ശീലങ്ങൾ
Story written by Angel Kollam
“നമുക്കിന്നു വൈകുന്നേരം പുറത്തു നിന്ന് ഭക്ഷണം കഴിക്കാം, ഞാൻ വരുമ്പോളേക്കും നീ റെഡി ആയിരിക്കണം കേട്ടോ “
ജോമി ഓഫീസിലേക്ക് പോകാനിറങ്ങുമ്പോൾ ആനിയോട് പറഞ്ഞു.
അവൾ തെല്ലൊരു സംശയത്തോടെ ചോദിച്ചു.
“ഇന്നെന്താ പ്രത്യേകത പുറത്ത് നിന്ന് ഭക്ഷണം കഴിക്കാൻ? “
“ഇന്ന് വെള്ളിയാഴ്ച അല്ലേടി പൊട്ടി, ഇന്ന് വൈകുന്നേരം ഈ നഗരത്തിലെ എല്ലാവരും തിരക്കിട്ടു ആഘോഷിക്കുന്ന ദിവസമല്ലേ? എന്നെപ്പോലെയുള്ള ടെക്കികൾ എല്ലാവരും ഒരുപാട് എൻജോയ് ചെയ്യുന്ന ദിവസമാണിന്ന്, ഇനി രണ്ടു ദിവസം ഓഫീസിൽ പോകണ്ടല്ലോ അതുകൊണ്ട് അടിച്ചു പൊളിക്കാമല്ലോ “
“ഓ !ഞാനതോർത്തില്ല, ഈ ഫ്ലാറ്റിനു വെളിയിലിറങ്ങാത്ത എനിക്ക് വെള്ളി ഏതാ ശനി ഏതാ ഒന്നും നിശ്ചയമില്ല “
“ഇരുപത്തിനാലു മണിക്കൂറും ടീവിയിൽ നോക്കികൊണ്ട് ഇരിക്കുന്നത് കാണാമല്ലോ, എന്നിട്ടും ദിവസമേതാണെന്നു അറിയില്ലേ? “
“അറിഞ്ഞിട്ടും പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലല്ലോ “
അവൾ തെല്ലു ദേഷ്യത്തിൽ പിറുപിറുത്തു. ജോമി അവളുടെ ഇടുപ്പിൽ കൈ വച്ചു തന്നോട് ചേർത്ത് നിർത്തി, അവളുടെ മിഴികളിൽ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
“എന്തിനാടി പെണ്ണേ ഇന്ന് വഴക്ക്? ഇന്നെനിക്കെല്ലാ അർത്ഥത്തിലും സന്തോഷിക്കേണ്ട ദിവസമാണ്, ചുമ്മാ സൗന്ദര്യപിണക്കത്തിന്റെ പേരിൽ അതില്ലാതാക്കേണ്ട കേട്ടോ “
അവളുടെ ചുണ്ടിൽ ആ ഴത്തിൽ ചും ബിച്ചിട്ട് ജോമി യാത്ര പറഞ്ഞു പോയി. അവന്റെ കാർ കണ്ണിൽ നിന്ന് മറയുന്നത് വരെ ജനലിൽ കൂടി പുറത്തേക്കു നോക്കിക്കൊണ്ട് ആനി അങ്ങനെ തന്നെ നിന്നു.
ഒരു തളർച്ചയോടെ സോഫയിലേക്ക് ഇരിക്കുമ്പോൾ അവളുടെ മനസ്സിൽ ജോമിയെ പറ്റി മാത്രമായിരുന്നു ചിന്ത.
ആനി ഡിഗ്രി ജയിച്ചതിന് ശേഷം പിഎസ്സി കോച്ചിങ്നു പോയ്കൊണ്ടിരുന്ന പ്പോളാണ് ഒരു ബ്രോക്കർ മുഖേന ജോമിയുടെ ആലോചന വരുന്നത്.
പയ്യൻ ബാംഗ്ലൂരിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ ആണെന്ന് കേട്ടപ്പോൾ തന്നെ ആനിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും സന്തോഷമായി. ചെക്കന് നമ്മുടെ നാട്ടിൽ തന്നെ നല്ല ശമ്പളമുള്ള ജോലിയുണ്ട് എന്നുള്ളതായിരുന്നു എല്ലാവരെയും ആകർഷിച്ച ഘടകം. പെട്ടന്ന് വിവാഹo തീരുമാനിച്ചത് കാരണം വിവാഹത്തിന് മുൻപ് ആനിയ്ക്കും ജോമിയ്ക്കും പരസ്പരം അടുത്തറിയാനുള്ള അവസരം ഒന്നും തന്നെ ലഭിച്ചിരുന്നില്ല. നിശ്ചയം കഴിഞ്ഞു, വെറും മൂന്നു ദിവസത്തിനുള്ളിൽ വിവാഹവും നടന്നു.
വിവാഹരാത്രിയിൽ തന്നെക്കാളും മുൻപേ മണിയറയിൽ എത്തി കാത്തിരുന്ന ജോമിയോട് ‘വിയർപ്പിന്റെ ഗന്ധമാണ് തനിക്കെന്നും ഈ വേഷമൊക്കെ മാറ്റിയിട്ടു കുളിച്ചിട്ട് വരാമെന്ന്’ പറഞ്ഞപ്പോൾ ‘നിന്റെ വിയർപ്പിന്റെ ഗന്ധം പോലും എനിക്കിഷ്ടമാണ് ‘ എന്ന് പറഞ്ഞു അവൻ ആഞ്ഞു പുൽകിയപ്പോൾ ആനിയ്ക്ക് അമ്പരപ്പായിരുന്നു. താൻ മനസിലാക്കിയത് പോലെയല്ല അവന്റെ പല പ്രവർത്തികളും എന്നുള്ളത് ആദ്യമൊക്കെ അവളെ നൊമ്പരപ്പെടുത്തിയിരുന്നു വെങ്കിലും പതിയെ പതിയെ അവളവന്റെ എല്ലാ ശീലങ്ങളോടും പൊരുത്തപ്പെട്ടു, ഒന്നൊഴികെ. അന്യസ്ത്രീകളോടുള്ള ആകർഷണം ആയിരുന്നു ആനിയ്ക്കു ഒരിക്കലും സ്വീകര്യമല്ലാത്ത അവന്റെ ആ ശീലം.
വിവാഹശേഷം ഒരു മാസത്തെ ലീവ് കഴിഞ്ഞപ്പോൾ ജോമി അവളെയും കൂട്ടി ബാംഗ്ലൂർ എത്തി. ആനിയ്ക്കു ജോലി ഒന്നും ഇല്ലാത്തതിനാൽ ആ ഫ്ലാറ്റിലെ നാലു ചുമരുകൾക്കുള്ളിൽ അടയ്ക്കപ്പെട്ടതായി അവളുടെ ജീവിതം. അവധിയുള്ള ദിവസങ്ങളിൽ വൈകുന്നേരം അവളെയും കൊണ്ട് ജോമി ആ നഗരത്തിൽ യാത്ര ചെയ്യുമായിരുന്നു. എല്ലാ ഞായറാഴ്ചയും മുടങ്ങാതെ അവരൊരുമിച്ചു പള്ളിയിലും പോയിരുന്നു, അതായിരുന്നു ആ ഏകാന്തതയിൽ അവൾക്ക് അല്പമെങ്കിലും ആശ്വാസം നൽകിയിരുന്നത്.
രാത്രിയിലെ നഗരപ്രദക്ഷിണം കഴിഞ്ഞു തിരിച്ചു വരുന്ന പല രാത്രികളിലും താൻ അന്ന് കണ്ട സുന്ദരിയായ ഏതെങ്കിലും പെണ്ണിന്റെ സൗന്ദര്യത്തെ വർണ്ണിച്ചു കൊണ്ട് തന്റെ നേർക്ക് അവന്റെ കൈകൾ നീണ്ടു വരുമ്പോൾ ആനിയ്ക്കു തന്നോട് തന്നെ അറപ്പ് തോന്നിയിരുന്നു. പലപ്പോഴും പ്രതികരണശേഷി നഷ്ടപെട്ടവളായി അവന്റെ എല്ലാ പ്രവർത്തികൾക്കും വഴങ്ങികൊടുക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ. അവന്റെ ഈ ശീലത്തെപറ്റി തന്റെ വീട്ടിൽ വിളിച്ചു പറഞ്ഞപ്പോൾ അമ്മയുടെ പ്രതികരണം അവളെ ഏറെ തളർത്തുന്നതായിരുന്നു. ‘ഈ നിസാരകാര്യത്തിന്റെ പേരിൽ ഇത്രയും നല്ലൊരു ജീവിതം നശിപ്പിച്ചിട്ടു ഇങ്ങോട്ട് വന്നേക്കരുത് ‘ എന്നായിരുന്നു അമ്മയുടെ താക്കീത്.ശരിക്കും ഇതൊരു നിസാര പ്രശ്നമാണോ? താനും തന്റെ ഭർത്താവും ഏറെ സന്തോഷിക്കേണ്ട സ്വകാര്യനിമിഷങ്ങളിൽ പോലും മറ്റുള്ള സ്ത്രീകളുടെ സൗന്ദര്യത്തെ വർണ്ണിക്കുന്ന ഭർത്താവ്, ഏത് പെണ്ണിന് സഹിക്കാൻ കഴിയും ഇതൊക്കെ?
ആനി കുറേ സമയം ചിന്തകളിൽ മുഴുകിയിരുന്നു. ജോമിയും ഒരുമിച്ച് പുറത്ത് പോയ പല രാത്രികളിലും അവന്റെ സ്വഭാവത്തെ ഓർത്ത് താൻ കരഞ്ഞിട്ടുണ്ട്, ഇന്നും അതുപോലെയുള്ള മറ്റൊരു രാത്രിയുടെ ആവർത്തനം ആയിരിക്കു മെന്നോർത്തപ്പോൾ അവൾക്ക് ആരോടൊക്കെയോ ദേഷ്യം തോന്നി. കുറേ നേരം ആലോചിച്ചപ്പോൾ അവളുടെ മനസ്സിൽ എന്തൊക്കെയോ ആശയങ്ങൾ കടന്നു വന്നു. ഉറച്ച തീരുമാനത്തോടെ അവൾ തന്റെ റൂമിനുള്ളിലേക്ക് പോയി.
വൈകുന്നേരം, ജോമി പതിവിലും നേരത്തെ ഓഫീസിൽ നിന്നെത്തിയിരുന്നു. ബ്ലൂ ജീൻസും ബ്ലാക്ക് കളർ ടീഷർട്ടും അണിഞ്ഞു ആനി നിന്നിരുന്നു. അവളെ കണ്ടതും ചുളിഞ്ഞ നെറ്റിയോടെ അവൻ ചോദിച്ചു.
“നീയെന്താ ആ പുതിയ ചുരിദാർ ഇടാഞ്ഞത്? “
“പുറത്തൊക്കെ പോകാൻ കുറച്ച് കൂടി സൗകര്യം ജീൻസ് ആണ് “
“നിനക്കൊരു ഇറക്കമുള്ള ടോപ് എങ്കിലും ഇട്ടു കൂടായിരുന്നോ? ഇതിപ്പോൾ നീ കൈ പൊക്കിയാൽ നിന്റെ വ യറു കാണാമല്ലോ? ഇതെവിടുന്നു കിട്ടി ഇത്രയും ചെറിയ ഉടുപ്പ്, ഞാൻ വാങ്ങിതന്നതായിട്ട് ഓർക്കുന്നില്ലല്ലോ “
“നാട്ടിൽ പോയപ്പോൾ അനിതയുടെ എടുത്തിട്ട് വന്നതാണ് “
അന്ന് പകൽ അവൾ തനിച്ചു പോയി അടുത്തുള്ള ടെക്സ്റ്റയിൽ ഷോപ്പിൽ നിന്നും വാങ്ങിയതാണെന്ന് മറച്ചു വച്ചിട്ട് അപ്പോൾ വായിൽ തോന്നിയ ഒരു കള്ളമാണ് ആനി അവനോട് പറഞ്ഞത്.
“നീ ഈ ഡ്രസ്സ് ഇട്ടിട്ട് എന്റെ കൂടെ പുറത്തേക്ക് വരണ്ട, മര്യാദയ്ക്കു പോയി വേറെ ഇട്ടിട്ട് വാ “
“എന്താ ഈ ഡ്രെസ്സിനിപ്പോൾ കുഴപ്പo, മറ്റുള്ള പെൺകുട്ടികൾ ഇങ്ങനെയൊക്കെ നിൽക്കുന്നത് കാണാൻ ഭയങ്കര സന്തോഷം ആണല്ലോ? സ്വന്തം ഭാര്യ ആയപ്പോൾ എന്താ കുഴപ്പം? “
ജോമി അവളുടെ കയ്യിൽ പിടിച്ചമർത്തി വേദനിപ്പിച്ചു കൊണ്ട് പറഞ്ഞു.
“അങ്ങനെ വല്ലവനും കാണാനുള്ളതല്ല എന്റെ ഭാര്യയുടെ ശരീരം “
“നിങ്ങൾക്ക് മറ്റൊരാളുടെ ഭാര്യയുടെ സൗന്ദര്യം കണ്ടു ആസ്വദിക്കാം, അതിന് പ്രശ്നമൊന്നുമില്ല. അല്ലേ? “
“എന്റെ പെണ്ണേ, ഇതുപോലെ വേഷം കെട്ടിയിറങ്ങുമ്പോൾ ഭർത്താവ് വിലക്കണം, അല്ലെങ്കിൽ ഞങ്ങളെപ്പോലെയുള്ള പാവം പുരുഷൻമാർ നോക്കി പോകും “
“സ്ത്രീകളുടെ വേഷമല്ല ജോമീ, നിങ്ങളെപ്പോലുള്ള പുരുഷന്മാരുടെ കാഴ്ച്ചപ്പാടാണ് മാറേണ്ടത് “
“തർക്കിക്കാനൊക്കെ പിന്നീട് സമയമുണ്ട്, നീ പോയി ഇതു മാറിയിട്ട് വാ, നമുക്ക് പോകാം “
“ഈ വേഷത്തിൽ ജോമിക്കെന്നെ പുറത്ത് കൊണ്ട് പോകാൻ പറ്റുമെങ്കിൽ മതി, ഇല്ലെങ്കിൽ ഞാൻ വരുന്നില്ല. “
ജോമിയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.
“മര്യാദയ്ക്ക് ഇത് മാറ്റിയിട്ടു കുറച്ച് കൂടി ഇറക്കമുള്ള ഏതെങ്കിലും ടോപ് എടുത്തിട്ടിട്ട് വാ “
“ഇല്ല, ഞാൻ ഇങ്ങനെ തന്നെ വരുന്നുള്ളൂ “
ജോമി ക്രോധത്തോടെ അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കിയിട്ട് അകത്തേക്ക് കയറി പോയി. ആനിയുടെ മുഖത്ത് വിജയസ്മിതം വിടർന്നു.
അല്പസമയത്തിന് ശേഷം കുളിച്ചു ഫ്രഷ് ആയി വന്നിട്ട് ജോമി അവളെ പുച്ഛത്തോടെ നോക്കിയിട്ട് പറഞ്ഞു.
“ഇന്ന് രാത്രിയിൽ ഇതു തന്നെയിട്ട് കിടന്നുറങ്ങിക്കോ കേട്ടോ, പുറത്തു പോയി ആരെയും കാണിക്കാൻ പറ്റിയില്ലല്ലോ എന്നുള്ള സങ്കടമങ്ങു മാറിക്കിട്ടും “
അവൾ മറുപടി പറയാതെ ബെഡ്‌റൂമിലേക്കു പോയി. ആ ആവർത്തനരാത്രികളുടെ അസഹ്യതയിൽ നിന്നും രക്ഷപെട്ട ആശ്വാസമായിരുന്നു അവൾക്ക്.
രാത്രിയിലെ ഭക്ഷണത്തിനു ശേഷം ആനി കിടക്കയിലെത്തുമ്പോൾ ജോമി മൊബൈലിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയാണ്. അവൾ ഇടംകണ്ണിട്ടു പാളി നോക്കിയപ്പോൾ ഏതോ സ്ത്രീയുടെ അ ർദ്ധന ഗ്ന വീഡിയോ കാണുക യാണ് ജോമി എന്ന് മനസിലായി. ആ കിടക്കയിൽ ഇരിക്കുമ്പോൾ അവൾക്ക് തന്നോട് തന്നെ ദേഷ്യവും അറപ്പും തോന്നി. ഭിത്തിയിൽ ഉറപ്പിച്ചിരുന്ന വലിയ കണ്ണാടിയിലേക്ക് അവൾ നോക്കി. ‘സുന്ദരിയല്ലേ താൻ? കവികൾ വർണ്ണിക്കുന്നത് പോലെയുള്ള അതീവ സുന്ദരി ഒന്നുമല്ലെങ്കിലും ആരും കണ്ടാൽ കുറ്റം പറയാത്ത സൗന്ദര്യം ഉണ്ട്. എന്നിട്ടും തന്റെ ഭർത്താവിന് തന്നോട് ഇഴുകിചേരാൻ മറ്റൊരു പെണ്ണിന്റെ നഗ്നമേനി കാണണം. തന്റെ സ്ത്രീത്വത്തിനേൽക്കുന്ന അപമാനമാണത്’. ആനിയുടെ മിഴികൾ നിറഞ്ഞു. അവൾ ആ കിടക്കയുടെ ഒരരികിൽ ഭിത്തിയോട് ചേർന്നു കിടന്നു. അല്പസമയത്തിന് ശേഷം തന്റെ നേർക്കു നീണ്ടു വരുന്ന ജോമിയുടെ കൈകളിൽ പ്രണയമോ സ്നേഹമോ അവൾ കണ്ടില്ല, തന്റെ ശരീരത്തോടുള്ള ദാഹം മാത്രമേ കണ്ടുള്ളു.
ദിവസങ്ങൾ കടന്നു പോകുംതോറും ആനി ജോമിയിൽ നിന്നും മാനസികമായി അകന്നു, തന്റെ കുടുംബജീവിതം കൈ വിട്ടു പോകുമോ എന്നുപോലും അവൾ ഭയന്നു. ഞായറാഴ്ച പള്ളിയിൽ പോയപ്പോൾ അവിടത്തെ കന്യാസ്ത്രീകളിൽ ഒരാളോട് അവൾ തന്റെ ദുഃഖത്തെപറ്റി പറഞ്ഞു, അവരുടെ നിർദേശപ്രകാരമാണ് ഡോക്ടർ റോയി തോമസിനെ കാണാൻ അവളെത്തിയത്. തന്റെ മനസിലെ സങ്കടങ്ങൾ അവൾ ഡോക്ടറിനെ അറിയിച്ചപ്പോൾ ജോമിയുടെ ഈ സ്വഭാവം ഒരു പ്രത്യേകതരം വൈകൃതമാണെന്നും അതിന് ചികിത്സ വേണമെന്നും അദ്ദേഹം അറിയിച്ചു. ആനിയുടെ പൂർണ പിന്തുണ ഉണ്ടെങ്കിൽ ജോമിയുടെ ആ വിചിത്ര സ്വഭാവത്തിൽ നിന്നും പൂർണമായും വിമുക്തമാക്കാം എന്ന് ഡോക്ടർ ഉറപ്പ് കൊടുത്തു.
അന്ന് മുതൽ ഡോക്ടറുടെ നിർദേശപ്രകാരം ആനി പ്രവർത്തിച്ചു തുടങ്ങി.
അടുത്ത വെള്ളിയാഴ്ച ഒരുമിച്ച് പുറത്തേക്ക് പോയപ്പോൾ, ജോമിയുടെ ഓഫീസിൽ പുതിയതായി ജോയിൻ ചെയ്ത പയ്യനെ റെസ്റ്റോറന്റിൽ വച്ച് കണ്ടപ്പോൾ അവൻ ആനിയ്ക്കു പരിചയപ്പെടുത്തി കൊടുത്തു. അവൻ തങ്ങളുടെ അടുത്ത് നിന്നു പോയപ്പോൾ ആനി ജോമിയോട് പറഞ്ഞു.
“എന്നാ ഗ്ലാമർ ആണല്ലേ ആ ചെക്കനെ കാണാൻ? ഹിന്ദി സിനിമ നടനെപ്പോലെയുണ്ട്. സൂപ്പർ ബോഡിയും “
ജോമിയുടെ മുഖം വിളറി വെളുത്തു.
“നീയെന്താ ഇങ്ങനെയൊക്കെ പറയുന്നത്? “
“സൗന്ദര്യം ആസ്വദിക്കാനുള്ളതല്ലേ ജോമീ, നിങ്ങൾ മറ്റുള്ള സ്ത്രീകളുടെ സൗന്ദര്യം ആസ്വദിക്കുന്നുണ്ടല്ലോ അപ്പോൾ പിന്നെ ഞാൻ ഒരാളെ നോക്കിയാൽ എന്താ കുഴപ്പം? “
അവന് മറുപടിയില്ലാതെയായിപ്പോയി. അവന്റെ ഭാവമാറ്റം കണ്ടപ്പോൾ ആനിയ്ക്കു സന്തോഷം തോന്നി. ‘ഇത് സാമ്പിൾ വെടിക്കെട്ടാണ് മോനെ, തൃശൂർ പൂരം ഇനി വരാനിരിക്കുന്നതേയുള്ളൂ ‘ അവൾ മനസ്സിൽ പറഞ്ഞു.
അന്ന് രാത്രിയിൽ ജോമിയ്ക്ക് മറ്റൊരു സ്ത്രീയുടെ സൗന്ദര്യത്തെപറ്റി വർണ്ണിക്കാൻ അവസരം കിട്ടുന്നതിന് മുൻപ് ആനി ആ പയ്യനെപറ്റി പറഞ്ഞു. ആനിയെ പുണരാൻ വേണ്ടിയെത്തിയ കൈകൾ തളർന്നിട്ടെന്നവണ്ണം ജോമി തളർച്ചയോടെ കിടന്നു.
രണ്ടു മൂന്ന് ദിവസങ്ങൾ കൂടി കടന്ന് പോയി. ഒരുദിവസം ജോമി ഓഫീസിൽ നിന്നു വരുമ്പോൾ ലാപ്ടോപ്പിൽ ഏതോ യുവനായകന്റെ ഫോട്ടോയിൽ നോക്കി ഇരിക്കുകയാണ് ആനി. ജോമിയെകണ്ടതും ആ ഫോട്ടോ അവന്റെ നേർക്ക് കാണിച്ചു കൊണ്ട് പറഞ്ഞു.
“നോക്കിക്കേ ജോമീ, എന്നാ ബോഡിയാണിതെന്ന്, ജോമിയുടെ അതേ പ്രായമേയുള്ളൂ, പറഞ്ഞിട്ടെന്താ കാര്യം? ജോമിയ്ക്ക് കുടവയർ ആയി തുടങ്ങി. “
മുഖമടച്ചു അടി കിട്ടിയത് പോലെ ജോമി നിന്നു. പിന്നെ തികട്ടി വന്ന ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“അത് വെറുതെ ഉള്ള മരുന്നൊക്കെ കുത്തി വച്ചു ഉണ്ടായ ശരീരമാണ്, എന്റെയൊക്കെ ശരീരം എന്ന് പറയുന്നത് അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ പ്രതീകമാണ് “
“പിന്നേ ഈ പിത്തം പിടിച്ചിരിക്കുന്ന ശരീരമല്ലേ അധ്വാനത്തിന്റെ പ്രതീകം, ഇരുപത്തിനാലു മണിക്കൂറും കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നത് ഭയങ്കര അധ്വാനവും ആണല്ലോ “
ആനി അവനെ പുച്ഛിച്ചു ചിരിച്ചു. ജോമിയ്ക്ക് മറുപടിയില്ലാതെയായിപ്പോയി .
രാത്രിയിൽ, ജോമി റൂമിൽ എത്തുമ്പോൾ, കട്ടിലിന്റെ ക്രാസിയിൽ ഒരു തലയണ എടുത്തു വച്ച് അതിൽ ചാരി ഇരിക്കുകയാണ് ആനി. അവളുടെ കയ്യിൽ മൊബൈൽ ഉണ്ട് . വൈകുന്നേരം അവൾ നോക്കികൊണ്ടിരുന്ന അതേ ഫോട്ടോ സൂം ചെയ്തു നോക്കി ആസ്വദിക്കുകയാണവൾ. ജോമിയ്ക്ക് പെരുവിരലിൽ നിന്നും ദേഷ്യം ഇരച്ചു കയറുന്നത് പോലെ തോന്നി.
“കിടക്കാൻ നേരത്തെങ്കിലും നിനക്ക് ഈ ഫോണൊന്നു മാറ്റി വച്ചു കൂടെ? “
“അതെന്താ പതിവില്ലാത്ത ഒരു ചോദ്യം? ജോമി ദിവസവും എന്തൊക്കെ ഫോട്ടോയും വീഡിയോയും കണ്ടിട്ടാണ് ഉറങ്ങാൻ കിടക്കുന്നത്, ഇന്ന് മാത്രമെന്താ ഇത്ര പുതുമ? “
അവനൊന്നും പറയാതെ ആ ഫോട്ടോയിലേക്കും ആനിയുടെ മുഖത്തേക്കും പാളി നോക്കി. പിന്നെ ഭിത്തിയിലെ കണ്ണാടിയിലേക്കും നോക്കി. തന്റെ വയറു ചാടി തുടങ്ങിയിരിക്കുന്നു. തന്റെ മുന്നിൽ വച്ചാണ് തന്റെ ഭാര്യ മറ്റൊരു പുരുഷന്റെ സൗന്ദര്യo കണ്ടാസ്വദിക്കുന്നത്. അവൻ അവളുടെ മൊബൈൽ പിടിച്ചു വാങ്ങി മേശപ്പുറത്തേക്ക് എറിഞ്ഞു കൊണ്ട് പറഞ്ഞു.
“കുറേ നേരമായിട്ട് ഞാൻ സഹിക്കുന്നു, നിന്റെ ഭർത്താവായ ഞാൻ തൊട്ടടുത്തു ഇരിക്കുമ്പോളാണോ നീ ഏതോ ഒരുത്തന്റെ ഫോട്ടോയും നോക്കി കൊണ്ട് ഇരിക്കുന്നത് “
ആനി അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് ശാന്തമായി ചോദിച്ചു.
“പൊള്ളുന്നുണ്ട് അല്ലേ? ഒരുദിവസം ഞാൻ നിങ്ങളെ ശ്രദ്ധിക്കാതെ മറ്റൊരു പുരുഷന്റെ ചിത്രം നോക്കിയപ്പോൾ നിങ്ങൾക്ക് അസഹനീയമായി തോന്നി അല്ലേ? അങ്ങനെയെങ്കിൽ നമ്മുടെ വിവാഹം കഴിഞ്ഞിട്ടിന്നു വരെയുള്ള പല രാത്രികളിലും ഞാനെത്ര മാത്രം വേദനിച്ചിട്ടുണ്ടെന്നറിയാമോ? ഞാൻ നിങ്ങളുടെ തൊട്ടടുത്തുള്ളപ്പോളും നിങ്ങളുടെ പുരുഷത്വത്തെ ഉണർത്താൻ മറ്റൊരു സ്ത്രീയുടെ ന ഗ്ന ശ രീരവും നീ ലചി ത്രങ്ങളും വേണമായിരുന്നു. അപ്പോളൊക്കെ ഞാൻ അനുഭവിച്ച മാനസികവ്യഥ എത്രമാത്രമാണെന്നറിയാമോ? സ്വന്തം ഭാര്യ മറ്റൊരു പുരുഷന്റെ ശരീരസൗന്ദര്യത്തെ വർണ്ണിച്ചപ്പോൾ നിങ്ങൾക്ക് മനസിലായോ, അവഗണിക്കപ്പെടുന്നതിന്റെ നൊമ്പരം എത്ര വലുതാണെന്ന്? “
ജോമിയ്ക്ക് കുറ്റബോധം കൊണ്ട് വാക്കുകൾ കിട്ടിയില്ല. അവളുടെ ചുമലിൽ കൈ വച്ചു കൊണ്ട് അവൻ പതിയെ വിളിച്ചു.
“ആനി, എനിക്ക് തെറ്റു പറ്റിപ്പോയി, നീ അനുഭവിച്ച സങ്കടത്തിന്റെ ആഴo ഇപ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ട്, ഞാൻ എന്റെ ഈ ശീലം മാറ്റിക്കോളാം”
” മാറ്റണം ജോമി, നമ്മുടെ കുടുംബജീവിതത്തിന്റെ താളം തെറ്റിക്കുന്ന ശീലങ്ങൾ മാറ്റി വയ്ക്കണം, അതിന് ഞാൻ ജോമിയെ സഹായിക്കാം “
അവനൊന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ടിരുന്നു.
” ജോമി നാളെ ലീവ് എടുക്ക്, നമുക്കൊരുമിച്ചു ഒരിടം വരെ പോകണം “
“എവിടെയാ? “
“അത് സർപ്രൈസ് ആണ് “
“ഓക്കേ “
പിന്നീട് അവനൊന്നും ചോദിച്ചില്ല, അവരിരുവരും ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് ജോമിയെയും കൂട്ടി അവൾ ഡോക്ടർ റോയ് തോമസിനെ കാണാൻ പോയി. ആനി തന്നെ കാണാൻ വന്നതും താൻ പറഞ്ഞിട്ടാണ് അവളെ ങ്ങനെയൊക്കെ പ്രവർത്തിച്ചതെന്നതെന്നും ഡോക്ടർ അവനോട് പറഞ്ഞു. ഒടുവിൽ ഉപദേശമെന്നോണം കൂട്ടിചേർത്തു.
“സ്വന്തം ഭാര്യ തന്റെ മുന്നിൽ വച്ച് മറ്റൊരു പുരുഷന്റെ സൗന്ദര്യത്തെപ്പറ്റി വർണ്ണിക്കുന്നത് കേൾക്കാൻ ലോകത്തിൽ ഒരു പുരുഷനും ഇഷ്ടപ്പെടില്ല. അങ്ങനെയുള്ള നിങ്ങളൊക്കെ ഭാര്യമാരുടെ മുന്നിൽ വച്ച് അന്യസ്ത്രീകളുടെ ശരീരസൗന്ദര്യം ആസ്വദിച്ചു സായൂജ്യം അടയുമ്പോൾ അവർക്കുണ്ടാകുന്ന നൊമ്പരം എത്ര വലുതാണെന്ന് ഇനിയെങ്കിലും മനസിലാക്കണം “
“ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസിലായി ഡോക്ടർ, ഞാനിനി ഇതൊന്നുo ആവർത്തിക്കില്ല “
“ഡോ, അധികമായാൽ അമൃതും വിഷമെന്ന് കേട്ടിട്ടില്ലേ, എല്ലാകാര്യത്തിലും അത് ബാധകമാണ്. ഏതൊരു ശീലവും അനിയന്ത്രിതമാകുമ്പോളാണ് അത് ദുശീലം ആകുന്നത്. കിടപ്പറയ്ക്കുള്ളിലെങ്കിലും മറ്റൊരു സ്ത്രീയെ മനസിലിട്ട് കൊണ്ട് കടന്നു ചെല്ലാതെയിരിക്കുക”
ഡോക്ടറിന്റെ ഉപദേശവും സ്വീകരിച്ചു നന്ദിയും പറഞ്ഞു ജോമി എഴുന്നേറ്റു. വീട്ടിലെത്തിയ ഉടനെ തന്റെ ഫോണിൽ നിന്നു പല ഫോട്ടോസും അവൻ ഡിലീറ്റ് ചെയ്തു.
രാത്രിയിൽ, ആനിയെ പ്രണയത്തോട് ചേർത്ത് ഇറുകെ പുണരുമ്പോൾ അവൻ അവളുടെ കാതോരത്ത് പതിയെ ചോദിച്ചു.
“ഡാ, ദാസാ, നമുക്കെന്താ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞത്? “
“എല്ലാത്തിനും അതിന്റെതായ സമയമുണ്ട് വിജയാ”
ആനി നാണത്തിൽ കുതിർന്ന മറുപടി നൽകികൊണ്ട് അവനോട് കൂടുതൽ ചേർന്നു കിടന്നു….