വീടിന്റെ ആധാരത്തിന് മുകളിൽ അമ്പതിനായിരം രൂപ കൂട്ടിയെടുക്കാനായി ഞാൻ തീരുമാനിച്ചു. അതിനായി ബാങ്കിൽ ചെന്നപ്പോഴാണ് വീടും പറമ്പും നിലവിൽ സുധാകരന്റെ പേരിലാണെന്ന് അറിയാൻ കഴിഞ്ഞത്……

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

അന്ന് ഞാനൊരു അന്നദാനത്തിന്റെ നീളൻ വരിയുടെ അവസാന ഭാഗത്തായി നിൽക്കുകയായിരുന്നു. സമാന്തരമെന്നോണം സ്ത്രീകൾക്കുമുണ്ട് ഒരു കാത്തിരിപ്പിന്റെ നീളം. അതിൽ എന്റെ അടുത്തായി നിന്നിരുന്നത് നെറ്റിയിൽ മൂന്നു നാല് കുറികൾ തൊട്ടയൊരു പെൺകുട്ടിയായിരുന്നു. അവളെ കണ്ടപ്പോൾ ഞാൻ എന്റെ മകളെ ഓർത്തുപോയി!

അച്ഛനെ നോക്കേണ്ട ഉത്തരവാദിത്തമൊന്നും തന്റെ ഭർത്താവിന് ഇല്ലെന്ന് പറഞ്ഞപ്പോഴാണ് മകളുടെ അടുത്തു നിന്ന് ഞാൻ ഇറങ്ങിയത്. ആ നേരം അച്ഛന് സുധാകരേട്ടൻ പറയുന്നതും കേട്ട് അവിടെ അടങ്ങിയിരുന്നാൽ പോരെയെന്നും മകൾ ഉപദേശിച്ചു.

സുധാകരൻ എന്റെ മകനാണ്. ഞാൻ പണിതുയർത്തിയ വീടിന് വലിപ്പമില്ലെന്ന് പറഞ്ഞാണ് മകൻ അതു പൊളിച്ച് പുതുക്കി പണിതത്. വായ്പയെടുത്ത് തുടങ്ങിയ ആ നിർമ്മാണ പ്രവർത്തിയിൽ പല പത്രങ്ങളിലും അവൻ എന്നെക്കൊണ്ട് ഒപ്പിടിപ്പിച്ചിരുന്നു. അഭിപ്രായം ചോദിക്കാൻ മക്കളുടെ അമ്മയെന്ന് പറയുന്ന എന്റെ പാതി ശ്വാസം ഈ ഭൂമിയിൽ ഇല്ലാത്തത് കൊണ്ട് രണ്ടാമതൊന്നും ഞാൻ ആലോചിച്ചില്ല. മോന്റെ സന്തോഷം പോലെയാകട്ടേയെന്ന് കരുതി.

മാസങ്ങൾക്കുള്ളിൽ പുതിയ വലിപ്പത്തിൽ എന്റെ പഴയ വീട് ഞെളിഞ്ഞു നിന്നു. വായ്പയുടെ അടവുകളൊന്നും സുധാകരൻ മുടക്കിയതേയില്ല. എന്നിരുന്നാലും, വിസ്തൃതി കൂടിയ ആ കെട്ടിടത്തിൽ ഞാൻ തീരേ ചെറുതായതു പോലെ. മകന്റെ മക്കൾക്കല്ലാതെ ആർക്കും എന്നെ വേണ്ടാത്തത് പോലെ!

ആയകാലത്ത് കൂട്ടായിരുന്ന മാധവന്റെ മകളുടെ ആശുപത്രി ചിലവ് വന്നപ്പോഴാണ് സമ്പാദ്യത്തിലും ഞാനൊരു വട്ട പൂജ്യമാണെന്ന് എനിക്ക് മനസ്സിലാകുന്നത്. വീടിന്റെ ആധാരത്തിന് മുകളിൽ അമ്പതിനായിരം രൂപ കൂട്ടിയെടുക്കാനായി ഞാൻ തീരുമാനിച്ചു. അതിനായി ബാങ്കിൽ ചെന്നപ്പോഴാണ് വീടും പറമ്പും നിലവിൽ സുധാകരന്റെ പേരിലാണെന്ന് അറിയാൻ കഴിഞ്ഞത്. ഞാൻ ഞെട്ടി തെറിച്ചൊന്നുമില്ല. ആരുടെ പേരിലാണെങ്കിലും കാര്യം നടക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ…..

‘അച്ഛന് പ്രാന്താന്നൊ… അമ്പതിയായിരം രൂപ പോയിട്ട് അഞ്ഞൂറ് പോലും എന്റെ കയ്യിലില്ല. ലോൺ കൂട്ടാനും പറ്റില്ല…’

വിഷയം അവതരിപ്പിച്ചപ്പോൾ സുധാകരന്റെ മറുപടി ഇങ്ങനെയായിരുന്നു. മക്കൾ തന്നിലും വലുതാകുമ്പോൾ മാതാപിതാക്കൾ വീട്ടിലിരിക്കണമെന്ന ധ്വനിയായിരുന്നു തുടർന്നുള്ള മകന്റെ സംസാരത്തിൽ. വലിപ്പത്തിലും സ്വഭാവത്തിലും മാറിയ ആ വീട്ടിൽ നിൽക്കാൻ പിന്നീടെനിക്ക് തോന്നിയില്ല. അങ്ങനെയാണ് മകളുടെ അടുത്തേക്ക് ഞാൻ എത്തുന്നത്.

ആദ്യമൊക്കെ വലിയ സ്വീകരണമായിരുന്നു. ഒരു തീർത്ഥാടനം പോലെ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകാമെന്ന കണക്കിൽ ഇറങ്ങാൻ തീരുമാനിച്ചപ്പോഴും അവർ സമ്മതിച്ചില്ല. പക്ഷേ, വീടിന്റെ ഉടമസ്ഥാവകാശം എന്നിൽ ഇല്ലെന്ന് കണ്ടപ്പോൾ മര്യാദകളൊക്കെ മാറാൻ തുടങ്ങി. പണമില്ലാത്തവരുടെ ജീവിതം ചുട്ടു പൊള്ളുന്ന മീന മാസത്തിന്റെ വെയിൽ പോലെയാണെന്ന് എനിക്ക് തോന്നി. ഉരുകി തീരുന്നതു വരെ അതു കൊണ്ടേ പറ്റൂ…

‘ഇത്തിരി മോരു കറി കൂടി തര്യോ…’

അന്ന് ഉച്ചക്ക് കൊതിയോടെ ഞാൻ മകളോട് ചോദിച്ചു. എന്റെ മരിച്ചുപോയ ഭാര്യയുണ്ടാക്കുന്ന മോരുകറിയുടെ രുചിയിലായിരുന്നു ആ നേരം തലയിൽ. പാത്രത്തിലുണ്ടായിരുന്ന ഒരുപിടി ചോറിലേക്ക് മനസ്സില്ലാ മനസ്സോടെയാണ് മോള് കറിയൊഴിച്ചതെന്ന് എനിക്ക് തോന്നി. അല്ലെങ്കിൽ പിന്നെ തന്റെ ഭർത്താവിന് അച്ഛനെ നോക്കേണ്ട ഉത്തരവാദിത്തമൊന്നുമില്ലെന്ന് അവൾ പറയുമായിരുന്നില്ലല്ലോ….

അന്നുരാത്രിയിൽ ഞാൻ ഒന്നും കഴിച്ചില്ല. വന്ന് കഴിക്കൂവെന്ന് ആരും വിളിച്ചുമില്ല. ഒരർത്ഥത്തിൽ മോള് പറഞ്ഞത് ശരിയാണ്. ആർക്കും ആരേയും നോക്കേണ്ട ഉത്തരവാദിത്തമൊന്നുമില്ല. അതൊക്കെ പങ്കുവെച്ച സ്നേഹ തലങ്ങളിൽ നിന്ന് വളരെ സ്വഭാവികമായി ഉൾത്തിരിയേണ്ട ജീവന്റെ അനുഭൂതിയാണ്. അവസാനം വരെ കൂടെയുണ്ടാകുമെന്ന വാക്ക്, പ്രയോഗിക്കും പോലെ അത്ര എളുപ്പമല്ലെന്നും എനിക്ക് തോന്നി. മരണം മാത്രമല്ല മനുഷ്യരിലെ ബന്ധങ്ങളെ തമ്മിൽ പിരിക്കുന്നതെന്ന് ആ രാത്രിയിൽ ഞാൻ അറിഞ്ഞു.

പിറ്റേനാൾ പുലർച്ചയ്ക്ക് തന്നെ ആരോടും യാത്ര പറയാതെ ഞാൻ ഇറങ്ങി. സ്റ്റോപ്പിൽ നിന്ന ഏതോ ബസ്സിൽ കയറി എങ്ങോട്ടോ പോയി. കൈയ്യിലുണ്ടായിരുന്ന നൂറു രൂപയ്ക്ക് പോകാൻ പറ്റുന്ന ആ ദൂരത്തിൽ ഇറങ്ങിയപ്പോൾ തന്നെ തല ചുറ്റാൻ തുടങ്ങിയിരുന്നു. ആരോടും യാചിക്കാൻ തോന്നിയില്ല. അപ്പോഴാണ് എന്റെ വിശപ്പ് മാറ്റാൻ എന്നോണം ഒരു അന്നദാനത്തിന്റെ ബഹളം ഞാൻ ശ്രദ്ധിക്കുന്നത്. രണ്ടു നേരത്തിന്റെ വിശപ്പ് ഉള്ളിൽ നിന്ന് എന്നെ കൊത്തി പറിക്കുകയാണ്….

‘നിങ്ങക്ക് തല ചുറ്റുന്നുണ്ടോ…! ചേട്ടാ അയാളെ പിടിക്കെന്നെ…!’

മൂന്നു നാല് കുറികൾ നെറ്റിയിൽ ചാർത്തിയ ആ പെണ്ണായിരുന്നു അത് പറഞ്ഞത്. എന്റെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്നവർ എന്നെ താങ്ങി പിടിച്ചു. അപ്പോഴേക്കും അവരുടെ കൈകളിൽ നിന്നും ഞാൻ ഊർന്നു വീണിരുന്നു.

ചില നിമിഷങ്ങളിലേക്ക് മാത്രം ബോധത്തിലേക്ക് ഇരുട്ട് കയറി. ആരോ മുഖത്ത് വെള്ളം കുടയുമ്പോൾ ഞാനൊരു തുറക്കാത്ത പീടികയുടെ വരാന്തയിൽ കാലു നീട്ടി ചാരി ഇരിക്കുകയായിരുന്നു. കുടിക്കാനായി ഇത്തിരി വെള്ളം ചുണ്ടോട് കിട്ടിയപ്പോൾ എന്റെ തൊണ്ടയും താനേ തുറന്നു. വിശപ്പിന്റെയും ദാഹത്തിന്റെയും കുടലിലേക്ക് ഇറങ്ങുന്ന ഓരോ തുള്ളികളെയും ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു.

എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കണ്ടപ്പോൾ കൂടിയവരെല്ലാം അവരുടെ വിശപ്പിന്റെ വരിയിലേക്ക് തന്നെ ചേർന്നു. താനാണ് മുന്നിൽ ഉണ്ടായിരുന്നതെന്നും പറഞ്ഞ് ആരൊക്കെയോ തർക്കിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. ആ ബഹളത്തിലേക്ക് വീണ്ടും ചേർന്ന് നിൽക്കാനുള്ള ആവത് എനിക്ക് ഉണ്ടായിരുന്നില്ല. കണ്ണുകൾ എപ്പോൾ വേണമെങ്കിലും അടഞ്ഞു പോയേക്കുമെന്ന് തോന്നി. ഏതൊരു ജീവനെയും കൊത്തി പറിച്ച് താഴെയിടാൻ വിശപ്പോളം കെൽപ്പ് മറ്റൊന്നിനുമില്ലെന്ന് ഞാൻ അറിയുകയായിരുന്നു. ആയുസ്സിന്റെ പലഘട്ടങ്ങളും ഓർമ്മയിലേക്ക് ഇടിഞ്ഞു വീണപ്പോൾ എന്റെ കണ്ണുകൾ താനേ അടയുകയായിരുന്നു.

‘അതേയ്… ഹേയ്… കണ്ണു തുറക്കെന്നെ…..’

ആരോ എന്നെ തട്ടി വിളിക്കുന്നു. മകളാണൊ! ഞാൻ കണ്ണുകൾ പതിയേ തുറന്നു. നെറ്റിയിൽ മൂന്നുനാല് കുറികൾ തൊട്ടിരിക്കുന്ന ആ പെൺകുട്ടി! ഞാൻ വീഴാൻ പോകുന്നുവെന്ന് വരിയിൽ ഉള്ളവരോട് പറഞ്ഞ അതേ പെൺകുട്ടി! ആ നോട്ടത്തിലേക്കാണ് അവൾ ഒരു കുമ്പിൾ വെള്ളം കുടഞ്ഞത്.

‘ദേ കൈ കഴുകിയെ… ന്നിട്ട് ഇത് കഴിക്ക്…’

ഞാൻ അനുസരിച്ചു. തിടുക്കം കാട്ടാതെ അവൾ തുറന്നു വെച്ചതെല്ലാം ഞാൻ കഴിച്ചു. തീരുന്നത് വരെ അവൾ എന്റെ അടുത്ത് തന്നെ ഉണ്ടായിരുന്നു. കുടിക്കാനുള്ള വെള്ളവും തന്നാണ് അവൾ വീണ്ടും ആ അന്നദാനത്തിന്റെ വരിയിലേക്ക് നടക്കാൻ തുടങ്ങിയത്. അപ്പോഴാണ് അതുവരെ ഇല്ലാതിരുന്ന ശബ്ദം ഞാൻ വീണ്ടെടുത്തതും, മോളുടെ പേരെന്താണെന്ന് നീട്ടി ചോദിച്ചതും…

തന്റെ പേര് അരുണയെന്നാണെന്ന് അപരിചിതയായ ആ പെൺകുട്ടി അമ്മാവായെന്ന് ചേർത്ത് എന്നോട് പറഞ്ഞു. ശബ്ദം ഒച്ചത്തിലായതുകൊണ്ട് അവിടെയുണ്ടായിരുന്ന മിക്കവരും അതു കേട്ടിട്ടുണ്ടാകും. എന്നിട്ടും, എന്റെ ഉള്ളിന്റെ കാതുകളിൽ അവളുടെ പേരായി കരുണയെന്നേ മുഴങ്ങിയുള്ളു….!!!

Leave a Reply

Your email address will not be published. Required fields are marked *