രണ്ടാം ദാമ്പത്യം
Story written by അരുൺ നായർ
ആദ്യരാത്രിയിൽ പരാജിതൻ ആയെന്നുള്ള തോന്നലുകൊണ്ടാണോ അതോ ഞാൻ കന്യക അല്ലെന്നു സംശയം തോന്നിയത് കൊണ്ടാണോ അറിയില്ല കലാപരിപാടി കഴിഞ്ഞു ശരത്തേട്ടൻ കട്ടിലിൽ വിഷമിച്ചു ഇരിക്കുന്നത് ഞാൻ കണ്ടു….. സംശയം തീർക്കേണ്ടത് എൻറെ കർത്തവ്യം ആയതുകൊണ്ട് ഞാൻ ശരത്തേട്ടനോട് സംശയം മാറ്റാനായി പറഞ്ഞു…..
“” ശരത്തേട്ട, ശരത്തേട്ടൻ വിചാരിക്കും പോലെ ഒന്നും അല്ല,,, അറിയില്ലേ സ്കൂളിൽ പഠിക്കുമ്പോൾ ഓടാനും ചാടാനും പോയിട്ടുള്ളതും,,,, സൈക്കിൾ ചവിട്ടിയിട്ടു ഉള്ളതുമായ പെൺപിള്ളേർക്കു ക ന്യകാത്വം തെളിയിക്കാൻ കഴിയില്ലെന്ന്….. ഈ കാലത്ത് ഇതൊക്കെ സർവ്വസാധാരണമല്ലേ….. അതൊന്നുമോർത്തു ഏട്ടൻ വിഷമിക്കരുതേ പ്ലീസ്….ആദ്യരാത്രിയിൽ തന്നെ നമ്മുടെ ജീവിതം സംശയ മുനയിൽ തുടങ്ങരുതെ….. “”
“” ഹേയ് അങ്ങനെ ഒന്നുമില്ല സ്വേദ, നീ വെറുതെ ഓരോന്നും ചിന്തിക്കേണ്ട……വിവാഹവും ഫോട്ടോ എടുപ്പും ഒക്കെ കാരണം നല്ല ക്ഷീണം ഇല്ലേ,,, കിടന്നുറങ്ങിക്കോ…… “”
എൻറെ തോളിൽ തട്ടി ആശ്വസിപ്പിക്കും പോലെയാണ് ശരത്തേട്ടൻ അതു പറഞ്ഞത്……
അതും പറഞ്ഞു ശരത്തേട്ടൻ എൻറെ അടുത്തു നിന്നും എഴുന്നേറ്റു ജനലിന്റെ അരികിൽ പോയി വെളിയിലേക്കു നോക്കി നിന്നു….. ഞാൻ ഉറങ്ങാനായി തിരിഞ്ഞു കിടന്നപ്പോളും ഓർത്തു എൻറെ കഴുത്തിൽ സന്തോഷത്തോടെ ശരത്തേട്ടൻ താലി കെട്ടുമ്പോളും എൻറെ ഉള്ളൂ നീറുക ആയിരുന്നെന്നുള്ള സത്യമോർത്തു….. ഓരോന്നും ഓർത്തുകൊണ്ട് ഞാൻ ഉറങ്ങി പോയി….. ശരത്തേട്ടൻ എപ്പോളോ എൻറെ അടുത്തു വന്നു കിടന്നു ഉറങ്ങി….
ദിവസങ്ങളും ആഴ്ചകളും ഞങ്ങളുടെ ജീവിതത്തിൽ കടന്നു പോയി…. ശരത്തേട്ടന് എന്നോടു നല്ല സ്നേഹം ആയിരുന്നെങ്കിലും ആദ്യരാത്രിയിലെ പരാജയോ അല്ലെങ്കിൽ സംശയമോ കാരണം അദ്ദേഹം എന്നോടു ശാരീരികമായിയുള്ള അടുപ്പത്തിന് മാത്രം എന്റെയടുത്ത് വന്നില്ല…. പക്ഷെ ഒരു മാസം കഴിയും മുൻപേ ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ശരത്തേട്ടന് ഉണ്ടായ സന്തോഷം കണ്ടപ്പോൾ എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല……സത്യത്തിൽ അതറിയുമ്പോൾ ശരത്തേട്ടന്റെ സംശയം മൂത്തു എന്നെ വീട്ടിൽ നിന്നും ഇറക്കി വിടുമെന്നാണ് ഞാൻ ഓർത്തത് പക്ഷെ എൻറെ പ്രതീക്ഷക്കു വിപരീതമായി എന്നെ ഭൂമിയിൽ വെക്കാതെയാണ് പിന്നെയെന്റെ ശരത്തേട്ടൻ നോക്കിയത്….. അതുവരെ സ്വന്തം കഴിവിലും എൻറെ മാനത്തിലും ഉള്ള അവിശ്വാസം നേരെ അല്ലെങ്കിലും പ്രകടിപ്പിച്ചിരുന്ന ശരത്തേട്ടൻ അന്ന് മുതൽ പൂർണമായും വേറെയൊരു മനുഷ്യൻ ആയി മാറുക ആയിരുന്നു…..
ഒരു ഗർഭിണിക്ക് ഭർത്താവിൽ നിന്നും കിട്ടേണ്ട എല്ലാ പരിഗണനയും സ്നേഹവും എനിക്കു ആവോളം ലഭിച്ചു എങ്കിലും എന്റെയുള്ളിൽ ദുഃഖം അലതല്ലിയിരുന്നു….. മാസങ്ങൾ കടന്നു പോകുമ്പോൾ എൻറെ വീർത്തു വരുന്ന വയറും നോക്കി ഇരിക്കുകയും എന്നെ ആ നെഞ്ചോടു ചേർത്തു ഉറക്കുകയും ചെയ്യുമ്പോൾ എന്റെയുള്ളിൽ കൊടുക്കൻ വെച്ച സ്നേഹം മുഴുവൻ ഞാനും അദ്ദേഹത്തിന് നൽകി…..
എട്ടാം മാസം കഴിഞ്ഞപ്പോൾ ഞാൻ പ്രസവിച്ചപ്പോൾ എല്ലാവരും ശരത്തേട്ടനെ നോക്കി ചെറു പുഞ്ചിരി പരിഹാസത്തോടെ നൽകിയപ്പോളും അദ്ദേഹത്തിന് എന്നോടു ഒരു സ്നേഹകുറവും ഉണ്ടായില്ല….. കൂട്ടുകാർ ഒക്കെ അദ്ദേഹത്തെ നീ പട്ടാളക്കാരനിലും ഭയങ്കര വെടിവെപ്പുകാരൻ ആണെന്ന് പറഞ്ഞു ഊതിയപ്പോളും അതിന്റെ കാറ്റോ അപമാനമോ എന്നിലേക്ക് വരാതെ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു…. ഞങ്ങളുടെ ജീവിതത്തിൽ സന്തോഷം അലതല്ലിയ നാളുകൾ…..
കുഞ്ഞു ഉണ്ടായതിനു ശേഷം അദ്ദേഹത്തിന് കുഞ്ഞിനോടുള്ള സ്നേഹം കണ്ടപ്പോൾ സത്യത്തിൽ എനിക്കു കുഞ്ഞിനോട് പോലും അസൂയ തോന്നി പോയി….. കുഞ്ഞു ഉണ്ടായതിനു ശേഷമൊരു രാത്രിയിൽ അദ്ദേഹം കുഞ്ഞിനെ നോക്കി കിടന്നുകൊണ്ട് എന്നോട് ചോദിച്ചു
“” സ്വേദേ, നമ്മുടെ മകൾക്കു എൻറെ അതെ മുഖം ആണല്ലേ…. ശരിക്കും ഞാനൊരു പെണ്ണായി ജനിച്ചിരുന്നുവെങ്കിൽ നമ്മുടെ മോളെ പോലെ തന്നെ ഇരിക്കുമായിരുന്നു അല്ലേ…. “”
ഞാനും അദ്ദേഹത്തെയും കുഞ്ഞിനേയും സൂക്ഷിച്ചു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു……
“” പൂർണമായും ശരത്തേട്ടന്റെ അതെ മുഖം അല്ല, എന്റെയും കുറച്ചു ഷേപ്പ് ഓക്കേ ഉണ്ട്…. “”
“” ഒന്ന് പോടീ അവിടുന്ന്, എനിക്കു അറിയാം എൻറെ മോൾക്ക് എൻറെ അതെ ഷേപ്പ് ആണെന്ന്….. നിനക്കു കുശുമ്പ് മൂത്തു ഓരോന്നും പറയണ്ട….. മോളെ ദേ, നിൻറെ അമ്മയുടെ കുശുമ്പ് കേട്ടോ…. “”
“” അയ്യോ എങ്കിൽ സമ്മതിച്ചേ, അച്ഛനും മോളും ഒരുപോലെ ഞാൻ രണ്ടാംകുടി… പോരെ…. “”
അദ്ദേഹം ഉറങ്ങി കിടന്ന കുഞ്ഞിനൊരു ഉമ്മ കൊടുത്തിട്ട് എൻറെ അടുത്തേക്ക് വന്നു ചോദിച്ചു….
“” സ്വേദേ, നിൻറെ മനസ്സിനൊരു വേദനയും ഇല്ലെടി…. കുഞ്ഞിന് എൻറെ മുഖം ആണെന്നു പറഞ്ഞിട്ട്……””
“” അതിനു ഞാൻ എന്തിനാണ് ശരത്തേട്ട ദുഖിക്കുന്നത്, എൻറെ ഭർത്താവിന്റെ മുഖം അല്ലേ കുഞ്ഞിന് ഉണ്ടെന്നു പറഞ്ഞത്…. പിന്നെ ഞാൻ എന്തിനാണ് ഏട്ടാ വേദനിക്കുന്നത്…. “”
“” അതല്ല സ്വേദേ, ഞാൻ നിന്നിൽ നിന്നുമൊരു ക്ഷമാപണം ഉണ്ടാകും കരുതി….. വിവാഹം കഴിഞ്ഞ അന്ന് മുതൽ ഞാനതു കരുതിയതാണ്…. പക്ഷെ നീ എന്നെ തോൽപിച്ചു കളഞ്ഞല്ലോ…. എന്തായാലും ഇനി നമുക്ക് രണ്ടാൾക്കും ആ ഭാരം മനസ്സിൽ ചുമന്നു നടക്കേണ്ട….. “”
“” ഏട്ടാ…. ശരത്തേട്ട , എന്താണ് ഈ പറയുന്നത്….. ഞാൻ…. “”
ഞാൻ എന്തു പറയണം അറിയാതെ കുഴങ്ങി….
“” നീ വിഷമിക്കേണ്ട സ്വേദേ, നിൻറെ കാമുകൻ ഹരി എൻറെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആയിരുന്നു….നിങ്ങളുടെ മുൻപിൽ ഞാൻ അവതരിച്ചിട്ടില്ല എന്നേയുള്ളു….. അവസാനം ആയി അവനെ കണ്ടപ്പോൾ മരണത്തിലേക്ക് പോകും മുൻപ് അവൻ എന്നോടു പറഞ്ഞത് നിന്നേ കുറിച്ചാണ്… നിന്നേ രക്ഷിക്കണമെന്ന്…. കല്യാണം കഴിക്കും ഉറപ്പുള്ളതുകൊണ്ട് അവന്റെ കൂടെ ശരീരം പങ്കിട്ടു അബദ്ധത്തിൽ വയറ്റിൽ ആയ നിന്നേ കുറിച്ചു…. അവന്റെ മരണാന്തര ചടങ്ങ് കഴിഞ്ഞു ഞാൻ ആദ്യം വന്നത് നിന്നേ തേടിയാണ്…. അതുകൊണ്ട് തന്നെയാണ് പെട്ടന്ന് കല്യാണം വേണമെന്ന് ഞാൻ വാശി പിടിച്ചത്…. എന്തായാലും ഇനി ഞാൻ ആരെങ്കിലും പറഞ്ഞു അറിയുമോ എന്നുള്ള പേടി വേണ്ട നിനക്കു … എനിക്കും വേണ്ട നിനക്കു ദുഃഖം ഉണ്ടെന്നുനുള്ള സങ്കടം …..എന്താണ് സ്വേദേ ഞാൻ പറഞ്ഞത് സത്യമല്ലേ…. “”
“” അതെ ശരത്തേട്ട, ഹരിയേട്ടനോട് ഉള്ള സ്നേഹക്കൂടുതൽ കൊണ്ട് അബദ്ധം സംഭവിച്ചു പോയി…. അതു തിരുത്തും മുൻപേ ഹരിയേട്ടൻ പോകുകയും ചെയ്തു…. എന്തു ചെയ്യണം അറിയാതെ ആത്മഹത്യയെ കുറിച്ചു ചിന്തിച്ചു ഇരുന്നപ്പോൾ ആണ് ശരത്തേട്ടൻ ദൈവ ദൂതനെ പോലെ വന്നത്…. പലപ്പോളും തുറന്നു പറയണം കരുതിയതാണ് ഞാൻ,,, പക്ഷെ എന്നെ അതും പറഞ്ഞു ഉപേക്ഷിച്ചാൽ എൻറെ താഴെ ഉള്ള അനുജത്തിമാർക്കു കൂടി ജീവിതം ഉണ്ടാവില്ലല്ലോ ഓർത്തപ്പോൾ എനിക്കു ഒന്നിനും കഴിഞ്ഞില്ല ഏട്ടാ, എന്നോടു ക്ഷമിക്കു….. ഒരുപാട് രാത്രികളിൽ ഞാൻ ഈ കാലുകളിൽ കരഞ്ഞു മാപ്പ് ചോദിച്ചിട്ടുണ്ട്…. പക്ഷെ തുറന്നു പറയാൻ മാത്രം ധൈര്യം കിട്ടിയില്ല എൻറെ കുടുംബത്തെ ഓർത്തപ്പോൾ….. കൂട്ടുകാരന്റെ മോളെ സ്വന്തം മോളെ പോലെ കണ്ടു സ്നേഹിക്കാൻ ഇട വരുത്തിയതിനും എന്നിട്ടു ആ കുഞ്ഞിന് ഏട്ടന്റെ മുഖം ആണെന്ന് പറയുകയും ചെയ്ത ഈ പാപിയോട് പൊറുക്കണേ ശരത്തേട്ട….. “”
ശരത്തേട്ടനോട് എന്നോടു എല്ലാം തുറന്നു പറയുമ്പോൾ എൻറെ ഉള്ളിൽ പെയ്യാൻ കിടന്ന മഴയെല്ലാം പെയ്തു തോർന്നൊരു പ്രളയം ആകുക ആയിരുന്നു…..
“” ഒന്ന് പോടീ പൊട്ടി പെണ്ണേ…. എല്ലാം അറിഞ്ഞുകൊണ്ട് തന്നെയല്ലേ ഞാൻ നിന്നേ സ്വീകരിച്ചത്…. നീ തുറന്നു പറയാതെ ഇരുന്നത് ദുഃഖം ഉണ്ടാക്കി എന്നുള്ളത് സത്യം ആണെങ്കിലും പക്ഷെ ഇപ്പോൾ എൻറെ എല്ലാ ഭാരവും ഇറങ്ങി കഴിഞ്ഞു പെണ്ണേ….. പിന്നെ ഇന്നത്തെ കാലത്ത് കല്യാണത്തിന് ശേഷം പോലും ചതിക്കുന്ന ആൾക്കാർ ഉള്ള ഈ ലോകത്തു അറിയാതെ പറ്റിപോയ തെറ്റിന് നിനക്കു മാപ്പ് നൽകാൻ കഴിഞ്ഞില്ലെങ്കിൽ ഞാനൊരു പുരുഷൻ ആകുമോ…. “”
“” എല്ലാം ഭാരവും ഇറങ്ങി എങ്കിൽ ഇനി എന്നെ കുറിച്ചു മോശമായി ചിന്തിക്കരുതേ ശരത്തേട്ട,,,, ഈ മോളെ ഏട്ടന് സ്വീകരിക്കാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടാവുമോ….??? പ്രസവിച്ചത് അല്ലേ ഞാൻ ഉപേക്ഷിക്കാൻ പറയരുതേ….. “”
കണ്ണുനീർ തുള്ളികളെ ഉള്ളിൽ അടക്കിവെച്ചു മുഖത്തൊരു ചെറിയ ചിരി വിടർത്തി ഞാൻ ശരത്തേട്ടനോട് അപേക്ഷിച്ചു….
“” മണ്ടത്തരം നിൻറെ കൂടെപ്പിറപ്പു ആണോ സ്വേദേ, എൻറെ മോൾ ആണ് ഇതു, അല്ല നമ്മുടെ പൊന്നോമന…. വെറുതെ ആവശ്യം ഇല്ലാതെ ഓരോന്നും ചിന്തിച്ചു മറ്റുള്ളവരെ കൂടി അറിയിച്ചു ചുമ്മാ ജീവിതം കുളമാക്കരുത് കേട്ടോ….. പിന്നെയൊരു കാര്യംകൂടി മോൾ കുറച്ചു വലുതാകുമ്പോൾ എനിക്കു എൻറെ രക്തത്തിൽ ഉള്ള കുഞ്ഞിനേയും വേണം…. നമുക്ക് രണ്ടാളെയും ഒരുപോലെ വളർത്തണം…. പിന്നെ വേറെയൊരു കാര്യം കൂടി കല്യാണം കഴിച്ചപ്പോൾ കുഞ്ഞു വയറ്റിൽ ഉണ്ടെന്നു അറിയാവുന്നതുകൊണ്ട് നമ്മുടെ കാര്യങ്ങൾ ഒന്നും നടന്നിട്ടില്ല…. ഇനി എല്ലാം മറന്നു നമുക്കൊന്നു തകർക്കണം കേട്ടോടി പൊട്ടി പെണ്ണേ …. അന്നേരം അറിയാം നിനക്കി ശരത് ആരാണെന്നു….. “”
അതും പറഞ്ഞു ശരത്തേട്ടൻ എനിക്കും മോൾക്കും ചക്കര മുത്തം നൽകി കൊണ്ട് ചിരിച്ചു…..
ശരത്തേട്ടന്റെ വാക്കുകളും എന്നോടുള്ള സ്നേഹവും അറിഞ്ഞു ആ നെഞ്ചിലേക്ക് ചായുമ്പോൾ ഞാൻ അറിയുക ആയിരുന്നു ഞങ്ങളുടെ രണ്ടാം ദാമ്പത്യം അവിടെ ആരംഭിക്കുക ആണെന്ന്…….