെ വന്ദന കളിയാക്കി…

“അല്ല..ഇന്ന് നല്ല തിളക്കമുണ്ടല്ലോ മുഖം..എന്ത് പറഞ്ഞു..” അവളുടെ തോളിൽ കൈവച്ചു മുഖം താഴ്ത്തി കണ്ണിലേക്ക് നോക്കി ചോദിച്ചു..

“”ഒന്നുല്ലടി.. എന്റെ വിളിക്കായി കാത്തിരിക്കുകയാരുന്നു…കവിതാരചനയിൽ എനിക്ക് ഫസ്റ്റ് പ്രൈസ് കിട്ടിയ കാര്യം പറഞ്ഞു..അത് കേട്ടപ്പോൾ എനിക്കൊരു ഗിഫ്റ്റ് സ്കൂളിൽക്ക് അയക്കുന്നുണ്ടെന്നു പറഞ്ഞു..” അവൾ ചിരിയോടെ വന്ദനയുടെ നെറ്റിയിൽ നെറ്റിമുട്ടിച്ചു…

“”അല്ല..എന്നാണ് നിന്നെ കാണാൻ വരുന്നത്..?? അതിനേ കുറിച്ചൊന്നും പറഞ്ഞില്ലേ…??””

“”ഇല്ലടി..ഞാൻ ഒന്നും ചോദിച്ചില്ല….വിശേഷങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും…പറഞ്ഞു …കേട്ടു…അത്രേ ഉള്ളു..”” അവളുടെ തല കുനിഞ്ഞു..

“”അയാളുടെ ശല്യത്തെക്കുറിച്ച് ഇതുവരെ പറഞ്ഞിട്ടില്ലേ..?? വന്ദന തലക്ക് കൈ കൊടുത്തു..

“”ഇല്ല..പറയണമെന്ന് വിചാരിക്കും..സംസാരിച്ചു തുടങ്ങുമ്പോൾ എന്തോ അത് പറയാനുള്ള ധൈര്യം കിട്ടാറില്ല..എന്തിനാ അവരെക്കൂടി വിഷമിപ്പിക്കുന്നെ….” അവളുടെ ശബ്ദം നേർത്തു..

“”അതല്ലടി…അയാളുടെ അടുത്തുനിന്ന് നിന്നെ രക്ഷിക്കാൻ ഇപ്പോൾ അങ്ങേർക്കു മാത്രേ കഴിയു.. നിനക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്നു അയാളൊന്നു മനസ്സിലാക്കട്ടെ..” അയാളോടുള്ള ദേഷ്യം അവളുടെ വാക്കുകളിലും പ്രകടമായിരുന്നു…..

N ❤️ D

“”എന്തുപറ്റിയെടി… നിന്റെ മുഖമെന്താ വല്ലാതെ..”” ബസ്റ്റോപ്പിൽ എത്തി മനീഷയെ കണ്ടതും വന്ദന ആ മുഖം പിടിച്ചുയർത്തി..അവളുടെ കണ്ണുകൾ കരഞ്ഞു വീർത്ത് ചുവന്നിരുന്നു.. മുടികൾ പാറിപ്പറന്ന് …അവളെ കണ്ടതും നെഞ്ചോന്നാളി..അവൾ ചുറ്റും നോക്കി..ബസ് സ്റ്റോപ്പിൽ പലരും നിൽപ്പുണ്ട്..

“”നീ ഇങ്ങു വാ…”” അവർ ആളുകൾക്കിടയിൽ നിന്നും ബസ്റ്റോപ്പിനു പുറകിലെ ഒഴിഞ്ഞകെട്ടിടത്തിലേക്ക് നിന്നു…

“”പറ.. എന്താ പറ്റിയത്..?””

“”അയാൾ..അയാളിന്നലെ വന്നിരുന്നു….പറഞ്ഞത് അനുസരിക്കുന്നില്ലെന്നു പറഞ്ഞ്.അമ്മയുടെ മുന്നിൽ വച്ചെന്നെ തല്ലി.. ‘അമ്മ നോക്കി നിന്നേ ഉള്ളു..അയാൾടെ കൈയ്യിൽ എന്റെ റൂമിന്റെ എക്സ്ട്രാ കീ ഉണ്ടായിരുന്നെന്ന് തോന്നുന്നു..രാത്രി ഒന്നുറങ്ങിയപ്പോൾ അയാൾ എൻ്റെ ബെഡിന്നരികിൽ… കൈയ്യിൽ കിട്ടിയത് ഫ്ലവർ വേസ് ആണ്.. ഒന്നും നോക്കിയില്ല ..അയാൾടെ തലക്ക് തന്നെ കൊടുത്തു..തല പൊട്ടി….”‘ പറഞ്ഞതും ചുണ്ടുകൾ വിതുമ്പി വിറച്ചു….

“”എന്നിട്ട്..?? അയാൾ ചത്തോ..??”‘

“”അറിയില്ല..അപ്പോഴേക്കും ‘അമ്മ വന്നു..അയാളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…ഞാനിനി അങ്ങോട്ടേക്ക് പോവില്ല..ഞാൻ ഇവിടുന്നു പോവാണ്.. ബുദ്ധിമുട്ടിക്കില്ലെന്നു വിചാരിച്ചതാണ്..ഇനി അങ്ങോട്ടേക്കു തന്നെയല്ലാതെ വേറെ വഴിയില്ലടി….”” അവൾ മുഖം പൊത്തി കരഞ്ഞു കൊണ്ട് താഴെക്കിരുന്നു…

“”അതിന് നിനക്ക് സ്ഥലം അറിയോ..??””

“തൃശൂർ…അയ്യന്തോൾ..അങ്ങനെ ഒരിക്കൽ പറഞ്ഞിരുന്നു..നമ്പർ കൈയ്യിലുണ്ട്..അവിടെയെത്തി വിളിക്കണം…”‘ ഒഴുകിയ കണ്ണുനീർ പുറം കയ്യാൽ തുടച്ചു..

“”നിനക്ക് ആളെ കണ്ടാൽ തിരിച്ചറിയുമോ..??”” ഇടറിയ ശബ്ദത്തിൽ ചോദിച്ചു..നിഷേധാർത്ഥത്തിൽ അവൾ തലയനക്കി ….ഒരു തേങ്ങലോടെ അവളെന്നെ കെട്ടിപ്പിടിച്ചു…

ബസ്സിലേക്കു കയറുമ്പോൾ ഫോണെടുത്തു മനീഷയുടെ കൈയ്യിൽ കൊടുത്തു.

“”ഇത് കൈയ്യിൽ വച്ചോ..അവിടെ എത്തിയാൽ എന്റെ വീട്ടിലെ നമ്പറിൽ വിളിക്കണം..”” യാത്ര പറയുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..

N ❤️ D

“”ദിനേശ്, ഇനി എന്ത് ചെയ്യും.?? നിന്റെ മനസ്സിൽ എന്താ…??””

“”ഇല്ല സഞ്ജു…ഇനിയവളെ ആ വീട്ടിലേക്കു പറഞ്ഞയക്കാനാവില്ല..അത്രയധികം അവൾ അനുഭവിച്ചു കഴിഞ്ഞു..ഒന്നും എന്നോട് പറഞ്ഞിരുന്നില്ല…അറിഞ്ഞിരുന്നെങ്കിൽ അന്നേ ഞാനവനെ പച്ചക്ക് കൊളുത്തിയേനെ…”” ദേഷ്യം കൊണ്ട് ആ മുഖം ചുവന്നിരുന്നു….

“”ഉം…ഇപ്പോഴത്തെ നിയമവശങ്ങളെപ്പറ്റി നിനക്കു കൂടുതൽ പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ.. മനീഷക്കു പതിനാലോ പതിനഞ്ചോ വയസ്സേയുള്ളൂ.അവരെങ്ങാൻ നിനക്കെതിരെ ഒരു കേസ് ഫയൽ ചെയ്താൽ….””

ഒരു നിമിഷം ദിനേശിന്റെ മുഖമൊന്നു പതറി..അയാൾ തുടർന്നു…

“”നീ ആ കുട്ടിയുടെ ആരുമല്ല…അവർക്കത് പ്രൂവ് ചെയ്യാൻ അധികനേരം വേണ്ട..അതിനു മുൻപ് മോളെക്കൊണ്ട് അവർക്കെതിരെ ഒരു കംപ്ലൈന്റ് മൂവ് ചെയ്യണം..”” സഞ്ജയ് ദിനേശിന്റെ പുറത്തു തട്ടി…മൂളിക്കൊണ്ട് ആയാളൊന്നു കണ്ണുകൾ അടച്ചു ദീർഘശ്വാസമെടുത്തു…പിന്നെ പതിയെ പറഞ്ഞു തുടങ്ങി..

“”അതെ.. മറ്റുള്ളവരുടെ കണ്ണിൽ അവളെന്റെ ആരുമല്ല……അവളുടെ അച്ഛൻ അമ്മക്കയച്ച ഡിവോർഴ്‌സ് പേപ്പറിൽ നിന്നും കിട്ടിയ നമ്പർ..ഇപ്പോൾ ആ നമ്പർ ഉപയോഗിക്കുന്നത് ഞാനാണെന്നറിയാതെ തെറ്റി വന്ന ഒരു ഫോൺ കോൾ…ആദ്യമൊരു കൗതുകമായിരുന്നു…അവളൊരിക്കൽ പോലും ഞാനവളുടെ അച്ഛൻ തന്നെയാണോ എന്നു ചോദിച്ചില്ല.. അവൾക്കു വിശ്വാസമായിരുന്നു ഞാനവളുടെ അച്ഛനാണെന്ന്..

പിന്നീട് വിളിച്ചപ്പോളൊക്കെയും അത് തിരുത്താൻ തോന്നിയില്ല….കല്യാണിയോടൊപ്പം ഭൂമികാണാതെ പോയ എന്റെ മകളായിട്ടു തന്നെയാണ് കണ്ടതും…എന്റെ കല്യാണി പോയശേഷം കുറച്ചെങ്കിലും ഞാൻ ജീവിക്കുകയാണെന്നു തോന്നിയത് ഈ മൂന്നു മാസക്കാലമാണ്…

ഇപ്പോഴും അവൾ കരുതുന്നത് ഞാനവളുടെ അച്ഛൻ തന്നെയാണെന്നാണ്..ആ വിശ്വാസത്തിലാണ് അവളെന്നെ തേടി വന്നതും…അവളോടെല്ലാം പറയണം.. “” അയാളുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയർന്നുതാണു…

“”അതിനുമുമ്പ് എന്റെ മകളെ കാ മക്കണ്ണുകൊണ്ടു കണ്ട അവനെ നേരാംവണ്ണം പുറംലോകം കാണിക്കരുത്.. എന്തു വേണമെന്ന് സഞ്ജുനു മനസ്സിലായി കാണുമല്ലോ..'” അയാളുടെ കണ്ണുകളിൽ പകയെരിഞ്ഞു… മുഖം വലിഞ്ഞു മുറുകി…

N ❤️ D

ആറുമാസത്തിനുശേഷം ഒരു ഡിസംബർ

“”ഹലോ അച്ഛാ…ഞാനാണ് മനീഷ…ഈ ക്രിസ്‌മസ്‌ വെക്കേഷൻ ഞാൻ അച്ഛനോടൊപ്പമാണ്… . അടുത്തയാഴ്ച്ച ഞാനങ്ങെത്തും കേട്ടോ…””

അതുകേട്ട് ദിനേശിന്റെ മുഖത്തൊരു പുഞ്ചിരി വിടർന്നിരുന്നു…ഇപ്പോൾ അവൾക്കറിയാം ഞാനവളുടെ ആരുമല്ലെന്നു.. .എങ്കിലും ഞങ്ങൾ അച്ഛനും മകളുമാണെന്നു വിശ്വസിക്കാനാണ് ഞങ്ങൾക്കിഷ്ടം…

സ്നേഹത്തോടെ…..Nitya Dilshe

Related Posts

Leave a Reply

Your email address will not be published. Required fields are marked *