എഴുത്ത്:-ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ
പത്ത് വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനാണ് എനിക്ക്. പേര് ടോംസ്. അവന്റെ ജീവിതം സന്തോഷകരമാക്കാൻ ഞാൻ എന്തും ചെയ്യുമായിരുന്നു. എന്തിനുമെന്നോണം അവന്റെ അച്ഛനും കൂടെയുണ്ട്.
സാമ്പത്തികമായ ചുറ്റുപാടുള്ളതുകൊണ്ട് മോന്റെ ജീവിതം ഏറെ മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ, കാത്രിൻ മൈജയെന്ന ഫ്രഞ്ച് സ്ത്രീയുടെ ഷോകൾ കണ്ട് തുടങ്ങിയതിൽ പിന്നെ ടോംസ് ആകെ മാറിപ്പോയി…
‘അമ്മക്ക് കാത്രിൻ മൈജയെ അറിയോ..?’ അന്ന് ടോംസ് ചോദിച്ചു.
“അറിയാം… ദ ഗ്രേറ്റ് മജീഷ്യ.. ” ഞാൻ പറഞ്ഞു. അവന് സന്തോഷമായി. പിന്നീട് ടോംസിന് പറയാനുണ്ടായിരുന്നത് ആ സ്ത്രീയുടെ ഷോ നേരിട്ട് കാണണമെന്നായിരുന്നു. മാജിക്ക് കണ്ടാൽ പോരെയെന്ന് ഞാനും ചോദിച്ചു. ആ ചോദ്യം എന്നിൽ ഇറങ്ങിച്ചെന്ന്, പിരിഞ്ഞുപോയെന്ന് കരുതിയ എന്റെ മറ്റൊരു ലോകത്തെ മുന്നിലേക്ക് തിരിച്ച് വെക്കുകയായിരുന്നു…
ഞാൻ ടോംസുമായി ലൈബ്രറി മുറിയിലേക്ക് പോയി. അവിടുത്തെ അലമാരയിൽ നിന്ന് വൃദ്ധനായ ഒരു കനേഡിയൻ പൗരന്റെ ചിത്രം അവന് കൊടുത്തു. കൂടെ ചില പത്ര കുറിപ്പുകളും
‘അമ്മാ… വൂ ഈസ് ദിസ് ലെജൻഡ് മജീഷ്യൻ…?’
“യുർ ഗ്രാൻഡ്പാ..”
അതുകേട്ടപ്പോൾ ടോംസ് ആശ്ചര്യപ്പെട്ടു. പ്രശസ്തനായ ഹംഗേറിയൻ ജാലവിദ്യക്കാരനായ ഹാരി ഹൗഡിനിയുടെ ശിഷ്യനായിരുന്നു അദ്ദേഹമെന്ന് ഞാൻ പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു. ആൽബത്തിൽ നിന്നും മറ്റൊരു ഫോട്ടോകൂടി കാണിച്ചപ്പോൾ ടോംസ് അന്തം വിട്ടുപോയി..
‘അമ്മാ… ഡു യു നോ മാജിക്…?’
എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. എന്റെ ഉള്ള് പുറകിലോട്ട് സഞ്ചരിക്കുകയായിരുന്നു. അപ്പൂപ്പന്റെ ശിഷ്യയായിരുന്നു ഞാൻ. സ്കൂളിലും കോളേജിലെല്ലാം ഒട്ടനവധി തവണ പെർഫോമൻസ് ചെയ്തിട്ടുമുണ്ട്. ആ മാന്ത്രികലോകത്ത് അന്ന് എനിക്ക് വളരേയധികം സന്തോഷം അനുഭവപ്പെട്ടിരുന്നു…
സ്വതന്ത്രയായി ഷോ ചെയ്യാൻ അവസരം കിട്ടിയ ആദ്യ വർഷം ഞാൻ കുറച്ചൊക്കെ ശ്രദ്ധിക്കപ്പെട്ടതാണ്. പക്ഷേ, പിന്നീടുള്ള വർഷങ്ങളിൽ സംഭവിച്ചതെല്ലാം എനിക്ക് പ്രതികൂലമായിരുന്നു. എന്റെ വിദ്യകൾക്ക് പുതുമയില്ലെന്ന കാരണം പറഞ്ഞ് കാണികൾ കണ്ണുകൾ അടച്ചു.
എന്റെ ശ്വാസം മന്ത്രികങ്ങളിൽ ആയതുകൊണ്ട് തന്നെ എനിക്കത് സഹിക്കാൻ പറ്റിയില്ല. ആ കാര്യം കൃത്യമായി അറിയുന്നത് കൊണ്ട് മരിക്കുന്നത് വരെ എന്റെ മാതാപിതാക്കൾ എന്നെ പ്രോത്സാഹിപ്പിച്ചിരുന്നു. വിവാഹശേഷവും കൺകെട്ടിന്റെ ലോകത്തിലേക്കുള്ള എന്റെ യാത്രയിൽ യാതൊരു തടസ്സവും വന്നില്ല.
ശ്യൂനതയിൽ നിന്ന് ഞാൻ ആപ്പിൾ എടുക്കാറുണ്ട്. പാലിനെ വെള്ളമാക്കാനും തൊപ്പിയിൽ നിന്ന് പ്രാവിനെ എടുക്കാനും എനിക്ക് നിക്ഷ്പ്രയാസം സാധിക്കും. അങ്ങനെ എല്ലാവരും ചെയ്യുന്ന ഒട്ടുമിക്ക ഗിമിക്കുകളും എന്റെ കയ്യിൽ ഭദ്രമാണ്. പക്ഷേ, പെർഫോമൻസ് ചെയ്യാൻ തുടങ്ങിയിട്ട് വർഷങ്ങൾ മൂന്ന് കഴിഞ്ഞിട്ടും സ്വന്തമായി എനിക്കൊരു കൺകെട്ട് വിദ്യ രൂപകൽപ്പന ചെയ്യാൻ സാധിച്ചില്ല. അതുകൊണ്ട് തന്നെ ഞാൻ ഒരു പരാജയപ്പെട്ട ജാലവിദ്യക്കാരിയായി മാറി.
അന്ന്, ലോകത്തിലെ ഒരു മജീഷ്യനും ചെയ്യാത്ത ഒരു ഇനവുമായാണ് ഞാൻ സ്റ്റേജിലേക്ക് കയറിയത്. പരിശീലിക്കുമ്പോൾ വിജയകരമായിരുന്നിട്ടും, ആസ്വാദകർ കാൺകെ അത് പരാജയപ്പെട്ടു. കാത് പൊട്ടുന്ന കൂവലുകളുമായാണ് ഞാനന്ന് വീട്ടിലേക്ക് എത്തിയത്…
ഭർത്താവ് എന്നെയന്ന് ഉപദേശിക്കുകയും ഏറെ അശ്വസിപ്പിക്കുകയും ചെയ്തു. പണത്തിന് വേണ്ടിയല്ല ഞാൻ ജാലവിദ്യകൾ കാണിക്കുന്നത്. തികച്ചും ശാസ്ത്രീയമായ രീതിയിൽ കാണികളിൽ മിഥ്യാധാരണകൾ സൃഷ്ടിക്കണം. എന്ത് തന്ത്രമാണ് ഞാൻ ചെയ്തതെന്ന് ആർക്കും മനസിലാകാനും പാടില്ല. അത്തരം അമാനുഷികമായ പ്രവൃത്തികളിലൂടെ പ്രേക്ഷകവൃന്ദത്തെ ആസ്വദിപ്പിക്കുമ്പോൾഎന്റെ ജീവന് വല്ലാത്തയൊരു ആവേശമാണ്…
എനിക്ക് പിന്തിരിയാൻ സാധിച്ചില്ല. തോറ്റുപോയ ഇനം ഞാൻ വീണ്ടും പരിശീലിച്ചു. കാണികൾ കണ്ടുനിൽക്കെ ഒരു പനിനീർ കമ്പ് എന്റെ കൈയ്യിൽ നിന്ന് മുളക്കണം. അതിൽ ഇലകളും മൊട്ടുകളും പൂക്കളും വിരിയണം. എന്റെ ഇന്ദ്രജാലം കാണുന്ന കണ്ണുകളെല്ലാം ആശ്ചര്യപ്പെടണം. ആ നൊടിയിൽ ഞാൻ അപ്രത്യക്ഷമാകുകയും കൂടി ചെയ്‌താൽ എന്തായിരിക്കും വേദിയിൽ…!
ആ നേരം എന്നിൽ കൊള്ളുന്ന സംതൃപ്തിയിലാണ് എന്റെ ജീവിതത്തിന്റെ ശ്വാസമെന്ന് എനിക്ക് തോന്നി. സാവധാനം മതിയെന്ന് ഞാനും തീരുമാനിച്ചു. ആയിടക്കാണ് ടോംസ് വരുന്നെന്ന് പറഞ്ഞുകൊണ്ട് എന്റെ മാസമുറ തെറ്റിയത്. ഒരു കുഞ്ഞ് വന്നാലും എന്റെ മായാലോകത്തിന് യാതൊരു പരിക്കുകളും സംഭവിക്കില്ലെന്ന് കരുതിയ എനിക്ക് തെറ്റുകയായിരുന്നു…
ടോംസ്…! അവന്റെ വൈകല്ല്യം മറ്റൊന്നിനും എന്നെ അനുവദിച്ചില്ല. അല്ലെങ്കിൽ, അവനെ പരിഗണിക്കാൻ പറ്റാത്ത ഒരു വിഷയങ്ങൾക്കും ഞാൻ വഴങ്ങിയില്ല. എങ്ങനെ ചിന്തിച്ചാലും എന്റെ ജീവൻ ഇന്ന് പൊന്നുമോൻ ടോംസിന്റെ ചങ്കിലാണ്…
‘അമ്മാ… ഡു യു നോ മാജിക്…?’ അവൻ വീണ്ടും ചോദിച്ചു.
‘യെസ്.. ഐ ഡു…!’ ഓർമ്മകളിൽ നിന്ന് കണ്ണെടുക്കാതെ ഞാൻ പറഞ്ഞു.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധം ആഹ്ലാദത്തോടെ തന്റെ മൂവിംഗ് ചെയറിൽ ടോംസ് എന്റെ അടുത്തേക്ക് വന്നു. വയറിൽ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മയുടെ മാജിക് തനിക്ക് കാണണമെന്നും പറഞ്ഞു. താഴിട്ട് പൂട്ടിയ കൺകെട്ട് കോപ്പുകൾ അടുക്കിപ്പെറുക്കി വെച്ച മുറിയിലേക്ക് അവനുമായി ഞാൻ ചലിച്ചു.
കതക് തുറന്ന് അകത്തേക്ക് കയറിയപ്പോൾ കാണികളുടെ കയ്യടികൾ കാതുകളിൽ മുഴങ്ങുന്നതുപോലെ. വല്ലപ്പോഴും പൊടി കളയാൻ വരുമ്പോഴൊന്നും അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഏറെ അതിശയോക്തിയോടെ ടോംസും എല്ലാം നോക്കി കാണുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകളെ വികസിപ്പിക്കാൻ പാകം ഒന്നുരണ്ട് ഗിമിക്കുകൾ ഞാൻ കാണിച്ചു. മോന്റെ സന്തോഷ പ്രകടനം കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയി. ആനന്ദകണ്ണീരെന്ന് കേട്ടിട്ടുണ്ടെന്ന് അല്ലാതെ അതുവരെ എന്റെ ജീവനിൽ അങ്ങനെയൊരു അനുഭൂതി കൊണ്ടിട്ടുണ്ടായിരുന്നില്ല…
ആ രാത്രിയിൽ, കാത്രിൻ മൈജയെ പോലെ അമ്മയും ഷോകൾ നടത്തണമെന്ന് ടോംസ് പറഞ്ഞു. പണ്ടേക്ക് പണ്ടേ ഉള്ളിൽ ഉണങ്ങിപ്പോയ ആ പനിനീർ കമ്പിൽ ഇലമുളക്കുന്നത് പോലെ..! പൂ പിടിക്കുന്നത് പോലെ…! എല്ലാവരും കണ്ടുനിൽക്കെ ഞാൻ അപ്രത്യക്ഷമാകുന്നത് പോലെ…!
എന്റെ മഹേന്ദ്രജാലത്തിന്റെ ലോകത്തിന് വർഷങ്ങൾക്ക് ശേഷം വീണ്ടും ജീവൻ വെച്ചിരിക്കുന്നു. അത് പൊന്നുമോൻ ടോംസിലൂടെ ആയതുകൊണ്ട് ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തയൊരു നിർവൃതിയുണ്ട്. ഞാൻ സജ്ജമായി. അവന്റെ സാന്നിധ്യത്തിൽ പരിശീലനവും ആരംഭിച്ചു. പക്ഷേ, ഒരു ഷോ ചെയ്യാൻ ആരാണ് എന്നെ വിളിക്കുക. ഞാൻ ഒരിക്കൽ തോറ്റ് പോയവൾ അല്ലേ…!
പരിഹാസങ്ങളിൽ കുതിർന്നുപോയ ജീവനുമായി പിൻവലിഞ്ഞ അവസാനവേദി ഓർമ്മയിലേക്ക് തികട്ടി വന്നു. സ്റ്റേജിൽ പരാജയപ്പെട്ടുപോയ കലാകാരൻമാർക്ക് വീണ്ടും അവസരങ്ങൾ ലോകം കൊടുക്കാറില്ല… എന്തുതന്നെ ആയാലും ഇന്നേവരെ ആരും കാണാത്ത എന്റെ ഇനവുമായി എനിക്ക് ഷോ ചെയ്യണം. പണം മുടക്കി ചെയ്യുക തന്നെ…
മാന്ത്രിക വിദ്യകൾ ചെയ്ത് മനുഷ്യരെ അത്ഭുതപ്പെടുത്തുന്ന മാജിക്കുകാർക്ക് അടിസ്ഥാനമായി വേണ്ടത് കൈയ്യടക്കവും , കൈവേഗതയുമാണ്. കൂടാതെ തന്നിലേക്ക് തുറന്നുപിടിച്ചാൽ തറക്കുന്ന കണ്ണുകൾ ഉള്ളവർക്കേ മായാജാലത്തിന്റെ മണ്ണിൽ വേര് ഉറക്കുകയുള്ളൂ…
എല്ലാം ഒരുങ്ങി. ഷോയുടെ തീയതിയും തീരുമാനിച്ചു. ‘ദ മിസ്സിംഗ് റോസ് ‘ എന്ന എന്റെ പ്രോഗ്രാം പരസ്യത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ സ്വീകാര്യത ലഭിച്ചു. ഒരേയൊരു ആഴ്ച്ചകൊണ്ട് മുഴുവൻ സീറ്റുകളും ബുക്ക് ചെയ്യപ്പെട്ടു. ആ നാളിലേക്ക് അടുക്കുന്തോറും എന്റെ ഹൃദയം വെപ്രാളപ്പെടുന്നുണ്ടായിരുന്നു. എന്റെ മകന്റേത് അടക്കം ഉൾപ്പെടുന്ന കണ്ണുകൾക്ക് മുമ്പിൽ ഒരുതവണ കൂടി തോൽക്കേണ്ടി വന്നാലുള്ള അവസ്ഥ എനിക്ക് ഓർക്കാൻ വയ്യ…
‘അമ്മാ… വൈ യു ആർ സോ അപ്സെറ്… പ്രാക്ടീസ് എഗൈൻ ആൻഡ് എഗൈൻ റ്റിൽ യുർ വിക്റ്ററി.. യു ആർ ദ ബെസ്റ്റ്..’
ടോംസ് അങ്ങനെ പറഞ്ഞപ്പോൾ വല്ലാത്തയൊരു ധൈര്യം എനിക്ക് അനുഭവപ്പെട്ടു. കൃത്യമായ ചില ലക്ഷ്യങ്ങളിലേക്കുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് ആ വ്യക്തി തോറ്റുപോയെന്ന് അർത്ഥമില്ല. എന്റെ കാണികളെ അമ്പരപ്പെടുത്താൻ എനിക്ക് തീർച്ചയായിട്ടും സാധിക്കും.. പനിനീർ കമ്പിൽ ഇലകൾ മുളക്കും. മൊട്ടുപൊട്ടി പൂക്കൾ വിടരും. നിന്ന നിൽപ്പിൽ ഞാൻ അപ്രത്യക്ഷമാകും. തീർന്നില്ല.. ഞാൻ ഒഴിഞ്ഞുപോയ സ്റ്റേജിന്റെ സ്ഥാനത്ത് എന്റെ മോൻ പ്രത്യക്ഷപ്പെടണം…!
‘ആർ യു റെഡി..!?’
എല്ലാം കേട്ടുകൊണ്ടിരുന്ന ടോംസിനോട് ഞാൻ ചോദിച്ചു. തനിക്ക് പറ്റുമെന്ന് അമ്മയ്ക്ക് ഉറപ്പുണ്ടെങ്കിൽ അതേയെന്ന് അവൻ പറഞ്ഞു. ഒരു കൺകെട്ടിലൂടെ ലോകം കീഴടക്കാൻ മകന്റെ കയ്യും പിടിച്ച് ഞാൻ അവസാനത്തെ റിഹേഴ്സലിലേക്ക് ചുവട് വെച്ചു. മൈൻഡ് ബ്ലോയിങ് പെർഫോമൻസ് ആയിരുന്നുവെന്ന് പറഞ്ഞ് ഭർത്താവ് നിർത്താതെ കൈ അടിക്കുകയായിരുന്നു..
അങ്ങനെ ആ നാൾ ഞങ്ങളെ സ്വാഗതം ചെയ്തു. അര മണിക്കൂറിനുള്ളിൽ ഷോ തുടങ്ങണം. കർട്ടൻ വീണ സ്റ്റേജിൽ ഞാൻ എല്ലാം ഒരുക്കി വെച്ചു. ടോംസിനെ സ്റ്റേജിന്റെ മുകളിലെ കോറിഡോറിൽ തയ്യാറാക്കി ഇരുത്തി. അമ്മയുണ്ടെന്ന ധൈര്യം കൊടുക്കാൻ തുനിഞ്ഞ എന്നോട് ഒന്നുകൊണ്ടും പേടിക്കേണ്ടായെന്ന് അവൻ പറഞ്ഞു.
‘അമ്മാ… യുർ ആർ ദ ബെസ്റ്റ്..’
ടോംസ് വീണ്ടും ശബ്ദിച്ചു. അതിൽ പരം ഒരു ധൈര്യം എനിക്ക് വരാനില്ല. കർട്ടൻ മേലേക്ക് ഉയർന്നു. ‘ദ മിസ്സിംഗ് റോസ്’ കാണാൻ എത്തിയവരോട് ഞാൻ സംസാരിച്ചു. പത്തുവർഷം മുമ്പ് പരാജയപ്പെട്ടുപോയ കഥയും ഞാൻ പറഞ്ഞു. മറന്നതെല്ലാം പ്രേക്ഷകരെ ഓർമ്മിപ്പിച്ചപ്പോൾ തോറ്റുപോയവളുടെ ചരിത്രം ആവർത്തിക്കുമോയെന്ന് ആരൊക്കെയോ നീട്ടി ചോദിക്കുന്നുണ്ടായിരുന്നു. നമുക്ക് നോക്കാമെന്ന് പറഞ്ഞ് ഞാൻ എന്റെ മാന്ത്രിക വിദ്യകളിലേക്ക് കടന്നു.
ഭാഷയ്ക്കും വർഗ്ഗത്തിനും അതീതമായി ഏത് മനുഷ്യനേയും രസിപ്പിക്കുകയും ആന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നൊരു കലയാണ് ജാലവിദ്യ. ഞാൻ പ്രദർശിപ്പിച്ചതൊക്കെ കലഹരണപ്പെട്ടവയാണെന്ന് പറഞ്ഞ് ചിലർ കൂവി. പ്രധാന ഇനമായ ‘ദ മിസ്സിംഗ് റോസ്’ ആരംഭിക്കാൻ കാണികൾ ധൃതി വെച്ചു. ഞാൻ സജ്ജമായി. പ്രാർത്ഥിക്കുന്നത് പോലെ മേലേക്ക് നോക്കിയപ്പോൾ ടോംസും പുഞ്ചിരിയോടെ തന്റെ ചെയറിൽ സജ്ജമായിരുന്നു…
‘ഇതൊരു വേരില്ലാത്ത പനിനീർ കമ്പാണ്… ഇനിയെന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ തന്നെ കണ്ടോളൂ… കണ്ണടക്കരുത്… കണ്ടതെല്ലാം കാണാതെ പോകാൻ നിമിഷങ്ങൾ മാത്രം. കാണാത്തത് കണ്ടെന്ന് വരുത്താനും നിമിഷങ്ങൾ മാത്രം..’
പറഞ്ഞ് തീർന്നപ്പോഴേക്കും കമ്പിൽ മൂന്ന് ഇലകൾ മുളച്ചു. പ്രത്യേകതരം തയ്യാറാക്കിയ ജാലവിദ്യയുടെ ബെൽബട്ടൺ കോട്ടിൽ നിന്നും നൊടിയിടയിൽ ഞാൻ മൂന്നാമത്തെ കമ്പ് കാണികളുടെ കണ്ണിലേക്കും എത്തിച്ചു. ഇലകൾക്ക് പിന്നാലെ മൊട്ടുപൊട്ടി പനിനീർ പൂക്കൾ വിടർന്നപ്പോൾ കണ്ട കണ്ണുകളെല്ലാം അമ്പരന്നു. അവർ താനേ കയ്യടിച്ചുപോയി…
ആത്മ നിർവൃതിയോടെ ഒരു മുഖാവരണം ഞാൻ അണിഞ്ഞു. തുടർന്ന് ചുറ്റിവെച്ച കറുത്ത തുണിയെടുത്ത് ഞാൻ എന്നെ പുതക്കുകയായിരുന്നു. നേരത്തേ ട്രിഗർ ചെയ്ത് വെച്ച ഹൈഡ്രോളിക് ലിഫ്റ്റിംഗ് മെഷീനിൽ കാൽകൊണ്ട് അമർത്തിയപ്പോൾ നിന്ന നിൽപ്പിൽ ഞാൻ സ്റ്റേജിൽ നിന്ന് ഉയർന്നു. കർട്ടന്റെ മുകളിലേക്ക് പ്രത്യേക രൂപത്തോടെ ഉയർന്ന് പൊങ്ങുന്ന കറുത്ത തുണിയെ കാണികൾ കണ്ണെടുക്കാതെ നോക്കുന്നുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു…
കോറിഡോറിലേക്ക് ഞാൻ എത്തിയതും, ഉയർന്ന് പൊങ്ങിയ തുണിയുടെ മറവിലേക്ക് ചെയറോടെ ടോംസ് നീങ്ങി. ഞാൻ അവനെ നിമിഷങ്ങൾക്കുള്ളിൽ ഭദ്രമായി താഴേക്ക് എത്തിച്ചു. സ്റ്റേജോളം ഉയർന്ന തുണിയുടെ മറവിൽ എന്തുസംഭവിക്കുന്നുവെന്ന് മനസിലാകാതെ ആസ്വാദകർ കണ്ണുകൾ മിഴിച്ചിരിക്കുകയാണ്.
അവരെക്കൊണ്ട് എഴുന്നേറ്റ് നിന്ന് കയ്യടിപ്പിക്കുന്ന വിധത്തിൽ ആയിരുന്നു തുണി കുഴഞ്ഞ് വീണതും, അതിൽ നിന്ന് ടോംസ് പുറത്തേക്ക് വന്നതും…!
ഇതെന്തൊരു മറിമായമെന്ന് ഭാവിച്ചുകൊണ്ട് വേദിയിയിൽ ആരവം ഉയർന്നു. അത് എന്റെ കാതുകളിൽ ആത്മവിശ്വാസത്തിന്റെ ഊർജ്ജം പോലെ കൊള്ളുന്നുണ്ടായിരുന്നു. ടോംസിന്റെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണുകൾ വീണ്ടും നനഞ്ഞുപോയി..
ആത്മാർത്ഥമായി ആഗ്രഹിച്ചാൽ മനുഷ്യർ തങ്ങളുടെ ആഗ്രഹങ്ങളിലേക്ക് തന്നെ ഒരുനാൾ മറിഞ്ഞുവീഴുമെന്ന് പറയുന്നത് എത്ര ശരിയാണ്. നിറഞ്ഞ കൈയ്യടികളോടെ കർട്ടൻ വീണു. അമേസിങ് പെർഫോമൻസെന്ന വാചകവുമായി അപ്പോഴേക്കും കാണികൾ വേദിയിൽ നിന്ന് ഇറങ്ങി തുടങ്ങിയിരുന്നു…
ഞാൻ ടോംസിന്റെ അടുത്തേക്ക് ധൃതിയിൽ ചലിച്ചു. പുഞ്ചിരിച്ച മുഖവുമായി അവൻ ആ നേരം കരയുകയായിരുന്നു. സന്തോഷത്തിന്റെ ഏങ്ങലോടെ അവൻ എന്നെ ചുറ്റിപ്പിടിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു. ഓൺ ചെയ്ത് വെച്ചിരുന്ന മൈക്കിൽ തട്ടി ടോംസിന്റെ ആ ശബ്ദം കെട്ടിടം മുഴുവൻ മുഴങ്ങി. ഇതുപോലെയൊരു പുണ്ണ്യത്തെ മകനായി ലഭിച്ചതിൽ മനം നിറഞ്ഞ് നിൽക്കുന്ന എന്റെ കാതുകളിലുമത് വീണു..
‘അമ്മാ.. യു ആർ ദ ബെസ്റ്റ്…!!!’