ശ്രീഹരി ~~ ഭാഗം 32 ~ എഴുത്ത്:- അമ്മു സന്തോഷ്

“അപ്പൊ നിങ്ങൾ പിണങ്ങിയിരിക്കുകയാണ് ” മേരി അഞ്ജലിയുടെ മുഖത്തേക്ക് നോക്കി

അഞ്ജലി ഒന്ന് പതറി

“എന്നായിരുന്നു നിങ്ങളുടെ കല്യാണം?”

വീണ്ടും അവർ ചോദിച്ചു അഞ്ജലി ദയനീയമായി ജെന്നിയെ നോക്കി

“ഈ അമ്മയ്ക്ക് എന്താ? അത് അവരുടെ പേർസണൽ കാര്യങ്ങൾ അല്ലെ?”

“എന്ത് പേർസണൽ? കൊച്ചേ അവനെന്റെ മോനാ. ദേ പോയിട്ട് ഇത്രയും നാളായി. അച്ചായന്റെ ഫോണിൽ വിളിക്കുമ്പോൾ എന്നോട് വല്ലപ്പോഴും ഒന്ന് സംസാരിക്കും. മോൾ ഇവിടെയുണ്ടെന്ന് പറയരുത് എന്ന് അച്ചായൻ പറഞ്ഞത് എന്തിനാ എന്ന് ഇപ്പൊ എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷെ കുഞ്ഞേ അവനെത്ര വേദനിപ്പിച്ചാലും ഇത് പോലെ പരസ്യമായി ക്ഷമ പറഞ്ഞു കഴിഞ്ഞാൽ ക്ഷമിക്കണം. സാധാരണ ആണുങ്ങൾ ഇത്രയും താഴാറില്ല.”

അതെന്താ ആണിന് കൊമ്പുണ്ടോ? “

ജെന്നി പെട്ടെന്ന് ചോദിച്ചു

“നീ മിണ്ടാതിരിക്ക് “

അവർ വന്ന് അവളുടെ കൈ പിടിച്ചു

“മോൾ അവനോട് ക്ഷമിക്ക്. എന്ത് തെറ്റാ അവൻ ചെയ്തത്?”

അഞ്ജലി അവളുടെ കഴുത്തിൽ തടവി

“എന്റെ താലി പൊട്ടിച്ചു കളഞ്ഞു.” അവൾ ഇടറിയ ശബ്ദത്തിൽ പറഞ്ഞു

“ഞാൻ പറഞ്ഞതെന്തെന്ന് മനസിലാക്കാതെ എന്റെ താലി മാല വലിച്ചു പൊട്ടിച്ചിറങ്ങി പോയി.”

മേരി നടുങ്ങി പോയി

“ശ്രീ അണിയിച്ച് തന്ന മാലയാണ്. ശ്രീ തന്നെയാ അത് താലിമാലയാണെന്ന് ഉറപ്പിച്ചത്. എന്നിട്ട് ശ്രീ തന്നെ… ഞാൻ ശ്രീയോട് ക്ഷമിക്കില്ല അമ്മേ… കുറച്ചു നാളെത്തേക്കെങ്കിലും ഞാൻ അകന്ന് നിൽക്കും ഇങ്ങനെ… എനിക്കും ഒരു മനസ്സുണ്ട്. എല്ലാം വിട്ട് ഞാൻ ഓടി വന്നിട്ടുണ്ട്. പിണങ്ങുമ്പോ ഓരോ തവണയും കെഞ്ചി പിന്നാലെ ചെന്നിട്ടുണ്ട്. ഇത്തവണ ഇല്ല. അമ്മ പറ… അമ്മയാണെങ്കിൽ എന്ത് ചെയ്യും? നിങ്ങളുടെ ശ്രീഹരി അല്ല എന്റെ മുന്നില്.. വാശിയാണ്, പെട്ടെന്ന് ദേഷ്യം വരും. പിണങ്ങും.. എന്നെ എത്ര കരയിച്ചിട്ടുണ്ടെന്നോ. എന്നിട്ട് ഞാൻ പിണങ്ങിയോ. ഇപ്പോഴും ഞാൻ അച്ഛന്റെയൊപ്പം ബാംഗ്ലൂർ ആണോ? ഇവിടെയല്ലേ? പക്ഷെ ഇനിയും ഞാൻ കോംപ്രമൈസ് ചെയ്യില്ല. ഒന്നിനും “

മേരിക്കവളെ മനസ്സിലായി

ഹരിയുടെ സ്വഭാവം വളരെ മൃദുവായി മാത്രമേ അവർ കണ്ടിട്ടുള്ളു

ഓരോരുത്തരും ഓരോ മുഖമുള്ളവരാണ് അവർ ഓർത്തു

അഞ്ജലിയുടെ ഫോൺ ബെൽ അടിച്ചു

അച്ഛൻ വിളിക്കുന്നു

“അച്ഛാ…”

“മോൾ ഇന്റർവ്യൂ കണ്ടോ?”

“ഉം “

“എന്താ തീരുമാനം?”

“ശ്രീ നാട്ടിൽ വരട്ടെ “

“അവൻ മാപ്പ് പറഞ്ഞില്ലേ മോളെ… അവനോട് ക്ഷമിക്ക്. നമ്മുടെ ശ്രീഹരിയല്ലേ?”

“അച്ഛൻ മരുന്ന് കഴിച്ചോ?”

അവൾ വിഷയം മാറ്റുകയാണെന്ന് അയാൾക്ക് മനസിലായി

“ഞാൻ മരുന്ന് കഴിച്ചു. രാവിലെ അഞ്ചു കിലോമീറ്റർ നടന്നു. ഇപ്പൊ കൂടെയെപ്പോഴും സെബാസ്റ്റ്യൻ ഉണ്ട്. അങ്ങേർക്ക് പേടി. എന്നെ ആരെങ്കിലും ഇനി തട്ടിക്കളയുമോന്ന്. അങ്ങേര് കൊച്ചിയിൽ ഉള്ള ഭാര്യയെയും മക്കളെയും കളഞ്ഞു ഇവിടെ വന്ന് നിൽക്കുവാ. പറഞ്ഞാ കേൾക്കണ്ടേ?”

“സെബാസ്റ്റ്യൻ അങ്കിൾ പാവാ അച്ഛാ “

“അതെയതെ.. നല്ല പാവം. രാവിലെ എണീറ്റു എന്നെ അഞ്ചും പത്തും കിലോമീറ്റർ ഓടിക്കലാ അങ്ങേരുടെ പണി. പിന്നെ സ്ട്രിക്ട് diet എന്റെ പൊന്നേ ഞാൻ ചോറും മീനും കപ്പയുമൊക്കെ കണ്ട കാലം മറന്നു.”

അവൾ ചിരിച്ചു പോയി

“പിന്നെ ഒരു ഗുണം എന്താ ന്ന് വെച്ച ഓഫീസിലേ കാര്യവും വീട്ടിലെ കാര്യവും ഫുൾ നോക്കിക്കൊള്ളും.”

“അങ്കിൾ എത്ര വർഷായി നമുക്കൊപ്പമുള്ള ആളാണ്.സത്യത്തിൽ ബന്ധുക്കൾ ശത്രുക്കൾ എന്ന് പറയുന്നത് കറക്റ്റ് ആണ് “

“അതെയതെ… നീ ഹാപ്പി ആണല്ലോ അല്ലെ? നീ പറഞ്ഞ നഴ്സറി സ്കൂളിന് ഉള്ള ഫണ്ട്‌ ഞാൻ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. അതിനുള്ള സ്ഥലം നോക്കിയിരുന്നോ?”

“ശ്രീയുടെ കുറച്ചു സ്ഥലം ഉണ്ട്. പത്തു സെന്റ് മറ്റൊ ഉള്ളു അതിനോട് ചേർന്ന് ഒരേക്കർ ഭൂമി വെറുതെ കിടപ്പുണ്ട്. അത് തോമസ് ചേട്ടൻ ചോദിച്ചിരുന്നു. അവർ വില്ലിങ് ആണ്. എനിക്ക് നഴ്സറി സ്കൂൾ മാത്രം പോരാ അച്ഛാ ഇവിടെ. ഒരു ചെറിയ ഹോസ്പിറ്റൽ വേണം. ഇവരൊക്കെ കുറെ ദൂരം പോയിട്ടാ ആശുപത്രിയിൽ പോകുന്നത്. ഈ നാട്ടിൽ ഒരു ക്ലിനിക് പോലുമില്ല.”

“നോക്കിയിട്ട് മോള് പറഞ്ഞാൽ മതി ട്ടോ. നീ സന്തോഷം ആയിട്ടിരിക്ക് അത് മതി “

“ഞാൻ ഇപ്പൊ ഹാപ്പി ആണ് അച്ഛാ ഇവിടെ നല്ല രസാ “

അവളുടെ ശബ്ദത്തിൽ സന്തോഷം ഉണ്ടായിരുന്നു

അയാൾക്ക് അത് മതിയായിരുന്നു താനും

പകൽ അവൾ തോമസ് ചേട്ടനെ കൂട്ടി പോയി ആ സ്ഥലത്തിന്റെ ഉടമസ്ഥരോട് എന്നിതു എഴുതാമെന്ന് ചോദിച്ചു.ക്യാഷ് ഉണ്ടെങ്കിൽ ഇന്ന് എഴുതാമല്ലോ എന്ന് അയാൾ.

സ്ഥലത്തിന്റെ എല്ലാ ഡീറ്റെയിൽസും നോക്കാൻ അവളുടെ അഡ്വക്കേറ്റ് വന്നു

നിയമപരമായി ഒരു തടസ്സവുമില്ല.

അവർ അത് മുന്നോട്ട് കൊണ്ടു പോകാനുള്ള തീരുമാനമായി

ഗവണ്മെന്റിന്റ ഭാഗത്തു നിന്നുള്ള കാര്യങ്ങൾ ഒക്കെ അച്ഛൻ ഇടപെട്ടു ചെയ്തു തരും. അവളുടെ മനസ്സിപ്പോൾ ശാന്തമായിരുന്നു. എന്തൊക്കെയോ ആർക്കൊക്കെയോ വേണ്ടി ചെയ്യാനുണ്ട് എന്ന തോന്നൽ വന്നപ്പോൾ  അവൾ മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചില്ല

ജെന്നി എപ്പോഴും മൂകയായിരുന്നു

“ജെന്നിക്ക് നഴ്സിംഗ് ന്റെ  സർട്ടിഫിക്കറ്റ് ഒക്കെ കിട്ടിയില്ലേ?”

“ഉം “

“പിന്നെ എന്താ ജോലിക്ക് പോവാത്തത്?”

“കിട്ടണ്ടേ?”അവൾ വിഷമത്തോടെ ചിരിച്ചു

“ഞാൻ മേടിച്ചു തന്ന പോവോ?”

ജെന്നി വേണ്ട എന്ന് തലയാട്ടി

“ഒരിക്കൽ തമാശക്ക് ഞാൻ ഹരിയേട്ടനോട് ചോദിച്ചു ബാലചന്ദ്രൻ സാറിനോട് ഒന്ന് പറയുമോ എവിടെ എങ്കിലും ഒരു ജോലിയുടെ കാര്യം എന്ന്. കൊന്നില്ലന്നേയുള്ളു . ആൾക്ക് അതൊന്നും ഇഷ്ടമല്ല ചേച്ചി. ചേച്ചിയോട്  ഇങ്ങനെ ഒക്കെ ദേഷ്യപ്പെട്ടു എന്നൊക്കെ കേൾക്കുമ്പോൾ അതിശയം തോന്നും. ഞങ്ങളോട് ഇത് വരെ ഒരു മുഖം കറുപ്പിക്കൽ പോലും ഉണ്ടായിട്ടില്ല.. ചിലപ്പോൾ ചേച്ചിയേ ആവും കൂടുതൽ ഇഷ്ടം.. സ്വന്തം എന്ന് തോന്നുമ്പോൾ,അവകാശം കൂടുമ്പോൾ സ്വാതന്ത്ര്യം കൂടും.”

അഞ്ജലിക്കതുള്ളിൽ കൊണ്ടു

ഹരിയുടെ മെസ്സേജ് വാട്സ് ആപ്പിൽ കിടക്കുന്നത് അവൾ വൈകിയാണെങ്കിലും കണ്ടു

“എന്നോട് ക്ഷമിക്ക്.. എന്റെ അഞ്ജലിയല്ലേ?ഞാൻ കാല് പിടിക്കാം ഒരു തവണ കാൾ എടുക്ക്…”

ഇതായിരുന്നു മെസ്സേജ്

അവൾ മറുപടി കൊടുത്തില്ല.

ഹരിയത് കണ്ടുഎത്ര വാശി കാണിച്ചാലും അവഗണിച്ചാലും അവളോട് പിണങ്ങാൻ കഴിയുന്നില്ല

ഒരു തരി ദേഷ്യം തോന്നുന്നില്ലിപ്പോൾ

തന്റെ പെണ്ണാണവൾ

എല്ലാ അർത്ഥത്തിലും തന്നെ സ്നേഹിച്ചവൾ

താൻ പാടാൻ വേണ്ടിയാകും അവൾ അങ്ങനെ പറഞ്ഞത്

ആ ഒരു നിമിഷം അത് മനസിലായില്ല

ഒരു മാസം തിരിഞ്ഞു നോക്കിയില്ല

സാറിന്റെ കാര്യം ഒക്കെ അറിഞ്ഞുവെങ്കിലും സാറിനെയും വിളിച്ചില്ല

സകലരോടും ദേഷ്യം

തോമസ് ചേട്ടന്റെ ഫോൺ ശബ്ദിച്ചപ്പോൾ ജെന്നി എടുത്തു നോക്കി

ഹരിയാണ്

പപ്പാ ചേച്ചിയുമൊത്ത് പുറത്ത് പോയിരിക്കുന്നു ഫോൺ കൊണ്ട് പോയിട്ടുമില്ല

എടുക്കണോ എന്ന് അവൾ സംശയിച്ചു

രണ്ടാമത്തെ വിളി വന്നപ്പോൾ അവൾ എടുത്തു

“ജെന്നിയാ “

“പപ്പാ എവിടെ?”

“ചേച്ചിയുടെ കൂടെ പുറത്ത് പോയി ” പറഞ്ഞതും അവൾ നാക്ക് കടിച്ചു പോയി

“ചേച്ചിയൊ ജെസ്സി വന്നോ?”

അവൾ പെട്ടെന്ന് അതിൽ കയറി പിടിച്ചു

“ആ ജെസ്സി ചേച്ചി വന്നു “

“മോളോ? കൊടുക്ക് “

“മോളും പുറത്ത് പോയി “

അവൾ വിയർപ്പ് ഒപ്പി എന്റെ കർത്താവെ എന്തെല്ലാം കള്ളം പറയണം

“അവർ വരുമ്പോൾ വിളിക്കാൻ പറയണം “

“ശരി “

“നിനക്ക് സുഖമാണോ മോളെ?”

“ഉം “

“ദേഷ്യം തോന്നരുത് ട്ടോ ഹരിയേട്ടനോട് ” ജെന്നിയുടെ കണ്ണ് നിറഞ്ഞു

“അമ്മ എന്തിയെ?”

“അടുക്കളയിൽ ഉണ്ട് “

“കൊടുക്ക് “

അവൾ മേരിക് ഫോൺ കൊടുത്തു

“ജെസ്സി വന്നതെന്നാ മേരി കൊച്ചേ?”

“ജെസ്സിയോ? എപ്പോ വന്നു?”

ജെന്നി തലയിൽ കൈ വെച്ചു മിണ്ടരുത് എന്ന് ആംഗ്യം കാണിച്ചു

ഫോൺ കട്ട്‌ ചെയ്യ് എന്ന് കൈ ഉയർത്തി?മേരി എന്താ എന്താ എന്ന് ചോദിക്കുന്നത് ഹരി കേൾക്കുന്നുണ്ടായിരുന്നു

“സത്യം പറ…. എന്താ സംഭവം?”

പക്ഷെ അപ്പോഴേക്കും ജെന്നി അമ്മയുടെ കയ്യിൽ നിന്ന് ഫോൺ മേടിച്ചു കട്ട്‌ ചെയ്തു

തോമസ് ചേട്ടൻ വന്നപ്പോൾ അവളത് പറഞ്ഞു

“ഹരിയേട്ടന് ഞാൻ കള്ളം പറഞ്ഞെന്ന് മനസിലായി. ഇനിം വിളിക്കും “

“പപ്പാ . ഞാൻ വന്നിരുന്നു എന്ന് പറഞ്ഞോ. തിരിച്ചു പോയിന്നും. വെറുതെ കാണാൻ വന്നതാണെന്ന് പറഞ്ഞ മതി “

അയാൾ തലയാട്ടി

“മോളെ നീ ഇവിടെ ഉണ്ടെന്ന് പറഞ്ഞാൽ എന്താ? അതാണ്‌ എനിക്ക് മനസിലാകാത്തത്?”

“ഞാൻ ഉണ്ട് എന്നറിഞ്ഞ ആ ട്രിപ്പ്‌ ക്യാൻസൽ ചെയ്തു വരും… എനിക്ക് sure ആണ് അത്. അത് വേണ്ട പപ്പാ. എല്ലാം കഴിഞ്ഞു വരട്ടെ “

ഹരി വിളിക്കുക തന്നെ ചെയ്തു

“മോനെ അത് അഞ്ജലി വന്നിരുന്നു “

അവന്റെ നെഞ്ചു ശക്തിയിൽ മിടിച്ചു

“നിനക്ക് അതിഷ്ടമാവില്ലന്ന് കരുതിയാ ജെന്നി പറയാതെയിരുന്നത്.ഇപ്പൊ ഇവിടെ എല്ലാർക്കും എല്ലാം അറിയാം. ടീവിയിൽ ഇന്റർവ്യൂ ഒക്കെ എല്ലാരും കണ്ടല്ലോ “

അവനതൊന്നും കേട്ടില്ല അഞ്ജലി വന്നിരുന്നു

എന്തിന്?

“അഞ്ജലി എന്ത് പറഞ്ഞു?”

“എല്ലാം പറഞ്ഞു.ആ കുഞ്ഞത് എന്തിനാ പറഞ്ഞതെന്ന്… നീ പറഞ്ഞത്… എല്ലാം. അവളുടനെ നിന്നോട് ക്ഷമിക്കുമെന്ന് തോന്നുന്നില്ല മോനെ. അവളേറ്റവും വിലപിടിപ്പുള്ളത് എന്ന് കരുതിയ ഒന്നാണ് നീ വലിച്ചു പൊട്ടിച്ചിട്ട് ഇറങ്ങി പോന്നത്. അവളൊരു സാധാരണ പെണ്ണല്ല. അഞ്ജലി എന്ന പെണ്ണിന് ഹരി എന്നൊരുത്തൻ ഇല്ലെങ്കിലും ഒന്നുമില്ല. അവൾ ആത്മാഭിമാനം ഉള്ള പെണ്ണാ. ഇനി നിന്റെ പിന്നാലെ വരില്ലാന്നു പറയാൻ പറഞ്ഞു. കുറച്ചു കൂടി നല്ല ഒരു ജീവിതം നിനക്ക് കിട്ടുമെന്ന് പറഞ്ഞു. അവളെക്കാൾ നല്ല ഒരു പെണ്ണിനെ കിട്ടുമെന്നും “

തോമസ് ചേട്ടന് സത്യത്തിൽ നല്ല വിഷമം ഉണ്ടായിരുന്നഞ്ജലിയുടെ കാര്യത്തിൽ. അയാൾക്കും രണ്ടു പെണ്മക്കൾ ആണ്. അതിലൊരാളായിട്ട് ഇപ്പൊ അയാൾ അവളെയും കണ്ടു തുടങ്ങി.

ഹരിയാണ് തെറ്റ് ചെയ്തത് എന്ന് അയാൾക്കിപ്പോ അറിയാം

ഹരി നിശബ്ദനായിരിക്കുകയായിരുന്നു

ഹൃദയം പൊട്ടിപ്പോകുന്ന പോലെ

അവളെക്കാൾ നല്ല ഒരു പെണ്ണോ?

അവൻ നിറഞ്ഞ കണ്ണുകൾ തുടയ്ക്കാൻ മറന്നു

“ഹരി….”അയാൾ വിളിച്ചു

“മരിക്കാൻ വല്ല വഴിയുമുണ്ടോ തോമസ് ചേട്ടാ?”

അവൻ നെഞ്ചു പിടയുന്ന വേദനയോടെ ചോദിച്ചു

തുടരും….

മുന്‍ ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *