വിശപ്പിന്റെ കയ്പുനീർ അനുഭവിച്ചറിയുന്നവന് ആ സമയത്തെന്ത് കിട്ടിയാലും മധുരമായിരിക്കും മോനേ…

കുറ്റബോധം

Story written by ANJALI MOHANAN

ക്ഷമ ചോദിക്കാൻ ചെന്നതായിരുന്നു ഞാൻ.. അദ്ദേഹത്തെ ഒരു നോക്ക് കാണാൻ എന്റെ മനസ്സ് ആഗ്രഹിച്ചു…. കുറ്റബോധം അലതല്ലുന്നു…… ഇന്നലെ ഇതേ സ്ഥലത്തു വെച്ചാണ് ഞാനദ്ദേഹത്തെ വാക്കുകളാൽ കൊന്നത്….”എന്റെ തെറ്റ്… എന്റെ തെറ്റ്…. എന്റെ തെറ്റ്……..”

നിരാശയോടെ ഞാൻ കാറിൽ കയറി സ്റ്റിയറിങ്ങിൽ തല വെച്ച് ഞാൻ കിടന്നു….

മനസ്സിൽ നിറഞ്ഞത് എന്റെ മകന്റെ മുഖമാണ്…. അവന്റെ നിഷ്കളങ്ക വാക്കുകൾ ഇന്നെന്നെ കീറി മുറിക്കുന്നു……

എന്റെ മകൻ മനുവിന് ഇന്നലെ സ്കൂൾ ബസ് മിസ്സായി…. അടുത്ത വീട്ടിലെ അപ്പുവിനൊപ്പം അവൻ ബസ് സ്റ്റോപ്പിൽ നിന്നു…

അടുത്തൊരു ഭിക്ഷക്കാരൻ നിൽപ്പുണ്ടായിരുന്നു.

അപ്പു ചുമട്ടുതൊഴിലാളി രാജന്റെ മകനാണ് അതുകൊണ്ടുതന്നെ അവൻ പഠിക്കുന്നത് ഗവൺമെന്റ് സ്കൂളിലും… എന്റെ സ്റ്റാറ്റസ് വെച്ച് എന്റെ മകനെ സാധാരണ സ്കൂളിൽ പഠിപ്പിക്കുന്നതിൽ എനിക്ക് വിയോചിപ്പായിരുന്നു……..

ഇന്നലെ അവന്റെ പോലിഷ് ചെയ്ത ഷൂ പൊട്ടി അതുകൊണ്ടാവാം അവൻ വളരെ വൈകിയാണ് ഇറങ്ങിയത്…. സ്കൂളിൽ നിന്നിറങ്ങിയ അവൻ കണ്ടത് കളിക്കൂട്ടുക്കാരനായ അപ്പുവിനേയാണ്… അപ്പു പറഞ്ഞു ….

“മനൂ…. നീയെന്താ വീട്ടിൽ പോയില്ലെ..?… ബസ് പോയല്ലൊ….. ഇവിടെ തനിച്ച് നിൽക്കണ്ട…. എന്റെ കൂടെ വാ…. എന്നെ വീട്ടിൽ കൊണ്ടുപോവാൻ അച്ഛൻ വരും… അതു വരെ അപ്പുറത്ത് ബസ്റ്റോപ്പിൽ നിൽക്കാം……

കണ്ണിൽ നിറഞ്ഞ ഭയത്തോടെ മനു പറഞ്ഞു …..

“അയ്യോ.. അവിടെ ഒരു ഭിക്ഷക്കാരൻ നിക്കുന്നു.. അയാളെ കണ്ടിട്ട് പേടിയാകുന്നു……. “

അവനെ തിരുത്തി കൊണ്ട് അപ്പു പറഞ്ഞു….. “എന്തിന് പേടിക്കണം…..അദ്ദേഹവും മനുഷ്യനല്ലെ… എന്റെ ടീച്ചർ പറഞ്ഞിട്ടുണ്ട് നമ്മൾ സംസാരിക്കുന്ന ഭാഷ സ്നേഹത്തിന്റേതാവണമെന്ന്…… “

അത് കേട്ട് ചിരിച്ചു കൊണ്ട് മനു പറഞ്ഞു… എന്റെ ക്ലാസ്സ് മിസ്സ് ആകെ ഒന്നേ പറയൂ…… ” സ്പീക്ക് ഓൻളി ഇൻ ഇംഗ്ലീഷ്……”

ഇരുവരും സംസാരിച്ച് റോഡ് ക്രോസ്സ് ചെയ്യുന്ന സമയത്ത് മനു കാൽ തെന്നിവീണു…. അവനു നേരെ ഒരു ലോറി പാഞ്ഞു വരുന്നുണ്ടായിരുന്നു.. ഇതു കണ്ടതും വഴിയരികിൽ നിന്ന ഭിക്ഷക്കാരൻ ഓടിചെന്നവനെ എഴുന്നേൽപ്പിച്ചു…….. സ്നേഹത്തോടെ അവനെ പരിപാലിച്ചു….

അപ്പോഴവന് അദ്ദേഹത്തോട് എന്തെന്നില്ലാത്ത കരുണ തോന്നി….. കുറച്ച് സമയം കഴിഞ്ഞപ്പോൾ രണ്ടു പേർക്കും വിശന്നു തുടങ്ങി….. വിശപ്പിന്റെ ആഴം ആവോളം അളന്ന ആ മഹാ മനുഷ്യൻ കയ്യിലുണ്ടായിരുന്ന നാണയ തുട്ടുകൾ പെറുക്കി കൂട്ടി രണ്ട് ബണ്ണ് വാങ്ങി അവർക്ക് കൊടുത്തു……….

വിശപ്പു മൂലം അവരത് ആസ്വദിച്ച് കഴിക്കുമ്പോഴാണ് അപ്പുവിന്റെ അച്ചൻ വരുന്നത്… അച്ഛനെ കണ്ടവൻ ഓടി ചെന്ന് പറഞ്ഞു….. ” അച്ഛനു വിശക്കുന്നുണ്ടോ?…. ഇതൊന്ന് കഴിച്ചു നോക്ക് നല്ല മധുരമുണ്ട്. ഇത് വഴിയരികിൽ ഇരിക്കുന്ന അച്ഛാച്ഛൻ വാങ്ങി തന്നതാണ്……. “

അവന്റെ നിഷ്കളങ്കതക്ക് അച്ഛൻ മറുപടിയും കൊടുത്തു…..

“വിശപ്പിന്റെ കയ്പുനീർ അനുഭവിച്ചറിയുന്നവന് ആ സമയത്തെന്ത് കിട്ടിയാലും മധുരമായിരിക്കും മോനേ……. “

കഷ്ടപ്പെട്ട് അധ്യാനിച്ചു കിട്ടിയ വിയർപ്പ് നനഞ്ഞ 50 രൂപ നോട്ട് ഭിക്ഷക്കാരന് നേർക്ക് നീട്ടികൊണ്ടയാൾ പറഞ്ഞു……

” എന്റെ മക്കളുടെ വിശപ്പകറ്റിയതിന് ഒരുപാട് നന്ദിയുണ്ട്…… താങ്കൾക്ക് വിരോധമില്ലെങ്കിൽ ഇന്ന് വൈകുനേരത്തെ ഭക്ഷണം ഞങ്ങളുടെ വീട്ടിൽ നിന്നാവാം…. വിഭവസമൃദമായ സദ്യയൊന്നുമുണ്ടാകില്ല എങ്കിലും വിശപ്പു മാറാനുള്ളത് ഞങ്ങൾ തരാം….”

മറുപടിയായ് ഭിക്ഷക്കാരൻ ഒന്നേ പറഞ്ഞുള്ളൂ……സ്നേഹത്തിന്റെ വാക്കുകൾക്ക് നന്ദിയെന്ന്……..

ആ നേരത്താണ് പണമുണ്ടെന്നതിൽ അഹങ്കരിച്ചു നടന്ന ഞാൻ അവിടെയെത്തിയത്…… ഭിക്ഷക്കാരന്റെ ഭിക്ഷ എന്റെ മകൻ ഭക്ഷിക്കുന്നതു കണ്ട് ഞാൻ കുപിതനായി…… ഓടിച്ചെന്നവന്റെ കയ്യിലെ പാതി കടിച്ച ബണ്ണ് വലിച്ചുനീക്കി….. നിയന്ത്രണം വിട്ട വിമാനം പോലെയായിരുന്നു എന്റെ നാവ്…… ഞാൻ എന്തൊക്കെയോ പറഞ്ഞു അതിൽ ഓർമ്മയുള്ളത് ഇതാണ്….

” പലഹാരങ്ങൾ കൊടുത്ത് പണമുള്ള വീട്ടിലെ കുട്ടികളെ തട്ടികൊണ്ടുപോവാൻ ശ്രമിക്കാണോ നിങ്ങൾ….. നാടുനീളെ കാണും ഇതുപോലെ പണക്കാരുടെ പേടിസ്വപ്നം പോലെ ഓരോ തെണ്ടികൾ….. ഇനി മേലാൽ ഈ അടുത്ത പരിസരത്ത് തന്നെ കണ്ടാൽ …………”

വളരെ ക്ഷമയോടെ എന്റെ വാക്കുകൾ കേട്ട് നിന്നയാൾ ഒരു വാക്ക് തിരിച്ചു പറഞ്ഞു………. “സർ……. ഞാൻ ദരിദ്രനാണ്….. ഒരിക്കലും ക്രൂരനല്ല…. സർ പണക്കാരനാവാം എന്നാൽ ഒന്നോർക്കുക സാറിന്റെ അച്ഛനോ മുത്തച്ഛനോ കഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിൽ സാറിന്ന് ആരാണെന്ന്……”

പിന്നേയുമെന്തൊക്കെയോ പറഞ്ഞ് ഞാൻ മോനെ കാറിൽ കേറ്റി……അവന്റെ മുഖം കാർമേഘം മൂടിയ ആകാശം പോലെയായിരുന്നു……

“മോൻ പേടിച്ചോ ? ……..”

“ഇല്ലച്ഛാ……. “

കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു …..

“അച്ഛാ…. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതാണോ അതോ സ്നേഹത്തിന്റെ ഭാഷ സംസാരിക്കുന്നതാണോ നല്ലത്.. “

ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു കൊണ്ട് ഞാൻ പറഞ്ഞു.. ” സംശയമെന്ത്…. സ്നേഹത്തിന്റെ ഭാഷയാണ് നല്ലത്……”

പിന്നീടുള്ള അവന്റെ മറുപടി എന്നെ നിരാശനാക്കി….. അവൻ പറഞ്ഞു…

” അച്ഛാ….. എനിക്ക് അപ്പുവിന്റെ സ്കൂളിൽ പഠിച്ചാ മതീ…. അവിടെ സ്നേഹത്തിന്റെ ഭാഷ പഠിപ്പിക്കുന്നുണ്ട്…… എനിക്ക് അച്ഛൻ പഠിച്ച സ്കൂളിലെ ഭാഷ വേണ്ട… അത് പാവപ്പെട്ട മനുഷ്യനെ വേദനിപ്പിക്കുന്ന ഭാഷയാണ്…… അച്ഛനറിയോ …. ഇന്ന് റോഡിൽ വീണു കിടന്ന എന്നെ അപകടത്തിൽ നിന്നും രക്ഷിച്ച മനുഷ്യനേയാണ് , വിശന്നപ്പോൾ ആകെയുണ്ടായിരുന്ന ചില്ലറ പൈസ കൊണ്ട് ഞങ്ങളുടെ വിശപ്പ് മാറ്റിയ മനുഷ്യനേയാണ് അച്ഛനിന്ന് വഴക്കു പറഞ്ഞത്….. അദ്ദേഹത്തിന്റെ മനസ്സെത്ര നൊന്ത് കാണും…. വേണ്ടച്ഛാ… എനിക്ക് അപ്പൂന്റെ സ്കൂളിൽ പഠിച്ചാ മതീ അച്ഛന്റെ സ്കൂൾ വേണ്ട…..ഇംഗ്ലിഷും വേണ്ട…….”

അവന്റെ കുഞ്ഞു കണ്ണുകൾ ഇത്രയും വലിയ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞില്ല…… ഡ്രൈവിങ്ങിലെ എന്റെ ശ്രദ്ധ തെറ്റി…. എങ്ങിനെയോ മോനെ വീട്ടിലെത്തിച്ചു…… എന്നിട്ട് അതേ സ്ഥലത്തേക്ക് വണ്ടി തിരിച്ചു…അഹങ്കാരകയില്ലാത്ത മനസ്സോടെയാണ് ഞാനയാളെ തിരഞ്ഞത്… പക്ഷെ കണ്ടില്ല…. മനസ്സിൽ നിറയെ കുറ്റബോധം….

മനസ്സിന്റെ ഭാരമിറക്കാനായ് ഞാൻ വീണ്ടും പ്രതീക്ഷയോടെ തിരിഞ്ഞു നോക്കി……..

പാപിയെന്നും പാപഭാരമേറണമെന്നായിരിക്കാം ദൈവനിശ്ചയം….. പശ്ചാതാപം പാപപരിഹാരമല്ലെന്ന് ആദ്യമായ് തോന്നിയ നിമിഷമായിരുന്നു അത്……

എങ്കിലും പ്രതീക്ഷയോടെ ഞാനിന്നും കാത്തിരിക്കുന്നു ആ കൈകൾ കൂട്ടി പിടിച്ച് മാപ്പ് ചോദിക്കാൻ……

Related Posts

Leave a Reply

Your email address will not be published. Required fields are marked *