കുടിയന്റെ പെണ്ണ് ❤
Story written by Indu Rejith
ടി..നീ എന്തുവാ ഈ എഴുതി കൂട്ടുന്നെ…. ആത്മഹത്യാ കുറിപ്പ് വല്ലതും ആണോ….?
ഞാൻ ചത്താൽ നിങ്ങളെ ആരാ കൊല്ലുന്നേ…?
ആഹ് ആ ബോധം നിനക്ക് ഉണ്ടല്ലേ….അഹങ്കാരി….
ഞാൻ കഥ എഴുതുവാ…
ആരേ കുറിച്ചാ…സ്നേഹനിധിയായ കെട്ടിയോനെ കുറിച്ചാ…?
ഒരു കഥയുമില്ലാത്ത നിങ്ങളെ പറ്റി എന്ത് എഴുതാനാ…
കൊച്ചിനെ ഉണർത്തണ്ടാല്ലോന്ന് കരുതിയാ ഞാൻ തെറി വിളിക്കാത്തത് കേട്ടോടി പോത്തേ….
ഇത്രയും പറഞ്ഞ് എനിക്കൊരു നുള്ളും തന്ന് ഏട്ടൻ പുറത്തേക്ക് പോയി….ആളിങ്ങനെ ഒന്നും അല്ലായിരുന്നു…..എഴുതാനെടുത്ത കടലാസ്സ് മടക്കി ടേബിളിൽ വെച്ചു… കഴുത്തിലെ താലി ഒന്ന് ചുണ്ടോടടുപ്പിച്ച് ചുംബിച്ചു..
ഒരു പ്രേമത്തിന്റെ പേരിൽ ഒരാളിങ്ങനെയൊക്കെ മാറുമോ…?
മാറും… കണ്ണേട്ടൻ മാറിയില്ലേ….ഒരുകാലത്ത് നാട്ടിലെ സർവ്വ തിണ്ണ പരിപാടികളുടെയും മാസ്റ്റർ ബ്രെയിൻ കണ്ണേട്ടൻ ആയിരുന്നു…. കള്ളും ക ഞ്ചാവും ആയിരുന്നു ആളിന്റെ ധർമ്മദൈവങ്ങൾ…ചെറുപ്രായത്തിലെ വടിക്കേലെ കുട്ടി പിഴച്ചുപോയല്ലോ എന്ന് അമ്മ പലപ്പോഴും പറയുന്നത് കേട്ടാണ് ഞാൻ ഉറക്കം ഉണരാറ്…. അയൽവക്കകാരാണ് എങ്കിലും ഞാനും കണ്ണേട്ടനും കീരിയും പാമ്പും പോലെ ആയിരുന്നു…. ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത വടിക്കേലമ്മയ്ക്ക് ഈ കാലുപിറപ്പിനെ എവിടുന്നു കിട്ടീന്ന്.. ഞാൻ കണ്ണേട്ടന്റെ അമ്മയോട് ചോദിക്കുന്നത് കേട്ടാണ് ഒരിക്കൽ പുള്ളിക്കാരൻ അങ്ങോട്ട് കയറി വന്നത്…
കരണം പൊട്ടിക്കേ ഒരെണ്ണം തന്നിട്ട് ഇപ്പോ ഇറങ്ങണം ഇവിടുന്നെന്ന് പറഞ്ഞു…ഇയാൾടെ കോവിലകം അടച്ചങ്ങു വെച്ചോ….അല്ലെങ്കിലും ഒരുത്തിയും ഇങ്ങോട്ട് കയറാൻ പോകുന്നില്ല…കണ്ണേട്ടന്റെ മുഖത്ത് നോക്കി ഇത്രയും പറഞ്ഞ് ഞാൻ അവിടുന്നു പറന്ന് കളഞ്ഞു….
വീടിനു കുറച്ചു ദൂരെയുള്ള കോളേജിൽ ആയിരുന്നു എനിക്ക് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയത്…. കണ്ണേട്ടൻ അവിടെ ആയിരുന്നു പഠിച്ചിരുന്നത്…വിദ്യാർത്ഥി സമരത്തിന്റെ പേരിൽ വെട്ടും കുത്തും നടന്ന് കേസ് ആയി…അതോടെ മോനേ ഗൾഫിൽ വിട്ട് കുടുംബം നന്നാക്കാനുള്ള വടിക്കേലമ്മയുടെ മോഹത്തിനും കണ്ണേട്ടൻ സീൽ ഒട്ടിച്ചു….
കോളേജ് ബസിൽ നിന്നും ഇറങ്ങി കുറച്ചു നടന്നാലേ വീട്ടിലെത്തു കൂട്ടിന് ഒന്ന് രണ്ടു സ്കൂൾ കുട്ടികൾ ഉണ്ടായിരുന്നത് കൊണ്ട് അതെനിക്കൊരു ബുദ്ധിമുട്ടായിരുന്നില്ല…..അങ്ങനെയിരിക്കെ ഒരു പരീക്ഷ ദിവസം ഏറെ വൈകിയാണ് ഞാൻ വൈകിട്ട് കവലയിൽ എത്തിയത്… സന്ധ്യ മയങ്ങിയത് കൊണ്ട് ഒറ്റയ്ക്ക് പോകാനും ഒരു മടി … മഴ ചാറ്റലുകൂടി ആയതോടെ ഞാൻ പേടിച്ച് നിൽപ്പായി… ഫോണിൽ ആണെങ്കിൽ ചാർജുമില്ല….അറിയാവുന്ന ആരെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ…. ചുറ്റും നോക്കിയപ്പോൾ കടതിണ്ണയിൽ എന്നേ തന്നെ നോക്കി ഒരാൾ നിക്കുന്നത് കണ്ടു… കണ്ണേട്ടൻ… കണ്ടപ്പോൾ ഒരു ആശ്വാസം… ആളിന്റെ പേരിൽ നിലവിൽ പെൺവിഷയം ഒന്നും ഇല്ലാത്തത് കൊണ്ട് മാത്രം ഞാൻ അങ്ങോട്ട് നടന്നു….
എന്നേ ഒന്ന് കൊണ്ടാക്കോ….
നിന്റെ നീളമുള്ള നാക്കില്ലേ അതിൽ കേറി യിരുന്നങ്ങു പോ….
ഇയാക്ക് ഒന്ന് കൊണ്ടാക്കാൻ പറ്റുമോ…
ഇല്ല…
ഞാൻ ഒരു കുപ്പി ബിയർ വാങ്ങി തന്നാൽ കൊണ്ടാക്കുമോ….
നീ എന്നേ പറ്റിക്കും… മോള് ഒറ്റയ്ക്ക് അങ്ങ് പോയാമതി….
മറ്റുമാർഗം ഇല്ലാതെ വന്നപ്പോൾ കുടയും പിടിച്ചു ഞാൻ പതിയെ നടക്കാൻ തീരുമാനിച്ചു…പെട്ടന്നൊരു കൈ വന്നെന്നെ ചുറ്റിപിടിച്ചെന്റെ കുടയിൽ കേറി…ഒരു കുപ്പി ബിയർ വെറുതെ കളയണ്ടല്ലോ….
എന്റെ ദേവിയെ ഇയാക്ക് ഈ സൂക്കേടുമുണ്ടാർന്നോ….
ഇയാൾ കൈ എടുത്തേ…ബിയറൊക്കെ ഞാൻ വാങ്ങി തരാം…
നീ നനയാതിരിക്കാൻ അല്ലേ….
അയ്യടാ ഞാൻ നനയില്ല….കള്ളു നാറീട്ട് വയ്യ…കുടയിൽ നിന്ന് ഇറങ്ങിക്കെ മഴ നനഞ്ഞു വന്നാമതി… എനിക്ക് വിശ്വാസം തീരെ ഇല്ല….
എന്റെ കൂടെ നടന്നാൽ നിനക്ക് ചീത്ത പേരാണല്ലേ…. ഏതെങ്കിലും നല്ല വീട്ടിൽ പിറന്നവൻ കെട്ടേണ്ട പെണ്ണിന്റെ ഭാവി ഞാനായിട്ട് കളയുന്നില്ല….
കണ്ണേട്ടൻ മഴയും നനഞ്ഞു കൂടെ നടന്നു….
കാല് നിലത്ത് ഉറയ്ക്കുന്നില്ലല്ലോ….
എങ്കിൽ ഉറപ്പുള്ളവനെ കൊണ്ട് വന്ന് നടത്തിക്കെടി….
കൂടുതൽ സംസാരിച്ചാൽ ഞങ്ങൾ തമ്മിൽ തെറ്റുമെന്നായതോടെ ഞാൻ മിണ്ടാതെയായി….
ടി വായാടി നിനക്ക് സ്വയം തൊഴിലിനോട് താൽപ്പര്യം ഉണ്ടോ…
വഷളത്തരം പറയനാണ് ഭാവമെങ്കിൽ ചെരുപ്പൂരി അടിക്കും ഞാൻ….
ഹേയ് അതൊന്നുമല്ല നീ ഒന്ന് കേൾക്ക് ആദ്യം കോളേജ് പുള്ളേരുടെ ഇടയിൽ ക ഞ്ചാവിനൊക്കെ നല്ല മാർക്കറ്റ് ആണ് ഞാൻ സാധനം എത്തിക്കാം… നീ സെയിൽസ് ഓഫീസർ ആയി ഒന്ന് ഇരുന്നാ മതി പഠിത്തത്തിനൊപ്പം പാർട്ട് ടൈമ് ജോലി… എന്താ നിന്റെ അഭിപ്രായം…
പോടോ പ്രാന്താ…
ആദ്യമായാണ് കണ്ണേട്ടൻ പൊട്ടിച്ചിരിക്കുന്നത് ഞാൻ കാണുന്നത്…. ആ ചിരിയിൽ എന്നേ വീഴ്ത്തുന്ന എന്തോ ഉള്ളത് പോലെ തോന്നി… പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല….വീടിന്റെ പടിക്കൽ വരെ കൊണ്ടാക്കിട്ട് ആള് തിരിച്ചു നടന്നു…
കണ്ണേട്ടാ ബിയറിന്റെ കാശ് വേണ്ടേ….
വേണ്ടാ എന്ന് പറയുമെന്ന് എനിക്ക് ഉറപ്പായിരുന്നു….
അത് ഞാൻ മറന്നു കാശ് എട്….
വഷളൻ ഇയാൾ നന്നാവില്ല…..
ദിവസങ്ങൾ കടന്നു പോയി അങ്ങനെ തമ്മിൽ തമ്മിൽ കാണുമ്പോഴുള്ള മുഖം ചുളിക്കലൊക്കെ പുഞ്ചിരിക്ക് വഴി മാറി…വൈകുന്നേരങ്ങളിലുള്ള കൂടി കാഴ്ചകളും പതിവായി….കുടിക്കാതെ പച്ചയ്ക്ക് ആളിനെ ഒന്ന് കാണണമെന്ന മോഹം ഒഴികെ എന്റെ കുഞ്ഞ് കുഞ്ഞ് പിടി വാശികൾക്ക് മുന്നിൽ കണ്ണേട്ടൻ തോറ്റു തരാൻ തുടങ്ങിരുന്നു…
പറയാതെ പ്രണയം പറഞ്ഞ ദിനങ്ങൾ…
പക്ഷേ വീട്ടിൽ കല്യാണ ആലോചന ആയതോടെ കാര്യങ്ങൾക്ക് പഴയ രസമില്ലാതെ ആയി….എങ്ങനെയും എന്നേ സർക്കാർ ജോലിക്കാരനെ കൊണ്ടേ കെട്ടിക്കു എന്ന് അച്ഛൻ ശപഥം ചെയ്ത മട്ടായിരുന്നു….പിന്നെ പെണ്ണുകാണലിന്റെ ഒരു ഘോഷയാത്ര തന്നെ ആയിരുന്നു…ചൊറിയും കുത്തി നടന്ന കണ്ണേട്ടന് അങ്ങനെ കല്യാണം മുടക്കൽ ഒരുജോലി ആയി….
തമാശ കളഞ്ഞ് വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണം അല്ലെങ്കിൽ കണ്ടവന്റെ താലി ജീവിതകാലം മുഴുവൻ ഞാൻ ചുമക്കേണ്ടി വരും….ഇനി അധികകാലം എനിക്ക് പിടിച്ചു നിക്കാനാവില്ല…. കരഞ്ഞു കൊണ്ടാണ് ഒരിക്കൽ ഞാനിത് പറഞ്ഞത്….കുടിച്ചു നടക്കാനാണ് ഭാവമെങ്കിൽ എനിക്കിനിയൊന്നും പറയാനില്ല…
വൈകുന്നേരം വീട്ടിൽവന്ന് സംസാരിക്കാമെന്ന് ഏട്ടൻ സമ്മതിച്ചു… പക്ഷേ അച്ഛൻ സമ്മതിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു….
വൈകുന്നേരം പറഞ്ഞസമയത്ത് ഏട്ടൻ വന്നു…. ഭാഗ്യം ആള് ഫിറ്റല്ല….മീനാക്ഷിയേ എനിക്ക് കെട്ടിച്ചു തരണം…
വന്നയുടനെ കണ്ണേട്ടൻ അച്ഛനോടിങ്ങനെ പറയുന്നത് കേട്ട് അച്ഛൻ നിന്ന് വിറച്ചു….സർക്കാർ ജോലിക്കാർ ക്യു നിക്കുവാ ഇവൾക്ക് വേണ്ടി… അപ്പോഴാ പി ഴച്ചു നടക്കുന്ന നിനക്ക്….
ഉടനെ ഏട്ടൻ പോക്കറ്റിൽ നിന്ന് ഒരു കത്തെടുത്ത് അച്ഛന് നേരെ നീട്ടി…വല്ല തെറി കത്ത് വല്ലോം ആണോ പറയാൻ പറ്റില്ലേ കണ്ണേട്ടൻ അതാ മുതല്….അച്ഛന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നപ്പോൾ എനിക്ക് എന്തോ ഒരാശ്വാസം അനുഭവപ്പെട്ടു….
ഇതിനിടയ്ക്ക് നീ ടെസ്റ്റൊക്കെ എഴുതിയോ…
എഴുതി…കുടിയും നിർത്തി ഇനി എനിക്ക് തന്നുടെ അവളെ…
ദേ ഇവിടെ നിന്ന് നീട്ടി വിളിച്ചാൽ നിങ്ങൾക്ക് അവളെ കാണാം… വയസാം കാലത്ത് മരുമോന്റെ വീട് തേടി അലയുകയും വേണ്ടാ…നല്ല മനസ്സുണ്ടെങ്കിൽ എനിക്ക് കെട്ടിച്ച് തന്നേക്ക്….ഉള്ള പറമ്പും വിൽക്കണ്ട സർക്കാർ ജോലിക്കാരനെയും കിട്ടി…. എന്നാൽ ഇതങ്ങു ഉറപ്പിക്കുവല്ലേ…
അച്ഛൻ ഒട്ടും പിശുക്കൻ അല്ലാത്തത് കൊണ്ട് സംഗതി ആൾക്ക് ബോധിച്ചു….
നിങ്ങളൊന്നു നിന്നേ ജോലി കിട്ടിയകാര്യം പറഞ്ഞില്ലാലോ എന്നോട്…
അതൊരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി….
ഇനി എന്തെങ്കിലും ഉണ്ടോ ഇത് പോലെ…അത് പിന്നെ ഞാൻ കുടി നിർത്തിയെന്നു വെറുതെ പറഞ്ഞതാ….
പൊയ്ക്കോണം….
പ്രേമം കൊണ്ട് ചികിത്സിച്ചാൽ മാറുന്നതാണ് ഇത്തരം ചില അസുഖങ്ങൾ… പലരും തോറ്റു പോകുന്നതും ഇവിടെയാണ്….കള്ളും ക ഞ്ചാവും തൊട്ടുപോകുന്ന ഇങ്ങനെയും ചില ലഹരികൾ ഉണ്ടന്നേ….
ടി കഴിഞ്ഞില്ലേ ഇത് വരെ….
കഴിഞ്ഞേട്ടാ കഥയ്ക്ക് പേര് കിട്ടിയില്ല നമ്മളെ പറ്റിയ കഥ…
എങ്കിൽ കുടിയന്റെ പെണ്ണ് എന്ന് മതി പേര്…വന്ന വഴി മറക്കുന്നവനല്ല ഞാൻ…
ഓഹോ….
എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ..എന്റെ കർത്താവേ എന്റെ വിധി….
ശുഭം