അവൾ
Story written by NAYANA AURESH
അച്ഛന്റെ മകളാണോ ഇടവഴിയിലെ സ്റ്റെല്ലാന്റിയുടെ കുട്ടിയെന്ന സംശയം അപ്പുവിന് തോന്നി തുടങ്ങിയത് കഴിഞ്ഞ വെള്ളിയാഴ്ച സന്ധ്യക്കാണ് ….
ഇരുപത്തിമൂന്നാമത്തെ വയസ്സിൽ കല്യാണം കഴിയാത്ത സ്റ്റെല്ല പെറ്റു … അതോടു കൂടി ആ വീടിന്റെ നാശം തുടങ്ങി .ഇപ്പോൾ സ്റ്റെല്ലാൻറിയും മകളും മാത്രമേ ആ വീട്ടിലുള്ളു …അന്ന് സ്റ്റെല്ലയുടെ പേരിന്റെ കൂടെ പലരുടെ പേരും നാട്ടുകാർ പറഞ്ഞു നോക്കി എന്നാൽ ഇന്നും അതാരാണെന്നറിയാതെ ആ ചോദ്യം അവിടെത്തന്നെ നിൽക്കുന്നു ….
അവരൊരു മോശം സ്ത്രീയാണെനൊന്നും ആർക്കും അഭിപ്രായമില്ല …
അന്ന് വെള്ളിയാഴ്ച സന്ധ്യക്ക് ഇടവഴിതിരിയുമ്പോഴാണ് പോക്കറ്റിൽ നിന്ന് കുറച്ചു കാശും ഒരു കവറും ആ പെൺകുട്ടിയുടെ കയ്യിൽ കൊടുക്കുന്നത് അപ്പുകണ്ടത് … പെട്ടെന്നൊരു നിമിഷം അന്ധാളിച്ച് നിന്നു പോയി
പിന്നീട് അവൾ തിരിഞ്ഞ് വീടെത്തുന്നവരെ അച്ഛൻ അവളെ നോക്കി നിൽക്കുന്നത് അപ്പു കണ്ടു …
ഒരു പാട് ചിന്തകൾ ഒരു നിമിഷം കൊണ്ട് അവന്റെ ഉള്ളിലൂടെ കടന്നു പോയി …അച്ഛനു വേണ്ടി ജീവിച്ച ഒരമ്മയുണ്ട് വീട്ടിൽ … ആ അമ്മയെ ഇത്രയും കാലം പറ്റിക്കായിരുന്നോ ???
പിന്നീട് അച്ഛന്റെ മുന്നിൽപ്പെടാതെ അപ്പു വീട്ടിൽ മാറി നടന്നു … എന്തു പറ്റിയെന്ന അമ്മയുടെ ചോദ്യത്തിന് വലിയ മറുപടികളൊന്നും അവൻ കൊടുത്തില്ല ..
നാളെ സ്റ്റെല്ലാൻറിയും മകളും അവകാശം പറഞ്ഞു വന്നാൽ ?
അവൻ ബൈക്കുമെടുത്ത് മനുവിന്റെ അടുത്തേക്ക് പോയി
നീ എന്ത് തേങ്ങയാ പറയണെ ? വല്യച്ഛൻ അത്തരക്കാരനൊന്നുമല്ല …
പിന്നെ ഞാൻ വഴീല് വെച്ച് കണ്ടത് എന്താ ?
എങ്കിൽ നിനക്ക് അപ്പത്തന്നെ ചോദിക്കാരുന്നില്ലെ ?
അങ്ങനെ ചോദിക്കാൻ എനിക്ക് പറ്റീല്ലട ?അച്ഛനപ്പോൾ നല്ല റ്റെൻഷനുള്ള പോലെ എനിക്ക് തോന്നി …
നിനക്ക് വട്ടാ .. വല്ലിച്ചൻ അങ്ങനെ ഒരു കണ്ണംത്തിരിവ് കാണിക്കുമെന്ന് എനിക്ക് തോന്നണില്ല … എന്റെ അച്ഛൻ മരിച്ചെപിന്നെ നിന്നെപ്പോലെത്തന്നെയാ എന്നെയും വല്യച്ചൻ നോക്കീത് …
ടാ …. ഇതൊന്നും എനിക്ക് അറിയാണ്ടല്ല .. നീ ശ്രദ്ധിച്ചിട്ടുണ്ടോ ?നമ്മുടെ വീട്ടിലെ എല്ലാവർക്കും മുഖത്ത് എവിടെങ്കിലും ഒരു മുറുക് ഉണ്ടാവാറില്ലെ അതുപോലെ ആ പെൺകുട്ടിയുടെ വലതു കവിളിലും ഉണ്ട് ഒരു മറുക് …
നീ … വീട്ടിലേക്ക് പോ അപ്പുഏട്ടാ ചുമ്മാ ഒരു സംശയം … അതും വല്യച്ഛനെ പറ്റി … വേറെ ആരെ കുറിച്ചാണെങ്കിലും പറഞ്ഞോ പക്ഷേ വല്യച്ഛനെ തൊട്ട് കളിക്കണ്ട ..
പിറ്റേന്ന് വൈകുന്നേരം സന്ധ്യയോടടുത്ത് വീണ്ടും അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങി…
അമ്മേ …അച്ഛൻ എങ്ങോട്ടാ പോയേ
ആവോ ? ഞാൻ ചോദിച്ചില്ല ..
അപ്പു പതിയെ അച്ഛന്റെ പുറകിലായി നടന്നു … ഇടവടിയിലെ തിരിവ് തിരിഞ്ഞതും ആ പെൺകുട്ടി അച്ഛനെ ഓടി വന്ന് കെട്ടിപ്പിടിച്ചു …. അച്ഛൻ അവളുടെ കവിളിൽ തലോടി
അപ്പുവിന് ഉറക്കെ കരയാനാണ് തോന്നിയത് … ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അവന്റെ കണ്ണ് ചോന്നു .. പല്ലുകൾ കൂട്ടി കടിച്ചു … ഈ നിമിഷം തന്റെ കയ്യിൽ ആയുധങ്ങളൊന്നും ഇല്ലാത്തതു നന്നായി എന്ന് അവന് സ്വയം മനസ്സിൽ തോന്നി …
എത്ര സ്നേഹിച്ചതാണ് അച്ഛനെ എന്നിട്ടും .. മതി ,ഒക്കെ മതി അമ്മയെയും കൂട്ടി എങ്ങോട്ടെങ്കിലും പോണം …അയാളും അയാളുടെ രഹസ്യ ഭാര്യയും കൂടി ജീവിക്കട്ടെ …
അച്ഛൻ തിരിവ് തിരിഞ്ഞ് വന്നപ്പോൾ അപ്പു അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു..
അവനെ കണ്ടപാടെ അച്ഛനൊന്ന് പരുങ്ങി
നീ എന്താ ഇവിടെ നിൽക്കണെ ?
എന്തെ , ഇടവഴിയിലെ ഇടപാട് അച്ഛനു മാത്രമെ പറ്റു ?
എടവാടോ ? എന്ത് എടവാട് …
തനിക്കറിയില്ലാലേ ???
താനോ ? എന്താടാ നീ എന്നെ വിളിച്ചെ ?
ഇനി എവടെയൊക്കെയുണ്ട് ഭാര്യയും മക്കളും … അതോ ഇനിയും വല്ല ഇടവഴിയിലും പോയി നിൽക്കാനുണ്ടോ ?
അപ്പു … എന്താടാത്
വേണ്ടച്ഛ … ചതി മാത്രം അപ്പു പൊറുക്കില്ല … സ്റ്റെല്ലാൻറിടെ കുട്ടി അച്ചന്റെ മകളാ അല്ലെ ?
ഒരു നിമിഷം അയാളൊന്നും പറഞ്ഞില്ല …
ഉത്തരമില്ലല്ലെ അച്ഛന് ….ഉണ്ടാവില്ല… ഇനി ഞാനും അമ്മയും നിങ്ങൾക്കൊരു ശല്യാവില്ല .. അത് ഉറപ്പാ ..
മോനെ …. അത് എന്റെ മോളല്ല …
ഈ പറഞ്ഞത് ഞാൻ വിശ്വാസിക്കണമായിരിക്കും അല്ലെ .. ഇത്ര കാലം ഞങ്ങളെ പറ്റിച്ച അച്ഛനാണോ ഒരു നുണക്ക് പഞ്ഞം …
കഥ കേട്ടിട്ട് തിരുമാനിച്ചോ നുണയാണോന്ന് …
ഞാനും നിന്റെ ചെറിയച്ചനും ജനിച്ചത് മിനിറ്റുകളുടെ വിത്യാസത്തിലാ …. അവന്റെ മരണം വരെ ഞങ്ങൾ പിരിഞ്ഞില്ല …. ഞങ്ങളുടെ ക്ലാസ്സിൽ പഠിച്ചിരുന്നതാ സ്റ്റെല്ലാ .. കൊല്ലം പകുതി തീർന്നപ്പോഴാണ് ബാലനും സ്റ്റെല്ലയും അടുപ്പത്തിലായത് .. ആദ്യമെല്ലാം ഞാനത് കാര്യമാക്കിയില്ല പക്ഷേ അവരുടെ സ്നേഹം പരിധി വിടുന്നുണ്ടെന്ന് എനിക്ക് തോന്നി …
അന്യജാതിയിലെ പെണ്ണിനെ കെട്ടാൻ നിന്റെ മുത്തച്ചൻ കൂട്ടാക്കില്ല …
കാലം കുറേയൊക്കെ കടന്നു പോയി … എന്റെ കല്യാണം കഴിഞ്ഞു …
അവർ പിന്നേയും കണ്ടു …ഒരിക്കൽ മുത്തച്ചൻ അവനെ വീട്ടിൽ പൂട്ടിയിട്ടു … സ്റ്റെല്ലയെ കെട്ടിയാൽ മുത്തച്ചൻ മരിക്കുമെന്ന് പറഞ്ഞു. അവസാനം ചെറിയച്ഛൻ നിന്റെ ചിറ്റയെ കല്യാണം കഴിച്ചു …പിന്നീടാണ് സ്റ്റെല്ല ഗർഭിണിയാണെന്നറിഞ്ഞത്… തന്റെ കുഞ്ഞിന് ഒരു കുറവും വരരുതെന്ന് അവൻ ആഗ്രഹിച്ചു..മരിക്കണവരെ അവൻ ആ മോളെ നോക്കി …
അച്ഛാ ഇതൊക്കെ വേറെ ആർക്കെങ്കിലും അറിയാമോ ?
ഉം … അറിയാം
ആർക്കാ ?
നിന്റെ ചിറ്റക്ക് …. പിന്നെ നിന്റെ അമ്മക്കും … പക്ഷേ മക്കളാരും ഇതറിയരുതെന്നുണ്ടായിരുന്നു …
അവനാരെയും ചതിച്ചിട്ടല്ല … എല്ലാം വിധിയായിരുന്നു … ഞാൻ മരിക്കണവരെ ആ കുട്ടിക്ക് ഒരു കുറവും വരുത്തില്ല .. പിന്നെ ഇത് മനു അറിയണ്ട …
ഇല്ലച്ഛാ ….
അച്ചൻ നടന്നകന്നു … അപ്പു കുറേക്കൂടി മുന്നോട്ട് നടന്നു …. അങ്ങ് ദുരേക്ക് ഒരു പാവാടക്കാരി നടന്നു മറയുന്നത് അവൻ നോക്കി നിന്നു …
…..വൈദേഹി….