വിളിച്ചാൽ നൂറ് കണ്ടീഷൻ പറയും പോരാത്തതിന് മോഹനേയും കുറ്റം പറയും, ചിലപ്പോൾ അങ്ങേരുടെ കൂടെ ഒന്നോ രണ്ടോ ദിവസം ചെല്ലാനും പറയും അത്ര ചെറ്റയാണ്…

മനുഷ്യ ദൈവങ്ങൾ

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

” സിസ്റ്ററെ ഈ മരുന്നിന് എത്ര രൂപയാകും….’

രാവിലെ ഡോക്ടർ കുറിച്ചുതന്ന മരുന്നിന്റെ പേര് എഴുതിയ കുറിപ്പുമായി രമ്യ സിസ്റ്ററിന്റെ പുറകെ ചെന്ന് മെല്ലെ ചോദിച്ചു…

” ഇതിനിത്തിരി വില കൂടുതലാണ് ഏകദേശം രണ്ടായിരം രൂപയാകും…”

സിസ്റ്റർ അത് പറഞ്ഞു തീരും മുൻപേ ഡോക്ടർ അടുത്ത രോഗിയുടെ കിടക്കയുടെ അടുത്തെത്തി സിസ്റ്ററെ വിളിച്ചു. സിസ്റ്റർ കയ്യിൽ ഇരുന്ന ഫയലുകളുമായി ഡോക്ടറിന്റെ അടുക്കലേക്ക് ഓടി…

രണ്ടായിരം രൂപ എന്ന് കേട്ടപ്പോൾ രമ്യയുടെ നെഞ്ചൊന്ന് പിടഞ്ഞു, ആ പൈസ ഇനി എങ്ങനെ ഉണ്ടാക്കും എന്ന ചിന്തയോടെ അവൾ തിരിഞ്ഞു നോക്കുമ്പോൾ കിടക്കയിൽ കിടന്ന് മോഹൻ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു. രമ്യ മോഹന്റെ അടുക്കൽ ബെഡ്ഡിൽ ചെന്നിരുന്നു….

” എത്ര രൂപ ആകുമെന്ന് പറഞ്ഞു സിസ്റ്റർ…”

അരികിൽ വിഷമിച്ചിരിക്കുന്ന രമ്യയുടെ കൈകളിൽ പിടിച്ചുകൊണ്ട് മോഹൻ ചോദിച്ചു..

” ആ അവർക്ക് അറിയില്ലെന്ന്…”

രമ്യ വിരസമായ പറഞ്ഞുകൊണ്ട് മറ്റ് കിടക്കളിൽ കിടക്കുന്നവരെ നോക്കി ഇരുന്നു. മോഹൻ ഇടങ്കൈ കൊണ്ട് അവളുടെ കൈ പിടിച്ച് തന്റെ നെഞ്ചിലേക്ക് വച്ചപ്പോൾ രമ്യ മോഹന്റെ കണ്ണുകളിലേക്ക് നോക്കി ഇരുന്നു…

” മോളെ എനിക്കൊരു ചായ വാങ്ങി തരുമോ…”

അടുത്ത കിടക്കയിൽ കിടക്കുന്ന പ്രായമായ മനുഷ്യൻ അത് ചോദിച്ചപ്പോൾ രമ്യ മോഹനിൽ നിന്ന് നോട്ടം മാറ്റി അയാളെ നോക്കി. അയാൾ തൂക്കു പത്രവും പിടിച്ച് കട്ടിലിൽ എഴുന്നേറ്റ് ഇരിക്കുകയായിരുന്നു. രമ്യ പാത്രം വാങ്ങാനായി കൈ നീട്ടിയപ്പോൾ ചുരുട്ടി പിടിച്ച അഞ്ഞൂറിന്റെ നോട്ടും പാത്രവും അയാൾ രമ്യയുടെ കയ്യിൽ കൊടുത്തു..

” ചായയും രണ്ട് ദോശയും വാങ്ങിക്കോ, ആ പിന്നെ നിങ്ങൾക്ക് കഴിക്കാൻ ഉള്ളതും കൂടി ആ പൈസയിൽ വാങ്ങിക്കോ അല്ലെങ്കിൽ രാവിലെ ചില്ലറ ഇല്ലെന്ന് പറഞ്ഞ് ആ പഹായന്മാർ ഒച്ചപ്പാട് ഉണ്ടാക്കും…”

രമ്യ തിരിച്ചെങ്കിലും പറയും മുൻപേ അയാൾ തോർത്തും തോളിലിട്ട് ബാത്റൂമിലേക്ക് നടന്ന് തുടങ്ങിയിരുന്നു. അവൾ ദയനീയമായി മോഹനെ നോക്കിയപ്പോൾ പോയിട്ട് വാ എന്ന് അയാൾ കണ്ണ് കൊണ്ട് ആംഗ്യം കാട്ടി…

ചില്ലറ ഇല്ലാഞ്ഞിട്ടല്ല അഞ്ഞൂറിന്റെ നോട്ട് തന്നതെന്ന് അവൾക്ക് അറിയാം. ആ പ്രായമായ മനുഷ്യന്റെ കാരുണ്യം കൊണ്ടാണ് രണ്ട് മൂന്ന് ദിവസമായി എന്തേലും ആഹാരം കഴിക്കാൻ പറ്റുന്നത്. അയാളുടെ മക്കളൊക്കെ വിദേശത്താണ് മക്കൾക്ക് ഒന്നും അദ്ദേഹത്തെ നോക്കാൻ സമയമില്ല, അകന്ന ബന്ധത്തിലെ ആരോ ഒരാൾ ഇടയ്ക്ക് വന്നു നോക്കുമെന്നത് ഒഴിച്ചാൽ മക്കൾ പോലും അയാളെ ഒന്ന് വിളിക്കാറില്ല…

എന്നും ഭക്ഷണം വാങ്ങി കൊടുക്കാനും, മരുന്ന് വാങ്ങാനും, ലാബിൽ പോകാനും അയാൾക്ക് സഹായമായി രമ്യ ഉള്ളത് കൊണ്ട് പലപ്പോഴും അവരുടെ ബുദ്ധിമട്ട് അറിഞ്ഞ്‌ അയാൾ സഹായിക്കാറും ഉണ്ട്..

ഭക്ഷണം വാങ്ങാൻ പോകുമ്പോഴും രമ്യയുടെ ചിന്ത മരുന്ന് വാങ്ങാനുള്ള പൈസയെ കുറിച്ച് ആയിരുന്നു. ഭക്ഷണവും വാങ്ങി കടയിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുമ്പോൾ പെട്ടെന്ന് ഒരു വണ്ടിയുടെ നീട്ടിയ ഹോണഡി ശബ്ദം അവളുടെ ചെവിയിൽ മുഴങ്ങിയത് തന്റെ നേർക്ക് ചീറി പാഞ്ഞു വരുന്ന കാറിനെ കണ്ടതും എന്ത് ചെയ്യണം എന്നറിയാതെ അവൾ രണ്ട് കണ്ണും അടച്ച് നിന്ന് പോയി…

വല്യ ശബ്ദത്തോടെ ആ കാർ അവളുടെ തൊട്ടടുത്ത് വന്ന് നിന്നു. ആ കാഴ്ച്ച റോഡിലും കടകളിലും നിന്ന് കണ്ടവർ തലയിൽ കയ്യും വച്ച് നിന്നുപോയി…

” രാവിലെ ചാകാൻ ഇറങ്ങിയത് ആണോ പെങ്ങളെ…”

കാറിൽ ഇരുന്നയാൾ അത് ചോദിച്ചപ്പോൾ ആണ് രമ്യ കണ്ണു തുറന്ന് നോക്കിയത്. അവൾ ചുറ്റും നോക്കുമ്പോൾ എല്ലാ കണ്ണും അവളിലേക്ക് ആയിരുന്നു, രമ്യ ഒന്നും മിണ്ടാതെ തല കുമ്പിട്ട് ആശുപത്രിയിലേക്ക് നടന്നു…

കൊണ്ടുവന്ന ദോശ ഒരു പാത്രത്തിലാക്കി അതിലേക്ക് ചമ്മന്തിയും ഒഴിച്ച് അത് ആ വൃദ്ധന് കൊടുത്തു രമ്യ. മോഹനെ കാട്ടിൽ എഴുന്നേറ്റ് ഇരുപ്പിച്ച് അതുപോലെ ഒരു പാത്രത്തിൽ മോഹനും കൊടുത്തു, കഴിക്കാൻ മടിക്കുന്ന അയാളെ അവൾ നിർബന്ധിച്ച് കഴിപ്പിച്ചുകൊണ്ടിരുന്നു.

“ഇന്നലെയും നല്ല ശ്വാസം മുട്ടൽ ആയിരുന്നല്ലേ…”

കഴിക്കുന്നതിനിടയിൽ ആ വൃദ്ധൻ മോഹനോട് ചോദിച്ചു, മോഹൻ ഒന്ന് തലയാട്ടിയതെ ഉള്ളു. മോഹൻ കഴിച്ചുകഴിഞ്ഞ പാത്രത്തിൽ രണ്ട് ദോശ ഇട്ട് രമ്യയും കഴിച്ചു..

” കുറച്ച് നേരം കിടന്ന് ഉറങ്ങിക്കോ രാത്രിയിൽ തീരെ ഉറങ്ങിയില്ലല്ലോ…”

കഴിച്ച പാത്രം കഴുകി കൊണ്ട് വച്ച് മോഹന്റെ അടുക്കൽ ഇരുന്ന് കൊണ്ട് രമ്യ പറഞ്ഞു. മോഹൻ അവളുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് കണ്ണടച്ച് കിടന്നു. അൽപ്പനേരം കൂടി മോഹന്റെ അടുക്കൽ ഇരുന്നിട്ട് മൊബൈലും എടുത്തുകൊണ്ട് രമ്യ വാർഡിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഒഴിഞ്ഞ വരാന്തയുടെ ഒരു മൂലയിൽ പോയി നിന്നു..

മൊബൈലിൽ അടുത്ത ഒന്ന് രണ്ട് ബന്ധുക്കളുടെ നമ്പറിലേക്ക് വിളിച്ചു നോക്കി ബെൽ അടിക്കുന്നത് അല്ലാതെ ആരും കാൾ എടുക്കുന്നില്ല, രണ്ടാമത് വിളിക്കുമ്പോൾ പരുതിക്ക് പുറത്തോ, സ്വിച് ഓഫോ ആകും. അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എത്രയെന്ന് കരുതിയ സഹായിക്കുന്നത്, ഈ വാങ്ങി കൂട്ടുന്ന പൈസയൊക്കെ ചിലപ്പോൾ തിരികെ കിട്ടിയയില്ലെങ്കിലോ എന്ന പേടി അവർക്കും കാണും…

പിന്നെയും താഴേക്ക് ഓരോ നമ്പറുകൾ നോക്കുമ്പോൾ ആണ് അകന്ന ബന്ധത്തിൽ ഉള്ള അമ്മായിയുടെ മോന്റെ നമ്പർ കണ്ടത്. അവൾ അതിലേക്ക് കാൾ ചെയ്തിട്ട് പിന്നെ എന്തോ ഓർത്തത് പോലെ കട്ടാക്കി. വിളിച്ചാൽ നൂറ് കണ്ടീഷൻ പറയും പോരാത്തതിന് മോഹനേയും കുറ്റം പറയും, ചിലപ്പോൾ അങ്ങേരുടെ കൂടെ ഒന്നോ രണ്ടോ ദിവസം ചെല്ലാനും പറയും അത്ര ചെറ്റയാണ്…

ഇനിയിപ്പോ എന്ത് ചെയ്യണം, എങ്ങനെ പൈസ ഉണ്ടാക്കണം എന്നറിയാതെ രമ്യ ആകെ വിഷമത്തിലായി. ദൈവം എന്തേലും വഴി കാണിച്ചു തരും എന്ന വിശ്വാസത്തിൽ രമ്യ മോഹന്റെ അടുക്കലേക്ക് നടന്നു..

അവൾ ചെല്ലുമ്പോൾ മോഹൻ കണ്ണും തുറന്ന് കിടക്കുകയാണ്. രമ്യ അയൾക്കരികിൽ ചെന്നിരുന്നു..

” ആരെയൊക്കെ വിളിച്ചു പൈസയ്ക്ക് വേണ്ടി…”

ചിരി കലർന്ന സ്വരത്തിൽ ആണ് മോഹൻ ചോദിച്ചത്.രമ്യ മറുപടിയൊന്നും പറയാതെ ഇരുന്നു. മോഹൻ അവളുടെ കൈ പിടിച്ച് തന്റെ നെഞ്ചിലേക്ക് വച്ചു..

” തോന്നുന്നുണ്ടോ ഈ ജീവിതം എന്നോടൊപ്പം നശിപ്പിച്ചു കളയേണ്ടിയിരുന്നില്ല എന്ന്…”

മോഹൻ അത് ചോദിച്ചപ്പോൾ രമ്യ ദേഷ്യത്തോടെ അയാളുടെ നെഞ്ചിൽ നിന്ന് കൈ പിൻവലിച്ച് തലതിരിച്ച് ഇരുന്നു. മോഹൻ വീണ്ടും കൈ നീട്ടി അവളുടെ കയ്യിൽ പിടിക്കാൻ ശ്രമിച്ചു എങ്കിലും രമ്യ കൈ തട്ടി മാറ്റി…

പെട്ടെന്നാണ് മോഹൻ ചുമച്ചതും കഫം പുറത്തേക്ക് വന്നതും, രമ്യ വേഗം ബെഡിന്റെ അടിയിൽ നിന്ന് ബെയിസൻ എടുത്ത് അയാളുടെ വായ്ക്ക് അടുക്കലേക്ക് നീട്ടി പിടിച്ചു. ഒന്നു രണ്ടു വട്ടം കൂടി ചുമച്ച് കഫം ആ ബെയിസനിൽ തുപ്പി. രമ്യ അടുത്തിരുന്ന് അയാളുടെ നെഞ്ച് തടവി കൊടുത്തു. അല്പം ഒന്ന് ആശ്വാസം ആയപ്പോൾ മോഹൻ കണ്ണടച്ച് കിടന്നു. തോർത്ത് കൊണ്ട് മോഹന്റെ മുഖം തുടച്ച് കൊടുത്തിട്ട് രമ്യ ആ ബെയിസനും കൊണ്ട് ബാത്‌റൂമിൽ പോയി കഴുകി തിരികെ കട്ടിലിന്റെ അടിയിൽ കൊണ്ട് വച്ച്. മോഹന്റെ അടുത്ത് ഇരുന്ന് നെഞ്ചിൽ തടവി കൊണ്ടിരുന്നു…

” നിങ്ങൾക്ക് തോന്നുമ്പോൾ മരുന്ന് വാങ്ങിയിട്ട് കാര്യമില്ല, ഇവിടെ കിടന്ന് ചത്തുപോയൽ ആര് സമാധാനം പറയും…”

മരുന്ന് വാങ്ങാത്തതിനു ഡോക്ടർ ഉച്ചത്തിൽ വഴക്ക് പറഞ്ഞപ്പോൾ ആ വാർഡിൽ ഉണ്ടായിരുന്ന എല്ലാവരുടെയും സഹതാപം നിറഞ്ഞ കണ്ണുകൾ രമ്യയുടെ നേരെ ആയിരുന്നു, അവൾ കുറ്റം ചെയ്ത കൊച്ചു കുട്ടിയെ പോലെ തലയും കുമ്പിട്ട് നിൽക്കുക ആയിരുന്നു..

പിന്നെയും എന്തൊക്കെയോ പറഞ്ഞിട്ട് ഡോക്ടർ മറ്റ് രോഗികളുടെ അടുക്കലേക്ക് പോയി. ഡോക്ടർ പോയി കഴിഞ്ഞപ്പോൾ രമ്യ മോഹന്റെ അടുക്കലിരുന്ന് പൊട്ടി കരഞ്ഞുപോയി, മോഹൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും രമ്യയ്ക്ക് കരച്ചിൽ അടക്കി വയ്ക്കാൻ കഴിഞ്ഞിരുന്നില്ല.

” എടോ മതി കരഞ്ഞത് ആൾക്കാർ ഒക്കെ ശ്രദ്ധിക്കുന്നു …”

മോഹൻ മെല്ലെ പറഞ്ഞപ്പോൾ സാരി തുമ്പ് കൊണ്ട് അവൾ കണ്ണുനീർ തുടച്ചു. മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് തലകുമ്പിട്ട് ഇരുന്നു…

” താൻ എഴുന്നേറ്റ് വന്നേ എനിക്ക് ഒന്ന് മേല് കഴുകണം, താനും ഈ ഡ്രെസ്സ് ഒക്കെ ഒന്ന് മാറ്റ്….”

അത് പറഞ്ഞ് മോഹൻ എഴുന്നേൽക്കുമ്പോൾ രമ്യ ബെഡ്ഡിന്റെ അടിയിൽ നിന്ന് ചെറിയ ബക്കറ്റും കപ്പും സോപ്പും മാറി ഇടാനുള്ള ഡ്രെസ്സും എടുത്ത് മോഹനേയും പിടിച്ചു കൊണ്ട് ബാത്റൂമിലേക്ക് നടന്നു..

” താൻ എന്തിനാ കുറ്റവാളികളെ പോലെ തലയും കുനിച്ച് നടക്കുന്നത് നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ…”

മറ്റുള്ളവരെ നോക്കാൻ മടിച്ച് മുഖം താഴ്‌ത്തി നടക്കുന്ന രമ്യയോട് പറയുമ്പോൾ അവൾ മറ്റുള്ളവരെ ശ്രദ്ധിക്കാതെ മോഹനൊപ്പം നടന്നു. മോഹൻ മേല് കഴുകി ബെഡിൽ കൊണ്ട് കിടത്തിയ ശേഷമാണ് രമ്യ കുളിക്കാൻ പോയത്…

” എനിക്ക് നാളെ ഡിസ്ചാർജ് ആണ് കേട്ടോ മോളെ..”

രാത്രി ഭക്ഷണം കഴിച്ച് വാർഡിൽ ഓരോരുത്തരായി കിടക്കാൻ തുടങ്ങുമ്പോൾ ആണ് ആ വൃദ്ധൻ രമ്യയോട് പറഞ്ഞത്. അത് കേട്ടപ്പോൾ രമ്യ ചിരിച്ചു എങ്കിലും ഉള്ളിൽ ചെറിയ വിഷമം ഇല്ലാതിരുന്നില്ല..

രാത്രി കിടക്കാൻ നേരം പതിവുപോലെ മോഹൻ ബെഡിന്റെ ഒരറ്റം ചേർന്ന് കിടന്നു മറ്റേ അറ്റത്ത് രമ്യ ഒരു വശം ചരിഞ്ഞു കിടന്നു…

” നാളെ ഡോക്ടറോട് ഡിസ്ചാർജ് ചെയ്യാൻ പറഞ്ഞാലോ..”

മോഹൻ പതിയെ രമ്യയോട് പറഞ്ഞു. അത് കേട്ടെങ്കിലും രമ്യ ഒന്നും മിണ്ടിയില്ല. അവൾ മോഹന്റെ കൈ പിടിച്ച് തന്റെ വയറിലേക്ക് അമർത്തി വച്ചുകൊണ്ട് കിടന്നു…

രാത്രി എപ്പോഴോ മോഹന് ശ്വാസം മുട്ടൽ തുടങ്ങിയപ്പോൾ ആണ് രമ്യ എഴുന്നേറ്റത്. മോഹന്റെ നെഞ്ചിൽ തടവിയും, അശ്വസിപ്പിച്ചും രമ്യ ഉറക്ക മൊഴിഞ്ഞ് മോഹന്റെ അരികിൽ തന്നെ ഇരുന്നു. ഇടയ്ക് നേഴ്‌സ് വന്ന് നോക്കുമ്പോഴും മരുന്ന് വാങ്ങുന്ന കാര്യം രമ്യയെ ഓർമിപ്പിച്ചു. സ്ഥിരം മരുന്ന് വാങ്ങാറുള്ള കടയിൽ പോയി കടം പറഞ്ഞാണെങ്കിലും നാളെ മരുന്ന് വാങ്ങണമെന്ന് രമ്യ മനസ്സിൽ ഉറപ്പിച്ചു..

വെളുപ്പിന് എപ്പോഴോ ശ്വാസം മുട്ടലിന് ഒരൽപ്പം ആശ്വാസം കിട്ടിയപ്പോൾ ആണ് മോഹൻ ഒന്ന് ഉറങ്ങിയത്, ഇടയ്ക്ക് എപ്പോഴോ രമ്യയും കട്ടിലിന്റെ സൈഡിൽ തലവച്ച് ഉറങ്ങിപ്പോയി…

പിറ്റേന്ന് അല്പം താമസിച്ചാണ് മോഹൻ ഉണർന്നത്, കണ്ണ് തുറന്ന് നോക്കുമ്പോൾ രമ്യ അടുത്ത് ഉണ്ടായിരുന്നില്ല. അടുത്ത ബെഡിൽ കിടക്കുന്ന വൃദ്ധന്റെ അടുക്കൽ അയ്യാളുടെ അകന്ന ബന്ധു ഉണ്ട് രണ്ടാളും സാധങ്ങളൊക്കെ പായ്ക്ക് ആക്കി വയ്ക്കുന്ന തിരക്കിൽ ആണ്, അൽപ്പം കഴിഞ്ഞപ്പോഴേക്കും രമ്യ പുറത്ത് നിന്ന് വന്നു…

” ആ എഴുന്നേറ്റോ…”

രമ്യ മോഹന്റെ അടുക്കൽ ഇരുന്നുകൊണ്ട് ചോദിച്ചു..

” നീ ഇത്‌ രാവിലെ എങ്ങോട്ട് പോയതാ..”

” മരുന്ന് വാങ്ങാൻ, നേഴ്‌സിന്റെ കയ്യിൽ കൊടുത്തിട്ടുണ്ട്, അവർ വരും മുൻപേ എഴുന്നേറ്റ് പല്ലൊക്കെ തേയ്ക്ക്…”

അത് പറഞ്ഞവൾ എഴുന്നേറ്റ് മോഹന്റെ ബ്രഷിൽ പേസ്റ്റും തേച്ച് തോർത്തും എടുത്ത് മോഹനേയും കൂട്ടി ബാത്റൂമിലേക്ക് നടന്നു. എങ്ങനെ മരുന്ന് വാങ്ങി എന്ന് രമ്യയോട് ചോദിച്ചാലും അവൾ പറയില്ലെന്ന് അറിയുന്നത് കൊണ്ട് മോഹൻ അതിനെ കുറിച്ചൊന്നും ചോദിച്ചില്ല…

പതിവുപോലെ രാവിലെ ഡോക്ടർ വന്ന് ചെക്ക് ചെയ്ത ശേഷം വാങ്ങി വന്ന മരുന്ന് കൊടുക്കാൻ നേഴ്സിനോട് പറഞ്ഞു, അതിൽ കുറഞ്ഞാൽ രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യാമെന്നും പറഞ്ഞപ്പോൾ രമ്യയ്ക്കും മോഹനും ആശ്വാസമായി…

ഡോക്ടർ വന്ന് കണ്ടുകഴിഞ്ഞ് അടുത്ത ബെഡിലെ വൃദ്ധനെ ഡിസ്ചാർജ് ആക്കി. പോകാൻ ഇറങ്ങുമ്പോൾ അയാൾ മോഹന്റെ അടുക്കലേക്ക് വന്നു…

” നിങ്ങൾ രണ്ടാളും നന്മയുള്ളവർ ആണ് ഒരിക്കലും നിങ്ങളെ ദൈവം കൈവെടിയില്ല.. അസുഖമൊക്കെ കുറയുമ്പോൾ രണ്ടാളും കൂടി വീട്ടിലേക്ക് വരണം കേട്ടല്ലോ….”

അത് പറഞ്ഞ് അയാൾ ചുരുട്ടി പിടിച്ച കുറച്ച് നോട്ടുകൾ മോഹന്റെ കയ്യിൽ വച്ചു കൊടുതെങ്കിലും മോഹൻ പെട്ടെന്ന് കൈ വലിച്ചു…

” എനിക്കറിയാം നിങ്ങളുടെ ബുദ്ധിമുട്ട്, ഇടയ്ക്ക് ആരോടും പറയാതേ ഈ മോൾ ഇരുന്ന് കരയുന്നത് ഞാൻ എത്രയോ തവണ കണ്ടേക്കുന്നു. ഇങ്ങനെ ഒരു ഭാര്യയെ കിട്ടാൻ പുണ്യം ചെയ്യണം. ഈ പൈസ കയ്യിൽ ഇരിക്കട്ടെ….”

പൈസ വാങ്ങാൻ കൂട്ടാക്കാതെ ഇരുന്ന മോഹനോട് അയാൾ അതും പറഞ്ഞ് പൈസ ഏൽപ്പിച്ചു

” ആ മോളെ ഇടയ്ക്ക് വിളിക്കണം കേട്ടോ…”

കണ്ണുനീർ പൊടിഞ്ഞ രമ്യയുടെ മുഖത്ത് നോക്കി അത് പറഞ്ഞ് ചുമലിൽ തട്ടിക്കൊണ്ടു അയാൾ പോകാനായി ഇറങ്ങി..

അയാൾ കണ്ണിൽ നിന്ന് മറഞ്ഞപ്പോഴേക്കും മോഹൻ കയ്യിൽ ഇരുന്ന പൈസ രമ്യയെ ഏല്പിച്ചു…

” ഏട്ടാ ഇത് ഒരുപാട് ഉണ്ടല്ലോ പൈസ….”

കയ്യിൽ ഇരുന്ന നോട്ടുകൾ നിവർത്തി നോക്കിക്കൊണ്ട് രമ്യ പറഞ്ഞു..

” നി പറയാറില്ലേ ദൈവം എന്തേലും വഴി കാണിക്കുമെന്ന്, ദേ അതുപോലുള്ള ഹൃദയങ്ങളിലൂടെ ആണ് ദൈവം മനുഷ്യരെ സഹായിക്കുന്നത്….”

രമ്യ തലയാട്ടി ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഇടയ്ക് നേഴ്‌സ് വന്ന് മോഹന് ഇഞ്ചക്ഷൻ എടുത്തു. അൽപ്പം കഴിഞ്ഞപ്പോഴേക്കും മോഹൻ ഉറങ്ങി തുടങ്ങി. രമ്യ രാവിലെ കടം പറഞ്ഞു വാങ്ങിയ മരുന്നിന്റെ പൈസ ആദ്യം കൊടുത്തു, പിന്നെ വന്ന് കഴിഞ്ഞ ദിവസത്തെ മുഷിഞ്ഞ തുണി അലക്കി ഇട്ടു, അതെല്ലാം കഴിഞ്ഞു വരുമ്പോഴും മോഹൻ മയക്കത്തിൽ ആണ്…

ഒന്ന് രണ്ട് ദിവസത്തെ ഉറക്കക്ഷീണം നല്ലത് പോലെ ഉള്ളത് കൊണ്ട്, രമ്യ മോഹന്റെ അരികിൽ സ്റ്റൂളിൽ ഇരുന്ന് ബെഡ്ഡിലേക്ക് തല വച്ച് ഇരുന്ന് ഉറങ്ങി. ഇടയ്ക് ആരോ തലയിൽ തലോടുന്നത് അറിഞ്ഞപ്പോൾ ആണ് രമ്യ കണ്ണ് തുറന്നത്, അപ്പോഴും മോഹന്റെ കൈകൾ അവളുടെ മുടിയിൽ തഴുകികൊണ്ടിരിക്കുക ആയിരുന്നു..

” എങ്ങനെ ഉണ്ടിപ്പോൾ…”

രമ്യ തല ഉയർത്തി ചോദിച്ചു..

” നല്ല ആശ്വാസം തോന്നുന്നുണ്ട്.. താൻ ഇരുന്ന് ഉറങ്ങാതെ കട്ടിലിൽ കയറി കിടക്ക്…”

ബെഡ്ഡിന്റെ ഒരു സൈഡിലേക് ഒതുങ്ങി കിടന്നുകൊണ്ട് മോഹൻ പറഞ്ഞു..

” ഓ വേണ്ട , ആ നേഴ്സ് കണ്ടുകൊണ്ട് വന്നാൽ പിന്നെ അത് മതി…”

അത് പറഞ്ഞവൾ വീണ്ടും ബെഡിൽ തല വച്ചിരുന്നു ഉറങ്ങി.പിന്നെയുള്ള രണ്ട് ദിവസം കൊണ്ട് മോഹന്റെ ശ്വാസം മുട്ടലിന് അൽപ്പം ആശ്വാസം കിട്ടിയപ്പോൾ ഡോക്ടർ ഡിസ്ചാർജ് എഴുതി..

” അതേ ഇത്‌ സർക്കാർ ആശുപത്രി ആണെന്ന് കരുതി എല്ലാ മരുന്നൊന്നും ഇവിടെ കിട്ടില്ല, ആ മരുന്നു പുറത്ത് നിന്ന് വാങ്ങിയാലെ പറ്റുള്ളൂ…”

ഡോക്ടറുടെ ശബ്ദം ആ വാർഡിൽ മുഴങ്ങിയപ്പോൾ വീട്ടിലേക്ക് പോകാൻ സാധങ്ങൾ പായ്ക്ക് ചെയ്തുകൊണ്ടിരുന്ന മോഹനും രമ്യയും അത് ശ്രദ്ധിച്ചത്. ഒരു സ്ത്രീയോട് ആണ് ഡോക്ടർ അത് പറയുന്നത്, അവരുടെ മോളാണെന്ന് തോന്നിക്കുന്ന ഒരു കുട്ടി ബെഡിൽ കിടപ്പുണ്ട്. സധനങ്ങളൊക്കെ എടുത്ത് വച്ച് പോകാൻ ഇറങ്ങുമ്പോൾ അവർ ആ സ്‌ത്രീയുടെ അരികിലേക്ക് നടന്നു…

” എന്തുപറ്റിയതാ…”

രമ്യ ആ സ്ത്രീയുടെ അരികിൽ വന്നുകൊണ്ട് ചോദിച്ചു..

” മൂന്ന് ദിവസം കൊണ്ട് തുടങ്ങിയ പനിയാണ് ഒരു കുറവുമില്ല,ഇപ്പോൾ എന്തോ പുറത്ത് നിന്ന് മരുന്ന് വാങ്ങാണമെന്ന പറയുന്നേ. അച്ഛൻ ഇല്ലാത്ത ഇവളെ വളർത്താനാണ് ഞാൻ ജോലിക്ക് പോകുന്നത്,ഇപ്പോൾ ഒരു മാസം ആയി ജോലിക് പോയിട്ട് , ഞാൻ ഇതൊക്കെ എങ്ങനെ വാങ്ങാൻ ആണ്..”

അത് പറഞ്ഞ് ആ സ്ത്രീ തലയിൽ കയ്യും വച്ച് ബെഡിൽ ഇരുന്നു.. മോഹൻ രമ്യയെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് നടന്നു. അന്ന് ആ വൃദ്ധൻ നൽകിയ പൈസയിൽ നിന്ന് വണ്ടിക്കാശ് മാറ്റി വച്ചിട്ട് ബാക്കിയെടുത്ത് രമ്യ അവരുടെ കയ്യിൽ ഏൽപ്പിച്ചു. പൈസ കണ്ടപ്പോൾ അവർ അത്ഭുതത്തോടെ രമ്യയെ നോക്കി…

” മോൾക്ക് പെട്ടെന്ന് മരുന്ന് വാങ്ങി കൊടുക്ക്…”

അത് പറഞ്ഞ് രമ്യ വേഗം മോഹന്റെ ഒപ്പം നടന്നു…

” വണ്ടി കൂലിക്ക് പൈസ കയ്യിൽ ഉണ്ടല്ലോ ല്ലേ…”

മോഹൻ ചിരിച്ചുകൊണ്ട് ചോദിച്ചു..

” അത് ഞാൻ മാറ്റി വച്ചിട്ടുണ്ട്…”

അത് പറഞ്ഞവൾ മോഹനെ ചേർന്ന് നടന്നു, അപ്പോഴും ആ സ്‌ത്രീ ദൈവം അവർക്ക് നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *