വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹം മുടങ്ങുന്നത് ഇത് ലോകത്തെ ആദ്യത്തെ കാര്യമൊന്നും അല്ല. നീ അതോർത്ത്…

എഴുത്ത്: സനൽ SBT

“വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹം മുടങ്ങുന്നത് ഇത് ലോകത്തെ ആദ്യത്തെ കാര്യമൊന്നും അല്ല. നീ അതോർത്ത് തിന്നാതെയും കുടിക്കാതെയും വീട്ടിൽ തന്നെ ചടഞ്ഞ് കൂടി ഇരിക്കാനാണോ നിൻ്റെ പ്ലാൻ.”

“എൻ്റെ പൊന്നു രമേ അവന് ഇത്തിരി സമാധാനം കൊടുക്ക് നീ അവൻ സ്വസ്ഥമായി ഒന്ന് ഇരുന്നോട്ടെ.”

” ദേ മനുഷ്യാ നിങ്ങൾക്ക് അത് പറയാം എൻ്റെ കൊച്ച് രണ്ട് ദിവസമായി വല്ലോം കഴിച്ചിട്ട് ഇവൻ്റെ ഈ പോക്ക് കണ്ടിട്ട് എനിക്ക് തന്നെ പേടിയാവ്വാ ഓരോന്ന് ഇരുന്ന് ആലോചിച്ച് കൂട്ടീട്ട് എൻ്റെ കൊച്ചിന് വല്ല അസുഖവും വരുമോ എന്ന എൻ്റെ പേടി.”

” ഏട്ടൻ എന്തിനാ വെറുതെ ടെൻഷൻ ആവണേ ഒരു കണക്കിന് അത് പോയത് നന്നായി എന്നെ ഞാൻ പറയൂ .കുറച്ച് തൊലി വെളുപ്പ് ഉണ്ട് പിന്നെ കുറച്ച് മുടിയും ഭദ്രകാളീടെ കണ്ണാ എന്നാലും ലോക സുന്ദരിയാണെന്നാ അവളുടെ വിചാരം .”

” ദൈവമേ ആ എരണം കെട്ടവൾ എവിടെ പോയാലും ഗതി പിടിക്കരുതെ.”

“എല്ലാവരും ഇത് തന്നെ പറഞ്ഞത് ചുമ്മാ ഇനി അവൻ്റെ മനസ്സ് വിഷമിപ്പിക്കണ്ട ഏതായാലും എല്ലാം കഴിഞ്ഞില്ലേ. ഡാ നീ ഈ പത്താം ക്ലാസ് പരീക്ഷ തോറ്റ പൊലെ വീട്ടിൽ തന്നെ കുത്തിയിരിക്കാതെ പുറത്തോട്ടൊക്കെ ഒന്ന് ഇറങ്ങിയിട്ട് വാ അപ്പോൾ തന്നെ നിൻ്റെ പാതി വിഷമം ഒക്കെ അങ്ങ് മാറും. “

” എനിക്ക് വയ്യ അച്ഛാ നാട്ടുകാര് ഓരോന്ന് പറയും.”

” അതെ നിൻ്റെ തന്തയായ ഞാനാ നിനക്ക് ചിലവിന് തരുന്നത് അല്ലാതെ നാട്ടുകാരല്ല പോയ് പണി നോക്കാൻ പറയെടാ .ഹല്ല പിന്നെ.”

” ഹോ ഇത് ഇങ്ങനെ ഒരു സാധനം ഏട്ടൻ ഇങ്ങ് എണീറ്റ് വന്നേ എന്നിട്ട് പോയി ഒന്ന് കുളിച്ചേ അപ്പോഴേക്കും ഞാൻ നല്ല ചൂട് ദോശയും തേങ്ങാ ചമ്മന്തിയും ഉണ്ടാക്കി തരാം .”

ദേവു എൻ്റെ കൈ പിടിച്ച വലിച്ച് ബാത്റൂമിലേക്ക് തള്ളി വിട്ടു. ആ മരവിച്ച മനസ്സുമായി ഞാൻ കുറെ നേരം ഷവറിൻ്റെ അടിയിൽ തന്നെ നിന്നു മനസ്സും ശരീരവും എല്ലാം ഒന്ന് തണുക്കട്ടെ. നിശ്ചയം കഴിഞ്ഞ് വിവാഹത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടായിരുന്നൊള്ളൂ ഈ അവസാന നിമിഷത്തിൽ അവൾ എന്നോട് ഈ ചതി ചെയ്തത് എന്തിനാണെക്ക് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല. വീണ്ടും ചിന്തകൾ കാട് കയറാൻ തുടങ്ങി. അല്പനേരം കഴിഞ്ഞ് ദേവു ബാത്റൂമിൻ്റെ വാതിലിൽ മുട്ടുന്നത് കേട്ടാണ് ഞാൻ ആ ചിന്തയിൽ നിന്നും ഞെട്ടി ഉണർന്നത്.

“ഏട്ടാ ഇത് വരെ കഴിഞ്ഞില്ലേ വേഗം വാ ദോശയും ചമ്മന്തിയും റെഡി.”

“ആ ഇതാ വരുന്നു.”

റൂമിൽ പോയി ഡ്രസ്സ് മാറി കഴിക്കാനായി ഡൈനിംങ്ങ് ടേബിളിൻ്റെ മുൻപിലേക്ക് ഇരുന്നപ്പോഴാണ് ഗേയ്റ്റും തള്ളിത്തുറന്ന് മൂത്ത ചേച്ചി കറി വന്നത്. ഒക്കത്തിരുന്ന ഇളയ കൊച്ചിനെ സോഫയിലേക്ക് വലിച്ചെറിഞ്ഞ് നേരെ എൻ്റെ അടുത്തേക്ക് .

” ഡാ ഇത്രയൊക്കെ ആയിട്ടും നീ ഇത് എന്ത് ഭാവിച്ചാ .നീ ആ ഡ്രസ്സ് ഒക്കെ മാറി ഇപ്പോ ഇറങ്ങിക്കേ ഇന്ന് രണ്ടിലൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം അച്ഛാ അമ്മേ നിങ്ങളും കൂടെ വാ.”

“ഞാൻ എല്ലാം ഫോണിലൂടെ പറഞ്ഞതല്ലേ ചേച്ചീ ഇപ്പോ എന്തിനാ ഇങ്ങോട്ട് വന്നത്. “

“ഹോ അപ്പോ ഞാൻ നിൻ്റെ കാര്യങ്ങൾ ഒന്നും അന്വഷിക്കേണ്ട എന്നാണോ നീ പറയുന്നത്. എടാ ആണായാൽ നട്ടെല്ല് വേണം നീ ഇവിടെ പഴം പുഴുങ്ങിക്കൊണ്ട് ഇരുന്നോ ഞാനെന്തായാലും അവടെ പോയി ആ തള്ളക്ക് ഇട്ട് നാല് ആട്ട് ആട്ടിയിട്ടെ ഇങ് വരൂ ഇങ്ങനെയാണോ മക്കളെ വളർത്തുന്നത് എന്നൊന്ന് ചോദിക്കണം. “

” ഭദ്രെ നീ ഒന്ന് അടങ്ങ് ഇനി നമ്മളായിട്ട് ഒരു പ്രശ്നത്തിന് പോകണ്ട. വെറെ ഒരുത്തൻ്റെ കൂടെ പോയവൾ ഇനി തിരിച്ച് വരാൻ ഒന്നും പോണിലല്ലോ”.

” അപ്പോ അച്ഛൻ എന്താ ഈ പറയണേ നമ്മള് കൊണ്ടിട്ട മൂന്ന് പവൻ്റെ വളയും ഒരു പവൻ്റെ മോതിരവും ഒക്കെ ഇനി തിരിച്ച് മേടിക്കണ്ട എന്നാണോ ? “

” അതല്ല അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ.”

” ചേച്ചി എന്താ ഈ പറയണേ അവൾ ചിലപ്പോൾ അതും കൊണ്ട് പോയിക്കാണും.”

” എന്നാൽ എന്താ പുതിയത് വാങ്ങിത്തരാൻ പറയണം അത് മാത്രം പോരാ നിശ്ചയത്തിൻ്റെ ഫുൾ ചിലവും എണ്ണി മേടിക്കണം ആ കോന്തൻ നായരെ അങ്ങിനെ വിട്ടാൽ പറ്റിലല്ലോ. അയാളെ കണ്ടാൽ തന്നെ അറിയാം പെണ്ണും പിള്ളടെ പാവാട താങ്ങിയാന്ന് ഒരു മെഴുക്ക് പുരട്ടി കിളവൻ ആ തള്ളെടെ തനി സ്വഭാവാ ആ പെണ്ണിനും കിട്ടിയത് ഞാൻ അന്നെ പറഞ്ഞതാ നന്മുക്ക് ഈ ബന്ധം വേണ്ടാന്ന് അന്ന് നിങ്ങൾക്ക് ഒക്കെ ആയിരുന്നല്ലോ തിടുക്കം എന്നിട്ട് ഇപ്പോ എന്തായി ഇനി എല്ലാരും കൂടെ അനുഭവിച്ചോ? “

” നീ ആദ്യം ആ കൊച്ചിന് എന്തേലും എടുത്ത് കഴിക്കാൻ കൊടുത് കാര്യങ്ങൾ ഒക്കെ നമ്മുക്ക് പിന്നെ ഇരുന്ന് സംസാരിക്കാം. എവിടെ എന്നിട്ട് നിൻ്റെ കെട്ട്യോൻ”

” അങ്ങേര് ജോലിയുടെ എന്തോ കാര്യത്തിന് മംഗലാപുരം വരെ പോയതാ ഇന്ന് വൈകീട്ട് ആവുമ്പോൾ തന്നെ ഇങ്ങ് എത്തും.”

” എന്നാൽ നാളെ അവനും കൂടെ വരട്ടെ നമ്മുക്ക് അവിടെ വരെ ഒന്ന് പോയി സംസാരിക്കാം അല്ലേടാ മനൂ.”

” അച്ഛനും ചേച്ചിയും അളിയനും കൂടി പോയാൽ മതി നാനൊന്നും വരുന്നില്ല ഇനി അങ്ങോട്ട്.”

” നീ ഇനി ഒരു കാവിമുണ്ടും ജുബ്ബയും ഒക്കെ ഇട്ട് വല്ല കാശിക്കോ രാമേശ്വരത്തേക്കോ വിട്ടോ അതാ നല്ലത് ഈ രണ്ട് പെണ്ണുങ്ങൾക്ക് ഉള്ള ധൈര്യം പോലും നിനക്ക് ഇല്ലാതെ പോയല്ലോടാ കഷ്ട്ടം .”

” എൻ്റെ പൊന്ന് ചേച്ചി എനിക്ക് കുറച്ച് സമാധാനം തര്യോ?”

” ഹാ ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല. നിങ്ങൾ എന്തേലും ഒക്കെ കാണിക്ക്.”

” അല്ല ഏട്ടാ നിങ്ങൾ ഫോൺ ചെയ്യുമ്പോൾ അവൾ വല്ല സൂചനയും തന്നായിരുന്നോ?”

” ഫോൺ വിളിക്കുമ്പോഴെല്ലാം നല്ല രീതിയിൽ തന്നാ സംസാരിച്ചോണ്ടിരുന്നത് അവൾ പോയതിൻ്റെ തലേ ദിവസം രാത്രി കൂടി നല്ല സന്തോഷത്തിലാ സംസാരിച്ചത്. അല്ല ഇങ്ങനെ ഒരു കാമുകൻ ഉണ്ടെങ്കിൽ അവൾ എന്തിനാ ഈ നിശ്ചയത്തിന് സമ്മതിച്ചത് എന്ന് എനിക്ക് ഇത് വരെ മനസ്സിലായിട്ടില്ല.”

” അത് അതാ തള്ളയെ പേടിച്ചിട്ട് തക്കം കിട്ടിയപ്പോൾ പെണ്ണ് ചാടി അത്ര തന്നെ. “

” എൻ്റെ അഭിപ്രായത്തില് നിശ്ചയിച്ച് ഉറപ്പിച്ച തിയ്യതിയിൽ തന്നെ ഇവൻ്റെ കല്യാണം നടത്തി കാണിച്ച് കൊടുക്കണം നമ്മുക്ക് അങ്ങിനെ വിട്ടാൽ പറ്റിലല്ലോ,”

” ഹോ ഇനിയിപ്പോ ഈ രണ്ടാഴ്ച കൊണ്ട് അതൊക്കെ നടക്കോ. ഭദ്രെ?”

” ആഞ്ഞ് പിടിച്ചാൽ നടക്കും അഛാ എൻ്റെ ഒരു ഫ്രണ്ടിൻ്റെ അനിയത്തിയുണ്ട് ഞാനൊന്ന് വിളിച്ച് സംസാരിച്ച് നോക്കട്ടെ.”

” ഇപ്പോ പറ്റിയ ഒരു അബദ്ധം ഇനി പറ്റരുത് നല്ല പൊലെ ആലോചിച്ച് ഒരു ഒരു തീരുമാനം എടുക്ക്. ങ്ങാ പിന്നെ അവനോടും കൂടി ഒന്ന് ചോദിച്ചേക്ക്.”

” അവനോട് ചോദിച്ചാൽ വേണ്ട എന്നെ പറയൂ .”

” ആ നിങ്ങള് ആങ്ങളും പെങ്ങളും കൂടി എന്തേലും ഒക്കെ ചെയ്യ്.”

” ഡാ നീ ഈ പറയണത് വല്ലോം കേൾക്കുന്നുണ്ടോ ? അതോ ഇനി കെട്ടുന്നില്ല എന്ന് തീരുമാനിച്ചോ?”

” അതെ ഇനി ഞാൻ ഒരു കാര്യം പറയട്ടെ ?”

” എന്താടാ .”

” അതെ പണ്ട് ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് എൻ്റെ പുറകെ കുറെ കറങ്ങി തിരിഞ്ഞ് നടന്ന ഒരു കുട്ടി ഉണ്ടായിരുന്നു ഞാൻ അതത്ര കാര്യം ആയി എടുത്തില്ല അതാ ഈ വിവാഹം മുടങ്ങിയപ്പോൾ ആദ്യം വിളിച്ചത് അവളാ നിങ്ങൾക്ക് ഒക്കെ ഇഷ്ട്ടം ആണേല് ഞാൻ ഇനി അവളെ കെട്ടിക്കോളാം.”

” ഹാ ബെസ്റ്റ് എന്നിട്ടാണോ നീ കുന്തം വിഴുങ്ങിയ പൊലെ ഇവിടെ ഇരുന്നത് എടാ ഇതിപ്പോ ഞങ്ങടെ ഇഷ്ട്ടം ആണോ വലുത് നിൻ്റെ ഇഷ്ട്ടം അല്ലേ.”

” ഹാ അതൊക്കെ ശരിയാണ് പക്ഷേ ഭദ്ര ചേച്ചിയോട് ഞാൻ ആദ്യമേ ഒരു കാര്യം പറഞ്ഞേക്കാം അവള് നന്മളെ പൊലെ നായരും നമ്പൂതിരിയും ഒന്നും അല്ല ക്രിസ്ത്യൻ ആണ് പേര് ആനി ഇപ്പോ കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സാ.”

” എടാ ഈ ജാതിയും മതവും ഒക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ .പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ പിന്നെ എന്ത് ജാതി എന്ത് മതം എല്ലാം മനുഷ്യര് തന്നെയല്ലേ.”

” നീ ആ പറഞ്ഞത് നേരാ ഭദ്രെ ജാതിയും മതവും ജാതകവും ഒക്കെ നോക്കിയിട്ട് ഇപ്പോ എന്തായി .അവരുടെ വീട്ടുകാർക്ക് സമ്മതം ആണേൽ ഇതാ അങ്ങ് നടത്താം ഇനി ഒന്നും ആലോചിക്കണ്ട പിന്നെ കുറെ കുടുംബക്കാര് തെണ്ടികൾ പലതും പറയും അത് മൈൻ്റ് ആക്കണ്ട.”

അച്ഛൻ്റെ ആ വാക്കുകൾ എനിക്ക് ദൈവ വചനം പൊലെയാണ് കാതിൽ മുഴങ്ങിയത്. ജീവിതത്തിൽ ഞാൻ എടുത്ത പല തീരുമാനങ്ങളും തെറ്റായിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. എന്തായാലും ഒരു കാര്യം ഉറപ്പാണ് ആത്മാർത്ഥമായിട്ട് ഒന്ന് ആഗ്രഹിച്ചാൽ അത് നമുക്ക് കിട്ടാതെ പോകില്ല അത് ഉറപ്പാണ് എന്നോടുള്ള ആനിയുടെ സ്നേഹം സത്യമായിരുന്നു അതാണ് കാലം ഇത്ര കഴിഞ്ഞിട്ടും ഞാൻ കറങ്ങി തിരിഞ്ഞ് അവളുടെ അരികിലേക്ക് ചെന്നെത്തിയത്. സത്യം പറഞ്ഞാൽ ഇപ്പോൾ മനസ്സിനും ശരീരത്തിനും ഒക്കെ ഒരു സുഖം ഉണ്ട് ഈ സിനിമയിൽ ഒക്കെ പറയണ പൊലെ അടിവയറ്റിൽ മഞ്ഞ് വീഴുന്ന ഒരു സുഖം.

നബി: തേപ്പ് കിട്ടിയവരും വിവാഹം മുടങ്ങിയവും ഇനി വിവാഹം നടക്കാത്തവരും ഒന്നും വിഷമിക്കണ്ട ശാരി പോയാൽ മേരി വരും അതും പോയാൽ രാജേശ്വരി ഈ ജീവിതം എന്നൊക്കെ പറയുന്നത് അത്രള്ളൂ. നല്ല ചിൽ ആയിട്ട് ഇരിക്ക് ചങ്കോളേ എന്നിട്ട് വാനിൽ അങ്ങ് പാറിപ്പറന്ന് നടക്ക് .

Leave a Reply

Your email address will not be published. Required fields are marked *