മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
എടിയേ… നിങ്ങള് നനയ്ക്കാനും കുളിക്കാനും പോകുന്നുണ്ടെങ്കിൽ വേഗമാവട്ടെ ,ദേ കിഴക്കുന്ന് നല്ല കോള് വച്ച് വരുന്നുണ്ട് , കഴിഞ്ഞ തവണത്തെ പോലെ മഴ തകർത്തെങ്ങാനും പെയ്താൽ മലവെള്ളം കുത്തിയൊലിച്ച് ആ തടിപ്പാലമൊഴുകിയങ്ങ് പോകും , പിന്നെ തിരിച്ച് വരവ് നടക്കില്ല, ഞാൻ പറഞ്ഞേക്കാം
മത്തായിച്ചൻ തെയ്യാമ്മയെ വിളിച്ച്, തൻ്റെ ആശങ്ക പങ്ക് വച്ചു.
ഓഹ് ഞാൻ പൊരേൽ പോയിട്ട് വെള്ളം തിളപ്പിച്ച് കുളിച്ചോളാം, എനിക്കെന്താണോ വല്ലാത്ത കുളിര് തോന്നണ് ,ഒരു പനീടെ ലക്ഷണമുണ്ട്, എടീ മോളിക്കുട്ടി.. നീ കടവിൽ പോകുന്നെങ്കിൽ എൻ്റെ ഈ നൈറ്റിയും പാവാടയും കൂടി ഒന്ന് തിരുമ്മിയെടുത്തേക്ക്
അതും പറഞ്ഞ് തെയ്യാമ്മ, അടുക്കളയുടെ മൂലയിലേക്ക് മാറി നിന്ന്, തൻ്റെ മുഷിഞ്ഞ നൈറ്റി ഊരിയെടുത്ത്, മോളിക്കുട്ടിക്ക് കൊടുത്തിട്ട്, അഴയിൽ കിടന്ന മറ്റൊരു നൈറ്റിയെടുത്ത് ധരിച്ചു.
അസത്ത്! ഒരു നാണോമില്ല, ആരെങ്കിലും പെട്ടെന്ന് കയറി വന്നാൽ ?ശ്ശെ !
തെയ്യാമ്മയുടെ പ്രവൃത്തി മോളിക്കുട്ടിയെ അരിശം കൊള്ളിച്ചു .
മണി നാല് കഴിഞ്ഞതേയുള്ളു, എങ്കിലും, പുഴക്കടവിലേക്കുള്ള കാട്ട് വഴിയിൽ ,ഒരാറ് മണിയുടെ ഇരുള് പരന്നിട്ടുണ്ടായിരുന്നു.
ഇടയ്ക്ക് തണുത്ത കാറ്റടിച്ചപ്പോൾ ,വഴിയിലേക്ക് ഊർന്ന് വീണ കരിയിലകളിൽ ചിലത് ,മുഷിഞ്ഞ തുണികൾ നിറച്ച ബക്കറ്റുമായി നടന്ന് നീങ്ങുന്ന മോളിക്കുട്ടിയുടെ തലയിലും ദേഹത്തും വീണു.
നിശബ്ദതയെ ഭേദിച്ചു കൊണ്ട് ചീവീടുകളുടെ ശബ്ദം ഉയർന്ന് കേൾക്കാൻ തുടങ്ങി ,ഇടയ്ക്ക് ഒരു കടവാവൽ തലയ്ക്ക് മീതെ ചിറകടിച്ച് പറന്ന് പോയപ്പോൾ, മോളിക്കുട്ടി വല്ലാതെ പേടിച്ച് പോയി ,അവൾ നടപ്പിന് വേഗത കൂട്ടി, സാധാരണ കുളിക്കാനും നനയ്ക്കാനും പോകുമ്പോൾ കൂട്ടിന് തെയ്യാമ്മയും, മറ്റ് പെണ്ണുങ്ങളുമൊക്കെയുണ്ടാവും
ഇരുവശവും കുത്തനെയുള്ള മലകൾക്കിടയിലൂടെയുള്ള ഊട് വഴി പിന്നിട്ട് മോളിക്കുട്ടി തുറസ്സായ പുഴക്കരയിലേക്ക് പ്രവേശിച്ചു
അപ്പോൾ മാത്രമാണ് അവൾക്ക് ശ്വാസം നേരെ വീണത്, കടവിലേക്ക് നടന്നടുക്കുമ്പോൾ മറ്റ് പെണ്ണുങ്ങളെയൊന്നും കാണാതിരുന്നപ്പോൾ അവൾക്ക് വീണ്ടും നേരിയ ഭയം തോന്നി
പെട്ടെന്നാണവൾ ആ കാഴ്ച കണ്ടത്, കുറച്ചപ്പുറത്തായി പുഴയിലേക്കിറക്കി നിർത്തിയ ലോറിയുടെ ബമ്പറിൽ കയറി നിന്ന് കൊണ്ട്, നോബിൾ മുൻവശത്തെ ഗ്ളാസ്സ് കഴുകുന്നു.
അവളുടെ മനസ്സിലൊരു മഴവില്ല് വിരിഞ്ഞു.
കയ്യിൽ തൂക്കി പിടിച്ചിരുന്ന ബക്കറ്റ് താഴെ വച്ചിട്ട്, അവൾ അയാളുടെ അടുത്തേയ്ക്ക് ചെന്നു .
വണ്ടി കഴുകാൻ ഞാൻ സഹായിക്കണോ നോബിച്ചായാ..
ഒരുപാട് നാളത്തെ പരിചയമുള്ളയാളെ പോലെ, തന്നോട് സംസാരിക്കാൻ വന്ന മോളിക്കുട്ടിയെ, നോബിൾ തറപ്പിച്ചൊന്ന് നോക്കി.
നിങ്ങള് ശരിക്കും ഡ്രൈവറാണോ? അതോ ക്ളീനറോ? സാധാരണ വണ്ടി കഴുകുന്നത്, ക്ളീനർമാരാ, അത് കൊണ്ട് ചോദിച്ചതാ
നീയിവിടെ തുണി അലക്കാൻ വന്നതോ? അതോ എൻ്റെ പ്രൊഫൈല് ചെക്ക് ചെയ്യാൻ വന്നതോ ,? നീ നിൻ്റെ ജോലി നോക്കി പോടീ പെണ്ണേ ഒന്ന്, കിഴക്കുന്ന് ഇടിച്ച് കുത്തി മഴ വരുന്നുണ്ട്, അതിന് മുമ്പ് ജീവനും കൊണ്ട് പോകാൻ നോക്ക്
നോബിൾ അവളോട് പരുഷമായാണ് പറഞ്ഞത്.
മ്ഹും, എനിക്ക് വന്നത് പോലെ തന്നെ തിരിച്ച് പോകാനും അറിയാം, ഞാനേ ഈ നാട്ടിൽ തന്നെ ജനിച്ച് വളർന്നവളാണ്, അല്ലാതെ ഞങ്ങള് വരുത്തരൊന്നുമല്ല
അയാൾക്ക് കൊള്ളത്തക്ക രീതിയിൽ ഒന്ന് മുനവച്ച് സംസാരിച്ചിട്ട്, ചാടിത്തുള്ളിക്കൊണ്ട് മോളിക്കുട്ടി,കടവിലേക്ക് തിരിച്ച് പോയി.
മുഷിഞ്ഞ തുണികളൊക്കെ തിരുമ്മി കഴുകി ബക്കറ്റിൽ നിറച്ചതിന് ശേഷം, പുഴയിലേക്കിറങ്ങി ഒന്ന് മുങ്ങി നിവർന്നിട്ട്, അവൾ സോപ്പെടുത്ത് കണങ്കാലിൽ നിന്ന് മുകളിലേക്ക് തേച്ച് പിടിപ്പിക്കാൻ തുടങ്ങി.
ഇടയ്ക്കവൾ തല തിരിച്ച് നോബിളിനെ നോക്കി.
അയാളപ്പോൾ പുറം തിരിഞ്ഞ് നിന്ന് കൊണ്ട്, ലോറിയുടെ ടയറിലെ ചെളിനീക്കം ചെയ്യുകയായിരുന്നു.
ശരീരമാസകലം സോപ്പ് തേച്ച്, വീണ്ടും പുഴയിൽ മുങ്ങിയിട്ട് കരയ്ക്ക് കയറുമ്പോഴും, അവൾ പല പ്രാവശ്യം അയാളെ ശ്രദ്ധിച്ചെങ്കിലും ,ഒരിക്കൽ പോലും അയാൾ തന്നെയൊന്ന് തിരിഞ്ഞ് നോക്കാത്തതിൽ, അവൾക്കാശ്ചര്യം തോന്നി.
സാധാരണ ഈ സമയത്ത് മറ്റുള്ളവർ ലോറി കഴുകാൻ വരുന്നത്, പെണ്ണുങ്ങളുടെ കുളിസീൻ കൂടി കാണാമെന്ന ഉദ്ദേശത്തോടെയാണ് ,പക്ഷേ ഇയാൾക്ക് മാത്രമെന്താ അങ്ങനൊരു ചിന്തയില്ലാത്തത്?
ആള് നല്ല വെടിപ്പാണെന്ന് തോന്നുന്നു, അതേതായാലും നന്നായി, പെണ്ണുങ്ങളെ വായിനോക്കാൻ താല്പര്യമില്ലാത്ത ഒരുത്തനെങ്കിലുമുണ്ടല്ലോ?
വിശ്വസിച്ച് കൂടെ പൊറുക്കാൻ പറ്റും ,കെട്ടിയോളെ ഉറക്കി കിടത്തിയിട്ട് ,കണ്ടവള്മാരെ തേടിപ്പോവില്ല
ആദ്യം അയാളോട് തോന്നിയ നീരസം, പിന്നീടവളുടെ മനസ്സിൽ നിന്നും അലിഞ്ഞില്ലാതായി.
****************
രണ്ട് ദിവസമായി നോബിളിനെ കടയിലേക്ക് കണ്ടിട്ട്
ദിവസവും ഊണിൻ്റെ സമയമാകുമ്പോൾ മോളിക്കുട്ടി , പല പ്രാവശ്യം പുറത്തേയ്ക്ക് എത്തി നോക്കും, നോബിളിൻ്റെ ലോറി വന്ന് കടയുടെ മുന്നിൽ പാർക്ക് ചെയ്യുന്നുണ്ടോ എന്ന് ,
ലോറിക്കാരിൽ പലരും വന്ന് രണ്ടാമത്തെ ലോഡുമായി പോയിട്ടും, നോബിളിനെ മാത്രം കാണാതിരുന്നപ്പോൾ, മോളിക്കുട്ടിയുടെ മനസ്സിൽ നിരാശ കൂട് കെട്ടി.
ഇനി, അയാളിങ്ങോട്ട് എപ്പോഴായിരിക്കും വരുന്നത്? സാധാരണ ലോറിക്കാരെല്ലാം ഒന്നിടവിട്ട ദിവസങ്ങളിൽ വന്ന് പോകാറുണ്ട് ,തോബിയാസാണെങ്കിൽ ഒരു ലോഡ് കയറ്റാൻ വന്നാൽ ,രണ്ട് ദിവസം ഇവിടൊക്കെ ചുറ്റിക്കറങ്ങി നടന്നിട്ട് ,സാവധാനമേ തിരിച്ച് പോകാറുള്ളു ,അയാൾക്കിവിടെ പല പെണ്ണുങ്ങളുമായി ചുറ്റിക്കളിയൊക്കെ ഉണ്ടെന്നാണ് പറയാറ് ,ചിറ്റമ്മ (തെയ്യാമ്മ) അയാളോട് പലപ്പോഴും അടുപ്പം കാണിക്കുന്നത്, മോളിക്കുട്ടിക്ക് ഇഷ്ടപ്പെടാറില്ല
ചിറ്റമ്മയെന്തിനാ അയാളോട് കൊഞ്ചാനും കുഴയാനുമൊക്കെ പോകുന്നത് ? അയാള് ആളത്ര ശരിയല്ല
മോളിക്കുട്ടി ,തെയ്യാമ്മയോട് ഒരിക്കൽ ചോദിച്ചു.
ഓഹ് അതെനിക്കറിയാം, നീ നിൻ്റെ കാര്യം നോക്ക്, എന്നെ ഒരുത്തനും തോണ്ടാൻ വരില്ല
മൂന്നാം ദിവസവും നോബിളിനെ പ്രതിക്ഷിച്ച മോളിക്കുട്ടിക്ക് നിരാശയായിരുന്നു ഫലം,
അന്ന് ,തെയ്യാമ്മ സുഖമില്ലാതിരുന്നത് കൊണ്ട് കടയിലേക്ക് വന്നിരുന്നില്ല , അത് കൊണ്ട് ,മോളിക്കുട്ടി ,തനിച്ചാണ് പുഴക്കടവിലേക്ക് നനച്ച് കുളിക്കാൻ പോയത്.
നേരം ഒരു പാട് വൈകി പോയിരുന്നത് കൊണ്ട്, ഇടവഴി പിന്നിട്ട് ,കാട്ട് വഴിയിലേക്ക് നടന്ന് കയറിയ മോളിക്കുട്ടി, ഒരു കൂട്ടിനായി ആരെങ്കിലും പുറകെ വരുന്നുണ്ടോ? എന്ന് പല പ്രാവശ്യം തിരിഞ്ഞ് നോക്കി കൊണ്ടാണ് മുന്നോട്ട് നടന്നത്.
പക്ഷേ ,വഴി നന്നേ വിജനമായിരുന്നു ,നേരിയ ഇരുള് പരന്ന വഴിയിലേക്ക്, എതിർ ദിശയിൽ നിന്നൊരു ലോറി കയറ്റമിറങ്ങി വരുന്നത് കണ്ട്, അവളുടെയുള്ളിൽ പെരുമ്പറ മുഴങ്ങി.
ചെകുത്താനെന്ന ലോറിയുടെ നെയിംബോർഡിലെ പേര് വായിച്ചപ്പോഴാണ് ,അവൾ കൂടുതൽ നടുങ്ങിയത് .
അത് തോബിയാസിൻ്റെ ലോറിയാണെന്ന് അവൾക്കറിയാമായിരുന്നു
പുഴയിൽ വണ്ടി കഴുകാൻ പോയിട്ടുള്ള വരവാണ്.
അവളുടെ മുന്നിലെത്തി ബ്രേക്കിട്ട് നിന്ന ലോറിയിൽ നിന്നും, തോബിയാസ് ചാടിയിറങ്ങി.
അല്ലാ.. നീയിന്ന് തനിച്ചേ യുള്ളോ?
അയാൾ അവളെ തൊട്ട് തൊട്ടില്ല എന്ന രീതിയിൽ നിന്ന് കൊണ്ട് ചോദിച്ചു
ആണെങ്കിൽ തനിക്കെന്താ ? വഴി മാറ്, എനിക്ക് പോകണം
അവൾ ആക്രോശിച്ചു
അങ്ങനങ്ങ് പോയാലോ എനിക്ക് നിന്നോട് ചിലതൊക്കെ ചോദിക്കാനും പറയാനുമുണ്ട്
എനിക്കൊന്നും കേൾക്കണ്ട
അതെങ്ങനാ മോളേ… ശരിയാവുന്നേ, ഈ മലയടിവാരത്തിൽ തോബിയാസ് ആഗ്രഹിച്ച പെണ്ണുങ്ങളൊക്കെ ഞാൻ പറയുന്നതൊക്കെ കേട്ടിട്ടുമുണ്ട്, അവരൊക്കെ എൻ്റെ കൂടെ കിടന്നിട്ടുമുണ്ട്, ഞാനൊന്ന് ആഞ്ഞ് ശ്രമിച്ചിരുന്നേൽ, നീയും എൻ്റെ വെപ്പാട്ടിയായി മാറിയേനെ പക്ഷേ, നിന്നെ എനിക്ക് ആ രീതിയിൽ കാണാനല്ല താല്പര്യം, ഒരു മിന്ന് കെട്ടി കൂടെ പൊറുപ്പിക്കാനാണിഷ്ടം, അതിന് നിൻ്റെ സമ്മതം ചോദിക്കാനാണ്, ഞാനിപ്പോൾ ഈ വഴിയിൽ വണ്ടി നിർത്തിയത്
എൻ്റെ പട്ടി വരും, നിങ്ങളുടെ കൂടെ പൊറുക്കാൻ ,അതിന് വച്ച വെള്ളമങ്ങ് വാങ്ങി വച്ചേര്
എന്ത് പറഞ്ഞെടീ.. നീയ് ,നിന്നെയിവിടെയിട്ട് നശിപ്പിച്ചാൽ പോലും, എന്നോട് ചോദിക്കാൻ ധൈര്യമുള്ള ഒരുത്തനും ഈ നാട്ടിലില്ല
തഴമ്പിച്ച കൈകൾ കൊണ്ട് മോളികുട്ടിയെ അയാൾ കടന്ന് പിടിച്ചു, പിടുത്തം
മുറുകിയപ്പോൾ, അവളുടെ കുപ്പിവളകൾ പൊട്ടിച്ചിതറി, കൈത്തണ്ട മുറിഞ്ഞ് ചോരയൊലിച്ചു , അവൾ അലറി വിളിച്ചു ,ആ വിളിയൊച്ച കരിമ്പാറകളിൽ തട്ടിപ്രതിദ്ധ്വനിച്ചു, വിജനമായ വഴിയുടെ ഇരുവശത്തേക്കും തന്നെ രക്ഷിക്കാൻ ആരെങ്കിലും വരുന്നുണ്ടോയെന്ന് അവൾ പ്രതീക്ഷയോടെ നോക്കി
തുടരും…