ശരിക്കും പറഞ്ഞാൽ ചോര കണ്ടാൽ എനിക്ക് അറപ്പാണ്. ചിലപ്പോൾ ബോധക്കേട് വരും. ആ എന്നെയാണ് അമ്മ….

സ്വപ്നം കാണാൻ മറന്നവർ….

എഴുത്ത്: മിനി.എസ്.എസ്

ഈ എൻട്രൻസ് കണ്ടുപിടിച്ചവനെ കയ്യിൽ കിട്ടിയാൽ ഞാൻ തല്ലികൊല്ലും. ഈ എബിസിഡി ഓപ്ഷൻ കറക്കി കുത്തിയാൽ ഡോക്ടറും എൻജിനിയറും ആകാം എന്നു ആരുടെ ബുദ്ധിക്ക് ഉദിച്ചതാണോ എന്തോ . ആറാം ക്ലാസ് മുതൽ പഠിക്കുകയാണ്. അച്ഛനും അമ്മയും ഡോക്ടർ ആയാൽ മകൻ ഡോക്ടർ ആയില്ലേൽ മോശം അല്ലേ. സിറ്റിയിലെ മുന്തിയ സ്കൂളിൽ എൽ കെ ജി മുതൽ പഠനം. കാണാപ്പാഠം പഠിപ്പിക്കൽ ആണ് സ്കൂളിൽ . എന്റെ മോൻ ഐ സി എസ് സി സിലബസ്സ് ആണെന്ന് അമ്മ ഗമയ്ക്ക് എത്ര പേരോടാണ് പറയുന്നത്. അഞ്ചാം ക്ലാസ് സ്കൂൾ അടച്ചപ്പോൾ എൻട്രൻസ് കോച്ചിംഗിന് ചേർത്തു. നഗറിലെ ബാക്കി പിള്ളേർ ക്രിക്കറ്റ് കളിച്ച പ്പോൾ ഞാൻ സ്പീഡിൽ എങ്ങനെ ആൻസർ എഴുതാം എന്നു പഠിച്ചു. നാലു ഓപ്ഷനെ എങ്ങനെ രണ്ട് ആക്കാം എന്നും ആ രണ്ടിൽ നിന്ന് ഉത്തരം കണ്ടുപിടിക്കുന്നത് എങ്ങനെ എന്നും അവർ പഠിപ്പിച്ചു.

എട്ടാം ക്ലാസ് മുതൽ അകലെ ഒരു നഗരത്തിലെ ബോർഡിംഗ് സ്കൂളിൽ ആക്കി. എൻട്രൻസ് കിട്ടണേൽ ഇവിടെ പഠിക്കണം അത്രേ . എന്റെ ക്ലാസിലെ എല്ലാവരും ഡോക്ടർ ആകാനുള്ള തയ്യാറെടുപ്പിൽ ആണ് . പലരും പി ജി ക്ക് എന്തു എടുക്കണം എന്നു വരെ തീരുമാനിച്ചവർ ആണ്.

ശരിക്കും പറഞ്ഞാൽ ചോര കണ്ടാൽ എനിക്ക് അറപ്പാണ്. ചിലപ്പോൾ ബോധക്കേട് വരും. ആ എന്നെയാണ് അമ്മ എല്ലാരോടും” രാഹുൽ വിൽ ബി എ ഫേമസ് സർജൻ” എന്നൊക്കെ തട്ടി വിടുന്നത്. ഈശ്വരാ കത്തി പോലും പേടിയായ എന്നെ ആണോ സർജൻ ആക്കുന്നേ.

ഓണത്തിനു ക്രിസ്തുമസിനും കിട്ടുന്ന അവധിക്ക് പോലും അമ്മ വളരെ സങ്കടത്തോടെയാണ് വീട്ടിൽ കൊണ്ടുപോകുന്നത്. കാറിൽ കയറും മുൻപ് അമ്മ പത്തു തവണ” രാഹുൽ നീ ബുക്ക്സ് എല്ലാം എടുത്തോ?” എന്നാണ് ചോദിക്കുന്നത്. വീട്ടിൽ എത്തിയാലും പഠിക്ക് പഠിക്ക് തന്നെ ആണ് പല്ലവി. ദൈവമേ ഈ പഠിത്തം എന്നു തീരും. പപ്പ ഇപ്പോഴും എന്തോ പഠിക്കുകയാണ്. വയസ്സ് നാൽപത് ആയി കാണൂലേ. സൂപ്പർ സ്പെഷ്യാലിറ്റി ഒക്കെ ഉണ്ടേ ലേ നല്ല സാലറി ഒക്കെ കിട്ടുള്ളൂ അത്രേ . അമ്മ ഗൈനിക്ക് ആയ കൊണ്ടു ഓണത്തിനും പേഷ്യന്റസ് ഉണ്ട്. ഒരു നേരം രണ്ടിനും റസ്റ്റ് ഉള്ളതായി തോന്നിയിട്ടില്ല. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന് ഉറങ്ങുമ്പോൾ ആണ് അമ്മയ്ക്ക് ഫോൺ വരുന്നത് ഉടനെ കാറും എടുത്തു പോകുന്ന കാണാം. ഇത്രയും കഷ്ടപ്പാട് ഉള്ള ഈ പണി തന്നെ ഞാനും ചെയ്യണമെന്ന് ഇവർ ആഗ്രഹിക്കുന്നത് എന്തിനാണ്. രാഹുലിന് മനസിലായില്ല.

എല്ലാവർക്കും ആന്റിയും അങ്കിളും ഒക്കെ ഉണ്ട് . എനിക്ക് കസിൻസ് പോലും ഇല്ല. ഞാനിതുവരെ ഒരു കല്യാണത്തിനു പോയിട്ടില്ല. ഒരിക്കൽ ഒരു റിലേറ്റീവ് കല്യാണം വിളിച്ചു വന്നപ്പോൾ അമ്മയ്ക്ക് അവരുടെ പേര് പോലും അറിയില്ല. അവർ പോയപ്പോൾ” എങ്ങനാ ബന്ധുക്കളെ ഒക്കെ അറിയുന്നേ? പഠിത്തം ഒഴിഞ്ഞ് നേരം ഉണ്ടായിരുന്നോ?” എന്ന് അമ്മ പപ്പയോട് പറയുന്ന കേട്ടു.നല്ല ഒരു ഫുഡ് ഉണ്ടാക്കാൻ അമ്മയ്ക്കോ അമ്മൂമ്മയ്ക്കോ അറിയില്ല. നളിനി ചേച്ചി ഉള്ള കൊണ്ട് എന്തേലും കഴിക്കാം. ഓണത്തിന് അവർ വീട്ടിൽ പോകമ്പാൾ പുറത്തൂന്ന് ആണ് ഫുഡ്. ഇപ്പോ പുറത്ത് പോയി ഫുഡ് കഴിക്കാറില്ല അത്രം സമയം എനിക്ക് നഷ്ടം ആണെന്നാണ് അമ്മ പറയുന്നത്. ഇപ്പോ ഓൺലൈൻ ഫുഡ് ആണ്. ഹോസ്റ്റലിൽ മുട്ടയും ഇറച്ചിയും ഒക്കെ ഉണ്ടേലും ഒന്നും ഒരു ടേസ്റ്റ് തോന്നാറില്ല. വളരെ ലിമിറ്റഡ് ഫുഡേ അവിടെ തരൂ കൂടുതൽ കഴിച്ചാൽ ക്ലാസിൽ ഇരുന്ന് ഉറങ്ങും എന്നാ റീസൺ പറയുന്നേ.

ടി വി വർക്ക് ചെയ്യുന്നുണ്ടോ എന്തോ ? ആരും കാണാറില്ല. കാക്കയും പൂച്ചയും പട്ടിയും മഴയും വെയിലും ഒക്കെ ചിത്രം മാത്രം….പത്താം ക്ലാസിൽ ഒരു സബ്ജക്റ്റിന് ഒരു മാർക്ക് പോയതിന് അമ്മ സങ്കടപെട്ടത് കണ്ടാൽ അപ്പൂപ്പൻ മരിച്ചപ്പോൾ പോലും ഇത്ര സങ്കടം ഇല്ലായിരുന്നു. പതിനൊന്നാം ക്ലാസ് തൊട്ട് അമ്മ എന്നോട് സംസാരിക്കുന്നത് പോലും ടൈം നോക്കി ആയി… “ടൈം ഈസ് പ്രീഷസ് രാഹുൽ” എന്നായി ഇപ്പോഴത്തെ മുദ്രാവാക്യം. ഇങ്ങനെ ജീവിച്ച് ഡോക്ടർ ആയിട്ട്…! പറഞ്ഞിട്ട് എന്താ കാര്യം ഞാൻ ഡോക്ടർ ആയില്ലേൽ അമ്മയും അച്ഛനും ഹാർട്ട് അറ്റാക്ക് വന്ന് മരിക്കും. അത് ഓർത്താണ് ഞാൻ പഠിക്കുന്നത്.

പന്ത്രണ്ടാം ക്ലാസ് ആയപ്പോൾ അമ്മ ഫോൺ വിളിക്കുന്നത് കുറച്ചു. വിളിച്ചാലും “നിനക്ക് സുഖമാണോ? ഹെൽത്ത് നോക്കണേ . പനി വന്നാൽ പഠിക്കാൻ പറ്റില്ല. നീ പുറകിൽ ആകും” എന്നൊക്കെ ആയി . എനിക്ക് എന്തേലും പറയാൻ ഉണ്ടോ? എന്ന് രണ്ടാളും തിരക്കാറില്ല.

എൻട്രൻസ് എക്സാമിന്റെ തലേ ദിവസം ആണ് എന്നെ വീട്ടിലേക്ക് കൊണ്ടുവന്നത്. കാറിൽ ഇരുന്നും” രാഹുൽ റഫർ ഫിസിക്സ് ബുക്ക്” .” ബയോ നന്നായി റിവൈസ് ചെയ്തല്ലോ” എന്നീ വാചകങ്ങൾ മാത്രം. നിനക്ക് വിശക്കുന്നുണ്ടോ? എന്നു ചോദിക്കും എന്നു പ്രതീക്ഷിച്ചു. എവിടെ! വീട്ടിൽ വന്നപ്പോൾ അമ്മ സ്പെഷ്യൽ ഓട്സ് . കിടക്കാൻ നേരം ഒരു ഗ്ലാസ് പാലും ആയി അമ്മ വന്നപ്പോൾ തലയിൽ ഒന്നു തടവി. അച്ഛന്റെ മുടി തന്നെ എന്നു പറഞ്ഞപ്പോൾ ആണ് പിറ്റേന്ന് എക്സാം എഴുതാനുള്ള ഊർജം എനിക്ക് കിട്ടിയത്.

എക്സാം കഴിഞ്ഞ അന്നു തന്നെ കോച്ചിംഗ് സെന്റർ തന്ന കീ വച്ച് മാർക്ക് കൂട്ടി. കിട്ടില്ല എന്നു ഉറപ്പായി. അമ്മ ഉടനെ റിപ്പീറ്റേഴ്സ് ബാച്ചിൽ അഡ്മിഷൻ കാര്യങ്ങൾ തിരക്കാൻ തുടങ്ങി. അടുത്ത സൺഡേ വീണ്ടും പഴയ ഹോസ്റ്റലിൽ .ഭാഗ്യത്തിന് ഇത്തവണ റും മാറിയിട്ടുണ്ട്. വീണ്ടും വീക്കിലി ടെസ്റ്റ്, മന്തിലി ടെസ്റ്റ്, സ്കോർ, ക്ലാസ് റാങ്ക് … കാര്യങ്ങൾ പഴയപടി. വീണ്ടും ഒരു വർഷം 1.

ഓണത്തിന് വീട്ടിൽ വന്നപ്പോൾ എനിക്ക് എൻട്രൻസ് കിട്ടാത്ത വിഷമത്തേക്കാൾ അമ്മയുടെ ഹോസ്പിറ്റലിലെ നഴ്സിന്റെ മകൾക്ക് മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടിയതായിരുന്നു. അമ്മയെ കാണാൻ വരുന്ന മെഡിക്കൽ റപ്പിന്റെ മോനും ഗവൺമെന്റ് സീറ്റ് കിട്ടി. അതും സർക്കാർ സ്കൂളിൽ പഠിച്ച കുട്ടി. നിനക്ക് എന്തിന്റെ കുറവായിരുന്നു.? ഒന്നും കേട്ടമട്ട് കാണിച്ചില്ല. ഇത്തവണ എൻട്രൻസ് കിട്ടീലേൽ അമ്മ വല്ല കടുംകയ്യും കാണിക്കുമോ എന്നായി രാഹുലിന് . ഇതിനിടെ അമ്മ പല പ്രൈവറ്റ് കോളേജിലും വിളിച്ച് സീറ്റ് ചോദിക്കുന്നുങ്ങായിരുന്നു. പ്രൈവറ്റ് വേണ്ട അമ്മേ ഞാൻ പഠിക്കാം എന്നു പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് താമര വിരിയുന്നത് കണ്ടു.

ഇത്തവണ എക്സാം ഒരു വിധം നന്നായി എഴുതാൻ പറ്റി. ഒന്നു നന്നായി ഉറങ്ങാം എന്നു കരുതി, ഉറങ്ങി വന്നതും അമ്മ വിളിച്ചു.’ രാഹുൽ കീ വന്നിട്ടുണ്ട് നോക്ക്”.
നാളെ ആകട്ടെ ഞാൻ തിരിഞ്ഞു കിടന്നു. “പോരാ എണിക്ക്’ ഒടുവിൽ എണിറ്റ് കീ നോക്കി. കിട്ടാൻ സാധ്യത ഉണ്ട്. കിടന്ന് നന്നായി ഉറങ്ങി.പിറ്റേന്ന് രാവിലെ കാപ്പി കുടി കഴിഞ്ഞ് രാഹുൽ വെളിയിലേക്ക് ഇറങ്ങി. അടുത്ത് ആരാണ് താമസിക്കുന്നത് എന്നു പോലും തനിക്ക് അറിയില്ല. റോഡിൽ കുറച്ച് പിള്ളേർ കളിക്കുന്നു. പരിചയമുള്ള ഒരു മുഖം പോലും ഇല്ല. കുറച്ചുനേരം അവരുടെ കളി നോക്കി നിന്നപ്പോൾ അതിലൊരാൾ ചോദിച്ചു.

“നീ ഏതാ”

“ഡി 40 ലെ ആണ്.”

“അപ്പോൾ ഡോക്ടർക്ക് മക്കൾ ഉണ്ടോ?” ഒരു വൻ പറഞ്ഞു.” ഇത്രം നാൾ കണ്ടിട്ടില്ലല്ലോ? “

“ശരിയാ, ഞാനും എന്നെ കണ്ടിട്ടില്ല” രാഹുൽ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *