വർഷങ്ങൾക്ക് മുമ്പ് പാൽപുഞ്ചിരി കാട്ടി തന്റെ കയ്യിലേക്കും അവിടെ നിന്ന് രാജുവേട്ടന്റെ കയ്യിലേക്കും…..

ജന്മസാഫല്യം

Story written by Nijila Abhina

“കണ്ടോർടെ വയറ്റീ പെറന്നതല്ലേ സതിയെ അതിനിത്രയ്ക്ക് നന്ദിയെ കാണൂ “

“നീയിങ്ങനെ കരഞ്ഞും പറഞ്ഞുമിരിക്കാണ്ട് മുഖം തുടച്ചിങ്ങു വന്നേ ന്തെങ്കിലും കുടിക്ക് ന്നിട്ട് “

എങ്ങനെ വളർത്തിയ കുട്ട്യാ ന്റെ ദേവി ന്നിട്ടാ ഈ കാട്ടായം “

പാതി എന്നോടും പാതി സ്വയവും പറഞ്ഞു മുകളിലേക്ക് നോക്കി നെടുവീർപ്പിടുന്ന പാറുവേടത്തിയെ ഒരല്പം നിസംഗതയോടെ നോക്കേണ്ടി വന്നു..

കണ്ണുകൾ നീറി പുകയുന്ന പോലെ കാലുകൾ എവിടെയും ഉറയ്ക്കാത്തതു പോലെ.

വീണ്ടും വീണ്ടും ആ വാക്കുകളാണ് ഓർമ വരുന്നത്.

‘കണ്ടോർടെ വയറ്റിൽ പിറന്നവൾ ‘

അങ്ങനെയായിരുന്നോ തനിക്കവൾ?? ഒരിക്കലെങ്കിലും ആ കണ്ണിലൂടെ നോക്കിയിട്ടുണ്ടോ അവളെ? മോളേന്നല്ലേ വിളിച്ചിട്ടുള്ളൂ. ന്നിട്ടും ന്നിട്ടും..

വർഷങ്ങൾക്ക് മുമ്പ് പാൽപുഞ്ചിരി കാട്ടി തന്റെ കയ്യിലേക്കും അവിടെ നിന്ന് രാജുവേട്ടന്റെ കയ്യിലേക്കും ഞങ്ങളുടെ സ്വപ്‌നങ്ങളിലേക്കും പ്രകാശം പടർത്തി കടന്നു വന്ന പൊന്നു.

കല്യാണം കഴിഞ്ഞു വർഷങ്ങളായിട്ടും സ്വപ്നത്തിൽ കണ്ടിരുന്ന പൂമ്പാറ്റ കുഞ്ഞുങ്ങൾ തങ്ങളെ തേടിയെത്താത്തതിൽ എന്നെക്കാളേറെ സങ്കടം ഏട്ടനായിരുന്നു.

മധുവിധുവിന്റെ സമയത്താണ്,….

“നമുക്ക് പെങ്കുട്ടിയോള് മതീട്ടോടി…

“അതെന്താ ഏട്ടാ ആൺകുട്ടികൾക്കൊരു കുഴപ്പം അവരല്ലേ പ്രായാവുമ്പോ കൂടെണ്ടാവാ? എനിക്ക് നല്ലൊരുണ്ണിയെ മതി. ന്നിട്ടു വേണം ചെലരെയൊക്കെ അടിച്ചോടിക്കാൻ “

“നിന്നെ അടിക്കാൻ ന്റെ കുറുമ്പി മോള് മാത്രം മതി പെണ്ണേ “

“പിന്നെയെ മോളെ പൊന്നൂന്ന് വിളിക്കണം ന്നിട്ട് കുഞ്ഞുടുപ്പൊക്കെ ഇടീച്ച് തലയില് കുഞ്ഞു കൊമ്പ് ക്കെ കെട്ടി കുഞ്ഞു പാദസരം ഇടീച്ച്… ന്ത്‌ ഭംഗിയാവും ല്ലേ സതി “

അന്നത്തെയാ കണ്ണുകളിലെ തിളക്കം പിന്നെ കണ്ടത് മോള് വന്നതിന് ശേഷമാണ്…

ഒരു കുഞ്ഞ് എന്നയാഗ്രഹം കൂടുകയും പ്രതീക്ഷ കുറയുകയും ചെയ്തിരുന്ന സമയത്താണ് ഏട്ടനൊരിക്കൽ ചോദിച്ചത്.

“ദത്തെടുത്താലോ ഒരാളെ മ്മക്ക്. നിനക്ക് സ്നേഹിക്കാൻ പറ്റോ പെണ്ണെ നമ്മടെ മോളായിട്ട് “

ഭയം കൊണ്ടോ അപകർഷത കൊണ്ടോ ഇതുവരെ ഉള്ളിലടക്കി വെച്ചൊരു ചോദ്യം ഏട്ടൻ തന്നെ ചോദിച്ചപ്പോൾ കണ്ണുകൾ അനുസരണക്കേട് കാണിക്കുന്നുണ്ടായിരുന്നു.

ഒന്നര വയസു പ്രായത്തിൽ ഒരു കുഞ്ഞ് മഞ്ഞു കണം പോലെ അവളെ മാറോടു ചേർക്കുമ്പോൾ ആദ്യമായി അവളെ പൊന്നൂന്ന് വിളിച്ചപ്പോൾ ആ കുഞ്ഞി പല്ല് കാട്ടി അമ്മേന്ന് വിളിച്ചപ്പോൾ അമ്മ കുട്ടിയല്ല അച്ഛൻ കുട്ടിയാണെന്ന് പറഞ്ഞവളെയേട്ടൻ ചേർത്ത് പിടിക്കുമ്പോൾ ഞങ്ങളുടെ വീടോരു സ്വർഗമായി മാറുന്നത് അത്ഭുതത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്.

ഇടയ്ക്കൊക്കെ ചെറിയൊരു ഭയം വന്നു പൊതിയും. ഞങ്ങള് സ്വന്തമല്ലെന്നറിഞ്ഞാൽ വെറുത്തു പോകുമോയെന്ന ഭയം . അപ്പോഴൊക്കെ ഏട്ടൻ പറയും.

“നിന്നെ കൂടുതൽ സ്നേഹിക്കേയുള്ളൂ മ്മടെ മോള് ഇങ്ങനെ ചേർത്തു പിടിച്ച് “

അതിലലിഞ്ഞു തീർന്നിരുന്നു അന്നത്തെ ആശങ്കകളൊക്കെ.

ചില മഴകൾ പെട്ടെന്ന് കടന്നു വരും. മുന്നറിയിപ്പില്ലാതെ. മുന്നോടിയായി കാറ്റും കോളുമൊന്നും നൽകാതെ പെട്ടെന്നൊരു ദിനം ചിരിച്ച മാനത്തെ കറുപ്പണിയിച്ച് താണ്ടവനൃത്തമാടും. അങ്ങനെ ഒന്നായിരുന്നു ഏട്ടന്റെ വേർപാടും. പ്രതീക്ഷിക്കാത്തൊരു യാത്ര..

പിടിച്ചു നിൽക്കാൻ ഒരുപാട് പണിപ്പെട്ടു. അന്നും പൊന്നുന്റെ ചിരി തന്നെ യായിരുന്നു ഊർജം. മുന്നോട്ട് നീങ്ങാനുള്ള പ്രചോദനം

കാലങ്ങളായി പേടിച്ചത് ഒരിക്കലും സംഭവിച്ചില്ല. സ്വന്തമല്ലെന്നറിഞ്ഞപ്പോൾ മുറിയടച്ച് ഒരൊറ്റ കിടപ്പ് കിടന്നെങ്കിലും

“അമ്മോട് ദേഷ്യം തോന്നല്ലേ മോളെ എന്നുള്ള ഒറ്റ കരച്ചിലിൽ എന്നെ വന്നു കെട്ടിപിടിച്ചു അവള് “

“അതോണ്ടല്ലേ ന്റമ്മേ നിക്ക് കിട്ടിയത് ഈ സ്നേഹം ഞാനറിഞ്ഞത്. ന്റമ്മേടെ ഉള്ളി ചമ്മന്തിടെ ടേസ്റ്റ് അറിഞ്ഞത്.

അവളുടെ അവസാനവാക്കിൽ എന്റെ ചുണ്ടിലുമൊരു പുഞ്ചിരി തെളിഞ്ഞു.

പിന്നീടോക്കെ അവളെന്നെ കൂടുതൽ സ്നേഹിച്ചു. ഇടയ്ക്കൊക്കെ പഞ്ചാര മുക്കിയ കുഞ്ഞ് ദോശക്കഷണം വായില് വെച്ചു തന്നു ഇതെനിക്ക് ചേരോ അമ്മേ എന്ന കൊഞ്ചലിൽ ഓരോ കുപ്പായവും ഓരോ കുഞ്ഞ് സാധനവും എന്നെ കാണിച്ചു. ഓരോ യാത്രയിലും എന്റെ കയ്യിൽ ഇറുക്കി പിടിച്ചു. ഞാൻ അമ്മോടോപ്പം വലുതായോ എന്ന് ഇടയ്ക്കിടെ ചോദിച്ചു…

എന്ത് രസമായിരുന്നു ജീവിതം. പിന്നീടെപ്പോഴോ അവളൊന്ന് അകലുന്നത് പോലെ തോന്നി. ചോദിച്ചപ്പോൾ അമ്മേടെ തോന്നലാവും എന്ന് വിളറിയ ചിരിയിൽ പറഞ്ഞു നിർത്തി.. പതിവില്ലാതെ അന്നൊരു ദിനം എനിക്ക് സംസാരിക്കാൻ ഉണ്ടമ്മേ എന്ന് പറഞ്ഞപ്പോൾ ഒന്ന് പേടിച്ചു.

അമ്മേ എന്നോട് ഒരാൾക്ക് ഇഷ്ടാണ് ന്ന്. വെറും ഇഷ്ടല്ലട്ടോ ന്റെ എല്ലാ കാര്യോം അറിയാം കെട്ടി കൂടെ കൊണ്ടോണം ന്നൊക്കെ. ശ്രീ നന്നായിട്ട് പഠിക്കും ട്ടോ ന്നെ കൊറേ ഇഷ്ടാണ്. ആരും സമ്മതിച്ചില്ലേ കൂടെ കൊണ്ടോയി നോക്കിക്കോളാം ന്ന് പറഞ്ഞു.

അത് പറയുമ്പോൾ അവളൊന്നു ചുമന്നു. കണ്ണുകൾ തിളങ്ങി.

എത്ര തന്മയത്വത്തോടെയാണ് അവളത് പറയുന്നത്… ന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അതിനെക്കാളേറെ ദേഷ്യമായിരുന്നു..

“ഓഹ് ഇതിനാണോ ഞാനിത്രേം വലുതാക്കിയതും കഷ്ടപ്പെട്ടതും. സ്വന്തം കാര്യം തീരുമാനിച്ചു കഴിഞ്ഞല്ലോ ഇനീപ്പോ ഞാൻ ന്ത്‌ പറയാനാ. “ഞാനിപ്പോ ആരും അല്ലെന്നുള്ള തോന്നലാവും.

പറഞ്ഞു കഴിഞ്ഞാണ് ബോധം വന്നത്. നിറഞ്ഞ കണ്ണുകൾ പാവാടകൊണ്ട് തുടച് കയറി പോകുന്ന പൊന്നുവിനെ കണ്ടപ്പോൾ നെഞ്ച് നീറി.

മോളെ എന്ന് വിളിച്ചെങ്കിലും വാതിൽ വലിച്ചടച്ചിരുന്നു അവൾ..

നേരം വെളുക്കുന്നത് വരെ തീയായിരുന്നു നെഞ്ചിൽ. ഒരു കുഞ്ഞിഷ്ടം വന്നു പറഞ്ഞു അത്രേയുള്ളൂ ന്റെ കുട്ടിയെ ഒരുപാട് വിഷമിപ്പിച്ചു.

ക്ലാസില്ലാത്ത ദിവസമായിട്ടും പൊന്നുവും ബാഗും റൂമിൽ ഇല്ലാത്തത് കണ്ടപ്പോ നെഞ്ചോന്നാളി. സംശയം തീർക്കാൻ പറമ്പിലും പാറുവേട്ടത്തിയുടെ വീട്ടിലും മുക്കിലും മൂലയിലും പരതി.. ഉച്ചയാവുന്നതും സൂര്യൻ തലയ്ക്കു മുകളിൽ എത്തുന്നതും ഇടറിയ മനസോടെ കാണാൻ കഴിയാതെ കണ്ണുകൾ ഇറുക്കിയടച്ചു. അപ്പോഴൊക്കെ അവളുടെ വാക്കുകളായിരുന്നു മനസ്സിൽ.

“ആരും സമ്മതിച്ചില്ലേ കൂടെ കൊണ്ടോയി നോക്കിക്കോളും ന്ന് പറഞ്ഞു “

പിന്നെയും പിന്നെയും പൊന്നുവാണ് മനസ്സിൽ.. തളർന്നു വിയർത്തു കിടക്കുമ്പോൾ കേട്ടു ന്താ പറ്റീത് ന്നുള്ള ആധി പിടിച്ച ചോദ്യവും തേങ്ങലും.

“ന്താ മ്മേ ഇത്. ഇത്രേ ന്റമ്മയ്ക്ക് ഈ പൊന്നൂനെ വിശ്വാസള്ളൂ ല്ലേ… ഇന്നലെ അങ്ങനെയമ്മ പറഞ്ഞപ്പോ ശെരിക്കും പേടിച്ചു പോയമ്മേ ഞാൻ. ഞാൻ ആരുമല്ല ന്ന് ആദ്യായിട്ട് തോന്നി പോയി. അതാ രാവിലെ ആരോടും പറയാതെ പോയത്.ശ്രീയെ കണ്ടു സംസാരിച്ചു. ന്റമ്മ പറയണ നേരത്തെ അങ്ങനൊരു ചിന്ത പോലും ന്റെ മനസ്സിൽ ഇണ്ടാവൂന്ന് പറഞ്ഞിട്ടുണ്ട്. അല്ലാണ്ട് അമ്മ കരുതുന്ന പോലെ അമ്മേടെ മോള് അമ്മ പറയുന്നതിനപ്പുറം ഒരിക്കലും പോവൂലട്ടോ.

അത് പറയുമ്പോൾ അവള് കരയുന്നുണ്ടായിരുന്നു. ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു. ഓരോന്ന് ചിന്തിച്ചു പോയതോർത്ത് അവളെ സംശയിച്ചു പോയതോർത്ത്.

എന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചവളെന്റെ കവിളിൽ ചുണ്ടുകൾ ചേർക്കുമ്പോൾ എനിക്കറിയാമായിരുന്നു ഇവളാണെന്റെ ജന്മസാഫല്യമെന്ന്..

ഇതൊക്കെ നോക്കി അപ്പോഴും ജനൽ കമ്പിയിലിരുന്നൊരു കുഞ്ഞ് പൂമ്പാറ്റ ചിറകുകൾ വിടർത്തിയിരുന്നു. ഞങ്ങളതിനെ നോക്കിയതും അത് പതിയെ പറന്ന് ഏട്ടന്റെ ചില്ലിട്ട ചിത്രത്തിൽ മുഖം പൂഴ്ത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *