സിംഹം ഇര പിടിക്കുന്നത് പോലെ ആക്രമിച്ച് അവളെ കീഴ്പെടുത്തുമ്പോൾ വിജയിച്ച ഭാവമായിരുന്നു പ്രദീപിന്റെ മുഖത്ത്. ഇത്രയും നാൾ അവൾ……

അതിജീവനം

Story written by Angel Kollam

“അനൂ … എനിക്ക് ഈ കുഞ്ഞിനെവേണ്ടെടി.. നീ അ ബോർഷനുള്ള എന്തെങ്കിലും മരുന്നെനിക്ക് പറഞ്ഞു തരുമോ?”

പ്രിയപ്പെട്ട കൂട്ടുകാരി നന്ദിനിയുടെ ഫോണിൽ കൂടിയുള്ള ചോദ്യം കേട്ട് അനാമിക ഞെട്ടിപ്പോയി.

“നീയെന്താ നന്ദൂ വിഡ്ഢിത്തം പറയുന്നത്?”

“നീ ഒരു നേഴ്സ് അല്ലേ? നിനക്കറിയാമല്ലോ അ ബോർഷന് ഏത് ടാബ്‌ലറ്റ് കഴിക്കണമെന്ന്, നീ എനിക്ക് പറഞ്ഞു തന്നില്ലെങ്കിൽ ഞാൻ മെഡിക്കൽ സ്റ്റോറിൽ നിന്ന് ഏതെങ്കിലും ടാബ്ലറ്റ് വാങ്ങി കഴിക്കും, അതിനൊക്കെ എന്തെങ്കിലും സൈഡ് എഫക്ട്സ് ഉണ്ടെങ്കിൽ കൂട്ടത്തിൽ ഞാനും മരിച്ചു പോകും, അപ്പോൾ പിന്നേ എന്റെ രണ്ട് കുട്ടികളും കൂടി അനാഥരാകും..”

“നന്ദൂ, ഞാൻ പറയുന്നതൊന്ന് കേൾക്ക്.. നീ എന്തിനാ ഇപ്പോൾ അ ബോർഷനെപ്പറ്റി ചിന്തിക്കുന്നത്?”

“എന്നെക്കുറിച്ച് എല്ലാം അറിയാവുന്ന നീ തന്നെ ഇങ്ങനെ ചോദിക്കുകയാണോ അനൂ “

“നോക്ക് മോളെ, എന്തായാലും ഗർഭിണിയായി, സ്വന്തം ഭർത്താവിന്റെ കുഞ്ഞ് തന്നെയല്ലേ? പിന്നെന്തിനാണ് നീയിപ്പോൾ അതിനെ നശിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കുന്നത്?”

“അയാളുടെ ഒരു കുഞ്ഞിനേയും കൂടി പ്രസവിക്കാൻ എനിക്ക് കഴിയില്ല അനൂ.. നീ എന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ സൂയിസൈഡ് ചെയ്യും നോക്കിക്കോ “

ഭീഷണിയോടെ നന്ദിനി ഫോൺ വച്ചപ്പോൾ അനാമിക ഞെട്ടിപ്പോയി.. താനെന്ത് ചെയ്യണമെന്നറിയാതെ അവൾ ഉഴറി. അബോർഷന് ഏത് ടാബ്ലറ്റ് കഴിക്കണമെന്ന് തനിക്കറിയാം, പക്ഷേ അത് പറഞ്ഞ് കൊടുത്ത് ഒരു കുരുന്നു ജീവനെ ഇല്ലാതാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. കാരണം ഒരു കുരുന്നു ജീവന്റെ വില മറ്റാരേക്കാളും നന്നായിട്ട് തനിക്കറിയാം. വിവാഹശേഷം നീണ്ട നാലു വർഷങ്ങൾ കുട്ടികളില്ലാതെ ഇരുന്നതിന് ശേഷം പല ഹോസ്പിറ്റലുകളിൽ നിന്നും നിരാശയോടെ പടിയിറങ്ങി വന്നതിനു ശേഷം, ദൈവത്തോട് യാചിച്ചു, യുദ്ധം ചെയ്ത്, മരണത്തെ മുഖാമുഖം കണ്ടാണ് താൻ അമ്മുവിന്റെ അമ്മയായത്.. ഇനിയൊരു കുഞ്ഞ് ഉണ്ടാകാൻ സാധ്യതയില്ലെന്ന് അന്നേ ഡോക്ടർ പറഞ്ഞതാണ്, എങ്കിലും മനസ്സ് കൊതിക്കുന്നുണ്ട് ഒരിക്കൽ കൂടി അമ്മയാകാൻ, ആ ആഗ്രഹവും മനസിലിട്ട് നടക്കുന്ന തന്നോടാണ് നന്ദിനി അ ബോർഷനുള്ള മെഡിസിൻ പറഞ്ഞു കൊടുക്കാൻ പറയുന്നത്.

അനാമികയ്ക്ക് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല, ജനിച്ചു വീണിട്ടില്ലാത്ത ഒരു കുരുന്നു ജീവൻ സംരക്ഷിക്കാൻ നോക്കിയാൽ നന്ദിനി ചിലപ്പോൾ ജീവൻ അവസാനിപ്പിച്ചേക്കാം, അങ്ങനെയാണെങ്കിൽ അവളുടെ രണ്ടു കുട്ടികൾക്ക് അമ്മയില്ലാതെയായി പോകും.. ചിന്തിച്ചപ്പോൾ അനാമികയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.

നന്ദിനിയും അനാമികയും പ്ലസ്ടുവിന് ഒരുമിച്ച് പഠിച്ചതാണ്. അവർ പ്ലസ് ടു വിന് പഠിക്കുമ്പോളാണ് നന്ദിനിയുടെ അച്ഛന് ഹാർട്ട്‌ അറ്റാക്ക് വന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നത്. താൻ മരിച്ചു പോകുമോ എന്നുള്ള പേടിയുള്ളത് കൊണ്ട് മകളെ എത്രയും പെട്ടന്ന് വിവാഹം കഴിപ്പിച്ചയക്കാനാണ് ആ അച്ഛൻ ആഗ്രഹിച്ചത്. തുടർന്ന് പഠിക്കണമെന്ന നന്ദിനിയുടെ ആഗ്രഹത്തെ ചെവിക്കൊള്ളാതെ അച്ഛൻ തിടുക്കത്തിൽ അവളുടെ വിവാഹം നടത്തി. അവളെക്കാളും പത്തു വയസിനു മുതിർന്നയാളായിരുന്നു അവളുടെ ഭർത്താവ് പ്രദീപ്‌.

നന്ദിനിയ്ക്ക് രണ്ട് മൂത്ത സഹോദരിമാരും, ഒരു സഹോദരനും ഉണ്ടായിരുന്നു. അവരെക്കാളും വയസിന് ഏറെ ഇളയതായത് കൊണ്ട് തന്നെ വീട്ടിലെ ചെല്ലക്കുട്ടി ആയിരുന്നു നന്ദിനി.. പ്രദീപിന്റെ ജീവിതത്തിലേക്ക് വലത് കാല് വച്ചു കയറിയതോട് കൂടി അവളുടെ ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം തന്നെ അവസാനിച്ചു.

ആദ്യരാത്രിയിൽ തന്റെ ഭർത്താവ് തന്നോട് ഇടപെട്ടപ്പോൾ തന്റെ ശരീരം കശക്കി എറിഞ്ഞപ്പോൾ എല്ലാവരുടെയും ജീവിതം ഇങ്ങനെ ആയിരിക്കുമെന്നാണ് നന്ദിനി കരുതിയത്. പതിനെട്ടു വയസ് മാത്രം പ്രായമുള്ള അവൾക്ക് കുടുംബ ജീവിതത്തെപറ്റി ഒന്നും അറിയില്ലായിരുന്നു.

ആദ്യരാത്രിയിലെ അനുഭവം തന്റെ ജീവിതത്തിൽ ആവർത്തിച്ചുണ്ടായപ്പോൾ പ്രദീപിനോട് നന്ദിനിയ്ക്ക് വെറുപ്പ് തോന്നിത്തുടങ്ങി. അച്ഛന് രണ്ടാമതൊരു അറ്റാക്ക് കൂടി വന്നത് കൊണ്ട് തന്റെ സങ്കടം അച്ഛനെയും അമ്മയെയും അറിയിക്കാനും തോന്നിയില്ല .

നന്ദിനിയുടെ വിവാഹം കഴിഞ്ഞു അഞ്ചു വർഷത്തിനിടയിൽ അവൾ രണ്ടു കുഞ്ഞുങ്ങളുടെ അമ്മയുമായി. ഇങ്ങനെയാണ് എല്ലാവരുടെയും ജീവിതമെന്ന് കരുതി, ആ ജീവിതത്തോട്, പ്രദീപിന്റെ കാടത്തത്തിനോട് പൊരുത്തപ്പെട്ടു ജീവിക്കാൻ അവൾ ശ്രമിച്ചു. തന്റെ ശരീരത്തിലുള്ള ദന്തക്ഷതങ്ങളും നഖക്ഷതങ്ങളും അവളെ വേദനിപ്പിച്ചു കൊണ്ടിരുന്നു. ഇതിനിടയിൽ അവളുടെ അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു.

അനാമികയോടാണ് നന്ദിനി ആദ്യമായിട്ട് തന്റെ വിഷമം പറയുന്നത്, പ്ലസ് ടു കഴിഞ്ഞതിന് ശേഷം നഴ്സിംഗ് പഠിച്ചിട്ട് നാട്ടിലെ ഹോസ്പിറ്റലിൽ വർക്ക്‌ ചെയ്യുകയായിരുന്നു അനാമിക, അവളുടേത് പ്രണയവിവാഹമായിരുന്നു, ഭർത്താവ് പട്ടാളത്തിലാണ്.

നന്ദിനി അനാമികയെ കാണാനെത്തിയപ്പോൾ തന്റെ ശരീരത്തിലെ പാടുകൾ അവൾക്ക് കാണിച്ചു കൊടുത്തു. നന്ദിനിയുടെ വെളുത്ത ശരീരത്തിലെ ചുമന്നു തിണർത്ത പാടുകൾ കണ്ടപ്പോൾ അനാമിക ഞെട്ടി. തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയുടെ ഭർത്താവ് ദിവസേന അവളെ ബലം പ്രയോഗിച്ചു കീഴ്പെടുത്തുകയാണെന്നും, അയാൾ ഒരു മനോവൈകൃതത്തിന് അടിമയാണെന്നും ഒറ്റനോട്ടത്തിൽ അനാമികയ്ക്ക് മനസിലായി.

നന്ദിനിയുടെ വീട്ടുകാരോട് അനാമിക സംസാരിച്ചെങ്കിലും നന്ദിനിയെയും രണ്ട് പെൺകുട്ടികളെയും വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി, ആ ബാധ്യത കൂടി ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. പ്രദീപിനെ ഡോക്ടറെ കാണിച്ച് ഒരു കൗൺസിലിങ് കൊടുക്കാനാണായിരുന്നു അനാമികയുടെ അടുത്ത ശ്രമം, പക്ഷേ അതും പരാജയപ്പെട്ടപ്പോൾ മനസ്സ് തകർന്നു പോയ കൂട്ടുകാരിയ്ക്ക് ധൈര്യം പകർന്നു കൂടെ നിൽക്കാനല്ലാതെ മറ്റൊന്നിനും അനാമികയ്ക്കായില്ല.

പ്രദീപിനെ ഉപേക്ഷിച്ചു പോയാൽ നന്ദിനിയ്ക്ക് ജീവിക്കാൻ മറ്റൊരു മാർഗ്ഗവുമില്ലായിരുന്നു. പ്ലസ് ടു പഠിച്ചു കഴിഞ്ഞപ്പോളായിരുന്നു വിവാഹം, ഈ വിദ്യാഭ്യാസ യോഗ്യത വച്ച്, ഇന്നത്തെകാലത്ത് നല്ലൊരു ജോലി കിട്ടുമോ? ഒരു ജോലി കിട്ടിയാൽ തന്നെ രണ്ടു കുട്ടികളെ പഠിപ്പിക്കാനും, ഒരു വാടക വീടെടുത്ത് താമസിക്കാനുമുള്ള സാലറി ആ ജോലിയിൽ നിന്നും കിട്ടില്ലെന്ന്‌ നന്ദിനിയ്ക്ക് തോന്നി. അതുകൊണ്ടാണ് എല്ലാം സഹിച്ച് ആ വീട്ടിൽ കഴിയാൻ ശ്രമിച്ചത് .

നന്ദിനി പ്രദീപിനോട് മാനസികമായി അകന്ന് പോയിരുന്നു. തന്റെ ശരീരം വേദനിപ്പിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന അവന്റെ ഇംഗിതങ്ങൾക്ക് അവൾ വഴങ്ങി കൊടുക്കാൻ മടിച്ചു. ഒരു ജോലി കണ്ടെത്തണമെന്ന ആഗ്രഹം മനസിലുള്ളത് കൊണ്ട് തുടർന്ന് പഠിക്കാൻ നന്ദിനി തീരുമാനിച്ചു. ഭാര്യ അടിമയെപ്പോലെ തന്റെ കാൽക്കീഴിൽ കിടക്കണമെന്ന് ആഗ്രഹമുള്ള പ്രദീപ്‌ അവളെ തുടർന്ന് പഠിക്കാൻ അനുവദിക്കില്ലെന്ന് അവൾക്കുറപ്പായിരുന്നു. ഈ അവസ്ഥയിൽ അവനെ ധിക്കരിച്ചു വീട്ടിൽ നിന്നിറങ്ങി പോയാൽ രണ്ട് പെൺകുട്ടികളെയും കൊണ്ട് കേറി കിടക്കാൻ ഒരു വീട് പോലുമില്ലാതെ എന്ത് ചെയ്യാനാണ്?. പ്രദീപറിയാതെ ഓൺലൈൻ ആയിട്ടാണ് നന്ദിനി പഠനം പുനരാരംഭിച്ചത്. എക്സാം സമയമാകുമ്പോൾ സ്വന്തം വീട്ടിൽ നിൽക്കാനെന്ന് പറഞ്ഞ് അവൾ കുട്ടികളെയും കൊണ്ട് പോകും, എന്നിട്ട് എക്സാം കഴിഞ്ഞു തിരികെ വരും, അതായിരുന്നു പതിവ്. പ്രദീപിന് യാതൊരു സംശയയും തോന്നാതിരിക്കാൻ അവൾ എക്സാം ഫീസ് പോലും അവന്റെ കയ്യിൽ നിന്നും വാങ്ങിയിരുന്നില്ല. അതിനൊക്കെ പ്രിയപ്പെട്ട കൂട്ടുകാരികളെയാണ് ആശ്രയിച്ചിരുന്നത്.

സ്വന്തം വീട്ടിൽ ഒരാഴ്ച നിന്നതിനു ശേഷം പ്രദീപിന്റെ അടുക്കലെത്തുമ്പോൾ ആ സ്നേഹപ്രകടനത്തിൽ തന്റെ ശരീരം നുറുങ്ങുന്ന വേദന ഉണ്ടാകുമ്പോളും അത് സഹിക്കാനേ അവൾക്ക് കഴിഞ്ഞുള്ളൂ, കാരണം അവൾ രണ്ടു പെൺകുട്ടികളുടെ അമ്മയായിരുന്നു, ആ കുട്ടികളെയും കൂട്ടി തെരുവിലേക്കിറങ്ങാൻ അവൾക്ക് കഴിയില്ലല്ലോ?

ആ വേദന നിറഞ്ഞ ജീവിതത്തിനിടയിൽ കൂടി നന്ദിനി തന്റെ പഠനം തുടർന്നു. ഇനി നാലഞ്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ തന്റെ ഫൈനൽ എക്സാം കഴിയും, തനിക്കൊരു ജോലിയാകും എന്നുള്ള പ്രതീക്ഷയിലായിരുന്നു അവളുടെ ജീവിതം. ഇതിനിടയിലാണ് ഇനി ഒരു ആൺകുട്ടി കൂടി വേണമെന്ന ആവശ്യവുമായി പ്രദീപ്‌ അവളെ സമീപിച്ചത്. ഇനി ഒരിക്കൽ കൂടി താനൊരു അമ്മയാകുക എന്നുള്ളത് നന്ദിനിയ്ക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല, രണ്ട് കാരണങ്ങളാണ്, പ്രദീപിന് ആൺകുട്ടിയെ വേണമെന്ന് പറയുന്നു, ഇനി ഉണ്ടാകാൻ പോകുന്ന കുട്ടി ആൺകുട്ടി തന്നെയായിരിക്കുമെന്ന് തനിക്കെങ്ങനെ ഉറപ്പ് പറയാൻ കഴിയും? ഇപ്പോൾ ഒരു കുട്ടി കൂടി ഉണ്ടായാൽ ചിലപ്പോൾ തന്റെ ഫൈനൽ എക്സാം പോലും എഴുതാൻ തനിക്ക് കഴിയില്ല. തന്റെ ഇത്രയും നാളത്തെ കഷ്ടപ്പാടെല്ലാം വെറുതെയാകും, അതുകൊണ്ട് മനഃപൂർവം പ്രദീപിൽ നിന്നും ഒഴിഞ്ഞു മാറി. പിന്നീടുള്ള ദിവസങ്ങളിൽ പെണ്മക്കളെയും കെട്ടിപിടിച്ചായിരുന്നു നന്ദിനിയുടെ ഉറക്കം.

ഒരു ഞായറാഴ്ച പകൽ, കുട്ടികൾ അടുത്ത വീട്ടിൽ കളിക്കാൻ പോയിരിക്കുന്നു, പ്രദീപിന്റെ അച്ഛനും അമ്മയും മകളുടെ വീട്ടിൽ ക്ഷേമം അന്വേഷിക്കാൻ പോയിരിക്കുന്നു. കൂട്ടുകാരോടൊപ്പമിരുന്നു മദ്യസേവ നടത്തിയിട്ട് വീട്ടിൽ തിരികെയെത്തിയപ്പോൾ നന്ദിനി തനിച്ചേ വീട്ടിൽ ഉള്ളൂവെന്ന് മനസിലാക്കിയ പ്രദീപിന്റെ കണ്ണുകളിൽ ക്രൂരമായ ഒരു തിളക്കം ഉണ്ടായി.

വീടിന്റെ പ്രധാന വാതിൽ ചേർത്തടച്ചതിനു ശേഷം പ്രദീപ്‌ അടുക്കളയിലെത്തി, നന്ദിനി തിരക്കിട്ടന്തോ ജോലിയിൽ ആയിരുന്നു. അവളെ പിന്നിൽ നിന്നും ചേർത്ത് പിടിച്ചു, അപ്രതീക്ഷിതമായുള്ള ആ പ്രവർത്തിയിൽ ഒരു നിമിഷം പതറിയെങ്കിലും നന്ദിനി എതിർക്കാൻ ശ്രമിച്ചു. പക്ഷേ അവന്റെ ബലപ്രയോഗത്തിൽ അധികനേരം പിടിച്ചു നിൽക്കാൻ അവൾക്കായില്ല. സിംഹം ഇര പിടിക്കുന്നത് പോലെ ആക്രമിച്ച് അവളെ കീഴ്പെടുത്തുമ്പോൾ വിജയിച്ച ഭാവമായിരുന്നു പ്രദീപിന്റെ മുഖത്ത്. ഇത്രയും നാൾ അവൾ തന്നെ അകറ്റി നിർത്തിയത്തിന്റെ ദേഷ്യത്തിൽ അവളുടെ ശരീരത്തെ അവൻ ഉഴുതു മറിച്ചു. തേങ്ങികരഞ്ഞു കൊണ്ട് അവന്റെ ആഗ്രഹസഫലീകരണത്തിന് വഴിപെടേണ്ടി വന്നപ്പോൾ അവളുടെ സ്ത്രീത്വത്തിന് മുറിവേറ്റു. തന്റെ അരികിൽ നിന്നും പ്രദീപ്‌ എഴുന്നേറ്റു പോയിയുടനെ നന്ദിനി ഫോൺ ചെയ്ത് അനാമികയോട് സ്വന്തം ഭർത്താവ് തന്നെ റേ പ്പ് ചെയ്തുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. അവളെ ആശ്വസിപ്പിക്കാൻ മാത്രമേ അപ്പോൾ അനാമികയ്ക്ക് കഴിഞ്ഞുള്ളൂ.

ആ സംഭവം നടന്നിട്ടിപ്പോൾ രണ്ടു മാസത്തോളമായി, അതിന് ശേഷം പീ രിയഡ്‌സ് വന്നിട്ടില്ലെന്ന് നന്ദിനി ആശങ്ക പ്രകടിപ്പിച്ചപ്പോൾ അനാമികയാണ് അവളോട് യൂറിൻ പ്രെഗ്നൻസി ടെസ്റ്റ്‌ ചെയ്ത് നോക്കാൻ ആവശ്യപെട്ടത്. നന്ദിനി പ്രെഗ്നന്റ് ആയിരിക്കുമെന്ന് തനിക്ക് സംശയം ഉണ്ടായിരുന്നുവെങ്കിലും ആ കുഞ്ഞിനെ നശിപ്പിക്കാൻ തന്റെ സഹായം അവൾ അഭ്യർത്ഥിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയ കാര്യമല്ല. അനാമികയുടെ നെഞ്ച് പിടഞ്ഞു. താനെന്ത് ചെയ്യണം? ആരോടൊപ്പം നിൽക്കണം? നന്ദിനിയോടും അവളുടെ രണ്ട് കുഞ്ഞുങ്ങളോടുമോപ്പമോ, അതോ ആ കുരുന്നു ജീവനോടൊപ്പമോ?

നന്ദിനിയ്ക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീടുള്ളത്, തന്റെ കൂട്ടുകാരിയുടെ ദുഃഖമോർത്ത് അനാമികയ്ക്കും ഉറക്കം നഷ്ടപ്പെട്ടു. അ ബോർഷന് ടാബ്ലറ്റ് വേണമെന്ന ആവശ്യമായി നിരന്തരം ഫോൺ ചെയ്‌യുന്ന നന്ദിനി ആ ത്മഹത്യാ ഭീഷണി മുഴക്കുന്നു. അനാമിക ധർമ്മസങ്കടത്തിലായി.താൻ പഠിച്ച എത്തിക്സിൽ മനഃപൂർവമായി ഒരു ജീവനെടുക്കാൻ പറയുന്നില്ല, തനിക്കതിന് കഴിയില്ല, തന്റെ സുഹൃത്തിനെ കണ്ടില്ലെന്ന് നടിക്കാനും കഴിയുന്നില്ല. പക്ഷേ അവളെ ഉപദേശിച്ചു മനസിലാക്കാൻ തനിക്ക് കഴിയും. ദൈവം ഈ ഭൂമിയിലേക്ക് അയക്കാൻ ആഗ്രഹിക്കുന്ന ഒരു കുരുന്നു മാലാഖയുടെ ജീവനെടുക്കാൻ നമുക്ക് അധികാരമില്ലെന്ന് സ്നേഹത്തോടെ നന്ദിനിയെ പറഞ്ഞു മനസിലാക്കി.. അനാമികയുടെ ഏറെ നേരത്തെ ഉപദേശത്തിന് ശേഷം ആ കുരുന്നു ജീവനെടുക്കാനുള്ള തീരുമാനം നന്ദിനി ഉപേക്ഷിച്ചു.

നന്ദിനിയ്ക്ക് ജീവിതത്തോട് വെറുപ്പ് തോന്നിത്തുടങ്ങി, തന്റെ ശരീരം ഒരു ഭോ ഗവസ്തു മാത്രമാക്കിയ പ്രദീപിനോട് തീർത്താൽ തീരാത്ത വെറുപ്പ്. ഇത്ര യൊക്കെ സംഭവിച്ചിട്ടും ഒന്നും സംഭവിക്കാത്തത് പോലെ പ്രദീപ്‌ നടക്കുന്നത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം തോന്നി.

‘മാരീറ്റൽ റേ പ്പ് ‘ പല പെൺകുട്ടികളുടെയും ജീവിതത്തിൽ സംഭവിക്കുന്നുണ്ട്, പക്ഷേ ആരും പ്രതികരിക്കുന്നില്ല, എന്ത് കൊണ്ടായിരിക്കും? ആ തോന്നലാണ് അവളെ വേറിട്ട രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ഒരാളെങ്കിലും ശബ്ദ മുയർത്തിയാൽ ഭാവിയിൽ ചിലപ്പോൾ എന്തെങ്കിലും മാറ്റമുണ്ടായേക്കാം എന്ന ചിന്ത അവളെ കൂടുതൽ ശക്തയാക്കി.

ഒരു സ്ത്രീ ആയത് കൊണ്ട് മാത്രം എല്ലാം സഹിച്ച് അജീവനാന്തകാലം പ്രദീപിന്റെ അടിമയായി ജീവിക്കണോ എന്നുള്ള ചോദ്യം മനസിനെ വീർപ്പു മുട്ടിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഈ രണ്ട് പെൺകുഞ്ഞുങ്ങളെയും കൊണ്ട് ഗർഭിണിയായ തനിക്ക് പോകാനൊരിടമില്ല എന്ന യാഥാർഥ്യവും അവളെ തളർത്തുന്നതായിരുന്നു. സ്വന്തം വീട്ടുകാര് പോലും അനുകമ്പ കാണിക്കാതെ ഒരു പെണ്ണിന് തനിച്ചെന്ത് ചെയ്യാൻ കഴിയും? ആകെയുള്ളത് അനാമികയെപ്പോലെ ആത്മാർത്ഥതയുള്ള കുറച്ച് കൂട്ടുകാരാണ്, എന്ത് ചെയ്യുമ്പോളും ധൈര്യമായി കൂടെ നിൽക്കുന്നവർ. അവരെല്ലാവരും ചേർന്ന് സഹായിച്ചപ്പോൾ കിട്ടിയ പണവുമായിട്ട് നന്ദിനി തന്റെ പെണ്മക്കളെയും കൊണ്ട് ഒരു വാടക വീട്ടിലേക്ക് മാറി. ഗർഭിണിയായ ഒരു സ്ത്രീ ഡിവോഴ്സിന് വേണ്ടി ഫയൽ ചെയ്യാനെ ത്തിയപ്പോൾ വക്കീലിനു പോലും അത്ഭുതമായിരുന്നു. താൻ അനുഭവിച്ച യാതനകളുടെയും പീ ഡനത്തിന്റെയും കഥ അഡ്വക്കേറ്റ് ലക്ഷ്മിയോട് പറഞ്ഞപ്പോൾ നനന്ദിനിയോട് അവർക്കൊരു മകളോടുള്ളത് പോലെ വാത്സല്യം തോന്നി.

കോടതിയിൽ കേസ്‌ നടക്കുന്നതിനിടയിൽ നന്ദിനി ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകി. പ്രദീപിന്റെ മാതാപിതാക്കൾ അവളെ വന്ന് കണ്ട് എല്ലാം ക്ഷമിക്കണമെന്നും പൊരുത്തപ്പെടണമെന്നും ആവശ്യപെട്ടെങ്കിലും ഒരിക്കൽ താൻ രക്ഷപെട്ടു വന്ന നരകത്തിലേക്ക് തിരിച്ചു പോകാൻ അവളൊരുക്കമല്ലായിരുന്നു. അധികം വൈകാതെ കോടതി അവൾക്ക് വിവാഹമോചനം അനുവദിച്ചു.

നന്ദിനി സൈക്കോളജിയിൽ ഉന്നത പഠനം നേടിയതിനു ശേഷം ഒരു സ്കൂളിലെ സൈക്കോളജിസ്റ്റ് ആയിട്ട് ജോലി നോക്കുകയാണിപ്പോൾ.. തന്റെ മൂന്ന് പെൺകുട്ടികൾക്കും നന്മയുടെ പാഠങ്ങൾ പറഞ്ഞ് കൊടുക്കുന്നതിനോടൊപ്പം സമൂഹത്തിലെ തിന്മക്കെതിരെ പ്രതികരിക്കാൻ അവളവരെ പ്രാപ്തരാക്കി. തന്റെ ഏറ്റവും ഇളയ കുഞ്ഞിന്റെ മുഖം കാണുമ്പോൾ അവളെ ഇല്ലാതാക്കാൻ താൻ ആഗ്രഹിച്ചിരുന്നുവല്ലോ എന്നൊരു ചെറിയ കുറ്റബോധം നന്ദിനിയുടെ മനസ്സിനെ നോവിച്ചിരുന്നു.

ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ നന്ദിനി ഇപ്പോൾ ഒരുപാടാളുകൾക്ക് ഉപദേശം നൽകുന്ന നല്ലൊരു കൌൺസിലറാണ്. ഒരിക്കൽ തന്റെ വയറ്റിലെ കുഞ്ഞിനെ ഇല്ലാതാക്കാൻ ആഗ്രഹിച്ച നന്ദിനി ഇപ്പോൾ അ ബോർഷനെതിരെ സംസാരിക്കാൻ പഠിച്ചു.അതിന് പുറമെ,മാരീറ്റൽ റേ പ്പിനെക്കുറിച്ച് ആളുകളെ ബോധവൽക്കരണം ചെയ്യാനുള്ള ക്യാമ്പയിനുകളും സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെപറ്റിയുള്ള ക്ലാസ്സുകളും അവൾ നടത്തുന്നുണ്ട്. ഒരിക്കൽ തളർന്നു പോയാൽ എന്നെന്നേക്കുമായി തോറ്റു പോകേണ്ടി വരുമെന്ന തിരിച്ചറിവാണ് നന്ദിനിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്. ചില തിരിച്ചറിവുകൾ നമ്മുടെ ജീവിതത്തെ പാടേ മാറ്റി മറിക്കും…

Leave a Reply

Your email address will not be published. Required fields are marked *