Story written by DHANYA SHAMJITH
ആഹ…. ഇത് വരെ എണീറ്റില്ല അല്ലേ? മോളേ ദേവ……ടീ എണീറ്റേ, സമയം പോയി കേട്ടോ…
കേട്ടപാതി പുതച്ചിരുന്ന പുതപ്പ് തലവഴി മൂടി ഒന്നുകൂടി ചുരുണ്ടു ദേവപ്രിയ…
എണീക്കുന്നോ അതോ തല വഴി വെള്ളമൊഴിക്കണോ? ദേഷ്യത്തോടെ പുതപ്പ് വലിച്ചൂർത്തി രാവൂട്ടി .
ന്താ രാവൂട്ടീ, ഇങ്ങക്കൊറൊക്കൊന്നുമില്ലേ? നട്ട വെളുപ്പിന് എന്തിനായിങ്ങനെ ശല്യം ചെയ്യണേ…… ഉറക്കം മുഷിഞ്ഞ സ്വരത്തിൽ പാതി അടഞ്ഞ മിഴികളുയർത്തി ദേവ.
പിന്നേ….. നട്ട വെളുപ്പേ…. നട്ടുച്ചയാവാറായി ന്നിട്ട് പോത്തുപോലെ കിടന്നുറങ്ങിക്കോ, നാളെ മറ്റൊരു വീട്ടിൽ ചെന്ന് കേറേണ്ടവളാ നീ അത് മറക്കണ്ട…….
എസ്ക്യൂസ് മീ രാവൂ…. ഈ ഡയലോഗ് ഒന്ന് മാറ്റിപ്പിടി, പെമ്പിള്ളാരുള്ള സകല വീട്ടിലും ഫസ്റ്റ് കേക്കണ ഡയലോഗാ ഇത്…. ബോറ്…. അവൾ മുഖം കോട്ടി.
ദേ പെണ്ണേ, വാചകമടിക്കാതെ എണീക്കുന്നുണ്ടോ നീ… പരീക്ഷയുള്ളതാ നേരത്തെ വിളിക്കണംന്ന് പറഞ്ഞിട്ട് ഇപ്പോ വിളിച്ച എനിക്കായോ കുറ്റം.. വേണ്ട എണീക്കണ്ട പൊന്നുമോള് കെടന്നോ… ന്നിട്ട് അച്ഛാ ലേറ്റായി അതെവിടെ ഇതെവിടേന്നും ചോയ്ച്ചോണ്ട് പിറകെ വാ….. അയാൾ തിരിഞ്ഞതും അവൾ ചാടിയെഴുന്നേറ്റ് അയാളെ കെട്ടിപ്പിടിച്ചു.
ദേവേടെ പുന്നാര അച്ച്ചുണ്ണി പെണങ്ങിപ്പോവാണോ… അവൾ കൊഞ്ചി..
ആ,, അതെ….. അയാൾ അവളുടെ കൈ തട്ടിമാറ്റി.
അയ്യട, ഈ പെണക്കം മാറ്റാനേ ദേവയ്ക്കറിയാം കേട്ടോ… ന്റ ചക്കരയച്ചുണ്ണിക്ക് ഉമ്മ……….അതും പറഞ്ഞവൾ അയാളുടെ കവിളിൽ ചുണ്ടു ചേർത്തു.
കെട്ടിക്കാറായി ന്നിട്ടും പെണ്ണിന്റെ കൊഞ്ചല് മാറീട്ടില്ല…. ചിരിയോടെ അയാൾ പറഞ്ഞു.
അതേ…… മക്കൾക്ക് അച്ഛൻമാരെപ്പെഴും കൊഞ്ചിക്കാനുള്ളവരാ.. അവൾ ഗൗരവം വരുത്തി.
ഡയലോഗ് മതി, പോയി പല്ല് തേച്ചേച്ചും വാ….. കാപ്പി ദാ ഗ്ലാസിലൊഴിച്ച് വച്ചേക്കണു.
അയ്യേ…. ഇതെന്ത്.. കട്ടൻ കാപ്പിയോ? അറ്റ്ലീസ്റ്റ് ഒരു പാൽക്കാപ്പിയാണ് പ്രതീക്ഷിച്ചത്…
സാധാരണ പെമ്പിള്ളാരാ എണീറ്റ് ചായേം കൊണ്ട് വരിക, ഇവടെ നേരെ തിരിച്ചാ വല്ലതും വയറ്റിലോട്ട് പോണെങ്കി ബാക്കിയുള്ളോര് നേരത്തെ എണീറ്റ് അടുക്കളേ കേറണം…. എന്റെയൊരു വിധി അല്ലാതെന്താ…
ആറ്റു നോറ്റ് കിട്ടീത് പെങ്കൊച്ചാന്നറിഞ്ഞപ്പോ എല്ലാരും പറഞ്ഞു, ഇച്ചിരി ചെലവ് ണ്ട് ന്നാലും വീട്ടിലൊരു പെങ്കുട്ടിയുണ്ടെങ്കി ഒരാശ്വാസാന്ന്… നിന്റമ്മേം പറയുവാർന്നു ഇവള് വലുതായാ ന്റ പാതി കഷ്ടപ്പാട് മാറും രാവൂട്ട്യേട്ടാന്ന്…… ആ പൊന്നുങ്കുടമാണ് ദേ ഈ നിക്കണത്…
അതെന്ത് അച്ച്ചുണ്ണി പൊന്നുങ്കുടമെന്ന പറച്ചിലിലൊരു…. ഒരു….. ധ്വനി…… അവൾ ചുണ്ടു കൂർപ്പിച്ചു.
ഒരു ധ്വനിയുമില്ലേ…. ഇന്നാള് തെക്കേലെ നാണിത്തള്ള വന്ന് ലേശം പഞ്ചാര ചോയ്ച്ചപ്പോ ഉപ്പെടുത്ത് കൊടുത്ത മൊതലല്ലേ നീ….
ഒത്തിരിയങ്ങോട്ട് ആക്ഷേപിക്കണ്ട വേണംന്ന് വച്ചാ ദേവ അടുക്കളയൊരു കലവറയാക്കും ട്ടാ……
പിന്നേ പിന്നേ.. ഈ വീട്ടിലെ അടുക്കള എവിടാന്ന് കൂടി അറിയാത്തവളാ കലവറയാക്കുന്നത്,, ഒരു മയത്തിലൊക്കെ തള്ള് മോളേ…. ഒരു പരിധിയില്ലേ… അയാൾ ചിരിച്ചു.
ദേ രാവൂട്ടി വെറ് തെ രാവിലെ തന്നെ എന്നെ ദേഷ്യം പിടിപ്പിക്കര്ത് പറഞ്ഞേക്കാം…. ആ…… അല്ലെങ്കിലും ഞാനിത് കേൾക്കണം, എന്റമ്മേ ണ്ടാർന്നെങ്കി ഇതൊക്കെ കേൾക്കണ്ടായിരുന്നല്ലോ.. അമ്മമാര്ടെ സ്നേഹോന്നും അച്ഛൻമാർക്കില്ലാന്ന് പറയണത് നേര് തന്നാ…. പത്തച്ഛൻ ചമഞ്ഞാലും പെറ്റമ്മയാവൂല്ലന്നാണല്ലോ…… അവൾ ദീർഘനിശ്വാസത്തോടെ പറഞ്ഞു.
അൽപ്പനേരം കഴിഞ്ഞും ശബ്ദമില്ലാതായപ്പോൾ അവൾ ഓട്ടക്കണ്ണിട്ടയാളെ നോക്കി….. അത്രയും നേരത്തെ പ്രസന്നത മാഞ്ഞ മുഖവുമായി നിൽക്കുന്ന അച്ഛനെ കണ്ടതും അവളിലൊരു നോവുണർന്നു.
അച്ഛാ…….. അവൾ വിളിച്ചു…
വേഗം കുളിച്ച് വരാൻ നോക്ക് ദേവ, സമയം വൈകി….. പരുക്കനായി പറഞ്ഞു കൊണ്ട് അയാൾ മുറിയിൽ നിന്ന് പുറത്തേക്കു നടന്നു…. അതു കണ്ട് അവളുടെ മനസ്സു നൊന്തു.
പറഞ്ഞത് കൂടിപ്പോയി,, വേണ്ടായിരുന്നു…. അമ്മയില്ലാത്ത ഒരു കുറവും ഈ നിമിഷം വരെ വരുത്തിയിട്ടല്ല, കൈവെള്ളയിലിരുത്തി കൊണ്ടു നടക്കുകയായിരുന്നു ഇത്രയും വർഷം… ഒരു വയസു തികയും മുന്നേ അമ്മ മരിച്ച അന്നുതൊട്ട് സ്വന്തം ജീവിതമോർക്കാതെ തനിക്കു വേണ്ടി മാത്രമേ അച്ഛൻ ജീവിച്ചിട്ടുള്ളൂ… ഒരമ്മ എന്തൊക്കെ ചെയ്യുമോ അതെല്ലാം തനിക്കു വേണ്ടി ചെയ്തു തന്നിരുന്നു അച്ഛൻ.. കൈ പൊള്ളിയാലോ എന്നു പേടിച്ച് അടുക്കള വാതിൽക്കൽ പോലും കയറ്റാതെ ഊട്ടിയുറക്കി വളർത്തിയ അച്ഛന്റെ മനസ് നോവിക്കാൻ പാടില്ലായിരുന്നു… അവളുടെ മിഴികൾ നിറഞ്ഞു…
ആ നിമിഷമാണ് അവളുടെ ഫോൺ റിംഗ് ചെയ്തത്……
”അഭി”……
ഒരാന്തലോടെ അവളാ ഫോൺ കയ്യിലെടുത്തു..
“ഹലോ…… ദേവ….. “
അഭീ…….. അവൾ വിളിച്ചു.
നീയെപ്പഴാ എത്തുക, വൈകില്ലല്ലോ?
ഇന്ന് എനിക്ക് എക്സാം ഉണ്ട്…… അവൾ വിക്കി.
സോ വാട്ട്……. എന്തുണ്ടെങ്കിലും എനിക്കിന്ന് തന്നെ കണ്ടേ പറ്റൂ, ഇനിയിതിങ്ങനെ നീട്ടിക്കൊണ്ടുപോവാൻ പറ്റില്ല. നിനക്കറിയാലോ വീട്ടിൽ ഒരുപാട് പ്രഷർ ഉണ്ട് എനിക്ക്….
മറുതലയ്ക്കൽ നിന്നു കേട്ടതിന് അവളിലൊരു ഉത്തരമുണ്ടായില്ല..
ഒരു 9.30യ്ക്ക് ഞാൻ കോളേജിന് മുന്നിലുണ്ടാവും……
അഭീ ഞാൻ….. എനിക്ക് എക്സാം……. മുഴുവൻ പറഞ്ഞു തീരും മുൻപേ മറുവശത്ത് കോൾ കട്ടായത് അവളറിഞ്ഞു. തളർന്ന പോലെ അവൾ കട്ടിലിലേക്കിരുന്നു.
“അഭിജിത്ത് “….. തന്റെ സീനിയറായിരുന്നു, കോളേജിന്റ അപരിചിതത്വത്തിൽ നിന്ന് തന്നെ രക്ഷിച്ചത് അവനായിരുന്നു… കാണുമ്പോൾ ഒന്നോ രണ്ടോ വാക്ക്, ഒരു പുഞ്ചിരി…. പിന്നീടത് സൗഹൃദമായി.. എന്തും പറയാവുന്ന നല്ല സുഹൃത്ത്,, ഇടയ്ക്കെപ്പഴോ അതിനും ഒരു ചാഞ്ചാട്ടമുണ്ടായി മനസ്സുകൾ താളംതെറ്റി ഒരു നേരം കാണാതാവുമ്പോൾ ഹൃദയത്തിലൊരു പിടച്ചിലുണ്ടാവാൻ തുടങ്ങി…. പ്രണയം,, ചൂണ്ടക്കൊളുത്തു പോലെ വലിച്ചടുപ്പിക്കുകയായിരുന്നു.. ആരുമറിയാതെ ആവോളം പ്രണയിച്ചു, കോഴ്സ് തീർന്നതും സ്വന്തം ബിസിനസ്സിന്റെ തലപ്പത്തേക്ക് ചേക്കേറിയ അഭിയ്ക്ക് തന്റെ കോഴ്സ് തീരാൻ മാത്രമേ ക്ഷമയുണ്ടായിരുന്നുള്ളൂ.. വീട്ടിൽ അറിഞ്ഞാൽ ഭൂകമ്പം നടക്കുമെന്ന അവന്റെ വാക്കുകൾ തനിക്കും ആശങ്കയായിരുന്നു…. ഹൈ ക്ലാസ് ഫാമിലിയും ഒരു സാധാരണ പ്യൂണിന്റെ മകളും തമ്മിൽ ഒട്ടും ചേർച്ചയുണ്ടാവില്ല എന്നത് അറിഞ്ഞിട്ടും പിൻമാറാൻ അവൻ ഒരുക്കമല്ലായിരുന്നു. അതിന് അവൻ കണ്ടെത്തിയ വഴി തന്റെ ചങ്കിടിപ്പിക്കുന്നതായിരുന്നു…. ഒട്ടുമിക്ക പ്രണയവും പോലെ രജിസ്റ്റർ മാരേജ്…. ആദ്യമൊക്കെ എതിർത്തു, തനിക്കെങ്ങനെ കഴിയും? ഒന്നുമറിയാതെ മകളിപ്പോഴും പഴയ അഞ്ചു വയസ്സുകാരിയായി തന്നെ കൊണ്ടു നടക്കുന്ന ഒരച്ഛനോട് ചെയ്യുന്ന കടുത്ത ദ്രോഹമായിരിക്കും അത്.. പക്ഷേ അതിനു തയ്യാറല്ലെങ്കിൽ പിന്നെ അഭി തനിക്കില്ല… മറക്കേണ്ടി വരും ഇത്രനാളും ഒരുക്കൂട്ടിയ സ്വപ്നങ്ങളെല്ലാം….. തനിക്കതിന് കഴിയുമോ? അവനില്ലാത്ത ജീവിതം ആലോചിക്കാൻ കൂടി വയ്യ.
ഇന്ന് അവസാന ദിവസമാണ്, ജീവിതത്തിന്റെയും പരീക്ഷയുടേയും… ഒരു നെടുവീർപ്പോടെ അവൾ എഴുന്നേറ്റു..
**********************
മോളേ…… ഇതും കൂടി കഴിക്ക്,, പ്ലേറ്റിൽ നിന്ന് ഒരു കഷ്ണം ദോശ കൂടി നീട്ടി രാവൂട്ടി.
മതിയച്ഛാ….. അവൾ ചിണുങ്ങി.
ആവശ്യത്തിന് ആഹാരം ചെന്നില്ലെങ്കി ക്ലാസിലെങ്ങാനും തല കറങ്ങി വീഴും…. മര്യാദയ്ക്ക് കഴിക്ക്…. അയാൾ വീണ്ടും ദോശ നീട്ടി… അത് വാങ്ങിക്കഴിക്കുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞു…
ചമ്മന്തിക്ക് എരിവ് കൂടുതലായോ…… കണ്ണ് നെറഞ്ഞല്ലോ? അയാൾ വേവലാതിപ്പെട്ടു.
ഏയ് ഇല്ല, അച്ഛാ….. സോറീട്ടോ….. അവൾ പറഞ്ഞു.
സോറിയോ എന്തിന്?
രാവിലെ വിഷമിപ്പിച്ചേന്…..
ഓ…. അതാണോ,, നെന്നെ എനിക്കറിഞ്ഞൂടെ… അതൊക്കെ എപ്പഴേ ഞാൻ മറന്നു…. അച്ഛന്റെ കുട്ടി മിടുക്കിയായി പരീക്ഷയെഴുതിയേച്ചും വാ….. വൈകിട്ട് തൃപ്രങ്ങോട്ട് അമ്പലത്തി പൂജയുണ്ട് മോൾടെ പേരിൽ….. അയാൾ വാത്സല്യത്തോടെ അവളുടെ നെറുകിൽ തലോടി.
അവൾ നിറഞ്ഞ മിഴികൾ അയാൾ കാണാതെ തുടച്ച് അയാളെ നോക്കി പുഞ്ചിരിച്ചു .
********************
ബസ് കോളേജ് ജംഗ്ഷൻ എത്താറായതും അവളുടെ നെഞ്ചിടിപ്പ് കൂടി വന്നു… ബസ്സിറങ്ങിയതും അവൾ കണ്ടു ഗേറ്റിനു മുന്നിൽ നിർത്തിയിട്ട കാറിനു സമീപം അക്ഷമനായി നിൽക്കുന്ന അഭി.
“എന്താ ഇത്ര ലേറ്റ് ദേവ…… ഞാൻ പറഞ്ഞതല്ലേ 9.30ക്ക് തന്നെ വരണമെന്ന്.”
അവളെ കണ്ടപാടെ അവൻ ഒച്ചയെടുത്തു.
ട്രാഫിക്കുണ്ടായിരുന്നു അഭീ…… അതാ അവൾ വിളറിച്ചിരിച്ചു.
10 ന് രജിസ്റ്റർ ഓഫീസിലെത്തണം, ആരേലും പറഞ്ഞ് വീട്ടിലറിയണേനു മുൻപേ എല്ലാം നടക്കണം…. വേം വാ…. അവൻ തിടുക്കപ്പെട്ടു.
അപ്പോ എക്സാമോ അഭി? ഇന്ന് ലാസ്റ്റാണ്…. അവൾ വേവലാതിയോടെ ചോദിച്ചു.
എക്സാം 10 നല്ലേ? അപ്പഴേക്കും എത്താം… ഇനി അതല്ല വൈകിയാലും ഡോണ്ട് കെയർ ഒരു പേപ്പറല്ലേ അത് പിന്നീടായാലും എഴുതിയെടുക്കാം…
അഭീ……. പ്ലീസ് എക്സാം കഴിഞ്ഞിട്ട്…… .
ഓ…. അപ്പോ നിനക്ക് എക്സാമാണ് വലുത് അല്ലേ? ഇംപോർട്ടന്റ് ആയ തിരക്കുകൾ എല്ലാം മാറ്റി വച്ചാ ഞാനീ നിൽക്കുന്നത്… ഇത് ആഫ്റ്റർ ഓൾ ഒരു എക്സാം മാത്രമല്ലേ…. ജയിച്ചാലും കിട്ടുന്ന സർട്ടിഫിക്കറ്റ് ഷോകേസിൽ ഭദ്രമായി വയ്ക്കാൻ മാത്രമുള്ള കടലാസ്….. ഇതിന് പാസായി കിട്ടുന്ന ജോലി കൊണ്ട് വേണ്ട നമുക്ക് ജീവിക്കാൻ… നിന്റച്ഛന് കിട്ടുന്നതിന്റെ നൂറു മടങ്ങാ അഭിജിത്തിന്റെ മാസവരുമാനം….. വാ…. കേറ്….. ഡോർ തുറന്നു പിടിച്ച അവന്റെ സ്വരത്തിൽ പുച്ഛം നിഴലിട്ടിരുന്നു.
എന്തുകൊണ്ടോഅവൾക്കവന്റെ വാക്കുകൾ നെഞ്ചിൽ കൊളുത്തി വലിച്ചു…. ഒരു നിമിഷം അവളുടെ കൺമുന്നിൽ തനിക്കു വേണ്ടി നെട്ടോട്ടമോടുന്ന അച്ഛന്റെ രൂപം തെളിഞ്ഞു…. എണ്ണിത്തിട്ടപ്പെടുത്തി കിട്ടുന്ന നോട്ടുകൾ കൊണ്ട് മകളെ രാജകുമാരിയെപ്പോലെ വളർത്തിക്കൊണ്ടുവന്ന ഒരച്ഛന്റെ പുഞ്ചിരി…..
ദീർഘമായി നിശ്വസിച്ചു കൊണ്ടവൾ മെല്ലെ തുറന്നു പിടിച്ച കാറിന്റെ ഡോർ വലിച്ചടച്ചു…
ഇല്ല, അഭി…… ഞാൻ വരുന്നില്ല… അവളുടെ സ്വരം ദൃഢമായിരുന്നു.
“ദേവ…. എന്ത് നോൺ സെൻസാ താനീ പറയുന്നേ……” അഭിയിലൊരു ഞെട്ടലുണ്ടായി.
സെൻസിൽ തന്നെയാ അഭീ പറഞ്ഞത് ഞാൻ വരുന്നില്ല എന്ന്…. അങ്ങോട്ട് കാശ് കൊടുത്ത് നേടിയെടുത്ത സർട്ടിഫിക്കറ്റിന് കടലാസിന്റെ വിലയേ നിനക്ക് കാണാൻ പറ്റൂ, പക്ഷേ എനിക്കങ്ങനെയല്ല… സ്വന്തം രക്തമൂറ്റി പഠിപ്പിച്ച് നേടി തരുന്നതാ ആ കടലാസ്…. അതിനെനിക്ക് എന്റച്ഛന്റെ ജീവന്റെ വിലയാ…
നീയില്ലാതെ പറ്റില്ല എന്ന് തോന്നിയ നിമിഷം ഞാൻ സമ്മതിച്ചതാണ് രജിസ്റ്റർ വിവാഹത്തിന്… പക്ഷേ…. ഞാനില്ലാതെ എന്റച്ഛൻ എങ്ങനെ ജീവിക്കുമെന്ന് ഞാനാലോചിച്ചിരുന്നില്ല. ഈ നിമിഷം അതോർക്കുമ്പോൾ എന്റെ മനസ്സിന്റ തുലാസിൽ നിന്റെ സ്ഥാനം വളരെ വളരെ താഴെയാ…. ഇഷ്ട കുറവുകൊണ്ടല്ല… അച്ഛനെന്ന സ്നേഹക്കടലിന്റെ തൂക്കക്കൂടുതൽ കൊണ്ട്…
നീയില്ലാതെ എനിക്കിപ്പഴും പറ്റില്ല, പക്ഷേ എന്റച്ഛനെ നോവിച്ചുകൊണ്ട്, ആ വിയർപ്പിനെ കുടഞ്ഞെറിയാൻ ഞാൻ തയ്യാറല്ല അഭീ….
കിതപ്പോടെയാണ് അവൾ പറഞ്ഞു നിർത്തിയത്.
അവനും വാക്കുകളുണ്ടായിരുന്നില്ല…
“നിനക്ക് എന്നെ വേണമെന്ന് ഇനിയും തോന്നുകയാണെങ്കിൽ എന്റെ വീടിന്റെ വാതിൽ തുറന്നു കിടപ്പുണ്ടാവും, അവിടെ ആർഭാടങ്ങളൊന്നുമില്ലാത്ത സ്നേഹം മാത്രം നെഞ്ചിൽ സൂക്ഷിക്കുന്ന ഒരച്ഛനും…. ആ മനസ് സമ്മതിച്ചാൽ ഞാൻ വരാം എവിടേക്ക് വേണമെങ്കിലും…. അതു വരെ ദേവയ്ക്ക് ഇതാണ് ശരി. “
അടിവരയിട്ടുറപ്പിച്ച മട്ടിൽ അതും പറഞ്ഞവൾ കോളേജ് ഗേറ്റിനുള്ളിലേക്ക് നടന്നു, തന്നെ തന്നെ നോക്കി നിന്ന അവന്റെ മിഴികളെ അവഗണിച്ചു കൊണ്ട്….