മാനസം
Story written by REMYA VIJEESH
“ഭാമേ നീയിതു എന്തെടുക്കുവാ.. എത്ര നേരായി ഒരു ചായ ചോദിച്ചിട്ടു “
ദേവന്റെ അമ്മയുടേതായിരുന്നു ആ ശബ്ദം….
“ദാ കൊണ്ടു വരുന്നമ്മേ…”
ദേവന്റെ സഹോദരിക്കു ഗവണ്മെന്റ് ജോലി ലഭിച്ചതിനുള്ള ചെറിയൊരു പാർട്ടി നടക്കുകയാണവിടെ…. അടുത്ത ബന്ധുക്കളും കൂട്ടുകാരും ഒക്കെ എത്തിയിട്ടുണ്ട്….
ഭാമ വേഗത്തിൽ അവിടെയിരുന്നവർക്കെല്ലാം ചായയും ആയി വന്നു
“തമ്പുരാട്ടിയെ വിളിച്ചു പറഞ്ഞാലേ ഒരു ചായ പോലും കിട്ടൂ”…
“എന്തു കോലമാ ഭാമേ ഇതു… നിനക്കൊന്നു കുളിച്ചു കൂടായിരുന്നോ.നാലാള് കൂടുന്നിടത്തു ഇത്തിരി വൃത്തിക്കും മെനക്കും ഒക്കെ നടന്നൂടെ.. ” ആട്ടെ കഴിക്കാൻ ഉള്ളതൊക്കെ ഉണ്ടാക്കിയോ?? ഇനി അതു വായിൽ വച്ചു കഴിക്കാൻ കൊള്ളുമോ എന്തോ “
അതുകേട്ട് അവിടെ കൂടിയിരുന്ന സ്ത്രീജനങ്ങൾ ഒക്കെ ഒരു കൂട്ടച്ചിരി പാസ്സാക്കി.
ഭാമയ്ക്കു സങ്കടം സഹിക്കാൻ കഴിഞ്ഞില്ല… പുലർച്ചെ നാലു മണി മുതൽ തുടങ്ങിയതാ അടുക്കളയിൽ ജോലി.. ദേവേട്ടന്റെ അമ്മയോ സഹോദരിയോ ഒന്നു സഹായിക്കുക പോലും ചെയ്യില്ല. എന്നിട്ട് നാലാൾ കൂടിന്നിടത്തും അല്ലാതെയും ഒക്കെ പരിഹാസം… എത്ര നല്ല ഭക്ഷണം ഉണ്ടാക്കിയാലും അതിനെല്ലാം ഒരു കുറ്റവും ഉണ്ടാകും..അവളോരോന്നോർത്തു സങ്കടപ്പെട്ടു….
“എന്താ ഭാമ.. എന്തു പറ്റി.. നിന്റെ മുഖമെന്താ വല്ലാണ്ടിരിക്കുന്നത്… “
“ഒന്നുമില്ല ദേവേട്ടാ “പെട്ടെന്ന് അവിടേക്കു കയറി വന്ന ദേവൻ കാണാതെ കണ്ണു തുടച്ചിട്ടു ചിരിച്ചുകൊണ്ടവൾ മറുപടി പറഞ്ഞു.
“ഉം..” ദേവൻ ഒന്നു മൂളുക മാത്രം ചെയ്തു..
“നീ വേഗം കുളിച്ചു റെഡി ആകു… ഫങ്ക്ഷൻ തുടങ്ങാറായില്ലേ “
“ഉം ശരി ദേവേട്ടാ “
അവൾ വേഗം കുളിക്കുവാനായി പോയി
കുളി കഴിഞ്ഞെത്തിയ അവൾക്കു ദേവൻ ഒരു കവർ നൽകി…
“ഇതിൽ നിനക്കിഷ്ടമുള്ള നീലക്കസവു സാരി ആണ്..ഇന്നു നീയിതുടുത്താൽ മതി… മാത്രമല്ല ഈ ആഭരണങ്ങളും ഇടണം… “
ഭാമയ്ക്ക് ഒരുപാട് സന്തോഷം ആയെങ്കിലും… പെട്ടെന്ന് അമ്മയുടേം സഹോദരിയുടെയും മുഖം ഓർത്തപ്പോൾ ആ സന്തോഷം പെട്ടെന്ന് മാഞ്ഞു പോയി..
“വേണ്ട ദേവേട്ട.. അടുക്കളയിൽ കയറാനുള്ളതല്ലേ.. ഞാൻ പഴയതെന്തെങ്കിലും ഉടുത്തോളം “
“ഭാമ ഭർത്താവായ ഞാൻ പറയുന്നത് നീയങ്ങു അനുസരിച്ചാൽ മതി “
അവന്റെ താക്കീത് കേട്ട് അവൾ ദേവനെ അനുസരിച്ചു..
പട്ടുസാരിയും ചുറ്റി ആഭരണങ്ങളും അണിഞ്ഞു സുന്ദരിയായി ദേവന്റെ കയ്യും പിടിച്ചു അവിടെ കൂടിയിരുന്നവരുടെ അടുത്തേക്ക് വരുന്ന ഭാമയെ കണ്ടു ദേവന്റെ അമ്മയ്ക്കും പെങ്ങൾക്കും കലി കയറി….
“ഇതെന്താ ഈ വേഷത്തിൽ.. പട്ടും ചുറ്റി നിന്നാൽ… ഈ വന്നിരിക്കുന്നവർക്കൊക്കെ ഭക്ഷണം എടുത്തു കൊടുക്കുന്നതാരാ “…ദേവന്റെ അമ്മ ആക്രോശിച്ചുകൊണ്ടെണീറ്റു…
“അതിനല്ലേ അമ്മ ഇവളും അമ്മയും ഒക്കെ ഇവിടെ ഉള്ളത് “ദേവൻ പുഞ്ചിരിച്ചു കൊണ്ടു പെങ്ങളുടെ തോളിൽ കയ്യിട്ടു കൊണ്ടു അമ്മയുടെ മുഖത്തു നോക്കി.
“എന്റെ മോളെ നല്ല വിദ്യാഭ്യാസം ഉള്ളവളാ.. പോരാത്തതിന് ഇപ്പോൾ സർക്കാരുദ്യോഗസ്ഥയും.. അവളെയെ ഞാൻ ഒരു ജോലിയും ചെയ്യാതെയാ വളർത്തിയത്.. അതു നിനക്കും അറിയാമല്ലോ… ഒരു ജോലിയും കൂലിയും ഇല്ലാതെ ഇവിടെ കഴിയുന്ന നിന്റെ ഭാര്യ തന്നെ ചെയ്താൽ മതി ഇതൊക്കെ.. “
“അമ്മ വിദ്യാഭ്യാസം ഉള്ളവർ അടുക്കളയിൽ ജോലി ചെയ്യുന്നത് പോരായ്മ ആണെന്ന് അമ്മയോടാരാ പറഞ്ഞത്… എത്ര ഉയർന്ന ഉദ്യോഗം ഉണ്ടെങ്കിലും സ്വന്തമായി ആഹാരം പാകം ചെയ്യാൻ അറിയില്ലെങ്കിൽ അത്രയും വലിയൊരു പരാജയം വേറെന്താ… എന്റെ ഭാര്യക്ക് വിദ്യാഭ്യാസമോ ജോലിയോ ഒന്നും ഇല്ലായിരിക്കാം…അവൾക്കു നല്ലൊരു മനസ്സുണ്ട്… അതുകൊണ്ടല്ലേ അവളെല്ലാം സഹിക്കുന്നത് വിദ്യാഭ്യാസമോ ഉയർന്ന ശമ്പളം ലഭിക്കുന്ന ജോലിയോ ഒന്നും ഉണ്ടായിട്ടു ഒരു കാര്യവും ഇല്ല..വേണ്ടത് വിവേകവും വിവേചനബുദ്ധിയും ആണ്.. എന്റെ ഭാര്യക്ക് അതാവോളം ഉണ്ട്… നല്ല ഭക്ഷണം ഉണ്ടാക്കുന്നവർ ഈശ്വരന് പോലും പ്രിയപ്പെട്ടവർ ആണ്. നാളെ ഇവളെയും ഒരു കുടുമ്പത്തിലേക്കു പറഞ്ഞയക്കാൻ ഉള്ളതാണെന്ന് അമ്മ മറക്കണ്ട കേട്ടോ “….
മകന്റെ വാക്കുകൾക്കു മുന്നിൽ അവർക്കു മറുപടി ഒന്നും തന്നെ പറയുവാനില്ലായിരുന്നു.. അമ്മയ്ക്കും മോൾക്കും അയാളെ അനുസരിക്കേണ്ടി വന്നു.
ഭാമയ്ക്കു നടന്നതൊന്നും അങ്ങോട്ട് വിശ്വസിക്കാനേ കഴിഞ്ഞില്ല.. ദേവേട്ടൻ തനിക്കു വേണ്ടി ഇത്രയും സംസാരിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. സന്തോഷം കൊണ്ടു കണ്ണു നിറഞ്ഞു പോയി. എല്ലാവർക്കും മുന്നിൽ തന്നെയും ചേർത്ത് നിർത്തിഅവൻ നിന്നപ്പോൾ അഭിമാനം തോന്നി അവൾക്കു . ദേവനെപ്പോലെ തന്നെ മനസിലാക്കുന്ന ഒരു ഭർത്താവിനെ അവൾക്കു കിട്ടിയതിൽ അവൾ ഈശ്വരനോട് നന്ദി പറഞ്ഞു..