വിവാഹ ജീവിതം എന്താണെന്നു പോലും തിരിച്ചറിയാത്തൊരു പ്രായത്തിൽ അത്രയും വലിയ കൊട്ടാരം പോലുള്ള ഒരു വീട്ടിൽ….

തിരിച്ചറിവ്

Story written by RAJITHA JAYAN

“ജാസ്മിനെ മൊഴി ചൊല്ലി ഞാൻ, ബന്ധം ഒഴിവാക്കണമെന്ന് എന്റെ വീട്ടിൽ വന്നെന്നോട് പറയാൻ നിങ്ങൾക്കെങ്ങനെയാണ് മൂസാക്ക ധൈര്യം വന്നത് ..?
ജാസ്മിൻ ഞാൻ മഹറു നൽകി നിക്കാഹ് കഴിച്ച എന്റെ ഭാര്യയാണ് ,അല്ലാതെ എവിടുനിന്നോ എനിക്കരികിലെത്തിയവളല്ല …

ചുറ്റും നിൽക്കുന്ന പൗര പ്രമാണിമാരെയൊന്നും ശ്രദ്ധിക്കാതെ നവാസ് മൂസാക്കയുടെ നേർക്ക് പൊട്ടിത്തെറിക്കുമ്പോൾ അകത്ത് വാതിൽ മറവിൽ, ചുമർ ചാരി നിന്ന് ജാസ്മിൻ ശബ്ദമില്ലാതെ കരഞ്ഞു.

“അല്ല നവാസെ, നീയെന്താണിപ്പോ ഇങ്ങനെയൊക്കെ പറയുന്നത് ..?

നീയും ഷെരീഫും പരസ്പരം പറഞ്ഞുറപ്പിച്ചിരുന്ന വാക്കിന്റെ പുറത്താണ് ഞങ്ങളിപ്പോ ഷെരീഫിനു വേണ്ടി നിന്നോടു സംസാരിക്കുന്നത് , ഷെരീഫും ഓന്റെ കുട്ടികളും ജാസ്മിന്റെ ഉപ്പയും ആങ്ങളമാരുമൊക്കെ ദാ ഇവിടെ ഇരിക്കണത് നീ ഷെരീഫിനോട് പറഞ്ഞ അല്ല, കൊടുത്ത വാക്കിന്റെ പുറത്താണ് ..,, ജാസ്മിനെ നിക്കാഹ് കഴിച്ച് കുറച്ചു ദിവസം കൂടെ പൊറുപ്പിച്ചതിനു ശേഷം മൊഴി ചൊല്ലി ഒഴിവാക്കാമെന്ന് നീ പറഞ്ഞ വാക്കിന്റെ പുറത്ത്…!

മൂസാക്കയുടെ ശബ്ദം വീണ്ടും ഉയർന്നതും നവാസിന്റെ മുഖത്തൊരു പരിഹാസ ചിരി വിരിഞ്ഞു …

“എന്താടോ നീയ്യ് ആളെ കളിയാക്കണ മാതിരി ചിരിക്കണത് ..? ഞാൻ പറഞ്ഞതിന് നീയ്യ് ഉത്തരം പറ ,നീയും ഷെരീഫും തമ്മിൽ നിങ്ങളുടെ നിക്കാഹിനു മുമ്പ് അങ്ങനെ ഒരു വാക്കുണ്ടായിരുന്നോന്ന്…?

“അങ്ങനെ ഒരു വാക്കുണ്ടായിരുന്നു മൂസാക്ക ,പക്ഷെ അതൊരിക്കലും ഞാൻ ഷെരീഫിനു കൊടുത്ത വാക്കല്ല ,അവൻ എന്നിൽ നിന്നും നിർബന്ധപൂർവ്വം വാങ്ങിയ വാക്കാണ് ..

അതെന്തോ ആയിക്കോട്ടെ നവാ സെ ,പക്ഷെ ഇപ്പോ നീ അവളെ മൊഴിചൊല്ലി ഒഴിവാക്കുന്ന കാര്യത്തിന്റെ തീരുമാനം പറ..

അതിലിനി ഒന്നും പറയാനോ തീരുമാനിക്കാനോ ഇല്ല മൂസാക്ക ,ജാസ്മിൻ എന്ന എന്റെ ഭാര്യയെ ഞാൻ ഒഴിവാക്കുന്നില്ല ,അതിനെന്നെ നിർബന്ധിക്കാൻ നിങ്ങൾക്കാർക്കും തന്നെ യാതൊരും അവകാശമോ അധികാരമോ ഇല്ല ..!!

കള്ളനായെ …,, ചതിക്കുന്നോ നീയ്യ്…,,

നവാസ് പറഞ്ഞു നിർത്തിയതും ഷെരീഫ് അലറിക്കൊണ്ട് നവാസിനരികിലെത്തി അവന്റെ ഷർട്ടിൽ കുത്തി പിടിച്ചു …

“ഷെരീഫിക്ക …,,,

പെട്ടെന്നാണ് ജാസ്മിൻ മുറിക്കുള്ളിൽ നിന്ന് പുറത്തേക്ക് പാഞ്ഞിറങ്ങിയതും കത്തുന്ന കണ്ണുകളോടെ ഷെരീഫിനെ വിളിച്ചതും.

തീ പാറുന്ന നോട്ടവുമായ് തനിക്ക് നേരെ നോക്കുന്ന ജാസ്മിനെ കണ്ടതും നവാസിനെ പിടിച്ചിരുന്ന ഷെരീഫിന്റെ കൈ മെല്ലെ അയഞ്ഞു.

“ജാസ്മിൻ .. ഇവൻ പറഞ്ഞത് നീയും കേട്ടില്ലേ ..നിന്നെ ഇവൻ ഒഴിവാക്കൂലാന്ന് .. ഷെരീഫ് പതറിയ ശബ്ദത്തോടെ ജാസ്മിനെ നോക്കി പറഞ്ഞു…

“നവാസിക്ക ഒരാണല്ലേ ഷെരീഫിക്ക ,അതോണ്ടു തന്നെ മഹറു നൽകി ഭാര്യയാക്കി കൂടെ കൂട്ടിയവളെ ന്യായമായ കാരണങ്ങളില്ലാതെ മറ്റുള്ളവരുടെ വാക്കു കേട്ട് ഒഴിവാക്കണ്ട എന്ന് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനെ എതിർക്കാനും അദ്ദേഹത്തെ അതിനു നിർബന്ധിക്കാനും നിങ്ങൾക്കൊക്കെ ആരാണധികാരവും അവകാശവും തന്നത്..?

ജാസ്മിന്റെ തീ പാറുന്ന ശബ്ദമ വിടെ ഉയർന്നതും ഷെരീഫൊരു നിമിഷം അന്ധാളിച്ചു പോയ് .. അവൻ തനിക്കൊപ്പം വന്ന ജാസ്മിന്റെ ഉപ്പയെയും അവളുടെ ആങ്ങളമാരെയും നോക്കി …

“മോളെ ജാസ്മിൻ ,നീയെന്താണിങ്ങനെയെല്ലാം പറയുന്നത് .. ?എല്ലാം നിനക്കറിയുന്നതല്ലേ?

ജാസ്മിന്റെ ഉപ്പ അവൾകരിക്കിൽ വന്നു മെല്ലെ ചോദിച്ചു

അതേ ഉപ്പ ,എനിക്ക് എല്ലാം അറിയാം .അതുകൊണ്ട് തന്നെയാണ് നവാസിക്കാന്റെ തീരുമാനത്തെ ഞാനെതിർക്കാത്തതും ആ മനുഷ്യന്റെ കൂടെ ചേർന്നു നിൽക്കുന്നതും..

ഹ …അതെന്തൊരു വർത്താനാണെടീ നീയ് പറയണത് … ഇവിടെ കാര്യങ്ങൾ തീരുമാനിക്കാൻ നിന്റെ വാപ്പയായ ഞാനും നിന്റെ ആങ്ങളമാരും ഉണ്ട് തീരുമാനം ഞങ്ങൾ എടുക്കും നീയും ഇവനുമെല്ലാം അനുസരിക്കും ..,, ഉപ്പയുടെ ശബ്ദമുയർന്നതും ജാസ്മിൻ പകയോടെ ഉപ്പയെ നോക്കി …

“ഒരിക്കലും ഇനിയങ്ങനെ സംഭവിക്കില്ല ഉപ്പ ,കാരണം ഇതെന്റെ ജീവിതമാണ് ,തീരുമാനമെടുക്കേണ്ടത് ഞാൻ മാത്രമാണ് ,

“ഒരിക്കലുപ്പയുടെയും ഇക്കാക്ക മാരുടെയും തീരുമാനമനുസരിച്ച് ഈ നിൽക്കുന്ന ഷെരീഫിക്കയുടെ ഭാര്യയായ് അവരുടെ കൂടെ ജീവിതം തുടങ്ങിയതാണ് ഞാൻ എന്റെ പതിനഞ്ചാം വയസ്സിൽ .. ,എന്റെ മുഖത്തിന്റെ ചന്തം നോക്കി പണം വാരിയെറിഞ്ഞിയാൾ നിങ്ങളെ സ്വന്തമാക്കിയപ്പോൾ എനിക്ക് നഷ്ട്ടമായതെന്നെ തന്നെയായിരുന്നു .

ഷെരിഫിക്കാന്റെ കയ്യിലുള്ള പണത്തിന്റെ പങ്ക് പറ്റി ഉപ്പയും ആങ്ങളമാരും ജീവിതം ആഘോഷിച്ചു തീർക്കുമ്പോൾ വിവാഹ ജീവിതം എന്താണെന്നു പോലും തിരിച്ചറിയാത്തൊരു പ്രായത്തിൽ അത്രയും വലിയ കൊട്ടാരം പോലുള്ള ഒരു വീട്ടിൽ പകൽഷെരിഫിക്കാന്റെ ഉമ്മയുടെയും സഹോദരിമാരുടെയും ക്രൂരതകൾ സഹിച്ച് രാത്രി ശരീരം നുറുങ്ങുന്ന വേദനകൾക്കിടയിൽ ഷെരീഫിക്കിന്റെ വക ഉപദ്രവങ്ങളും സഹിച്ച് ജീവിക്കുകയായിരുന്നു ഞാൻ ,ഒരു ഭാര്യയായിട്ടെന്നെ ഷെരീഫിക്ക കണ്ടിരുന്നില്ല ,അതു കൊണ്ടു തന്നെ കിടപ്പറയിൽ ഞാനിയാൾക്ക് വെറുമൊരു പെണ്ണായിരുന്നു …,,

എനിക്ക് പരാതി പറയാനോ എന്റെ സങ്കടങ്ങൾ കേൾക്കാനോ അന്നൊന്നും ആരും ഉണ്ടായില്ല ,നിങ്ങളൊക്കെ ഷെരിഫിന്റെ പണത്തിനടിമകൾ ആയിരുന്നില്ലേ..?

എന്റെ സങ്കടങ്ങളെന്നും എന്റെ മാത്രമായിരുന്നില്ലേ ഉപ്പാ .. നിക്കാഹ് കഴിപ്പിച്ചു വിട്ടാൽ അതോടെ പെണ്ണ് വീട്ടുകാരുടെ ഉത്തര വാദിത്തം കഴിഞ്ഞെന്ന് ഇക്കാക്കമാർ പറഞ്ഞപ്പോൾ എന്തും സഹിച്ചാവീട്ടിൽ നിൽക്കാൻ ഞാൻ തയ്യാറായതായിരുന്നു …

വീട്ടിലെ വിശ്രമമില്ലാത്ത ജോലികൾക്കിടയിൽ എന്റെ ഗർഭപാത്രത്തിൽ പറ്റിപ്പിടിച്ചു വളരാൻ സാധിക്കാതെ എന്നിൽ നിന്ന് തുടർച്ചയായ് എന്റെ മക്കൾ ചോര ചാലുകളായ് ഒഴുകി പരന്നെന്നെ വിട്ടുപോയപ്പോൾ ഷെരീഫിക്കയും കുടുംബവും എനിക്ക് പുതിയ പേരു ചാർത്തി തന്നു “മച്ചി ,

എനിക്ക് ഇനി കുട്ടികളുണ്ടാവില്ല കൊണ്ടുപോയി സ്വന്തം വീട്ടിലാക്കി വായെന്ന് ഉമ്മയും സഹോദരിമാരും പറഞ്ഞപ്പോൾ ഒരക്ഷരം എതിർപ്പ് പറയാതെ ഷെരിഫിക്ക അനുസരിച്ചു ,അന്നെനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട് ഷെരീഫെന്ന ആണിന് ജാസ്മിൻ എന്ന പെണ്ണിനോടുള്ള പുതി തീർന്നിരിക്കുന്നുവെന്ന് …,,

അന്നീ മനുഷ്യൻ മൊഴിചൊല്ലി എന്നെ ഒഴിവാക്കിയപ്പോ ഉപ്പയും ആങ്ങളമാരും ഇയാളെ എതിർത്തൊരു വാക്ക് പറഞ്ഞോ ..? ഇയാളിൽ നിന്നു പറ്റിയ പണത്തിന്റെ കട കാരല്ലേ നിങ്ങൾ..? പിന്നെന്തു പറയും ല്ലേ..?

പിന്നീടിയാൾ വേറെ നിക്കാഹ് കഴിച്ചെന്നറിഞ്ഞപ്പോൾ ഞാനെത്ര വേദനിച്ചെന്ന് ,എന്റെ മനസ്സെത്ര ഉരുകീ യെന്ന് നിങ്ങൾക്കാർക്കും അറിയില്ല , കാരണം ഇയാളെന്നെ വെറുത്തപ്പോഴും ഇയാളെ മാത്രം സ്നേഹിച്ചവളായിരുന്നു ഞാൻ ..

ആ എന്നെ അറിയാൻ നിങ്ങളാരും ശ്രമിച്ചില്ല ,എന്റെ ഉമ്മച്ചി ജീവിച്ചിരുന്നെങ്കിലൊരു പക്ഷെ എന്നെ മനസ്സിലായേനെ , ഒടുവിലിയാളുടെ രണ്ടാം ഭാര്യ ഇയാളെയും ഇയാളുടെ ഈ ഇരിക്കുന്ന രണ്ടു മക്കളെയും ഒഴിവാക്കി വേറൊരാളുടെ കൂടെ ഒളിച്ചോടി പോയെന്നറിഞ്ഞപ്പോൾ ഞാനൊരിക്കലും കരുതീല ഇയാളും ഇയാളുടെ വീട്ടുകാരും വീണ്ടും എന്റെ അരികിലേക്ക് ഇയാളുടെ ഭാര്യാ പദവി നീട്ടി വരുമെന്ന് ,അതിനെ ന്റെ ഉപ്പയും കൂടപിറപ്പുകളും കൂട്ടുനിൽക്കുമെന്നും …

ജാസ്മിനിൽ നിന്ന് കൂരമ്പുകളായ് വാക്കുകളോരോന്നും ചുറ്റും തെറിക്കുമ്പോൾ ഒന്നും മിണ്ടാനാവാതെ അവളുടെ കൂടപ്പിറപ്പുകൾ തല താഴ്ത്തി.

അതെല്ലാം കഴിഞ്ഞു പോയില്ലേ മോളെ.., ഇനിയതെല്ലാം വീണ്ടുമെന്തിനാ …

കഴിഞ്ഞു പോയെന്നോ ..? എന്തു കഴിഞ്ഞുവെന്ന് ,ജാസ്മിന്റെ ശബ്ദത്തിന് വീണ്ടും തീ പിടിച്ചു

ഒരിക്കലുപേക്ഷിച്ചവളെ വീണ്ടും നിക്കാഹ് കഴിക്കണമെങ്കിൽ അവളെ വേറൊരുത്തൻ നിക്കാഹ് കഴിച്ച് ഒരുമ്മിച്ച് ജീവിച്ചൊഴുവാക്കണമെന്ന നമ്മുടെ മത വിശ്വാസ പ്രകാരം എന്റെ അഭിപ്രായമോ ഇഷ്ട്ടമോ നോക്കാതെ എന്റെ ഇഷ്ട്ടമില്ലാഞ്ഞിട്ടു കൂടി നിങ്ങളെല്ലാവരും കൂടി എനിക്ക് നവാസിക്കാനെ കണ്ടെത്തി തരുമ്പോൾ നിങ്ങൾ ചിന്തിച്ചോ എന്റെ മാനസികാവസ്ഥ ..? ആദ്യ ഭർത്താവിനെ വീണ്ടും വിവാഹം കഴിക്കാൻ രണ്ടാമതൊരാളെ വിവാഹം കഴിക്കേണ്ടി വരുന്ന ഒരുവളുടെ അവസ്ഥ …? അവനൊപ്പം ശരീരം പങ്കിടേണ്ടി വരുമ്പോഴുള്ള അവളുടെ മനസ്സ് ..? ഇതൊക്കെ നിങ്ങൾ അറിഞ്ഞിരുന്നോ ..?

ഒരിക്കലൊരബദ്ധം പറ്റിയാണെന്നെ ഒഴിവാക്കേണ്ടി വന്നതെന്നും ഞാനില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ സാധിക്കില്ല എന്നുമെല്ലാം നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങളുടെ ബന്ധുകൂടിയായ നവാസിക്ക, നിക്കാഹ് കഴിച്ചൊഴുവാക്കി തരാം എന്ന നിങ്ങളുടെ വ്യവസ്ഥ അനുസരിച്ച് തന്നെയാണ് എന്നെ ഭാര്യയാക്കിയത് ..

പക്ഷെ ഒരു പെണ്ണെന്താണെന്ന് ,ഒഴിവാക്കപ്പെടുമ്പോഴും പൂർണ്ണ സമ്മതത്തോടെ അല്ലാതെ ശരീരം പങ്കുവെക്കപ്പെടുമ്പോഴും അവളെ ത്രമാത്രം വേദനിക്കുന്നുണ്ടെന്നും തിരിച്ചറിഞ്ഞപ്പോൾ , തിരിച്ചറിയാനൊരു മനസ്സ് നവാസി ക്കാക്ക് ഉണ്ട് എന്നറിഞ്ഞപ്പോ ഞാൻ തീരുമാനിച്ചു എനിക്കീ മനുഷ്യന്റെ ഭാര്യയായാൽ മതിയിനിയുള്ള കാലമെന്ന് …,,

ഏതു വാക്കിനു പുറത്താണെങ്കിലും നിന്നെ ഞാനാർക്കും വിട്ടു കൊടുക്കില്ല പെണ്ണെ എന്ന നവാസിക്കാന്റെ വാക്ക് ഞാൻ വിശ്വസിച്ചത് ആ മനസ്സിൽ ഞാനുണ്ടെന്ന ഉറപ്പിൽ തന്നെയാണ് , ഇനിയെനിക്ക് ജീവിക്കണം ഒരു ഭാര്യയായ് ,അതിലൂടൊരമ്മയായ് ..

പറയാനുള്ളത് പറഞ്ഞു തീർത്തതുപോലെ ജാസ്മിൻ നവാസി നോട് ചേർന്നു നിന്നപ്പോഴവൻ അവളെ തന്നിലേക്ക് ചേർത്തു നിർത്തി..

ഷെരീഫേ ,ഒരിക്കൽ വിലയറിയാതെ നി ഉപേക്ഷിച്ച ഇവളെ ഞാൻ സ്വീകരിച്ചത് നിനക്ക് തിരികെ യിവളെ തരാൻ വേണ്ടി തന്നെയാണ് ,പക്ഷെ എന്റെ കയ്യിലുള്ളതൊരു നിധിയാണെന്ന് തിരിച്ചറിഞ്ഞിട്ടും ഞാനത് വലിച്ചെറിഞ്ഞുപേക്ഷിച്ചാൽ ഞാനും നിന്നെ പോലൊരു വിഡ്ഢിയാവും .. അതു കൊണ്ട് നീയെന്നോട് ക്ഷമിക്കണം ,ഇവളെ ഞാൻ കൈയൊഴില്ല …

നവാസിന്റെ വാക്കുകൾക്കൊരു മറുപടിയും തിരിച്ചു നൽകാതെ ഷെരീഫ് തന്റെ മക്കളെയും ചേർത്ത് പിടിച്ചാ വീടിന്റെ പടിയിറങ്ങി .. നഷ്ട്ട്ടപ്പെടുത്തിയതൊരു നിധി തന്നെയാണെന്ന തിരിച്ചറിവോടെ ….

Related Posts

Leave a Reply

Your email address will not be published. Required fields are marked *