ശരിയാ അവൾക്കൊക്കേ അവിടെ എന്താ പണി, എങ്ങനെ പൈസ ഉണ്ടാക്കുന്നു എന്നൊക്കേ ആർക്ക് അറിയാം.രാമേട്ടൻ പറഞ്ഞത് ശരിവച്ച് കൊണ്ട് മൊയ്‌ദീനിക്കയും അങ്ങനെ പറയുമ്പോൾ കേട്ട ഭാവം നടിക്കാതെ സക്കീർ വീട്ടിലേക്ക് നടന്നു……..

മരുഭൂമിയിൽ പൂക്കാലം

എഴുത്ത്:-ശ്യാം കല്ലുകുഴിയിൽ

” ഇവന്റെയൊക്കെ ഒരു ഭാഗ്യം, ഗൾഫിൽ നിന്ന് ആവശ്യം പോലെ പൈസ കെട്ടിയോൾ അയച്ചു കൊടുക്കും, അവന് ഇവിടെ മോളെയും നോക്കി ഇരുന്നാൽ മതി..”

” ശരിയാ, അവൾക്കൊക്കേ അവിടെ എന്താ പണി, എങ്ങനെ പൈസ ഉണ്ടാക്കുന്നു എന്നൊക്കേ ആർക്ക് അറിയാം…”

രാമേട്ടൻ പറഞ്ഞത് ശരിവച്ച് കൊണ്ട് മൊയ്‌ദീനിക്കയും അങ്ങനെ പറയുമ്പോൾ കേട്ട ഭാവം നടിക്കാതെ സക്കീർ വീട്ടിലേക്ക് നടന്നു. വർഷങ്ങൾ ആയി സക്കീർ അത് കേൾക്കാൻ തുടങ്ങിയിട്ട്, ആദ്യമൊക്കെ അത് കേൾക്കുമ്പോൾ അവന് ദേഷ്യം വരുകയും പ്രതികരിക്കുകയും ചെയ്യുമായിരുന്നു, അത് കാണുമ്പോൾ കളിയാക്കുന്നവരുടെ വാശി കൂടുമെന്ന് അല്ലാതെ അവർ കളിയാക്കൽ നിർത്തിയില്ല…

പിന്നെ പിന്നെ സക്കീർ ഈ കളിയാക്കലുകൾ ഒന്നും മൈൻഡ് ചെയ്യാതെയായി. എല്ലാം ഒരു പുഞ്ചിരിയോടെ നേരിടാൻ പഠിച്ചു, അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ കാലം പഠിപ്പിച്ചു എന്നതാണ് ശരി…

സക്കീർ സാധനങ്ങൾ വാങ്ങി തിരികെ പോകുമ്പോൾ അങ്കണവാടിയിൽ നിന്ന് പാത്തു മോളെ കൂടി കൂട്ടി. വീട്ടിലേക്ക് നടക്കുന്ന വഴി പാത്തുമോൾ വായ് തോരാതെ വർത്താനം പറഞ്ഞു കൊണ്ടേയിരുന്നു,

” വാപ്പി….. വാപ്പി… “

എന്ന് വിളിച്ചു കൊണ്ട് ചെറിയ വായിൽ പാത്തു വല്യ വർത്താനം പറയുന്നതും ആസ്വദിച്ച് അവൾക്ക് മറുപടിയും, ഇടയ്ക്ക് സംശയവും ചോദിച്ചു കൊണ്ട് വാപ്പയും മോളും വീട്ടിലെക്ക് നടന്നു. പോകുന്ന വഴി കാണുന്നവരോട് ഒക്കെ പാത്തു സംസാരിച്ചു കൊണ്ടിരിക്കും..

വീട്ടിൽ എത്തിയയുടനെ സക്കീർ മോളെ കുളിപ്പിച്ച്, ഡ്രസ്സ്‌ ഒക്കെ മാറ്റി, അപ്പോഴേക്കും പാത്തു ടിവി ഓൺ ആക്കി അതിന്റെ മുന്നിൽ സ്ഥാനം ഉറപ്പിച്ചു. സക്കീർ കടയിൽ നിന്ന് വാങ്ങിയ പലഹാരപൊതി എടുത്ത് അതിൽ നിന്നൊരു പഴംപൊരി പാത്തുവിന് എടുത്തു കൊടുത്തു…

” മോള് ഇത് കഴിക്ക് വാപ്പി പോയി ചായ ഇട്ടു കൊണ്ട് വരാം… “

അത് പറഞ്ഞ് സക്കീർ ചായ ഇടാൻ അടുക്കളയിലേക്ക് പോയി.. ചായ ഇട്ട് അത് രണ്ട് ഗ്ലാസ്സിലേക്ക് മാറി മാറി ഒഴിച്ച് തണുപ്പിച്ചു കൊണ്ട് വരുമ്പോഴേക്കും ഫോൺ ബെല്ലടിച്ചു തുടങ്ങി.. ഫോൺ ബെൽ കേട്ടപ്പോഴേക്കും സക്കീറിന്റെ മുഖത്ത് ഒരു ചിരി വിടർന്നു…

” ഹായ് ഉമ്മി… വിളിക്കുന്നു… “

അത് പറഞ്ഞ് പാത്തു മേശപുറത്ത് ഇരുന്ന മൊബൈൽ ചാടി എടുത്തു. അവൾ ചെറിയ വിരൽ കൊണ്ട് മൊബൈൽ സ്ക്രീനിൽ ടച്ച്‌ ചെയ്തു കൊണ്ട് കാൾ എടുത്തപ്പോഴേക്കും മുംതാസിന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞു…

” ഹായ്…. പാത്തുകുട്ടി…. “

മുംതാസ് ചിരിച്ചു കൊണ്ട് മോളെ വിളിച്ചു….

” ഹായ്… ഉമ്മി… “

പിന്നെ അങ്ങോട്ട് പാത്തുവും അവളുടെ ഉമ്മയും കൂടി നിർത്തതെ സംസാരിച്ചു തുടങ്ങി. പാത്തു അന്ന് നടന്ന സംഭവങ്ങൾ എല്ലാം വിസ്തരിച്ച് ഉമ്മിയോട് പറയുന്ന തിരക്കിൽ ആണ്. ഇടയ്ക്ക് സക്കീർ മൊബൈൽ തെളിഞ്ഞു നിൽക്കുന്ന മുംതാസിന്റെ മുഖത്തേക്ക് നോക്കുമ്പോൾ പാത്തു മൊബൈലും കൊണ്ട് മാറി പോയി നിന്ന് സംസാരിച്ചു. അവൾ സംസാരിച്ച് കഴിഞ്ഞ ശേഷം സക്കീറിന്റെ കയ്യിൽ മൊബൈൽ കൊണ്ട് കൊടുത്തു..

” ഇക്ക ഞാൻ രാത്രി വിളിക്കാം ഡ്യൂട്ടിയിൽ ആണ്… “

സക്കീർ അവളുടെ മുഖത്ത് നോക്കി തലയാട്ടി കൊണ്ട് കാൾ കട്ട്‌ ചെയ്തു. എന്നും ഈ സമയത്ത് മുംതാസ് വിളിക്കും ഇനി അവൾ ഡ്യൂട്ടി കഴിഞ്ഞ് വന്ന് വിളിക്കുമ്പോൾ പാത്തു ഉറങ്ങിയിട്ടുണ്ടകും, അത് കൊണ്ട് പാത്തുവിനോട് സംസാരിക്കാൻ വേണ്ടിയാണ് ഇല്ലാത്ത സമയം ഉണ്ടാക്കി ഈ ടൈമിൽ വിളിക്കുന്നത്…

പതിവുപോലെ രാത്രി സക്കീർ നിർബന്ധിച്ച് പാത്തുവിന് ആഹാരം കൊടുത്തു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോഴേക്കും പാത്തു ഉറക്കം തൂങ്ങി തുടങ്ങി, അവളെ ഉറക്കി കട്ടിലിൽ കിടത്തി സക്കീർ അത്താഴം കഴിച്ച് കഴിഞ്ഞപ്പോഴേക്കും മുംതാസിന്റെ കാൾ വന്നു…

” ഇക്ക ഉറങ്ങിയോ… “

” നിന്റെ കാൾ വരും മുൻപേ ഉറങ്ങനോ, ആകെ ഒരു ആശ്വാസം ഈ കാൾ മാത്രം ആണ്…. “

അത് പറഞ്ഞ് കിച്ചണിലേക്ക് നടന്നു സക്കീർ..

” എന്താ ഇക്ക അവിടെ ഒരു തട്ടും മുട്ടും കേൾക്കുന്നത്… “

” അത് കുറച്ചു പാത്രം കഴുകാൻ ഉണ്ട്, നിന്നോട് സംസാരിച്ച് കൊണ്ട് ചെയ്യുമ്പോൾ അത് ചെയ്യുന്നത് അറിയില്ല… “

” ഇക്ക ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട് അല്ലെ… “

” അപ്പൊ നീയോ, നീ അല്ലെ നമുക്ക് വേണ്ടി ആ മരുഭൂമിയിൽ ഒറ്റയ്ക്ക് കിടന്ന് കഷ്ടപെടുന്നത്… “

” അല്ലിക്കാ ഇങ്ങള് പാത്രം കഴുകി വച്ചോ… “

മുംതാസ് പെട്ടെന്ന് വിഷയം മാറ്റി. അതും പറഞ്ഞു നിന്നാൽ രണ്ടാൾക്കും വിഷമം ആകുമെന്ന് അവൾക്ക് അറിയാം…

” പിന്നെ ഇക്ക ഒരു സന്തോഷവാർത്ത ഉണ്ട് മിക്കവാറും അടുത്ത് ആഴ്ചത്തേക്ക് ലീവ് ശരിയാകും… “

” ങേ, അടുത്ത ആഴ്ചയോ പെട്ടെന്ന് ആണല്ലോ… “

” നേരത്തെ പറഞ്ഞിരുന്നത, ഉറപ്പ് ഇല്ലായിരുന്നു, ഇക്കയോട് പറഞ്ഞിട്ട് ഇനിയിപ്പോ കിട്ടിയില്ലേ വിഷമം ആകില്ലേ അതാണ് പറയാത്തത്…. “

അത് കേട്ടപ്പോഴേക്കും സക്കീറിന് ഒരുപാട് സന്തോഷമായി, ഏതാണ്ട് രണ്ട് വർഷം ആയി മുംതാസ് പോയിട്ട്, അവളെ കാണാൻ കൊതി ഉണ്ടെങ്കിലും, അത് പറഞ്ഞ് മരുഭൂമിയിൽ കിടക്കുന്ന അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതി സക്കീർ ഒന്നും പറയാറില്ല…

അന്നും പതിവുപോലെ ഒരുപാട് വിശേഷങ്ങളും, സ്വപ്‌നങ്ങളും, ഭാവി കാര്യങ്ങളുമൊക്കെ സംസാരിച്ച് അവർ ഉറങ്ങി. പിന്നീടുള്ള ഒരാഴ്ച ഒരു വർഷം പോലെ ആയിരുന്നു സക്കീറിന്, മുംതാസ് വരുന്ന ദിവസം രാവിലെ തന്നെ അടുക്കളയിൽ കയറി അവൾക്ക് ഇഷ്ട്ടം ഉള്ള ഭക്ഷണങ്ങൾ തയ്യാറാക്കി. ഉച്ചയ്ക്ക് ഇറങ്ങുന്ന ഫ്ലൈറ്റിന് മുൻപേ തന്നെ അവർ എയർപോർട്ടിൽ എത്തി…

എയർപോർട്ടിൽ നിന്ന് പുറത്തേക്ക് വരുന്ന മുംതാസിനെ കണ്ടപ്പോൾ പാത്തു കൈ ഉയർത്തി നീട്ടി വിളിച്ചു. മുംതാസ് ഓടി വന്ന് പാത്തുവിനെ എടുത്ത് കവിളിൽ ചുംബനങ്ങൾ നൽകി, ഇടങ്കണ്ണിട്ട് സക്കീറിനെ നോക്കുമ്പോൾ മുംതാസിന് പതിവില്ലാതെ ഒരു നാണം വന്നു…

തിരികെ വീട്ടിൽ എത്തി, വൈകുന്നേരം തന്നെ കൊണ്ട് വന്നു പെട്ടി തുറന്ന് അയൽവക്കത്തെ വീടുകളിൽ കൊടുക്കാനായി കുറച്ചു സാധനങ്ങൾ എടുത്തു വച്ചു. അവർ മൂന്ന് പേരും കൂടി തന്നെ ചെറിയ ഓരോ പൊതികളുമായി അയൽവക്കത്തെ വീടുകളിൽ ചെന്ന് വിശേഷങ്ങൾ പങ്കു വച്ചു…

വർഷങ്ങൾക്ക് ശേഷം വീണ്ടും പാത്തു ഉമ്മിയുടെ കൈ കൊണ്ട് ആഹാരം കഴിച്ചു, കുറച്ചൊന്നുമല്ല അവളുടെ സന്തോഷം, അവൾക് നിറയെ കളിപ്പാട്ടങ്ങൾ കൊണ്ട് വന്നെങ്കിലും പാത്തുവിന് ഉമ്മി മാത്രം മതി. പാത്തു നേരത്തെ ആഹാരം കഴിച്ച് ഉമ്മിയുടെ ചൂടും പറ്റി കിടന്ന് ഉറങ്ങി… അത് കഴിഞ്ഞാണ് മുംതാസും സക്കീറും അത്താഴം കഴിച്ചത്, കഴിച്ച പാത്രവുമായി എഴുന്നേറ്റ സക്കീറിന്റെ കയ്യിൽ നിന്ന് മുംതാസ് പാത്രം പിടിച്ചു വാങ്ങി…

” അതെ ഞാൻ ഇവിടെ ഉള്ളപ്പോൾ ഇതൊക്കെ ഞാൻ ചെയ്തോളാം…. “

അത് പറഞ്ഞവൾ പാത്രവും കൊണ്ട് അടുക്കളയിലേക്ക് പോയി, ഒപ്പം സക്കീറും…

” അതെ ഇക്കാ ഞാൻ ഒരു കാര്യം ആലോചിക്കുക ആയിരുന്നു…”

പാത്രങ്ങൾ കഴുകുന്നതിനിടയിൽ മുംതാസ് പറഞ്ഞു…

” എന്താ…. “

” ഞാൻ അവിടെ ജോലി നിർത്തിയാലോ എന്നൊരു ആലോചന ഇല്ലാതില്ല… “

” അതെന്താ പെട്ടെന്ന് അങ്ങനെ ഒരു തോന്നൽ… “

” ഏയ്‌ അതൊന്നുമില്ല ഇക്ക ഒരുപാട് ക്ഷമിക്കുന്നുണ്ട് എനിക്ക് വേണ്ടി, ആൾക്കാരുടെ കുത്തി കുത്തി ഉള്ള സംസാരങ്ങൾ ഒക്കെ ഞാൻ അറിഞ്ഞു… “

” ആ അയൽവക്കത്ത് ചെന്നപ്പോൾ തന്നെ ന്യൂസ്‌ എല്ലാം നിനക്ക് കിട്ടി അല്ലേ… “

മുംതാസ് ഒന്നും മിണ്ടാതെ പാത്രം കഴുകി കൊണ്ടിരുന്നു.. സക്കീർ അവൾ ക്കരികിലേക്ക് ചേർന്ന് നിന്നു..

” അതെ പറയുന്നവർ പറയും, നിനക്ക് എന്നെയും എനിക്ക് നിന്നെയും നല്ലത് പോലെ അറിയാം പിന്നെ എന്തിന നമ്മൾ പേടിക്കുന്നത്..”

” എങ്കിലും ഓരോന്ന് കേൾക്കുമ്പോൾ… “

അത് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ ഒഴുകി തുടങ്ങി…

” അയ്യേ… ന്റെ ഉമ്മച്ചികുട്ടി കരയുകയാണോ… “

സക്കീർ അവളുടെ കണ്ണുനീർ തുടച്ചു കൊണ്ട് അവളെ ചേർത്ത് പിടിച്ചു…

” നിനക്ക് താല്പര്യം ഇല്ലെങ്കിൽ പോണ്ട,, പഴയത് പോലെ നമുക്ക് വല്ല ഓട്ടോ എടുത്തിടാം, നമുക്ക് സന്തോഷത്തോടെ ജീവിക്കാൻ അത് പോരെ… “

മുംതാസിന്റെ സങ്കടം മാറി അവളിൽ ഒരു പുഞ്ചിരി വിടർന്നു…

” അതെ ഇങ്ങനെ നിൽക്കാതെ വേഗം പാത്രങ്ങൾ കഴുകി വാ… “

അത് പറഞ്ഞ് സക്കീർ അവളുടെ കവിളിൽ ഒരു കടി കൊടുത്തു….

” ഒന്ന് പോയെ മനുഷ്യാ… “

അവൾ സക്കീറിനെ തട്ടി മാറ്റിക്കൊണ്ട് നാണത്താൽ ഒരു കള്ളചിരിയോടെ അവനെ നോക്കി..

Related Posts

Leave a Reply

Your email address will not be published. Required fields are marked *