മോളികുട്ടീ… ദേ അച്ചായന് ഒരു ഗ്ളാസ്സ് വെള്ളമെടുത്ത് കൊടുക്ക്
മോളിക്കുട്ടിയുടെ രണ്ടാനമ്മ തെയ്യാമ്മ വിളിച്ച് പറഞ്ഞു.
നീയങ്ങ് കൊഴുത്തുരുണ്ടല്ലോടീ കൊച്ചേ… ഇവിടുത്തെ അടുക്കളയിൽ കിടന്ന് വെറുതെ കരിയും പുകയും കൊള്ളുന്നതെന്തിനാ?എൻ്റെ കൂടെ പോര്, ഞാൻ നിനക്ക് ചെലവിന് തരാം
തോബിയാസിൻ്റെ നേർക്ക് വെള്ളവും ഗ്ളാസ്സും നീട്ടിയപ്പോൾ അയാൾ അവളുടെ കൈത്തണ്ടയിൽ കടന്ന്പിടിച്ച് കൊണ്ട് പറഞ്ഞു
ഛീ.. വിടെന്നെ
അറപ്പോടെ കൈ പിൻവലിച്ച് കൊണ്ട് മോളിക്കുട്ടി അടുക്കളയിലേക്ക് പോയി
അടിവാരത്തെ ഏക ഭക്ഷണശാലയാണ്, മത്തായിച്ചൻ്റെ മാതാ ടീ സ്റ്റാൾ,
കൂപ്പിൽ നിന്നും തടിയും, മുളയുമൊക്കെ കയറ്റാൻ വരുന്ന ലോറിക്കാരാണ്, അവിടെ ഭക്ഷണം കഴിക്കാൻ വരുന്നവരിലധികവും
മത്തായിച്ചനെ കൂടാതെ, അയാളുടെ മകൾ മോളിക്കുട്ടിയും, രണ്ടാം ഭാര്യ തെയ്യാമ്മയും സഹായത്തിനായി എപ്പോഴും കൂടെയുണ്ടാവും.
അവിടെ ഭക്ഷണം കഴിക്കാനെത്തുന്നവർ പൊതുവെ നല്ല മര്യാദയുള്ളവരാണെങ്കിലും, അച്ചായനെന്ന് തെയ്യാമ്മ വിളിക്കുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയോടിക്കുന്ന തോബിയാസ് മാത്രം, മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായിരുന്നു
തെയ്യാമ്മ അയാളോട് കൊഞ്ചുകയും കുഴയുകയും ചെയ്യുമെങ്കിലും മോളിക്കുട്ടിക്ക് അയാളെ കണ്ണെടുത്താൽ കണ്ടൂടായിരുന്നു.
നല്ലൊരു മദ്യപാനിയായ തോബിയാസിൻ്റെ ചോരക്കണ്ണുകളും, കൊമ്പൻ മീശയും, മുഖത്ത് വസൂരി കുത്തുള്ള അയാളുടെ തുറിച്ച് നോട്ടവും മാത്രയിരുന്നില്ല അയാളെ വെറുക്കാനുള്ള പ്രധാന കാരണം, സ്വന്തം ഭാര്യയെ ഒറ്റ ച്ചവിട്ടിന് കൊന്ന് കളഞ്ഞവനാണ് തോബിയാ സെന്ന്, ആ ഹൈറേഞ്ച്കാർക്കൊക്കെ അറിയാവുന്നത് പോലെ, അവൾക്കുമറിയാമായിരുന്നു.
ഊണ് തീർന്നോ ചേട്ടാ …
അപരിചിതമായൊരു ശബ്ദം കേട്ട് മോളികുട്ടി അടുക്കളയിൽ നിന്ന് മുൻ വശത്തേയ്ക്കെത്തി നോക്കി.
മുമ്പെങ്ങും കണ്ടിട്ടില്ലാത്തൊരു മുഖം ,കട്ടി മീശയും ഉയരവും അതിനൊത്തവണ്ണവുമുള്ള സുമുഖനായൊരു ചെറുപ്പക്കാരനായിരുന്നു അത് ,
എടിയേ.. ചോറ് ബാക്കിയുണ്ടോ ?
മത്തായിച്ചൻ അടുക്കള ഭാഗത്തേയ്ക്ക് നോക്കി വിളിച്ച് ചോദിച്ചു
ഒരാൾക്ക് കഴിക്കാനുള്ളത് ഉണ്ടപ്പാ …
ചോദിച്ചത് തെയ്യാമയോടാണെങ്കിലും മറുപടി പറഞ്ഞത് മോളിക്കുട്ടിയായിരുന്നു
നിങ്ങളൊരാളല്ലേ ഉള്ളു ? കൂടെ കിളി ( ക്ളീനർ) ഒന്നുമില്ലല്ലോ?
അയാൾ ഓടിച്ച് വന്ന ലോറിയിലേക്ക്, ജിജ്ഞാസയോടെ നോക്കിക്കൊണ്ട് മത്തായിച്ചൻ ചോദിച്ചു
ഇല്ല ഞാൻ തനിച്ചേയുള്ളു
എങ്കിൽ കൈ കഴുകി ഇരുന്നോളു,
അയാളോട് കയറിയിരിക്കാൻ പറഞ്ഞിട്ട് മത്തായിച്ചൻ കസേരയിൽ നിന്നെഴുന്നേറ്റ് മിച്ചമുണ്ടായിരുന്ന തൂശനിലയിൽ ഒരെണ്ണമെടുത്ത് ഡെസ്കിൻ്റെ മുകളിൽ നിവർത്തി വച്ചിട്ട് ജഗ്ഗിലെ വെള്ളം തളിച്ച് കൊടുത്തു
മോളേ ആ ചോറിങ്ങെടുത്തോ
അകത്തയ്ക്ക് നോക്കി വിളിച്ച് പറഞ്ഞിട്ട്, മത്തായിച്ചൻ തിരിച്ച് ചെന്ന് ക്യാഷ് കൗണ്ടറിലെ കസേരയിലേക്കമർന്നിരുന്നു
മീൻ കറിയോ സാമ്പാറോ ഒഴിക്കേണ്ടത്?
ഇലയിൽ ചോറ് വിളമ്പിയതിന് ശേഷം മോളിക്കുട്ടി അയാളോട് ചോദിച്ചു
മീൻ കറി ഒഴിച്ചോളു
മുഖമുയർത്താതെ അയാൾ മറുപടി പറഞ്ഞു
ചോറിനൊപ്പം മറ്റ് കറികളും വിളമ്പി തിരിച്ച് അടുക്കളയിലെത്തിയ മോളിക്കുട്ടി തലനീട്ടി അയാളെ ഒരിക്കൽ കൂടി നോക്കി.
തിരിഞ്ഞും മറിഞ്ഞും നോക്കാതെ , ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അയാളെ കുറിച്ച് അവൾക്ക് അത്ഭുതം തോന്നി.
സാധാരണ ഇവിടെ ഭക്ഷണം കഴിക്കാൻ വരുന്ന ആണുങ്ങളൊക്കെ തന്നോട് സംസാരിക്കാൻ വേണ്ടി മാത്രം എന്തെങ്കിലുമൊക്കെ കുശലം ചോദിക്കുമായിരുന്നു.
ഒന്നും ചോദിക്കാൻ ഇല്ലെങ്കിൽ പോലും അവരൊക്കെ തന്നെ അടിമുടി വീക്ഷിക്കുമായിരുന്നു.
പിന്നെ ഇയാൾക്ക് മാത്രമെന്താ തന്നെ കണ്ടിട്ട് ,ഒരു മൈൻഡ് ഇല്ലാത്തത്?
ആരായിരിക്കുമയാൾ?സ്ഥിരമായിട്ട് കൂപ്പിൽ വരുന്നയാളായിരിക്കുമോ ? ഇനിമുതൽ ഇവിടെ നിന്നായിരിക്കുമോ? അയാൾ ഭക്ഷണം കഴിക്കുന്നത്
അവൾക്കെന്ത് കൊണ്ടോ? ഇന്ന് വരെ മറ്റൊരു പുരുഷനോടും തോന്നാത്ത ഒരാകർഷണീയത ആ ചെറുപ്പക്കാരനോട് തോന്നി.
വെള്ളം …
കാലിഗ്ളാസ്സ് നീട്ടിപ്പിടിച്ച് കൊണ്ട് അയാൾ വിളിച്ച് ചോദിച്ചപ്പോൾ ,മോളിക്കുട്ടി വേഗം ജഗ്ഗുമെടുത്ത് കൊണ്ട് അങ്ങോട്ട് ചെന്നു.
എന്താ പേര്? എവിടുന്നാ വരുന്നത്?
ഗ്ളാസ്സിലേക്ക് ചൂട് വെള്ളം ഒഴിച്ച് കൊടുക്കുമ്പോൾ ഉദ്വോഗത്തോടെ അവൾ ചോദിച്ചു.
പേരും ഊരും അറിഞ്ഞാലെ ഇവിടുന്ന് ഭക്ഷണം കൊടുക്കാറുള്ളോ?
മറുപടിക്ക് പകരം അയാൾ മറു ചോദ്യം ഉന്നയിച്ചപ്പോൾ അവൾ ചൂളിപ്പോയി
കഴിച്ച് കഴിഞ്ഞ ഇല ചുരുട്ടിയെടുത്ത് കൊണ്ട് കൈ കഴുകാനായി അയാൾ പുറത്തേയ്ക്ക് പോയപ്പോൾ അവൾക്കയാളോട് ഈർഷ്യ തോന്നി.
മ്ഹും ,മൊരടൻ..
അവൾ പിറുപിറുത്ത് കൊണ്ട് അടുക്കളയിലേക്ക് തിരിച്ച്പോയി.
ആ കിടക്കുന്ന പാണ്ടിലോറി ആരുടേതാണ് ചേട്ടാ?
ഊണിൻ്റെ കാശ് കൊടുക്കുമ്പോൾ, അയാൾ അപ്പനോട് ചോദിക്കുന്നത് മോളിക്കുട്ടി കേട്ടു .
അതെൻ്റേതാണ്, എന്താ കാര്യം?
കടയുടെ മുന്നിൽ കിടന്ന ,പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു കൊണ്ട് ,സിഗരറ്റ് പുകച്ച് കൊണ്ടിരിക്കുന്ന തോബിയാസ് ചോദിച്ചു.
അത് കുറച്ച് സൈഡാക്കി നിർത്തിയാൽ, എനിക്ക് ലോറി മുന്നോട്ടെടുക്കാമായിരുന്നു
അതിന് കുറച്ച് താമസമുണ്ട്, ഞാനീ സിഗററ്റ് വലിച്ച് തീർന്നിട്ട് നമുക്കാലോചിക്കാം
ഒട്ടും മയമില്ലാതെ, തോബിയാസ് പറഞ്ഞു.
അത് വരെ കാത്ത് നില്ക്കാൻ എനിക്ക് സമയമില്ല, എൻ്റെ ടേണിന് മുമ്പ് എനിക്കവിടെത്തണം
അയാളും വിട്ട് കൊടുത്തില്ല.
നീയേതാടാ ചെക്കാ… ? ഇവിടെ വന്ന് ഈ തോബിയാസിനോട് കയർക്കാനും മാത്രം നീ വളർന്നോ?
തോബിയാസിൻ്റെ കട്ടിയുള്ള പുരികം ,അരിശത്താൽ വില്ല് പോലെ വളഞ്ഞു .
ഞാൻ നോബിൾ ,കട്ടപ്പനക്കാരനാണ്, ഇനി സ്ഥിരമായിട്ട് ഈ വഴിക്ക് തന്നെയുണ്ടാവും, അപ്പോൾ ഡീറ്റെയിലായിട്ട് നമുക്ക് പരിചയപ്പെടാം, പിന്നെ ഞാനാർക്കുവേണ്ടിയും കാത്ത് നിന്നുള്ള ശീലമില്ലാത്തത് കൊണ്ട് പറയുവാ കീ വണ്ടിയിലുണ്ടല്ലോ? തത്ക്കാലം ഞാൻ തന്നെ വണ്ടിയെടുത്ത് മാറ്റിക്കൊള്ളാം
ആ വരുത്തൻ്റെ കൂസലില്ലായ്മ കണ്ട് ,അവിടെ കൂടി നിന്നവർ മൂക്കത്ത് വിരൽ വച്ചു.
തോബിയാസിൻ്റെ മുഖത്ത് നോക്കി ,ഇന്ന് വരെ ആരും ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ല
അതിനുള്ള ധൈര്യം കാണിച്ച ആ ചുണക്കുട്ടനെ ഒന്ന് കൂടി കാണാനായി മോളിക്കുട്ടി മുൻ വശത്തേയ്ക്ക് വന്നു.
തോബിയാസിൻ്റെ ലോറിയെടുത്ത് റോഡിൻ്റെ ഇടത് വശത്തേയ്ക്കൊതുക്കിയിട്ടിട്ട്, തൻ്റെ സ്വന്തം ലോറി മുന്നോട്ടെടുത്ത് പോകുന്ന ഉശിരനായ നോബിളിനെ, മോളിക്കുട്ടി ആരാധനയോടെ നോക്കി നിന്നു.
തുടരും….