ഷട്ടർ ഇട്ട വണ്ടിക്കുള്ളിൽ ഞാനും അവളും മാത്രം. ദൈവമേ ഈ മഴ വേഗമൊന്നും നിക്കല്ലേ ഞാൻ മനസ്സിൽ പറഞ്ഞു…

കരളിൽ കയറിയ കണ്ടക്ടർ

എഴുത്ത്: അച്ചു വിപിൻ

എന്താമ്മേ ഇത്…. ഞാൻ പോയിട്ട് രണ്ടാഴ്ച കഴിഞ്ഞിങ്ങു വരില്ലേ…ആ കണ്ണങ്ങട് തുടക്കണ്ടോ മട്ടും ഭാവോo ഒക്കെ കണ്ട ഞാൻ ഏതോ ഉഗാണ്ടക്കു പോണ പോലെയാ…

ഞാൻ പോയിട്ട് വരാട്ടോ..

അമ്മയോട് യാത്ര പറഞ്ഞു ഞാൻ ഇറങ്ങി…

ഇതിപ്പ ഇന്നും ഇന്നലേം തുടങ്ങിയ യാത്ര പറച്ചിൽ അല്ല വർഷം മൂന്നായി…എനിക്ക് KSRTC യിൽ ആണ് ജോലി…സെർവിസിൽ ഇരിക്കെ മരണപെട്ട അച്ഛന്റെ ഡ്രൈവർ ജോലി എനിക്കു കിട്ടി..അമ്മക്ക് എന്നെ ഡ്രൈവർ ആക്കാൻ ഒരു താല്പര്യവും ഇല്ലാരുന്നു..പിന്നെ എന്റെ ഇഷ്ടത്തിന് എതിരൊന്നും നിന്നില്ല അത്ര മാത്രം…

ബസ്റ്റാന്റിൽ ചെന്ന് ഡ്രെസ്സും മാറി എന്റെ ജീവനായ സ്ഥിരം വണ്ടിയിൽ തന്നെ കയറി ഇരുന്നു..ആ ഗിയർ മാറ്റി,ആക്‌സിലറേറ്റർ കൊടുത്തു വണ്ടി അങ്ങടു സ്റ്റാർട്ട് ചെയ്തു ആ ഹോണും അടിക്കുമ്പോ കിട്ടുന്ന ഒരു സുഖോണ്ടല്ലോ അത്‌ രണ്ടു പൊറോട്ടയും ബീഫും കഴിച്ച കിട്ടൂല പൊന്നോ…

6.30നു അടിമാലിക്കാണ് ഫസ്റ്റ് ട്രിപ്പ്..സ്ഥിരം ആളുകൾ വന്നു തുടങ്ങുന്നതേയുള്ളൂ..കണ്ടക്ടറെ ആണേ കാണാനും ഇല്ല..അല്ലേലും അയാൾ ഇത് സ്ഥിരം പരിപാടിയാണ്….വണ്ടി പുറപ്പെടുന്നതിനു തൊട്ടുമുൻപേ എവിടേലും തല കാണുന്നതാ ഇന്നതും കണ്ടില്ല…

അങ്ങനെ ഓരോന്നോർത്തു ഇരിന്നപ്പഴാ പുറകിൽ നിന്നും ഒരു കിളിനാദം…

ചേട്ടാ വണ്ടി പുറപ്പെടാറായില്ലേ?

ഞാൻ തിരിഞ്ഞു നോക്കി… ഒരു നിമിഷം ഞാൻ നോക്കി ഇരുന്നു പോയി..കാക്കിയുടുപ്പും കയ്യിൽ ടിക്കറ്റുമായി ഒരു വനിതാ കണ്ടക്ടർ…

ഹോ ആ ജോണേട്ടന്റെ മുറുക്കാൻ കറ പിടിച്ച പല്ലു കാട്ടിയുള്ള ചിരി കണ്ട മിക്ക ദിവസോം ട്രിപ്പ് തുടങ്ങുന്നത്..അയാളുടെ മുഖോം കണ്ടു പോണ ദിവസം വണ്ടി കൊക്കയിൽ ചാടാത്തതു അമ്മേടെ പ്രാർത്ഥന കൊണ്ടാ..ഇതിപ്പോ എന്ത് നല്ല കണി ഇന്നത്തെ ട്രിപ്പ് ഞാൻ പൊരിക്കും ഹൊയ്യ ഹോയ്….

ചേട്ടൻ എന്താ ആലോചിക്കുന്നത് 6.30ആയി വണ്ടി എടുക്കണില്ലേ…അവൾ കയ്യിൽ ഇരുന്ന വിസിൽ ഊതി…..നേരത്തെ ജോണേട്ടൻ വിസിൽ ഊതുന്നത് ഒരു നിമിഷം ഓർമ വന്നു..അയാളുടെ ഊതൽ കേട്ട് പലപ്പഴും കർണപടം പൊട്ടിപോയോ എന്ന് പോലും തോന്നിയിട്ടുണ്ട്..ഇതിപ്പോ ഓടക്കുഴൽ ഊതണ പോലെ കാതിനെന്തൊരു സുഖം…

പുതിയ കണ്ടക്ടർ ആണോ?വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് ഞാൻ ചോദിച്ചു..

അതെ ചേട്ടാ ഞാൻ ഇവിടെ ആദ്യയിട്ടാ…നേരത്തെ തൃപ്പൂണിത്തുറ കാക്കനാട് റൂട്ടിൽ ആരുന്നുന്നു..ഈ റൂട്ടിൽ വനിതാ കണ്ടക്ടർ ഇല്ലാത്ത കൊണ്ട് എന്നെ ഇങ്ങട് വിട്ടതാ..എന്റെ വീട് നേര്യമംഗലത്താ എനിക്കും ഇപ്പൊ ഇതാ സൗകര്യം…

എനിക്കും..ഞാൻ മനസ്സിൽ പറഞ്ഞു…

എന്റെ പേര് ജാനകി… ചേട്ടന്റെ പേരെന്താ..

എന്റെ പേര് ഉണ്ണി..വീടങ്ങു ആലപ്പുഴയിലാ..വീട്ടിൽ ഞാനും അമ്മേം മാത്രേ ഉള്ളു..കല്യാണം കഴിച്ചിട്ടില്ല…അത് ഞാനൊന്നു ഇട്ടു നോക്കിയതാ….അവൾ ചിരിക്കുന്നത് കണ്ണാടിയിലൂടെ ഞാൻ കണ്ടു…

ട്രിപ്പ് കഴിഞ്ഞു റൂമിൽ വന്നു ഒരൊറ്റ കിടപ്പായിരുന്നു..മനസ്സ് മുഴുവൻ അവളുടെ ചിരിച്ച മുഖമായിരുന്നു…എന്തായാലും അവളെ എനിക്കങ്ങട് ബോധിച്ചു..ഇത്രേം നാളും എവിടായിരുന്നു പെണ്ണെ നീ…നിന്റെയി ചേട്ടൻ എത്ര വീട്ടിൽ പോയി വെറുതെ പെണ്ണ് കണ്ടു സമയം കളഞ്ഞു…കണ്ടതൊക്കെ വേസ്റ്റ് ഒറ്റ ഒരെണ്ണം വർക്കത്തുള്ളത് ഇല്ലായിരുന്നു..

എന്തായാലും ഇവൾ അവരെ പോലെയല്ല ഹോ ആ ചന്ദനക്കുറിയും സംസാരോം ഒക്കെ കേട്ടാ തന്നെ അറിയാം നല്ല അസ്സൽ ഒരു നായര് കുട്ടിയാണെന്നു..എന്റെ അമ്മക്ക് ഇവളെ ഇഷ്ടാവും തീർച്ച..കല്യാണം കഴിഞ്ഞും എന്റെ പെണ്ണിനെ ജോലിക്കു വിടണം … എപ്പഴും അവളെ കാണാലോ… ആർക്കു കിട്ടും ഈ ഭാഗ്യം..ഹോ ഞാൻ സ്വപ്‌നങ്ങൾ നെയ്തു കൂട്ടി…

ഓരോ ദിവസം കഴിയുന്തോറും അവളോടുള്ള അടുപ്പം കൂടി വന്നു….

അന്നും പതിവുപോലെ ലാസ്‌റ്റു ട്രിപ്പ് കഴിഞ്ഞു പോകുവായിരുന്നു പോരാത്തതിന് നല്ല മഴയും…കുറച്ചു ദൂരം ചെന്നപ്പോ മഴയ്ക്ക് ശക്തികൂടി ഒന്നും കാണാൻ വയ്യ..ഞാൻ വണ്ടി സൈഡിൽ ഒതുക്കി നിർത്തി…

ഷട്ടർ ഇട്ട വണ്ടിക്കുള്ളിൽ ഞാനും അവളും മാത്രം…ദൈവമേ ഈ മഴ വേഗമൊന്നും നിക്കല്ലേ ഞാൻ മനസ്സിൽ പറഞ്ഞു..

ഞാൻ ഒരു ചിരിയും പാസാക്കി അവളുടെ നേരെ ഉള്ള സീറ്റിൽ പോയി ഇരുന്നു…

ഇന്നെന്റെ മനസ്സിൽ ഉള്ളത് പറയണം…അല്ലെ ഇവളെ വേറെ ആണ്‌പിള്ളേര് കൊണ്ടുപോയാലോ?

ഞാൻ പറയാൻ തുടങ്ങിയതും അതിനെ കീറി മുറിച്ചു കൊണ്ടവൾ എന്നോട് ചോദിച്ചു..

ചേട്ടന് എന്നെ ഇഷ്ടാണോ?

ഏ….ഞാൻ ഞെട്ടി പോയി… ഇവൾ ഇതെങ്ങനെ അറിഞ്ഞു….

അത് അത് പിന്നെ…ഞാൻ…ഹോ പണ്ടാരം പറയാൻ വാക്കുകളും കിട്ടാനില്ലല്ലോ നാശം…

ചേട്ടൻ കണ്ണാടിയിൽ കൂടി എന്നെ നോക്കണത് ഞാൻ കാണാറുണ്ട്..എന്നെ ചേട്ടന് ഇഷ്ടാണെന്നു എനിക്ക് തോന്നി..

എനിക്കും തിരിച്ചു ഇഷ്ടക്കേട് ഒന്നുമില്ലട്ടോ..എന്റെ വീട്ടിൽ മൂന്നു പെങ്കുട്യോൾ ആണ് ചേട്ടാ …പിന്നെ ഞാൻ അത്ര കാശൊന്നും ഉള്ള വീട്ടിലെ അല്ല ആകെ അഭിമാനം മാത്രേ കയ്യിൽ ഉള്ളു…എന്റെ ഈ ശമ്പളത്തിലാ നാലു വയർ കഴിഞ്ഞു കൂടുന്നത്..

ഒത്തിരി ഇഷ്ടമാ കെട്ടിക്കോളാം എന്നൊക്കെ പറഞ്ഞു എന്നെ ആശിപ്പിച്ചു പറ്റിക്കരുത്…

അവൾ പറഞ്ഞു നിർത്തിയതുo ഒന്ന് ശ്വാസം നീട്ടി വലിച്ചു വിട്ടു ഞാൻ തുടങ്ങി…

കാശ് കണ്ടല്ല പെണ്ണെ ഞാൻ നിന്നെ ഇഷ്ടപെട്ടത്..നിന്റെ സ്വഭാവം കണ്ടിട്ടാ പിന്നെ പ്രേമിച്ചു പുറകെ നടന്നു കാര്യം കഴിഞ്ഞു ഗ ർഭവും ഉണ്ടാക്കി കടന്നു കളയുമെന്നൊന്നും കരുതണ്ട..അവളുടെ രണ്ടു കയ്യും കൂട്ടിപ്പിടിച്ചു ഞാൻ പറഞ്ഞു…എനിക്ക് നിന്നെ കല്യാണം കഴിച്ച കൊള്ളാം എന്നുണ്ട് നിനക്ക് സമ്മതo ആണേൽ ഇനി നിന്റെ അനിയത്തിമാർക്ക് ഒരു ഏട്ടൻ കൂടി ഉണ്ടെന്നു കരുതിക്കോളൂ…അവളുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊഴിഞ്ഞു…

ചേട്ടന്റെ അമ്മക്ക് എതിർപ്പ് ഉണ്ടാവോ?

എതിർപ്പോ?എന്തിനു?അല്ലേലും എതിർപ്പുണ്ടാവാൻ മാത്രം ഇവിടെ എന്തുണ്ടായി…എന്റെ ഇഷ്ടാ എന്റെ അമ്മേടെ ഇഷ്ടം…

ഞങ്ങള് ചോമ്മാരാ ചേട്ടാ…ചേട്ടൻ നായരല്ലേ ?മാത്രല്ല ജാതി ഒരു പ്രശ്നാവില്ലേ? അതോണ്ട് ചോദിച്ചതാ..അവൾ കണ്ണുകൾ തുടച്ചു…

ചോമ്മാരോ!!എന്റെ പറശ്ശിനിക്കടവ് മുത്തപ്പാ…ഞാൻ മനസ്സിൽ പറഞ്ഞു പോയി…ഇവള് ചോത്തി പെണ്ണ് ആകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല… പണ്ടു കൂട്ടുകാരന്റെ കല്യാണം ഒരു ചോത്തിയുമായി നടത്തി കൊടുത്തു എന്ന് പറഞ്ഞു രണ്ടു ദിവസം അമ്മ എന്നോട് മിണ്ടിയില്ല മാത്രല്ല വീട്ടിൽ നിന്നും തിന്നാൻ ഒന്നും തന്നുമില്ല …നായരേ അല്ലാതെ വേറെ ആരേലും കെട്ടിയ ‘അമ്മ കുടുമ്മത്തു കേറ്റുല്ലന്നു ഒരിക്കൽ പറഞ്ഞിട്ടുമുണ്ട് …ആ കാര്യത്തിൽ ഒരു തീരുമാനായി…ഇഷ്ടാണെന്നു ഒരാവേശത്തിനു പറഞ്ഞും പോയി പുല്ലു!…

ചേട്ടാ മഴ തോർന്നു വണ്ടി എടുക്കു…ഇപ്പത്തന്നെ നമ്മൾ 11 മിനിറ്റു ലേറ്റ് ആണ്…

ഞാൻ ഒന്നും മിണ്ടാതെ സ്വപ്നത്തിൽ എന്ന പോലെ അവിടെ നിന്നും എണീറ്റു ഡ്രൈവിംഗ് സീറ്റിൽ പോയി ഇരുന്നു..പുറത്തു നിന്ന മഴ പേമാരിയായി വെള്ളിടി വെട്ടി എന്റെ മനസ്സിൽ പെയ്ത്തു തുടങ്ങി..എന്റെ മനസ്സിലെ പേമാരി പെട്ടെന്നൊന്നും തീരണ മട്ടില്ല….

ഇനി എന്താ ചെയ്യാ…ഒരു വശത്തമ്മ മറുവശത്തവൾ…ആരേം വേദനിപ്പിക്കാൻ വയ്യ…

വരുന്നിടത്തു വെച്ച് കാണാം… വീട്ടിൽ പോയി അമ്മയോട് കാര്യങ്ങൾ പറയാൻ തന്നെ തീരുമാനിച്ചു

അവളോട് യാത്ര പറഞ്ഞു വെള്ളിയാഴ്ച വൈകുന്നേരം ഞാൻ വീട്ടിലേക്കു പോയി..

വീട്ടിൽ ചെന്നപ്പോ അമ്മക്ക് തീരെ വയ്യ…ഒരു നെഞ്ചുവേദന കൂടാതെ ബിപി ഒക്കെ കുറവാണു താനും …അമ്മയെ ഡോക്ടറുടെ അടുത്തു കൊണ്ട് പോയി ചെക്കപ്പു ഒക്കെ ചെയ്തു..അമ്മയെ വേദനിപ്പിക്കുന്ന കാര്യങ്ങൾ ഒന്നും പറയരുത് എന്ന് ഡോക്ടർ പ്രത്യേകം ഓർമിപ്പിച്ചു…തൃപ്തിയായി പ്രേമം പറയാൻ പറ്റിയ ടൈം……

ഞാൻ ഒന്നും മിണ്ടാൻ ആകാതെ ലേബർ റൂമിൽ കിടക്കുന്ന ഭാര്യയെ ഓർത്തു ടെൻഷൻ അടിച്ചു നടക്കണ ഭർത്താവിനെ പോലെ വട്ടു പിടിച്ചു വീടിന്റെ മുറ്റത്തൂടെ അങ്ങടും ഇങ്ങടും നടന്നു…അവളെ ഒന്ന് വിളിക്കണം എന്നുണ്ട് …വിളിച്ചാൽ അവളോട് എന്ത് പറയും …ഒരെത്തുo പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ…

മോനെ…

അമ്മയുടെ വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി…..

അമ്മ എന്റെ അടുത്തേക്ക് വന്നു പറഞ്ഞു..

നാളെ നമുക്ക് ഒരു കുട്ടിയെ കാണാൻ പോണം…കുട്ടിയെ എനിക്കിഷ്ടപ്പെട്ടു. നിനക്കും ഇഷ്ടാവും..

അമ്മെ അത്….എനിക്ക് …..

മറുത്തൊന്നും നീ ഇപ്പൊ പറയരുത്.. അമ്മക്ക് വയ്യാതായി ഇനിം കാത്തിരിക്കാൻ വയ്യട..ഇനി അങ്ങനെ ആയാച്ചാ നിന്റെ കല്യാണം കാണാൻ ഈ അമ്മ ഇല്യാണ്ടായാലോ…അമ്മ പോയാലും നീ ഒറ്റക്കാവരുത് ….

അമ്മേ…ഞാൻ അറിയാതെ വിളിച്ചു പോയി…വേറെ ഒന്നും എന്റെ തൊണ്ടയിൽ നിന്നും പുറത്തേക്കു വന്നില്ല….എനിക്ക് വേണ്ടി ഒരുപാടമ്മ കഷ്ടപ്പെട്ടിട്ടുണ്ട്..എങ്ങനെയാ ആ മനസ്സ് വേദനിപ്പിക്കുന്നത്…

രാവിലെ അമ്മയോടൊപ്പം പെണ്ണു കാണാൻ ഞാനിറങ്ങി…അപ്പൊ അങ്ങനെ തോന്നി… അമ്മയെ വിഷമിപ്പിക്കരുതല്ലോ..പോയി ഒന്ന് കണ്ടിട്ട് എന്തേലും കാരണം പറഞ്ഞൊഴിവാകാം എന്ന് ഞാൻ കരുതിയിരുന്നു…..അതി രാവിലെ തന്നെ പുറപ്പെട്ടതിനാൽ കാറിൽ ഇരുന്നു ഞാൻ ഉറങ്ങിപ്പോയി…

കുറച്ചധികം യാത്ര ചെയ്ത് ഞാനും അമ്മയും കൂടി പെണ്ണിന്റെ വീട്ടിൽ എത്തി..ഓടിട്ട ഒരു കൊച്ചു വീടാണ്…ഒറ്റ നോട്ടത്തിൽ തന്നെ വല്യ സാമ്പത്തിക ശേഷിയില്ല എന്ന് മനസ്സിലാകും…പ്രായം ചെന്ന ഒരു സ്ത്രീ പുറത്തു വന്നു ഞങ്ങളെ വീട്ടിലേക്കു ക്ഷണിച്ചു ..

പൊട്ടിപ്പൊളിഞ്ഞ ആ വീടിന്റെ വരാന്തയിലെ തിണ്ണയുടെ ഒരു മൂലയിൽ ചെന്ന് ഞാനിരുന്നു….

എന്തൊക്കെയോ അമ്മ അവരോടു സംസാരിക്കുന്നുണ്ടായിരുന്നു …

പെണ്ണിനെ വിളിച്ചോളൂട്ടോ അമ്മ പറഞ്ഞു…

ഞാൻ നിർവികാരനായി താഴേക്ക് നോക്കിയിരുന്നു..അല്പം കഴിഞ്ഞു രണ്ടു വളയിട്ട കൈകൾ എന്റെ നേരെ ചായ കപ്പ് നീട്ടി…മനസ്സില്ല മനസ്സോടെ ഞാൻ ചായ നിറഞ്ഞ കപ്പ് മേടിച്ചു ആ കൈകളുടെ ഉടമസ്ഥയുടെ മുഖത്തേക്ക് തലയുയർത്തി നോക്കി…

ജാനു ….ഞാൻ അറിയാതെ പറഞ്ഞു പോയി…ദൈവമേ ഇനി വല്ല സ്വപ്നോമാണോ?അല്ല അവൾ തന്നെ.ഞാൻ അമ്മേടെ നേരെ വിശ്വാസം വരാതെ നോക്കി…

നിനക്ക് കുട്ടിയെ ഇഷ്ടായോട…..അമ്മ ചിരിച്ചു…ഇഷ്ടായി എന്നെനിക്കറിയാം…

അമ്മ അവളോട് ഓരോന്നൊക്കെ ചോദിച്ചു കൊണ്ടിരുന്നു..അവൾ എന്റെ നേരെ ഒന്ന് നോക്കിയത് കൂടിയില്ല…

ജാനകിയുടെ അമ്മെ ഞങ്ങൾ ഇറങ്ങാണ് കുട്ടിയെ എനിക്കിഷ്ടായിട്ടോ …എന്റെ മോനും അങ്ങനെ തന്നെ…ഞങ്ങൾക്ക് ഒന്നും വേണ്ട… മോളെ മാത്രം അങ്ങട് തന്ന മതി… അപ്പൊ ബാക്കി കാര്യങ്ങൾ ഒക്കെ ഞാൻ നേരിട്ടറിയിക്കാം…

ഇതൊക്കെ എങ്ങനെ നടന്നു… എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല…

ആകാംഷ സഹിക്ക വയ്യാതെ വീട്ടിൽ ചെന്ന് കയറിയ വഴി ഞാനത് അമ്മയോട് ചോദിച്ചു …

‘അമ്മ പറഞ്ഞു തുടങ്ങി..

ടാ ആ കുട്ടി എന്നെ വിളിച്ചിരുന്നു..വീട്ടിലെ നമ്പർ നീ കൊടുത്തതല്ല മറിച്ചു സ്റ്റാൻഡിലെ ഓഫിസിൽ നിന്നും എടുത്തതാണെന്നും നിനക്കിതിനെ പറ്റി ഒന്നും അറിയില്ല എന്നും ആദ്യമേ പറഞ്ഞു….

ആ കുട്ടി മടിച്ചു മടിച്ചാണ് നിങ്ങൾ തമ്മിൽ ഉള്ള ഇഷ്ടo എന്നോട് പറഞ്ഞത്..പിന്നെ അതിന്റെ വീട്ടിലെ അവസ്ഥകളും ആളുകളെo ഒക്കെ പറ്റി ഓരോന്നായി പറഞ്ഞു…ആദ്യം എനിക്കതിനോട് ദേഷ്യമാ വന്നത്..പക്ഷെ കല്യാണത്തിന് എന്റെ സമ്മതവും അനുഗ്രഹവും കൂടി വേണം മാത്രല്ല എന്നെ വിഷമിപ്പിച്ചു നിന്റെ കൂടെ ഒരു ജീവിതം അതിനു വേണ്ടാന്ന് പറഞ്ഞപ്പോ എനിക്ക് തിരിച്ചൊന്നും പറയാൻ തോന്നിയില്ല… ….നിന്നെ അവൾ ഒരുപാടു സ്നേഹിക്കുന്നുണ്ട് ….അതെനിക്ക് മനസ്സിലായി…..

പിന്നെ ഇപ്പഴേലും നിനക്ക് ഒരു കുട്ടിയെ ഇഷ്ടപെട്ടുലോ എനിക്കത് മതി..ഇനിപ്പോ അത് മൂധേവിയാചാലും ഞാൻ സ്വീകരിക്കും…അവളുടെ കൂടെ ജീവിക്കേണ്ടത് നീയാ അല്ലാതെ ഞാൻ അല്ല..

ഉള്ളത് പറഞ്ഞാ എനിക്കവളെ അങ്ങ് ബോധിച്ചു..

അമ്മെ അപ്പൊ അവളുടെ ജാതിയോ?

ഒരു ജാതി…കൊണ്ട് പോയി ഉണക്കാൻ ഇടെടാ നല്ല വില കിട്ടും..നീ കെട്ടണത് അവളെ അല്ലെ അല്ലാതെ ജാതിയെ അല്ലല്ലോ?ഒരു ജാതിയിൽ ജനിച്ചു എന്നല്ലാതെ ഈ ജാതി കൊണ്ട് നമുക്ക് എന്താ ഒരു ഗുണം…മനസ്സ് നന്നായ മതിയെടാ ..

അതും ശരിയാലോ? കല്യാണം കഴിക്കാൻ ഈ ജാതി ഒക്കെ എന്തിനാലേ…ജാതി,മതം ഇതൊന്നും ഇല്ലേലും ആണും പെണ്ണും ഒന്ന് മനസ്സുവെച്ച മക്കളും ഉണ്ടാകും അല്ല പിന്നെ..ഞാൻ ഓർത്തു.

പിറ്റേദിവസം രാവിലെ അമ്മയോട് യാത്ര പറഞ്ഞു ഞാൻ ഡിപ്പോയിലേക്കു പോയി..ബസിൽ കയറിയപ്പോൾ കണ്ടക്ടർ സീറ്റിൽ അവളുണ്ട് ..ഒക്കെ ഒപ്പിച്ചു വെച്ചിട്ടു ഇരിക്കണ ഇരിപ്പു കണ്ടോ കള്ളി…

ഞാൻ അവളുടെ അടുത്ത് പോയിരുന്നു..

അതേയ് ഇന്നലെ വിളിച്ചിട്ടു എന്താ ഫോൺ എടുക്കാഞ്ഞത് …ഞാൻ ചോദിച്ചു..

മ്മ് എന്നോട് മിണ്ടണ്ട…. ഇന്നലെ ഏതോ ഒരുത്തിയെ പെണ്ണ് കാണാൻ പോയല്ലോ?എന്നിട്ടു അങ്ങനെ പോണ കാര്യം എന്നോട് പറഞ്ഞോ?

എനിക്ക് ചിരി വന്നു പോയി…

ആഹാ അതൊക്കെ അറിഞ്ഞോ…ഏതോ ഒരു കള്ളി കണ്ടക്ടർ എന്റെ നമ്പർ കട്ടെടുത്തു എന്റെ വീട്ടിൽ വിളിച്ചിരിക്കുന്നു…അവൾ എന്റെ അമ്മയോട് പറയാ അവൾക്കെന്നെ ജീവനാണ് പോലും…

അവളെ എനിക്കങ്ങട് ശരിക്കും ഇഷ്ടായിട്ടോ…നല്ല സുന്ദരി പെണ്ണ്…

ഓഹോ…അത്രക്ക് ഇഷ്ടാണെൽ അങ്ങട് കെട്ടിക്കൂടെ…

ഇവളെ ഞാൻ……കെട്ടാൻ തന്നാടി പോണത്..ഞാൻ അവളുടെ സമ്മതത്തിനു കാത്തു നിലക്കാതെ അവളെ എന്റെ മേത്തേക്കു വലിച്ചിട്ടു ആ കവിളത്ത് കടിച്ചോരുമ്മ കൊടുത്തു…

അയ്യേ!! എന്ന് പറഞ്ഞെന്റെ കൈക്കുള്ളിൽ നിന്നവൾ കുതറിമാറി…

എന്റെ നേരെ നോക്കി ചിരിച്ചുകൊണ്ടവൾ കയ്യിലുരുന്ന വിസിൽ ഊതി…

എന്റെ കടി കൊണ്ട് ചുവന്നു തുടുത്ത കവിൾ തുടച്ചു കൊണ്ടവൾ ഉറക്കെ പറഞ്ഞു ….

ആ വണ്ടി പോട്ടെ റൈറ്റ്….

ഞങ്ങളുടെ ജീവിത യാത്ര അവിടെ തുടങ്ങുവായിരുന്നു…

(സ്നേഹത്തിന്റെ അതിരു ജാതികൊണ്ടല്ല മറിച്ചു രണ്ടുപേരുടെ മനസ്സുകൾ കൊണ്ടാണ് നിർണയിക്കേണ്ടത് )

Related Posts

Leave a Reply

Your email address will not be published. Required fields are marked *