വിവാഹത്തിനു ശേഷം ഏട്ടനു പറ്റിയ കയ്യബദ്ധം. വാല്യക്കാരിയുടെ പൊൻമകൾക്കു ഏട്ടനുണ്ടാക്കിക്കൊടുത്ത ദിവ്യ ഗർഭത്തിന്റെ ……

ചെണ്ട

Story written by Adarsh Mohanan

അച്ഛനെന്നും ഒരു ചെണ്ടയായിരുന്നു ഉണ്ണീ…….

പണ്ടു കുട്ടിക്കാലത്ത് ഏട്ടൻ ചെയ്ത തല്ലുകൊള്ളിത്തരങ്ങളുടെ കുറ്റം ചുമത്താറ് എന്റെ മേലായിരുന്നല്ലോ. അന്നും അച്ഛൻ പാണലു വടി കൊണ്ടെന്റെ ഉള്ളം തുടയിൽ പാഞ്ചാരി കൊട്ടാറുണ്ട്, ഉറങ്ങിക്കിടന്ന കുഞ്ഞനുജത്തിയുടെ മുടി മൂർച്ചയുള്ള കത്രിക കൊണ്ട് മുറിച്ചു മാറ്റിയതും ഏട്ടനായിരുന്നില്ലേ എങ്കിലും അമ്മ ചൂലുകൊണ്ട് ചേങ്ങിലത്താളമടിച്ചത് എന്റെ തോളത്തായിരുന്നല്ലോ.

കഥയറിയാതെ കൈ കൊട്ടിച്ചിരിക്കാൻ ഏട്ടനൊപ്പം അവളും ചേർന്നപ്പോൾ കുറ്റങ്ങളെല്ലാം സ്വയം ഏറ്റുവാങ്ങി ഒരു കോമാളിയേപ്പോൽ നിന്നിട്ടുണ്ടീയച്ഛൻ

ഏട്ടനെന്നും അച്ഛന്റെ പൊൻ മകനായിരുന്നല്ലോ ഒന്നാം സ്ഥാനക്കാരൻ . പഠനത്തിലും കാര്യപ്രാപ്തിയിലും മുൻപനായ ഏട്ടനോടു തന്നെയായിരുന്നല്ലോ അമ്മയ്ക്കും പ്രിയം, ഒന്നിനും കൊള്ളാത്ത ഈയച്ഛനന്നു അറവുമാടിന്റെ സ്ഥാനമായിരുന്നു ആ വീട്ടിൽ

തീർന്നില്ലല്ലോ, വിവാഹത്തിനു ശേഷം ഏട്ടനു പറ്റിയ കയ്യബദ്ധം. വാല്യക്കാരിയുടെ പൊൻമകൾക്കു ഏട്ടനുണ്ടാക്കിക്കൊടുത്ത ദിവ്യ ഗർഭത്തിന്റെ ഉത്തരവാധിത്വം എന്റെ തലയിലേക്ക് അടിച്ചേൽപ്പിച്ചിതായിരുന്നില്ലേ

അന്നും അച്ഛനും അമ്മയ്ക്കും വിശ്വാസത്തിന്റെ നിറകുടമായിരുന്നല്ലോ ഏട്ടൻ. ആരോരുമില്ലാത്തവളെ കൂടെപ്പൊറുപ്പിച്ചത് അവളുടെ കണ്ണീരുപതിഞ്ഞ് തറവാടിനു ശാപം വരുത്തി വയ്ക്കാതിരിക്കുവാൻ വേണ്ടി മാത്രമായിരുന്നില്ലേ

എന്നിട്ടും വാല്യക്കാരിയെ പിഴപ്പിച്ചു കെട്ടിയ കഥ പഞ്ചവാദ്യമേളം പോൽ നാടാകെ മുഴങ്ങിയപ്പോൾ അതിനു താലി പിടിച്ചത് സ്വന്തം ബദ്ധുക്കൾ തന്നെ യായിരുന്നല്ലോ

ഒന്നുമറിയാതെ ഏട്ടന്റെ വാക്കു കേട്ട് അച്ഛനെന്നെ പടിയടച്ചു പിണ്ഡം വെച്ച പ്പോഴും മൂകനായ് നിന്നത് കാലങ്ങളായ് നിലനിന്ന തറവാടിന്റെ പേരിന് കോട്ടം തട്ടാതിരിക്കുവാൻ വേണ്ടി മാത്രമായിരുന്നില്ലേ

എങ്കിലും പടിയിറങ്ങുമ്പോൾ അട്ടഹാസത്തിന്റെ പെരുമ്പറ മുഴക്കം അന്നും ഞാനേട്ടന്റെ മുഖത്ത് ദർശിച്ചിരുന്നു, ഒന്നുമറിയാത്ത ആ പൊട്ടിപ്പെണ്ണിന്റെ കൈപിടിച്ച് ഞാനാ പത്തായപ്പുരയുടെ കവാടം താണ്ടുമ്പോൾ നിനക്കവളുടെ വയറ്റിൽ മൂന്നു മാസം പ്രായം ഉണ്ടായിരുന്നു ഉണ്ണീ, അന്നു മുതൽ ജീവിതത്തിലുടനീളം അവളെ അല്ലലറിയിക്കാതെ നോക്കിയിട്ടുണ്ടീ യച്ഛൻ എങ്കിലും മരണം വരെ ആ ദുർനിമിഷത്തേയോർത്ത് വിലപിക്കാത്ത രാത്രി കളുണ്ടായിരുന്നില്ലല്ലോ അവൾക്ക്

നീ പിറന്നതിനു ശേഷം മറ്റൊരു കുഞ്ഞിനെപ്പറ്റി ചിന്തിക്കാതിരുന്നത് നിന്നോടുള്ള സ്നേഹത്തിലും പെരുമാറ്റത്തിലും വേർതിരിവുണ്ടാകാതിരിക്കാനായിരുന്നു നിന്റെയമ്മക്കതൊരിക്കലും താങ്ങാൻ കഴിയില്ല എന്ന ഭയം കൊണ്ടു തന്നെ യായിരുന്നു, നിന്നെ രാജകുമാരനെപ്പോൽ വളർത്തുമെന്നവൾക്കു കൊടുത്ത വാക്ക് ഇന്നോളം ഞാൻ തെറ്റിച്ചിട്ടുണ്ടോ ഉണ്ണീ

നിന്റെ മൂന്നാം വയസ്സിൽ ഞാൻ നിനക്കൊരു കിലുക്കാംപെട്ടി വാങ്ങിത്തന്നു. എന്നും എന്റെ നെഞ്ചിൽ ഒട്ടി മയങ്ങാറുള്ള നീ ആ പെട്ടി കൊണ്ടല്ലേ ആദ്യമായ് എന്റെ നെഞ്ചിൽ താളം കൊട്ടിപ്പടിച്ചത് , അന്നു നിന്നെ ഒരുപാട് പ്രശംസി ച്ചിരുന്നില്ലേ, വാരിയെടുത്തു ചുംബിച്ചിരുന്നില്ലേ ഈയച്ഛൻ, നിന്റെ മുപ്പതാം വയസ്സിലും ആ പതിവ് നീ തെറ്റിച്ചില്ലല്ലോ ഉണ്ണീ….

എന്നും സന്ധ്യ മയങ്ങി ലഹരി നുണഞ്ഞു വന്ന് ആഞ്ഞു താളം പിടിക്കാറുള്ളത് എന്റെ നടുംപുറത്താണ് എന്ന ഒരു വ്യത്യാസമല്ലേ ഉള്ളൂ,

തെറ്റു തന്നെയാണ് അച്ഛൻ ചെയ്തത് ഒന്നും നിന്നെ അറിയിക്കാത്തത് മനപ്പൂർവ്വ മായിരുന്നു, അല്ലെങ്കിലും എങ്ങനെയാണ് ? എന്താണ് നിന്നോട് ഞാൻ പറയേണ്ടി യിരുന്നത് എന്ന് നീ ചിന്തിച്ചിട്ടുണ്ടോ? ശരിയാണ് നിന്റെ ചോദ്യങ്ങൾക്കൊന്നും എന്റെ കയ്യിൽ ഉത്തരമുണ്ടായിരുന്നില്ല ഉണ്ണീ

എങ്കിലും നാട്ടുകാരുടെ പല്ലവി ശരിവച്ചു കൊണ്ട് അവരുടെ താളത്തിനൊത്തു നീ തുള്ളി , നിന്റെ അമ്മയേ നീ അവരുടെ മുൻപിൽ തരംതാഴ്ത്തി ക്കെട്ടിക്കാണിച്ചില്ലേ, ഇങ്കു കുറുക്കിയൂട്ടിയ ആ കരങ്ങളെക്കൂട്ടിപ്പിടിച്ച് വലം കൈയ്യോങ്ങിയില്ലേ നീ……..

എന്നിട്ടും നിനക്ക് മതിയായില്ലല്ലോ ഉണ്ണീ . ഒമ്പതു മാസം നിന്നെച്ചുമന്ന ആ വയറിനെ നീ വാ തോരാതെ ശപിച്ചപ്പോൾ ഇരുപതു അസ്ഥികൾ ഒരുമിച്ചു നുറുങ്ങുന്ന വേദനയെ ആ പേറ്റുനോവിന്റെ കാഠിന്യമേറുന്ന വേദനയേ തിന്നവളെ മനപ്പൂർവ്വം അവഗണിക്കുകയായിരുന്നില്ലേ നീ, ആ തിരുനാഭിയിലേക്ക് നിന്റെ കരുത്തുറ്റ മുഷ്ടികൊണ്ടോങ്ങിയില്ലേ? തള്ളിമാറ്റിയ എന്റെ നടുംപുറത്ത് നീ വീണ്ടും പാണ്ടി താളത്തിൽ ആഞ്ഞു മേളം കൊട്ടിയില്ലേ ?

കഴിഞ്ഞില്ലല്ലോ, അവകാശം ചോദിച്ച് ഞാൻ പിന്നീടൊരിക്കലും ചെല്ലാത്ത ആ തറവാട്ടിലേക്ക് നീ ചെന്നു കയറി, ആട്ടിപ്പുറത്താക്കിയ അച്ഛാച്ഛനോടും തള്ളി പ്പടിയടച്ച മൂത്ത സഹോദരനോടും നിനക്കു തോന്നിയ അരിശം എന്നും നാലു കാലിലാടിവന്നു തീർക്കാറുള്ളതും എന്റെ നടുംപുറത്ത് തന്നെയല്ലേ .

നിന്നോട് തെല്ലു പോലും പരിഭവമില്ല ഉണ്ണീ ആവോളം ആസ്വദിച്ചു കൊട്ടിക്കോളൂ, കാരണം അച്ഛനിന്നും ഒരു ചെണ്ടയാണ് മാറി മാറി വന്ന മാരാര് താളം പിടിച്ച് തഴമ്പിച്ച പഴയ ചെണ്ട

ഉമ്മറത്തെ വരാന്തയിലിരുന്നയാൾ ആരൊടെന്നില്ലാതെ പിറുപിറുത്തു കൊണ്ടിരുന്നു, അപ്പോഴും വീട്ടിലയാൾ ചോറൂട്ടിവളർത്തിയ വളർത്തുനായ ചങ്ങല വലിച്ചു മുറുക്കി വാലാട്ടിക്കൊണ്ട് അയാളുടെ അരികിലേക്ക് കുതിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു . മെല്ലെ മെല്ലെ അയാളാ നായയുടെ അരികിലേക്ക് ചെന്നിരുന്നു .

സ്നേഹപ്രകടനത്താൽ ആ നായ അയാൾക്കു ചുറ്റും വലയം വെച്ചു കൊണ്ടിരുന്നു, പട്ട വടി കൊണ്ട് പലവട്ടം ആഞ്ഞു പ്രഹരിച്ചിട്ടും ഇന്നേവരെ തന്റെ മുഖത്തു നോക്കി കുരച്ചു പോലും പ്രതിഷേധം പ്രകടിപ്പിക്കാത്ത ആ നായയുടെ മുഖത്തോട് തന്റെ മുഖം ചേർത്തു നിറുത്തിയപ്പോൾ അയാളറിയാതെ അയാളുടെ കുഴിഞ്ഞ കണ്ണിൽ നിന്നും വാത്സല്യം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു, ഒലിച്ചിറങ്ങിയ നീർത്തുള്ളികളെ ആ നായ സ്വന്തം നാക്കുകൊണ്ട് തോർത്തി യെടുത്തു , അയാൾ പതിഞ്ഞ സ്വരത്തിൽ ആ നായയോടായ് മൊഴിഞ്ഞു.

“എന്റെ രക്തത്തിൽ നിന്നേപ്പോലൊരു മകൻ എനിക്കില്ലാതെ പോയല്ലോ”

നാലുകാലിലാടിവരുന്ന മകനായ മാരാരുടെ വരവും കാത്തുകൊണ്ടയാൾ മാൻതോലിനെ വെല്ലുന്ന കാഠിന്യമുള്ള തന്റെ ചെണ്ടപ്പുറത്ത് എണ്ണക്കുഴമ്പിട്ടു മിനുക്കിയിരുന്നു, പക്ഷെ പ്രതീക്ഷകളെല്ലാം തെറ്റിപ്പോയിരുന്നു, നാലാളുടെ തോളിലെ ശവമഞ്ചലിൽ നീണ്ടു നിവർന്നു കിടന്നു വന്ന ഉണ്ണിയേ കണ്ടപ്പോൾ ഒരു നിമിഷത്തേക്കയാൾ നിശ്ചലനായി, പതിയെയാൾ മൃതശരീത്തിനരികിലേക്ക് വന്നിരുന്നു ചുറ്റുo നിന്നാരോ പിറുപിറുക്കുന്നുണ്ടായിരുന്നു

“വിഷമദ്യം ഉള്ളിൽച്ചെന്നതാണ്, 6 എണ്ണം ഷാപ്പിൽ വെച്ചു തന്നെ പോയീന്നാ കേട്ടേ”

അലറി വിളിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ ശബ്ദം പുറത്തേക്ക് വന്നില്ല.

മലച്ചു കിടന്ന തന്റെ മാരാരുടെ ശരീരത്തിനു മുൻപിലിരുന്നു കൊണ്ട് ആ ചെണ്ട ഇട നെഞ്ചിൽ സ്വയം ആഞ്ഞു താളം പിടിച്ചു, കലാശക്കൊട്ടിന്റെ അഞ്ചാം കാലത്തിന്റെ അവസാന ധ്വനി നിലച്ചപ്പോൾ തെക്കേപ്പറമ്പിൽ എരിഞ്ഞു തീർന്നത് രണ്ട് ചിതകളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *