നോവ്
എഴുത്ത്: അശ്വനി പൊന്നു
ഓണപിറ്റേന്നു അതിരാവിലെ കണ്ണ് തുറന്നു കൈ വയറിലൂടെ തടവി കൊണ്ടാണ് ഞാൻ ഉണർന്നത് … വല്ലാത്ത ഒരു തണുപ്പ് ഞാൻ ഉറങ്ങിക്കിടന്ന രഞ്ജുവേട്ടനെ കൈകൊണ്ട് തട്ടി വിളിച്ചു
“ഏട്ടാ ഒന്നെണീറ്റെ “
“എന്താടീ രാവിലെ തന്നെ ശല്യം ചെയ്യുന്നത് “
“ഏട്ടാ എന്റെ വയർ തണുത്തിരിക്കുന്നു… കുഞ്ഞിന് ഇടയ്ക്ക് അനക്കമുണ്ടെങ്കിലും വയറിനു എന്തൊക്കെയോ അസ്വസ്ഥതകൾ ഉണ്ട് “
“എടീ നിനക്ക് തോന്നുന്നതായിരിക്കാം “
“അല്ല ഏട്ടാ അല്ലെങ്കിൽ വയറ്റിൽ നിന്നും കുഞ്ഞു അനങ്ങുന്നത് പുറത്തേക്കറിയാം “
“നേരം വെളുക്കട്ടെ രാവിലെ സെന്റ്ജോസെഫിൽ പോയി കാണിക്കാം ഇപ്പൊ നീ കിടന്നോ “
ഞാൻ രഞ്ജുവേട്ടന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു ഏട്ടൻ പതിയെ മുടിയിഴകളിൽ തലോടി….
ഇടയ്ക്കെപ്പോഴോ ഉറങ്ങിപോയത് അറിഞ്ഞില്ല… കണ്ണ് തുറന്നു നോക്കുമ്പോഴും ഏട്ടൻ ഉറങ്ങാതെ എന്റെ മുടിയിഴകളിലൂടെ വിരലുകളാൽ തഴുകുന്നുണ്ടായിരുന്നു….എന്റെ കണ്ണുകൾ ഈറനണിയാൻ തുടങ്ങി.ഞാൻ വീണ്ടും കൈകൾ കൊണ്ട് രഞ്ജുവേട്ടനെ പുണരാൻ തുടങ്ങിയപ്പോൾ കവിളിൽ നുള്ളികൊണ്ട് അവൻ പറഞ്ഞു
“നീ വേഗം റെഡി ആയി വാ “
അവിടെ നിന്നും എഴുനേറ്റ് അടുക്കളയിലേക്ക് പോയി അമ്മയോടും കാര്യം പറഞ്ഞു
അമ്മയും അച്ഛനുമെല്ലാം വേഗം ഹോസ്പിറ്റലിലേക്ക് പോകാൻ പറഞ്ഞു
“ഹോസ്പിറ്റലിൽ കാണിച്ചു വന്നിട്ട് വേണം എനിക്ക് വീട്ടിലേക്ക് പോകാൻ”
കൃത്രിമ ദേഷ്യം മുഖത്ത് വരുത്തി ഏട്ടൻ അത് പറയുമ്പോൾ എനിക്ക് ചിരിയാണ് വന്നത് കാരണം ഏഴാം മാസത്തിൽ കൂട്ടികൊണ്ട് വന്നത് മുതൽ എന്തെങ്കിലും കാരണമുണ്ടാക്കി എന്നെ കാണാനെത്തുന്ന ആളാണ് ഈ തിരക്ക് കൂട്ടുന്നത്….
ഞങ്ങളുടെ കാർ സെന്റ് ജോസഫ് ഹോസ്പിറ്റലിലേക്ക് കുതിച്ചു..
“അശ്വനി രഞ്ജു ലാൽ”
സിസ്റ്റർ പേര് വിളിച്ചപ്പോൾ അകത്തു കയറി, വളരെ വേവലാതി പിടിച്ചു കൊണ്ട് ഞാൻ തന്റെ പ്രിയപ്പെട്ട അനിത ഡോക്ടറോട് കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ ഡോക്ടർ എന്നെ കളിയാക്കികൊണ്ട് പറഞ്ഞു
“എടൊ താനിന്നലേ ഓണത്തിനു ഒത്തിരി പായസം കുടിച്ചോ കുടിച്ചിട്ടുണ്ടെങ്കിൽ ഗ്യാസ് കയറിയാലും ഈ കുഴപ്പം കാണും “
“ഇവളാണ് മേഡം ഉണ്ടാക്കിയ പായസം മുഴുവൻ തീർത്തത് “
രഞ്ജുഏട്ടൻ കൂടി കളിയാക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഏട്ടന്റെ കയ്യിൽ ഒരു പിച്ച് കൊടുത്തു….
“അശ്വനി ഏതായാലും താനൊന്നു കയറി കിടക്ക് ഞാൻ ഒന്ന് നോക്കട്ടെ “
ബിപി ചെക്ക് ചെയ്യാൻ തുടങ്ങിയ ഡോക്ടറുടെ മുഖത്തെ ചിരി മങ്ങാൻ തുടങ്ങി
“എന്താ മേഡം എന്തെങ്കിലും കുഴപ്പം….. “
ഡോക്ടർ ഒന്നും മിണ്ടാതെ ചെയറിൽ വന്നിരുന്നു…. ഒപ്പം ഞാനും
“സീ മിസ്റ്റർ രഞ്ജു ലാൽ കാര്യം ഡയറക്റ്റ് ആയി പറയാം അശ്വനിക്ക് പ്രഷർ കൂടിയിട്ടുണ്ട്… നിങ്ങൾ ഭക്ഷണം കഴിച്ചതാണോ “
“അല്ല മേഡം “
“എന്നാൽ ഭക്ഷണം ലൈറ്റ് ആയിട്ടു എന്തെങ്കിലും കഴിച്ചിട്ടു ലേബർ റൂമിലേക്ക് വന്നോളൂ നമുക്ക് ഒരു ഇൻജെക്ഷൻ എടുക്കാം കുറഞ്ഞാൽ വീട്ടിൽ പോകാം ഇല്ലെങ്കിൽ അഡ്മിറ്റ് ചെയ്യാം “
ഒരു ഇടിത്തീ പോലെ ഡോക്ടറുടെ വാക്കുകൾ എന്റെ കാതിൽ പതിച്ചു…ഞാൻ രഞ്ജു ഏട്ടന്റെ മുഖത്തേക്ക് നോക്കി ഏട്ടന്റെ മുഖവും പതറിയിരുന്നു. ഒരു ചായ കുടിച്ചെന്നു വരുത്തികൊണ്ട് ഞാൻ ഏട്ടന്റെ കൂടെ ലേബർ റൂമിനടുത്തു എത്തി
“വാ അശ്വനി ഇങ്ങോട്ട് കയറി കിടക്ക്..”
അപ്പോഴേക്കും സിസ്റ്റർ സിറിഞ്ചുമായി എത്തി..
“എന്തിനാ കണ്ണടയ്ക്കുന്നത്…… അത്രയേ ധൈര്യം ഉള്ളുവോ “
ഞാൻ ഒന്നും മറുപടി പറയാതെ വേണ്ടൂരപ്പനെ പ്രാർത്ഥിച്ചു കിടന്നു….
രണ്ടു മൂന്നു മണിക്കൂറുകൾക്കു ശേഷം വീണ്ടും ബിപി പരിശോധിച്ചു… ഞാൻ കണ്ണടച്ച് കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ അനിത മേഡം വന്നു എന്നെ തട്ടി വിളിച്ചു
“എടൊ താൻ ഉറങ്ങി പോയോ…. താനെന്തിനാ കരയുന്നത്…”
“മാഡം എന്റെ കുഞ്ഞ്…….. . “
“അശ്വനി മനസുറപ്പാണ് ആദ്യം വേണ്ടത് ഈ അവസ്ഥയിൽ താൻ സങ്കടപെട്ടാൽ അത് കുഞ്ഞിനെ ദോഷമായി ബാധിക്കും കണ്ണ് തുടച്ചെ “
ഞാൻ കണ്ണ് തുടച്ചു എഴുനേറ്റു.അപ്പോഴേക്കും വീൽചെയറുമായി അറ്റൻഡർ എത്തി… ഞാൻ അതിലിരുന്നു… അതിന്റെ ചക്രം കറങ്ങി നീങ്ങുന്നതിനനുസരിച്ചു എന്റെ നെഞ്ചും പിടയാൻ തുടങ്ങി…. പുറത്തു രഞ്ജു ഏട്ടന്റെ കൂടെ എന്റെ അച്ഛനും അമ്മയും എത്തിയിരുന്നു…
ഒരു റൂമിനെ ലക്‌ഷ്യം വച്ച് വീൽ ചെയർ നീങ്ങിയപ്പോൾ ഞാൻ ഒന്നും മനസിലാകാതെ നിന്നു… ആ റൂമിൽ വച്ച എന്റെ വീട്ടിലെ ഫ്ലാസ്കും ബാഗുമെല്ലാം കണ്ടപ്പോൾ മനസിലായി അഡ്മിറ്റ് ആണെന്ന്
പിന്നീടങ്ങോട്ട് എന്റെ ഓരോ ചലനവും എന്റെ കുഞ്ഞിന് വേണ്ടി ആയിരുന്നു….സ്കാനിംഗ് ചെയ്യാൻ വരെ വീൽ ചെയർ വേണ്ടി വന്നു..നടക്കാതെ അനങ്ങാതെ ആശുപത്രികിടക്കയിൽ കിടന്നു
ഛര്ദിക്കാന് തോന്നിയിട്ടു പോലും ഉപ്പും വെളിച്ചെണ്ണയും ചേർക്കാതെയുള്ള ഭക്ഷണം കണ്ണുമടച്ചു കഴിച്ചു… ആകെയുള്ള ആശ്വാസം ഒരു നേരം കുടിക്കുന്ന ജ്യൂസ് ആയിരുന്നു…
എന്റെ മെലിഞ്ഞ ശരീരം നീര് വന്നു വണ്ണം വച്ചു കാലിൽ ചെരുപ്പ് പോലും ഇടാൻ പറ്റാത്ത അവസ്ഥയായി…. 2 ആഴ്ചയ്ക്കു ശേഷം വീട്ടിലേക്ക് പൊയ്ക്കോളാൻ ഡോക്ടർ അനുവാദം നൽകിയെങ്കിലും ബെഡിൽ നിന്ന് പതിയെ എഴുന്നേൽക്കണം. അധികം നടക്കരുത് ടാബ്ലറ്റ്സ് കൃത്യ സമയത്തു കഴിക്കണം എന്നൊക്കെ നിബന്ധനയും തന്നു……
വീട്ടിൽ വന്നിറങ്ങുമ്പോഴും മനസ്സിനൊരു മരവിപ്പ് ആയിരുന്നു… വീർത്ത വയറു ചെരിച്ചു കട്ടിലിൽ കിടന്നു കണ്ണുകളിൽ നിന്നും മുത്തുകളായി കണ്ണീർ പില്ലോയിലേക്ക് അടർന്നു വീണു
ഏട്ടന്റെ കരങ്ങൾ നെറ്റിയിലൂടെ തടവുമ്പോൾ നീരുള്ള കാൽ മടിയിൽ വച്ച് അമ്മയും തടവാൻ തുടങ്ങി…എല്ലാവര്ക്കും പേടി ഉണ്ടായിരുന്നു.
ഞാൻ വിഷമിച്ചിരുന്നാൽ എല്ലാവര്ക്കും പ്രയാസമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ എന്റെ കണ്ണുനീർ മിഴിക്കുള്ളിൽ ഒളിപ്പിച്ചു അവരുടെ കാന്താരി ആയി മാറാൻ ശ്രമിച്ചു……എല്ലാവരുടെ ഇടയിലും വീണ്ടും കളിചിരികൾ കൊണ്ടുവന്നപ്പോൾ ഞാനും സങ്കടങ്ങൾ മറന്നുകൊണ്ട് മനസ്സിൽ കുഞ്ഞിനൊന്നും സംഭവിക്കില്ലെന്ന ശുഭ ചിന്ത ഊട്ടിയുറപ്പിക്കാൻ തുടങ്ങി….
ഒരു ദിവസം രാവിലെ അമ്മ അമ്പലത്തിൽ പോയപ്പോൾ എനിക്ക് വയറ്റിൽ നിന്നും ഒരു നീറ്റൽ അനുഭവപെട്ടു….ഞാൻ പതിയെ എഴുനേറ്റു അടുക്കളയിൽ പോയി വെള്ളം എടുത്തു കുടിച്ചു
രഞ്ജുഏട്ടനെ വിളിച്ചു കാര്യം പറഞ്ഞപ്പോഴേ പുള്ളി ടെൻഷൻ അടിക്കാൻ തുടങ്ങി….
‘അമ്മ അമ്പലത്തിൽ നിന്നും വന്നപ്പോഴും ആ നീറ്റൽ ഉണ്ടായിരുന്നു…. അമ്മയോട് പറഞ്ഞപ്പോൾ ‘അമ്മ വെപ്രാളപ്പെട്ട് തുണികൾ എല്ലാം എടുത്തു പായ്ക്ക് ചെയ്തു
“അമ്മെ എനിക്ക് വേദന ഒന്നുമില്ല പിന്നെ ഇതൊക്കെ എങ്ങോട്ടാ “
“അച്ചു എന്തായാലും ഒന്ന് ഡോക്ടറെ കാണിക്കാം ‘അമ്മ ഓട്ടോ വിളിക്കട്ടെ “
“അമ്മെ ഏട്ടൻ ഇപ്പൊ വരും ഞാൻ എന്റെ കെട്ടിയോന്റെ വണ്ടിയിലെ വരുന്നുള്ളൂ അല്ലെങ്കിൽ പ്രസവ വേദന ആണെന്ന് കരുതി ‘അമ്മ എടുത്തു വച്ച ലഗ്ഗേജ് ആളുകൾ കാണും “
“മോളെ വാശി കാണിക്കല്ലേ……”
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു…. ഉള്ളിൽ നിറഞ്ഞ പ്രഷർ കാരണം ആരെയും അനുസരിക്കാൻ എന്റെ മനസും അനുവദിച്ചില്ല..അമ്മ എല്ലാം ഏട്ടനെ വിളിച്ചു പറഞ്ഞു… ഏട്ടൻ പത്തു മിനുട്ട് കൊണ്ടെത്തും എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു… അപ്പോഴും വയറ്റിൽ നിന്നും നീറ്റൽ ഉണ്ടായികൊണ്ടേയിരുന്നു…..
ശരവേഗത്തിൽ രഞ്ചുവേട്ടന്റെ കാർ വീട്ടുമുറ്റത്തു എത്തിച്ചേർന്നു… മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു…. പതിയെ എഴുനേറ്റ് ഏട്ടന്റെ കൈകൾ പിടിച്ചു
“എനിക്ക് കുഴപ്പമില്ല മാത്രമല്ല ഡേറ്റ് ആകാൻ 20ദിവസം കൂടി ഉണ്ട് “
“നീ വേഗം കയറ് “
കാറിൽ കയറിയതും സെന്റ് ജോസഫ് ലക്ഷ്യമാക്കി കാർ കുതിച്ചു….
“ഇത് പ്രസവ വേദന ആണെന്നൊന്നും തോന്നുന്നില്ല അമ്മെ… ഗ്യാസ് കയറിയ പോലെ എന്തോ ഒന്നാ “
ഇങ്ങനെ വാദിക്കുന്നതിനിടയിൽ പെട്ടന്ന് കാറിന്റെ ചക്രം റോഡിലെ ഒരു കുഴിയിൽ കയറി ഇറങ്ങി
“അയ്യോ”
വയറ്റിൽ നിന്നുള്ള നീറ്റൽ പതിയെ പതിയെ ശക്തിയായ വേദനയിലേക്ക് കടന്നു കണ്ണുകളിൽ നിന്നും മുത്ത് പൊഴിയും പോലെ കണ്ണീർതുള്ളികൾ താഴേക്ക് പതിക്കാൻ തുടങ്ങി
വേദന കടിച്ചമർത്താൻ ശ്രമിച്ചു.. കാലുകൾ തളരും പോലെ തോന്നി… സെന്റ് ജോസെഫിൽ എത്തിയതൊന്നും അറിഞ്ഞില്ല….. അറ്റൻഡർ വീൽ ചെയറിൽ എന്നെയും കൊണ്ട് ലേബർ റൂം ലക്ഷ്യമാക്കി കുതിച്ചു…
വേദനയ്ക്കിടയിലും എന്റെ കണ്ണുകൾ അനിത മേഡത്തിനായി തിരഞ്ഞു….സൺഡേ ആയതുകൊണ്ട് ഡോക്ടർ ലീവാണെന്നും പകരം ഡ്യൂട്ടി ഡോക്ടർ അജയ് നോക്കുമെന്നും മദർ പറയുമ്പോൾ എന്റെ കണ്ണുകളിൽ നേരിയ ഭയം ഉളവാക്കി….
ഇത് മനസിലാക്കികൊണ്ട് മദർ എന്റെ തലയിൽ തടവിക്കൊണ്ട് പറഞ്ഞു
“കൊച്ചെ അജയ് ഡോക്ടറും അനിത ഡോക്ടറെ പോലെ സമര്ഥനാണ് കൊച്ചു പേടിക്കാതെ പ്രാർത്ഥിച്ചു കിടന്നോ “
അതിനുള്ളിൽ വച്ചാണ് നഴ്സുമാർ എന്താണെന്ന് മനസിലാകുന്നത്….. ഓരോ വേദനയിലും പുളയുന്ന എനിക്ക് ആശ്വാസമേകാൻ നഴ്സുമാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു….
പെട്ടന്നാണ് അനിത ഡോക്ടർ റൂമിലേക്ക് കടന്നു വന്നത് എന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു…
“അശ്വനി എത്തിയെന്നു ഇപ്പോൾ ‘അമ്മ വിളിച്ചു പറഞ്ഞു…. ഇനി ഞാൻ എത്തിയില്ലെന്നു കരുതി താൻ ബിപി കൂട്ടണ്ട “
തമാശയായിട്ടാണ് ഡോക്ടർ പറഞ്ഞതെങ്കിലും എന്റെ ബിപി ഉയർന്നു തന്നെ ആയിരുന്നു….
ഡോക്ടർ നഴ്സുമാർക്ക് എന്തൊക്കെയോ നിർദേശം കൊടുക്കുന്നുണ്ട്..വേദനയാൽ പുളയുന്ന എന്നോട് ശ്വാസമെടുക്കാൻ പറയുന്നുമുണ്ട് എന്റെ വയറിൽ അമർത്തികൊണ്ട് അവർ സുഖ പ്രസവം നടക്കുന്നതിനായ് ശ്രമിച്ചുകൊണ്ടേയിരുന്നു
എല്ലു നുറുങ്ങുന്ന വേദന പോലെ ഞാനും എല്ലാം അനുസരിച്ചു
ഒരുപാടു നേരം എന്റെ പ്രസവത്തിനായി കാത്തു നിന്ന് ബിപി വീണ്ടും പല തവണ ചെക്ക് ചെയ്തു അനിത ഡോക്ടർ പുറത്തേക്ക് പോയി..വീണ്ടും തിരിച്ചു വന്നു
“അശ്വനി നമുക്ക് സിസേറിയൻ ചെയ്യാം “
ഞാൻ ഞെട്ടിയമുഖത്തോടെ ഡോക്ടറെ നോക്കി
“അശ്വനി നിനക്ക് ബിപി കൂടുമ്പോൾ കുഞ്ഞിന് ബിപി കുറവാണു നിനക്ക് വേദന വരുമ്പോഴും കുഞ്ഞിന് ബിപി കുറഞ്ഞു പോകുന്നു… എനിക്ക് നിങ്ങൾ രണ്ടാളെയും രക്ഷിക്കണം അപ്പൊ ചെയ്യുകയല്ലേ ഡാ “
ഞാനും തലയാട്ടി സമ്മതം നൽകി.. എന്റെ വേഷം മാറ്റി പകരം പച്ച വസ്ത്രം ധരിപ്പിച്ചു… ട്രോളി തീയേറ്റർ ലക്ഷ്യമാക്കി ലേബർ റൂമിന്റെ പുറത്തു എത്തിയപ്പോൾ വരാന്തയിൽ എന്റെയും രഞ്ചുവേട്ടന്റെയും വീട്ടുകാർ ഉണ്ടായിരുന്നു. ഞാൻ രഞ്ജു ഏട്ടന്റെ കൈ പിടിച്ചു…. ഏട്ടന്റെ കണ്ണും നിറഞ്ഞിരുന്നു… എന്നെ തീയേറ്ററിലേക്ക് കയറ്റി….
നട്ടെല്ലിന് വച്ച ഇന്ജക്ഷന് ശേഷം എന്റെ അരയ്ക്കു താഴേക്ക് ഒരു മരവിപ്പ് തോന്നി…എങ്കിലും ബോധം ഉണ്ടായിരുന്നു എനിക്ക്
15മിനിറ്റിനു ശേഷം അനിത മേഡം പറഞ്ഞു
“അശ്വനി കഴിഞ്ഞു ആൺകുട്ടിയാണ് ട്ടോ”
ഞാൻ സന്തോഷത്തോടെ വെണ്ണക്കള്ളനായ ഉണ്ണിക്കണ്ണനെ നന്ദിയോടെ സ്മരിച്ചു
ശേഷം എന്നെ ICUവിലേക്ക് കൊണ്ടുപോയി. സിസ്റ്റർ എന്റെ കുഞ്ഞിനെ ഒന്ന് കാണിച്ചു തന്നു. രഞ്ജുഏട്ടനെ പോലെ കവിളിൽ മറുക് ഉള്ള ഒരു പൊന്നോമന
. ഇഞ്ചക്ഷന്റെ ഫലമായി എന്റെ കണ്ണുകൾ പതിയെ അടഞ്ഞു..
എന്നാൽ സമയം കഴിയുംതോറും സിസേറിയൻ ചെയ്ത ഭാഗത്തു നിന്നും ശക്തിയായ വേദന അനുഭവപ്പെടാൻ തുടങ്ങി.
സിസ്റ്റർ വന്നു കുഞ്ഞിന് ആദ്യത്തെ അമൃതായ മുലപ്പാൽ നല്കാൻ പറഞ്ഞപ്പോൾ എഴുനേൽക്കാൻ പറ്റാതെ പിടയുന്ന എന്നെ പതിയെ എഴുനേൽക്കാൻ സഹായിച്ചുകൊണ്ടു കുഞ്ഞിനെ മടിയിൽ വച്ച് തന്നു….
വേദനകൊണ്ടു പുളയുന്ന എന്റെ കയ്യിൽ ഒരു സിസ്റ്റർ മരുന്ന് കുത്തിവച്ചു ആശ്വാസം പകർന്നപ്പോഴേക്കും എന്റെ കുഞ്ഞിനെ ചേർത്ത്പിടിച്ചു ഉറക്കികൊടുത്തിരുന്നു മറ്റൊരു സിസ്റ്റർ
രാവിലെ റൂമിലേക്ക് എന്നെയും കുഞ്ഞിനേയും മാറ്റിയപ്പോൾ ഉറങ്ങാതെ ക്ഷീണിച്ച മുഖവുമായി ചിരിച്ചു കൊണ്ട് രഞ്ജു ഏട്ടൻ ഞങ്ങള്ക് അരികിലായി വന്നിരുന്നു..മുടിയിൽ തലോടി കൊണ്ട് ആരും കേൾക്കാതെ പതിയെ ചോദിച്ചു
“ഏട്ടന്റെ കുട്ടിക്ക് ഒത്തിരി വേദന ആയി അല്ലെ “
“എത്ര വേദന വന്നാലും അതിനുള്ള മരുന്നാണ് ഈ കിടക്കുന്നത് “
ഇതും പറഞ്ഞു ഞങ്ങൾ കുഞ്ഞിനെ നോക്കുമ്പോഴേക്കും കുഞ്ഞി കണ്ണുകൾ ചിമ്മി, ചുവന്ന കാൽ ഉയർത്തിക്കൊണ്ടു അവൻ കരയാനുള്ള തയ്യാറെടുപ്പിലായിരുന്നു
💕💕 ശുഭം 💕💕
(ഓരോ അമ്മയും ഇങ്ങനെ വേദനകൾ സഹിച്ചാണ് ഓരോ കുഞ്ഞിനും ജന്മം നൽകുന്നത്….. അങ്ങനെയുള്ളവർ കേവലം ഒരു നേരത്തെ ശരീര സുഖത്തിനുവേണ്ടി എങ്ങനെയാണു സ്വന്തം കുഞ്ഞിനെ ബലി കൊടുക്കാൻ തയ്യാറാകുന്നതെന്നു മനസിലാകുന്നില്ല……
കഥയെ കുറിച്ചുള്ള നെഗറ്റീവ് & പോസിറ്റീവ് അഭിപ്രായങ്ങൾ ഒന്ന് രേഖപ്പെടുത്തണം ട്ടോ )