Story written by SAJI THAIPARAMBU
ബ്രേക്ക്അപ്പായതിന് ശേഷം ശ്രുതി ,വിവേകിനെ കാണുന്നത് തൻ്റെ കൂട്ടുകാരി, രൂപയുടെ വെഡ്ഡിങ്ങ് ഫങ്ങ്ഷനിൽ വച്ചാണ്.
ഒരിക്കൽ തൻ്റെ എല്ലാമായിരുന്ന വിവേക് ,ഇപ്പോൾ കൂട്ടുകാരിയുടെ ഭർത്താവാണെന്നറിഞ്ഞപ്പോൾ അവളുടെ നെഞ്ചിനകത്ത് എന്തോ ഒരു ഭാരം ഫീല് ചെയ്യുന്നുണ്ടായിരുന്നു.
അവൻ തന്നെ കാണാതിരിക്കാൻ അവൾ പരമാവധി ഒഴിഞ്ഞ് മാറിയെങ്കിലും, രൂപ മറ്റുള്ളവരെ പരിചയപ്പെടുത്തുന്ന കൂട്ടത്തിൽ ശ്രുതിയെയും അവന് പരിചയപ്പെടുത്തുകയായിരുന്നു.
തന്നെ കണ്ടിട്ടും അവൻ്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവുമുണ്ടാകാതിരുന്നത് ശ്രുതിയെ അശ്ചര്യപ്പെടുത്തി.
ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുമ്പോൾ അവൻ്റെ തൊട്ടടുത്ത് നിന്ന തൻ്റെ നെഞ്ചിടിപ്പ്, അവൻ കേൾക്കരുതേയെന്ന് അവൾ ആഗ്രഹിച്ചു. കാരണം, അവനുമായിട്ട് പിരിയേണ്ടി വന്നതിൽ തനിക്ക് നിരാശയുമുണ്ടെന്ന് അവനൊരിക്കലും തോന്നാൻ പാടില്ലന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു
അവൻ അങ്ങനെ സന്തോഷിക്കേണ്ട, തന്നെ പോലെ എത്രയോ പെൺകുട്ടികളെ അവൻ പ്രണയം നടിച്ച് വഞ്ചിച്ചിട്ടുണ്ടാവും, അവൻ്റെ യഥാർത്ഥ സ്വഭാവം വാട്സ് ആപ് വീഡിയോയിലൂടെ താൻ കണ്ടത് കൊണ്ട് തനിക്കൊന്നും നഷ്ടപ്പെട്ടില്ല, ഇല്ലായിരുന്നെങ്കിൽ അവൻ്റെ പഞ്ചാര വാക്ക് കേട്ട് മയങ്ങി താനും അവൻ്റെ ഇരയാവുകയും തൻ്റെ വീഡിയോയും വാട്സ് ആപിലൂടെ ലോകം കാണുകയും ചെയ്യുമായിരുന്നെന്ന് ശ്രുതി ആശ്വാസത്തോടെ ഓർത്തു.
വിവേകുമായി വേർപിരിയാൻ കാരണമായ, വൈറലായ ആ വീഡിയോ ശ്രുതി ഓർത്തെടുക്കുകയായിരുന്നു.
അവളുടെ ഒരു കസിനാണ് ശ്രുതിക്ക് അത് അയച്ച് കൊടുത്തത്.
എടീ… നിൻ്റെ വിവേകിനെയും വേറൊരു പെണ്ണിനെയും കൂടി ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിൽ നിന്നും, നാട്ടുകാർ കൈയ്യോടെ പിടിച്ചെടീ.. ഞാൻ നിൻ്റെ വാട്സപ്പിലേക്കയച്ച വീഡിയോ നീയൊന്ന് പ്ളേ ചെയ്ത് നോക്കിക്കേ
അമ്മാവൻ്റെ മോൾ ശരണ്യ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയ ശ്രുതി , വിറയ്ക്കുന്ന കൈകളിലിരുന്ന മൊബൈലിൽ വന്ന വീഡിയോ, നെഞ്ചിടിപ്പോടെ പ്ളേ ചെയ്ത് നോക്കി.
ശരിയാണ്, വിവേകിനെയും ഒരു പെൺകുട്ടിയെയും കുറച്ച് ചെറുപ്പക്കാർ ചേർന്ന് ചോദ്യം ചെയ്യുന്നു. വിവേക് ,നാട്ട്കാരോട് എന്തൊക്കെയോ എക്സ്ക്യുസുകൾ പറയുന്നുണ്ടെങ്കിലും, അവരത് ചെവിക്കൊള്ളാതെ, വിവേകിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുണ്ട്.
കൂടെയുള്ള പെൺകുട്ടി പർദ്ദയും, മുഖം മറച്ചുള്ള ഹിജാബും ധരിച്ചിരിക്കുന്നതിൽ നിന്നും, അതൊരു മുസ്ളീം പെൺകുട്ടിയാണെന്ന് മാത്രo മനസ്സിലായി.
ഒന്ന് രണ്ട് പേർ അവളുടെ മുഖത്തെ ആവരണം മാറ്റാൻ ശ്രമിച്ചെങ്കിലും, മുതിർന്ന ചിലർ അവരെ തടഞ്ഞിട്ട്, പോലീസിനെ വിളിക്കാൻ പറയുന്നത് കേൾക്കാം.
അത് കണ്ട് കഴിഞ്ഞപ്പോൾ, എല്ലാം നഷ്ടപ്പെട്ടവളെ പോലെ, ശ്രുതി തളർന്നിരുന്ന് പോയി.
വിവേക് തന്നെ ചതിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ ,ശ്രുതിക്ക് അവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു .
പക്ഷേ, അവൾ അശക്തമായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് അറിഞ്ഞതോടെ തളർന്ന് പോയ അവളുടെ മനസ്സിനൊപ്പം, ശരീരവും ദുർബ്ബലമായി പോയിരുന്നു.
അതോടെ അവനോട് അവൾക്ക് വെറുപ്പായി, അത് വൈരാഗ്യമായി വളർന്നപ്പോൾ, വാട്സാപ്പിലും ഫെയ്സ് ബുക്കിലുമൊക്കെ, ശ്രുതി അവനെ ബ്ളോക്ക് ചെയ്തു.
അവൻ വിളിക്കാതിരിക്കാൻ അവൻ്റെ നമ്പർ ,അവൾ ബ്ലാക്ക് ലിസ്റ്റിലാക്കി.
പിന്നീടവൾ സ്വയം ഒതുങ്ങിക്കൂടാൻ തീരുമാനിച്ചു, വീട്ടിൽ നിന്ന് മാസങ്ങളോളം പുറത്തിറങ്ങാതിരുന്നു .
ഒടുവിൽ, പത്താം ക്ളാസ്സിൽ ഒന്നിച്ച് പഠിച്ച രൂപയുടെ കല്യാണത്തിന് ,അവൾ നിർബന്ധിച്ച് വന്ന് ക്ഷണിച്ചത് കൊണ്ടാണ്, കുറെനാളുകൾക്ക് ശേഷം ആദ്യമായി പുറത്തിറങ്ങിയത്.
അത് പക്ഷേ, വിവേകുമായി ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കുമെന്ന് കരുതിയില്ല.
വിവേകിനെ കുറിച്ച് ശരിക്കും അന്വേഷിച്ചിട്ടായിരിക്കുമോ? രൂപയുടെ വീട്ടുകാർ ഈ വിവാഹം ഉറപ്പിച്ചത്.ചിലപ്പോൾ, വിവേകൊരു ഫ്റോഡാണെന്നറിയാതെ, രൂപ യെ അവന് വിവാഹം ചെയ്ത് കൊടുത്തതായിരിക്കും.
പക്ഷേ, തനിക്കറിയാവുന്നിടത്തോളം, വിവേകിനെ കുറിച്ചുള്ള ഡീറ്റയിൽസ്, രൂപയോട് പറയാതിരുന്നാൽ അതവളോട് കാണിക്കുന്ന വഞ്ചനയായിരിക്കില്ലേ?
ഇപ്പോൾ അവരുടെ വിവാഹമേ കഴിഞ്ഞിട്ടുള്ളു ,ഇന്ന് അവരുടെ ആദ്യ രാത്രിയാണ്, അതിന് ശേഷം പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയ ശ്രുതി, രൂപയോട് എല്ലാം തുറന്ന് പറയാൻ തീരുമാനിച്ചു.
വിവേക് കൂട്ടുകാരോടൊപ്പം മാറി നിന്ന് സംസാരിക്കുന്ന തക്കം നോക്കി, ശ്രുതി തനിച്ച് നിന്ന രൂപയുടെ അടുത്തെത്തി.
ങ്ഹാ ശ്രുതി.. നീ വല്ലതും കഴിച്ചോ?
രൂപ, സ്നേഹത്തോടെ അവളുടെ കരം ഗ്രഹിച്ചു.
ഇല്ല, ഞാൻ പിന്നെ കഴിച്ചോളാം, എനിക്ക് നിന്നോട് മാത്രമായി ചിലത് പറയാനുണ്ട്
അതിനെന്താടീ… നീ പറഞ്ഞോ
ഇവിടെ വച്ച് വേണ്ടാ, നമുക്ക് നിൻ്റെ മുറിയിലോട്ട് പോകാം
ഓഹ്, സംഗതി സീരിയസ്സാണോ എങ്കിൽ നീ വാ
രൂപ ,ശ്രുതിയോടൊപ്പം റൂമിൽ കയറി കതകടച്ചു.
എന്താടീ പറയ്?
ശ്രുതി, രൂപയോട്, വിവേകിനെയുo ഒരു പെൺകുട്ടിയെയും കൂടി, ബീച്ചിലെ കാറ്റാടി മരങ്ങൾക്കിടയിൽ വച്ച്, നാട്ട്കാർ പിടികൂടിയ കഥ പറഞ്ഞ് കേൾപ്പിച്ചു.
ഹ ഹ ഹ ,അതാണോ കാര്യം എടീ.. ആ പർദ്ദയിട്ട പെൺകുട്ടി ഞാൻ തന്നെയായിരുന്നു ,അന്നവിടെ നടന്ന കാര്യങ്ങൾ, ഞങ്ങൾ രണ്ട് പേരും കൂടി ക്രിയേറ്റ് ചെയ്തതായിരുന്നു ,എൻ്റെ വീട്ടുകാർക്ക് ഈ ബന്ധം ഇഷ്ടമല്ലായിരുന്നു, അവരെ കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാൻ വേണ്ടി, വിമലാണ് ഇങ്ങനെയൊരു ഇഷ്യു ഉണ്ടാക്കിയാൽ മതിയെന്ന് എന്നോട് പറഞ്ഞത്
ങ്ഹേ!വിമലോ ?അത് വിവേകല്ലേ?
വിവേക്, വിമലിൻ്റെ ഇരട്ട സഹോദരനാടീ ,പുള്ളിക്കാരൻ ആരെയോ കൂട്ടിക്കൊണ്ട് വരാൻ വേണ്ടി, വീട്ടിലേക്ക് പോയിരിക്കുവാ
ങ്ഹേ! സത്യമാണോ നീ പറയുന്നത്?
ശ്രുതി ,അവിശ്വസനീയതയോടെ ചോദിച്ചു.
അതേടീ… എന്താ നീയങ്ങനെ ചോദിച്ചത്
ഹേയ് ഒന്നുമില്ലെടീ ..
ഒരു കഥ കൂട്ടുകാരിയോട് പറഞ്ഞ് ചമ്മി നില്ക്കുന്ന ശ്രുതിക്ക്,വിവേകുമായി ബ്രേക്ക് അപ് ആയതിൻ്റെ കാരണം കൂടി പറയാൻ തോന്നിയില്ല
അവൾ വേഗം രൂപയുമായി മുറിക്ക് പുറത്തിറങ്ങി.
വിവേക് ഒന്ന് വേഗം വന്നിരുന്നെങ്കിൽ, എന്ന് ശ്രുതി,മനസ്സുരുകി പ്രാർത്ഥിച്ചു.
കുറച്ച് കഴിഞ്ഞപ്പോൾ, ഗേറ്റ് കടന്ന് ഒരു മാരുതി കാർ അകത്തേയ്ക്ക് വന്നു.
അതിൻ്റെ ഡ്രൈവർ സീറ്റിൽ നിന്നിറങ്ങിയ വിവേകിനെ കണ്ട് ,ശ്രുതിയുടെ ഉളളം തുടിച്ചു, അവൻ്റെയടുത്തേക്ക് ഓടി ചെല്ലാൻ അവളുടെ മനസ്സ് വെമ്പി.
പെട്ടെന്നാണ്, അവളെ ഞെട്ടിച്ച് കൊണ്ട് ഇടത് വശത്തെ ഡോറ് തുറന്ന് സർവ്വാഭരണവിഭൂഷിതയായ ഒരു പുതുപ്പെണ്ണ്, വിവേകിൻ്റെയടുത്ത് വന്ന് അവൻ്റെ കരം ഗ്രഹിച്ചത്.
ദേ അതാണ് വിവേക് ,ഇരട്ടകളായത് കൊണ്ട് രണ്ട് പേരുടെയും കല്യാണം ഒരേ ദിവസം തന്നെയായിരുന്നു….
പുറകിൽ വന്ന് രൂപ പറഞ്ഞത്, ശ്രുതി അർദ്ധബോധാവസ്ഥയിൽ കേൾക്കുന്നുണ്ടായിരുന്നു.