അനാമിക
എഴുത്ത്: ദിപി ഡിജു
‘സോറി മിസ്റ്റര്‍ വസുദേവ്… നിങ്ങളുടെ ഭാര്യയെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കായില്ല… ആക്സിഡന്‍റില്‍ അവര്‍ക്ക് സാരമായ പരുക്കുകള്‍ ഉണ്ടായിരുന്നു…അറിയാമല്ലോ…!!! കുഞ്ഞിനെ ഞങ്ങള്‍ സിസേറിയനിലൂടെ പുറത്തെടുത്തു… മാസം തികയാത്തതു കൊണ്ട് എന്‍ ഐ സി യൂവിലേയ്ക്ക് ഷിഫ്റ്റ് ചെയ്തിരിക്കുകയാണ്… പിന്നെ…!!!’
‘പിന്നെ…??? എന്താണേലും പറഞ്ഞോളൂ ഡോക്ടര്‍…’
‘നിങ്ങളുടെ വൈഫ് വയര്‍ ഇടിച്ചാണ് വീണത് എന്നു അറിയാല്ലോ… സോ…കുഞ്ഞിന് എന്തെങ്കിലും അതിന്‍റെ ഡിഫക്ട്സ് ഉണ്ടോ എന്നു അറിയണമെങ്കില്‍ കുറച്ചു കഴിയേണ്ടി വരും… പീഡിയാട്രീഷന്‍റെ അഭിപ്രായത്തില്‍ തലയ്ക്ക് ചെറിയ ക്ഷതം ഉണ്ടോ എന്നൊരു സംശയം ഉണ്ട്… അങ്ങനെ വന്നാല്‍ മകള്‍ ചിലപ്പോള്‍ ജീവിതകാലം മുഴുവന്‍ പാരലൈസ്ഡ് ആകാനും സാധ്യതയുണ്ട്… ലെറ്റ് അസ് ഹോപ്പ് ഫോര്‍ ദ ബെസ്റ്റ്… ദൈവത്തോട് പ്രാര്‍ത്ഥിക്കാം…’
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഡോക്ടര്‍ പറഞ്ഞ വാക്കുകള്‍ വസുദേവിന്‍റെ ചെവികളില്‍ മുഴങ്ങി കേള്‍ക്കുന്നതു പോലെ തോന്നി.
അന്ന് ഗര്‍ഭിണിയായ തന്‍റെ ഭാര്യയ്ക്ക് രാത്രി തട്ടുദോശ തിന്നണം എന്നു വാശി പിടിച്ചപ്പോള്‍ ബൈക്കില്‍ അവളെയും കയറ്റി പോയതാണ് അയാള്‍. നിയന്ത്രണം തെറ്റി വന്ന ഒരു കാര്‍ തട്ടി അവര്‍ രണ്ടു പേരും റോഡിലേയ്ക്കു വീണു. വയറിടിച്ച് അവള്‍ താഴേയ്ക്ക് വീഴുമ്പോള്‍ അവരുടെ കുഞ്ഞിന് ആ ഉദരത്തില്‍ ഏഴു മാസം മാത്രമേ വളര്‍ച്ച ഉണ്ടായിരുന്നുള്ളൂ. എങ്ങനെയൊക്കെയോ അവിടെ അടുത്തു താമസിച്ചിരുന്നവരുടെ സഹായത്തോടെ അവളെ ഹോസ്പിറ്റല്‍ വരെ എത്തിച്ചു. എന്നാല്‍ അവളുടെ ജീവന്‍ അയാള്‍ക്കു രക്ഷിക്കാനായില്ല.
ആ അപകടത്തിന്‍റെ ബാക്കി പത്രം എന്ന നിലയില്‍ അനാമിക, അവരുടെ മകള്‍ കട്ടിലില്‍ നിന്നു എഴുന്നേല്‍ക്കാന്‍ കഴിവില്ലാത്ത അവസ്ഥയിലുമായി.
‘എന്തിനാ ഏട്ടാ… ഇങ്ങനെ സ്വന്തം കാര്യങ്ങള്‍ പോലും ചെയ്യാന്‍ പറ്റാത്ത ഒരുത്തിക്കു വേണ്ടി ജീവിതം പാഴാക്കുന്നത്…??? ചേട്ടനിപ്പോഴും ചെറുപ്പം അല്ലെ…??? മറ്റൊരു വിവാഹത്തെ കുറിച്ചു ചിന്തിക്കാവുന്നതേ ഉള്ളല്ലോ… ഇങ്ങനെയുള്ള കുട്ടികളെ നോക്കാന്‍ ഒരുപാടു സ്ഥാപനങ്ങളുണ്ട് ഇപ്പോള്‍… അവിടെ എവിടെയെങ്കിലും കുട്ടിയെ ആക്കി കൂടെ…???’
മകളുടെ കാര്യങ്ങള്‍ നോക്കിയിരുന്ന തന്‍റെ പെങ്ങളുടെ സ്നേഹത്തില്‍ ചാലിച്ച വാക്കുകള്‍ക്കുള്ള മറുപടി അയാള്‍ ഒരു പുഞ്ചിരിയില്‍ ഒതുക്കി.
‘അമ്മായി പറഞ്ഞത് ശരിയാണച്ഛാ… എന്തിനാണ് അച്ഛന്‍ ഇങ്ങനെ… എനിക്കുവേണ്ടി വെറുതെ…???’
അവളുടെ നിറഞ്ഞു വന്ന കണ്ണുകള്‍ അയാള്‍ തന്‍റെ കൈകളാല്‍ ഒപ്പി.
സ്വന്തമായി നടത്തിയിരുന്ന സ്ഥാപനം ആയിരുന്നതിനാല്‍, മകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാനായി അയാള്‍ ഓഫീസ് വീട്ടിലേയ്ക്ക് മാറ്റി.
പതിയെ പതിയെ മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ച് അവളുടെ കാലുകള്‍ക്ക് കുറച്ചു കൂടി ബലമുണ്ടെന്ന് അയാള്‍ മനസ്സിലാക്കി.
കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും കാലുകള്‍ കൊണ്ട് എഴുതാനും പടം വരയ്ക്കാനും അവള്‍ക്ക് അയാള്‍ പരിശീലനം നല്‍കി. അവള്‍ വരയ്ക്കുന്ന ചിത്രങ്ങളില്‍ ഒളിഞ്ഞു കിടന്നിരുന്ന മാസ്മരികത അയാളെ അത്ഭുതപ്പെടുത്തി.
മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദധാരിയായിരുന്ന അയാള്‍ ഒരു കമ്പ്യൂട്ടര്‍ വാങ്ങി അവള്‍ക്ക് കാലുകള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന രീതിയില്‍ മാറ്റങ്ങള്‍ വരുത്തി നല്‍കി. അനാമിക അതിവേഗം അതും സ്വയത്തമാക്കി.
പുസ്തകത്തില്‍ വരച്ചിരുന്ന അതേ മാസ്മരികത തുളുമ്പുന്ന ചിത്രങ്ങള്‍ അവള്‍ കമ്പ്യൂട്ടറിലും വരച്ചിരുന്നു. ഫ്രീലാന്‍സര്‍ ആയി വിവിധ മള്‍ട്ടീമീഡിയ കമ്പനികള്‍ക്കു വേണ്ടി അവള്‍ ചിത്രങ്ങള്‍ വരച്ചു കൊടുത്തു തുടങ്ങിയതോടെ വരുമാനവും ലഭിച്ചു തുടങ്ങി.
അവളുടെ ചിത്രങ്ങളുടെ ആവശ്യക്കാര്‍ ഏറി വന്നതോടെ ക്രമേണ ഒരു കൊച്ചു സ്ഥാപനം തുടങ്ങാന്‍ അവള്‍ തീരുമാനിച്ചു. കമ്പനിയുടെ വളര്‍ച്ച കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ആയിരുന്നു.
‘ആന്‍റ് നൗ ഐ വെല്‍ക്കം മിസ് അനാമിക വസുദേവ് ടു റിസീവ് ദ യൂത്ത് ഐക്കണ്‍ അവാര്‍ഡ് ഓഫ് ദി ഇയര്‍…’
സ്റ്റേജില്‍ വിളിച്ചു പറയുന്ന പെണ്‍കുട്ടിയുടെ ശബ്ദത്തിനൊപ്പം ഉയര്‍ന്ന കരഘോഷം കേട്ടാണ് വസുദേവ് ചിന്തകളില്‍ നിന്നും ഉണര്‍ന്നത്. ഇരുന്ന സീറ്റില്‍ നിന്നും എഴുന്നേറ്റു അയാള്‍ അനാമികയുടെ വീല്‍ചെയര്‍ തള്ളി കൊടുത്തു കൊണ്ട് അവളോടൊപ്പം സ്റ്റേജിലേയ്ക്കു കയറി.
‘സോ… അനാമിക… യൂത്ത് ഐക്കണ്‍ ഓഫ് ദി ഇയര്‍ കിട്ടിയിരിക്കുന്ന ഈ സാഹചര്യത്തില്‍ എന്താണ് നിങ്ങള്‍ക്ക് എല്ലാവരോടും പറയാനുള്ളത്…???’
മൈക്ക് അനാമികയുടെ ചുണ്ടുകളോടു ചേര്‍ത്തു പിടിച്ചു കൊണ്ട് ആ പെണ്‍കുട്ടി പറഞ്ഞപ്പോള്‍ കാണികള്‍ എല്ലാം നിശബ്ദരായി അവളുടെ വാക്കുകള്‍ കാതോര്‍ത്തു.
‘എല്ലാവര്‍ക്കും ഒരുപാടു നന്ദിയുണ്ട്… ശരീരം തളര്‍ന്നു പോയ എന്‍റെ മനസ്സും തളര്‍ത്താന്‍ പോന്ന ഒത്തിരി കാര്യങ്ങള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു… ചിലരുടെ വാക്കുകള്‍… ചിലപ്പോഴൊക്കെ പാഴ്ജന്മമായി ഇങ്ങനെ ജീവിക്കുന്നത് എന്തിനാണ് എന്ന ചിന്ത പോലും എന്നില്‍ ഉണ്ടാക്കിയിട്ടുണ്ട്… പക്ഷെ…എന്‍റെ അച്ഛന്‍….’
അവള്‍ വസുദേവിന്‍റെ കൈകളില്‍ അവളുടെ തല ഒന്നു ചേര്‍ത്തു.
‘എത്ര വലിയ പ്രതിസന്ധിയേയും തരണം ചെയ്യാന്‍… എത്ര തളര്‍ന്നവനേയും യൂത്ത് ഐക്കണ്‍ ആക്കാന്‍… ഇതു പോലെ… ഞാന്‍ കൂടെ ഉണ്ടെന്നും… നിനക്ക് അത് സാധിക്കും എന്നു പറയാനും ഒരാള്‍ ഉണ്ടായാല്‍ മതി… ആ ഒരാള്‍ നമ്മുടെ പാഴ്ജന്മം വര്‍ണ്ണങ്ങള്‍ കൊണ്ട് നിറയ്ക്കും… എനിക്ക് താങ്ങായി എന്‍റെ അച്ഛന്‍ ഉണ്ടായിരുന്നു… ഞങ്ങള്‍ക്ക് അതിനുള്ള സാമ്പത്തിക ഭദ്രതയും… എന്നാല്‍ ഇങ്ങനെയുള്ള അവസ്ഥയില്‍ താങ്ങായി ആരും ഇല്ലാത്ത ഒരുപാടു പേര്‍ ഉണ്ടാവില്ലേ എന്ന ചിന്തയാണ് ഇന്ന് എന്നെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്…’
ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവള്‍ തുടര്‍ന്നു.
‘എന്‍റെ സ്ഥാപനത്തില്‍ നിന്നു കിട്ടുന്ന ലാഭവിഹിതം മുഴുവന്‍ ഞാന്‍ കടന്നു പോയ അവസ്ഥയില്‍ താങ്ങാകാന്‍ ആരുമില്ലാത്ത അനേകരുടെ ഉന്നമനത്തിനാണ് ഉപയോഗിക്കുന്നത്… അതിലൂടെ ഒത്തിരി പേര്‍ക്കു ജീവിതം തിരിച്ചു പിടിക്കാന്‍ സാധിക്കുന്നു എന്നറിഞ്ഞതിലും എനിക്ക് അതിയായ ചാരിതാര്‍ഥ്യമുണ്ട്… ഞാന്‍ ഒരു ഭാരമാകും എന്നു കരുതി എന്നെ പരിഹസിച്ചവര്‍ക്ക് ഇതിനേക്കാള്‍ നല്ലൊരു മറുപടിയും നല്‍കാന്‍ എനിക്കാവില്ലല്ലോ… ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു… നമസ്കാരം…’
ആ ഓഡിറ്റോറിയത്തില്‍ തിങ്ങി നിറഞ്ഞിരുന്നവര്‍ എല്ലാം കരഘോഷത്തോടെ എഴുന്നേറ്റു നിന്നു. അവര്‍ക്കിടയിലൂടെ അഭിമാനത്തോടെ തന്‍റെ മകളുടെ വീല്‍ചെയര്‍ ഉരുട്ടി അയാള്‍ പുറത്തേക്കിറങ്ങി.
‘അതേ… എന്‍റെ മകളുടെ തളര്‍ന്ന ശരീരത്തേക്കാള്‍ തളരാത്ത മനസ്സു കാണാനാണ് ഞാന്‍ ശ്രമിച്ചത്… നീ എങ്ങനെ ആയാലും മോളെ… ഞാന്‍ നിന്നെ സ്നേഹിക്കുന്നു… നീ ആയിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ എന്നും നിന്നോടൊപ്പം ഉണ്ടാകും… ഇതു ഞാന്‍ നിന്‍റെ അമ്മയ്ക്ക് കൊടുത്ത വാക്ക് ആണ്…’
ഇരുട്ടു നിറഞ്ഞു തുടങ്ങിയ വഴിയിലേയ്ക്ക് അവളോടൊപ്പം അയാള്‍ ഇറങ്ങി ആകാശത്തേയ്ക്കു നോക്കി മനസ്സില്‍ പറഞ്ഞു. ഒരു നക്ഷത്രം ആ കാഴ്ച്ച കണ്ടു അവരെ നോക്കി കണ്ണു ചിമ്മി കാണിച്ചു.