വരത്തൻ ~ അവസാനഭാഗം (09), എഴുത്ത്: സജി തൈപ്പറമ്പ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

അപ്പാ… കിടക്കുന്നില്ലേ?

നേരം പാതിരാവായിട്ടും ചിന്താമഗ്നനായി മുറ്റത്ത് ഉലാത്തുന്ന മത്തായിച്ചനോട് മോളിക്കുട്ടി ചോദിച്ചു

ഉറക്കം വരുന്നില്ല മോളേ അപ്പനെന്തോ ഉള്ളിലൊരു നീറ്റൽ, ആകപ്പാടെ ഒരു വെപ്രാളവും പരവേശവും

എന്തു പറ്റി അപ്പാ..കടയില് നല്ല കച്ചവടമൊക്കെ ഉണ്ടല്ലോ പിന്നെന്തിനാ അപ്പൻ വിഷമിക്കുന്നത്

അതല്ല മോളേ പഴയ കാര്യങ്ങളൊക്കെ ഓർത്തിട്ടാണ് ഇപ്പോൾ അപ്പൻ്റെ ഉറക്കം പോയത് ,ഞാനൊരു കാര്യം ചോദിച്ചാൽ മോള് സത്യം പറയുമോ?

എന്താ അപ്പാ.. ഇത് ? അപ്പനോട് ഞാൻ എപ്പാഴെങ്കിലും കള്ളം പഞ്ഞിട്ടുണ്ടോ?

മോൾക്കെപ്പോഴെങ്കിലും നിൻ്റെ അമ്മച്ചിയേം ചേട്ടായിയെയും ,കാണണമെന്ന് തോന്നിയിട്ടുണ്ടോ?

അത് കേട്ട് മോളിക്കുട്ടി പെട്ടെന്ന് നിശബ്ദയായി.

പറ മോളേ.. തോന്നിയിട്ടുണ്ടോ?

അപ്പനെന്താ ഇപ്പോൾ ഇങ്ങനെ ചോദിക്കാൻ കാരണം?

അതോ? അപ്പൻ കഴിഞ്ഞ ദിവസം നിൻ്റെ അമ്മച്ചിയുടെ ഫോട്ടോ കാണാനിടയായി

ങ്ഹേ, എങ്ങിനെ?

അയാൾ നടന്ന സംഭവങ്ങൾ അവളോട് വിശദമായി പറഞ്ഞു. അത് കേട്ട് മോളിക്കുട്ടിക്ക് തല കറങ്ങുന്നത് പോലെ തോന്നി

അതെ മോളേ … അവൻ ജോമോനല്ലന്ന് പറഞ്ഞെങ്കിലും ഞാനത് വിശ്വസിച്ചിട്ടില്ല ,ഇപ്പോഴും എൻ്റെ ബലമായ സംശയം അവൻ ജോമോൻ തന്നെയാണെന്നാ ,
അവനെന്തൊക്കെയോ കണക്കുകൂട്ടലുകളുണ്ട്, അതിനാണ് അവൻ ഇവിടെ വന്നത്, അത് കൊണ്ടായിരിക്കും ,നമ്മളിൽ നിന്ന് അവൻ എല്ലാം മറച്ച് വയ്ക്കാൻ ശ്രമിച്ചത്

മോളിക്കുട്ടിയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞ് പോയി.

കർത്താവേ ..ഞാനപ്പോൾ സ്വന്തം സഹോദരനെയാണോ പ്രേമിച്ചത് ?

പശ്ചാതാപത്താൽ,മോളിക്കുട്ടി വിയർത്തൊലിച്ചു

നമുക്കൊന്ന് ,അവിടം വരെ പോയാലോ മോളേ … ?

അപ്പൻ്റെ ചോദ്യം കേട്ട് മോളിക്കുട്ടി വിഷണ്ണയായി നിന്നു

എത്രയായാലും അവിടെയുള്ളത് നിൻ്റെ കൂടപ്പിറപ്പും പെറ്റ തള്ളയുമല്ലേ? നീ മുൻപ് എന്നോട് പലപ്പോഴും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഞാനന്നത് നിരസിക്കുകയായിരുന്നില്ലേ? എൻ്റെ ദുർവ്വാശി കാരണമല്ലേ നിനക്കവരെ നഷ്ടമായത്, അവൾ വഞ്ചിച്ചത് എന്നയല്ലേ? അതിനുള്ള ശിക്ഷ ഈ കാലയളവിനുള്ളിൽ അവൾ അനുഭവിച്ചിട്ടുണ്ടാവും, മാത്രമല്ല അവൾക്കും കൂടി അവകാശമുള്ള നിന്നെ ഞാൻ എക്കാലവും പിടിച്ച് വയ്ക്കുന്നത് ശരിയല്ലല്ലോ?ഇനിയിപ്പോൾ നിൻ്റെ മിന്ന് കെട്ടിന് അവർ രണ്ട് പേരും ഉണ്ടാവണമെന്നാണ് അപ്പൻ്റെ ആഗ്രഹം

അത് വേണോ അപ്പാ … അമ്മയെ കാണാനും അമ്മ പറയുന്ന കഥകൾ കേട്ട് ഉറങ്ങാനുമൊക്കെ ആശിച്ച ഒരു കാലമുണ്ടായിരുന്നു, അന്നൊക്കെ അമ്മ ഒരു ചീത്ത സത്രീയാണെന്നും അവരെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്നുമൊക്കെ അപ്പനാ എന്നോട് ദേഷ്യപ്പെട്ട് പറഞ്ഞിട്ടുള്ളത് ,അങ്ങനെ അമ്മയെക്കുറിച്ച് മോശമായ കഥകൾ മാത്രം കേട്ട് വളർന്ന എൻ്റെ മനസ്സിൽ നിന്നും എപ്പോഴോ ആ ഒരാഗ്രഹം ഇല്ലാതാവുകയായിരുന്നു,
ഇനി അവരെ കണ്ടാലും എനിക്ക് യാതൊരു സ്നേഹവും അവരോട് തോന്നാൻ പോകുന്നില്ല ,ഇത്രയും നാളും എന്നെ നോക്കിയതും വളർത്തിയതുമൊക്കെ എൻ്റെ അപ്പനല്ലേ? എനിക്ക് അപ്പനെ മാത്രം മതി ,എൻ്റെ കാര്യമോർത്ത് അപ്പൻ വിഷമിക്കേണ്ട ,അതൊക്കെ വിട്ട കളയപ്പാ ,വന്നത് ജോമോനാണെങ്കിലും അല്ലെങ്കിലും അയാളിനി ഈ വഴിക്ക് വരില്ല, നമ്മളെന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളോർത്ത് ഉറക്കം കളയുന്നത് ,നാളെ കട തുറന്നാലേ നമുക്ക് ജീവിക്കാൻ പറ്റു, അത് കൊണ്ട് അപ്പൻ പോയി കിടന്നുറങ്ങാൻ നോക്ക് മണി പതിനൊന്ന് കഴിഞ്ഞു

അയാൾ ജോമോനാണെങ്കിൽ, തനിക്കിനി ഒരിക്കലും അയാളുടെ മുഖത്ത് നോക്കാൻ കഴിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട് കൊണ്ടാണ് ,മോളിക്കുട്ടി അപ്പനെ ആ ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.

**************

ദിവസങ്ങൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയ നിഖിലിൻ്റെ മുഖത്തെ തെളിച്ചമില്ലായ്മ അമ്മ രേണുകയിൽ ജിജ്ഞാസയുണ്ടാക്കി ,

എന്ത് പറ്റി മോനേ നീ വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നു ,ഒന്നിനും ഒരു ഉഷാറില്ലാത്ത പോലെ

അമ്മയുടെ ചോദ്യത്തിന് കൃത്യമായ മറുപടി കൊടുക്കണോ അതോ ഒഴിഞ്ഞ് മാറണമോ എന്ന് ഒരു നിമിഷം അയാളാലോചിച്ചു

മോളിക്കുട്ടിയെ മരണത്തിന് വിട്ട് കൊടുക്കാൻ അയാൾക്ക് മനസ്സില്ലായിരുന്നു

മത്തായിച്ചനോട് എല്ലാം മറച്ച് വച്ച് കൊണ്ട് മോളിക്കുട്ടിയെ വിവാഹം കഴിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല ,എന്നെങ്കിലും താൻ അയാളുടെ ശത്രുവിൻ്റെ മകനാന്നെന്ന കാര്യം തിരിച്ചറിയുമ്പോൾ കാര്യങ്ങൾ കൂടുതൽ വഷളാകാനുള്ള സാധ്യത വളരെ കൂടുതലാണ്

പിന്നെ ഏക മാർഗ്ഗം ആരുമറിയാതെ അവളെയും കൊണ്ട് ഒളിച്ചോടുക എന്നതാണ് ,അമ്മയോടും സഹോദരിമാരോടും അവൾ മത്തായിച്ചൻ്റെ മകളാണെന്ന കാര്യം മറച്ച് വയ്ക്കുക, നാല് വയസ്സുള്ളപ്പോൾ ഇവിടെ നിന്നും അപ്പനോടൊപ്പം പലായനം ചെയ്ത മോളികുട്ടിക്ക്, ഈ നാട്ടിലാരെയും തിരിച്ചറിയാൻ കഴിയില്ല ,പിന്നെ മോളിക്കുട്ടിയെ നാട്ടുകാരും തിരിച്ചറിയാനിടയില്ലാത്തത് കൊണ്ട് പഴങ്കഥകളൊന്നും പുറത്ത് വരാൻ സാധ്യതയുമില്ല

ആ ഒരു ആത്മവിശ്വാസത്തിലാണ് നിഖിൽഅമ്മയോട് വിവരങ്ങളൊക്കെ പറഞ്ഞത്

നിനക്ക് വേറെ ആരെയും കിട്ടിയില്ലേടാ കല്യാണം കഴിക്കാൻ , നിൻ്റെ അച്ഛനെ കൊന്നവൻ്റെ സഹോദരിയാണവൾ, അത് നീ എന്താ ആലോചിക്കാതിരുന്നത്?
എൻ്റെ ജീവനുള്ള കാലത്തോളം ഞാനിതിന് സമ്മതിക്കില്ല

നിഖിലിൻ്റെ തീരുമാനത്തെ രേണുക, നിർദ്ദയം തള്ളിക്കളഞ്ഞു

അമ്മയുടെ സമ്മതത്തോടെ മോളിക്കുട്ടിയെ തനിക്ക് സ്വന്തമാക്കാൻ കഴിയില്ലെന്ന് നിഖിലിന് മനസ്സിലായി

എങ്കിലും മോളിക്കുട്ടിയെ കൈയ്യൊഴിയാൻ അയാൾക്ക് മനസ്സ് വന്നില്ല

പിറ്റേ ദിവസം തന്നെ അയാൾ ഇടുക്കിയിലേക്ക് യാത്ര തിരിച്ചു

ഇരുള് വീണ് തുടങ്ങിയപ്പോഴാണ് അടിവാരത്തെത്തിയത്

ദൂരെ നിന്നേ, മത്തായിച്ചൻ്റെ മാതാ ഹോട്ടൽ അടഞ്ഞ് കിടക്കുന്നത് കണ്ട നിഖിൽ അമ്പരന്നു.

അടച്ചിട്ടിരിക്കുന്ന ഹോട്ടലിന് മുന്നിലെത്തിയപ്പോഴാണ് അതിൻ്റെ മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ടുള്ള മത്തായിച്ചൻ്റെഫോട്ടോ പതിച്ച കട്ടൗട്ട് കണ്ട് അയാൾ ഞെട്ടിയത്

വൈദ്യുതാഘാതമേറ്റപോലെ തരിച്ച് നിന്ന നിഖിൽ അവിടെ നിന്ന ഒരു മദ്ധ്യവയസ്കനോട് കാര്യങ്ങൾ അന്വേഷിച്ചു.

അറ്റാക്കായിരുന്നു, ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്നതാ, രാവിലെ മോള് ചെന്ന് വിളിക്കുമ്പോൾ അനക്കമില്ലായിരുന്നു, അങ്ങനെ എല്ലാവരും കൂടി ഹോസ്പിറ്റലിലെത്തിച്ചപ്പോൾ ഡോക്ടറാ പറഞ്ഞത്, മരിച്ചിട്ട് മണിക്കൂറുകളായെന്ന്, മനുഷ്യൻ്റെ കാര്യങ്ങൾ ഇത്രയൊക്കെ ഉള്ളു

നിഖിലിന് തൻ്റെ കൈകാലുകൾക്ക് ബലം കുറയുന്നത് പോലെ തോന്നി
കഴിഞ്ഞ ദിവസമല്ലേ താൻ അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചിട്ട് യാത്ര പറഞ്ഞ് പോയത് എത്ര പെട്ടെന്നാണ് എല്ലാം കഴിഞ്ഞത്

അടക്കം എപ്പോഴാ ചേട്ടാ

മത്തായിച്ചൻ്റെ ശവമടക്കിന് പങ്കെടുക്കണമെന്ന ആഗ്രഹത്തിൽ നിഖിൽ അയാളോട് ചോദിച്ചു

അത് നാല് മണിക്കായിരുന്നു അടക്കം കഴിഞ്ഞാണ് ഞാൻ വരുന്നത്

പാവം മോളിക്കുട്ടി അവൾക്കിപ്പോൾ അപ്പനുമില്ല, അമ്മയുമില്ല, സഹോദരനുമില്ല. തീർത്തും അനാഥ ,

അയാൾക്കവളോടുള്ള അനുകമ്പ കൂടി വന്നു.

ഇപ്പോൾ മരണ വീട്ടിലേക്ക് ചെന്നാലോ എന്നയാൾ ആലോചിച്ചു

വേണ്ട, ഈ സമയത്ത് മോളിക്കുട്ടിയോട് ഒന്നും പറയാൻ പറ്റിയ സാഹചര്യമല്ല

രണ്ട് ദിവസം കഴിയട്ടെ

അയാൾ വണ്ടിയുമെടുത്ത് കൊണ്ട് പഴയ ആ ലോഡ്ജിലേക്ക് പോയി .

രണ്ട് ദിവസത്തിന് ശേഷം പുഴക്കരയിൽ ലോറി കഴുകാനെത്തിയ നിഖിൽ കടവിൽ നിന്ന് തുണി അലക്കുന്ന മോളിക്കുട്ടിയെ കണ്ട് അവളുടെ അടുത്തേയ്ക്ക് ചെന്നു

അപ്രതീക്ഷിതമായി അയാളെ കണ്ട മോളിക്കുട്ടിയുടെ ഉള്ളാലൊരു പിടച്ചിലുണ്ടായി

നിങ്ങളിത് വരെ പോയില്ലേ?

നെഞ്ചിടിപ്പ് പുറത്തറിയിക്കാതെ അവൾ ചോദിച്ചു

പോയതായിരുന്നു ,പക്ഷേ വീട്ടിലെത്തിയപ്പോഴാണ് നിന്നെ എനിക്ക് അത്ര പെട്ടെന്ന് ഉപേക്ഷിക്കാൻ കഴിയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കുന്നത് അത് കൊണ്ടാണ് പിറ്റേന്ന് തന്നെ ഞാൻ തിരിച്ച് വന്നത് ,അപ്പോഴാണ് വിവരങ്ങളൊക്കെ അറിഞ്ഞത്

സത്യത്തിൽ നിങ്ങളാരാണ് എന്തിനാണ് നിങ്ങളിവിടെ കിടന്ന് കറങ്ങുന്നത് ? നിങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ കാരണമാണ് എൻ്റെ അപ്പൻ നെഞ്ച് പൊട്ടി ചത്തത്

മോളിക്കുട്ടിയുടെ മുഖം ദേഷ്യവും സങ്കടവും കൊണ്ട് ചുവന്ന് തുടുത്തു

അപ്പോഴാണ് മത്തായിച്ചൻ്റെയുള്ളിൽ തന്നെക്കുറിച്ച് സംശയം നിലനിന്നിരുന്നു എന്നയാൾക്ക് മനസ്സിലായത്

എല്ലാം ഞാൻ പറയാം മോളിക്കുട്ടി ,മുഴുവൻ കേട്ട് കഴിയുമ്പോൾ നിനക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാം

നിഖിൽ ജോമോനെ പരിചയപ്പെട്ടത് മുതലുള്ള ഓരോ കാര്യവും അവളോട് വള്ളി പുള്ളി വിടാതെ പറഞ്ഞ് കേൾപ്പിച്ചു

നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമായിട്ടും സ്വന്തമാക്കാൻ ഞാൻ ശ്രമിക്കാതിരുന്നത് അറിയാതെയാണെങ്കിലും നിങ്ങൾക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് ഞാനുമൊരു കാരണക്കാരനാണല്ലോ എന്ന പശ്ചാത്താപം കൊണ്ടായിരുന്നു മോളിക്കുട്ടിക്ക് ഇനിയെന്നെ സ്നേഹിക്കാൻ കഴിയില്ലെന്ന് ഇപ്പോഴെനിക്ക് നന്നായിട്ടറിയാം തനിക്ക് വേണമെങ്കിൽ ജോമോൻ്റെ മരണത്തിന് ഉത്തരവാദിയായ എന്നെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കാം

അയാൾ പറഞ്ഞ് നിർത്തി

എല്ലാം കേട്ട് കൊണ്ട് തരിച്ച് നില്ക്കുകയായിരുന്ന മോളിക്കുട്ടി, തൊട്ടടുത്ത നിമിഷം കൈയ്യിലിരുന്ന അലക്കിയ തുണി ബക്കറ്റിലേക്കിട്ട് കൊണ്ട് അയാളുടെ അടുത്തേയ്ക്ക് വന്നു.

നിങ്ങള് ജയിലിൽ പോയാൽ പിന്നെ ,ആരാണ് എന്നെ സംരക്ഷിക്കുന്നത് ,അപ്പനും അമ്മയും ആങ്ങളയും പോയപ്പോൾ എന്നെ ഏറ്റെടുക്കാൻ കർത്താവാണ് നിങ്ങളെ ഇങ്ങോട്ടയച്ചത്, തത്ക്കാലം നിങ്ങളെ ഞാൻ ഒരു പോലീസിനും കോടതിക്കും വിട്ട് കൊടുക്കുന്നില്ല, നിങ്ങൾക്കുള്ള ശിക്ഷ വിധിക്കുന്നത് ഞാനാണ് ,എന്നോടൊപ്പം മരണം വരെ ജീവപര്യന്തം, അതാണ് ശിക്ഷ , എന്താ സമ്മതമാണോ? ഇല്ലെങ്കിൽ പറ ഞാൻ പോലീസിനെ വിളിക്കാം

സങ്കടം മാറി അവളുടെ മുഖത്ത് കുസൃതി നിറഞ്ഞപ്പോഴാണ് അയാൾക്കാശ്വാസമായത്.

പുഴക്കരയിൽ നിന്നും മോളിക്കുട്ടിയെയും കൂട്ടി അയാൾ ആദ്യം പോയത് മത്തായിച്ചൻ്റെ കുഴിമാടത്തിലേക്കായിരുന്നു .

മാത്തൻ പറമ്പിൽ മത്തായിച്ചൻ്റെ മകൾ മോളിക്കുട്ടിയെ ,പോക്കിരി വാസുവിൻ്റെ മകൻ ,ജീവനുള്ള കാലത്തോളം ഒരു കുറവും വരുത്താതെ സംരക്ഷിച്ച് കൊള്ളാമെന്ന്, വാക്ക് തരുന്നു

മോളിക്കുട്ടിയുടെ കൈകൾ ചേർത്ത് പിടിച്ച് കൊണ്ട് നിഖിൽ മത്തായിച്ചൻ്റെ ആത്മാവിനോട് സത്യം ചെയ്തു.

ചക്കിട്ടപ്പാറയിലേക്ക് യാത്ര തിരിക്കുമ്പോൾ അമ്മയെ എങ്ങനെ പാട്ടിലാക്കുമെന്ന ചിന്തയിൽ തല പുകച്ച് കൊണ്ടിരുന്ന നിഖിലിനെ മോളിക്കുട്ടിയാണ് ആശ്വസിപ്പിച്ചത്

അതൊക്കെ എനിക്ക് വിട്ടേക്ക് സ്നേഹം കൊണ്ട് കീഴ്‌പ്പെടുത്താൻ പറ്റാത്ത ഒന്നും ഈ ഭൂമിയിലില്ല

അവൾ പറഞ്ഞത് ശരിയാണെന്ന് സ്വന്തം അനുഭവത്തിലൂടെ അയാൾക്ക് മനസ്സിലായിരുന്നു

അവസാനിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *