Story written by Saji Thaiparambu
സുലോചനയ്ക്ക് കിടന്നിട്ട് ഉറക്കം വന്നില്ല, നാളെയാണ് അവരുടെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം.
ഇത് വരെയുള്ള തൻ്റെയും മക്കളുടെയും ആവശ്യങ്ങളൊക്കെ നിറവേറി യിരുന്നത്, ഒന്നാം തീയതി കൃത്യമായി അക്കൗണ്ടിൽ വന്ന് വീഴുന്ന സാലറിയെ ആശ്രയിച്ചായിരുന്നെന്ന്, ആശങ്കയോടെ അവരോർത്തു.
ഇനി മുതൽ, ഒന്നാം തിയതി കിട്ടിക്കൊണ്ടിരിക്കുന്ന ശബ്ബളം, പെൻഷനെന്ന് പേര് മാറ്റി മൂന്നാം തീയതിയോ ,നാലാം തീയതിയോ അക്കൗണ്ടിൽ വരികയുള്ളു ,നിലവിൽ കിട്ടിക്കൊണ്ടിരിക്കുന്ന അഞ്ചക്കശബ്ബളം ലോപിച്ച്, നാലക്കമുള്ള പെൻഷനായി മാറുമ്പോൾ ,തൻ്റെ കുടുംബ ബഡ്ജറ്റ് കൂപ്പ് കുത്തി വീഴുമെന്നും, തൻ്റെയും മക്കളുടെയും ജീവിതത്തിൻ്റെ താളം തെറ്റുമെന്നും അവർ ഭയന്നു.
മൂത്തവളെ കെട്ടിച്ചയക്കാൻ, ധനകാര്യ സ്ഥാപനത്തിൽ നിന്ന് പിടിച്ച ലേല ച്ചിട്ടിയുടെ അടവ് എങ്ങുമെത്തിയിട്ടില്ല ,ഇളയവൾക്ക് ഹയർ സ്റ്റഡീസിനായി കോഓപറേറ്റീവ് സൊസൈറ്റിയിൽ നിന്ന് വാങ്ങിയ ലോണും പകുതിയോളം അടയ്ക്കാനുണ്ട്, സർവീസ് കുറവായതിനാൽ, കയ്യിൽ കിട്ടാൻ പോകുന്ന കുറഞ്ഞ പെൻഷൻ തുക കൊണ്ട്, വീട്ട് ചെലവുകൾ പോലും കഷ്ടിച്ചേ നടന്ന് പോകു എന്നവർക്ക് നന്നായറിയാം
എന്ത് ചെയ്യുമെന്നറിയാതെ സുലോചന കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു
എന്താ അമ്മേ … ഉറക്കം വരുന്നില്ല അല്ലേ?
അമ്മ പ്രകടിപ്പിക്കുന്ന ശാരീരികാസ്വാസ്ഥ്യം അടുത്ത് കിടക്കുന്ന ഇളയ മകൾ സൗമ്യ കാണുന്നുണ്ടായിരുന്നു
ഇല്ല മോളേ … അമ്മയ്ക്കിനി ഉടനെയൊന്നും ഉറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല അടുത്ത മാസം മുതലുള്ള ചിലവുകളൊക്കെ എങ്ങനെ മാനേജ് ചെയ്യുമെന്ന് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല
എനിക്കറിയാം അമ്മേ അടുത്ത മാസം മുതൽ അമ്മയുടെ വരുമാനം നാലിലൊന്നായി കുറയുമെന്നും, രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി അമ്മ വല്ലാതെ കഷ്ടപ്പെടുമെന്നും ,അത് കൊണ്ട് ഞാനൊരു തീരുമാനമെടുത്തു, നാളെ കഴിഞ്ഞ്, ഞാനൊരു ജോലി അന്വേഷിച്ചിറങ്ങാൻ പോകുവാ, ഏതെങ്കിലുമൊരു പ്രൈവറ്റ് സ്ഥാപനത്തിൻ, വല്ല ജോലിയും കിട്ടുമോയെന്ന് നോക്കാം, കുറഞ്ഞ ശബ്ബളമാണെങ്കിലും, അമ്മയെ എനിക്ക് അത്രയെങ്കിലും സപ്പോർട്ട് ചെയ്യാമല്ലോ?
അത് വേണ്ട മോളേ… അമ്മ ഇത്രനാളും കഷ്ടപ്പെട്ടത്, നിങ്ങളുടെ നല്ല ഭാവിക്ക് വേണ്ടിയായിരുന്നു ,അതിന് വേണ്ടിയാണ്, നിങ്ങൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം തന്നതും, നിൻ്റെ ചേച്ചിക്ക് ഉദ്യോഗസ്ഥനായ ഒരാളെ തന്നെ ഭർത്താവായി അമ്മ കണ്ടെത്തി കൊടുത്തതും, ഏതൊരു തൊഴിലിനും അതിൻ്റേതായ അന്തസ്സുണ്ട്, അത് കൊണ്ട് നീ ഏത് ജോലിക്ക് പോയാലും, അമ്മയ്ക്ക് അഭിമാനമേയുള്ളു , എങ്കിലും സർക്കാരുദ്യോഗസ്ഥരായ നിൻ്റെ ചേച്ചിക്കും, ചേട്ടനും അതൊരു കുറച്ചിലായി തോന്നിയാലോ ?അത് കൊണ്ടാണ് അമ്മ വേണ്ടെന്ന് പറഞ്ഞത് , നമുക്ക് വേറെന്തെങ്കിലും വഴിയുണ്ടോന്ന് നോക്കാം മോളേ..
വേറെന്ത് വഴിയാണ് അമ്മയുടെ മനസ്സിലുള്ളത്?
പതിനഞ്ച് ലക്ഷം രൂപ കൊടുത്താൽ നിന്നെ കരയോഗത്തിൻ്റെ സ്കൂളിൽ ടീച്ചറായി നിയമിക്കാമെന്ന് പ്രസിഡണ്ട് കഴിഞ്ഞ ദിവസം കണ്ടപ്പോൾ എന്നോട് പറഞ്ഞിരുന്നു ,
പതിനഞ്ച് ലക്ഷം രൂപയോ? അതിപ്പോൾ എവിടുന്നുണ്ടാക്കാനാണമ്മേ ?
അതിന് വഴിയൊക്കെയുണ്ട് സാലറി സർട്ടിഫിക്കറ്റ് കൊടുത്താൽ ബാങ്കീന്ന് ലോൺ കിട്ടും ,
അതിനിനി അമ്മയ്ക്ക് സാലറി സർട്ടിഫിക്കറ്റ് കിട്ടില്ലല്ലോ?
അത് ശരിയാ ,പക്ഷേ സിന്ധുവിനും ഭർത്താവിനും ജോലിയുണ്ടല്ലോ? അവരുടെ ആരുടെയെങ്കിലും ചോദിക്കാം,
അത് വേണോ അമ്മേ ?
അതിനെന്താ മോളേ.. അവളെൻ്റെ മൂത്ത മകളല്ലേ? അന്യയൊന്നുമല്ലല്ലോ ?
ഉം ശരി ,എങ്കിൽ നാളെ രാവിലെ ചേച്ചിയോട് അമ്മ ചോദിച്ച് നോക്ക്
സുലോചനയുടെ സെൻ്റ് ഓഫ് പ്രമാണിച്ച്, മൂത്ത മകൾ സിന്ധുവും ഭർത്താവും അന്നവിടെ വന്നിട്ടുണ്ടായിരുന്നു
പിറ്റേന്ന് ,കാപ്പി കുടിച്ചോണ്ടിരുന്നപ്പോൾ സുലോചന സിന്ധുവിനോട് കാര്യം പറഞ്ഞു.
അവൾക്ക് ജോലി കിട്ടി കഴിഞ്ഞാൽ അവളുടെ ശബ്ബളത്തിൽ നിന്നും പിടിച്ചോളും മോൾക്ക് റിസ്ക് എടുക്കേണ്ടി വരില്ല
സാലറി സർട്ടിഫിക്കറ്റിൻ്റെ കാര്യം ചോദിച്ചപ്പോൾ തന്നെ സിന്ധുവിൻ്റെ മുഖം മങ്ങിയത് കണ്ട് സുലോചന അവളോട് കാര്യങ്ങൾ വിശദീകരിച്ചു
പക്ഷേ അമ്മേ… കുറച്ച് ദിവസം മുൻപ് പറഞ്ഞിരുന്നെങ്കിൽ നോക്കാമായിരുന്നു, ഇപ്പോൾ എൻ്റെയും അരുണേട്ടൻ്റെയും സാലറി സർട്ടിഫിക്കറ്റ് വച്ചിട്ടാണ് ഞങ്ങള് ഹൗസിങ്ങ് ലോണെടുത്തിരിക്കുന്നത്
മൂത്ത മകൾ പറഞ്ഞത്, ഒരു ഒഴിവ് കഴിവാണെന്ന് സുലോചനയ്ക്ക് മനസ്സിലായി, എങ്കിലും അവരത് പുറത്ത് പ്രകടിപ്പിച്ചില്ല
സിന്ധുവിൻ്റെ ഗോൾഡ് കുറച്ചിരിപ്പുണ്ടല്ലോ അമ്മേ… തത്കാലം അതെടുത്ത് പണയം വച്ചിട്ട് ,ഒരു ആറ് മാസത്തിനുള്ളിൽ തിരിച്ചെടുത്ത് തന്നാൽ മതി ,ലോൺ തുകയോടൊപ്പം സ്വർണ്ണം കൂടിവിറ്റാലേ, ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ പറ്റു
അരുണിൻ്റെ സഹതാപം, വെറും പുറംപൂച്ചാണെന്ന്, സുലോചനയ്ക്ക് മനസ്സിലായിരുന്നു, കാരണം, ആറ് മാസത്തിനുള്ളിൽ തിരിച്ചെടുത്ത് കൊടുക്കാൻ തന്നെക്കൊണ്ടാവില്ലെന്നും, അത് കൊണ്ട് താനാ റിസ്ക് ഏറ്റെടുക്കില്ലെന്നും, അവന് നന്നായറിയാവുന്നത് കൊണ്ടാണ്, അവൻ അങ്ങനെ ഒരു ഓഫറ് മുന്നോട്ട് വച്ചത്.
സാരമില്ല മോനേ… മോൻ്റെ നല്ല മനസ്സിന് നന്ദി, എന്തായാലും നിങ്ങളുടെ വീടിൻ്റെ പണി നടക്കട്ടെ, അമ്മ, മറ്റെന്തെങ്കിലും വഴി നോക്കാം
തിരിഞ്ഞ് നടക്കുമ്പോൾ, സങ്കടം കൊണ്ട് പെയ്യാനൊരുങ്ങിയ കണ്ണുകൾ, സുലോചന ഇറുകിപ്പിടിച്ചു.
പന്ത്രണ്ട് മണിക്ക് തന്നെ കൂട്ടി കൊണ്ട് പോകാൻ ഡിപ്പാർട്ട്മെൻ്റിൻ്റെ ജീപ്പ് വരുമെന്ന് പറഞ്ഞത് കൊണ്ട്, സുലോചന ഒരുങ്ങി വരാന്തയിൽ വന്നിരുന്നു.
അമ്മയുടെ ഉള്ളിൽ തിരകളടങ്ങാതെ ഒരു കടലിരമ്പുന്നുണ്ടെന്ന് സൗമ്യയ്ക്ക് മനസ്സിലായി ,അവൾ വരാന്തയിൽ വന്ന് അമ്മയോടൊപ്പം ചേർന്നിരുന്നു.
അമ്മ വിഷമിക്കേണ്ട ദൈവം എന്തെങ്കിലും വഴികാട്ടും
അവൾ അമ്മയുടെ തലയിൽ മെല്ലെ തലോടി.
പെട്ടെന്നാണ്, ഗേറ്റ് കടന്ന് പോസ്റ്റ്മാൻ്റെ സൈക്കിൾ മുറ്റത്ത് വന്ന് നിന്നത്.
സൗമ്യ കെ രാജിൻ്റെ വീടല്ലേ?
അതെ, ഞാനാണ് സൗമ്യ
സുലോചനയും സൗമ്യയും ഉത്കണ്ഠയോടെ എഴുന്നേറ്റു.
ഒരു അഡ് വൈസ് മെമ്മോ ഉണ്ട്, ദാ ഈ പേപ്പറിൽ ഒരു ഒപ്പിട്ട് ഐശ്വര്യമായി വാങ്ങിച്ചോളു
അത് കേട്ടപ്പോൾ, സുലോചനയുടെ ഉള്ളിൽ ജ്വലിച്ച് നിന്നിരുന്ന കനലിലേക്ക്, ഒരു കുളിർമഴ പെയ്തിറങ്ങിയ പ്രതീതിയാണ് തോന്നിയത്.
അമ്മേ… എൽ ഡി സി യുടെ ആണമ്മേ… നമ്മൾ രക്ഷപെട്ടമ്മേ…ദൈവം നമ്മുടെ പ്രാർത്ഥന കേട്ടമ്മേ …
സൗമ്യ സന്തോഷം അടക്കാനാവാതെ സുലോചനയെ വാരിപ്പുണർന്നു.
NB :- ഒരു വഴി അടഞ്ഞാൽ മറ്റൊരു വഴി തുറക്കപ്പെടും, തീർച്ച , പ്രത്യാശ കൈവിടാതിരിക്കുക