എഴുത്ത്:-ഗിരീഷ് കാവാലം
“എന്നാ ഇനി അപ്പുക്കുട്ടന് ഒരു പെണ്ണ് നോക്കട്ടെ”
അപ്പുക്കുട്ടന്റെ നേരെ ഇളയവൾ ആയ സിന്ധുവിന്റെ വിവാഹം കഴിഞ്ഞതും ബ്രോക്കർ രാധപ്പൻ പറഞ്ഞു
“അത്ര പ്രായം ഒന്നും ആയില്ലല്ലോ അവന് വയസ്സ് ഇരുപത്തെട്ട് ആയതല്ലേ ഉള്ളൂ. രണ്ടാമത്തവൾ ഇന്ദുവിന്റെ കല്യാണം കൂടി അടുത്ത വരവിന് നടത്തിയിട്ടു പോരെ അപ്പുക്കുട്ടന് ഒരു കല്യാണം “
വലിയമ്മാവൻ മീശ തടവി ഒരു കാരണവരുടെ ആംഗ്യഭാവത്തോടെ ആ അഭിപ്രായം പറഞ്ഞതും അപ്പുക്കുട്ടന്റെ അച്ഛൻ കണ്ണപ്പൻ ചേട്ടനും അമ്മ പത്മജവും ഒരേ ശബ്ദത്തിൽ പറഞ്ഞു
“ങാ…അത് ശരിയാ പറഞ്ഞത്”
അത് കേട്ട ബിന്ദു നാണത്തിൽ പൊതിഞ്ഞ മുഖത്തോടെ അകത്തെ മുറിയിലേക്ക് ഓടി
അപ്പുക്കുട്ടൻ തന്റെ ഷർട്ടിന്റെ കോളർ പിടിച്ചിട്ട് ഒരു ഗൾഫുകാരന്റെ എല്ലാ ഗമയോടും കൂടി ഒന്ന് ഞെളിഞ്ഞിരുന്നു
വരവിൽ കവിഞ്ഞ ആർഭാട ജീവിതത്താൽ കടക്കെണിയിൽ ആയ കണ്ണപ്പൻ ചേട്ടന്റെ നാല് മക്കളിൽ മൂത്തവൻ ആയ അപ്പുക്കുട്ടൻ കുവൈറ്റിൽ പോയി രണ്ട് വർഷം കഴിഞ്ഞാണ് കണ്ണപ്പൻ ചേട്ടൻ കടം ഒക്കെ വീട്ടി തീർത്തതും വീണ്ടും അഭിമാനിയായി ജീവിക്കാൻ തുടങ്ങിയതും
സിന്ധുവിന്റെ കല്യാണത്തിന് അപ്പുക്കുട്ടൻ വന്നത് നീണ്ട നാല് വർഷത്തിനിടെ കഷ്ടപ്പെട്ടു സമ്പാദിച്ച കാശും കൊണ്ടായിരുന്നു
സിന്ധുവിന്റെ താഴെ ഉള്ളത് ജനറൽ നഴ്സിംഗ് ഈ വർഷം പാസ്സ് ആയിറങ്ങിയ ബിന്ദുവും, നഴ്സിംഗിന് തന്നെ അവസാന വർഷക്കാരിയായ ഇന്ദുവും
കുവൈറ്റിലേക്ക് വീണ്ടും പറന്ന അപ്പുക്കുട്ടൻ രണ്ട് വർഷം കഴിഞ്ഞാണ് നാട്ടിലേക്ക് എത്തിയത് അപ്പോഴേക്കും വീട്ടുകാർ ബിന്ദുവിന്റെ കല്യാണം ഉറപ്പിച്ചു ഡേറ്റും നിശ്ചയിച്ചിരുന്നു
വളരെ ഭംഗിയായി ബിന്ദുവിന്റെ കല്യാണവും അപ്പുക്കുട്ടൻ നടത്തി
“ദേ നല്ല ഒരു പെൺകുട്ടി ഉണ്ട് അപ്പുക്കുട്ടന് ചേർന്ന ഒരു പെണ്ണാ.. നല്ല ഫാമിലിയും “
ബിന്ദുവിന്റെ കല്യാണം കഴിഞ്ഞു ചെറുക്കൻ കൂട്ടർ ഇറങ്ങിയതും ബ്രോക്കർ രാധപ്പൻ പറയാൻ മടിച്ചില്ല
“ഞാൻ ഒരു കാര്യം പറയട്ടെ”
പൊങ്ങച്ചക്കാരനായ ഇളയ അമ്മാവൻ പറഞ്ഞതും എല്ലാവരുടെയും ശ്രദ്ധ അയാളിലേക്ക് പോയി
“വയസ്സ് ഇപ്പൊ മുപ്പത് ആയതല്ലേ ഉള്ളൂ. ഉള്ളത് തെളിച്ചു പറയാം, മൂന്നാമത്തവൾ ആയ ഇന്ദുവിന്റെ കല്യാണം കൂടി കഴിഞ്ഞു നിന്റെ കല്യാണം നടത്തിയാൽ, നിന്റെ വില എന്തായിരിക്കും എന്നറിയാമോ”
“മൂന്ന് പെങ്ങന്മാരെ സ്വന്തം അദ്ധ്വാനം കൊണ്ട് കല്യാണം കഴിപ്പിച്ചു വിട്ട ഏത് ചെറുപ്പക്കാരൻ ഉണ്ട് ഈ നാട്ടിൽ”
എല്ലാവരും ഇളയ അമ്മാവൻ പറഞ്ഞതിനെ ന്യായീകരിച്ചു
അപ്പുക്കുട്ടൻ സ്വയം ഒന്നുകൂടി ഞെളിഞ്ഞ് ഇരുന്നു
“അല്ലേൽ തന്നെ സിലിബ്രിറ്റികൾ ഒക്കെ ഇരുപത്തഞ്ചിലും മുപ്പതിലും ഒന്നും അല്ല കല്യാണം കഴിക്കുന്നേ..’
മൂത്തവൾ സിന്ധു കൈകുഞ്ഞിന് കുപ്പി പാൽ കൊടുത്തുകൊണ്ട് പറഞ്ഞു
“നേതാവായ നമ്മുടെ ആന്റണി സർ തന്നെ നാല്പത്തഞ്ച് വയസ്സ് കഴിഞ്ഞല്ലേ കല്യാണം കഴിച്ചത്”
കണ്ണപ്പൻ ചേട്ടൻ ഏറ്റു പറഞ്ഞു
എല്ലാവരെക്കാളും താൻ ഒരു പടി മുകളിൽ ആണെന്ന് അപ്പുക്കുട്ടന് തോന്നിയ നിമിഷം
“വാ അളിയാ സ്ക്കോiച്ച് വിiസ്കി കഴിഞ്ഞ അവധിക്ക് ഇവൻ വന്നപ്പോ കുടിച്ചതാ”
ഇളയ അമ്മാവൻ കണ്ണപ്പൻ ചേട്ടനെ നോക്കി പറയാത്ത താമസം രണ്ടു പേരും കൂടി അകത്തെ മുറിയിലേക്ക് പോയി
വീണ്ടും കുവൈറ്റിലേക്ക് പോയ അപ്പുക്കുട്ടൻ രണ്ട് വർഷത്തിന് ശേഷം മൂന്നാമത്തവൾ ആയ ഇന്ദുവിന്റെ കല്യാണത്തിന് വരാൻ ഇരുന്നപ്പോഴാണ് ഒരു അമേരിക്കൻ കമ്പനിയിലേക്ക് അപ്രതീക്ഷിതമായി കോൺട്രാക്ട് വ്യവസ്ഥയിൽ അവസരം കിട്ടുന്നത്
രണ്ട് വർഷത്തേക്കാണ് കരാർ. കല്യാണത്തിന് പോയാൽ നാല് കാശ് ഉണ്ടാക്കാൻ ഉള്ള സുവർണ അവസരം കൈവിട്ടു പോകും. രണ്ടു വർഷം ജോലി ചെയ്‌താൽ ആകർഷകമായ ഒരു തുകയും കിട്ടും. അതോടെ ഒരു കല്യാണവും കഴിച്ചു അന്തസ്സായി നാട്ടിൽ ഒരു തൊഴിലും നടത്തി ജീവിക്കാം
മനസ്സിൽ പലവിധ പ്ലാനുകൾക്ക് രൂപം കൊടുത്ത അപ്പുക്കുട്ടൻ അച്ഛനെ റിങ് ചെയ്തു
“അച്ഛാ കല്യാണം ഒന്നുകിൽ നീട്ടി വെക്കേണ്ടി വരും അല്ലെങ്കിൽ……..”
അപ്പുക്കുട്ടൻ കാര്യങ്ങൾ പറഞ്ഞതും അച്ഛൻ പറഞ്ഞു
“നീ ജോലിക്ക് കയറിക്കോ അപ്പുക്കുട്ടാ.. അമേരിക്കൻ കമ്പനിയാ വിട്ട് കളയല്ലേ.. കല്യാണത്തിനുള്ള പൈസ അയച്ചു തന്നിട്ടുണ്ടല്ലോ നീ. കല്യാണം ഒക്കെ ഞങ്ങൾ ഭംഗിയായി നടത്തിക്കോളാം”
“ങാ..അതും കുഴപ്പം ഇല്ല ഇപ്പോൾ എല്ലാം വീഡിയോ കാളിൽ കൂടി നേരിട്ട് പങ്കെടുക്കുന്ന പോലെ അല്ലെ”
അപ്പുക്കുട്ടൻ ആത്മവിശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു
പകലും രാത്രിയും എന്നില്ലാതെയും ഓവർ ടൈം ചെയ്തും നല്ലൊരു ബാങ്ക് ബാലൻസുമായി നാല് വർഷത്തിന് ശേഷം അപ്പുക്കുട്ടൻ നാട്ടിലേക്ക് ഫ്ലൈറ്റ് കയറി
“രാധപ്പൻ ചേട്ടാ ഉത്തരവാദിത്വങ്ങൾ ഒക്കെ തീർന്നു ഇനി എനിക്ക് വേണ്ടി ഒരു പെണ്ണ് നോക്കിക്കോ “
അപ്പുക്കുട്ടൻ ബ്രോക്കറേ വിളിച്ചു പറഞ്ഞു ഫോൺ കട്ട് ചെയ്തതും അമ്മ പത്മജം അപ്പുക്കുട്ടന്റെ തോളത്തു തട്ടി
“ഡാ..പിന്നെ സിന്ധുവിന്റെ കാനഡാക്ക് പോക്ക് എല്ലാം നിന്റെ കയ്യിലാ.. നിന്നെ പ്രതീക്ഷിച്ചാ അവളും കെട്ടിയോനും ഇരിക്കുന്നെ”
“ഇരുപത്തഞ്ചു ലക്ഷം എങ്കിലും ആകും വിസക്കും മറ്റെല്ലാ ചിലവിനും കൂടി , നീ അല്ലാതെ ആരാ അവൾക്കുള്ളത്”
“അവളും കുടുംബവും കാനഡക്ക് പോയാൽ ഗുണം അവർക്കല്ല അപ്പുക്കുട്ടാ നിനക്കാ “
ചോദ്യഭാവത്തിൽ അപ്പുക്കുട്ടൻ മൂത്ത അമ്മാവനെ നോക്കി
“അതേ…. പെങ്ങളും കുടുംബവും കാനഡയിൽ ആണെന്ന് പറയുന്ന ഒരു ക്രെഡിറ്റ് ഉണ്ടല്ലോ, അത് നീ നാളെ എവിടെങ്കിലും ഒരു പെണ്ണ് കാണാൻ ചെല്ലുമ്പോഴേ അറിയൂ”
“ങും…….”
അപ്പുക്കുട്ടൻ തറപ്പിച്ചൊന്നു മൂളി
“അമ്മാവൻ പറഞ്ഞത് ശരിയാ എന്നാലും തന്റെ കല്യാണം ഇങ്ങനെ നീണ്ടു പോയാൽ ഇപ്പൊ തന്നെ വയസ്സ് മുപ്പത്തിനാല് ആയി “
അപ്പുക്കുട്ടന്റെ മനസ്സ് ആശയക്കുഴപ്പത്തിൽ ആയി
“മോനെ എത്രയും പെട്ടന്ന് മോൻ ഒരു ജ്യോത്സ്യനെ കണ്ടു കല്യാണ തടസ്സം എന്താന്ന് നോക്കിക്കണം. എന്തെങ്കിലും ഉണ്ടെങ്കിൽ അതിന്റെ പരിഹാര ക്രിയ ചെയ്‌താൽ കല്യാണം പെട്ടന്ന് നടക്കും”
ബന്ധുവായ ഒരു അമ്മ വഴിവക്കിൽ വച്ച് പറഞ്ഞതനുസരിച്ച് അപ്പുക്കുട്ടൻ പരിചയക്കാരനായ ജ്യോൽസ്യൻ രാമേട്ടനെ കാണാൻ പോയി
“വിവാഹം ഉടൻ തന്നെ ഉണ്ട്.. പക്ഷേ ഒരു തടസ്സം ഉണ്ട് അത് മാറണം”
അപ്പുക്കുട്ടൻ ചോദ്യഭാവത്തോടെ ജ്യോൽസ്യരെ നോക്കി
“തടസ്സം വേറെ എവിടുന്നും അല്ല..സ്വന്തം വീട്ടിൽ നിന്ന് തന്നെയാ”
“ങേ….”
ജ്യോൽസ്യൻ രാമേട്ടൻ പറഞ്ഞതും അപ്പുക്കുട്ടൻ ചിന്തയിലായി
“വിഷമിക്കണ്ട. അവർക്ക് നല്ല മനസ്സ് തോന്നി അപ്പുക്കുട്ടന്റെ വിവാഹം നടക്കാൻ ഉള്ള യോഗവും കാണുന്നുണ്ട്. അതിന് വേണ്ട പ്രതിവിധികൾ ചെയ്‌താൽ എല്ലാം മംഗളമായി തന്നെ നടക്കും. അതിന് ശേഷം വെച്ചടി കയറ്റം ആണ് അപ്പുക്കുട്ടന് “
ഒരു നിമിഷം ആശയക്കുഴപ്പത്തിൽ ആയ അപ്പുക്കുട്ടന്റെ മുഖം പൊടുന്നനെ തിളങ്ങി
അടുത്ത ദിവസം വെളിയിൽ പോയി തിരികെ വീട്ടിലേക്ക് വന്ന അപ്പുക്കുട്ടൻ പതിവിലും ഹാപ്പി ആയിരുന്നു
“ജ്യോത്സ്യരു പറഞ്ഞത് ശരിയാ അമ്മേ…ഭാഗ്യം വരുമ്പോ അത് നാല് വശത്തു കൂടിയും വരുമെന്ന ചൊല്ല് എത്ര ശരിയാ…സിന്ധുവിന്റെ കാനഡക്ക് പോക്ക് മാത്രം അല്ല ബിന്ദുവിന്റെയും ഇന്ദുവിന്റെയും ഓസ്ട്രേലിയക്ക് പോകാൻ ഉള്ള വിസയും ശരിയാക്കാൻ പോകുവാ രണ്ടു പേരും ജനറൽ നഴ്സിംഗ് പഠിച്ചിട്ട് ഈ നാട്ടിൽ നിന്ന് ഭാവി കളയേണ്ടവർ അല്ല .. മൂന്ന് മാസത്തിനുള്ളിൽ നിങ്ങൾ പോകാൻ റെഡി ആയിരുന്നോ.. “
“ങാ… ഫുൾ ആയി ഒരു NRI ഫാമിലി ആകുവാന്ന് വച്ചാ അത് ഒരു ഗമ തന്നെയാ “
കണ്ണപ്പൻ ചേട്ടൻ അഭിമാനം കൊണ്ടു
“അല്ല പിന്നെ..നിന്റെ അച്ഛനും വലിയ ഗമയിൽ തന്നെ നിങ്ങളെ വളർത്താൻ നോക്കിയതുകൊണ്ടാ കടം കേറിയത് “
പദ്മജം ഭർത്താവിനെ പിന്താങ്ങി
“ജീവിതം ഒന്നേ ഉള്ളൂ അത് പുതിയ ട്രെൻഡ് അനുസരിച്ചു തന്നെ ജീവിക്കണം “
കണ്ണപ്പൻ ചേട്ടൻ തന്റെ സ്മാർട്ട് ഫോണിൽ ആഞ്ഞു കുത്തികൊണ്ട് പറഞ്ഞു
എല്ലാവരും വളരെ സന്തോഷത്തിലായി…
“ങാ.. പിന്നെ അച്ഛന്റെയും അമ്മയുടെയും ആധാർ കാർഡിന്റെ ഓരോ കോപ്പി വേണം “
“എന്തിനാടാ ഞങ്ങളേം കൂടി കൊണ്ടുപോകാനാണോ.. ദേ ഈ മണ്ണ് വിട്ടു ഞങ്ങൾ രണ്ട് പേരും ഒരിടത്തേക്കും വരുന്നില്ല..ഇവിടിങ്ങനെ തന്നെ ഞങ്ങൾ താമസിച്ചോളാം”
“അതല്ല വൃദ്ധ സദനത്തിൽ അഡ്മിഷന് വേണ്ടിയാ……”
“ഇവരും ഞാനും കൂടി പോയാൽ പിന്നെ നിങ്ങളെ ഒറ്റക്ക് നിർത്തി പോകാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.. പ്രത്യേകിച്ച് അന്യ നാട്ടിന്നുള്ള പണിക്കാർ വിലസുന്ന ഈ നാട്ടിൽ”
“അത് തന്നെയുമല്ല ഇപ്പോഴത്തേന്നല്ല ഇനി മുന്നോട്ടുള്ള ട്രെൻഡും ഇതാ അച്ഛാ “
“എന്റെ ഭഗവതീ …..”
പത്മജം വെള്ളിടിവെട്ടിയപോലെ നെഞ്ചത്ത് കൈ വച്ചു വിളിച്ചു പോയി
“വേണ്ട മോനെ അപ്പുക്കുട്ടാ നീ ഇനി എങ്ങും പോകണ്ട…ഒരു കല്യാണം ഒക്കെ കഴിച്ച് നീ ഇവിടെ തന്നെ നിന്നാ മതി…നിങ്ങൾ മൂന്നുപേരോടും കൂടിയാ പറയുന്നേ”
പദ്മജം പെണ്മക്കളോടായും പറഞ്ഞു
അച്ഛൻ കണ്ണപ്പൻ അന്തം വിട്ടപോലെ നിൽക്കുകകയായിരുന്നു
മുറിക്കുള്ളിലേക്ക് കയറി വാതിൽ അടച്ച അപ്പുക്കുട്ടൻ പുഞ്ചിരിച്ചുകൊണ്ട് ജ്യോൽസ്യൻ രാമേട്ടനെ റിങ് ചെയ്തു പതുക്കെ പറഞ്ഞു
“ജ്യോൽസ്യം മാത്രം അല്ല രാമേട്ടന് വഴങ്ങുന്നത്.. വിവാഹ തടസ്സത്തിന് പ്രതിവിധിയായി പൂജാദി കർമങ്ങൾ അല്ലാതെ കലക്കൻ ഐഡിയ പറഞ്ഞു തരാനും അറിയാം ….വളരെ നന്ദിയുണ്ടേ രാമേട്ടാ…”
പൊട്ടി വന്ന ചിരി അടക്കി നിർത്താൻ അപ്പുക്കുട്ടൻ നന്നേ പ്രയാസപ്പെട്ടുപോയി…..