ശുഭരാത്രി
Story written by Saji Thaiparambu
രാത്രിയിൽ മോളോടൊപ്പം അത്താഴം കഴിച്ച് കൈകഴുകുമ്പോഴാണ്, കറണ്ട് പോയത്.
പുറത്ത് കാറ്റടിച്ച് എന്തൊക്കെയോ മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് ,എട്ട് വയസ്സുള്ള മകള് പേടിച്ച് എന്നോട് ചേർന്ന് നിന്നു.
എങ്ങിനെയോ തപ്പിപ്പിടിച്ച് ഫ്രിഡ്ജിൻ്റെ മുകളിലിരുന്ന തീപ്പെട്ടിയെടുത്ത്, മെഴുകുതിരി കത്തിച്ച് വച്ചിട്ട്, അടഞ്ഞ് കിടന്ന ജനൽ പാളി പാതി തുറന്ന് പുറത്തേയ്ക്ക് നോക്കി.
ഭാഗ്യം, കറണ്ട് മൊത്തം പോയിരിക്കുകയാണ് ,അത് കൊണ്ട് ഉടനെ വരുമെന്ന വിശ്വാസത്തിൽ, മകളെയും കൊണ്ട് ഞാൻ ബെഡ് റൂമിലേക്ക് പോയി.
ജനല് തുറന്ന തക്കത്തിന്, അകത്തേയ്ക്ക് കയറിയ, ക്യൂലക്സ് പെൺകൊതുകിൻ്റെ തലങ്ങും വിലങ്ങുമുള്ള കുത്ത് കൊണ്ട് ,അസ്വസ്ഥതയോടെ കറണ്ട് വരുന്നതും കാത്ത് ഞങ്ങളിരുന്നു.
അപ്രതീക്ഷിതമായി ഒരു ഇടി വെട്ടിയപ്പോൾ, മകളെന്നെ ഇറുകെ കെട്ടിപ്പിടിച്ചു.
അവൾക്ക് പണ്ടേ ഇടിമിന്നൽ വലിയ ഭയമാണ് ,അദ്ദേഹം നാട്ടിലുള്ളപ്പോൾ, എത്ര പേടിയുണ്ടെങ്കിലും, അവളെന്നെ ആശ്രയിക്കില്ല ,അദ്ദേഹത്തിൻ്റെ മടിയിലിരിക്കുമ്പോൾ, അവൾക്ക് വല്ലാത്ത സുരക്ഷിതത്വമുള്ളത് പോലെയായിരുന്നു.
കഴിഞ്ഞ മാസം ഇൻവെർട്ടർ വാങ്ങി വയ്ക്കാൻ പറഞ്ഞ്, അദ്ദേഹമയച്ച് തന്ന കാശെടുത്ത്, മോൾക്ക് അരപ്പവൻ്റെ നെക്ലേസ് വാങ്ങി കഴുത്തിലിട്ട് കൊടുത്തു.
ഓഹ്, ഇവിടങ്ങനെ സ്ഥിരമായി കറണ്ട് പോകാറില്ലെന്നേ, അഥവാ പോയാൽ തന്നെ, ഉടനെ വരുന്നുണ്ട്, അത്രയും നേരം ഫാനില്ലാതെ ചൂട് സഹിച്ച് ഞങ്ങളിരുന്നോളാം
ഇർവെർട്ടർ വാങ്ങാത്തതിന് പരിഭവിച്ച, ഭർത്താവിനോട് ഞാനന്ന് എക്സ്ക്യൂസ് പറഞ്ഞു.
പക്ഷേ, മഴക്കാലം തുടങ്ങിയപ്പോഴാണ്, ഇൻവെർട്ടർ ഒരു അവശ്യ ഘടകമാണെന്ന് മനസ്സിലായത്.
അതെങ്ങാനും അദ്ദേഹത്തോട് പറഞ്ഞാൽ, പിന്നെ എന്നെ ചീത്ത പറഞ്ഞ് കൊല്ലും, തത്ക്കാലം എൻ്റെയൊരു വള പണയം വച്ച് ,നാളെ തന്നെ ഇൻവെർട്ടർ വാങ്ങിക്കണം.
ഓരോന്ന് ആലോചിച്ചിരുന്നപ്പോൾ ജനൽ ഗ്ലാസ്സിൽ കൂടി ,പുറത്തെ സ്ട്രീറ്റ് ലൈറ്റ് തെളിഞ്ഞത് കണ്ടു.
അമ്മേ… കറണ്ട് വന്നല്ലോ ?പിന്നെന്താ നമുക്ക് ലൈറ്റ് തെളിയാത്തത്?
മോള് പറഞ്ഞത് കേട്ട്, ഞാൻ ചെന്ന് സ്വിച്ചുകൾ പരിശോധിച്ചപ്പോൾ, എല്ലാം ഓണായി കിടക്കുകയാണ്.
കതക് തുറന്ന് വെളിയിലിരിക്കുന്ന മീറ്ററിനടുത്ത് വന്ന് നോക്കിയപ്പോൾ ,അതിലെ ഇൻഡിക്കേറ്റർ തെളിഞ്ഞിട്ടില്ല.
ഒന്ന് വിളിച്ച് ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാൽ, അയൽ വീടുകളൊക്കെ കുറച്ച് ദൂരത്താണ്.
ഞാൻ നോക്കിയപ്പോൾ പരിസരത്തുള്ള എല്ലാ വീടുകളിലും കറണ്ടുണ്ട്,
മോളേ.. നമുക്ക് മാത്രമാണ് ,കറണ്ട് പോയിരിക്കുന്നത് ,ഈശ്വരാ … ഇന്നിനി ഇരുട്ടത്ത് കിടക്കണമല്ലോ ?
അമ്മേ.. കറണ്ടാഫീസിൽ വിളിച്ച് പറയമ്മേ..?
ഇല്ല മോളേ.. ഇത്രയും രാത്രിയായത് കൊണ്ട്, നമ്മുടെ മാത്രം കറണ്ട് ശരിയാക്കാൻ, ഈ സമയത്ത് എന്തായാലും അവർ വരില്ല, നമുക്ക് രാവിലെ വിളിച്ച് പറയാം
പിന്നെ നമ്മള് ഇരുട്ടത്ത് കിടക്കുമോ? എനിക്ക് പേടിയാ, അമ്മയ്ക്ക് വയ്യെങ്കിൽ ഞാൻ വിളിക്കാം
പറഞ്ഞ് തീരുന്നതിന് മുമ്പ് അവളെൻ്റെ കൈയ്യിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച് വാങ്ങിയിട്ട്, കറണ്ടാഫീസിലേക്ക് വിളിച്ചു.
ആദ്യമൊക്കെ വിളിച്ചപ്പോൾ, എൻഗേജ്ഡ് ആയത് കൊണ്ടാവാം, അക്ഷമയോടെ അവൾ വീണ്ടും ഡയൽ ചെയ്ത് കൊണ്ടിരുന്നു.
ഹലോ സാറേ… ഇത് മുള്ളൻകൊല്ലി ട്രാൻസ്ഫോർമറിനടുത്തുള്ള സുഗുണൻ്റെ വീട്ടീന്നാ, ഇവിടെ ഞങ്ങൾക്ക് മാത്രം കറണ്ടില്ല, ങ്ഹാ, അതേ, ആ റോസ് പെയിൻ്റടിച്ച വീട് ,ഫോൺ നമ്പർ ഇത് തന്നെയാ ,ങ്ഹേ, ഇപ്പോൾ വരാൻ പറ്റില്ലെന്നോ?
അത് കേട്ടപ്പോൾ ഞാൻ മോളുടെ മുഖത്ത് നോക്കി ,ഞാനിത് ആദ്യമേ നിന്നോട് പറഞ്ഞതല്ലേടി, എന്ന ഭാവത്തിൽ അവളെ ഗോഷ്ടി കാണിച്ചു.
പക്ഷേ, മോള് വിടാൻ ഭാവമില്ലെന്ന് അവളുടെ അടുത്ത സംഭാഷണത്തിൽ എനിക്ക് മനസ്സിലായി.
അയ്യോ സാറേ.. അങ്ങനെ പറയല്ലേ, ഇവിടെ ഞാനും എൻ്റെ അമ്മയും മാത്രമേയുള്ളു, അച്ഛൻ ഗൾഫിലാ ,ഞങ്ങൾക്ക് ഇരുട്ടത്ത് കിടക്കാൻ പേടിയായിട്ടാണ്
അത് കേട്ടപ്പോൾ, ഞാനാകെ അമ്പരന്ന് പോയി ,ഇവളെന്ത് അബദ്ധമാണീ പറഞ്ഞത് ,ഇക്കാലത്ത് ഒരാളെയും വിശ്വസിക്കാൻ പറ്റില്ല ,എന്നിട്ടവൾ കണ്ടവരോട് വീട്ടിലെ വിശേഷങ്ങൾ മുഴുവൻ വിളമ്പിയിരിക്കുന്നു, ആണുങ്ങളില്ലാത്ത വീടാണെന്നറിയുമ്പോൾ, രാത്രിയിൽ കയറി വരാൻ ഒരു പാട് ഞരമ്പ് രോഗികളുള്ള നാടാണിത്
മകളുടെ തുറന്ന് പറച്ചിൽ, എനിക്ക് തീരെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
ഒടുവിൽ ഫോൺ കട്ടായപ്പോൾ ഞാനവളെ ഒരു പാട് ശാസിച്ചു.
ഇല്ലമ്മേ.. ഈ മഴയത്ത് എന്തായാലും അവർ വരാൻ പോണില്ല, അവര് രാവിലെയേ വരുള്ളുന്ന്, എന്നോട് പറഞ്ഞു ,അമ്മ പേടിക്കേണ്ട
മോളെന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും, എൻ്റെ ഉള്ളിൽ അകാരണമായ ഒരുഭീതി വളർന്ന് കൊണ്ടിരുന്നു.
ഞാൻ മുൻവാതിൽ ഭദ്രമായി അടച്ച് കുറ്റിയിട്ടു ,ഉറപ്പ് വരുത്തുന്നതിനായി, പല പ്രാവശ്യം പരിശോധിച്ചിട്ടാണ്, മോളെയും ചേർത്ത് പിടിച്ച്, മെഴുക് തിരി വെളിച്ചത്തിൽ ബെഡ് റൂമിലെത്തിയത്.
മെഴുക് തിരി ഊതി കെടുത്തി തീപ്പെട്ടിയോടൊപ്പം കട്ടിലിനരികിൽ കിടന്ന സ്റ്റൂളിൻമേൽ വച്ചിട്ട്, ഞാനും മോളും ഉറങ്ങാൻ കിടന്നു.
ഉള്ളിലൊരു ഭയം നിറഞ്ഞിരിക്കുന്നത് കൊണ്ട് കൊതുക് കുത്തുന്നതും ,ഊഷ്ണിക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നില്ല.
ഇടയ്ക്കിടെ പട്ടി കുരയ്ക്കുന്നതും, ആരുടെയൊക്കെയോ കാലടി ശബ്ദവും, എൻ്റെ കാതുകളിൽ മുഴങ്ങിയപ്പോൾ ,പേടിച്ച് ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു.
ഈശ്വരാ.. എനിക്കൊന്ന് ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു.
എപ്പോഴോ ഞാനൊന്ന് മയങ്ങിയപ്പോൾ ,കാക്കി യൂണിഫോമും മഞ്ഞത്തൊപ്പിയും വച്ച, രണ്ട് പേർ മുൻവാതിലിൽ തട്ടുന്നതും, ഞാൻ ചെന്ന് വാതിൽ തുറന്നപ്പോൾ, അവരെന്നെ ശക്തമായി തള്ളി അകത്തേയ്ക്കിട്ടിട്ട്, അകത്ത് നിന്ന് വാതിലടച്ച് കുറ്റിയിടുന്നതും കണ്ട്, ഞാൻ ഒരലർച്ചയോടെ ചാടിയെഴുന്നേറ്റു.
കണ്ണ് തുറന്നപ്പോൾ, മുറിയിലാകെ വെളിച്ചം പരന്നിരിക്കുന്നതും, ഫാൻ കറങ്ങുന്നതും കണ്ടപ്പോൾ ,കറണ്ട് വന്നെന്നും, ഞാൻ കണ്ടത് സ്വപ്നമായിരുന്നെന്നും, എനിക്ക് പതിയെ മനസ്സിലായി.
സമാധാനത്തോടെ നെഞ്ചിൽ കൈവച്ച് ഞാൻ ഈശ്വരന് നന്ദി പറഞ്ഞു.
അപ്പോഴേക്കും, മൊബൈൽ ബെല്ലടിക്കുന്നത് കേട്ട്, ഉത്ക്കണ്ഠയോടെ ഞാൻ കോൾ അറ്റൻ്റ് ചെയ്തു.
ഹലോ.. ഞാൻ ലൈൻമാനാ, കറണ്ട് വന്നല്ലോ അല്ലേ?
ഒരു അപരിചിത ശബ്ദമായിരുന്നു അത്.
ങ്ഹാ, വന്നു നിങ്ങൾ ശരിയാക്കിയതാണോ?
ഞാൻ ജിജ്ഞാസയോടെ ചോദിച്ചു.
അതേ, ഞങ്ങളിവിടെ വന്നപ്പോൾ നിങ്ങടെ വീട്ടിലേക്ക് വലിച്ചിരിക്കുന്ന സർവ്വീസ് വയറിൽ ഒരു പപ്പായ മരം വീണ് പൊട്ടിക്കിടക്കുവായിരുന്നു, അത് ഞങ്ങള് വെട്ടിമാറ്റിയിട്ട് വയറ് വീണ്ടും പോസ്റ്റിൽ കയറി കണക്ട് ചെയ്തു ,വീട്ടിൽ നിങ്ങൾ സത്രീകൾ മാത്രമേ ഉള്ളു എന്നറിഞ്ഞത് കൊണ്ടാണ്, ആദ്യം നിങ്ങളെ വിളിക്കാതിരുന്നതും ,അകത്തേക്ക് വരാൻ ശ്രമിക്കാതിരുന്നതും ,പിന്നെ ഇപ്പോൾ വിളിച്ചത് കറണ്ട് കിട്ടിയോന്നറിയാനാ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണേ?
അയ്യോ, അത് സാരമില്ല ,നിങ്ങൾ രാവിലെയേ വരികയുള്ളു എന്നല്ലേ പറഞ്ഞത് ,അത് കൊണ്ട് ഒട്ടും പ്രതീക്ഷിച്ചില്ല
ഉം, സാധാരണ കാറ്റും മഴയുമുള്ളപ്പോൾ ,രാത്രിയിൽ പോസ്റ്റിൽ കയറുന്നത് അപകടമായത് കൊണ്ട്, കഴിവതും ഇത് പോലെ ഒറ്റപ്പെട്ട കoപ്ളയിൻറുകൾ ഞങ്ങൾ രാത്രി സമയത്ത് ,അറ്റൻറ് ചെയ്യാറില്ല ,പിന്നെ, രണ്ട് സത്രീകൾ തനിച്ച് താമസിക്കുന്ന വീടാണെന്ന് മോള് പറഞ്ഞത് കൊണ്ട്, ഓഫീസിലിരുന്നിട്ട് ഞങ്ങൾക്ക് ഇരിപ്പുറയ്ക്കുന്നില്ല, ഞങ്ങളും, തെക്കൻ കേരളത്തിൽ നിന്ന് ഇവിടേക്ക് ട്രാൻസ്ഫറായി വന്നവരാ ,ഞങ്ങളുടെ വീട്ടിലും ഭാര്യയും മക്കളും തനിച്ചാണുള്ളത്, അപ്പോൾ അവരും ഞങ്ങളില്ലാത്തത് കൊണ്ട്, ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യം ഇടയ്ക്ക് വിളിക്കുമ്പോൾ പറയാറുണ്ട് ,സത്യം പറഞ്ഞാൽ അതോർത്തപ്പോൾ ഞങ്ങള് പിന്നെ ഒന്നുമാലോലിച്ചില്ല, ഇങ്ങ് പോന്നു, ങ്ഹാ എന്തായാലും കറണ്ട് വന്നല്ലോ?ഇനി നിങ്ങള് സമാധാനമായി കിടന്നുറങ്ങിക്കോ ഗുഡ് നൈറ്റ്
ശരിക്കും പറഞ്ഞാൽ, എനിക്ക് വിശ്വസിക്കാനായില്ല, ഇക്കാലത്ത് ഇങ്ങനെയും നന്മയുള്ളവരുണ്ടോ? എന്നെനിക്ക് അത്ഭുതം തോന്നിപ്പോയി.
എനിക്ക് കറണ്ട് ശരിയാക്കി തന്നത് കൊണ്ടല്ല, അവരുടെ വായിൽ നിന്ന് ,ആ നന്മയുള്ള വാക്കുകൾ കേട്ടപ്പോൾ, ഞാനവരെ നന്ദിയോടെ സ്മരിച്ചു , പുറത്ത് മഴ ശക്തമായി പെയ്യുന്നുണ്ടായിരുന്നു ,ആ സഹോദരങ്ങൾക്ക് ഒരപകടവും വരാതെ നീ കാത്തോളണേ ദൈവമേ …എന്ന്, പ്രാർത്ഥിച്ച് കൊണ്ട് ഞാനും മോളും സമാധാനത്തോടെ ഉറങ്ങാൻ കിടന്നു.