വരത്തൻ ~ ഭാഗം 05 & 06, എഴുത്ത്: സജി തൈപ്പറമ്പ്

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

വരത്തൻ ഭാഗം – 5

റബ്ബർ മരങ്ങൾക്കിടയിലൂടെ ചാല് കീറിയത് പോലെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന ഒറ്റയടി പാതയിലൂടെ നോബിളിൻ്റെ ബുള്ളറ്റ് കുടു കുട് ശബ്ദത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

നേരം പുലരുന്നതേയുള്ളു, കിഴക്ക് വെള്ള കീറിയ മാനത്ത് നിന്നും പൊഴിഞ്ഞ് വീണ ആലിപ്പഴങ്ങൾ വിളഞ്ഞ തേയില ചെടികൾക്ക് മുകളിൽ വെളുത്ത പുതപ്പ് വിരിച്ചിട്ടത് പോലെ പരന്ന് കിടക്കുന്നു

തണുത്ത കാറ്റടിച്ചപ്പോൾ ബുള്ളറ്റിന് പിന്നിലിരുന്ന മോളിക്കുട്ടി ,നോബിളിൻ്റെ വയറിലൂടെ ചുറ്റിപ്പിടിച്ച കൈ ഒന്ന് കൂടി വരിഞ്ഞ് മുറുക്കി അയാളോട് ചേർന്നിരുന്നു.

പരവശയായ തൻ്റെ നെഞ്ചിടിപ്പ് നോബിളിൻ്റെ ചുമലിൽ പതിയുന്നുണ്ടെന്നവൾക്കറിയാമായിരുന്നു

ഇന്നലെയായിരുന്നു നോബിച്ചായൻ തൻ്റെ കഴുത്തിൽ മിന്ന് കെട്ടിയത്, ഒന്നുമങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല ,

കടയിൽ വച്ച് ,ഒരു ദിവസം ഊണ് കഴിച്ച് കഴിഞ്ഞ നോബിച്ചായൻ, കാശ് കൊടുക്കുമ്പോഴാണ് അപ്പനോടത് പറയുന്നത്

മത്തായിച്ചാ.. മോളിക്കുട്ടിയെ എനിക്കിഷ്ടമാണ്, നിങ്ങളവളെ എനിക്ക് കെട്ടിച്ച് തരികയാണെങ്കിൽ, ഞാനവളെ പൊന്ന് പോലെ നോക്കി കൊള്ളാമെന്ന്

അപ്പച്ചന് എതിർപ്പൊന്നുമുണ്ടായിരുന്നില്ല. പിന്നെ എല്ലാം പെട്ടെന്നായിരുന്നു ,അടുത്ത ബന്ധുക്കളെയും നാട്ടുകാരെയും സാക്ഷിയാക്കി വലിയ പളളിയിൽ വച്ച് കല്യാണവും കഴിഞ്ഞു

ഇന്നലെ രാത്രിയിൽ താനൊരു ആഗ്രഹം പറഞ്ഞിരുന്നു

ഇവിടുത്തെ ഏറ്റവും ഉയരമുള്ള കുറത്തി മലയുടെ മുകളറ്റം വരെ നോബിച്ചായൻ്റെ ബൈക്കിന് പിന്നിലിരുന്ന് ഒരു യാത്ര ചെയ്യണമെന്ന്

അതിനാണ് മൂപ്പര് വെളുപ്പാൻ കാലത്ത് കുത്തിപ്പൊക്കിയത്

റബ്ബർ മരങ്ങളെയും തേയിലച്ചെടികളെയും പിന്നിട്ട് ബുള്ളറ്റ് കുത്തനെയുള്ള മല കയറിത്തുടങ്ങി.

മുകളിലേക്ക് ചെല്ലുന്തോറും കുറത്തി മലയുടെ അഗ്രം കാണാൻ പറ്റാത്ത വിധം കോടമഞ്ഞ് വലിയൊരു പുകമറ തീർത്തിരുന്നു

നോബിച്ചായാ.. ഒന്നും കാണാൻ പറ്റുന്നില്ലല്ലോ എനിക്ക് പേടിയാകുന്നു നമുക്ക് തിരിച്ച് പോകാം

നീയെന്തിനാ പെണ്ണേ പേടിക്കുന്നത് നിൻ്റെ ഇച്ചായൻ കൂടെ തന്നെയില്ലേ?

അവൾക്ക് ധൈര്യം പകർന്ന് കൊണ്ട് അയാൾ ബുള്ളറ്റിൻ്റെ ആക്സിലേറ്റർ തിരിച്ച് കൊണ്ടിരുന്നു.

പെട്ടെന്നാണത് സംഭവിച്ചത്, ഏതോ വലിയ കല്ലിൽ തട്ടിയ ബുള്ളറ്റ് നില തെറ്റി അഗാധമായ കൊക്കയിലേക്ക് പതിച്ചു ,വെളുത്ത പുകച്ചുരുളുകൾക്കിടയിലൂടെ നിലയില്ലാ കയത്തിലേക്ക് വീഴുമ്പോഴും നോബിൾ തൻ്റെ ബലിഷ്ഠമായ കൈകൾ കൊണ്ട് മോളിക്കുട്ടിയെ മുറുകെ പിടിച്ചിരുന്നു

ഒടുവിൽ താഴെ ഏതോ പാറക്കെട്ടിൽ തലയിടിച്ച മോളിക്കുട്ടി, വേദനയാൽ നിലവിളിച്ചപ്പോഴാണ്, തെയ്യാമ്മ ഞെട്ടിയുണർന്നത്.

നാശം പിടിക്കാൻ ,എടീ മോളിക്കുട്ടീ.. എന്തിനാടീ കിടന്നലറുന്നത്? നീ വല്ല ദു:സ്വപ്നവും കണ്ടോ?

സുഖനിദ്രയ്ക്ക് വിഘ്നം സംഭവിച്ച തെയ്യാമ്മ, അരിശത്തോടെ അവളെ തട്ടി വിളിച്ചു.

അപ്പോഴാണ് താൻ കണ്ടതൊരു പാഴ്ക്കിനാവാണെന്ന് അവൾക്ക് മനസ്സിലായത്.

************

തിങ്കളാഴ്ച ദിവസമായത് കൊണ്ട് ,കടയിൽ നല്ല തിരക്കുണ്ടായിരുന്നു ,പതിവ് പോലെ മറ്റുള്ളവർ പോയിക്കഴിഞ്ഞപ്പോഴാണ് നോബിൾ ഊണ് കഴിക്കാനെത്തിയത്.

തെയ്യാമ്മ ചോറ് വിളമ്പി തിരിച്ച് പോയപ്പോൾ, കറികൾ വിളമ്പാനായി തൂക്കുപാത്രവുമായി മോളിക്കുട്ടി അങ്ങോട്ട് വന്നു.

പൊരിച്ച മീൻ എടുക്കട്ടെ ,നല്ല പുഴ മീനാണ്

താനടുത്ത് ചെന്നിട്ടും തന്നെയൊന്ന് മൈൻഡ് പോലും ചെയ്യാതെ ,കുനിഞ്ഞിരുന്ന് ചോറ് കഴിച്ച് കൊണ്ടിരിക്കുന്ന നോബിളിനോടവൾ ചോദിച്ചു.

ഒന്നും വേണ്ട ..

പരുക്കൻ ശബ്ദത്തിൽ അയാൾ പറഞ്ഞു

എങ്കിൽ ബീഫ് ഉലർത്തിയതെടുക്കട്ടെ?

ഒന്ന് പോയ് തരാമോ? ഒന്നും വേണ്ടന്ന് പറഞ്ഞില്ലേ?

ശബ്ദമുയർത്തിക്കൊണ്ട് അയാൾ രൂക്ഷമായി അവളെ നോക്കിയപ്പോൾ ഭീതിയോടെ അവൾ തിരിച്ച് അടുക്കളയിലേക്ക് പോയി

ഇയാൾക്ക് തലയ്ക്ക് സുഖമില്ലേ? ഇന്നലെ വഴിയിൽ വച്ച് തന്നെ തല്ലുകയും ശകാരിക്കുകയും ചെയ്തപ്പോൾ പറഞ്ഞത് അവകാശമുള്ളത് കൊണ്ടാണെന്നല്ലേ? പക്ഷേ ഇപ്പോഴത്തെ പെരുമാറ്റം കണ്ടിട്ട് ,അയാൾക്ക് തന്നോട് വിചാരിച്ചത് പോലെയുള്ള അടുപ്പമുണ്ടെന്ന് തോന്നുന്നില്ല

നോബിളിൻ്റെ മനസ്സിലെന്താണെന്നറിയാതെ, മോളിക്കുട്ടി ആകെ പ്രതിസന്ധിയിലായി.

ഊണ് കഴിഞ്ഞ് കൈ കഴുകി തിരികെയെത്തിയ നോബിൾ, പേഴ്സിൽ നിന്നും പൈസയെടുത്ത്കൊണ്ടിരിക്കുമ്പോഴാണ്, റോഡിലൊരു ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയത്, വളവ് തിരിഞ്ഞ് വന്ന ജീപ്പ്, എതിരെ സൈക്കിളിൽ വന്ന ഒരു പെൺകുട്ടിയെ തട്ടിയിട്ടതായിരുന്നു.

പെട്ടെന്നയാൾ കയ്യിലിരുന്ന പേഴ്സ് മേശപ്പുറത്ത് വച്ചിട്ട് ,ഓടിച്ചെന്ന് പെൺകുട്ടിയെ പിടിച്ചെഴുന്നേൽപ്പിച്ചു.

അവളുടെ തല പൊട്ടി ചോരയൊലിക്കുന്നുണ്ടായിരുന്നു.

നോബിൾ പെട്ടെന്ന് തൻ്റെ തോർത്തെടുത്ത് അവളുടെ തലയിലെ മുറിവിൽ വരിഞ്ഞ് കെട്ടി, അപ്പോഴേക്കും ആ കുട്ടിയുടെ ബോധം പോയി.

നോബിൾ അവളെ കോരിയെടുത്ത്, തട്ടിയിട്ട ജീപ്പിലേക്ക് കയറി.

എത്രയും വേഗം അടുത്തുള്ള ഹോസ്പിറ്റലിലേക്ക് വിട്,

അയാൾ ഡ്രൈവറോട് ധൃതിവച്ചു.

ജീപ്പ് ഗവൺമെൻ്റ് ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു.

**************

ആ കൊച്ചൻ, നല്ല മനുഷ്യത്വമുള്ളവനാ ,നാട്ട് കാര് ഇത്രയും പേര് നോക്കി നിന്നപ്പോഴാ, എങ്ങാണ്ടുന്ന് വന്ന ആ ചെറുക്കൻ, ചോരയിൽ കുളിച്ച് റോഡിൽ കിടന്ന കൊച്ചിനെയുമെടുത്തോണ്ട് പോയത്

വൈകുന്നേരം ചായ കുടിക്കാൻ വന്നവരോടൊക്കെ മത്തായിച്ചൻ ,നോബിളിൻ്റെ നന്മയെക്കുറിച്ച് പുകഴ്ത്തി പറഞ്ഞ് കൊണ്ടിരുന്നു.

അല്ല മത്തായിച്ചാ ,ആശുപത്രിയിൽ കൊണ്ട് പോയ കൊച്ചിനെങ്ങനുണ്ടെന്ന് വല്ലതുമറിഞ്ഞോ?

കണാരൻ ചോദിച്ചു.

ങ്ഹാ, അതെങ്ങനെ അറിയാനാ? ആശുപത്രി പോയവര് തിരിച്ച് വരണ്ടേ?
വെപ്രാളത്തിന് ,ആ കൊച്ചൻ്റെ പേഴ്സും ഇവിടെ വെച്ചിട്ടാണ് പോയിരിക്കുന്നത് ,
എന്തായാലും വൈകുന്നേരം അതെടുക്കാൻ വരുമായിരിക്കും

മത്തായിച്ചൻ, മേശവിലിപ്പിൻ്റെ താഴെ വച്ചിരുന്ന പേഴ്സ് അവിടെ തന്നെയുണ്ടോയെന്ന് ഒരിക്കൽ കൂടി കൈയ്യിട്ട് പരിശോധിക്കുന്നതിനിടയിൽ, അത് നിലത്തേയ്ക്ക് വീണു.

അയാൾ കുനിഞ്ഞതെടുക്കുമ്പോൾ, നിവർന്ന് കിടന്നിരുന്ന പേഴ്സിൻ്റെ അകത്തെ അറയിൽ വച്ചിരിക്കുന്ന, ഒരു ബ്ളാക്ക് ആൻ്റ് വൈറ്റ് പാസ്പോർട്ട് സൈസ് ഫോട്ടോ കണ്ട്, മത്തായിച്ചൻ ഞെട്ടി

സംശയം തീർക്കാനായിവീണ്ടും അയാൾ അതിലേക്ക് സൂക്ഷിച്ച് നോക്കി.

അതെ ,ഇതവൾ തന്നെ, തൻ്റെ മോളിക്കുട്ടിയുടെയും , ജോമോൻ്റെയും അമ്മ , തൻ്റെ ആദ്യ ഭാര്യ മേരിക്കുട്ടി .

മത്തായിച്ചന്, തൻ്റെ തലകറങ്ങുന്നത് പോലെ തോന്നി.

പതിനെട്ട് കൊല്ലം മുമ്പ് വടക്കൻ മലബാറിലെ മലയോര ഗ്രാമമായ പേരാമ്പ്രയിൽ നിന്നും, രായ്ക്കുരാമാനം നാല് വയസ്സുള്ള മോളിക്കുട്ടിയെയും തോളിലിട്ട് കൊണ്ട്, പാതിരാത്രിയിൽ പാലായനം ചെയ്തത്, ഇന്നലത്തെ പോലെ അയാളുടെ മനസ്സിൽ തെളിഞ്ഞ് വന്നു.

കൊച്ചു പള്ളിയിലെ വാർഷിക പെരുന്നാളിന്, എല്ലാവർക്കും കൂടി പളളിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും, തനിക്ക് സുഖമില്ലെന്ന് കളവ് പറഞ്ഞ്, മേരിക്കുട്ടി അന്ന് പള്ളിയിലേക്ക് വരാൻ കൂട്ടാക്കിയില്ല

അപ്പോൾ താനാണ്, ഏഴ് വയസ്സുകാരനായ ജോമോനെ അവൾക്ക് കൂട്ടിരുത്തിയിട്ട്, കളിപ്പാട്ടം വേണമെന്ന് പറഞ്ഞ് നിർബന്ധം പിടിച്ച് കരയുന്ന, മോളിക്കുട്ടിയുമായി പള്ളിയിലേക്ക് പോയത്.

വരുമ്പോൾ ജോമോന് കൈയ്യിൽ കെട്ടാൻ വാച്ച് കൊണ്ട് കൊടുക്കാമെന്ന് സമ്മതിച്ചിട്ടാണ്, അവൻ അമ്മയോടൊപ്പം നിന്നത്.

പള്ളിയിൽ ചെന്ന്, വെടിക്കെട്ട് കണ്ട് കൊണ്ട് നിന്നപ്പോൾ നേരം പോയതറിഞ്ഞില്ല

ഒടുവിൽ മക്കൾക്ക് വേണ്ട കളിപ്പാട്ടങ്ങളും വാങ്ങി, വീട്ടിലേക്ക് വരുമ്പോൾ, മണി പന്ത്രണ്ടാകാറായിരുന്നു.

മുറ്റത്തെത്തിയപ്പോൾ, മുൻ വാതിൽ തുറന്ന് തൻ്റെ മുന്നിലേക്കിറങ്ങി വന്ന പോക്കിരി വാസുവിനെ കണ്ട് താൻ ഞെട്ടിപ്പോയി.

കുറച്ച് നാളായിട്ടുള്ള ഒരാഗ്രഹമായിരുന്നു, ഇന്നാണ് അതിന് അവസരം ഒത്ത് കിട്ടിയത്, പിന്നെ.. ഇപ്പോൾ താൻ മാത്രമേ അറിഞ്ഞിട്ടുള്ളു ,വെറുതെ ബഹളം വച്ച് നാട്ട്കാരെ അറിയിച്ചാൽ, നാണക്കേട് തനിക്ക് തന്നെയാണ്

ഒരു വിടലച്ചിരിയോടെ തൻ്റെ തോളിൽ തട്ടി അങ്ങനെ പറഞ്ഞിട്ട് ,ഒരു കൂസലുമില്ലാതെ വാസു മുണ്ട് പൊക്കി കുത്തി നടന്ന് പോയപ്പോൾ, താൻ തളർന്ന് പോയിരുന്നു.

അകത്തേയ്ക്ക് കയറിയിട്ട് , തന്നെ വഞ്ചിച്ചവളെ വെട്ടിക്കൊല്ലാനാണാദ്യം തോന്നിയത് ,അതിനായി തുനിഞ്ഞതുമാണ് ,പക്ഷേ ഹാളിലെ സോഫയിൽ ഒന്നുമറിയാതെ ,കമിഴ്ന്ന് കിടന്നുറങ്ങുന്ന ജോമോനേയും തൻ്റെ തോളിൽ കിടക്കുന്ന മോളിക്കുട്ടിയെയും ഓർത്തപ്പോൾ അതിന് കഴിഞ്ഞില്ല.

അവളെ കൊന്നാൽ താൻ ജയിലിൽ പോകേണ്ടി വരും ,അപ്പോൾ തൻ്റെ രണ്ട് മക്കൾ അനാഥരായി പോകും, പക്ഷേ, മറ്റൊരുത്തനുമായി ശരീരം പങ്ക് വച്ചവളെ, ഇനി ഭാര്യയായി കാണാനോ, അവളോടൊപ്പം ജീവിക്കാനോ തനിക്ക് കഴിയില്ല

അത് കൊണ്ട്, അവളെ ഉപേക്ഷിച്ച് പോകാനാണ് അന്ന് മനസ്സിൽ തോന്നിയത് ,തോളിൽ കിടന്ന മോളിക്കുട്ടിയെ ജോമോൻ്റെയൊപ്പം കിടത്തിയുറക്കിയിട്ട്, തനിച്ച് നാട് വിട്ട് പോകാനാണ് ആദ്യം ശ്രമിച്ചത്

പക്ഷേ, ഉടുമ്പ് പോലെ തൻ്റെ കഴുത്തിൽ അള്ളിപ്പിടിച്ച് കിടന്ന മോളിക്കുട്ടിയെ പറിച്ചെറിയാൻ തോന്നിയില്ല ,അന്ന് ,ജന്മനാട്ടിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് ,ഒരു കുടിയേറ്റക്കാരനായി ഇവിടെയെത്തുമ്പോൾ, മോളിക്കുട്ടിയെയും കൂടെ കൂട്ടേണ്ടി വന്നത് അങ്ങനെയായിരുന്നു.

വരത്തൻ, ഭാഗം-6

മോളേ.. അപ്പച്ചൻ പുഴയിൽ പോയി ഒന്ന് മുങ്ങിക്കുളിച്ചിട്ട് വരാം

നോബിളിൻ്റെ ലോറി ,പുഴക്കരയിലേക്കുള്ള കാട്ട് വഴിയിലൂടെ പോകുന്നത് കണ്ടപ്പോഴാണ് മത്തായിച്ചന് പെട്ടെന്നങ്ങനെ തോന്നിയത്

കടയിൽ വച്ച് അയാളോട് ഒന്നും ചോദിക്കാനും പറയാനും കഴിയില്ല തൻ്റെ ഊഹം ശരിയാണെങ്കിൽ ജോമോൻ തന്നെയായിരിക്കും നോബിളായിട്ട് തൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് പക്ഷേ അവൻ്റെ വരവിൻ്റെ ലക്ഷ്യമെന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല

അതവനോട് തന്നെ നേരിട്ട് ചോദിക്കാനും മേരിക്കുട്ടിയെക്കുറിച്ചുള്ള ജിജ്ഞാസ അടക്കാൻ വേണ്ടിയുമായിരുന്നു മത്തായിച്ചൻ്റെ ശ്രമം.

മുന്നിലെ ടയറ് രണ്ടും പുഴയിലേക്കിറക്കി നിർത്തിയിട്ട് നോബിൾ ബക്കറ്റിൽ വെള്ളം കോരി ബോണറ്റിലേക്കൊഴിച്ച് കൊണ്ടിരിക്കുകയായിരുന്നു

ജോമോനേ …

കുറച്ച് നേരം അയാളെ തന്നെ നിർനിമേഷനായി നോക്കി നിന്നിട്ട് ,മത്തായിച്ചൻ രണ്ടും കല്പിച്ച് നോബിളിനെ വിളിച്ചു.

ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോബിൾ തിരിഞ്ഞ് നോക്കി

അല്ല ഇതാര് മത്തായിച്ചനോ? നിങ്ങൾക്കെൻ്റെ പേര് മാറിപ്പോയോ? ഞാൻ ജോമോ നല്ല ,നോബിളാണ്

അത് പറയുമ്പോൾ നോബിളിൻ്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമില്ലാതിരുന്നത് മത്തായിച്ചനെ അത്ഭുതപ്പെടുത്തി.

നീ ജോമോനല്ലെങ്കിൽ എൻ്റെ ഭാര്യ മേരിക്കുട്ടിയുടെ ഫോട്ടോ എന്തിനാ നിൻ്റെ പേഴ്സിൽ സൂക്ഷിച്ചിരിക്കുന്നത് ?

മത്തായിച്ചൻ തൻ്റെ കയ്യിലിരുന്ന നോബിളിൻ്റെ പേഴ്സ് അയാൾക്ക് നേരെ നീട്ടി

ഓഹ് ആ പേഴ്‌സ് മത്തായിച്ചന് കിട്ടിയായിരുന്നോ? ഞാനിന്നലെ ഹോസ്പിറ്റലിൽ ചെന്ന് കഴിഞ്ഞപ്പോഴാണ് ,പേഴ്‌സ് തപ്പുന്നത്, അത് വഴിയിലെവിടെയോ നഷ്ടപ്പെട്ടു കാണുമെന്നാണ്, ഞാൻ വിചാരിച്ചത്, ഇപ്പോൾ സമാധാനമായി ഇതിനകത്ത് വണ്ടീടെ സി സി അടയ്ക്കാൻ വച്ചിരുന്ന കുറച്ച് പൈസയുണ്ടായിരുന്നു , മത്തായിച്ചൻ്റെ കൈയ്യിൽ കിട്ടിയത് കൊണ്ടാണ് ഇത് തിരിച്ച് കിട്ടിയത്

അയാൾ പേഴ്സ് തുറന്ന് മുഴുവൻ പൈസയും ഉണ്ടെന്ന് ഉറപ്പാക്കിയിട്ട്, മത്തായിച്ചനോട് നന്ദി സൂചകമായി പറഞ്ഞു.

അല്ല നീയിപ്പോഴും അതിലിരിക്കുന്ന ഫോട്ടോയെക്കുറിച്ച് ഒന്നും പറഞ്ഞില്ല?

മത്തായിച്ചൻ വീണ്ടും നോബിളിനോട് ചോദിച്ചു.

ഓഹ് അതോ? സത്യം പറയാലോ മത്തായിച്ചാ … കുറച്ച് നാള് മുമ്പ് ഞാൻ ലോഡുമായി മലബാറിലേക്കൊരു ട്രിപ്പ് പോയിരുന്നു, കോഴിക്കോട്ടെ പേരാമ്പ്ര വരെ ,അവിടെ ഒരു കടയിൽ നിന്ന് ചായ കുടിച്ച് വണ്ടിയിലേക്ക് കയറാൻ നേരമാണ് ,നിലത്തൊരു പേഴ്സ് കിടക്കുന്നത് കണ്ടത് , എടുത്ത് തുറന്ന് നോക്കിയപ്പോൾ, ആകെ അതിനകത്തുണ്ടായിരുന്നത് ഈ ഒരു ഫോട്ടോ മാത്രമായിരുന്നു, എൻ്റെ ഊഹം ശരിയാണെങ്കിൽ ,ഏതോ ഹതഭാഗ്യനായ മനുഷ്യൻ്റെ പോക്കറ്റടിച്ച വിദ്വാനായ കള്ളൻ, ഉണ്ടായിരുന്ന പൈസ മുഴുവൻ എടുത്തതിന് ശേഷം, പേഴ്സ് വഴിയിലുപേക്ഷിച്ചതാവാം, കിട്ടിയ പേഴ്സ് കാലിയായിരുന്നെങ്കിലും, അതെനിക്ക് കളയാൻ തോന്നിയില്ല, അത് പോലെ തന്നെ അതിലുണ്ടായിരുന്ന ഫോട്ടോയും ,ഇപ്പോഴാണറിയുന്നത് ,ഇത് മത്തായിച്ചൻ്റെ ഭാര്യയുടെ ഫോട്ടോ ആണെന്ന്, അല്ല മത്തായിച്ചാ,, നിങ്ങളുടെ ഭാര്യയുടെ ഫോട്ടോ എങ്ങനെയാ മലബാറിലെത്തിയത് ,?

നോബിളിൻ്റെ മറു ചോദ്യത്തിന് മറുപടി കൊടുക്കാൻ കഴിയാതെ മത്തായിച്ചൻ വീർപ്പ് മുട്ടി നിന്നു.

അതൊരു വലിയ കഥയാണ് നോബിളേ എല്ലാവർക്കുമുണ്ടാവില്ലേ ഒരിക്കലും ഓർക്കാൻ താല്പര്യമില്ലാത്ത ഒരു പഴയ കാലം ,പത്ത് പതിനെട്ട് കൊല്ലം മുമ്പ് എനിക്കുമുണ്ടായിരുന്നു അങ്ങനൊരു മോശം കാലം, ശരിക്കും എൻ്റെ നാട് പേരാമ്പ്രയായിരുന്നു ഞാനിവിടെ കുടിയേറ്റക്കരനാണ് , തല്ക്കാലം താനത്രയും അറിഞ്ഞാൽ മതി

തൻ്റെ ഭൂതകാലം മറ്റൊരാളോട് വിശദീകരിക്കാൻ താല്പര്യമില്ലാതെ മത്തായിച്ചൻ കുളിക്കടവിലേക്ക് നടന്നു.

തന്നെ തിരിച്ചറിയാൻ കഴിയാതെ മത്തായിച്ചൻ പോയപ്പോഴാണ് നോബിളിന് ശ്വാസം നേരെ വീണത്

താൻ നോബിളെന്ന വ്യാജ പേരിലറിയപ്പെടുന്ന നിഖിൽ വാസുവാണെന്ന കാര്യം മത്തായിച്ചനറിഞ്ഞാൽ, അയാളുടെ ആജന്മ ശത്രുവായ പോക്കിരി വാസുവിൻ്റെ മകൻ എന്തിനിവിടെവന്നുവെന്നും എന്ത് കൊണ്ട് പേര് മാറ്റിയെന്നും അയാളെ ബോധ്യപ്പെടുത്തേണ്ടി വരും

തൻ്റെ അച്ഛനെ കൊലപ്പെടുത്തിയ അയാളുടെ മകൻ ജോമോനെ തനിക്ക് ഇല്ലാതാക്കേണ്ടി വന്നതും അതിന്നെത്തുടർന്ന് താനിവിടെ ഒളിവിൽ കഴിയുകയാണെന്നും അയാളോട് പറയേണ്ടി വരും

നോബിളിൻ്റെ ( നിഖിൽ വാസു )ഓർമ്മകൾ പത്ത് കൊല്ലം പുറകിലേക്ക് പോയി അന്ന് തനിക്ക് പതിനഞ്ച് വയസ്സ് ,ചക്കിട്ടപ്പാറ ഗവൺമെൻ്റ് സ്കൂളിലെ താൻ പഠിക്കുന്ന പത്താം ക്ളാസ്സിലേക്ക്, തൊട്ടടുത്ത ഗ്രാമമായ പേരാമ്പ്രയിൽ നിന്നും ടി സി വാങ്ങി വന്ന ജോമോൻ എന്ന വിദ്യാർത്ഥിയുമായി വളരെ പെട്ടെന്നാണ് താൻ ചങ്ങാത്തത്തിലായത്

സൗഹൃദം മൂത്തപ്പോൾ ഒരു ദിവസം സ്കൂൾ വിട്ട സമയത്ത് ജോമോനെ താൻ തൻ്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി

അവിടെയെത്തിയ ജോമോൻ തൻ്റെ അച്ഛനെ കണ്ടപ്പോൾ ഒന്നും മിണ്ടാതെ പെട്ടെന്ന് തന്നെ വീട്ടിൽ നിന്ന് ഇറങ്ങി പോയി.

താൻ പുറകെ ചെന്ന് വിളിച്ചെങ്കിലും അവൻ തിരിച്ച് വരാനോ കാരണം പറയാനോ കൂട്ടാക്കിയില്ല.

പിറ്റേന്ന് ക്ളാസ്സിലെത്തിയിട്ടും തന്നോട് സംസാരിക്കാതെ ഒഴിഞ്ഞ് മാറി നടന്ന അവനോട് താൻ നിർബന്ധിച്ചപ്പോഴാണ് എട്ട് കൊല്ലം മുമ്പ് അവൻ്റെ കുടുംബത്തിലുണ്ടായ ദുരന്തത്തെക്കുറിച്ച് തന്നോടവൻ വിശദീകരിച്ചത്.

നിഖിലേ.. നിൻ്റെ അച്ഛൻ കാരണമാണ് എൻ്റെ കുടുംബം നശിച്ചത് ,എൻ്റെ അപ്പനും അനുജത്തിയും നാട് വിട്ട് പോയതും, ഞാനും എൻ്റെ അമ്മയും തനിച്ചായതിനും കാരണക്കാരൻ നിൻ്റെ അച്ഛനൊരാളാണ്

ജോമോനേ… നീയെന്തൊക്കെയാണീ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല

അതേടാ… അന്ന് എനിക്കും ഒന്നും മനസ്സിലായില്ലായിരുന്നു. പള്ളിപ്പെരുന്നാളിന് പോയ അപ്പനെയും അനുജത്തിയെയും നോക്കി ഞാനും അമ്മയും കൂടി വഴിക്കണ്ണുമായിരിക്കുമ്പോൾ ഞാനൊന്ന് മയങ്ങിപ്പോയി ,കുറച്ച് കഴിഞ്ഞപ്പോഴാണ് എന്തോ ശബ്ദം കേട്ട് ഞാൻ ഉണരുന്നത് , കണ്ണ് തുറന്ന് നോക്കുമ്പോൾ ,നിൻ്റെ അച്ഛൻ എൻ്റെ അമ്മയെ ഉപദ്രവിക്കാൻ പോകുന്നതാണ് ഞാൻ കാണുന്നത് ,എന്ത് ചെയ്യണമെന്നറിയാതിരുന്ന ഞാൻ പെട്ടെന്ന് നിൻ്റെ അച്ഛൻ്റെ കൈയ്യിൽ കടന്ന്പിടിച്ച് പിടി വിടുവിക്കാൻ ശ്രമിച്ചെങ്കിലും, അയാളെന്നെ കുതറിത്തെറിപ്പിക്കുകയായിരുന്നു, ആ വീഴ്ചയിൽ എൻ്റെ തല ,സോഫയിൽ ഇടിക്കുകയും എനിക്ക് ബോധം പോകുകയും ചെയ്തു, പിന്നീടെപ്പോഴോ ബോധം തെളിഞ്ഞ ഞാൻ അമ്മയെ അന്വേഷിച്ച് മുറിയിലെത്തിയപ്പോൾ കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി ,കട്ടിലിൽ കിടന്ന് പൊട്ടിക്കരയുന്ന പാവം എൻ്റെ അമ്മയെയാണ് കാണുന്നത്

എന്തിനാ അമ്മ കരയുന്നത് ,അയാൾ അമ്മയെ ഉപദ്രവിച്ചെങ്കിൽ അപ്പൻ വരുമ്പോൾ നമുക്ക് പറഞ്ഞ് കൊടുക്കാമെന്ന് ഞാൻ അമ്മയെ ആശ്വസിപ്പിച്ചു

ഇല്ല മോനേ .. അപ്പൻ ഇനി വരില്ല ,അമ്മയെ തെറ്റിദ്ധരിച്ചിട്ട് മോളിക്കുട്ടിയെയും കൊണ്ട് അപ്പൻ എങ്ങോട്ടോ ഇറങ്ങി പോയി, എല്ലാത്തിനും കാരണം ആ വാസുവാണ്, അയാൾ നമ്മുടെ കുടുംബം നശിപ്പിച്ച് മോനേ

അന്നെന്നെ കെട്ടിപ്പിടിച്ച് കൊണ്ട് പൊട്ടിക്കരഞ്ഞ അമ്മ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും എനിക്ക് മനസ്സിലായില്ലെങ്കിലും വളരുന്തോറും എനിക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങിയിരുന്നു ,അപ്പനും അനുജത്തിയും അമ്മയുമടങ്ങിയ ഞങ്ങളുടെ കുടുംബത്തെ ശിഥിലമാക്കിയ, എന്നെയും അമ്മയെയും സമൂഹത്തിൽ ഒറ്റപ്പെടുത്താൻ കാരണക്കാരനായ വാസുവിനോടുള്ള പക അവൻ്റെ മകനായ നിന്നോടും എനിക്കുണ്ട്, അത് കൊണ്ട് ഇന്ന് മുതൽ നീയെൻ്റെ കൂട്ടുകാരനല്ല ,ശത്രുവാണ് …

അതും പറഞ്ഞ് തന്നെ കുടഞ്ഞെറിഞ്ഞിട്ട് ജോമോൻ സ്കൂളിൽ നിന്നിറങ്ങി പോകുമ്പോൾ പിന്നീടൊരിക്കലും അവൻ സ്കൂളിലേക്ക് തിരിച്ച് വരില്ലെന്ന് താൻ കരുതിയിരുന്നില്ല

അങ്ങനെ ദിവസങ്ങൾ കടന്ന് പോയിക്കൊണ്ടിരുന്നു

ഒരു ദിവസം ക്ളാസ്സിലേക്ക് കടന്ന് വന്ന പ്യൂൺ രമേശൻ ,ടീച്ചറോട് എന്തോരഹസ്യമായ് പറയുന്നത് കണ്ടു.

നിഖിൽവാസുവിനെ കൂട്ടിക്കൊണ്ട് പോകാൻ, വീട്ടിൽ നിന്ന് ആള് വന്നിട്ടുണ്ട് ,കുട്ടി പൊയ്ക്കോളു

ടീച്ചറത് പറയുമ്പോൾ വീട്ടിലെന്തോ അത്യാഹിതം നടന്നിട്ടുണ്ടെന്ന് എൻ്റെ മനസ്സ് മന്ത്രിച്ചു.

ചെങ്കല്ല് പാകിയ പടിക്കെട്ട് കടന്ന് മുറ്റത്തെത്തിയപ്പോഴെ തൻ്റെ അമ്മയുടെയും അനുജത്തിമാരുടെയും പതം പറഞ്ഞുള്ള അലമുറകൾ ഉയർന്ന് കേൾക്കാമായിരുന്നു

നെഞ്ചിനുള്ളിൽ ഒരു വലിയ കല്ലെടുത്ത് വച്ചിരിക്കുന്ന ഹൃദയഭാരത്തോടെ വരാന്തയിലേക്ക് കടന്ന് ചെന്ന താൻ കണ്ടത്, നിലത്ത് വിരിച്ച വെള്ളത്തുണിയിൽ നിശ്ചലമായി കിടക്കുന്ന അച്ഛൻ്റെ ശരീരമായിരുന്നു.

തുടരും….

Leave a Reply

Your email address will not be published. Required fields are marked *