ശശാങ്കൻ പാടുപെട്ട് പറയാൻ പോകുന്നതെന്താണെന്ന് ഞാൻ ഊഹിച്ചു. അവന്റെ അച്ഛന്റെ അഭിപ്രായത്തിൽ മരണ വണ്ടിയിൽ എവിടേക്കും പോകേണ്ടായെന്ന്! കുഴപ്പമില്ലടായെന്നും പറഞ്ഞ് ഞാൻ….

എഴുത്ത്:-ശ്രീജിത്ത് ഇരവിൽ

കേട്ടത് ശരിയാണ്. ഓട് മാറ്റാൻ കയറിയപ്പോൾ താഴേക്ക് വീണ ഗോപാലൻ മേലേക്ക് പോയത് എന്റെ കാറിൽ നിന്നുതന്നെയാണ്. കഴിഞ്ഞ പത്തുവർഷങ്ങൾക്കുള്ളിൽ ആറുപേരുടെ ജീവൻ ഇങ്ങനെ പോയി. പേറുവണ്ടിയെന്ന് വിളിച്ച് കളിയാക്കുന്നവർക്ക് എന്നെ ചൂണ്ടാൻ മരണ വണ്ടിയെന്ന മറ്റൊരു പേരുകൂടി കിട്ടി. അതൊരു പരിഹാസമായി മാത്രം നിന്നില്ല. നാട്ടുകാരുടെ മനോഭാവം തന്നെ പാടേ മാറിയിരിക്കുന്നു.

രാപ്പകൽ ഇല്ലാതെ ഓട്ടം പോയുണ്ടാക്കുന്ന പണം കൊണ്ടാണ് എന്റെ കുടുംബം അല്ലലില്ലാതെ ഇത്രേം കാലം കഴിഞ്ഞത്. ആ കൂട്ടിൽ അമ്മയും, ഭാര്യയും, സ്കൂളിൽ പഠിക്കുന്ന പ്രായത്തിൽ രണ്ട് പിള്ളേരുമുണ്ട്.

അന്ന് പഞ്ചായത്ത് വളവിൽ ബൈക്കുമായി വേഗതയിൽ വന്ന് മതിലിൽ ഉമ്മവെച്ച ഒരു ചെറുക്കനെ ഞാൻ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. മറ്റ് വാഹനങ്ങൾ ഉണ്ടായിട്ടും ആരും എടുക്കാൻ കൂട്ടാക്കിയില്ല. ആംബുലൻസ് വരുന്നത് വരെ കാത്തിരിക്കാമെന്ന്!

ഇത്തരം സന്ദർഭങ്ങളിൽ സീറ്റിൽ ചോ ര പറ്റുമെന്നൊന്നും ഞാൻ നോക്കാറില്ല. ജീവനാണ്. ആ ജീവനെ ചുറ്റിപറ്റി പിന്നേയും ജീവിതങ്ങളാണ്. ആ ചെറുക്കന്റെ ജീവൻ പോയില്ല. അവന്റെ അച്ഛന്റെ നന്ദി പറച്ചിലും വാങ്ങി അന്നുഞാൻ ആശുപത്രിയിൽ നിന്ന് നേരെ പോയത് ചിറയത്ത് വീട്ടിലേക്കായിരുന്നു. അവിടെത്തെ കുട്ടിയുടെ പിറന്നാൾ പ്രമാണിച്ചൊരു കുടുംബ യാത്ര. കഴിഞ്ഞയാഴ്ച്ച പറഞ്ഞ് ഉറപ്പിച്ചതാണ്. മുറ്റത്ത് കാറ് നിർത്തും മുമ്പേ ശശാങ്കൻ പുറത്തേക്ക് വന്നു.

‘വിജയേട്ടാ.. ചെറിയൊരു പ്രശനുണ്ട്.. ഗോപാലന്റെ കാര്യത്തിൽ… പൊതുവേ…’

ശശാങ്കൻ പാടുപെട്ട് പറയാൻ പോകുന്നതെന്താണെന്ന് ഞാൻ ഊഹിച്ചു. അവന്റെ അച്ഛന്റെ അഭിപ്രായത്തിൽ മരണ വണ്ടിയിൽ എവിടേക്കും പോകേണ്ടായെന്ന്! കുഴപ്പമില്ലടായെന്നും പറഞ്ഞ് ഞാൻ വീട്ടിലേക്ക് വളയം തിരിക്കുകയായിരുന്നു.

നാളുകൾക്കുള്ളിൽ ആരും വിളിക്കാതെയായി. ഇപ്പോൾ മാസം ഒന്നു കഴിഞ്ഞിരിക്കുന്നു. ജീവിതമേ മാറിപ്പോകുന്നുവെന്ന തോന്നൽ! വീട്ടിൽ നിന്ന് പുറത്തേക്കുപോലും വിരളമായിട്ടേ ഇറങ്ങാറുള്ളൂ. സാമ്പത്തിക നില തെറ്റുമ്പോൾ മനുഷ്യർ എത്രത്തോളം ഇളകുന്നുവെന്നത് രണ്ടാമതും എനിക്ക് മനസിലാകുന്നു. എല്ലാം ശരിയാകുമെന്ന് ഭാര്യയുടെ കൈകളിൽ മുറുക്കെ പിടിച്ച് ഞാൻ പറഞ്ഞു.

നാട്ടിലെ മിക്കവരും തങ്ങളുടെ ആവിശ്യത്തിനായി ബന്ധപ്പെടുന്നയൊരു ടാക്സി ഡ്രൈവറാണ് ഞാൻ. ഏറെ പ്രത്യേകതകളുള്ള വണ്ടിയാണ് വെള്ളനിറമുള്ള എന്റെ ടാറ്റയുടെ ഇൻഡിഗോ. ഗോമതിയേട്ടത്തിയുടെ മോളുടെ പ്രസവം വരെ അതിനകത്ത് നടന്നിട്ടുണ്ട്. അതിൽ പിന്നെ ചിലരൊക്കെ പേറുവണ്ടിയെന്ന് കളിയാക്കി വിളിക്കാറുണ്ടെങ്കിലും ഞാൻ കാര്യമായി എടുക്കാറില്ല. പക്ഷേ, മരണവണ്ടിയെന്ന് കേൾക്കുമ്പോൾ…!

വാഹനമില്ലാത്തതിന്റെ പേരിൽ ആരുടേയും അത്യാവശ്യങ്ങൾ നടക്കാതിരിക്കരു തെന്നേ ഞാൻ ചിന്തിക്കാറുള്ളൂ.. അതിന്റെ കാരണം തെങ്ങിൽ നിന്ന് വീണ അച്ഛനെ കൃത്യനേരത്ത് കൊണ്ടുപോകാൻ എനിക്കൊരു മാർഗ്ഗം ഇല്ലായിരുന്നു വെന്ന് തന്നെയാണ്. ആശുപത്രിയിലേക്ക് എത്തും മുമ്പേ അച്ഛൻ മരിച്ചു. അന്ന് എനിക്ക് പ്രായം പതിനെട്ട് തികഞ്ഞിട്ടുണ്ടായിരുന്നില്ല.

അമ്മയും ഞാനും ഏറെ അധ്വാനിച്ചാണ് പിന്നീട് കഴിഞ്ഞുപോയത്. പറ്റാവുന്ന പണികളൊക്കെ ചെയ്ത് പൊളിഞ്ഞു വീഴാറായ വീട് ഞാൻ പുതുക്കി. ആ മേൽക്കൂരയുടെ ബലത്തിലാണ് സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്തത്. അങ്ങനെയാണ് ഈ ഭൂമിയിൽ സന്തോഷപൂർണ്ണമായയൊരു കുടുംബം എനിക്കുണ്ടാകുന്നത്. അത് കൃത്യമായി പുലരാനാണ് പത്തുവർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു കാറ് വാങ്ങി ടാക്സിയാക്കുന്നത്. അതുകൊണ്ട് തന്നെ ആരുവിളിച്ചാലും ഏതുനേരത്താണെങ്കിലും വളയം പിടിക്കാൻ ഞാൻ പോകും. പക്ഷേ, ഗോപാലന്റെ മരണം കൂടി ആയപ്പോൾ എന്റെ വണ്ടിക്കകത്തേക്ക് കയറാൻ ആർക്കുമൊരു താല്പര്യവുമില്ല.

‘അച്ഛാ.. നിന്റെ ഫോൺ ഒച്ചയാക്കുന്നെന്ന് അമ്മ പറഞ്ഞു…’

മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ഇളയവളാണ്. പലചരക്ക് കടയിലെ പറ്റുതീർക്കാനുള്ള വിളിയായിരിക്കുമെന്ന് ഞാൻ ഊഹിച്ചു. ഇന്ന് കൊടുക്കാമെന്ന് പറഞ്ഞതായിരുന്നു. സന്ധ്യവരെ അതിനുവേണ്ടി ശ്രമിക്കുകയും ചെയ്തു. കടം ചോദിച്ചവരെല്ലാം കൈ മലർത്തിയപ്പോൾ കുഴഞ്ഞ തലയുമായി വന്ന് കയറിട്ട് അരമണിക്കൂർ പോലും തികഞ്ഞിട്ടില്ല..

അത് അവിടെ കിടന്ന് ഒച്ചയുണ്ടാക്കട്ടേയെന്ന് പറഞ്ഞപ്പോൾ മോള് പോയി. കുഞ്ഞുങ്ങളെ കാണുമ്പോഴാണ് വല്ലാത്തയൊരു നെടുവീർപ്പ്. സമ്മാന പൊതികളുമായി എന്റെ വരവും കാത്ത് നിൽക്കുന്ന പിള്ളേരുടെ മുഖത്തേക്ക് നോക്കാൻ പറ്റുന്നില്ല. അവർ ആവിശ്യപ്പെടുന്നില്ലെങ്കിൽ പോലും എനിക്ക് സഹിക്കാൻ കഴിയുന്നില്ല. വിശപ്പെന്ന ചിന്തയിലേക്ക് മാത്രം എന്റെ തല ചെരിഞ്ഞിരിക്കുന്നു. വരാന്തയിലെ കസേരയിൽ ഒന്നുകൂടി അമർന്നിരുന്ന് ഞാൻ മാനത്തേക്ക് നോക്കി. ഒരു മാർഗ്ഗവും തെളിയാത്തവർക്ക് കൂടി നോക്കാനാണല്ലോ മാനം!

‘ എടുക്ക് മനുഷ്യാ… വിളിച്ചോണ്ടിരിക്കുന്നത് കേക്കുന്നില്ലേ..!’

ശബ്‌ദിക്കുന്ന ഫോണുമായി ഭാര്യ വന്നു. കൈയ്യിലൊരു ചട്ടുകവും ഉണ്ടായിരുന്നു. ഇത് നമ്പർ മാത്രമേയുള്ളൂവെന്ന് പറഞ്ഞുകൊണ്ടാണ് ആ കോൾ ഞാൻ അറ്റന്റ് ചെയ്തത്.

‘വിജയനല്ലേ…? ഞാൻ സുദർശനന്റെ അച്ഛനാണ്. പഞ്ചായത്ത് ആഫീസിന്റെ വളവിൽ വെച്ച് ബൈക്കിൽ നിന്ന് വീണ…..’

എനിക്ക് ആളെ മനസ്സിലായി. കൃത്യ നേരത്ത് കൊണ്ടുവന്നത് കൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്ന് മെഡിക്കൽ കോളേജിലെ ഡോക്റ്റർ അന്ന് പറഞ്ഞിരുന്നു. എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞ ആ ചെറുക്കന്റെ അച്ഛനെ എനിക്ക് നല്ല ഓർമ്മയുണ്ട്.

‘മോന് കുഴപ്പമൊന്നുമില്ലല്ലോ…?’

തീരേ ഉത്സാഹമില്ലാതെ ഞാൻ ചോദിച്ചു. മെച്ചപ്പെട്ട അവസ്ഥയിലാണെന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെ സംസാരം തുടർന്നു. പാതിയും ഞാൻ കേൾക്കുന്നുണ്ടായിരുന്നില്ല. എന്റെ തല അപ്പോഴും തുടർന്നുള്ള അന്നം എങ്ങനെ തേടുമെന്ന ചിന്തയിലായിരുന്നു. പഴയതുപോലെ കൂലിപ്പണിക്ക് പോകാമെന്നൊക്കെ ഞാൻ ഓർത്തൂ…

‘നിങ്ങൾക്ക് സമ്മതമാണൊ…?’

സുദർശനന്റെ അച്ഛൻ ചോദിച്ചു. എന്തിനുള്ള സമ്മതമാണെന്ന് എനിക്ക് മനസ്സിലായില്ല. ശ്രദ്ധിക്കാത്തത് കൊണ്ട് തൊട്ടുമുമ്പ് പറഞ്ഞത് കേട്ടില്ലായെന്ന് പറയാൻ എന്തോയൊരു മടി. കൂടുതലൊന്നും ചോദിക്കാതെ സമ്മതമാണെന്ന് ഞാൻ പറഞ്ഞു. എങ്കിൽ പിന്നെ നാളെ തന്നെ വന്നോളൂവെന്ന് പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട്‌ ചെയ്തു. തുടർന്ന് വിലാസം മെസ്സേജായി ഫോണിലും എത്തി.

‘ആരാ വിളിച്ചത്..?’

ഭാര്യയാണ് ചോദിച്ചത്. സുദർശനന്റെ അച്ഛനായിരുന്നുവെന്ന് പറഞ്ഞപ്പോൾ ആരാണ് സുദർശനൻ എന്നായി സംശയം. ആ പഞ്ചായത്ത് വളവിലെ കഥ വിവരിക്കുമ്പോഴും എന്തിനാണ് നാളെ അയാൾ വരാൻ പറഞ്ഞതെന്നായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്.

‘എന്താ കാര്യം…?’

എനിക്ക് അറിയില്ലായെന്ന് ഭാര്യയോട് പറയാൻ തുടങ്ങുമ്പോഴാണ് ഫോൺ വീണ്ടും ശബ്ദിച്ചത്. സുദർശനന്റെ അച്ഛൻ തന്നെയായിരുന്നു. ആകാംഷയോടെ ഞാൻ കാതുകൾ തുറന്നു.

‘വിജയാ… കാര്യം എന്റെ ഡ്രൈവറാകാൻ സമ്മതിച്ചാലും താൻ ശമ്പളമൊന്നും പറഞ്ഞില്ലല്ലോ..!’

അതുകേട്ടപ്പോൾ എന്റെ സ്ഥലകാല ബോധം ചില നിമിഷങ്ങളിലേക്ക് മാത്രമായി നഷ്ടപ്പെട്ടുപോയി. ആ നിൽപ്പ് കണ്ട ഭാര്യ എന്തുപറ്റി മനുഷ്യായെന്ന് ഏറെ വെപ്രാളത്തോടെ ചോദിച്ചു. സാറിന്റെ ഇഷ്ട്ടം പോലേയെന്ന് പറഞ്ഞ് ഫോൺ വെക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

‘എന്താണെങ്കിലും പറയെന്നേ…!’

ഭാര്യ വീണ്ടും ചോദിച്ചു. വിങ്ങിയും ചിരിച്ചും ഉള്ളിലുള്ളതെല്ലാം അവളോട് ഞാൻ പറയാതെ പറയുകയായിരുന്നു. പേറുവണ്ടിയെന്ന് വിളിച്ച് പരിഹസിച്ചാലും മരണവണ്ടിയെന്ന് ദുഷിച്ച് ഒതുക്കിയാലും എന്റെ ടാക്സിയെന്നുമൊരു സ്നേഹവണ്ടിയാണ്. ആ സ്നേഹം ഈ ഭൂമിയിൽ എന്നെ നിലനിർത്തുക തന്നെ ചെയ്യും…!!!

Related Posts

Leave a Reply

Your email address will not be published. Required fields are marked *