വർഷങ്ങൾക്കു ശേഷം അവളെ ഇപ്പോഴാണ് വീണ്ടും കാണുന്നത്. എന്നെ കണ്ട് അവളും ഞെട്ടിയെന്നു തോന്നുന്നു…

Story written by NITYA DILSHE

നാലഞ്ചു മാസമായി ബ്രോക്കർമാർ വഴിയും മാട്രിമോണിയൽ വഴിയുമുള്ള ചേട്ടന്റെ പെണ്ണന്വേഷണത്തിനിടയിലാണ് രണ്ടു ജില്ല മാറി ഒരു ജാതകം ശരിയായിട്ടുണ്ടെന്നു മാട്രിമോണിയൽ നിന്നു വിളിച്ചു പറയുന്നത്….

ദൂരകൂടുതൽ ഉണ്ടെങ്കിലും ഈ വക കാര്യങ്ങൾ എവിടെനിന്നാണ് ശരിയാവുക എന്നു പറയാൻ പറ്റാത്തതുകൊണ്ടു കുടുംബസമേതം അങ്ങോട്ടു പുറപ്പെട്ടു…

മൂന്നുവയസ്സിനു മൂത്തതാണെങ്കിലും അനിയൻ എന്നതിനേക്കാൾ ബെസ്റ്റ് ഫ്രണ്ട്
ആയിരുന്നു ഞങ്ങൾ തമ്മിൽ…ഞങ്ങൾക്കിടയിൽ രഹസ്യങ്ങളുണ്ടായിയുന്നില്ല. എന്നേക്കാൾ എന്നെ അറിയുന്നത് ചേട്ടനാണെന്നു തോന്നിയിട്ടുണ്ട്‌….ആദ്യമായി ഞാൻ ബിയറിന്റെ രുചി അറിഞ്ഞതു പോലും ചേട്ടന്റെ ഗ്ലാസ്സിൽ നിന്നാണ്..മിക്കപ്പോഴും ഒരുമിച്ചുണ്ടാവുന്നത് കൊണ്ട് ‘സയാമീസ്’ എന്നൊരു ഇരട്ടപ്പേരും കൂട്ടുകാർക്കിടയിൽ ഞങ്ങൾക്കുണ്ടായിരുന്നു…

കത്തുന്ന മീനചൂടിൽ പെൺവീട്ടിൽ ക്ളീഷേ ചായക്ക് പകരം ചെറുതായി തണുപ്പിച്ച ഓറഞ്ച് ജൂസ് വീട്ടുകാർ കൊണ്ടു വച്ചപ്പോൾ അത് ശരീരം മാത്രമല്ല മനസ്സിനെയും കുളിർപ്പിച്ചു…കാരണവരിലാരോ ചോദിച്ച ചോദ്യത്തിന് മറുപടി പറയവേ, ചേട്ടൻ കാലിൽ ചെറുതായി തട്ടിയപ്പോൾ മനസ്സിലായി പെണ്കുട്ടി വന്നുവെന്ന്…മുഖം ഉയർത്തി നോക്കിയതും ഷോക്കേറ്റ പോലെ ഞാനൊന്നു ഞെട്ടി..’

“നവമി”.

വർഷങ്ങൾക്കു ശേഷം അവളെ ഇപ്പോഴാണ് വീണ്ടും കാണുന്നത്..എന്നെ കണ്ട് അവളും ഞെട്ടിയെന്നു തോന്നുന്നു…പതിവ് ചോദ്യങ്ങൾക്ക് പതർച്ചയോടെയാണവൾ മറുപടി തന്നത്..മറുപടി പറയുന്നതിനിടയിൽ പലപ്പോഴും ആ കണ്ണുകൾ ചേട്ടനെക്കാൾ എന്റെ നേർക്കാണ് വന്നത്…ആ
എ സി യിലും ഞാൻ വിയർത്തൊഴുകി…

എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്നു പെണ്ണിന്റെ അച്ഛൻ പറഞ്ഞപ്പോൾ എന്നെ നോക്കി കണ്ണിറുക്കി ചേട്ടൻ ചിരിയോടെ എഴുന്നേറ്റു.. ആ മുഖം കണ്ടപ്പോൾ മനസ്സിലായി ഒടുപാട് ഇഷ്ടായി എന്ന്… മറ്റുമുഖങ്ങളിലേക്ക് നോക്കിയപ്പോൾ അവിടെയും നിറഞ്ഞ ചിരിയാണ്..

തിരിച്ചുള്ള യാത്രയിൽ “എന്താടാ ഇത്ര ആലോചന…എത്ര നേരമായി നിന്നോട് ഞാൻ ഓരോന്നു ചോദിക്കുന്നു..” എന്നുചേട്ടൻ പറഞ്ഞപ്പോഴാണ് ബോധമണ്ഡലത്തിലേക്കു തിരിച്ചു വന്നത്….എന്താ എന്നു കണ്ണു കൊണ്ടു ചോദിച്ചു..

“എന്താ നിന്റെ അഭിപ്രായം… അതു കൂടി അറിഞ്ഞിട്ടുവേണം അവരോടു വിളിച്ചു പറയാൻ..” അച്ഛനാണ്..അമ്മക്കപ്പോഴും പെണ്കുട്ടിയെ കുറിച്ചുള്ള വർണ്ണന കഴിഞ്ഞിട്ടുണ്ടായിരുന്നില്ല..

“നല്ലതാ ചേട്ടാ.. എനിക്കും ഇഷ്ടായി..” പുറത്തേക്കു നോക്കിയാണ് പറഞ്ഞത്..ഉള്ളിലെവിടെയോ ഒരു വിങ്ങൽ…വർഷങ്ങളായി മറക്കാൻ ശ്രമിക്കുന്ന മുഖം…വീട്ടിലെത്തിയതും റൂമിൽ പോയി കിടന്നു.. എന്തുപറ്റിയെന്നു ചേട്ടനും അമ്മയും മാറി മാറി ചോദിച്ചു

“ദൂരയാത്ര ചെയ്ത തലവേദന ” എന്നു പറഞ്ഞൊഴിഞ്ഞു…

എല്ലാം ചേട്ടനോട് പറയണമെന്നുണ്ടായിരുന്നു.. പറഞ്ഞാൽ എല്ലാവരുടെയും മുഖത്തുള്ള ഈ സന്തോഷം പോകുമോ എന്ന പേടിയും.. ഒരുപാട് അലച്ചിലിനൊടുവിലാണ് ഇങ്ങനെയൊരു ബന്ധം ഒത്തുവന്നത്… അത് ഞാനായി നശിപ്പിക്കേണ്ടെന്നു തോന്നി…

അതുകഴിഞ്ഞൊരു ഞായറാഴ്ച അവിടെ നിന്നും കുറച്ചുപേർ വീടുകാണാനായി എത്തി…

രണ്ടുദിവസം കഴിഞ്ഞു ഓഫീസിൽ നിന്നും വന്ന് ടിവി യിൽ ചാനൽ മാറ്റിക്കൊണ്ടിരിക്കുംനോഴാണ് അച്ഛനത് പറഞ്ഞത്…

“അവർ ഇന്ന് വിളിച്ചിട്ടുണ്ടായിരുന്നു…അവർക്കും ഇഷ്ടമായി…പെണ്കുട്ടിക്കു വിവാഹയോഗം കഴിയാൻ രണ്ടു മാസം കൂടിയേ ഉള്ളു..പിന്നെ 8 വർഷം കഴിയണമത്രെ..രണ്ടുപേരുടെയും ജാതകം നോക്കിയുള്ള മുഹൂർത്തം കിട്ടിയിരിക്കുന്നത് മൂന്നാഴ്ച കഴിഞ്ഞുള്ള ഡേറ്റ് ആണ്..അതു കൊണ്ട് നിശ്‌ചയം ഒന്നും വേണ്ടെന്നു വച്ചു..”

ഞാൻ ചേട്ടന്റെ മുഖത്തേക്ക് നോക്കി…അതൊന്നും കുഴപ്പമില്ല എന്ന ഭാവമാണ് അവിടെ…അച്ഛൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചായി ചർച്ച.. ഒന്നും ആസ്വദിച്ചു ചെയ്യാനുള്ള സമയമില്ല..ക്ഷണിക്കലും മറ്റു ചില കാര്യങ്ങളും അച്ഛനും ചേട്ടനും ഏറ്റെടുത്തു.. ബാക്കി കുറെ കാര്യങ്ങൾ എന്നെ ഏല്പിച്ചു….എല്ലാം കൂടി കേട്ടപ്പോൾ ആകെയൊരു വീർപ്പുമുട്ടലായിരുന്നു..എന്തായാലും ചേട്ടനോടെല്ലാം തുറന്നു പറയണം …അല്ലാതെ വയ്യെന്ന് തോന്നി…

പലപ്പോഴും പറയാൻ ചെല്ലുമ്പോഴെല്ലാം ചേട്ടൻ ഓരോ തിരക്കുകളിലായിരുന്നു..

നവമിയെ ഞാൻ ആദ്യം കാണുന്നത് കോളേജ് ക്യാംപസിൽ വച്ചാണ്..ആരാണ് ആദ്യം ശ്രദ്ധിച്ചു തുടങ്ങിയതെന്നറിയില്ല..കണ്ടപ്പോൾ തന്നെ ഒരു “സ്പാർക്ക്” തോന്നി..കാണുമ്പോൾ കണ്ണുകൾ കോർത്തൊരു നോട്ടം..ഹൃദയത്തിൽ നിന്നൊരു പുഞ്ചിരി..അതിൽ കൂടുതൽ ഒന്നുമുണ്ടായിരുന്നില്ല… മറ്റൊരു ബ്ലോക്കിലാണ് അവളുടെ ക്ലാസ് എന്നിട്ടുകൂടി ആവശ്യത്തിനും അനാവശ്യത്തിനും ഒരു നോട്ടത്തിന് വേണ്ടി അങ്ങോട്ടു പോകുന്നത് പതിവാക്കി…

മനസ്സിൽ അവളുടെ മുഖം വല്ലാതെ പതിഞ്ഞപ്പോൾ അതാദ്യം പറഞ്ഞതും ചേട്ടനോട് തന്നെ..പ്രണയം തുറന്ന് പറയാൻ ചേട്ടൻ തന്നെയാണ് നിർബന്ധിച്ചത്…അതിനിടയിൽ അവളുടെ പേരും ക്ലാസ്സും മനസ്സിലാക്കി..എല്ലാം തുറന്നു പറയാൻ തയ്യാറെടുത്തു പോയപ്പോൾ അവളെ കണ്ടില്ല..പിന്നീടവൾ കോളേജിലേക്ക് വന്നില്ല..ക്ലാസ്സിൽ പോയി അന്വേഷിച്ചപ്പോൾ കേട്ടു..അവളുടെ അച്ഛന് ആക്സിഡന്റ് ആയി അവരെല്ലാവരും നാട്ടിലേക്ക് പോയെന്നു..

കുറേനാൾ അതൊരു നൊമ്പരമായി മനസ്സിൽ കൊണ്ട് നടന്നു..”സാരമില്ല..പോട്ടെടാ..” എന്നാശ്വസിപ്പിച്ചു ചേട്ടനും ഒപ്പമുണ്ടായിരുന്നു….പിന്നീട് ഇപ്പോഴാണ് അവളെ വീണ്ടും കാണുന്നത്..

എന്ത് തിരക്കുണ്ടെങ്കിലും ഇന്ന് പറയണമെന്നു ഉറപ്പിച്ചാണ് ചേട്ടന്റെ മുറിയിലേക്ക് ചെന്നത്…..അന്നത്തെ നവമിയാണ് ഇവൾ എന്നു പറഞ്ഞപ്പോൾ ചേട്ടന്റെ മുഖത്ത് ഞാൻ പ്രതീക്ഷിച്ച ഞെട്ടൽ ഉണ്ടായിരുന്നില്ല..പകരം ഒരു ചിരിയായിരുന്നു…

“വിട്ടേക്കടാ..അന്നത്തെ ക്യാംപസ് ഫൺ ആയി കരുതിയാൽ മതി ” എന്നു പറഞ്ഞു തോളിൽ തട്ടി..

എല്ലാം തുറന്നു പറഞ്ഞപ്പോൾ വല്ലാത്ത ആശ്വാസം തോന്നി..അതെ എല്ലാം അന്നത്തെ നേരമ്പോക്കായി കാണാൻ മനസ്സിനെ പഠിപ്പിച്ചു….കല്യാണത്തിരക്കുകളിൽ ഞാനും മുഴുകി..അതിനിടയിൽ ഡ്രസ് എടുക്കാൻ എല്ലാവരും വന്നപ്പോൾ തിരക്കിനിടയിൽ മിന്നായം പോലെ അവളെ ഒരു നോട്ടം കണ്ടു…

അവരുടെ കുടുംബക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.. കസവ് മുണ്ട് പുതച്ച് ചേട്ടനോടൊപ്പം മണ്ഡപത്തിൽ നിൽക്കുമ്പോൾ കണ്ടു വിവാഹവേഷത്തിൽ അവൾ….എത്ര പഠിപ്പിച്ചിട്ടും ഉള്ളിൽ മൂടിയ ഓർമകളിൽ കെടാതെ ഒരു കനൽ ഇപ്പോഴും ഉണ്ടെന്നു തോന്നി..അടുത്തവൾ വന്നു നിന്നപ്പോൾ മുഖത്തേക്ക് നോക്കാതെ പിന്നിലേക്ക് മാറി നിന്നു..

മുഹൂർത്തമായെന്നാരോ പറഞ്ഞപ്പോൾ ചേട്ടൻ എന്നെ പിടിച്ചു മുന്നിലേക്ക് നിർത്തി..അച്ഛൻ താലിയെടുത്ത് എന്റെ നേർക്കു നീട്ടിയപ്പോൾ അമ്പരപ്പോടെ ആ മുഖത്തേക്ക് നോക്കി..

“അന്നത്തെ നിന്റെ ഇരുത്തം കണ്ടപ്പോഴേ ഡൗട്ട് അടിച്ചതാ.. പിന്നെ നവമി തന്നെ അന്നെല്ലാം പറഞ്ഞിരുന്നു…നീ ഒരുപാട് ആഗ്രഹിച്ചതല്ലേ..മുഹൂർത്തം കഴിയുന്നതിനു മുൻപ് കെട്ടടാ..അതേ..ഇന്ന് നിന്റെ വിവാഹമാണെന്നു അറിയാത്തത് നീ മാത്രമാ..””ചേട്ടൻ ചെവിയിലത് പറഞ്ഞപ്പോൾ ഞെട്ടലോടെ ചുറ്റും നോക്കി..എല്ലാവരുടെ മുഖത്തും സന്തോഷമാണ്..അവളുടെ മുഖത്തേക്ക് പാളി നോക്കിയപ്പോൾ ആ മുഖത്തും നാണത്തിൽ കുതിർന്ന ചിരി….

ഓഡിറ്റോറിയത്തിൽ അവളോടൊപ്പം ഇരിക്കുമ്പോൾ, ചേട്ടനെ കണ്ടപ്പോൾ മനസ്സിനൊരു പിടച്ചിൽ..അതു മനസ്സിലാക്കിയെന്നോണം ചേട്ടൻ അടുത്തു വന്നു ചേർത്തു പിടിച്ചു …

“ഡാ…മാട്രിമോണിയത്തിൽ നിന്നും വിളിച്ചിട്ടുണ്ടായിരുന്നു..എനിക്ക് പറ്റിയ ഒരു ജാതകം ഒത്തുവന്നിട്ടുണ്ട്.. ഈ തിരക്കുകൾ കഴിഞ്ഞു വേണം നമുക്ക് പോവാൻ…”

അതെ… എന്നേക്കാൾ എന്നെ അറിഞ്ഞിട്ടുള്ളത് എന്റെ ചേട്ടൻ തന്നെയാണ്…

സ്നേഹത്തോടെ…Nitya Dilshe

Related Posts

Leave a Reply

Your email address will not be published. Required fields are marked *