വരത്തൻ ~ ഭാഗം 03 & 04, എഴുത്ത്: സജി തൈപ്പറമ്പ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

ഭാഗം-3

പൊടുന്നനെ, ഇരുളിനെ കീറിമുറിച്ച് കൊണ്ട്, കണ്ണഞ്ചിപ്പിക്കുന്ന പ്രകാശവുമായി, മറ്റൊരു വാഹനം ,എതിർ ദിശയിൽ നിന്നും ,അവരുടെ നേരെ പാഞ്ഞ് വന്നു.

അത് കണ്ടതും തോബിയാസിൻ്റെ പിടി ഒന്നയഞ്ഞപ്പോൾ, മോളിക്കുട്ടി കുതറിക്കൊണ്ട് മുന്നോട്ടോടി പോയി.

നാശം പിടിക്കാൻ,

ഇരയെ നഷ്ടപ്പെട്ട വേട്ടനായയെ പോലെ, അയാൾ മുരണ്ടു

എതിരെ വന്ന വാഹനം കടന്ന് പോകാൻ, വഴിയില്ലാതെ തുടരെ ഹോണടിച്ച് കൊണ്ടിരുന്നു.

മാറ്റിത്തരാം, കിടന്നലറണ്ട,

കലി തുള്ളി കൊണ്ട് തോബിയാസ്, തൻ്റെ ലോറിയിലേക്ക് ചാടിക്കയറി.

എതിരെ വന്നത് പഴയ വില്ലീസ് ജീപ്പാണെന്നും, അത് കൊച്ചുതറ പാപ്പിയുടെ ഇളയ മകൻ്റെയാണെന്നും മനസ്സിലായത് കൊണ്ടാണ് തോബിയാസ്, തൻ്റെ ലോറി വഴിയൊതുക്കിയിട്ട്, അയാളെ കടന്ന് പോകാൻ അനുവദിച്ചത്.

കൊച്ചുതറ പാപ്പിയുടെ കൈയ്യാള് കൂടിയാണ് തോബിയാസ്, അയാളുടെ കൊള്ളരുതായ്മകൾക്കൊക്കെ കൂട്ട് നില്ക്കുകയും, എതിരാളികളെ കായികമായി നേരിടുകയും ചെയ്യുന്ന ഒരു വാടകഗുണ്ടയുടെ റോളാണ് തോബിയാസിനുള്ളത് , പ്രതിഫലമായി ,ക ള്ളും ക ഞ്ചാവും പെണ്ണും മതി തോബിയാസിന്.

തൻ്റെ രക്ഷകനായി കർത്താവയച്ചതാണ്, ആ വണ്ടിക്കാരനെയെന്ന് മോളിക്കുട്ടി വിശ്വസിച്ചു.

അവൾ കർത്താവിനെ സ്തുതിച്ച് കൊണ്ട് ,പുഴക്കര ലക്ഷ്യമാക്കി വേഗം നടന്നു.

പുറകെ വരുന്ന വാഹനം തൻ്റെയടുത്ത് നിർത്താനായി, സ്ളോ ചെയ്യുകയാണെന്ന് എഞ്ചിൻ്റെ ശബ്ദം താഴ്ന്ന് വന്നപ്പോൾ, മോളിക്കുട്ടിക്ക് മനസ്സിലായി.

അത് നോബിളായിരുന്നെങ്കിലെന്ന് മോളിക്കുട്ടി വല്ലാതെ ആശിച്ചു, പക്ഷേ, അടുത്തെത്തിയപ്പോഴത് പാപ്പി മുതലാളിയുടെ മോനാണെന്ന് മനസ്സിലായ മോളിക്കുട്ടിക്ക്, നിരാശ തോന്നി.

ങ്ഹാ മോളിക്കുട്ടീ…താനൊറ്റയ്ക്ക് ഈ നേരത്ത് പുഴയിലേക്ക് പോകേണ്ടിയിരുന്നില്ല ,ആ തോബിയാസ് ആളത്ര വെടിപ്പല്ല ,തക്ക സമയത്ത് ഞാൻ വന്നത് കൊണ്ടാണ്, മോടിക്കുട്ടിക്ക് മാനം പോകാതിരുന്നത്

അയാൾ സ്വയം പുകഴ്ത്തി കൊണ്ട് പറഞ്ഞത്, തന്നെ ഫേവറ് ചെയ്യാനാണെന്ന് അവൾക്ക് മനസ്സിലായി.

കർത്താവാണ് കൊച്ചുമുതലാളിയെ ഈ സമയത്ത് ഇവിടെയെത്തിച്ചത്,

അവൾ കൈകൂപ്പി കൊണ്ട് വിനയത്തോടെ പറഞ്ഞു.

കൊച്ചുമുതലാളിയോ? മോളിക്കുട്ടിയെന്നെ അങ്ങനൊന്നും വിളിക്കേണ്ട, എൻ്റെ പേര് സിബിക്കുട്ടിയെന്നാണ്, വേണമെങ്കിൽ സിബച്ചനെന്ന് വിളിച്ചോളു,

ശരി സിബിച്ചാ.. നേരം വൈകുന്നു, ഞാൻ പൊയ്ക്കോട്ടെ,

അല്ല, ഞാനും പുഴക്കരയിലേക്കാണ്, ചൂണ്ടയിടാൻ പോകുവാ, മോളിക്കുട്ടി ഇങ്ങോട്ട് കയറിക്കോളു ,ഒറ്റയ്ക്ക് പോകേണ്ട,

ഹല്ല അത് പിന്നെ …

ഓഹ് എന്ത് പിന്നെ ,മത്തായിച്ചൻ്റെ മോളുടെ മാനം കാക്കണ്ടത്, എൻ്റെയും കൂടെ ചുമതലയാ, ഒന്നുമില്ലേലും, പണ്ട് പപ്പയുടെയൊപ്പം കുറെ നാളുണ്ടായിരുന്നയാളല്ലേ?

അയാളുടെ വാക്കുകൾ അവൾക്ക് വിശ്വസനീയമായി തോന്നി, മാത്രമല്ല ഈ അസമയത്ത്, മാന്യനായ ഒരു പുരുഷൻ്റെ കൂട്ട്, തനിക്ക് കൂടിയേ തീരു എന്നവൾക്കറിയാമായിരുന്നു.

സിബിച്ചൻ്റെ ജീപ്പിൽ പുഴക്കരയിൽ ചെന്നിറങ്ങുമ്പോൾ, അവിടെ തൻ്റെ അയൽക്കാരി മറിയച്ചേടത്തി നിന്ന് തുണി അലക്കുന്നത് കണ്ട മോളിക്കുട്ടിക്ക് ,സമാധാനമായി.

ആഹാ, ഇനി മോളിക്കുട്ടി പേടിക്കേണ്ട ,കടവിൽ പെണ്ണുങ്ങള് നില്പുണ്ട്

സിബിച്ചൻ പറഞ്ഞത് കേട്ട്, അവനെ നോക്കി നന്ദിയോടെ ഒന്ന് പുഞ്ചിരിച്ചിട്ട്, ബക്കറ്റുമെടുത്ത് കൊണ്ട് മോളിക്കുട്ടി പുഴക്കരയിലേക്ക് നടന്നു.

മത്തായിച്ചാ.. അറിഞ്ഞോ? അന്നിവിടെ നിന്ന് ,ആ തോബിയാസുമായി കൊമ്പ് കോർത്ത ആ ചെക്കനില്ലേ? അവനിപ്പോൾ താലൂക്കാശുപത്രിയിലെ പതിന്നാലാം വാർഡിൽ കാലൊടിഞ്ഞ് കിടപ്പോണ്ട്,

രാവിലെ ചായ കുടിക്കാൻ വന്ന നാണു ചേട്ടനാണത് പറഞ്ഞത്.

അത് കേട്ട് കൊണ്ട് അടുക്കളയിൽ പുട്ടിൻ്റെ മാവ് നനച്ച് കൊണ്ട് നിന്ന, മോളിക്കുട്ടിക്ക് ഉള്ളിലൊരാന്തലുണ്ടായി.

അതെന്ത് പറ്റിയതാടോ? തോബിയാസ് തല്ലിയൊടിച്ചതാണോ ?

മത്തായിച്ചൻ ജിജ്ഞാസയോടെ ചോദിച്ചു.

ഹേയ്, ആ കൊച്ചൻ ബൈക്കിലെങ്ങാണ്ട് പോയപ്പോൾ, ഒരു നായ വട്ടംചാടിയതാണത്രെ?

നാശം പിടിക്കാനാൻ, മനുഷ്യൻ്റെ സമാധാനം കളയാനായിട്ട് ,ഒരോനായ്ക്കള് വന്ന് കയറിക്കോളും,

അവൾ അരിശത്തോടെ പിറുപിറുത്തു.

അല്ല, താനെന്തിനാ ഇങ്ങനെ കിടന്ന് വേവലാതി പെടുന്നത് ?അയാൾ തൻ്റെയാരാ?, ഒന്നോ രണ്ടോ തവണ മാത്രം കണ്ടിട്ടുള്ള പരിചയം മാത്രം, താനടുപ്പം കാണിച്ചപ്പോഴൊക്കെ, തന്നിൽ നിന്നും അകന്ന് മാറാൻ ശ്രമിച്ച ഒരു മൊരടൻ, അയാളെ ഓർത്താണോ, താൻ അസ്വസ്ഥയാകുന്നത്?

തൻ്റെ മനസ്സിനെ നിലയ്ക്ക് നിർത്താൻ ആവത് ശ്രമിച്ചെങ്കിലും, മോളിക്കുട്ടിക്ക് അയാളെയൊന്ന് കാണാൻ കൊതി തോന്നി.

കട്ടപ്പനക്കാരനാണെന്നല്ലേ പറഞ്ഞത് ?അപ്പോൾ ഇവിടെ അയാൾക്ക് സഹായത്തിനായി ആരെങ്കിലുമുണ്ടാവുമോ? നാട്ടിൽ നിന്ന് ബന്ധുക്കളാരെങ്കിലും എത്തിക്കാണുമോ? അയാൾക്ക് ബന്ധുക്കളൊക്കെയുണ്ടാവുമോ?

അങ്ങനെ ഒരു നൂറ് ചോദ്യം അവളെ അലട്ടിക്കൊണ്ടിരുന്നു.

അപ്പാ… എനിക്ക് നാളെ രാവിലെ ,ആശുപത്രി വരെയൊന്ന് പോകണം , കുറച്ച് ദിവസമായി വയറിനകത്ത് കുത്തി കുത്തിയുള്ള വേദന, ഓപിയിലൊന്ന് കാണിച്ച് നോക്കാം,

ഉച്ചതിരിഞ്ഞ നേരത്ത് ,അവൾ രണ്ടും കല്പിച്ച് അപ്പനോട് വന്ന് പറഞ്ഞു.

ആണോ ?അങ്ങനെയെങ്കിൽ തെയ്യാമ്മയെയും കൂട്ടി പൊയ്ക്കോ ,നേരത്തെ ഇങ്ങ് വന്നേക്കണം ,അറിയാമല്ലോ ഉച്ചക്കത്തെ ഇവിടുത്തെ തിരക്ക്, എന്നെക്കൊണ്ട് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ പറ്റില്ല,

ചിറ്റമ്മ വേണ്ടപ്പാ .. ഇവിടെ നിന്നോട്ടെ ,ഞാൻ തെക്കേലെ ജാൻസിയെയും കൂട്ടി പൊയ്ക്കൊള്ളാം, അഥവാ ഇത്തിരി താമസിച്ചാലും കുഴപ്പമില്ലല്ലോ?

ഉം എങ്കിൽ ശരി ,മോള് പോയി അപ്പന് ഒരു കട്ടൻ ചായ ഇട്ടോണ്ട് വാ, കടയിന്ന് നേരത്തെ അടയ്ക്കാം, ലോറിക്കാരൊക്കെ ചെക് പോസ്റ്റിൽ കുടുങ്ങി കിടക്കുന്നത് കൊണ്ട്, ഇനി നാളെയേ ഇങ്ങോട്ട് വരു.

മത്തായിച്ചൻ മേശവലിപ്പിൽ നിന്നും, നോട്ടുകൾ പെറുക്കി എണ്ണിയെടുത്തിട്ട്, റബ്ബർ ബാൻ്റിട്ട്, ഷർട്ടിൻ്റെ പോക്കറ്റിലേക്ക് വച്ചു.

പിറ്റേന്ന് ജാൻസിയേയും കൂട്ടി താലൂക്കാശുപത്രിയിലെത്തിയ മോളിക്കുട്ടി ,ഓ പി ചീട്ടെടുത്ത് കൂട്ടുകാരിയെ നീണ്ട ക്യൂവിൽ നിർത്തിയിട്ട്, ബാത്റൂമിൽ പോയി വരാമെന്ന് പറഞ്ഞ് കൊണ്ട്, അവിടെ നിന്ന് പതിയെ മുങ്ങി.

ഇരുവശങ്ങളിലും കുമ്മായക്കെട്ട് ചുമരുകൾ അതിരിടുന്ന , ഇടനാഴിയിലൂടെ പതിനാലാം വാർഡ് തേടി നടക്കുമ്പോൾ, മോളിക്കുട്ടിയുടെ ഹൃദയം പടപടാ മിടിച്ചു.

ഭാഗം 04

ഇടനാഴി അവസാനിക്കുന്നിടത്തു നിന്ന് ഇടത്തോട്ട് തിരിയുമ്പോൾ വാർഡ് പതിനാലെന്ന് ചുമരിലെ വെളുത്ത പ്രതലത്തിൽ കറുത്ത മഷി കൊണ്ടെഴുതിയിരിക്കുന്നത് മോളിക്കുട്ടി കണ്ടു.

നിരനിരയായി ഇട്ടിരിക്കുന്ന ബഡ്ഡുകൾക്കിടയിലൂടെ ആകാംക്ഷയോടെ നടക്കുമ്പോൾ അവളുടെ മിഴികൾ നോബിളിനെ പരതുകയായിരുന്നു .

ഒടുവിൽ അവളുടെ നോട്ടം കൃത്യമായി അയാൾ കിടക്കുന്ന ബഡ്ഡിൽ തന്നെ ചെന്ന് പതിച്ചു.

വലത് കാലിൽ പ്ളാസ്റ്ററിട്ടിരിക്കുന്ന നോബിൾ, ഉടയാത്ത ഒരു പുതിയ കൈലിമുണ്ടാണ് ഉടുത്തിരിക്കുന്നത് ,ചൂട് കൂടുതലായത് കൊണ്ടായിരിക്കും, ധരിച്ചിരുന്ന ഷർട്ടഴിച്ച് ഇരുമ്പ്കട്ടിലിൻ്റെ ക്രാസിയിലിട്ടിട്ട്, അയാൾ അർദ്ധനഗ്നനായി അതിലേക്ക് ചാരിയിരിക്കുകയായിരുന്നു, രോമക്കെട്ടുള്ള നെഞ്ചിൻ്റെ വലത് ഭാഗത്തും, ചോരക്കറ പുരണ്ട ഡ്രെസ്സിങ്ങ് കാണാമായിരുന്നു.

പെട്ടെന്നാണവൾ ,മറ്റൊരു കാഴ്ച കണ്ടത് ,കോട്ടൺ സാരിയുടുത്ത സുന്ദരിയായൊരു യുവതി ,ഫ്ളാസ്കിൽ നിന്നും ഗ്ളാസ്സിലേക്ക് ചായ പകർത്തി, അയാൾക്ക് നേരെ നീട്ടുന്നു.

അവളുടെ മനസ്സിലേക്ക് മിന്നൽ പിണരുകൾ വീണ്, ചുട്ടുപൊള്ളുന്നൊരു ഫീലുണ്ടായി.

പിടിച്ച് കെട്ടിയത് പോലെ അവളവിടെ നിന്നു, ഒരടി മുന്നോട്ട് നടക്കാൻ അവൾക്ക് തോന്നിയില്ല ,ഒരിക്കൽ കൂടി ആ യുവതിയെ അവൾ ആപാദചൂഡം വീക്ഷിച്ചു.

കഴുത്തിൽ മിന്ന് കിടപ്പുണ്ട്.

അതെ ,ഇതയാളുടെ കെട്ട്യോള് തന്നെയാണ് ,താനെന്തൊരു മണ്ടിയാണ് ,വിവാഹിതനായ ഒരുത്തനെ തേടിയാണല്ലോ? താനിവിടെ എത്തിയത് എന്നോർത്തപ്പോൾ, അവൾക്ക് തന്നോട് തന്നെ അവജ്ഞതോന്നി.

ദുഷ്ടനാണയാൾ, വിവാഹിതനാന്നെന്നുള്ള കാര്യം അയാൾ തന്നിൽ നിന്നും മറച്ച് വച്ചു,എന്തിനായിരുന്നത് ?, വിവാഹിതനായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ, താനയാളുടെ പുറകെ ഇങ്ങനെ നടക്കില്ലായിരുന്നു,

അല്ല, താനെന്തൊക്കെയാണ് ഈ ചിന്തിച്ച് കൂട്ടുന്നത് ,അയാളെ എന്തിനാണ് വെറുതെ കുറ്റപ്പെടുത്തുന്നത്? അയാളെന്ത് തെറ്റ് ചെയ്തു? തന്നോടയാൾ പറഞ്ഞോ പുറകെ നടക്കാൻ ?അയാൾ തൻ്റെ പുറകെ വന്നോ?ഇല്ലല്ലോ? താനല്ലേ അയാളെ ഫോളോ ചെയ്തത്?

അയാൾ തന്നെ കാണുന്നതിന് മുമ്പ് ,ഉടഞ്ഞ് പോയ മനസ്സുമായവൾ തിരിഞ്ഞ് നടന്നു.

ദിവസങ്ങൾ കടന്ന് പോയി.

ഉച്ചയൂണിൻ്റെ തിരക്കൊന്ന് കുറഞ്ഞപ്പോൾ, തെയ്യാമ്മ വീക്ക്ലിയെടുത്ത് കൊണ്ട്, നോവലിൻ്റെ തുടർ ഭാഗം വായിക്കാനായി, പുറകിലെ കമഴ്ത്തിയിട്ടിരിക്കുന്ന ഉരലിന് മുകളിൽ കയറിയിരുന്നു.

ഈ സമയം ,അടുക്കളയിൽ നിന്നും മുൻ വശത്തേക്ക് വന്ന മോളിക്കുട്ടി ,കൗണ്ടറിൻ്റെ പുറകിൽ തൂക്കിയിട്ടിരുന്ന കലണ്ടറെടുത്ത്, പുതിയ മാസത്തെ പേജ് നേരെയാക്കിയിട്ടു.

ഊണ് തീർന്നോ മത്തായിച്ചാ?

ആ ശബ്ദം കേട്ട്, മോളിക്കുട്ടി തിരിഞ്ഞ് നോക്കി,

അത് നോബിളായിരുന്നു, ഒരു ഞെട്ടലോടെ അവൾ നോട്ടം പിൻവലിച്ചിട്ട് ,വേഗം അടുക്കളയിലേക്ക് കയറിപ്പോയി.

കസേരയിൽ മലർന്ന് കിടന്ന് മയക്കത്തിലേക്ക് വീണ മത്തായിച്ചൻ, ചോദ്യം കേട്ട് ഉണർന്നിരുന്നു.

ങ്ഹാ ചോറ് തീർന്നല്ലോ കുഞ്ഞേ? അല്ലാ കുറച്ച് കാലമായല്ലോ മോനെ ഈ വഴിക്ക് കണ്ടിട്ട് ?

ഓഹ് ചെറിയൊരു ആക്സിഡൻ്റ് പറ്റിയായിരുന്നു, കഴിഞ്ഞയാഴ്ചയാണ് , ഡിസ്ചാർജായത്, എങ്കിൽ ഞാൻ പോകട്ടെ മത്തായിച്ചാ..

അയാൾ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ച് പറഞ്ഞു.

അല്ലാ, കുഞ്ഞ് കുറച്ച് നേരമിരുന്നാൽ, ദോശ ചുട്ട് തരാം

ങ്ഹാ, ദോശയെങ്കിൽ ദോശ എടുക്ക് മത്തായിച്ചാ.. നല്ല വിശപ്പുണ്ട്,

അയാൾ അകത്തേയ്ക്ക് കയറിയിരുന്നു.

അപ്പാ…ദോശയുടെ മാവ് പുളിച്ചിട്ടൊന്നുമില്ല, അയാളോട് വേറെ ഏതെങ്കിലും കടയിൽ പോയി നോക്കാൻ പറ

അകത്ത് നിന്ന മോളിക്കുട്ടി, നിർദ്ദയം വിളിച്ച് പറഞ്ഞു.

ങ്ഹാ നേരാ അവള് പറഞ്ഞത്, ഇവിടെ സാധാരണ അഞ്ച് മണിക്ക് ശേഷമാണ്, ദോശ കഴിക്കാൻ ആൾക്കാര് വരുന്നത് ,എങ്കിൽ മോൻ ആ കവലയിലെങ്ങാനും ചെന്ന് നോക്ക്, അവിടെ ആ നാരായണൻ്റെ ഹോട്ടലിൽ എന്തേലും കാണും

അപ്പൻ പഞ്ഞത് കേട്ട്, അയാളിറങ്ങി പോകുന്നത് കണ്ടപ്പോൾ ,എന്ത് കൊണ്ടോ മോളിക്കുട്ടിക്ക് വല്ലാത്തൊരു സന്തോഷം തോന്നി.

ഞായറാഴ്ച ദിവസം പളളിയിൽ കുർബാന കഴിഞ്ഞ് തിരിച്ച് പോരുമ്പോഴാണ് , തൻ്റെയരികിലൂടെ മുന്നോട്ട് പോയൊരു ബൈക്ക്, പെട്ടെന്ന് ചവിട്ടി നിർത്തിയത്, മോളിക്കുട്ടി കണ്ടത്

ഹെൽമറ്റ് ഊരിയെടുത്തയാൾ തിരിഞ്ഞ് നോക്കിയപ്പോഴാണ്, അത് കൊച്ചുതറേലെ സിബിച്ചനാണെന്ന് മനസ്സിലായത്.

എന്താ മോളിക്കുട്ടീ …ഇന്ന് തനിച്ചേയുള്ളോ? തെയ്യാമ്മ ചേച്ചി വന്നില്ലേ?

ചിറ്റമ്മയ്ക്ക് സുഖമില്ലായിരുന്നു, അതാ ഞാൻ തനിച്ച് വന്നത്,

എങ്കിൽ എൻ്റെ പിന്നിൽ കയറിക്കോളു, ഞാനാ വഴിക്കാണ്

അയ്യോ വേണ്ട സിബിച്ചാ.. ആരേലും കണ്ടാൽ…സിബിച്ചൻ പൊയ്ക്കോളു, ഞാൻ നടന്ന് വന്ന് കൊള്ളാം

ഹേയ്, കണ്ടാലെന്താ? നമ്മള് തമ്മിൽ ഇഷ്ടത്തിലാണെന്ന് പറഞ്ഞ് പരത്തുമായിരിക്കും, പറഞ്ഞോട്ടെ, എനിക്കതിൽ വിഷമമൊന്നുമില്ല

അയാളൊരു ഗൂഡ സ്മിതത്തോടെ പറഞ്ഞു.

പക്ഷേ, എനിക്ക് വിഷമമുണ്ട്, ഞാനൊരു പാവം ചായക്കടക്കാരൻ്റെ മകളാണ്, സിബിച്ചൻ ,കോടീശ്വരനും, ഒരു പേര് ദോഷം വന്നാൽ നഷ്ടപ്പെടുന്നത്, എനിക്ക് മാത്രമായിരിക്കും

അല്ല മോളിക്കുട്ടി, തനിക്കെന്നെ വിശ്വസിക്കാം ,എന്ത് വന്നാലും ഞാനുണ്ടാവും കൂടെ

അയാളുടെ റൂട്ട് ശരിയായ വഴിക്കല്ലന്ന് അവൾക്ക് മനസ്സിലായി തുടങ്ങിയിരുന്നു.

ഈ സമയത്താണ് എതിർവശത്ത് നിന്ന് നോബിളിൻ്റെ ലോറി കടന്ന് വരുന്നത് അവൾ കണ്ടത്.

അവരുടെയരികിലെത്തി സഡൻ ബ്രേക്കിട്ട ലോറിയിൽ നിന്നും, നോബിൾ ചാടിയിറങ്ങി.

എന്താ കൊച്ചുമുതലാളി , പെമ്പിള്ളാരെ വഴിയിൽ തടഞ്ഞ് നിർത്തി ഒരു കിന്നാരം, വണ്ടി വിട്ട് പോകാൻ നോക്ക്, ഇത് കൊച്ച് മുതലാളിയുടെ അഭീഷ്ടം സാധിക്കാനുള്ള പെണ്ണല്ല, ങ്ഹാ വിട്ടോ വിട്ടോ

അത് പറയാൻ താനാരാ ? തന്നെയാരെങ്കിലും ഇങ്ങോട്ട് ക്ഷണിച്ചോ? എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം

സിബിച്ചനെ ഞെട്ടിച്ച് കൊണ്ട് മോളിക്കുട്ടിയായിരുന്നു അയാളോട് പൊട്ടിത്തെറിച്ചത്.

ടപ്പേ…!

നോബിളിൻ്റെ വലത് കൈ മോളിക്കുട്ടിയുടെ കരണത്ത് പതിച്ചു.

ഇനി മുതൽ നിൻ്റെ കാര്യങ്ങൾ നോക്കുന്നത് ഞാൻ തന്നെയാണെടീ..എനിക്കതിനുള്ള അവകാശമുണ്ടെന്ന് കൂട്ടിക്കോ

കവിള് പൊത്തി പിടിച്ചിരിക്കുന്ന മോളിക്കുട്ടിയോടത് പറഞ്ഞിട്ട്, നോബിൾ സിബിച്ചൻ്റെ നേർക്ക് തിരിഞ്ഞു.

എന്താടാ.. നിന്നോട് പറഞ്ഞത് കേട്ടില്ലേ? അതോ എൻ്റെ കൈ വാങ്ങിച്ചിട്ടേ നീയും പോകുള്ളോ?

അയാളുടെ തീഷ്ണമായ നോട്ടത്തെ നേരിടാനാവാതെ, ബൈക്ക് സ്റ്റാർട്ട് ചെയ്ത് സിബിച്ചൻ പാഞ്ഞ് പോയി.

തൊട്ട് പിറകെ പൊട്ടിക്കരഞ്ഞ് കൊണ്ട് മോളിക്കുട്ടിയും പോയതിന് ശേഷമാണ്, നോബിൾ ലോറിയിലേക്ക് തിരിച്ച് കയറിയത്.

തുടരും…

Related Posts

Leave a Reply

Your email address will not be published. Required fields are marked *