ഐസ്ക്രീം
എഴുത്ത്:-ഷെർബിൻ ആൻ്റണി
ജ്യോതീം കെട്ടിയോനും പിള്ളേരും കൂടി അമ്പലത്തിൽ ഉത്സവത്തിന് പോയതായിരുന്നു. താളമേളങ്ങളൊക്കെ ആസ്വദിച്ച് തിരിച്ച് പോകും നേരം ഇളേയാൾക്ക് ഐസ്ക്രീം വേണോന്ന് നിർബന്ധം.
ആ അമ്പലപ്പറമ്പിൽ ആകെ ഒരു ഐസ്ക്രീം കച്ചോടക്കാരനെ ഉണ്ടായിരുന്നുള്ളൂ, അവിടാണെങ്കിൽ ഈച്ച പൊതിയും പോലേ ജനക്കൂട്ടവും.ആകെപ്പാടെ തിക്കും തിരക്കും തിരുവാതിര വിളക്കും.
ഇളേതിന് വാങ്ങിച്ച് കൊടുത്തപ്പോൾ മൂത്തോനും വേണോന്നായി.അവര് നുണയുന്നത് കണ്ടപ്പോൾ ജ്യോതിക്കും കൊതിയായ്.പക്ഷേ പറയാനൊരു മടി, മൂപ്പര് കളിയാക്കിയാലോ ഇത്രേം പ്രായോയിട്ടും കൊച്ച് പിള്ളരെ പോലേ എന്നൊക്കെ പറഞ്ഞ്.
സാരോല്ല പിള്ളേരുടേന്ന് അങ്ങേര് കാണാതേ വാങ്ങി തിന്നാം.പക്ഷേ പ്രതീക്ഷകളൊക്കെ തകിടം മറിഞ്ഞു. രണ്ടെണ്ണം ലേശം പോലും അമ്മയ്ക്ക് കൊടുത്തില്ല. നീയൊക്കെ വയറിളകി പണ്ടാരമടങ്ങുമെടാന്ന് മനസ്സിൽ പറഞ്ഞോണ്ട് വീട്ടിലേക്ക് പോന്നു.
വീട്ടിലെത്തിയിട്ടും സങ്കടം മനസ്സീന്ന് പോവാഞ്ഞ കൊണ്ട് കെട്ടിയോനോട് പറഞ്ഞു ഈ മക്കളെയൊക്കെ വളർത്തുന്നത് വെറുതെയാ, പെറ്റ തള്ളയോട് ഒരു തരി സ്നേഹമില്ലെന്ന്.
കാരണം തിരക്കിയ മൂപ്പർക്ക് ചിരിയാണ് വന്നതെങ്കിലും അതടക്കി കൊണ്ട് ചോദിച്ചു, നിനക്കൊരെണ്ണം വാങ്ങിയാൽ പോരായിരുന്നില്ലേന്ന്.
ങേ… അത് കേട്ട ജ്യോതി അയ്യെടാന്നായി. ഒരു വാക്ക് എന്നോട് പറഞ്ഞൂടാര്ന്നോ? നിരാശയോടെ ജ്യോതി പിണക്കത്തോടെ കൊഞ്ചി.
അത് പോട്ടേ എത്ര രൂപയായ് ഐസ്ക്രീമിനെന്ന് അതിയാൻ ഓളോട് ചോദിച്ചു.
നിങ്ങളല്ലേ…. പൈസ കൊടുത്തത്, എന്നിട്ട് എന്നോട് ചോദിക്കുന്നോ?ഐസ് ക്രീം കിട്ടാത്തതിൻ്റെ ദേഷ്യം അതിൽ പ്രകടമായിരുന്നു.
ഞാൻ കൊടുത്തില്ലെടി, നിൻ്റെ കൈയ്യിൽ പേഴ്സുള്ളത് കൊണ്ട് നീ കൊടുത്ത് കാണുമെന്ന് കരുതി.അയ്യേ… നാണക്കേടായല്ലോ ആരെങ്കിലും അറിഞ്ഞാൽ മോശമല്ലേടീന്ന് അക്കിടി പിണഞ്ഞ മൂപ്പിലാൻ ചമ്മിയ മുഖത്തോടെ പറഞ്ഞു.
ഇത് നല്ല കൂത്ത്…. സാധാരണ നിങ്ങളല്ലിയോ പൈസ കൊടുക്കുന്നത്. നിങ്ങള് കൊടുത്തെന്നാണ് ഞാൻ വിചാരിച്ചത്.
ജ്യോതി പറഞ്ഞതിൻ്റെ ബാക്കി കൂടി കേട്ടപ്പോഴാണ് ശരിക്കും അങ്ങേരുടെ കിളി പോയത്.
വളരെ കൂളായിട്ട് ജ്യോതി പറയുവാ ശ്ശെടാ….അങ്ങനായിരുന്നെങ്കിൽ എനിക്കും കൂടി വാങ്ങായിരുന്നു. ഫ്രീയാണെന്ന് അറിഞ്ഞില്ലെന്ന്!