സദാ സമയവും പുഞ്ചിരിക്കുന്ന മുഖവും കുലീനതയാർന്ന പെരുമാറ്റവും കണ്ടപ്പോൾ ഇത്ര സൗന്ദര്യം അവൾക്കുണ്ടായിരുന്നോ എന്നു തോന്നിപ്പോയി…

സ്വപ്ന സഞ്ചാരി

Story written by Nitya Dilshe

ഓഫീസിൽ പുതുതായി ജോയിൻ ചെയ്ത പെണ്കുട്ടി മുൻപ് പെണ്ണുകണ്ട് വേണ്ടെന്നു വച്ചതാണെന്നു മനസ്സിലായപ്പോൾ അയാൾക്ക്‌ ചെറുതായി ജാള്യത തോന്നി. പക്ഷെ ആ മുഖത്തു പരിചയത്തിന്റെ ലാഞ്ചന പോലുമില്ല… ഒരുപക്ഷേ തന്നെ മനസ്സിലായിട്ടുണ്ടാവില്ല…വർഷം ഒന്നാവാറായില്ലേ..

വേണ്ടെന്നു വച്ചതു വേറൊന്നും കൊണ്ടല്ല ബാക്കി എല്ലാ പൊരുത്തങ്ങളും ചേർന്നപ്പോൾ കറുപ്പെന്ന നിറത്തോട് പൊരുത്തപ്പെടാൻ തനിക്കു കഴിഞ്ഞില്ല…

കാണാൻ തെറ്റില്ലാത്തൊരു മുഖവും നിറവും സാമ്പത്തികശേഷിയും സർവ്വോപരി സർക്കാർ ജോലിക്കാരനുമായ തനിക്കു അതിനേക്കാൾ നല്ലൊരു ബന്ധം കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു…

ഒരു വർഷമായിട്ടും പെട്രോളും ബ്രോക്കർമാരും മാട്രിമോണിയലും വഴി പൈസ ചോരുന്നതല്ലാതെ ചേരുന്നൊരു ബന്ധം ഒത്തുവന്നില്ല.

ആദ്യമൊക്കെ കുടുംബം മൊത്തം ആഘോഷമായിട്ടായിരുന്നു പെണ്ണുകാണൽ.. പിന്നെപ്പിന്നെ അവർക്കും മടുത്തു …വിചാരിച്ചത്ര എളുപ്പമല്ല കാര്യങ്ങൾ.. കാണുന്നിടതെല്ലാം സുന്ദരികളായ പെൺമണികൾ… അന്വേഷിച്ചു ചെല്ലുമ്പോഴാണ് ജാതി ..സാമ്പത്തികം.. ഇതൊന്നും പോരാഞ്ഞു ജാതകവും വില്ലനാവുന്നത്..

ഭാഗ്യലക്ഷ്മി..അതായിരുന്നു അവളുടെ പേര്…ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവിടെ എല്ലാവരുടെയും ഭാഗ്യയായി അവൾ മാറി..

സദാ സമയവും പുഞ്ചിരിക്കുന്ന മുഖവും കുലീനതയാർന്ന പെരുമാറ്റവും കണ്ടപ്പോൾ ഇത്ര സൗന്ദര്യം അവൾക്കുണ്ടായിരുന്നോ എന്നു തോന്നിപ്പോയി… ആരേയും സഹായിക്കാനുള്ള അവളുടെ മനോഭാവവും പ്രായമായവരോടുള്ള വിനയവും കണ്ടപ്പോൾ ഇവൾ നല്ലൊരു മരുമകളാവുമെന്നതിൽ യാതൊരു സംശയവുമില്ല..

അവളില്ലാതിരുന്ന ഒരു ദിവസം ഓഫീസിൽ എന്തോ വലിയൊരു കുറവ്. ..അന്ന് മാലതി മാഡം പറയുകയും ചെയ്തു

“‘ നമ്മുടെ ഭാഗ്യം നിറം കറുപ്പാണെങ്കിലും ചുറ്റിലും പ്രകാശമാണെന്നു..”‘

ചാഞ്ചാടിക്കൊണ്ടിരുന്ന മനസ്സിൽ വീണ്ടും പ്രതീക്ഷകൾ മുളപൊട്ടി..ഒന്നു കൂടി അന്വേഷിച്ചു പോയാലോ.. വീട്ടിൽ വിഷയം അവതരിച്ചപ്പോൾ അവർക്കു വീണ്ടും അന്വേഷിച്ചു ചെല്ലാനൊരു ചമ്മൽ..അവസാനം ചേച്ചി തന്നെ ഒരു വഴി നിർദേശിച്ചു..

” നീ അവളോടൊന്നു സംസാരിക്കു..അവൾക്കു ഓർമയില്ലെന്നല്ലേ പറഞ്ഞത്..നീ പഴയതിനെപ്പറ്റിയൊന്നും പറയേണ്ട..”‘

ഓരോ ദിവസം കൂടുന്തോറും അവൾ മനസ്സിലേക്ക് ഇടിച്ചു കയറി വന്നു കൊണ്ടിരുന്നു..

അല്പം നാണംകെട്ട കളിയാണെങ്കിലും വീണ്ടും സംസാരിക്കാൻ തന്നെ തീരുമാനിച്ചു..ആവശ്യം എന്റേതാണല്ലോ..എല്ലാവരുടെയും മുന്നിൽ വച്ചു പറയാൻ വയ്യ.അതിനും ഒരു വഴി കണ്ടെത്തി..

അവൾ എന്നും ഓഫീസ് സമയം കഴിഞ്ഞും വർക്ക് ചെയ്യാറുണ്ട്..കൃത്യ സമയം കഴിഞ്ഞാൽ ഓടിപ്പോകുന്ന ഞാൻ കാത്തു നിൽക്കാൻ തന്നെ തീരുമാനിച്ചു..സമയം കഴിഞ്ഞും പോകാതിരുന്ന എന്നെ കണ്ടു അവൾടെ മുഖത്തു അമ്പരപ്പ്..

“”വിനയൻ സാർ ഇന്ന് ലേറ്റ് ആണല്ലോ.. വർക് കഴിഞ്ഞില്ലേ ?””

പുഞ്ചിരിയോടെ അവളുടെ ചോദ്യമെത്തി..

“”ഇല്ല..കുറച്ചു പെൻഡിങ് വർക് ഉണ്ട്..”

ശബ്ദത്തിൽ പരിഭ്രമം വരാതിരിക്കാൻ പരമാവധി ശ്രമിച്ചു..

അവൾ ജോലിയിൽ മുഴുകിയിരിപ്പാണ്..ഞാനും വെറുതെ കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയിരുന്നു..അവളെ ബോധ്യപ്പെടുത്താൻ ഇടക്കോരോ പേപ്പറുകളെടുത്തു മറിച്ച് നോക്കി..ഇടംകണ്ണിട്ടു നോക്കി..പറയാനെന്തോ ബുദ്ധിമുട്ട്.. ശബ്ദം എങ്ങോ ഓടി ഒളിച്ചപോലെ..കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൾ പോകാനായി എണീറ്റു..

“” സാറിന്റെ കഴിഞ്ഞോ ? ഞാൻ പോവാണ് “”

“” കഴിഞ്ഞു ..ഞാനുമുണ്ട്..”

വേഗം ചാടി എഴുന്നേറ്റു..ഇനിയും വച്ചു താമസിപ്പിക്കാൻ വയ്യ..പറയുക തന്നെ.. സകല ധൈര്യവും സംഭരിച്ചു..

“”ഭാഗ്യലക്ഷ്മി, വിവാഹമൊന്നും നോക്കുന്നില്ലേ ?”‘

അവളുടെ മുഖത്തു അമ്പരപ്പ്..എന്തെന്നമട്ടിൽ അവളെന്നെ നോക്കി..ഉള്ളിലെ ചമ്മൽ മറച്ചു കൊണ്ടു പറഞ്ഞു..

“”എനിക്ക് വീട്ടിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്..ഭാഗ്യലക്ഷ്മിക്കു വിരോധമില്ലെങ്കിൽ വീട്ടുകാരെ വിടാം..”‘

എന്തോ കോമഡി കേട്ടപോലെ അവൾ ചിരിച്ചു..

“‘വിനയൻ സർ, എന്റെ നിറം ഇപ്പോഴും അതുതന്നെയാണെന്നാണ് വിശ്വാസം..'”

അവൾ അവളെത്തന്നെ ഒന്നു നോക്കി.

.””കളിയാക്കരുത് സർ, എന്നെ വിട്ടേക്കു “‘

അവൾ ബാഗുമെടുത്തു ധൃതിയിൽ പുറത്തേക്കിറങ്ങി..പിറ്റേന്നു അവളുടെ മുഖത്തു നോക്കാൻ നല്ല ചമ്മൽ തോന്നി..ആദ്യമായാണ് ഇങ്ങനൊരനുഭവം..അവളുടെ മുഖത്തു ഇങ്ങനെ ഒന്നു നടന്ന ഭാവം പോലുമില്ല..പഴയതു പോലെ തന്നെ.ഒരു ദിവസം വെഡിങ് ഇൻവിറ്റേഷൻ കാർഡുമായി ഭാഗ്യലക്ഷ്മി എത്തി..

“” സർ, വിവാഹമാണ് ..കുടുംബവുമായി വരണം..”‘

അവൾ കാർഡുമായി അടുത്ത ടേബിളിലേക്കു നടന്നു..

“” ഭാഗ്യം.., ബ്രോക്കർ ഫീസ് എനിക്ക് തരണം കേട്ടോ..”‘ മാലതി മാഡമാണ്..

“”എന്റെ ഫ്രണ്ടിന്റെ മോനാണ്.നല്ല കുടുംബം..പയ്യന് സർക്കാർ ജോലി..ഗസറ്റഡ് റാങ്കിലാ..ബാഹ്യ സൗന്ദര്യത്തിലൊന്നും അവനു താൽപര്യമില്ല..കുട്ടി നന്നായിരിക്കണമെന്നു പറഞ്ഞു..ഭാഗ്യത്തെക്കാൾ നല്ല കുട്ടിയെ എവിടന്നു കിട്ടും..”‘

ഓഫീസ് വിവാഹവിശേഷങ്ങൾ കൊണ്ടു നിറഞ്ഞു…തല താഴ്ത്തിയിരുന്നു….

ഒന്നു തീരുമാനിച്ചു. .സ്വന്തം വിവാഹസദ്യ അടുത്തൊന്നും കഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..കിട്ടിയ സദ്യ വേണ്ടാന്നു വക്കുന്നത് ബുദ്ധിയല്ല..

സ്നേഹത്തോടെ…Nitya Dilshe

Related Posts

Leave a Reply

Your email address will not be published. Required fields are marked *